24 April Wednesday

'ബി 32 മുതൽ ബി 44 വരെ’... സിനിമയുടെ പെൺ പുതുവഴികൾ

എം എം നാരായണൻ/ജി പി രാമചന്ദ്രന്‍Updated: Thursday May 4, 2023

ബി 32 മുതൽ ബി 44 വരെ സിനിമയിൽ നിന്ന്‌

ഇടതുപക്ഷസർക്കാരും കെഎസ്എഫ്‌ഡിസിയും സിനിമാമേഖലയിൽ സ്‌ത്രീ പ്രതിഭകളുടെ സർഗസാന്നിധ്യം ഉറപ്പുവരുത്താൻ മുന്നോട്ടുവച്ച പദ്ധതികളുടെ സാഫല്യം കൂടിയായി ശ്രുതി ശരണ്യം സംവിധാനം ചെയ്‌ത  'ബി 32 മുതൽ ബി 44 വരെ’ എന്ന സിനിമയെ പരിഗണിക്കേണ്ടതുണ്ട്.

ഇനിയും നിർവചിക്കപ്പെടാത്ത എന്തൊക്കെയോ ചിലത് സർവ ജീവിത രംഗങ്ങളിലും ഇവിടെ സംഭവിക്കുന്നുണ്ട്. ഏതോ വനമുരളിയുടെ പാട്ടുകേട്ട അമ്പാടിയിലെ അജപാലികമാരെപ്പോലെ, ഗുരുജനവചനങ്ങളെ, കുലക്രമങ്ങളെ, തരുണീസഹജമെന്ന് കരുതിവരുന്ന അസ്വാതന്ത്ര്യങ്ങളെ, പാടെ അവഗണിച്ചും, അവർക്കുചുറ്റും ആൺകോയ്‌മ വരച്ചിട്ട ലക്ഷ്‌മണ രേഖകളെ അതിലംഘിച്ചും, മലയാളിപ്പെൺപെരുമയുടെ നിശ്ശബ്‌ദമെങ്കിലും നിശ്ചയദൃഢമായ മുന്നേറ്റമാണ് എങ്ങും സംദൃശ്യമാകുന്നത്.

അറിവും അധികാരവും സമ്പത്തുമെന്ന് വിഭജിതമായ മർത്യജീവിതത്തിന്റെ മൂവ്വുലകിലും അനുവാദമില്ലാതെ ഇടിച്ചുകയറിച്ചെന്ന് അവൾ ഇടംപിടിക്കുകയാണ്. എന്നാൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നുണ്ടെന്നത് നേരാണ്. ഒരുകാലത്ത് വിഹിതമായിരുന്ന പുരുഷചാപല്യങ്ങൾ പലതും ഇപ്പോൾ അവിഹിതങ്ങളായി, അതിക്രമങ്ങളായി തിരിച്ചറിയാൻ തുടങ്ങിയതും, മുമ്പില്ലാത്ത സ്‌ത്രീ മുന്നേറ്റങ്ങൾക്കുമുമ്പിൽ പതറിയ പുരുഷാധിപത്യബോധത്തിന്റെ പൊറുതികെട്ട പ്രതികരണങ്ങളായും ഈ കുറ്റകൃത്യങ്ങളെ കാണാവുന്നതാണ്.

 ശ്രുതി ശരണ്യം

ശ്രുതി ശരണ്യം

അയ്യങ്കാളിയും, നാരായണഗുരുവും, വി ടിയും, ഇ എം എസും, ഒ ചന്തുമേനോ നും, കുമാരനാശാനും, പ്രേംജിയും, അന്തർജനവും, വർക്കിയും, ബഷീറും, മാധവിക്കുട്ടിയുമെല്ലാം നമ്മുടെ ചരിത്ര ഭാവനയിലും ഭാവനാചരിത്രത്തിലും വിതച്ച സ്ത്രീവിമുക്തിയുടെ വിത്തുകൾ പട്ടുപോകാതെ പൊട്ടിമുളച്ചുവരുന്നതിനും ഈ കാലം സാക്ഷ്യംവഹിക്കുന്നുണ്ട്. കേരളീയ സ്ത്രീത്വത്തിന്റെ സർവതോമുഖമായ ഈ ഉണർവിനെ അംഗീകരിച്ചും ആദരിച്ചും പിന്തുണച്ചും പോരുന്ന ഇടതുപക്ഷസർക്കാരും കെഎസ്എഫ് ഡിസിയും സിനിമാമേഖലയിൽ സ്ത്രീ പ്രതിഭകളുടെ സർഗസാന്നിധ്യം ഉറപ്പുവരുത്താൻ മുന്നോട്ടുവച്ച പദ്ധതികളുടെ സാഫല്യം കൂടിയായി ശ്രുതി ശരണ്യം സംവിധാനം ചെയ്‌ത  'ബി 32 മുതൽ ബി 44 വരെ’ എന്ന സിനിമയെ പരിഗണിക്കേണ്ടതുണ്ട്.

