26 April Friday

ജെ സി ഡാനിയേൽ എന്ന വിഗതകുമാരൻ -മലയാള സിനിമയുടെ ഉൽഭവങ്ങളെ കുറിച്ച് സി എസ്‌ വെങ്കിടേശ്വരൻ

സി എസ്‌ വെങ്കിടേശ്വരൻUpdated: Thursday Nov 3, 2022

കന്യാകുമാരി അഗസ്‌തീശ്വരത്തെ ജെ സി ഡാനിയേലിന്റെ ശവകുടീരം -ഫോട്ടോ: രാജേന്ദ്രപ്രസാദ്‌,മഞ്ഞാലുമൂട്‌

വിഗതകുമാരന്റെയും ഡാനിയേലിന്റെയും റോസിയുടെയും കഥ പല രീതിയിലും മലയാളസിനിമയുടെ കൂടി ഉത്ഭവകഥയായിത്തീരുന്നു: സിനിമയിൽ മുതൽമുടക്കുന്ന സാഹസികരുടെയും ഈ കലയിലൂടെ ആത്മാവിഷ്കാരം തേടുന്ന സ്ത്രീകളുടെയും കാര്യത്തിൽ പ്രത്യേകിച്ചും.
 

ജെ സി ഡാനിയേൽ

ജെ സി ഡാനിയേൽ

മലയാള സിനിമയെക്കുറിച്ചും അതിന്റെ തുടക്കങ്ങളെക്കുറിച്ചും ആലോചിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന രണ്ട്‌ മുഖങ്ങൾ ജെ സി ഡാനിയേൽ എന്ന സംവിധായകന്റെയും പി കെ റോസി എന്ന ആദ്യനായികയുടേതും ആയിരിക്കും:

ഡാനിയേൽ എന്ന സാഹസികൻ തന്റെ സ്വത്തുക്കളെല്ലാം വിറ്റ് സിനിമാസ്വപ്നത്തിനുപിന്നിൽ ഇറങ്ങിത്തിരിച്ച ഒരാളായിരുന്നു വെങ്കിൽ റോസി സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ വേട്ടയാടപ്പെടുകയും ആ ആധുനികകല സങ്കൽപ്പിച്ച ദേശജാതിമതാതീതവും സാർവലൗകികവുമായ വേദിയിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവളുമായ ഒരു കലാകാരിയാണ്. സിനിമ എന്ന വ്യാവസായിക മാധ്യമത്തിന്റെ ഏകതാസങ്കല്പങ്ങളെ ജാതിവെറിപൂണ്ട മനുഷ്യരുടെ കല്പന തകർത്ത ഒരു സന്ദർഭമായിരുന്നു അത്.

വിഗതകുമാരന്റെയും ഡാനിയേലിന്റെയും റോസിയുടെയും കഥ പല രീതിയിലും മലയാളസിനിമയുടെ കൂടി ഉത്ഭവകഥയായിത്തീരുന്നു: സിനിമയിൽ മുതൽമുടക്കുന്ന സാഹസികരുടെയും ഈ കലയിലൂടെ ആത്മാവിഷ്കാരം തേടുന്ന സ്ത്രീകളുടെയും കാര്യത്തിൽ പ്രത്യേകിച്ചും.

ജാതിമതവർഗാതീതമായി മനുഷ്യരെ ആകർഷിക്കുന്ന ഒരു ജനപ്രിയ വിനോദമാധ്യമവും, തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലാത്ത വമ്പിച്ച മൂലധനനിക്ഷേപം ആവശ്യമുള്ള വ്യവസായവും, ആഗോളീയവും മറ്റെല്ലാ കലാരൂപങ്ങളെയും ഉൾക്കൊള്ളാനുള്ള സങ്കരശേഷിയുള്ള കലാരൂപവുമാണ് സിനിമ. അങ്ങനെ മാധ്യമം/വ്യവസായം/കല, വിനിമയം/കച്ചവടം/ലാവണ്യം, (കാണി) സമൂഹം/സാമ്പത്തിക മൂലധനം/(കല)അധ്വാനം  ഇവ മൂന്നും വളരെ ആഴത്തിലും മാരകമായും കെട്ടുപിണയുന്ന മറ്റൊരു കലാരൂപമില്ല.

ഒരേസമയം ഉള്ളടക്കത്തിലും പരിചരണത്തിലും അങ്ങേയറ്റം പ്രാദേശികവും എന്നാൽ സാങ്കേതികവും സാമ്പത്തികവും വിപണിപരവുമായ തലങ്ങളിൽ ആഗോളീയവുമായിട്ടാണ് അതിന്റെ നില; മറ്റെല്ലാ കലകളെയും (സാഹിത്യം, ചിത്രകല, ശില്പകല, വാസ്തുവിദ്യ, സംഗീതം, നൃത്തം, നാടകം തുടങ്ങി ഗ്രാഫിക് കലയും വിർച്വൽ സങ്കേതങ്ങളും വരെ) ആഞ്ഞുപുണരുന്ന സങ്കരത്വവും, അതിന്റെ ആസ്വാദനത്തിൽ അടിസ്ഥാനപരമായുള്ള പൊതുമയും ആണ് സിനിമയെ ഇന്നും മറ്റേതൊരു കലാരൂപത്തിനും വിനോദമാധ്യമത്തിനും പകരം വെയ്ക്കാനാകാത്ത ഒരു മായികാനുഭവമായും ലാവണ്യാനുഭൂതിയായും നിലനിർത്തുന്നത്.

പ്രദർശനശാലയിൽ നിശ്ചിതസമയത്ത് സന്നിഹിതരായി, ഇരുട്ടിൽ കൂട്ടമായി എന്നാൽ ഒറ്റയ്ക്കിരുന്നുകൊണ്ട് വെള്ളിത്തിരയിൽ പതിയ്ക്കുന്ന കൂറ്റൻ ചലനചിത്രങ്ങൾ നമ്മിൽ സൃഷ്ടിയ്ക്കുന്ന ഇന്ദ്രിയാനുഭവം മറ്റൊരു കലയ്ക്കും നൽകാനായിട്ടില്ല. സിനിമ എന്ന ഇന്ദ്രിയപ്രപഞ്ചം (സെൻസോറിയം) ഒരേസമയം സ്ഥലകാലബദ്ധവും ഇന്ദ്രിയകേന്ദ്രിതവും ഭൗതികവും ആയിരിക്കുമ്പോൾത്തന്നെ അതീന്ദ്രിയവും മാനസികവും അമൂർത്തവുമാണ്; മൃണ്മയവും ചിന്മയവുമാണതിന്റെ പടുതി. 

