27 January Friday

ആദ്യപ്രദർശനം-കേരളത്തിലെ ആദ്യത്തെ സിനിമാപ്രദർശനങ്ങളെകുറിച്ച് സി എസ്‌ വെങ്കിടേശ്വരൻ എഴുതുന്നു

സി എസ്‌ വെങ്കിടേശ്വരൻUpdated: Monday Nov 28, 2022

കേരളത്തിലെ ആദ്യ ഫിലിം പ്രൊജക്ടർ

സിനിമകളെയും സിനിമാവ്യവസായത്തെയും വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങളും സിനിമാസംബന്ധിയായ ശബ്ദ/ചിത്ര/പാഠരേഖകളും സാക്ഷ്യങ്ങളും ശേഖരിച്ചുസൂക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യയിൽത്തന്നെ ഏറ്റവും അലംഭാവം കാണിച്ചിട്ടുള്ള ഒരു സമൂഹമാണ് കേരളം. ചരിത്രപ്രാധാന്യമുള്ള സിനിമകളുടെ നെഗറ്റീവുകളുടെ സംരക്ഷണത്തിലും മാരകമായ ഈ ‘വിവരക്കുറവ്' കാണാം.

കേരളത്തിൽ സിനിമ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത് 1906ലാണ് എന്നാണ് വിജയകൃഷ്ണന്റെ ‘മലയാളസിനിമയുടെ കഥ’യിൽ (1987) പറയുന്നത്. എന്നാൽ ഇതിന് രേഖകളോ ദൃക്‌സാക്ഷ്യങ്ങളോ ഇല്ല.

വിജയകൃഷ്ണൻ തന്റെ പുസ്തകമെഴുതുന്നത് 1987ലാണ്. ഈ വിവരത്തിന് ഒരു തിരുത്തൽ കൊണ്ടുവരുന്നത് പി കെ രാജശേഖരനാണ്. 2019ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘സിനിമാസന്ദർഭങ്ങൾ' എന്ന പുസ്തകത്തിലെ ‘ആദ്യത്തെ കളി’ എന്ന ലേഖനം ഈ വിഷയം വിശദമായി പരിശോധിക്കുന്നുണ്ട്. 

ഈ രണ്ടുപുസ്തകങ്ങൾക്കുമിടയിലുള്ള മൂന്നു പതിറ്റാണ്ടുകാലത്തെ വിടവ് എന്നത് മലയാള സിനിമാചരിത്രപഠനത്തിൽ തന്നെയുള്ള വിടവാണ്.

സിനിമകളെയും സിനിമാവ്യവസായത്തെയും വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങളും സിനിമാസംബന്ധിയായ ശബ്ദ/ചിത്ര/പാഠ രേഖകൾ, തെളിവുകൾ, സാക്ഷ്യങ്ങൾ എന്നിവ ശേഖരിച്ചുസൂക്ഷിക്കുന്ന കാര്യത്തിലും ഇന്ത്യയിൽത്തന്നെ ഏറ്റവും അലംഭാവം കാണിച്ചിട്ടുള്ള ഒരു സമൂഹമാണ് കേരളം.

ചരിത്രപ്രാധാന്യമുള്ള സിനിമകളുടെ നെഗറ്റീവുകളുടെ സംരക്ഷണം തുടങ്ങി എല്ലാറ്റിലും ഈ മാരകമായ ‘വിവരക്കുറവ്' കാണാം.

ബിന്ദു മേനോനെപ്പോലുള്ള അപൂർവം പേരാണ് ആദ്യകാല മലയാളസിനിമയെക്കുറിച്ച് ഗവേഷണപഠനങ്ങൾ നടത്തിയിട്ടുള്ളത്.

സിനിമകളുടെ കാര്യത്തിൽ യൂ ട്യൂബും സിനിമാസംബന്ധിയായ വിവരങ്ങളുടെ കാര്യത്തിൽ ഈ മേഖലയിൽ താൽപ്പര്യമുള്ളവർ സ്വന്തം മുൻകൈയിൽ നടത്തുന്ന വെബ്സൈറ്റുകളുമായിരിക്കും ഇന്ന് നമുക്ക് ആകെ ലഭ്യമായിട്ടുള്ള വിവരസ്രോതസ്സുകൾ! ഇതിൽത്തന്നെ സിനിമാപ്പാട്ടുകളെക്കുറിച്ചുള്ള വെബ്സൈറ്റുകളും അവയിൽ നടക്കുന്ന ചർച്ചകളുമാണ് ഏറ്റവും സജീവവും സമ്പന്നവും.