ശ്രുതിയുടെ ഈ ചലചിത്ര സമീക്ഷ, നമ്മുടെ വിചാര ലോകങ്ങളെയും വികാര മണ്ഡലങ്ങളെയും ആഴത്തിൽ സ്പർശിക്കുകയും അഴിച്ചുപണിയുകയും ചെയ്യാൻ സ്വയം പ്രാപ്‌ത‌‌‌മാണെന്ന് തെളിയിച്ചിരിക്കുന്നു. പെണ്ണിന്റെ മുലകൾ സാഹിത്യത്തിലും സിനിമയിലും, ലൈംഗികത, സദാചാരം, മനഃശാസ്‌ത്രം, മതം‐തുടങ്ങിയ വിവിധങ്ങളായ അറിവിന്റെയും അനുഭവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ആഖ്യാനങ്ങളിലും സൂചകമോ ചിഹ്നമോ പ്രതീകമോ ഒക്കെയായി പ്രത്യക്ഷപ്പെടാറുണ്ട്. മാതൃവക്ഷോജങ്ങൾ മർത്യശിശുവിന്റെ ആദ്യത്തെ പ്രണയഭാജനമാണെന്ന് ഫ്രോയ്ഡിന്റെ വിഖ്യാതമായൊരു നിരീക്ഷണമുണ്ട്. അനുരാഗം വളർത്തുന്നതും അപത്യ വാത്സല്യം ചുരത്തുന്നതുമായ പെൺമുലകളുടെ അവകാശിയാവാനുള്ള പിതാവും പുത്രനും തമ്മിലുള്ള സംഘർഷങ്ങൾ മനുഷ്യന്റെ സങ്കീർണമായ സങ്കൽപ്പങ്ങളിലും വിചിത്രമായ വിശ്വാസങ്ങളിലും പ്രത്യക്ഷമായോ പരോക്ഷമായോ മുഴങ്ങിനിൽക്കുന്നുണ്ട്.

സ്ത്രീയുടെ കൊഴുത്തമേനിയോ മുഴുത്തമാറോ ഇല്ലാത്ത ശിൽപ്പകലയോ, ചിത്രരചനയോ അധികമുണ്ടാകില്ല. കവിതകളിലും കഥകളിലും പലപ്പോഴും പെണ്ണ് ഒരു ശരീരം മാത്രമായോ, ശരീരത്തിന്റെ 'സ്തന നിതംബാദി'കളായ അവയവങ്ങൾമാത്രമായോ ആണ് ദൃശ്യപ്പെടാറുള്ളത്.  നിരൂപകന്മാർ വരിനിന്ന് സ്തുതിച്ചും പൂമൂടിയും വിഗ്രഹവൽക്കരിച്ച എഴുത്തുകാർപോലും, കബന്ധങ്ങൾ കൊത്തിവലിക്കാനെത്തുന്ന കഴുകൻകണ്ണുകൾകൊണ്ടാണ് പെണ്ണിനേയും അവളുടെ മുലകളെയും നോക്കിക്കണ്ടത്.

നെടുനാളായി ഇവിടെ ആരും ചോദിക്കാനും പറയാനുമില്ലാതെ വാഴുന്ന ആ പുരുഷ പരുഷ ഭാവനയുടെ വികൃതമുഖങ്ങളിൽ മുറിവേൽപ്പിക്കുംവിധം മാരകമായ പ്രഹരശേഷിയാണ് ‘ബി 32 മുതൽ ബി 42 വരെ' എന്ന ശ്രുതിയുടെ ഈ ചലച്ചിത്ര സംരംഭം പ്രകടിപ്പിക്കുന്നത്.

നെടുനാളായി ഇവിടെ ആരും ചോദിക്കാനും പറയാനുമില്ലാതെ വാഴുന്ന ആ പുരുഷ പരുഷ ഭാവനയുടെ വികൃതമുഖങ്ങളിൽ മുറിവേൽപ്പിക്കുംവിധം മാരകമായ പ്രഹരശേഷിയാണ് ‘ബി 32 മുതൽ ബി 42 വരെ' എന്ന ശ്രുതിയുടെ ഈ ചലച്ചിത്ര സംരംഭം പ്രകടിപ്പിക്കുന്നത്.

അനുക്രമം ഒഴുകിനീങ്ങുന്ന ഈ സിനിമയുടെ ആഖ്യാനത്തോടൊപ്പം സാവേഗം ഒരിക്കൽമാത്രം സഞ്ചരിച്ച ഒരാൾക്ക് ആ ദൃശ്യാനുഭവത്തെക്കുറിച്ച് എന്തെങ്കിലും എഴുതുന്നതിന് ഏറെ പരിമിതികളുണ്ട്. എന്നാൽ കണ്ട മാത്രയിൽ കൈയിലെ കള്ളത്താക്കോൽകൊണ്ട് ഹൃദയവാതിൽ തുറന്ന് ഉള്ളിൽ കടന്നിരിക്കുന്ന ഈ മനോഹര കലാസൃഷ്ടിയെക്കുറിച്ച് സമഗ്രമോ സമർഥമോ ഒന്നും അല്ലെങ്കിലും മൗനം ഭജിക്കുന്നത് ഒരു കുറ്റകൃത്യമാണെന്ന് ഞാൻ കരുതുന്നു. തൊലിയുടെ നിറം നോക്കി മനുഷ്യനെ വേർതിരിക്കുന്ന വർണ വിവേചനത്തിന്റെ പ്രത്യയശാസ്ത്രംപോലെ, സ്ത്രീയെ അവളുടെ ഒരവയവത്തിന്റെ പേരിൽ അടയാളപ്പെടുത്തിവരുന്ന നോട്ടപ്പാടുകളെ പ്രശ്നവൽക്കരിക്കുകയാണ് ഈ സിനിമ ചെയ്യുന്നത്. ‘ട്രാൻസ്മാൻ' ആയ ‘സിയ', മുലമറച്ചുവെക്കാൻ പാടുപെടുമ്പോൾ, അർബുദം ബാധിച്ച് മുലമുറിച്ചുമാറ്റിയ ‘മാലിനി'ക്ക് തന്റെ കൂട്ടുകാരന്റെ മുന്നിൽപ്പോ ലും അസ്തിത്വപ്രതിസന്ധി നേരിടുന്നുണ്ട്.