തിയറ്ററിന്റെ ഇരിപ്പിടനിരകൾ, അതിനിടയിലുള്ള നമ്മുടെ ഇരിപ്പ്, തിയറ്ററിനകത്തെ ഗന്ധം (മുമ്പതിന്റെ മണം വിയർപ്പും ബീഡിപ്പുകയും കലർന്നതായിരുന്നു എങ്കിൽ ഇന്നത് സുഗന്ധദ്രവ്യങ്ങളുടെയും സാനിറ്റൈസറുകളുടേതുമാണ്), പ്രദർശനത്തിന്‌ തൊട്ടുമുമ്പ്, വാതിലുകൾ ചാരിയും കർട്ടനുകൾ താഴ്‌ത്തിയും ദീപങ്ങളണച്ചും ഉണ്ടാകുന്ന ഇരുട്ടിന്റെ പരക്കൽ, (1970കളിൽ തിയറ്റർ നിർമാണമേഖലയിൽ കുതിച്ചുചാട്ടമുണ്ടായ കാലത്ത് പല തിയറ്ററുകളിലും തിരശ്ശീലയ്ക്കു മുന്നിലെ ഞൊറികളുള്ള വെൽവെറ്റ് പടുത സംഗീതത്തിന്റെ അകമ്പടിയോടെ ഉയർത്തുന്ന ഒരു ചടങ്ങ് അല്ലെങ്കിൽ ആമുഖം കൂടി സിനിമകാണലിനുണ്ടായിരുന്നു),

കാത്തിരിപ്പിനൊടുവിൽ തിരശ്ശീലയിൽ ആദ്യത്തെ ദൃശ്യം പ്രത്യക്ഷപ്പെടുമ്പോൾ നമ്മിലുണ്ടാകുന്ന നിർവൃതി, മനുഷ്യത്തോതിനെത്രയോ ഇരട്ടി വലുപ്പത്തിൽ കാണുന്ന മനുഷ്യരൂപങ്ങൾ, യാഥാർഥ്യത്തെ പലമടങ്ങ് പെരുക്കുന്ന ലോകദൃശ്യങ്ങൾ  ഇതെല്ലാം തന്നെ സിനിമയെ സവിശേഷമായ ഒരു ഇന്ദ്രിയാനുഭവവും പൊതുകലയുമാക്കി മാറ്റുന്നു; സ്ഥലപരമായും അനുഭവതലത്തിലും സിനിമ സാമൂഹികതയുടെ ആഘോഷവും പൊതുമയുടെ കലയുമാണ്.

പിന്നീടുവന്ന ദൃശ്യവിനോദമാധ്യമങ്ങൾക്ക്  കൂടുതൽ സ്വകാര്യവും വൈയക്തികവും ഗാർഹികവും ആയ മറ്റു തിരശ്ശീലകൾക്ക്: ടെലിവിഷൻ, കംപ്യൂട്ടർ, മൊബൈൽ/ടാബ് തുടങ്ങിയവയ്ക്ക്  ഇല്ലാത്തതും പൊതുമ നൽകുന്ന ഈ സവിശേഷമായ മായികതയാണ്.

വ്യവസായം എന്ന നിലയിൽ സിനിമയിലെ നിക്ഷേപത്തിനുള്ള അനിശ്ചിതത്വങ്ങൾ അതിനെ പലപ്പോഴും സാമ്പത്തികമായ ഒരു ചൂതാട്ടമാക്കി മാറ്റുന്നു. സിനിമ എന്ന മായികകലയും അതിനോടുള്ള ആകർഷണവും കാണികളിൽ ഉണ്ടാക്കുന്ന സ്വാധീനത്തിന്റെ രീതികളോ തോതോ ആർക്കും പ്രവചിക്കാൻ ആവാത്തതിനാൽത്തന്നെ അതിന്റെ ജയപരാജയങ്ങളും അനിശ്ചിതമാണ്.

വ്യവസായം എന്ന നിലയിൽ സിനിമയിലെ നിക്ഷേപത്തിനുള്ള അനിശ്ചിതത്വങ്ങൾ അതിനെ പലപ്പോഴും സാമ്പത്തികമായ ഒരു ചൂതാട്ടമാക്കി മാറ്റുന്നു. സിനിമ എന്ന മായികകലയും അതിനോടുള്ള ആകർഷണവും കാണികളിൽ ഉണ്ടാക്കുന്ന സ്വാധീനത്തിന്റെ രീതികളോ തോതോ ആർക്കും പ്രവചിക്കാൻ ആവാത്തതിനാൽത്തന്നെ അതിന്റെ ജയപരാജയങ്ങളും അനിശ്ചിതമാണ്. എല്ലാ സാഹചര്യത്തിലും വിജയിക്കുന്ന സമവാക്യങ്ങളോ, താരച്ചേരുവകളോ, പ്രമേയങ്ങളോ ഒന്നുംതന്നെ സിനിമയിലില്ല.

നിരന്തരമായ ഒരു അനിശ്ചിതാവസ്ഥയിലാണ് സിനിമാവ്യവസായം നിലനിൽക്കുന്നത്; അവിടെ ഒന്നിനും  താരസാന്നിധ്യമായാലും സംവിധാന പ്രതിഭയായാലും മുമ്പ് വിജയിച്ച ചേരുവകളായാലും  ഒരു ഗ്യാരണ്ടിയുമില്ല. ഓരോ സിനിമയും നിർമിക്കപ്പെടുന്നത് സാമ്പത്തികവും കലാപരവും ആയ വലിയ പ്രതീക്ഷകളോടെയാണ്: നിർമാതാവിന്റെ പണം, സംവിധായകന്റെ പ്രതിഭ, താരങ്ങളോടുള്ള ആരാധന, ജനുസ്സുപരമായ പരീക്ഷണങ്ങൾ, പ്രമേയപരമായ നൂതനത ഇവയെക്കൊണ്ടെല്ലാമുള്ള ചൂതാട്ടം ഓരോ തവണയും അവിടെ നടക്കുന്നുണ്ട്.

ചില ചിത്രങ്ങൾ തൽക്ഷണവിജയം നേടാം, ആ ഉടൻവിജയത്തിന്റെ തരംഗത്തിലുയർന്നു താമസിയാതെ തന്നെ വിപണിയിൽനിന്നും പ്രേക്ഷകമനസ്സുകളിൽനിന്നും മറഞ്ഞുപോകുന്നു; മറ്റുചിലവ ഇറങ്ങുമ്പോൾ പരാജയപ്പെടുകയും ശ്രദ്ധിക്കപ്പെടാതിരിക്കയും പിന്നീട് കണ്ടെത്തപ്പെടുകയും ചെയ്യുന്നു; മറ്റുചിലവ ടെലിവിഷനിലൂടെയും യൂട്യൂബിലൂടെയും മറ്റും പുനർജനിച്ച് നിത്യഹരങ്ങളായി തുടരുന്നു. അപൂർവം ചില ചിത്രങ്ങൾ ഒരു ന്യൂനപക്ഷത്തിന്റെ നിരന്തരമായ പ്രോത്സാഹനംകൊണ്ടും, കാലദേശങ്ങളെ അതിവർത്തിക്കുന്ന കലാമൂല്യംകൊണ്ടും എന്നും മനുഷ്യരെ പ്രചോദിപ്പിക്കുന്നു.

സിനിമയുടെ ചരിത്രത്തിലുടനീളമുള്ളതാണ് ഇത്തരം വിജയങ്ങളും അനിശ്ചിതത്വങ്ങളും കണ്ടെത്തലുകളും ഒപ്പം സംഘർഷങ്ങളും ദുരന്തങ്ങളും ഒഴിവാക്കപ്പെടലുകളും.