ആദ്യപ്രദർശനത്തെക്കുറിച്ചുള്ള പി കെ രാജശേഖരന്റെ നിഗമനം 1906ന്‌ മുമ്പുതന്നെ കേരളത്തിൽ സിനിമാപ്രദർശനം നടന്നിരിക്കാം എന്നാണ്. അതിന് ഉപോദ്ഫലകമായി രാജശേഖരൻ ചൂണ്ടിക്കാട്ടുന്നത് 1903 ഏപ്രിൽ 25ന് മലയാള മനോരമയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു മുഖപ്രസംഗത്തെയാണ്.

പി കെ  രാജശേഖരൻ

പി കെ രാജശേഖരൻ

‘കോട്ടയത്തുള്ള മാപ്പിളമാരിൽ നാലഞ്ച്‌ യുവാക്കൾ കൂടി ഏർപ്പെടുത്തിയ' ഇംഗ്ലീഷ് മോട്ടോഗ്രാഫ് കമ്പനി എന്ന സംരംഭത്തെക്കുറിച്ചാണ് ഈ മുഖപ്രസംഗം: ‘മാജിക് ലാന്റേൺ എന്ന ഒരുവക വിളക്കിന്റെ സഹായത്താൽ ഓരോ ആളുകളുടെയും മറ്റും പടങ്ങൾ കാണിക്കുന്ന പ്രയോഗത്തിന്‌ അടുത്തകാലത്ത്‌ അത്യാശ്ചര്യകരമായ ഒരു വികാസം ഉണ്ടായിട്ടുണ്ട്.

പടങ്ങൾ സചേതനങ്ങൾ എന്ന്‌ തോന്നത്തക്കവണ്ണം ഓരോ പ്രവൃത്തികൾ ചെയ്യുന്നതായിട്ടുകൂടി കാണിക്കുന്ന സെനോമോട്ടൊഗ്രാഫ് എന്നുപേരായ ഈ സമ്പ്രദായപ്രകാരം ഏതാനും ചില പടങ്ങൾ മൂന്നുനാലുമാസം മുമ്പ് ഈ കോട്ടയത്ത്‌ അന്യദേശക്കാരായ ഒരു കമ്പനിക്കാർ കൊണ്ടുവന്ന്‌ ഒരു ദിവസം കാണിക്കയുണ്ടായിട്ടുണ്ട്” എന്ന പരാമർശവും ഈ സംരംഭകർ ‘മൂന്നുമാസത്തിൽ കുറയാതെ അന്യദേശങ്ങളിൽ സഞ്ചരിച്ചതിന്റെ ശേഷം തിരിച്ചുവന്നാലുടനെ തിരുവനന്തപുരത്തും എറണാകുളത്തും ഒടുവിൽ കോട്ടയത്തും കാണിക്കണമെന്നാണ്

ദി തീഫ്‌ ഓഫ്‌ ബാഗ്‌ദാദിലെ രംഗം

ദി തീഫ്‌ ഓഫ്‌ ബാഗ്‌ദാദിലെ രംഗം

ഇവർ നിശ്ചയിച്ചിരിക്കുന്നതെന്ന്‌ അറിയുന്നു’ എന്ന സൂചനയുമാണ് ഈ മുഖപ്രസംഗത്തിലുള്ളത്.

ഈ നിഗമനം ശരിയായിരിക്കാം. എന്തെന്നാൽ 1897ൽ മദിരാശിയിൽ എം എഡ്വേർഡ്സ് എന്ന ഇംഗ്ലീഷുകാരനാണ് ആദ്യമായി സിനിമ പ്രദർശിപ്പിച്ചത് എന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അതിനാൽ അതിനുശേഷം സിനിമാപ്രദർശനയന്ത്രങ്ങൾ തെക്കെ ഇന്ത്യയിലെ പല പ്രദേശങ്ങളിലും എത്താനും അതുവഴി പലയിടത്തും സ്വകാര്യവും അല്ലാത്തതുമായ പ്രദർശനങ്ങൾ സംഭവിച്ചിരിക്കാനുള്ള സാധ്യത നമുക്ക് തള്ളിക്കളയാനാവില്ല.

മലബാർ പ്രദേശം മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നതിനാൽ ചലച്ചിത്രയന്ത്രം അവിടെ ആദ്യമെത്തിയിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് മേൽപ്പറഞ്ഞ മുഖപ്രസംഗത്തിൽ സൂചിപ്പിക്കുന്ന പ്രദർശനം ഒറ്റപ്പെട്ട ഒരു സംഭവമാകാനാണ് സാധ്യത.

പൊതുപ്രദർശനങ്ങൾ അതായത് ടിക്കറ്റുവെച്ച് പൊതുസ്ഥലത്ത് പൊതുജനങ്ങൾക്കായി നടത്തുന്നത് തുടർച്ചയായും വ്യാപകമായും നടന്നിരിക്കാവുന്നത് സാമിക്കണ്ണ് വിൻസന്റും വെങ്കയ്യ നായിഡു പോലുള്ളവർ ഈ രംഗത്ത് സജീവമായതിന്‌ ശേഷമായിരിക്കാനാണ് സാധ്യത.