ഒരാൾ മുലയുള്ളതുകൊണ്ടുമാത്രം സ്ത്രീയായി തുടരുകയും, മറ്റൊരാൾക്ക് മുലനഷ്ടപ്പെടുന്നതോടെ സ്ത്രീത്വംതന്നെ നഷ്ടപ്പെടുകയും ചെയ്യുന്ന വിപര്യയത്തിനാണ് സിനിമ അടിവരയിടുന്നത്. ‘ഇമാന്' മുലക്ക് മുഴുപ്പില്ലാത്തതുകൊണ്ട് ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ റിസപ്‌ഷനിസ്റ്റിന്റെ ജോലിയാണ് നഷ്ടമാവുന്നത്. അനാവശ്യമായി തന്റെ മാറിലേക്കിഴഞ്ഞുവരുന്ന പുരുഷ സ്പർശത്തെ കോപത്തോടെ തട്ടിമാറ്റിയ ‘റെയ്ച്ചൽ', അത് അത്രവലിയ തെറ്റാണെന്ന് തോന്നാത്ത കാമുകനെ സാവജ്ഞം തിരസ്കരിക്കുന്നു.

ഏതോ കൗമാര പ്രണയത്തിന്റെ ബാക്കി പത്രംപോലെ ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത പ്ലസ്ടു വിദ്യാർഥിനി ‘നിധി' താൻ നൊന്തുപെറ്റ കുഞ്ഞിനോടുള്ള അനാവിഷ്കൃതമായ സ്നേഹരസം മാറിടത്തിൽ നിറഞ്ഞുവിങ്ങുന്നതിന്റെ വേദനമുഴുവൻ ഏറ്റുവാങ്ങുന്നു. സിനിമയുടെ പ്രഥമ പർവങ്ങളിൽ ഇങ്ങനെ ദുഃഖത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടുകഴിയുന്ന ഈ സ്ത്രീകൾ, ആഖ്യാനം പുരോഗമിക്കുമ്പോൾ പരസ്പരത്തിന്റെ ഒരു  പാലം പണിയുകയും അന്യോ ന്യം പിന്തുണച്ചും പങ്കുവച്ചും വളരുന്ന അവരുടെ കൂട്ടായ്മ സമുജ്വലമായ സമരസാഹോദര്യമായി, സ്ത്രീവർഗഐക്യമായി വികസിക്കുകയും ചെയ്യുന്നു.

പലതലകൾ യോജിച്ചാലും മുലകൾക്ക് ഐക്യപ്പെടുക അസാധ്യമെന്ന് പഴഞ്ചൊല്ലുകൾ ഘോഷിക്കുന്നു. രണ്ട് കളത്രങ്ങൾ ഉണ്ടാക്കിവയ്ക്കുന്ന തണ്ടുതപ്പികളെ നമുക്ക് വെറുതെ വിടാം. എന്നാൽ അമ്മയും ഭാര്യയും തമ്മിൽ, പെങ്ങളും ഭാര്യയും തമ്മിൽ, സഹോദരഭാര്യമാർ തമ്മിലുമെല്ലാമുള്ള ശീതസമരങ്ങളും പിണക്കങ്ങളും വഴക്കുകളും ഏറ്റുമുട്ടലുകളും ചിത്രീകരിച്ചില്ലെങ്കിൽ സീരിയലുകളുടെയും ഒട്ടുമിക്ക സിനിമകളുടെയും വ്യാപാര വ്യവസായ ശാലകൾക്ക് താഴുവീഴുമായിരുന്നു! തന്റെ സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെ, ശ്രുതി, ദീർഘമായ ഈ ആഖ്യാന പാരമ്പര്യംകൊണ്ടുനടന്ന പെൺസങ്കൽപ്പങ്ങളുടെ വിചാരമാതൃകകളിൽനിന്നെല്ലാം ബോധപൂർവം വ്യതിചലിച്ചുകൊണ്ടാണ് പരിചരിക്കുന്നത്.

ഭർതൃമതം അവഗണിച്ചുകൊണ്ട് വീട്ടുജോലിക്കുവരുന്ന ‘ജയ'യെ സാമ്പത്തികമായി സഹായിക്കുകയും നിധിക്കും കുഞ്ഞിനും അഭയം നൽകുകയും ചെയ്യുന്ന മാലിനിയും, അപമാനിതയായ റെയ്ച്ചലിനെ അതിശക്തമായി പിന്തുണക്കുന്ന ഇമാനും, അവശനായ ഭർത്താവിന്റെ ആവശ്യം കൂടി പരിഗണിച്ച് മോഡലിങ് തൊഴിലായി സ്വീകരിച്ച ജയയെ പരിഹസിക്കാനും പഴിക്കാനും ചില പരിചയക്കാർ മുന്നോട്ട് വന്നപ്പോൾ, ആ തൊഴിൽ സ്വീകരിക്കാൻ അവളെ പ്രേരിപ്പിച്ച ഭർത്താവ് പോലും മുഖം തിരിച്ചപ്പോൾ, അകാരണമായിപ്പോലും വഴക്കുപറയാറുള്ള അവളുടെ അമ്മായിഅമ്മ സ്വയം ജയക്ക് ഒരു കവചമായി മാറുന്നിടത്തുമെല്ലാം മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെക്കുറെ അപരിചിതമായ പെൺകൂട്ടായ്മയുടെ കരുത്തും കാതലുമുള്ള മുഹൂർത്തങ്ങളായി, ഭൂമിയിലെ നിന്ദിതരുടേയും പീഡിതരുടേയും സമരസഖ്യത്തിന്റെ ബൃഹത്കഥയായി ശ്രുതിയുടെ വിനീതമായ ഈ ചലചിത്ര രചനാ സംരംഭം വികസിക്കുന്നുണ്ട്.

