03 December Sunday

സിനിമ ഉറങ്ങിയിട്ടില്ല ഈ മുറിയിൽ

ശ്രീരാജ്‌ ഓണക്കൂർUpdated: Monday Sep 25, 2023

കൊച്ചി
എപ്പോഴും ടിവി പ്രവർത്തിച്ചിരുന്ന മുറിയാണ്‌ കെ ജി ജോർജിന്റേതെന്ന്‌ അദ്ദേഹം താമസിച്ചിരുന്ന കാക്കനാട്‌ ‘സിഗ്‌നേച്ചർ ഏജ്‌ഡ്‌ കെയർ’ വയോജനകേന്ദ്രത്തിന്റെ നടത്തിപ്പുകാർ ഓർക്കുന്നു. അഞ്ചുവർഷം മുമ്പാണ്‌ അന്തേവാസിയായി അദ്ദേഹമെത്തിയത്‌. താമസിച്ചിരുന്ന രണ്ടാംനിലയിലെ മുറിയില്‍ ടിവി എപ്പോഴും പ്രവർത്തിപ്പിച്ചിരുന്നെന്ന്‌ സ്ഥാപന നടത്തിപ്പുകാരിൽ ഒരാളായ സിതാര ജോസഫ്‌ പറയുന്നു.

‘അദ്ദേഹം എപ്പോഴും സിനിമകൾ കാണും, വാർത്തയും. അദ്ദേഹത്തിന്റെ സിനിമകളും ഇടയ്‌ക്കിടെ കാണും. കഴിഞ്ഞ രണ്ടുമാസമായി അവശതയിലായിരുന്നു. ചോദിക്കുന്നതിനെല്ലാം മറുപടി തരും. ഇടയ്‌ക്കിടെ ഓർമക്കുറവ്‌ അലട്ടിയിരുന്നു. 75–-ാം ജന്മദിനം 2021ൽ വയോജനകേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പം കേക്ക്‌ മുറിച്ച്‌ ആഘോഷിച്ചു. മക്കളായ അരുണും താരയും ആശംസകൾ പാടി. മക്കളിരുവരും മാത്രം അടുത്തെത്തി മധുരം സ്വീകരിച്ചു. കോവിഡ്‌ സാഹചര്യമായതിനാൽ ഭാര്യ സെൽമ എത്തിയിരുന്നില്ല. 2022ൽ പിറന്നാളാഘോഷച്ചടങ്ങിൽ സംവിധായകരായ ഷാജി കൈലാസും രഞ്ജി പണിക്കരും പങ്കാളികളായി.

ഈ വർഷത്തെ പിറന്നാൾ മെയ്‌ 24ന്‌ കേക്ക് മുറിച്ച്‌ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചു. സംവിധായകൻ ജയരാജ്‌ ഉൾപ്പെടെയുള്ളവർ വയോജനകേന്ദ്രത്തിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു’–- സിതാര പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top