എന്തെന്നാൽ അവരാണ് തെന്നിന്ത്യയിൽ വ്യാപകമായി സിനിമകൾ പ്രദർശിപ്പിക്കാൻ തുടങ്ങിയതും ടൂറിങ് ടാക്കീസ് രംഗത്തെ സജീവമാക്കിയതും.

വിജയകൃഷ്ണൻ

വിജയകൃഷ്ണൻ

1906‐09 കാലത്താണ് അവർ ഈ രംഗത്തേക്ക് കടന്നുവരുന്നത് എന്നതുകൊണ്ടും സാമിക്കണ്ണ് വിൻസന്റ്  മധുര, തിരുനെൽവേലി ഭാഗത്ത് (ഒരു ലേഖനത്തിൽ നഗരങ്ങളുടെ ഈ പട്ടികയിൽ തിരുവനന്തപുരവുമുണ്ട്)  1906ൽ പ്രദർശനയാത്രകൾ നടത്തിയിരുന്നു എന്നതുകൊണ്ടും ആ വർഷങ്ങളിലാകാം കേരളത്തിൽ പൊതുസ്ഥലത്തുവെച്ചുള്ള സിനിമാപ്രദർശനം നടന്നിരിക്കാവുന്നത്.

രേഖാപരമായ തെളിവുകൾ ലഭിക്കുന്നതുവരെ ഇതെല്ലാം ഊഹങ്ങളായിത്തന്നെ അവശേഷിക്കുന്നു.

ആദ്യപ്രദർശനം ആർ എപ്പോൾ തുടങ്ങിയ കാര്യങ്ങൾ മാറ്റിവെച്ചാലും

കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് (1871‐1925) ആയിരുന്നു കേരളത്തിലെ ആദ്യത്തെ സിനിമാപ്രദർശകൻ എന്ന കാര്യത്തിൽ തർക്കമുണ്ടാകാനിടയില്ല. 1871 നവംബര്‍ 26 ന് തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ എലുവത്തിങ്കല്‍ വീട്ടിലാണ് വാറുണ്ണി ജോസഫ് ജനിച്ചത്.

കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് (1871‐1925) ആയിരുന്നു കേരളത്തിലെ ആദ്യത്തെ സിനിമാപ്രദർശകൻ എന്ന കാര്യത്തിൽ തർക്കമുണ്ടാകാനിടയില്ല. 1871 നവംബര്‍ 26 ന് തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ എലുവത്തിങ്കല്‍ വീട്ടിലാണ് വാറുണ്ണി ജോസഫ് ജനിച്ചത്. കാട്ടൂരില്‍നിന്ന്‌ വന്നുതാമസിച്ചവരായതുകൊണ്ട് കാട്ടൂക്കാര്‍ എന്നാണ് ആ കുടുംബം അറിയപ്പെട്ടത്. 

1907ലെ തൃശൂര്‍ പൂരം എക്സിബിഷനിൽ അദ്ദേഹത്തിന്റെ ടെന്റിൽ ബയോസ്കോപ് പ്രദർശനം നടന്നു എന്നാണ് സിനിമാചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. “1907ലായിരുന്നു സംഭവം. തൃശൂർ പൂരത്തോടനുബന്ധിച്ച് നിരനിരയായി ഉയർന്ന സ്റ്റാളുകളുടെ ഇടയിൽ ഒരു ടെന്റ്  അതിന്റെ നടുവിലെ തിരശീലയിൽ ഇരുട്ടത്ത് ഒരു ചിത്രം തെളിഞ്ഞു.

വാറുണ്ണി ജോസഫ്

വാറുണ്ണി ജോസഫ്

ഒരു ചെടി വളർന്നുവലുതായി പൂത്തുലയുന്നു. വിദേശത്തുനിന്നും കൊണ്ടുവന്ന ഒരു ബയോസ്കോപ് ഉപയോഗിച്ചാണ് വാറുണ്ണി ഈ ചിത്രം പ്രദർശിപ്പിച്ചത്. അതിന് ഏഴുമിനിറ്റ്‌ ദൈർഘ്യമുണ്ടായിരുന്നു.

ഇന്ത്യൻ സിനിമയുടെ പിതാവായ ഫാൽക്കെയുടെ ചിത്രങ്ങൾപോലും അദ്ദേഹം പ്രദർശിപ്പിച്ചു. ഇങ്ങനെയാണ് ജോസ് ബയോസ്കോപ് എന്ന പേരിൽ കേരളത്തിൽ ആദ്യത്തെ സിനിമാ തിയറ്റർ രൂപം കൊണ്ടത്” (എം വി തോമസ്).