അതുകൊണ്ടുതന്നെ ഒരുപാട് സ്വപ്നങ്ങളുടെയും സ്വപ്‌നഭംഗങ്ങളുടെയും കൂടി ചരിത്രമാണ് സിനിമയുടേത്. മലയാളസിനിമയുടെ ഈ മറുചരിതം ഡാനിയേലിൽനിന്നും റോസിയിൽനിന്നും അവരൊന്നിച്ച വിഗതകുമാരനിൽനിന്നും തുടങ്ങുന്നു. മലയാളസിനിമയിലെ ഈ ആദ്യ‘ജോഡി'കളുടെ ജീവിതദുരന്തം കലയും മൂലധനവും തമ്മിലും ആവിഷ്‌കാരസ്വാതന്ത്ര്യവും ജാതിവെറിയും തമ്മിലും ആധുനികതയും പാരമ്പര്യവും തമ്മിലുമൊക്കെയുള്ള സംഘർഷങ്ങളെക്കൂടി ആവിഷ്കരിക്കുന്നുണ്ട്.

പുരുഷൻ = മൂലധനം/സംവിധായകൻ, സ്ത്രീ = കാഴ്ചാരതി/നടി എന്നൊക്കെയുള്ള  ദാരുണമായ നിർവാഹകവിഭജനം, സിനിമയ്ക്കകത്തും പ്രേക്ഷകലോകത്തുമുള്ള ലിംഗപരമായ അസമത്വം/ഹിംസ, സിനിമപോലുള്ള മൂലധനകേന്ദ്രിതമായ ഒരു വിനോദവ്യവസായത്തിലെ സാമ്പത്തികക്കെണികൾ, തിരശ്ശീല വലിച്ചുകീറുന്ന ആൾക്കൂട്ട അക്രമം  ഇവയെല്ലാം തന്നെ മലയാളസിനിമയുടെ ഈ ഉത്ഭവകഥ മുതൽ തന്നെ തുടങ്ങുന്നു.

പിന്നീടുള്ള പതിറ്റാണ്ടുകളിൽ എത്രയോപേർക്ക്  നിർമാതാക്കൾ, നടീനടന്മാർ, സംവിധായകർ, തിരക്കഥാകൃത്തുക്കൾ, സാങ്കേതികവിദഗ്ദർ, പുറമെ ഇതിലേതെങ്കിലുമൊക്കെയാകാൻ മോഹിച്ച് ജീവിതം ഹോമിച്ച അതിലുമെത്രയോ ഇരട്ടി മനുഷ്യർ  ഇത്തരം ദുരിതങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്; ഒരു വശത്ത് താരപ്പൊലിമയുടെയും പണപ്പെരുക്കത്തിന്റെയും പ്രശസ്തിയുടെയും ആരാധകക്കൂട്ടങ്ങളുടെയും പ്രഭയും പ്രലോഭനങ്ങളും ശബ്ദഘോഷങ്ങളും; മറുവശത്ത് സാമ്പത്തികവും കലാപരവുമായ പരാജയങ്ങൾ, അവഗണന, ഏകാന്തത, അവമതികൾ, ആത്മഹത്യകൾ  ഇവയുടെ ഒരിക്കലുമൊടുങ്ങാത്ത, തലമുറതലമുറ കൈമാറി വരുന്ന നീണ്ടനിര. സിനിമയുടെയും സിനിമാവ്യവസായത്തിന്റെയും ഒരു മാനവികചരിത്രമെഴുതുകയാണെങ്കിൽ അതിൽ ഏതിനായിരിക്കും മുൻതൂക്കം?

മലയാളത്തിന്റെ വിഗതകുമാരൻ

ജെ സി ഡാനിയേൽ (1900 ‐ 1975) തന്റെ സിനിമയ്ക്ക് നൽകിയ പേർ  ‘വിഗതകുമാരൻ' (ഇംഗ്ലീഷിൽ ദ ലോസ്റ്റ് ചൈൽഡ്)  പലകാരണങ്ങൾകൊണ്ടും അറംപറ്റിയ ഒന്നായിത്തീർന്നു. മലയാളസിനിമയുടെ തന്നെ വിഗതകുമാരൻ  അംഗീകാരം ലഭിക്കാതെപോയ തുടക്കക്കാരൻ  ആയിത്തീർന്നു ഡാനിയേലും. ചിത്രത്തിലെ വിഗതകുമാരൻ ഒരുപാട് നാളുകൾക്കും കഷ്ടപ്പാടുകൾക്കും ശേഷം നാട്ടിൽ തിരിച്ചെത്തി തനിക്ക്‌ നഷ്ടപ്പെട്ട പദവി വീണ്ടെടുക്കുന്നുണ്ട് എങ്കിൽ ഡാനിയേലിന് സ്വന്തം ജീവിതത്തിൽ അത് ഒരിക്കലും സാധ്യമായില്ല.

വിഗതകുമാരനിൽ നിന്ന്‌

വിഗതകുമാരനിൽ നിന്ന്‌

കന്യാകുമാരിയിലെ അഗസ്തീശ്വരത്ത് ജനിച്ച ഡാനിയേൽ ചെറുപ്പകാലം മുതൽ തന്നെ കളരിപ്പയറ്റ് പോലുള്ള കായികവിനോദങ്ങളിൽ തല്പരനായിരുന്നു. അതിന്റെ ഭാഗമായി ഇരുപത്തിരണ്ടാം വയസ്സിൽ  അദ്ദേഹം വാൾപ്പയറ്റിനെക്കുറിച്ച്  ഇംഗ്ലീഷിൽ ഒരു പുസ്തകവുമെഴുതി: ഇന്ത്യൻ ആർട് ഓഫ് ഫെൻസിങ് ആൻഡ്‌ സ്വേർഡ്‌ പ്ലേ. പിന്നീട്, ആ കായികാഭ്യാസത്തെ   കൂടുതൽ ശാശ്വതവും സചേതനവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന  ആഗ്രഹത്തിന്റെ  ഫലമായിട്ടായിരിക്കണം കളരിപ്പയറ്റിന്  പ്രാമുഖ്യമുള്ള ഒരു സിനിമ നിർമിക്കാൻ ഡാനിയേൽ പരിപാടിയിട്ടത്.

അതോടെ കളരി എന്ന കായികകലയ്ക്കുപുറമെ സിനിമ  എന്ന  സാങ്കേതികകലയും ഡാനിയേലിന്റെ  അഭിനിവേശമായി തീർന്നു.  അതിനായി  മദിരാശിയിലേക്കും മുംൈബയിലേക്കും പോയി സിനിമാനിർമാണത്തെക്കുറിച്ച്‌ പഠിക്കുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തി സിനിമാനിർമാണത്തിനാവശ്യമായ സ്റ്റുഡിയോലബോറട്ടറി സന്നാഹങ്ങൾ ഒരുക്കിയത് തന്റെ കുടുംബസ്വത്ത് വിറ്റിട്ടായിരുന്നു. 1927ൽ  തിരുവനന്തപുരം പട്ടത്ത് അദ്ദേഹം ‘ട്രാവൻകൂർ  നാഷണൽ പിക്ചേഴ്സ്’ എന്ന സിനിമാനിർമാണശാല ആരംഭിച്ചു.  