മാലിനിയുടെ വേഷം ചെയ്ത രമ്യയെ ഒഴിച്ചു നിർത്തിയാൽ, മറ്റുള്ളവരെല്ലാം പുതുമുഖങ്ങളാണ്. അവർ സ്ക്രീനിൽ നടികളായി അഭിനയിക്കുകയല്ല; കഥാപാത്രങ്ങളായി ജനിക്കുകയും ജീവിക്കുകയുമാണ് ചെയ്യുന്നത്. പാലനാടിന്റെ സുഗമസംഗീതവും, സുദീപ് ഇളമൺ നിർവഹിച്ച ഛായാഗ്രഹണവും, ശ്രുതിയുടെ സംവിധാന ശൈലിക്ക് താളലയങ്ങൾ പകർന്ന് ഇഴചേർന്നും ഇണങ്ങിയും സഞ്ചരിച്ച് ഒരു സമഗ്ര സൗന്ദര്യാനുഭവമായി ഈ ചലച്ചിത്രാനുഭവത്തെ മാറ്റുന്നുണ്ട്. ആദ്യമൊക്കെ ഒറ്റ, ഒറ്റയായി കാണുന്ന ആകുലികളുടെ ഈ കഥ, ഒരേകജീവിതാനശ്വരഗാനമായി കോർത്തുകെട്ടിയപ്പോൾ, വാഴ്ത്തപ്പെടേണ്ട കലാവൈഭവവും കരവിരുതുമാണ് ശ്രുതി പ്രകടിപ്പിച്ചത്.

പുരുഷനയന ഭോഗവസ്തുവായി, പെണ്മയുടെ കൊടിയടയാളമായി, നമ്മുടെ ചലച്ചിത്ര ചരിത്രം സ്ഥാനപ്പെടുത്തിയ പെണ്ണിന്റെ ഒരവയവത്തെ, നേരേ വിപരീതദിശയിലേക്ക് തൊടുത്തുവിട്ട ശരനിശിതമായ ഒരു പ്രമേയത്തിന്റെ ആത്മതേജസ്സുമുഴുവൻ ആവാഹിച്ച മഹാരൂപകമായി പുനർനിർമിച്ചപ്പോൾ, മലയാളിയുടെ സൗന്ദര്യബോധത്തോടൊപ്പം രാഷ്ട്രീയ ബോധ്യങ്ങളെയും കലോചിതമായും കാലോചിതമായും ശ്രുതി ശരണ്യം നവീകരിക്കുന്നുണ്ട്.  പലപ്പോഴും വിപരീത സ്ഥാനങ്ങളിൽ വിന്യസ്തമായ വർഗ‐ലിംഗ പ്രശ്നങ്ങൾ, രാഷ്ട്രീയത്തിലെ സ്ഥൂല‐സൂക്ഷ്മ ധാരകൾ, അവിഭാജ്യമായ ഒരേകസത്തയാണെന്നതിന്റെ സത്യവാങ്മൂലമായി ഈ സിനിമ ശിരസ്സുയർത്തി നിൽക്കുന്നു.  ‘ഇന്ദുലേഖ' കൊളുത്തിവച്ച വെളിച്ചത്തിലാണ് പിന്നീട് വന്നവർ ‘സ്ത്രീയുടെ മുഖം നോക്കിക്കണ്ട’തെന്ന് തായാട്ട് ശങ്കരൻ എഴുതിയിട്ടുണ്ട്.

സമാനമായി, മലയാള സിനിമാലോകം തുടർച്ചയായി വക്രീകരിച്ച പെൺകാഴ്ചകളെ ‘ബി 32 മുതൽ 44 വരെ' എന്ന ശ്രുതിയുടെ ഈ ധീരനൂതന സർഗസംരംഭം, ഇനിയൊരു പിൻമടക്കത്തിന് പഴുതില്ലാത്തവിധം അപനിർമിക്കുകയും  ചെയ്തിരിക്കുന്നു.

................................................................................................................................................................................................

 ജി പി രാമചന്ദ്രന്‍

ആസക്തിയുടെയും സ്വപ്‌നങ്ങളുടെയും ഇമേജറികളുടെയും അബോധത്തെക്കൂടി ഉള്‍ക്കൊണ്ടതാണ് പുരുഷനെ സംബന്ധിച്ച് ഓരോ സ്ത്രീ ശരീരവും. അതായത് സ്ത്രീ ശരീരം അതായി നിലക്കൊള്ളുന്നില്ല; പുരുഷന്റെ ഭാവന, ആസക്തി, സ്വപ്നം, ഇമേജറി, വ്യാഖ്യാനം, എന്നീ പര്യാലോചനകളുടെ കൂടി ഒരു സംഘാതമായിട്ടാണ് അത്‌ യാഥാർഥ്യവും മിഥ്യയുമായി കാണപ്പെടുന്നത്.

ബി 32 മു-തൽ ബി 44 വരെ സിനിമയിൽനിന്ന്‌ ഒരു രംഗം

ബി 32 മു-തൽ ബി 44 വരെ സിനിമയിൽനിന്ന്‌ ഒരു രംഗം

ആണുങ്ങൾക്കും പെണ്ണുങ്ങൾക്കുമുള്ള അവയവങ്ങളാണ് മുലകൾ. എന്നാൽ; വലുപ്പം, മാംസളത, ശാരീരികോപയോഗം, പരികൽപ്പന എന്നീ നിലകളിലും അവസ്ഥകളിലും ആൺ മുലകളും പെൺ മുലകളും രണ്ടായി സങ്കൽപ്പിക്കപ്പെട്ടും പരിചരിക്കപ്പെട്ടും വരുന്നു. ശരീരവും ശാരീരികാവയവങ്ങളും ഭാഷയ്ക്കകത്തും വ്യവഹാരങ്ങള്‍ക്കകത്തും പ്രവര്‍ത്തിക്കുന്നതോടൊപ്പം, ശരീരങ്ങള്‍ക്കും ശാരീരികാവയവങ്ങള്‍ക്കും അവയുടേതായ ഭാഷയും വ്യവഹാരങ്ങളുമുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്.