കാട്ടൂക്കാരൻ വാറുണ്ണി എവിടെനിന്ന് ബയോസ്കോപ് വാങ്ങി എന്നത്‌ വ്യക്തമല്ല, പക്ഷേ, അപ്പോഴേക്കും സാമിക്കണ്ണ് ഈ യന്ത്രങ്ങളുടെ വിൽപ്പന ആരംഭിച്ചിരുന്നു എന്നതിനാൽ അദ്ദേഹത്തിൽനിന്ന്‌ വാങ്ങിയിരിക്കാനാണ് സാധ്യത.

'താല്‍ക്കാലിക കൂടാരങ്ങളിലാണ് ജോസഫ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. പെട്രോമാക്‌സ് വിളക്കുകള്‍ കൂടാരത്തില്‍ പ്രകാശം പരത്തി. പ്രദര്‍ശനം തുടങ്ങുമ്പോള്‍ ഈ വിളക്കുകള്‍ പെട്ടിക്കുള്ളില്‍ മറയും. പ്രൊജക്ടറിന്റെ ശബ്ദത്തിനൊപ്പം വിവരണക്കാരന്റെ ശബ്ദം ഉയരും. ഉച്ച ഭാഷിണി ഇല്ലാതെ തന്നെ, എന്നാല്‍ എല്ലാവരും കേള്‍ക്കുമാറുച്ചത്തിലാണ് ഈ വിവരണം.

കേരളത്തിലെ സിനിമാ തിയറ്ററിന്റെ ആദ്യ രൂപമായിരുന്നു വാറുണ്ണി ജോസഫിന്റെ താല്‍ക്കാലിക കൂടാരം. ഇന്നത്തെ അർഥത്തിലുള്ള മുഴുനീള കഥാ ചിത്രങ്ങളൊന്നുമായിരുന്നില്ല അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

പൂ വിരിയുന്നതും കുതിര ഓടുന്നതും തീവണ്ടിയുമെല്ലാം ജീവനുള്ള ചലന ചിത്രങ്ങളായി” (കെ പി ജയകുമാർ). കാട്ടൂര്‍ക്കാരന്‍ വാറുണ്ണി ജോസഫ് ദക്ഷിണേന്ത്യയൊട്ടാകെ തന്റെ ബയോസ്‌കോപ്പുമായി ചുറ്റിക്കറങ്ങി. പിന്നീട് വൈദ്യുതി ജനറേറ്ററുകള്‍ ലഭ്യമായിത്തുടങ്ങിയതോടെ 1913 മുതല്‍ ജോസ് ബയോസ്‌കോപ്, ‘ജോസ് ഇലക്ട്രിക്കല്‍ ബയോസ്‌കോപ്’ ആയി അറിയപ്പെട്ടു.

പ്രദര്‍ശനയാത്രകൾക്കിടെ ഒരിക്കൽ മംഗലാപുരത്തുവെച്ച് പായ്ക്കപ്പലില്‍ യാത്ര ചെയ്യുമ്പോൾ വാറുണ്ണി ജോസഫിന്റെ ബയോസ്‌കോപ്പും ഫിലിമുകളും കടലില്‍ മുങ്ങിപ്പോവുകയുണ്ടായി എങ്കിലും അദ്ദേഹം വീണ്ടും ഈ രംഗത്തുതന്നെ തുടർന്നു:

രണ്ടു പങ്കാളികളെക്കൂടി ചേര്‍ത്ത് റോയല്‍ എക്‌സിബിറ്റേഴ്‌സ് എന്ന പേരിൽ പുതിയൊരു പ്രദര്‍ശന സംരംഭം തുടങ്ങി. മലയാളത്തിലെ ആദ്യത്തെ പ്രദര്‍ശന കമ്പനിയായിരുന്നു റോയല്‍ എക്‌സിബിറ്റേഴ്‌സ്. “മലയാളിയുടെ ചലച്ചിത്രപ്രദർശനത്തിന്റെയും കാണലിന്റെയും ചരിത്രത്തിൽ വ്യക്തമായി തിരിച്ചറിയാവുന്ന ആദ്യ കഥാപുരുഷനായ ജോസഫ് പിന്നീട് ജോസ് മൂവീസ്, ബേബീസ് ഇലക്ട്രിക്കൽ സിനിമ എന്നീ സഞ്ചരിക്കുന്ന സിനിമകളും സ്ഥാപിച്ചു” (പി കെ രാജശേഖരൻ).

അദ്ദേഹത്തിന്റെ മകൻ കെ ജെ ദേവസ്സിയാണ് കേരളത്തിലെ ആദ്യത്തെ സ്ഥിരം സിനിമാശാലകളിലൊന്നായ ജോസ് തിയറ്റർ തൃശൂർ നഗരത്തിൽ സ്ഥാപിച്ചത്.