അപ്പോഴേക്കും കളരിപ്പയറ്റിനെക്കുറിച്ച് ഒരു രേഖാചിത്രം എന്നതിനുപകരം ഒരു കഥാചിത്രംതന്നെ നിർമിക്കാം എന്ന ആശയത്തിലേക്ക് ഡാനിയേൽ എത്തിയിരുന്നു. അതിനായി ധാരാളം  കളരിപ്പയറ്റ്  രംഗങ്ങളുള്ള  ഒരു  കഥ അദ്ദേഹം തയ്യാറാക്കി. അപ്പോഴേക്കും മറ്റു ഇന്ത്യൻ പ്രവിശ്യകളിൽ ദാദാസാഹേബ് തോർണേ (പുണ്ഡലിക്/1912) ദാദാസാഹേബ് ഫാൽക്കെ, എസ് എൻ പതൻകർ എന്നിവരെത്തുടർന്ന്  നടരാജ മുതലിയാർ, ബാബുറാവ് പെയ്ന്റർ,  കാഞ്ചിബായ് റാതോഡ്,  ദിരേന്ദ്രനാഥ് ഗാംഗുലി,  മണിലാൽ ജോഷി,  ബാബുറാവ് പെന്താർക്കർ തുടങ്ങിയവർ സിനിമാനിർമാണം ആരംഭിച്ചിരുന്നു.

തെന്നിന്ത്യയിലും കീചകവധം (തമിഴ്/നടരാജ മുതലിയാർ) തുടങ്ങി നിരവധി ചിത്രങ്ങൾ നിർമിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഇവയിൽ ഭൂരിപക്ഷവും പുരാണകഥകളെ ആസ്പദമാക്കിയുള്ളതായിരുന്നു എങ്കിൽ ഡാനിയേൽ ഒരു സാമൂഹികപ്രമേയമാണ് സിനിമയാക്കാൻ ആലോചിച്ചത്. അങ്ങനെ നോക്കുമ്പോൾ മലയാളം സിനിമയുടെ സ്ഥാപകനും സ്നാപകനുമാണ് ഡാനിയേൽ. 

അഗസ്‌തീശ്വരത്ത്‌  ജെ സി ഡാനിയേലിന്റെ വീടിരുന്നിരുന്ന സ്ഥലം

അഗസ്‌തീശ്വരത്ത്‌ ജെ സി ഡാനിയേലിന്റെ വീടിരുന്നിരുന്ന സ്ഥലം

ഒരു സാമൂഹ്യ കുടുംബകഥയായിരുന്നു വിഗതകുമാരൻ.  അക്കാലത്തുനടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് വിഗതകുമാരന്റെ കഥ ഭാവന ചെയ്യപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരത്തെ ഒരു സമ്പന്നകുടുംബത്തിലെ ഏകപുത്രനാണ് ചന്ദ്രകുമാർ. ആ ബാലനെ ഭൂതനാഥൻ എന്ന തോട്ടം കങ്കാണി സിലോണിലേക്ക് തട്ടിക്കൊണ്ടുപോകുകയും അവിടെ തോട്ടത്തിൽ ഒരു ജോലിക്കാരനായി വളർത്തുകയും ചെയ്യുന്നു. കാണാതായ മകനെ അന്വേഷിച്ചുകൊണ്ട് ആ കുടുംബം നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. സിലോണിൽ ജോലി ചെയ്യുന്നതിനിടെ തോട്ടമുടമയായ ഇംഗ്ലീഷുകാരന് ചന്ദ്രകുമാറിനോട് താല്പര്യം തോന്നുകയും ഒരു ഉയർന്ന ജോലി നൽകുകയും ചെയ്യുന്നു.

ഇതിനിടെ ചന്ദ്രകുമാറിന്റെ അകന്ന ബന്ധുവായ ജയചന്ദ്രൻ തിരുവനന്തപുരത്തുനിന്ന് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോകുന്നവഴി സിലോണിലെത്തുകയും അവിടെവെച്ച് ഭൂതനാഥനാൽ കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു.

അതോടെ അവിടെത്തന്നെ ജോലിയിൽ ചേരുന്ന അയാൾ ക്രമേണ ചന്ദ്രകുമാറിന്റെ ആത്മസുഹൃത്തായി മാറുന്നു. കുറെക്കാലത്തിനുശേഷം രണ്ടുപേരും തിരുവനന്തപുരത്ത് തിരിച്ചെത്തുന്നു. നാട്ടിലെത്തിയ ചന്ദ്രകുമാർ തന്റെ സഹോദരി സരോജിനിയെ കണ്ടുമുട്ടുന്നു; അവൾ ജയചന്ദ്രന്റെ കാമുകി കൂടിയാണ്.

സരോജിനിയെ തട്ടിക്കൊണ്ടുപോകാനുള്ള ഭൂതനാഥന്റെയും സംഘത്തിന്റെയും ശ്രമത്തെ രണ്ട്‌ സുഹൃത്തുക്കളും ചേർന്ന് പരാജയപ്പെടുത്തുന്നതോടെ ജയചന്ദ്രനും സരോജിനിയും ഒന്നിക്കുന്നു. അതിനിടയിൽ സരോജിനി ചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞ് വിവരം മാതാപിതാക്കളെ അറിയിക്കുകയും നഷ്ടപ്പെട്ടുപോയി എന്നുകരുതിയ ബാലനെ ആ കുടുംബത്തിന്‌ തിരിച്ചുകിട്ടുകയും ചെയ്യുന്നു.

തട്ടിക്കൊണ്ടുപോകൽ, അപരിചിതമായ സാഹചര്യങ്ങളിൽ ഒരു ബാലൻ നേരിടുന്ന കഷ്ടപ്പാടുകൾ, അവന്റെ വിയോഗം മൂലം കുടുംബത്തിനുണ്ടാകുന്ന ദുഃഖം, വിരഹവേദന, ഏറെക്കാലത്തെ വേർപിരിയലിനുശേഷം സഹോദരങ്ങൾ തമ്മിലുള്ള യാദൃച്ഛികമായ കണ്ടുമുട്ടൽ, പരസ്പരം തിരിച്ചറിയൽ, ഒടുവിലുള്ള സമാഗമം, എന്നിങ്ങനെ സംഭവബഹുലമായ ഒരു കുടുംബകഥ ഒരു വശത്ത്.