മുലകളെ വലയം ചെയ്തുനിൽക്കുന്ന ചില കാഴ്ചപ്പാടുകളെ തുറന്നു കാട്ടിക്കൊണ്ട്, ശരീരത്തിന്റെയും ലിംഗപരതയുടെയും സമകാലികവും ചരിത്രപരവുമായ രാഷ്ട്രീയമാണ് ബി 32 മുതൽ 44 വരെ എന്ന സിനിമയിൽ സംവിധായക ശ്രുതി ശരണ്യം ചർച്ച ചെയ്യുന്നത്. കേരള സര്‍ക്കാര്‍, സ്ത്രീ ശാക്തീകരണത്തിനായി നിർമാണച്ചെലവ് നല്‍കി പൂര്‍ത്തിയാക്കിയ മൂന്നാമത്തെ സിനിമയാണ് ബി 32 മുതല്‍ 44 വരെ. മലയാള സിനിമയില്‍ ഈ പ്രമേയം ഇത്ര വ്യക്തമായി ഇതിനുമുമ്പ് ഉന്നയിക്കപ്പെട്ടിട്ടില്ല. കെ ജി ജോർജിന്റെ ആദാമിന്റെ വാരിയെല്ലില്‍ വ്യത്യസ്ത വര്‍ഗനിലകളിലുള്ള സ്ത്രീകളുടെ അവസ്ഥകളും അതിജീവനങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍, മുലയെന്ന ഏറ്റവുമധികം കാണപ്പെടുന്നതും നോക്കപ്പെടുന്നതുമായ സ്‌ത്രൈണാവയവത്തെ മുന്‍നിര്‍ത്തി ആറു സ്ത്രീകളുടെ അവസ്ഥകളും അതിജീവനങ്ങളുമാണ് ബി 32 മുതല്‍ 44 വരെയില്‍ അന്വേഷിക്കുന്നത് എന്ന കാര്യമാണ് പ്രധാനം.

മുലകളെക്കുറിച്ച്, ദാമ്പത്യത്തിനകത്തും പുറത്തുമുള്ള ആൺ വിചാരങ്ങൾ വ്യക്ത്യാധിഷ്ഠിതവും മുതലാളിത്ത വര്‍ഗവീക്ഷണത്തോടു കൂടിയതും പവിത്ര കുടുംബ സദാചാര സങ്കൽപ്പത്തെ പുനര്‍നിർമിക്കുന്നതും ലൈംഗികാക്രമണോത്സുകവുമെല്ലാമാണ്‌. കേരളത്തിന്റെ സവിശേഷ സൂക്ഷ്മ പരിസരത്തില്‍ ഇക്കാര്യം എങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നതും സാധൂകരിക്കപ്പെടുന്നതും എന്നാണ് സിനിമ അന്വേഷിക്കുന്നത്.

സ്ത്രീശരീരത്തെ ജീവനുള്ള ഒരു സെക്‌സ് ടോയ് എന്ന നിലയ്ക്കാണ് ആൺവിചാരങ്ങളും ആണ്‍കാഴ്ചകളും ഭാവന ചെയ്യുന്നതും പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളതും. പ്രത്യുൽപ്പാദനധർമങ്ങളെന്ന നിലയില്‍; ഗര്‍ഭധാരണം, പ്രസവം, കുട്ടികളെ പരിപാലിക്കലും വളര്‍ത്തലും, എന്നിവയെല്ലാം സ്ത്രീശരീരം പുരുഷശരീരത്തിന്റെ സഹായത്തോടെ നിർവഹിക്കുമെന്നത് ജീവശാസ്ത്രപരമായ ഒരറിവ് മാത്രമാണ്. എന്നാല്‍, ലൈംഗികശരീരം എന്ന നിലയില്‍ സ്ത്രീയെ അധികാരം എങ്ങനെയാണ് ഭാവന ചെയ്യുന്നതും പരിചരിക്കുന്നതും എന്നതാണ് പ്രശ്‌നം. ആസക്തിയുടെയും സ്വപ്‌നങ്ങളുടെയും ഇമേജറികളുടെയും അബോധത്തെക്കൂടി ഉള്‍ക്കൊണ്ടതാണ് പുരുഷനെ സംബന്ധിച്ച് ഓരോ സ്ത്രീ ശരീരവും.

അതായത് സ്ത്രീ ശരീരം അതായി നിലക്കൊള്ളുന്നില്ല; പുരുഷന്റെ ഭാവന, ആസക്തി, സ്വപ്നം, ഇമേജറി, വ്യാഖ്യാനം, എന്നീ പര്യാലോചനകളുടെ കൂടി ഒരു സംഘാതമായിട്ടാണ് അത്‌ യാഥാർഥ്യവും മിഥ്യയുമായി കാണപ്പെടുന്നത്. ആണ്‍ ഭാവനകളുടെയും ആസക്തികളുടെയും സ്വപ്‌നങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും ചെറിയ ഒരു ശതമാനം മാത്രമേ, സാമൂഹ്യമായും സാംസ്‌കാരികമായും പ്രത്യക്ഷപ്പെടുന്ന വ്യവഹാരമണ്ഡലത്തില്‍ വെളിപ്പെടുന്നുള്ളൂ. ബഹുഭൂരിഭാഗം ഫാന്റസികളും അബോധത്തില്‍ തന്നെ പ്രവര്‍ത്തിക്കുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു. അടയ്ക്കപ്പെട്ട അല്ലെങ്കില്‍ അപ്രത്യക്ഷമായ ആണ്‍ മനസ്സിനകത്ത് ഉരുവംകൊള്ളുന്ന പെണ്‍ശരീരഭാവനകള്‍ പുറത്താരുമറിയാതെ ചലനോത്സുകമാകുന്നുമുണ്ട്.

