19 April Friday

'ഡ്രീമിങ്ങ് ഓഫ് വേഡ്‌സ്' ഡോക്യുമെന്ററി ഒടിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

നാല് പ്രധാന ദ്രാവിഡ ഭാഷകളെ ബന്ധിപ്പിച്ച് ഒരു നിഘണ്ടു തയ്യാറാക്കിയ ഞാറ്റ്യേല ശ്രീധരൻ എന്ന എൺപത്തിമൂന്നുകാരനെക്കുറുള്ള ഡോക്യുമെന്ററി 'ഡ്രീമിങ്ങ് ഓഫ് വേഡ്‌സ്' ഒടിടിയിലൂടെ പ്രദർശനത്തിനെത്തി. മൂവി സെയിന്റ്‌സ്‌, എബിസി ടാക്കീസ്‌, കൈവ്‌ എന്നീ ഒടിടികളിലൂടെ സിനിമ കാണാം.  

നാലാം ക്ലാസ്സ്  പഠനത്തിനുശേഷം  ബീഡിത്തൊഴിലാളിയായി ജോലി ചെയ്ത ശ്രീധരൻ പിന്നീട്‌ നാല് സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് വിപുലമായ ഗവേഷണം നടത്തി ഇരുപത്തിയഞ്ച് വർഷം ചെലവഴിച്ചാണ് ബഹുഭാഷാ നിഘണ്ടു രചിച്ചത്. ഈ നിഘണ്ടു മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളുടെ താരതമ്യ പഠനം നടത്തുന്നു. ‘ഡ്രീമിങ്ങ് ഓഫ് വേഡ്‌സ്' ശ്രീധരന്റെ ജീവിതം, ജോലി, ഭാഷകളോടുള്ള സ്‌നേഹം, നിഘണ്ടു പ്രസിദ്ധീകരിക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങൾ എന്നിവയെല്ലാം അടയാളപ്പെടുത്തുന്നു. ഇന്ത്യയിലെ ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യവത്തിന്റെ അന്വേഷണമാണ്‌ സിനിമ.

മികച്ച വിദ്യാഭ്യാസ ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ച ചിത്രം സെൻട്രൽ ഫ്ലോറിഡ ഫിലിം ഫെസ്റ്റിവൽ, റാപ്പിഡ് ലയൺ ഫിലിം ഫെസ്റ്റിവൽ, ഷിക്കാഗോ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നീ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു. വാഷിങ്ടൺ ഡിസി സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഡോക്യൂമെന്ററിക്കുള്ള ഓഡിയൻസ് അവാർഡും നേടി. 2022 ജനുവരിയിൽ മോഡേൺ ലാംഗ്വേജ് അസോസിയേഷന്റെ വാർഷിക കൺവെൻഷനിലും ലിംഗ്വിസ്റ്റിക് സൊസൈറ്റി ഓഫ് അമേരിക്കയുടെ വാർഷിക സമ്മേളനത്തിലും പ്രദർശിപ്പിച്ചു.

ശ്രീധരനെകൂടാതെ ഡോ. കെ പി മോഹനൻ (മുൻ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. പി കെ പോക്കർ (മുൻ ഡയറക്ട‍ർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌, മലയാളം- തമിഴ് ഡിക്ഷണറി പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തത് അദ്ദേഹമാണ്‌), എഴുത്തുകാരനായ അഡ്വ. കെ കെ രമേഷ്, അർത്ഥം കണ്ടെത്താൻ സഹായിച്ച ഉഷ ടീച്ചർ, സീതാറാം മാസ്റ്റർ എന്നിവരും ഒരു മണിക്കൂറാണ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിലുണ്ട്‌.

ഡോക്യുമെന്ററിയുടെ നി‍ർമാണവും സംവിധാനവും നന്ദൻ. ഛായാഗ്രഹണം: സുർജിത്ത് എസ് പൈ, എഡിറ്റിങ്‌: ശ്രീവത്സൻ ആർ എസ്, സംഗീതം: പ്രശസ്ത ഗായകൻ അരുൺ എളാട്ട്, സൗണ്ട് ഡിസൈൻ: അക്ഷയ് വൈദ്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top