ഒപ്പം മറ്റൊരു നാട്ടിൽ എത്തിപ്പെടൽ, അവിടുത്തെ പ്രവാസജീവിതം, അധ്വാനശേഷിയും ആത്മാർഥതയുംകൊണ്ടുള്ള ഉയർച്ച, പ്രവാസത്തിനും അതിജീവനത്തിനും സമാന്തരമായി വികസിക്കുന്ന പ്രണയകഥ, എല്ലാ ദുരന്തങ്ങൾക്കും കാരണമാകുന്ന ഒരു വില്ലനും അയാളുടെ ഗൂഢസംഘവും, ഒടുവിൽ തടസ്സങ്ങളെയെല്ലാം അതിജീവിക്കുന്ന നായകൻ, അതിലൂടെ അനീതിയ്ക്കും അസത്യത്തിനുമെതിരെ നീതിയും സത്യവും നേടുന്ന വിജയം, ചില ഒടുക്കങ്ങളെയും  മറ്റുചില തുടക്കങ്ങളെയും (പ്രണയസാഫല്യം, വിവാഹം, കുടുംബസമാഗമം...) സൂചിപ്പിച്ചുകൊണ്ടുള്ള ശുഭാന്ത്യം. പിന്നീടുവന്ന മലയാളസിനിമകൾ അവലംബിച്ച  പല ഘടകങ്ങളുടെയും ചേരുവകളുടെയും തുടക്കം വിഗതകുമാരനിലാണ്.

തികച്ചും വ്യത്യസ്തവും തദ്ദേശീയവുമായ ഒരു പ്രമേയവും ആഖ്യാനരീതിയുമാണ് വിഗതകുമാരൻ അവലംബിച്ചത് എന്നതായിരിക്കാം ഒരുപക്ഷേ അതിന്റെ കച്ചവടപരാജയത്തിന്‌ കാരണമായത്.

ഇന്ത്യൻ സിനിമയിൽ പുരാണകഥകളുടെ ഒരു തരംഗം തന്നെ വീശിയടിക്കുന്ന കാലത്താണ് ഡാനിയേൽ  നടന്ന ഒരു സംഭവത്തെ ആധാരമാക്കിയുള്ള ഒരു സാമൂഹ്യകഥയെ പ്രമേയമാക്കി സിനിമയുണ്ടാക്കുന്നത്. സാമൂഹ്യപ്രമേയങ്ങളോടും യഥാതഥശൈലിയോടുമുള്ള ഈ ആഭിമുഖ്യം പിൽക്കാല മലയാളസിനിമയുടെ മുഖമുദ്ര തന്നെയായി മാറുകയും ചെയ്തു.

ഇന്ത്യൻ സിനിമയിൽ പുരാണകഥകളുടെ ഒരു തരംഗം തന്നെ വീശിയടിക്കുന്ന കാലത്താണ് ഡാനിയേൽ  നടന്ന ഒരു സംഭവത്തെ ആധാരമാക്കിയുള്ള ഒരു സാമൂഹ്യകഥയെ പ്രമേയമാക്കി സിനിമയുണ്ടാക്കുന്നത്. സാമൂഹ്യപ്രമേയങ്ങളോടും യഥാതഥശൈലിയോടുമുള്ള ഈ ആഭിമുഖ്യം പിൽക്കാല മലയാളസിനിമയുടെ മുഖമുദ്ര തന്നെയായി മാറുകയും ചെയ്തു.

വിഗതകുമാരനെക്കുറിച്ച് നസ്രാണിദീപികയിൽ (1930 ഒക്ടോബർ 28) എം ഗോപിനാഥ് എഴുതിയ നിരൂപണത്തിൽ തിരുവിതാംകൂറിൽ നിന്നുണ്ടായ ഈ ആദ്യസംരംഭത്തെ രണ്ടുരീതിയിൽ പ്രശംസിക്കുന്നുണ്ട്: ആദ്യമായി ലോകത്തെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു വ്യവസായത്തിന്റെ തദ്ദേശീയരൂപം എന്ന നിലയിലാണ് ഈ ചിത്രത്തെ കാണുന്നത്: “ശാസ്ത്രീയജ്ഞാനം അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ആധുനിക കാലത്ത് ഓരോരുത്തർക്കും അനുഗുണമായ പ്രവൃത്തിപദ്ധതികളെ രൂപവൽക്കരിക്കുന്നതിന്‌ വലിയ വൈഷമ്യമുണ്ടെന്നുതോന്നുന്നില്ല.

ഇന്ന്‌ പാശ്ചാത്യ രാജ്യങ്ങളിൽ ഗണനീയമായ നിലയെ പ്രാപിച്ചിരിക്കുന്ന ഉത്തമവ്യവസായങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണ് ചലനചിത്ര പ്രസ്ഥാനം. പ്രസ്തുത പ്രസ്ഥാനത്തിന്‌ സീമാതീതമായ പ്രചാരം പരിഷ്കൃതരാജ്യങ്ങളിൽ വന്നിട്ടുണ്ട്. ഈ വിഷയത്തിൽ ഭാരതത്തിലും അഭൂതപൂർവമായ ഉണർവുണ്ടായിരിക്കുന്നു. എന്നാൽ, കേരളത്തിൽ ഇതിന്‌ വലിയ പ്രാധാന്യമൊന്നും കൊടുത്തുകാണുന്നില്ല. ആ നിലയ്ക്ക് ആ നവീന സമ്പ്രദായത്തെ പരീക്ഷണാർഥം പ്രായോഗികരീതിയിൽ സമാരംഭിച്ചിരിക്കുന്ന മിസ്റ്റർ ഡാനിയേലിന്റെ പ്രവൃത്തിയെപ്പറ്റി യുവജനങ്ങൾ അറിഞ്ഞ് ഈ തൊഴിലിനെ പ്രചാരത്തിൽ വരുത്തേണ്ടതാണ്”.  

അതിനോടൊപ്പം തന്നെ ഈ ചിത്രത്തിന്റെ നിർമാണത്തെ ഗോപിനാഥ്  ‘സ്വരാജ്' എന്ന ആശയവുമായും ബന്ധപ്പെടുത്തുന്നുണ്ട്: “സ്വരാജ്യ സമ്പാദനത്തിന് അന്യരാജ്യത്തുനിന്ന് വരുന്ന ചലനചിത്രങ്ങൾ വലിയ വിഘാതമാണെന്ന് പറയാതെ അറിയാമല്ലോ. അപ്രകാരം സ്വരാജ് സമ്പാദനത്തിന് സ്വന്തം കാലിൽ നിൽക്കുവാൻ സാധിക്കണമെങ്കിൽ തൊഴിലുകളെല്ലാം നമ്മുടെ സ്വന്തമായിരിക്കണം. ഈ ചലനചിത്രനിർമാണത്തെ സഹായിക്കുന്നതിന് തൊഴിലില്ല എന്ന് മുറവിളി കൂട്ടുന്ന യുവജനങ്ങൾ മുന്നിട്ടിറങ്ങേണ്ടതാണ്” എന്നുപറഞ്ഞുകൊണ്ട് ലേഖകൻ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന്റെ വിലാസവും ലേഖനത്തിൽത്തന്നെ നൽകുന്നുണ്ട്.