ലൈംഗികതയും അധികാരവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ബലതന്ത്രത്തിന്മേലാണ് ഈ ഭാവനകളും യാഥാർഥ്യങ്ങളും പ്രവര്‍ത്തിക്കുന്നത് എന്നതും ജീവിതത്തെ അതിസങ്കീര്‍ണമാക്കുന്നു. സ്ത്രീശരീരത്തിന്റെ ഇമേജറികള്‍ എല്ലാക്കാലത്തും സാംസ്‌കാരിക കൃത്രിമങ്ങളാണ്. എന്നാല്‍ അവയെല്ലാം സഹജവും സ്വാഭാവികവുമാണെന്ന മട്ടിലാണ് നാം സ്വീകരിച്ചു പോന്നത്. ഈ സ്വാഭാവികവൽക്കരണം, എണ്ണമറ്റ സ്ഥിരസങ്കൽപ്പങ്ങളെ (സ്റ്റീരിയോ ടൈപ്പുകളെ) നിർമിക്കുകയും ചെയ്തിട്ടുണ്ട്. സൗന്ദര്യം, വൈകാരികത, സര്‍ഗാത്മകത, കുടുംബോത്തരവാദിത്തങ്ങള്‍, തൊഴിലും തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിലെ വിജയവും എന്നിങ്ങനെ പല കാര്യങ്ങളും സ്ത്രീശരീരത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതായി കാണാം.

ഈ സിനിമയിലെ ഇമാന്‍ എന്ന കഥാപാത്രത്തെ നോക്കുക. മുപ്പത്തിരണ്ട് ആണ് അവളുടെ ബ്രാ സൈസ്. അവള്‍ ജോലി ചെയ്യുന്ന ഹോട്ടല്‍ വ്യവസായത്തില്‍, വലുപ്പം കുറഞ്ഞ മാറിടമുള്ളതുകൊണ്ട് അവള്‍ അവഗണിക്കപ്പെടുന്നു; അല്ലെങ്കില്‍ അര്‍ഹമായ സ്ഥാനക്കയറ്റത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു. ഭീതിജനകമായ ഒരു വിവേചനമാണിവിടെ നടക്കുന്നത്. അധികാരം ഓരോ വ്യക്തിയെയും എപ്രകാരമാണ് ബാധിക്കുന്നത് എന്ന കാര്യം ആ വ്യക്തിക്കുമാത്രമേ വ്യക്തമായി ഉള്‍ക്കൊള്ളാനും പ്രകടിപ്പിക്കാനും പറ്റുകയുള്ളൂ എന്ന യാഥാർഥ്യം ഇവിടെ കൃത്യമായി ഉന്നയിക്കപ്പെടുന്നു.

പല തരം നോട്ടങ്ങള്‍ സ്ത്രീ ശരീരത്തിന്മേലും മുലകള്‍ക്കുമേലും ആണുങ്ങളില്‍നിന്ന് പതിക്കുന്നുണ്ട്. തുറിച്ചു നോട്ടവും ഒളിഞ്ഞു നോട്ടവും ആണതില്‍ പ്രധാനം. ഈ നോട്ടങ്ങള്‍ അധികാരമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുകയും ഒരു വ്യക്തിയുടെ തൊഴില്‍/ദാമ്പത്യ നിയോഗങ്ങള്‍ അവളുടെ ജീവിതാവസാനംവരെ നിര്‍ണയിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇമാന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ തന്നെ അവളുടെ മുലയില്ലായ്മ അല്ലെങ്കില്‍ മുലക്കുറവ് കണ്ട് ഭര്‍ത്താവ് പറയുന്നത് ഇതെന്തൊരു പറ്റിപ്പാണിത് എന്നാണ്.

പ്ലസ് വണ്‍ വിദ്യാർഥിയായ നിധിയ്ക്ക് തന്റെ കുഞ്ഞിനെ മുലയൂട്ടാനാവാതെ, ക്ലാസിനിടയില്‍ പാല്‍ പിഴിഞ്ഞു കളയേണ്ടിവരുന്നു. നിധിയുടെ കുഞ്ഞിന്റെ പിതാവാരാണ് എന്ന സ്ഥിരം ചോദ്യത്തിലേക്ക്‌ സിനിമ സഞ്ചരിക്കുന്നതേ ഇല്ല. അത് നമ്മള്‍ പല സിനിമകളിലായും കഥകളിലായും കൗണ്‍സിലിങ് ക്ലാസുകളിലായും പറഞ്ഞുകഴിഞ്ഞതാണല്ലോ! ആ കുഞ്ഞിന്റെ ജനനവും അസ്ഥിത്വവും നിധിയുടെ വീട്ടിലുണ്ടാക്കുന്ന പേരുദോഷങ്ങളും കുറ്റബോധ-നാട്യങ്ങളും വിലക്കുകളുമാണ് തുറന്നുകാട്ടപ്പെടുന്നത്. കുഞ്ഞിന് നേരിട്ട് മുല കൊടുക്കുന്നതിലൂടെ തന്റെ കുഞ്ഞുമായി അമ്മയ്ക്കുണ്ടാവുന്ന ജൈവബന്ധത്തെ മുറിച്ചുകളയാന്‍ നിധിയുടെ അമ്മ തന്നെ തീരുമാനിക്കുന്നതും അത് നടപ്പില്‍ വരുത്തുന്നതും സമൂഹത്തെ ഭയന്നാണ്. ഈ മുറിച്ചുമാറ്റല്‍ അസഹനീയമായതിനെ തുടര്‍ന്ന് നിധി മാതാപിതാക്കളുമായുള്ള ബന്ധം മുറിച്ചു മാറ്റി, തന്റെ കുഞ്ഞുമൊത്ത് ജീവിക്കുകയും അവരെ മാലിനി സ്വീകരിക്കുകയുമാണ്.