തൃശൂരിലെ പഴയ ജോസ്‌ തിയറ്റർ

തൃശൂരിലെ പഴയ ജോസ്‌ തിയറ്റർ


ഒരു വ്യവസായ സംരംഭകനായിരുന്ന വാറുണ്ണി ജോസഫിന് സിനിമാപ്രദർശനം എന്നത് അദ്ദേഹത്തിന്റെ മറ്റുപല സംരംഭങ്ങളിലും പെട്ട ഒന്നുമാത്രമായിരുന്നു.

1930കളിൽ തൃശൂരിലെ പല വ്യവസായപ്രമാണികളും ടൂറിങ്  ടാക്കീസിൽ നിക്ഷേപമുള്ളവരായിരുന്നു.

“ചിറ്റിലപ്പിള്ളി കുഞ്ഞാപ്പു അന്തോണി ഡേവിസ്, കെ ജെ വാറു, കിണറ്റിങ്കൽ പൊറിഞ്ചു ചാക്കുണ്ണി, കാഞ്ഞിരപ്പറമ്പിൽ ചാക്കപ്പൻ കൊച്ചൗസേപ്പ്, ചാക്കപ്പൻ ചാക്കുണ്ണി, ചാക്കുണ്ണി ഔസേഫ്, കെ കെ ഫ്രാൻസിസ്, കാട്ടൂക്കാരൻ ജോസഫ് ദേവസ്സി, കാട്ടൂക്കാരൻ ദേവസ്സി പോൾ തുടങ്ങിയവരിൽ പലരും 1950കൾ വരെ ടൂറിങ് സിനിമാടെന്റുകളുമായി ദക്ഷിണേന്ത്യ മുഴുവൻ സഞ്ചരിച്ചവരാണ്.

അക്കാലത്തെ ചില വിശേഷാൽ പ്രതികളിൽ വ്യാപാരപ്രമുഖരുടെ ചിത്രങ്ങൾക്കൊപ്പം ഇവരിൽ പലരുടെയും ചിത്രങ്ങൾ കാണാം. സിനി പ്രൊഡ്യൂസർ എന്ന നിലയിലാണ് ഇവരെ ആ ചിത്രങ്ങൾക്കുതാഴെ പരിചയപ്പെടുത്തുന്നത്.

അക്കാലത്തുതന്നെ തൃശൂരിൽ വേരാഴ്‌ത്തിയിരുന്ന ‘കുറി' അഥവാ ‘ചിട്ടി' എന്ന പണമിടപാട് സംവിധാനം. നിരവധി ചിട്ടിക്കമ്പനികളുടെ ഡയറക്ടർമാർ ഈ ടൂറിങ് സിനിമ ഉടമകളായിരുന്നു.

അവരുടെ വാർഷിക പൊതുയോഗ സുവനീറുകളിലും മറ്റും കൊടുത്തിട്ടുള്ള ഇവരുടെ ചിത്രങ്ങൾക്കുകീഴെയും രേഖപ്പെടുത്തിയിട്ടുള്ളത് ‘സിനി പ്രൊഡ്യൂസർമാർ’ എന്നാണ്.

കൊച്ചിൻ ഗസറ്റിയറിലും ഇവരെപ്പറ്റിയുള്ള പരാമർശം മേൽ രീതിയിൽ തന്നെ. പിന്നീട് കേരളത്തിൽ ഇന്നുകാണുന്ന തരത്തിലുള്ള സ്ഥിരം തിയറ്ററുകളിൽ ആദ്യത്തേതായ ജോസ് തിയറ്ററും (1931ൽ) പിറ്റെക്കൊല്ലം തന്നെ  രാമവർമ്മ (പിന്നീട്‌ സ്വപ്ന) തിയറ്ററും സ്ഥാപിക്കപ്പെട്ടതും (1932ൽ) തൃശൂരിലാണ്.  1927‐28 ലെ ഇന്ത്യൻ സിനിമറ്റോഗ്രാഫ് കമ്മിറ്റി റിപ്പോർട്ടിൽ തിരുവിതാംകൂറിൽനിന്നും  മലബാറിൽനിന്നുമുള്ള രണ്ടുപേരുമായുള്ള അഭിമുഖങ്ങളുണ്ട്.