ചിത്രത്തിന്റെ കഥയെയും അവതരണത്തെയും അദ്ദേഹം ഇങ്ങനെ പ്രശംസിക്കുന്നു: “കഥാഘടനയിൽ പ്രശസ്തമായ കഥാഗുംഭന ചാതുര്യവും രസോൽകർഷമായ പ്രതിമുഖസന്ധികളും അല്പം കുറവാണെന്ന്‌ സാഹിത്യപടുക്കൾ അഭിപ്രായപ്പെട്ടേക്കാം. എങ്കിലും, ഭിന്നമായ പല സ്ഥാനങ്ങളെ അനുവർത്തിക്കുന്ന സംഭവബഹുലതയും ലൗകികസമ്പ്രദായങ്ങളെ മുൻനിർത്തി അഭിനയിച്ചിട്ടുള്ള കഥാംശങ്ങളും അനൗചിത്യങ്ങളെന്ന് അപഹസിക്കുവാൻ അവകാശമില്ലെന്ന്‌ തോന്നുന്നു. ചലനചിത്രം ഇവിടെയും നിർമിക്കാമെന്നും അത് എത്രയും ആകർഷണീയമായിത്തന്നെ ആകാമെന്നും സ്ഥിരപരിശ്രമം കൊണ്ട്‌ തെളിയിച്ചിട്ടുള്ള മി.ഡാനിേയൽ സ്തുത്യർഹനാണ്”.

വികസിച്ചുവരുന്നതും തൊഴിൽ സാധ്യതയുള്ളതുമായ ഒരു വ്യവസായമേഖല എന്ന നിലയിലും, സ്വരാജ് സമ്പാദനത്തിന്റെ ഭാഗമായി വിദേശചിത്രങ്ങൾക്കുബദലായി സ്വദേശ ചിത്രങ്ങൾ നിർമിക്കുക എന്ന ദേശസ്നേഹ ദൗത്യമായും അക്കാലത്തുതന്നെ  വിഗതകുമാരൻ വിലയിരുത്തപ്പെട്ടു എങ്കിലും ചിത്രം ഒരു സാമ്പത്തികപരാജയമായിരുന്നു. പുരാണചിത്രങ്ങളും അതിനാടകീയപ്രമേയങ്ങളും അരങ്ങു തകർത്തിരുന്ന അക്കാലത്തെടുത്ത ഈ ചിത്രം ഒരുപക്ഷേ കാലത്തിനുമുന്നിൽ സഞ്ചരിച്ച ഒന്നായിരിക്കാം.

ഈ ചിത്രത്തിന്റെ ആദ്യപ്രദർശനത്തെ കുന്നുകുഴി മണി ഇങ്ങനെയാണ് വിവരിക്കുന്നത്:  “1928 നവംബർ ഏഴിന് വൈകുന്നേരം 5.30ന് പ്രസിദ്ധ അഭിഭാഷകനായിരുന്ന മള്ളൂർ എസ് ഗോവിന്ദപ്പിള്ള ആദ്യപ്രദർശനം ഉദ്ഘാടനം ചെയ്തു. സ്ക്രീനിൽ ചിത്രങ്ങൾ മിന്നിത്തെളിയുമ്പോൾ, ഒരു സ്റ്റൂളിൽ കയറിനിന്ന് ഒരാൾ കഥാഭാഗങ്ങൾ മലയാളത്തിൽ വിളിച്ചുപറഞ്ഞിരുന്നു… ‘വിഗതകുമാരൻ' തിരശ്ശീലയിൽ മിന്നിത്തെളിഞ്ഞു. സരോജിനിയുടെ ഭാഗം അഭിനയിച്ച റോസിയുടെ രംഗപ്രവേശത്തോടെ തറയിലിരുന്ന കാണികൾ കൂകിവിളിച്ചു.

കാരണം, അയിത്തജാതിക്കാരി സിനിമയിൽ അഭിനയിച്ചുകളഞ്ഞു എന്നതാണ്. നായകൻ സൈക്കിളിൽ വന്ന് നായികയുടെ തലയിലിരുന്ന പൂവെടുത്ത്‌ മണപ്പിക്കുന്ന രംഗം കണ്ടതോടെ കാണികളുടെ ബഹളം കൂടുകയും അവർ ചാടി എഴുന്നേറ്റ് കല്ലുകൾ പെറുക്കി സ്ക്രീനിലേക്ക് എറിയുകയും ചെയ്തു. സ്ഥിതി വഷളായി. ഒടുവിൽ സ്ക്രീൻ കീറിപ്പറിഞ്ഞു.

നിർമാതാവായ ജെ സി ഡാനിയേൽ അടുത്തൊരു വീട്ടിൽ അഭയം തേടി. പിന്നീട് ക്യാപിറ്റോൾ തിയറ്ററിൽ  രണ്ട് ആഴ്ചയോളം  ‘വിഗതകുമാരൻ' പ്രദർശനം നടത്തി. തുടർന്ന് സ്ഥിരം തിയറ്ററുകൾ ഉണ്ടായിരുന്ന കൊല്ലം, ആലപ്പുഴ, തൃശൂർ, തലശേരി, നാഗർകോവിൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചു. പക്ഷേ നിർമാണത്തിനു ചെലവഴിച്ച തുകപോലും ഡാനിയേലിനു മടക്കി കിട്ടിയില്ല”. (മലയാളസിനിമയുടെ സ്രഷ്ടാവായ ജെ സി ഡാനിേയലും ആദ്യനായിക റോസിയും).

വിഗതകുമാരൻ സാമ്പത്തികമായി പരാജയപ്പെട്ടതോടെ ഡാനിയേലിനെ സിനിമാരംഗത്ത്‌ നിന്നുതന്നെ പിന്മാറേണ്ടിവന്നു; അദ്ദേഹം വസ്തുക്കളും സ്റ്റുഡിയോയും വിറ്റ് കടങ്ങൾ തീർക്കുകയും  നാഗർകോവിലിലേക്ക് തിരിച്ചുപോയി ജീവിതായോധനത്തിനായി വൈദ്യവൃത്തി സ്വീകരിക്കുകയും ചെയ്തു. അടുത്ത അരനൂറ്റാണ്ടോളം കാലം സിനിമയിൽനിന്നകന്ന് ജീവിച്ച (മറ്റൊരു സിനിമയെക്കുറിച്ചുള്ള ആലോചനകളുണ്ടായിരുന്നു എങ്കിലും അതു നടന്നില്ല) ഡാനിയേൽ 1975ലാണ് അന്തരിച്ചത്.

പിന്നെയും ഏറെക്കാലത്തിനുശേഷമാണ് കേരള  ചലച്ചിത്ര അക്കാദമി സിനിമാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള  ഏറ്റവും ഉന്നത പുരസ്കാരമായ ‘ഡാനിയേൽ പുരസ്കാരം’ സ്ഥാപിച്ചത്. ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ, ജെ ജയന്തി തുടങ്ങിയവർ എഴുതിയ  ജീവചരിത്രങ്ങൾ, പി കെ റോസിയുടെ  ജീവിതത്തെ ആസ്പദമാക്കി  വിനു അബ്രഹാം രചിച്ച   ‘നഷ്ടനായിക’ എന്ന നോവൽ, അതിനെ അടിസ്ഥാനമാക്കി കമൽ 2013ൽ  സംവിധാനം ചെയ്ത  ‘സെലുലോയ്ഡ്’ എന്ന സിനിമ എന്നിവയായിരിക്കും ഡാനിയേലിന്‌ മരണാനന്തരം മാത്രം ലഭിച്ച ബഹുമതികൾ.