മാലിനിയുടെ പ്രശ്‌നം അര്‍ബുദത്തെ തുടര്‍ന്ന് മുറിച്ചുമാറ്റിയ മാറിടത്തിന്റെ അഭാവത്തില്‍ അവളെ തുടര്‍ന്നും പഴയതുപോലെ ഭാര്യയും ലൈംഗികപങ്കാളിയുമായി സ്വീകരിക്കാനാവാത്ത ഭര്‍ത്താവിന്റെ വിട്ടകലലാണ്. ആദ്യഘട്ടത്തില്‍ ഈ അകല്‍ച്ച അവള്‍ക്ക് അസഹനീയമായിരുന്നെങ്കിലും പിന്നീട് ആ അവസ്ഥ അവള്‍ സ്വീകരിക്കുകയും ആ ഒറ്റപ്പെടലിനെ മറികടക്കാന്‍ നിധിയെയും കുഞ്ഞിനെയും കൂടെ കൂട്ടുകയുമാണ്. സ്‌നേഹത്തിലും സന്തോഷത്തിലും കഴിഞ്ഞ കാലത്ത് കാണാന്‍ കഴിയാതിരുന്ന യാഥാർഥ്യം -ആകര്‍ഷണമില്ലാതാവുന്നതോടെ ഭാര്യയെ ഭര്‍ത്താവിന് വേണ്ടെന്നും അവളെ വെറുമൊരു ലൈംഗിക ശരീരമായിട്ടുമാത്രമാണയാള്‍ കണ്ടിരുന്നതെന്നും- അവള്‍ക്ക് കൃത്യമായി മനസ്സിലാവുന്നു.

ലൈംഗികാകര്‍ഷണം എന്ന പ്രവര്‍ത്തനം, സാമ്പത്തികവും സാംസ്‌കാരികവും ജാതിപരവും മതപരവും ലിംഗപരവുമായ മാനങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നുണ്ട്. എന്നാല്‍, അതിന്റെ ഏറ്റവും പ്രധാനമായ അടിസ്ഥാനം കാഴ്ചയുടെ അധികാരം തന്നെയാണ്.

ലൈംഗികാകര്‍ഷണം എന്ന പ്രവര്‍ത്തനം, സാമ്പത്തികവും സാംസ്‌കാരികവും ജാതിപരവും മതപരവും ലിംഗപരവുമായ മാനങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നുണ്ട്. എന്നാല്‍, അതിന്റെ ഏറ്റവും പ്രധാനമായ അടിസ്ഥാനം കാഴ്ചയുടെ അധികാരം തന്നെയാണ്. നോക്കാന്‍ ആണി‘നധികാര'മുള്ള സ്ത്രീ ശരീരങ്ങളെല്ലാം ഉപഭോഗവസ്തുക്കളായും പരിഗണിക്കപ്പെടുന്നു. ഈ കാഴ്ചാധികാരവാഴ്ചയില്‍, ആണ്‍നോട്ടത്തിന് കീഴ്‌പ്പെടുന്ന അല്ലെങ്കില്‍ ഇരയാക്കപ്പെടുന്ന സ്ത്രീശരീരത്തെ ചരക്ക് എന്നാണ് സാമാന്യമലയാള ഭാഷ നിർവചിക്കുന്നത്. ചരക്ക് എന്ന പദത്തിന് തമിഴില്‍ മദ്യം എന്നാണ് അർഥം. ഈ രണ്ട് അർഥങ്ങളിലും അടങ്ങിയിരിക്കുന്ന ഒരു ഘടകം ലഹരിയുടേതാണ്. അതായത്, സ്ത്രീശരീരം പുരുഷന്റെ ലഹരിക്കായി വിനിയോഗിക്കേണ്ട ചരക്കാണ് എന്നാണ് സാമാന്യമായി സങ്കൽപ്പിക്കപ്പെടുന്നത്.

ബി 32 മു-തൽ ബി 44 വരെ സിനിമയിൽ അശ്വതി ബാബു

ബി 32 മു-തൽ ബി 44 വരെ സിനിമയിൽ അശ്വതി ബാബു

ആണ്‍നോട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ കാഴ്ചാധികാരം മുതലാളിത്തത്തിന്റെ വര്‍ഗനിയമങ്ങള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍; വസ്ത്രം അഥവാ ശരീരത്തെ മറയ്ക്കല്‍ എന്ന പ്രക്രിയ, അശ്ലീലംപോലുള്ള സാധാരണ വിവക്ഷകളില്‍നിന്ന് മാറി ലൈംഗികാകര്‍ഷണത്തെ കൃത്രിമമായി വർധിപ്പിക്കുന്ന ഉപാധിയായി പരിണമിക്കുന്നു. ബ്രേസിയര്‍ അഥവാ ബ്രാ എന്ന പെണ്‍മുലക്കച്ചയുടെ കാര്യത്തിലിത് സ്പഷ്ടമാണ്. നമ്മുടെ സൈസുകള്‍ കമ്പനികളാണ് തീരുമാനിക്കുന്നത് എന്ന വില്‍പ്പനക്കാരിയുടെ പ്രസ്താവന ഇക്കാര്യം ഏറ്റവും ലളിതമായി ഉന്നയിക്കുന്നു.