ഈ പ്രദേശങ്ങളിലെ തിയറ്ററുകളെയും സിനിമകളെയും ടൂറിങ് ടാക്കീസുകളെയും കാഴ്ചക്കാരെയുമൊക്കെക്കുറിച്ച് അവർ നടത്തിയ പരാമർശങ്ങൾ വളരെ കൗതുകകരവും വിജ്ഞാനപ്രദവുമാണ്. അതിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ:

പ്രൊഫ കെ എൽ മോഡ്ഗിൽ, മഹാരാജാസ് കോളേജ് ഓഫ് സയൻസ്, തിരുവനന്തപുരം നൽകിയ മൊഴി (12 ജനുവരി 1928)
ചോദ്യം: അവിടെ ഇപ്പോൾ സിനിമ (തിയറ്റർ) ഉണ്ടോ?
ഉത്തരം: ഇപ്പോഴുണ്ട്
ചോ: എത്രകാലമായിട്ടുണ്ട്?
ഉ: കഴിഞ്ഞ അഞ്ചോ ആറോ വർഷമായിട്ട്. ഇവിടെ ഒരു സിനിമയാണുള്ളത്, അതും പലവട്ടം കൈമാറിയതാണ്. കഴിഞ്ഞ നാലഞ്ചുവർഷത്തിനിടയിൽ രണ്ടോ മൂന്നോവട്ടം അതിന്റെ ഉടമസ്ഥത മാറുകയുണ്ടായി. ഇവിടെ ഇടയ്ക്കിടെ വന്നുപോകുന്ന ടൂറിങ്‌ സിനിമകളുമുണ്ട്.
ചോ: എന്തുതരം സിനിമകളാണ് അവിടെ പ്രദർശിപ്പിക്കുന്നത്?
ഉ: ഇവിടെ ധാരാളം വിദ്യാർഥികളുള്ളതിനാൽ സിനിമകൾ അവരെയാണ് കൂടുതലും ലക്ഷ്യം വെക്കുന്നത്. പക്ഷേ, ഉത്സവങ്ങളും മറ്റുമുള്ളപ്പോൾ മതപരമായ ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്‌.  അതിന് വലിയ ആൾക്കൂട്ടവും തടിച്ചുകൂടാറുണ്ട്. ഇന്ത്യൻ സിനിമകൾക്ക് നല്ല ലാഭമാണ്: പക്ഷേ, വിദ്യാർഥികൾ കൂടുതലും പാശ്ചാത്യ ചിത്രങ്ങൾ പോയിക്കാണാനാണ് താല്പര്യപ്പെടുന്നത്.
ചോ: നിങ്ങളുടെ പരിസരത്തുനിന്നുള്ള നിങ്ങളുടേതായ ചിത്രങ്ങൾ നിർമിക്കാത്തതെന്തുകൊണ്ടാണ്? നിങ്ങളുടെ ഭരണകൂടത്തിന് അതുചെയ്തുകൂടെ? ധാരാളം വിദ്യാഭ്യാസമുള്ള യുവതീയുവാക്കൾ  ഉണ്ടെന്നാണല്ലോ അറിവ്?
ഉ: സ്വാഭാവികമായും ഞങ്ങൾ ആ ദൗത്യം ഏറ്റെടുക്കേണ്ടതാണ്.
ചോ: നിങ്ങളുടെ അറിവിൽ അവർ അഭിനയിക്കാനായി മുന്നോട്ടുവരുമെന്ന് കരുതുന്നുണ്ടോ?
ഉ: ഉവ്വ്. മറ്റെവിടുത്തെക്കാളുമധികം അഭിനയ രുചിയും കഴിവുമുള്ളവരെ മലബാറിലാണ് ഞാൻ കണ്ടിട്ടുള്ളത്. അവർ അതിൽ അസാമാന്യമായ കഴിവുള്ളവരാണ്.
ചോ: പശ്ചിമതീരത്ത് (സിനിമാ) നിർമാണത്തിനുള്ള ശ്രമങ്ങൾ ഏതെങ്കിലും ഉണ്ടായിട്ടുണ്ടോ?
ഉ: എന്റെ അറിവിൽ ഇല്ല.
ചോ: നിങ്ങൾ ഏതെങ്കിലും ഇന്ത്യൻ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ?
ഉ: പലതും കണ്ടിട്ടുണ്ട്, പ്രധാനമായും തിരുവനന്തപുരത്തുവെച്ചുതന്നെ.
ചോ: അത് ഇവിടത്തുകാർക്ക് ഇഷ്ടപ്പെടുന്നുണ്ടോ?
ഉ: അഭിനയത്തിന്റെ കാര്യത്തിൽ പിഴവുകൾ കണ്ടെത്തുന്നതിനാൽ വിദ്യാർഥികൾക്ക് അവയിൽ പ്രത്യേകതാൽപ്പര്യമില്ല. പല രംഗങ്ങൾക്കും പിന്നിലെ താൽപ്പര്യം അവർക്ക് അത്ര ബോധ്യപ്പെടുന്നില്ല. മതവിശ്വാസികളും യാഥാസ്ഥിതികരുമായ ജനങ്ങൾ മാത്രമേ അത്തരം ചിത്രങ്ങൾക്ക്‌ പോകാറുള്ളൂ. വിദ്യാർഥികൾക്ക്‌ കൂടുതൽ താൽപ്പര്യം മറ്റു സിനിമകൾ കാണാനാണ്.
ചോ: നിങ്ങൾ ഒരു ദ്വിഭാഷിയെക്കുറിച്ച്‌ പറഞ്ഞു, സിനിമകൾ വിശദീകരിക്കുന്ന ആളെപ്പറ്റി?
ഉ: അതെ, അയാൾ ടൈറ്റിലുകൾ വിവർത്തനം ചെയ്യുകയും ഇടയ്‌ക്ക് ചില വിശദീകരണങ്ങൾ നൽകുകയും ചെയ്യും.