വിഗതകുമാരന്റെ തിരക്കഥാകൃത്ത്, നിർമാതാവ്, അഭിനേതാവ്, ഛായാഗ്രാഹകൻ (ലാലയോടൊപ്പം) എന്നിവയ്ക്കുപുറമെ കേരളത്തിലെ ആദ്യ സിനിമാസ്റ്റുഡിയോയുടെ സ്ഥാപകനുമാണ് ജെ സി ഡാനിയേൽ. ദാദാസാഹേബ് ഫാൽക്കെയെപ്പോലെതന്നെ സ്വന്തം ഭാഷയിലും പരിസരങ്ങളിലും സംസ്കാരത്തിലും നിന്നുള്ള ചിത്രങ്ങളുണ്ടാവണമെന്ന് സ്വപ്നംകണ്ട സാഹസികനും ക്രാന്തദർശിയുമായ ഒരു കലാകാരൻ. എന്നാൽ പല കാരണങ്ങൾകൊണ്ടും സ്വന്തം ദൗത്യം പൂർത്തിയാക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല.

അദ്ദേഹത്തിനുനേരിട്ട വ്യക്തിപരമായ ദുരന്തത്തിനുപുറമെ അദ്ദേഹത്തെയും റോസിയെയും വിഗതകുമാരനെയും കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങൾ കണ്ടെത്തുന്നതിലും ശേഖരിക്കുന്നതിലും  നിലനിർത്തുന്നതിലും നമ്മൾ കാണിച്ചിട്ടുള്ള അനാസ്ഥ സൂചിപ്പിക്കുന്നത് ചരിത്രത്തോടും സിനിമയോടും നമ്മൾ പുലർത്തുന്ന അവഗണനയെയാണ്. ആ സിനിമയിൽനിന്നുള്ള ഒരു നിശ്ചലചിത്രം, റോസിയുടേതെന്ന്‌ കരുതപ്പെടുന്ന ഒരു ഛായാചിത്രം ഡാനിയേലിന്റെ  കുടുംബശേഖരത്തിൽനിന്നുള്ള ചില ചിത്രങ്ങൾ, പിന്നെ ഒരു പ്രദർശന നോട്ടീസും (അതിൽ കാണിച്ചിരിക്കുന്ന പ്രദർശന തീയതി 1930 ആണ് എങ്കിലും)  ഇവയാണ് ഈ ചിത്രത്തെ സംബന്ധിക്കുന്ന നമുക്കിന്ന്‌ ലഭ്യമായിരിക്കുന്ന ഭൗതിക ‘രേഖ'കൾ. ബാക്കിയുള്ളതെല്ലാം കേട്ടുകേൾവികളും ഊഹാപോഹങ്ങളുമാണ്.

റോസി എന്ന വിഗതനായിക

സിനിമയിൽ അഭിനയിച്ചതിന് തിരുവനന്തപുരത്തുനിന്ന് ആട്ടിയോടിക്കപ്പെട്ട റോസിയുടെ കൂടി സ്മാരകമാണ് ഈ ചിത്രം. സ്ത്രീവേഷം ചെയ്യാൻ ‘കുടുംബത്തിൽ പിറന്ന’ സ്ത്രീകൾ തയ്യാറാവാതിരുന്ന കാലത്ത് (ഫാൽക്കെയുടെയും മറ്റും ആദ്യകാല ചിത്രങ്ങളിലെല്ലാം സ്ത്രീവേഷം കെട്ടിയിരുന്നത് പുരുഷന്മാരായിരുന്നു) മുംബൈയിൽനിന്ന് ആംഗ്ലോ ഇന്ത്യൻ വനിതയെക്കൊണ്ടുവന്ന് അഭിനയിപ്പിക്കാൻ ശ്രമിച്ചുപരാജയപ്പെട്ട ഡാനിയേൽ ഒടുവിൽ കാക്കരിശ്ശി കലാകാരിയായ റോസിയെയാണ് ആ റോളിലേക്ക് ക്ഷണിച്ചത്. റോസിയെ ഡാനിയേൽ ക്ഷണിച്ചതും അവർ അത് സ്വീകരിച്ചതും വിപ്ലവകരമായ കാര്യങ്ങളായിരുന്നു.

സിനിമയിൽ അഭിനയിച്ചതിന് തിരുവനന്തപുരത്തുനിന്ന് ആട്ടിയോടിക്കപ്പെട്ട റോസിയുടെ കൂടി സ്മാരകമാണ് ഈ ചിത്രം. സ്ത്രീവേഷം ചെയ്യാൻ ‘കുടുംബത്തിൽ പിറന്ന’ സ്ത്രീകൾ തയ്യാറാവാതിരുന്ന കാലത്ത് (ഫാൽക്കെയുടെയും മറ്റും ആദ്യകാല ചിത്രങ്ങളിലെല്ലാം സ്ത്രീവേഷം കെട്ടിയിരുന്നത് പുരുഷന്മാരായിരുന്നു) മുംബൈയിൽനിന്ന് ആംഗ്ലോ ഇന്ത്യൻ വനിതയെക്കൊണ്ടുവന്ന് അഭിനയിപ്പിക്കാൻ ശ്രമിച്ചുപരാജയപ്പെട്ട ഡാനിയേൽ ഒടുവിൽ കാക്കരിശ്ശി കലാകാരിയായ റോസിയെയാണ് ആ റോളിലേക്ക് ക്ഷണിച്ചത്. റോസിയെ ഡാനിയേൽ ക്ഷണിച്ചതും അവർ അത് സ്വീകരിച്ചതും വിപ്ലവകരമായ കാര്യങ്ങളായിരുന്നു. എന്നാൽ തിരുവിതാംകൂറിലെ പ്രേക്ഷകസമൂഹം അത് അംഗീകരിക്കുവാൻ തയ്യാറായിരുന്നില്ല. വിഗതകുമാരൻ പ്രദർശിപ്പിക്കുമ്പോൾ തിരുവിതാംകൂറിൽ അയ്യങ്കാളിയും വൈകുണ്ഠസ്വാമികളും മറ്റും തുടക്കമിട്ട ജാതിവിരുദ്ധ സമരങ്ങളുടേതായ ഒരു രാഷ്ട്രീയാന്തരീക്ഷം ഉണ്ടായിരുന്നു. എന്നിട്ടുപോലും  കലയിൽ, അതും ആധുനികമായ ഒരു പൊതുകലയിലും നഗരത്തിലെ പ്രദർശനവേദിയിലും, ദളിത് സാന്നിധ്യം/പ്രാതിനിധ്യം ഉണ്ടാവുക എന്നത് പ്രകോപനപരമായിരുന്നു എന്നതിന്‌ തെളിവാണ് റോസിക്കെതിരായ ആക്രമണം.