ബ്രായുടെ പരസ്യത്തിനായി, സാമ്പത്തിക ഗതികേടുകൊണ്ടും ഭര്‍ത്താവിന്റെ സമ്മതപ്രകാരവുമാണ് ജയ മോഡലാകുന്നത്. സമ്മതം കൊടുത്ത ഭര്‍ത്താവ് തന്നെ പിന്നീട് അവളെ തള്ളിപ്പറയുന്നു. കുടുംബത്തിനകത്തുനിന്നുള്ള ഈ തള്ളിപ്പുറത്താക്കല്‍, അരക്ഷിതത്വത്തിലേക്കല്ല അവളെ എത്തിക്കുന്നത്. കൂടുതല്‍ സുരക്ഷിതവും സാമ്പത്തികമായി മെച്ചമുള്ളതുമായ മോഡലിങ് അവള്‍ സ്ഥിരമായി സ്വീകരിക്കുന്നു. അവഗണനകളും അവഹേളനങ്ങളും മറി കടന്ന് സ്ത്രീകള്‍ അതിജീവിക്കുന്നതായുള്ള ഈ ആഖ്യാനങ്ങള്‍ ഒട്ടുംതന്നെ അവിശ്വസനീയമല്ല.

ശ്രീദേവി പി അരവിന്ദ് പറയുന്നതുപോലെ, നോട്ടങ്ങളെ അതിജീവിക്കാനുള്ള ശേഷി സ്ത്രീകള്‍ ആർജിച്ചേ മതിയാകൂ. ഇക്കാര്യമാണ് ബി 32 മുതല്‍ 44 വരെ ഉന്നയിക്കുന്ന പ്രധാനപ്പെട്ട കാര്യം. ആടുകയും ഉലയുകയും ചെയ്താലും മുന്നോട്ടുപോകുന്ന സ്ത്രീകളാണ് ഈ സിനിമയിലെ നായികമാര്‍.
സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവുമായി നടക്കുന്ന റേച്ചലിനെ നോക്കുക. ഓഡിഷന്റെ പേരില്‍ സംവിധായകനാല്‍ അപമാനിക്കപ്പെടുന്ന അവള്‍, സങ്കോചങ്ങള്‍ മാറ്റിവച്ച് പൊലീസില്‍ പരാതിപ്പെടാന്‍ തീരുമാനിക്കുന്നു.

ഹോട്ടലിലെ ജോലി പോയാലും വേണ്ടില്ല എന്ന നിലപാടെടുത്ത് ഇമാനും അവള്‍ക്കൊപ്പം സാക്ഷിയായി ചെല്ലുന്നു. പൊലീസ് സ്‌റ്റേഷനിലും അവര്‍ അപമാനിതരാവുന്നുണ്ട്. എന്നാല്‍, അതിജീവനം അസാധ്യമാകുന്നുമില്ല. മലയാള സിനിമയില്‍ സമീപകാലത്ത് സംഭവിച്ച കടന്നാക്രമണങ്ങളും അതിജീവനങ്ങളും വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ രൂപീകരണവും എല്ലാം ഓർമിപ്പിക്കുന്ന കഥാപാത്രവൽക്കരണമാണ് റേച്ചലിന്റേത്.

ലൈംഗിക വിദ്യാഭ്യാസം ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ശാസ്ത്രീയമായി തുടങ്ങാത്ത കാര്യമാണ്. അശ്ലീലങ്ങളും നീലച്ചിത്രങ്ങളും ഗോസിപ്പുകളും ദ്വയാർഥപ്രയോഗങ്ങളും കൂട്ടുസംസാരങ്ങളുമെല്ലാമാണ് ലൈംഗികവിദ്യാഭ്യാസത്തിന് പകരമായി പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യമാണ് സിനിമയുടെ ആദ്യവും അവസാനവുമുള്ള പരിഹാസ്യരായ ചെക്കന്മാരുടെ പ്രതിനിധാനങ്ങളിലൂടെ ശ്രുതി ശരണ്യം വെളിപ്പെടുത്തുന്നത്. സ്‌കൂളില്‍ പോകുമ്പോള്‍ ലിഫ്റ്റ് തന്ന ട്രാന്‍സ് ജെൻഡറായ സിയയോട് ഞാന്‍ ചേട്ടന്റെ മുലയൊന്ന് പിടിച്ചോട്ടെ എന്ന്‌ ചോദിക്കുന്നതും ക്ലാസില്‍ ലിംഗവ്യത്യാസം എന്താണെന്ന ചോദ്യത്തിന് വിത്ത് ബൂബ്‌സ് ആന്റ് വിത്തൗട്ട് ബൂബ്‌സ് എന്ന് ഉത്തരം നല്‍കുന്നതും കേരള (ആണ്‍) സമൂഹത്തിന്റെ പരിമിതാവസ്ഥയെ കൃത്യമായി തുറന്നു കാട്ടുന്നു.

രമ്യ നമ്പീശന്‍, അനാര്‍ക്കലി മരക്കാര്‍, സറിന്‍ ഷിഹാബ്, അശ്വതി ബാബു, റൈന രാധാകൃഷ്ണന്‍, കൃഷാ കുറുപ്പ്, സജിതാ മഠത്തില്‍, ഹരീഷ് ഉത്തമന്‍, സജിന്‍ ചെറുകയില്‍ എന്നിങ്ങനെ അഭിനേതാക്കളെല്ലാം അവരുടെ റോളുകള്‍ കൃത്യമാക്കി. സംഗീതം നല്‍കിയ സുദീപ് പാലനാടിന്റെയും ഛായാഗ്രഹണം നിർവഹിച്ച സുദീപ് ഇളമണിന്റെയും സംഭാവനകളും എടുത്തുപറയേണ്ടതാണ്.
(റെഫറന്‍സ് : ദ് ബോഡി ഫോര്‍ ബിഗിനേഴ്‌സ് -, ഡാനി കാവല്ലാരോ)

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top