26 April Friday

ഈ നേരവും കടന്നുപോകും

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

ലോകത്തെ ഗ്രസിച്ചിരിക്കുന്ന മഹാമാരിക്കെതിരായ പോർമുഖത്താണ് ഞാനും നിങ്ങളുമെല്ലാം. നമ്മളോരോരുത്തരുമാണ് ഈ യുദ്ധത്തിലെ പടയാളികൾ. ആ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്‌ഡൗണിനോട് പൂർണമായും സഹകരിക്കുകയെന്നത് സമൂഹജീവി എന്നനിലയിൽ നമ്മുടെ കടമയാണ്. ഈ സമയത്ത് പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും അനുസരിക്കുന്നില്ലെങ്കിൽ അത് സമൂഹത്തോടും നമ്മളോടുതന്നെയും ചെയ്യുന്ന വലിയ ദ്രോഹമാകും. ഒരുപക്ഷേ, നല്ല ആരോഗ്യമുള്ളതുകൊണ്ട് നമ്മൾക്ക് കൊറോണ വന്നാലും അതിജീവിക്കാൻ കഴിഞ്ഞെന്നുവരാം. പക്ഷേ, നമ്മളിൽനിന്ന് രോഗം പകർന്നേക്കാവുന്ന പ്രായമായ മാതാപിതാക്കൾക്കും പ്രതിരോധശേഷി കുറഞ്ഞ മറ്റുള്ളവർക്കും അതിന്‌ കഴിയണമെന്നില്ല. അവർ മരിച്ചുപോയാൽ ആ വേദനയും കുറ്റബോധവും എക്കാലവും നമ്മളെ പിന്തുടരും. എന്ത്‌ കാര്യത്തിനായാലും വീട്ടിൽനിന്ന് പുറത്തേക്ക് പോകാൻ തുനിയുമ്പോൾ ഇക്കാര്യം ആലോചിക്കണം. പുറത്തേക്കുപോയാൽ നമ്മളാരെയാണ് കണ്ടുമുട്ടുക,

ആരുമായാണ് സമ്പർക്കം പുലർത്തേണ്ടിവരുക, എന്തെല്ലാം സാഹചര്യങ്ങളിലാണ് ചെന്നുപെടുക എന്നൊന്നും പ്രവചിക്കാനാകില്ലല്ലോ?
പൊതു നന്മയ്ക്കുവേണ്ടിയുണ്ടാക്കുന്ന നിയമങ്ങൾ, ചട്ടങ്ങൾ ആരുണ്ടാക്കിയതാണെങ്കിലും അനുസരിച്ചേതീരൂ. ഈ നിയന്ത്രണങ്ങൾ ആരുടെയെങ്കിലും അധികാരം കാണിക്കാനോ സ്വാർഥലാഭത്തിനോവേണ്ടി ഏർപ്പെടുത്തിയതല്ല.  ഈ രോഗകാലം കഴിഞ്ഞാൽ കോളേജ് തുറക്കും, ബസും ട്രെയിനും ഓടിത്തുടങ്ങും. വിമാനങ്ങൾ വീണ്ടും പറക്കും. റെസ്റ്റോറന്റുകളും സിനിമാ തിയറ്ററുകളും തുറക്കും. എല്ലാം പഴയതുപോലെ തന്നെയാകും. ഈ മൂന്നാഴ്ച ക്ഷമയോടെ കാത്തിരുന്നാൽ നമ്മുടെ സന്തോഷങ്ങൾ തിരിച്ചുകിട്ടിയേക്കും. മറിച്ച് നമ്മൾ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ സമൂഹത്തിന്റെ രോഗാവസ്ഥ ദീർഘിച്ചുപോകും. നമ്മളെക്കാൾ സമ്പത്തും സൗകര്യങ്ങളുമുള്ള രാജ്യങ്ങളിലെ മനുഷ്യർ  കൂട്ടത്തോടെ മരിച്ചുവീഴുകയാണ്. അവരുടെ പതിന്മടങ്ങ് ജനസംഖ്യയും ജനസാന്ദ്രതയുമുള്ള നമ്മുടെ രാജ്യത്ത് രോഗം വ്യാപിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് ഒന്ന് സങ്കൽപ്പിച്ചുനോക്കൂ. അങ്ങനെയൊന്നും സംഭവിക്കാതിരിക്കണമെങ്കിൽ നമ്മൾ വീട്ടിനുള്ളിൽത്തന്നെ കഴിഞ്ഞേതീരൂ. 

അക്ഷരാർഥത്തിൽ നാടിനുവേണ്ടി ഒരു യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ് നമ്മുടെ ഭരണകൂടം. നമ്മുടെ ജീവനും ആരോഗ്യത്തിനും വേണ്ടിയാണ് അവർ ഇത്രയ്ക്ക് റിസ്‌ക്കെടുക്കുന്നത്. അവരുടെ ഈ ത്യാഗം പാഴാകാതെ നോക്കേണ്ട ബാധ്യത നമുക്കുണ്ട്. ലോകത്തിനു മാതൃകയാണ് കേരളത്തിലെ ആരോഗ്യപ്രവർത്തകർ. ഈയൊരു ദുരന്തം നമ്മളെ വിട്ടൊഴിയുന്നതുവരെ നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. ഈയൊരു രാത്രിയും കടന്നുപോകും. നമ്മുടെ എല്ലാ സൗഭാഗ്യങ്ങളും തിരിച്ചുവരും. ഈ ഇരുട്ടിനെ അതിജീവിക്കാൻ നമുക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top