യു ബി രമേഷ് റാവു, റെപ്രെസെന്റേറ്റീവ്, രാധാ പിക്ചർ പാലസ്, കാലിക്കറ്റ്, ചോദ്യാവലിയ്ക്ക് നൽകിയ മറുപടിയിൽനിന്നുള്ള ചില ഭാഗങ്ങൾ:
മദ്രാസ് പ്രസിഡൻസിയിലെ എന്റെ അനുഭവപ്രകാരം സ്ഥിരമായി സിനിമ കാണുന്നവർ ഏറ്റവുമധികമുള്ളത് വിദ്യാഭ്യാസമുള്ള മധ്യവർഗത്തിനിടയിലാണ്.

നിരക്ഷരർ ഇംഗ്ലീഷ് ചിത്രങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ചിത്രങ്ങൾ കൂടുതൽ താൽപ്പര്യപ്പെടുന്നത് അതിലെ പേരുകളും ഇതിവൃത്തങ്ങളും അവർക്ക് കൂടുതൽ എളുപ്പം മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുന്നതിനാലാണ്. മുമ്പ് പാശ്ചാത്യചിത്രങ്ങളിലെ സ്തോഭജനകമായ സംഘട്ടനരംഗങ്ങൾ വളരെ ജനപ്രീതി നേടിയിരുന്നു എങ്കിൽ ജനങ്ങൾക്കിടയിൽ ഇപ്പോഴത് കുറഞ്ഞുവരികയാണ്. അതിനുകാരണം മൊത്തത്തിൽ ആൾക്കാർ ഇന്ന് കൂടുതൽ ഇഷ്ടപ്പെടുന്നത് സാധാരണ വികാരങ്ങളും, ജീവിതത്തിലെ ഗതിവിഗതികളും അവതരിപ്പിക്കുന്ന ചെറുകഥകളെയാണ്’ (442).

ഇന്ത്യയിൽ നിർമിച്ച ഐതിഹ്യപുരാണചരിത്ര കഥകൾക്കായിരുന്നു തുടക്കത്തിൽ ഏറ്റവും പ്രചാരം.

ദാദ സാഹിബ്‌ ഫാൽക്കെ

ദാദ സാഹിബ്‌ ഫാൽക്കെ

അത്ഭുതകരമായ രീതിയിൽ ജനപ്രീതിയിൽ എല്ലാ റെക്കോർഡുകളും ഭേദിച്ച ഫാൽക്കെയുടെ കൃഷ്ണജന്മം തന്നെയാണ് അതിനൊരു ഉദാഹരണം. പക്ഷേ, ഇപ്പോൾ ഇത്തരം ചിത്രങ്ങൾക്ക് പണ്ടത്തെപ്പോലെയുള്ള ആകർഷണമില്ല, എന്തെന്നാൽ ജനങ്ങൾക്ക് പൊതുവെ സിനിമയോട്  പുലർത്തിയിരുന്ന രുചിശീലങ്ങൾ മുമ്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് ഇന്നു മാറിയിരിക്കുന്നു. ഇന്ത്യൻ നോവലിസ്റ്റുകളുടെ കഥകളെ ചിത്രീകരിക്കുന്ന സാമൂഹ്യചിത്രങ്ങൾ ഇന്ന്‌ കൂണൂപോലെ വളരുന്നതിനുള്ള വിശദീകരണവും ഒരുപക്ഷേ അതാണ്.

ഇതിനുവിരുദ്ധമായി എല്ലാത്തരം ആൾക്കാരെയും വിദ്യാഭ്യാസമുള്ളവരെയും അല്ലാത്തവരെയും, നഗരവാസികളെയും അല്ലാത്തവരെയും ആകർഷിച്ച ചില മികച്ച അമേരിക്കൻ ചിത്രങ്ങളുമുണ്ട്: ഡഗ്ലസ് ഫെയർബാങ്ക്സിന്റെ ദ തീഫ് ഓഫ് ബാഗ്ദാദ് സമീപകാല ഇന്ത്യൻ പ്രേക്ഷകരെ സംബന്ധിച്ച സിനിമാചരിത്രത്തിലെ എല്ലാ റെക്കോർഡുകളും ഭേദിച്ച ഒരു ചിത്രമാണ്.