ഇന്ത്യയിൽ ഇന്നും തുടരുന്ന പ്രതിഭാസം കൂടിയാണിത്: പ്രത്യക്ഷരാഷ്ട്രീയത്തിൽ നിയമപരമായ പ്രാതിനിധ്യം ഉണ്ടെങ്കിലും കൂടുതലാഴത്തിൽ വേരുകളും സ്വാധീനവുമുള്ള പ്രതീകാത്മകലോകത്ത് ദളിതർ സ്ഥാപിക്കുന്ന പ്രാതിനിധ്യാവകാശം ഇന്നും ജാത്യാഭിമാനികളെ പ്രകോപിപ്പിക്കുന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ആ അർഥത്തിലും വിഗതകുമാരനെ ഒരു ഉത്ഭവകഥയായി കരുതാം.

അന്ന് വിഗതകുമാരൻ പ്രദർശിപ്പിച്ച തിരശ്ശീല വലിച്ചുകീറിയത് മുന്നിലിരുന്ന കാണികളായിരുന്നു എങ്കിൽ, പിന്നീട് ആ ഹിംസ മലയാളസിനിമയുടെ ആഖ്യാനങ്ങൾക്കും വ്യവസായവ്യവസ്ഥയ്ക്കും അകത്തേക്കുകൂടി വേരിറക്കുന്നതുകാണാം. നടിയെ ആക്രമിച്ച സംഭവം അതിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമായിരുന്നു എന്നുപറയാം

അന്ന് വിഗതകുമാരൻ പ്രദർശിപ്പിച്ച തിരശ്ശീല വലിച്ചുകീറിയത് മുന്നിലിരുന്ന കാണികളായിരുന്നു എങ്കിൽ, പിന്നീട് ആ ഹിംസ മലയാളസിനിമയുടെ ആഖ്യാനങ്ങൾക്കും വ്യവസായവ്യവസ്ഥയ്ക്കും അകത്തേക്കുകൂടി വേരിറക്കുന്നതുകാണാം. നടിയെ ആക്രമിച്ച സംഭവം അതിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമായിരുന്നു എന്നുപറയാം; അങ്ങനെ നോക്കുമ്പോൾ ആ നടി റോസിയുടെ പിന്മുറക്കാരി കൂടിയാണ്.

പി കെ റോസി

പി കെ റോസി

ആ സംഭവത്തിനുശേഷം സിനിമയ്ക്കകത്തെ പുരുഷാധിപത്യത്തിനെതിരെയുള്ള പ്രതികരണം എന്ന നിലയിൽ രൂപീകരിക്കപ്പെട്ട വിമൻ ഇൻ സിനിമാ കളക്‌ടീവ് എന്ന സംഘടനയായിരിക്കും മലയാളസിനിമയുടെ ആദ്യനൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ സ്ത്രീപക്ഷചരിത്രസംഭവം. മലയാളസിനിമയ്ക്ക് ഡാനിയേൽ നൽകിയ സംഭാവനകൾ തിരിച്ചറിഞ്ഞതിനും ശേഷമാണ് പി കെ റോസി എന്ന മലയാളസിനിമയുടെ ആദ്യനായിക വീണ്ടെടുക്കപ്പെടുന്നതും അവർ ചരിത്രഭാവനയിൽ ഇടംനേടുന്നതും  അന്നും ഇന്നും നമ്മൾ പാലിക്കുന്ന ചില മൗനങ്ങളെയും പുലർത്തുന്ന ചില ആന്ധ്യങ്ങളെയും കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണത്. പ്രൊഫ. കൈകസി നിരീക്ഷിക്കുന്നതുപോലെ:

“റോസിയുടെ തിരോധാനം ചർച്ച ചെയ്യപ്പെടേണ്ടത് അവർ ഒരു സ്ത്രീയായതുകൊണ്ടാണോ, അതോ ഒരു ദലിത് സ്ത്രീയായതുകൊണ്ടാണോ, അതോ ഒരു ദലിത് ക്രിസ്ത്യൻ യുവതിയായതുകൊണ്ടാണോ എന്നൊക്കെയുള്ള കീറിമുറിച്ചുള്ള സ്വത്വവൽക്കരണത്തിന്റെ വീക്ഷണകോണിലൂടെയല്ല, മറിച്ച്, ജാതി സമവാക്യങ്ങൾ പുനഃപരിശോധിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രത്തിന് ഇത്തരത്തിലൊരു ദുർവിധി വന്നിട്ടും, അന്നത്തെ ബുദ്ധിജീവിസമൂഹം പ്രതികരിക്കാതിരുന്നത് എന്തുകൊണ്ട് എന്നതിലൂടെയാണ്.

ഒരു ചരിത്രസംഭവത്തിന് സാക്ഷിയാകേണ്ടിയിരുന്ന ക്യാപിറ്റൽ തിയറ്റർ, ഒരു പറ്റം ഉന്നതകുലജാതരുടെ ഭ്രഷ്ടാചാരങ്ങൾക്ക് മുന്നിൽ വിറങ്ങലിച്ചു നിൽക്കാൻ പ്രേരകമായതെന്ത്? നായകന്റെ പരിവേഷനിർമിതിയിലെ വെറും അലങ്കാരവസ്തുക്കളാണ് നായികമാർ എന്ന് ഇന്ത്യൻ ചലച്ചിത്രങ്ങളെല്ലാംതന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ, റോസിയുടെ പ്രശ്നം ആ കാലഘട്ടത്തിന്റെ മാത്രം പ്രശ്നമാണെന്ന് വരുത്തിത്തീർക്കാനുമാവില്ല. സ്

ത്രീസ്വാതന്ത്ര്യത്തിന്റെയും സ്ത്രീവിമോചനത്തിന്റെയും കാലം ഇനിയും സമാഗതമായിട്ടില്ല എന്നതിനാൽ, റോസി ഓടിമറഞ്ഞ ഇരുളിൽനിന്നും സ്ത്രീത്വത്തെ തിരികെ കൊണ്ടുവരുന്നതിന് ഇനിയും അക്ഷീണം പ്രയത്നിക്കേണ്ടിയിരിക്കുന്നു’. (റോസി: നഷ്ടസ്വപ്നങ്ങളുടെ നായിക, പുസ്തകം: ജെ സി ഡാനിേയൽ: മലയാളസിനിമയുടെ വിഗതകുമാരൻ) .

ഗ്രന്ഥസൂചി

ചേലങ്ങാട് ഗോപാലകൃഷ്ണൻ  മലയാളസിനിമ: ചിത്രം വിചിത്രം, 2013, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
െപ്രാഫ. ഡി പ്രേംലാൽ, ഡോ. എസ് ആർ ചന്ദ്രമോഹനൻ (എഡി): ജെ സി ഡാനിേയൽ: മലയാളസിനിമയുടെ വിഗതകുമാരൻ, 2013: റെയ്വൻ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ജയന്തി, ജെ: ഡോ ജെ സി ഡാനിയേൽ  മലയാളസിനിമയുടെ പിതാവ്, 2016: ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
എം ഗോപിനാഥ്, വിഗതകുമാരൻ  തിരുവിതാംകൂറുകാർ ആദ്യമായുണ്ടാക്കിയ ചലനചിത്രം, 1930 നസ്രാണിദീപിക  സിനിമ  ആസ്വാദനത്തിന്റെ ചരിത്രവഴികൾ 19301960, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല പ്രസിദ്ധീകരണം 2017, എഡി: ഡോ ടി അനിതകുമാരി

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top