ചെറിയ മുനിസിപ്പൽ പട്ടണങ്ങളിൽ മാത്രമാണ് കൃഷ്ണജന്മ, സാവിത്രി, കാളിയമർദ്ദൻ, ഹരിശ്ചന്ദ്ര, ലങ്കാദഹനം പോലുള്ള പുരാണചിത്രങ്ങൾ ആസ്വദിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയൊട്ടാകെയുള്ള വൈവിധ്യവും ഒരു വലിയ തടസ്സമാണ്. ഉദാഹരണത്തിന് ബോംബെ ചിത്രങ്ങൾ മദ്രാസിൽ ഇഷ്ടപ്പെടുന്നില്ല, അതുപോലെ ബംഗാൾ ചിത്രങ്ങൾ ബോംബെയിലും’

12 ജനുവരി 1928ൽ രമേഷ് റാവു, രാധാ പിക്ചർ പാലസ്, കാലിക്കറ്റ് നൽകിയ മൊഴി:

ചോദ്യം: പശ്ചിമതീരത്തിലേക്ക് പോകുന്ന ട്രാവലിങ് സിനിമകൾ ധാരാളമുണ്ടോ?
ഉത്തരം: ഉണ്ട്, ചിലപ്പോൾ.
ചോ: എവിടുന്നാണ് അവർക്ക് ചിത്രങ്ങൾ ലഭിക്കുന്നത്?
ഉ: ട്രാവലിങ് സിനിമകൾക്ക് അവരുടെ സ്വന്തം സിനിമകളുണ്ട്. അമേരിക്കൻ സീരിയലുകൾ, ഒന്നോ രണ്ടോ കഥാചിത്രങ്ങൾ.  ചില ഇന്ത്യൻ ചിത്രങ്ങൾ അവർക്ക് മദ്രാസിൽനിന്നും കിട്ടുന്നുണ്ട്.
ചോ: പശ്ചിമതീരത്ത് എത്ര തിയറ്ററുകളുണ്ട്?
ഉ: കാലിക്കറ്റ്, മംഗളൂരു ഈ രണ്ടിടങ്ങളിലേ ഉള്ളൂ എന്നുതോന്നുന്നു.
ചോ: നിങ്ങൾക്ക് ഒരു തിയറ്റർ കാലിക്കറ്റിലുണ്ട്, നിങ്ങൾ അവിടെ ഇന്ത്യൻ ചിത്രങ്ങൾ പ്രദർശിപ്പിക്കാറില്ലേ?
ഉ: ഇടയ്ക്ക് കാണിക്കാറുണ്ട്, മാസത്തിൽ ഒന്നോ രണ്ടോ.
ചോ: ആകെ എത്രയെണ്ണം പ്രദർശിപ്പിക്കുമ്പോൾ?
ഉ: പത്ത് പരിപാടികൾക്കിടയിൽ. ഒന്നോ രണ്ടോ ഇന്ത്യൻ പരിപാടികൾ, ഒരു സീരിയൽ, പിന്നെ പാശ്ചാത്യ നാടകങ്ങളും  .

റഫറൻസ്

റിപ്പോർട് ഓഫ് ദ ഇന്ത്യൻ സിനിമറ്റോഗ്രാഫ് കമ്മിറ്റി 192728, വോള്യം 3 എം വി തോമസ്, മലയാളസിനിമ പ്രാരംഭത്തിൽ, വിജ്ഞാനകൈരളി 26, 12 ഡിസംബർ 1995
പി കെ രാജശേഖരൻ, സിനിമാ സന്ദർഭങ്ങൾ  സിനിമാശാലയും കേരളീയ പൊതുമണ്ഡലവും, ഡിസിബുക്സ്, 2019
വിജയകൃഷ്ണൻ: മലയാളസിനിമയുടെ കഥ, കേരള സംസ്ഥാന ചലച്ചിത്രവികസന കോർപറേഷൻ, 1987.
ചെറിയാൻ ജോസഫ്, കാഴ്ചയും സംസ്കാരവും, ആദ്യ തൃശൂർ അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവൽ ബുക്, 2004
കെ പി ജയകുമാർ: കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ്: സിനിമ പോലൊരു ജീവിതം, നവംബർ 6, 2012
രാകേഷ് കോന്നി, കേരളത്തെ ആദ്യമായി സിനിമ കാണിച്ച സ്വാമിക്കണ്ണ്, സമകാലിക മലയാളം വാരിക, ഏപ്രിൽ 18, 2014.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top