25 April Thursday

ആയിഷ: ചരിത്രവഴിയിലെ കെടാത്ത കനല്‍ത്തരി

ഹരിനാരായണന്‍ എസ് Updated: Thursday Jan 26, 2023

ഹരിനാരായണൻ എസ്‌

ഹരിനാരായണൻ എസ്‌

ഈ ചിത്രവും അതൂന്നിപ്പറഞ്ഞ ജീവിതവും ലിംഗസമത്വത്തിന്റെ സുപ്രധാനമായ ആശയസ്ഥലികളെ അനാവരണം ചെയ്യുന്നുണ്ട്. ഒരു പുരോഗമന സ്വഭാവമുള്ള സമൂഹത്തിന് അതില്‍ നിന്നും പഠിക്കാനേറെയാണ്.ആയിഷ ചരിത്രത്തിന്റെ ചാരം ചികയുകയാണ്. അതില്‍ കെടാത്ത കനല്‍ത്തരികള്‍ ഇപ്പോഴുമുണ്ട്..

ആത്മകഥാംശമുള്ള സിനിമകള്‍ പൊതുവേ നേരിടുന്ന ചില വെല്ലുവിളികളുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തെ ഫോക്കസ് ചെയ്ത് കഥ പറയുമ്പോള്‍ സിനിമ പൂര്‍ണമായും ആ വ്യക്തിയിലേക്ക് ചുരുങ്ങുകയും, ആ കഥാപാത്രത്തിന് ചുറ്റുമുള്ളവര്‍ ആഖ്യാനപരിസരത്ത് നിന്ന് മങ്ങിപ്പോവുകയും ചെയ്യുന്നതാണ് അവയില്‍ ഏറ്റവും പ്രധാനം. ഒരു ബയോപ്പിക്ക് എടുക്കുന്ന വേളയില്‍ സംവിധായകര്‍ പൊതുവേ പിന്തുടരുന്ന രീതികളും ഈ മാതൃകയെ ചുറ്റിപ്പറ്റി സൃഷ്ടിക്കപ്പെട്ടതാണ്. എന്നാല്‍ നിലമ്പൂര്‍ ആയിഷയെന്ന മലബാറിന്റെ ചരിത്രവനിതയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയ 'ആയിഷ' എന്ന സിനിമയിലേക്കെത്തുമ്പോള്‍ ഈ പരമ്പരാഗത രീതിശാസ്ത്രത്തെ കയ്യൊഴിയുന്ന സംവിധായകനെയാണ് കാണാന്‍ സാധിക്കുക.

പരമ്പരാഗതമായ മതമൂല്യ വ്യവഹാരങ്ങളില്‍ കുടുങ്ങിപ്പോയ ഒരു സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചിട്ടും അതിനെ ചെറുത്ത് തോല്‍പ്പിച്ചുകൊണ്ട് പോരാട്ടത്തിന്റെ പുതിയ കനല്‍വഴികള്‍ തുറന്നെടുത്ത ജീവിതമാണ് നിലമ്പൂര്‍ ആയിഷയുടെത്. ഈ സംഭവബഹുലമായ ജീവിതവഴിയിലെ ഒരു സുപ്രധാന ഏടായിരുന്നു കുറച്ചു വര്‍ഷങ്ങള്‍ നീണ്ടുനിന്ന അവരുടെ പ്രവാസ ജീവിതം. ഈ കാലഘട്ടത്തെ അടിസ്ഥാനപ്പെടുത്തി, എന്നാല്‍ സ്വന്തം നാട്ടിലെ വിപ്ലവപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ധാരാളം അവശേഷിപ്പിച്ചാണ് മഞ്ജു വാര്യറെ മുഖ്യകഥാപാത്രമാക്കി സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ ആയിഷ എന്ന ചിത്രം നെയ്‌തെടുത്തിരിക്കുന്നത്.
 


 സൗദിയിലെ ഒരു കൊട്ടാരത്തില്‍ 'ഗദ്ദാമയായി ജോലി ചെയ്യാനെത്തുന്ന ആയിഷയും, ആ സൗദി കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ മാമ എന്ന കഥാപാത്രവുമായി ഉടലെടുക്കുന്ന ഊഷ്മള ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തന്റെ പ്രവാസ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന ആയിഷ, പിന്നീട് സ്വന്തം ഇച്ഛാശക്തി കൊണ്ട് പൊരുതി ജയിക്കുകയാണ്. സ്വന്തം നാട്ടിലെ അധികാരപ്രമാണികളോട് ഒറ്റയ്ക്ക് പൊരുതിയ വ്യക്തി അന്യനാട്ടിലെ അധികാരശ്രേണിയുടെ ഏറ്റവും കീഴ്ത്തട്ടിലെ അംഗമായി അതിജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ അതിമനോഹരമായി മഞ്ജു വാര്യര്‍ അവതരിപ്പിച്ചിട്ടുണ്ട്.
 
എല്ലാ അധികാര സമവാക്യങ്ങള്‍ക്കുമപ്പുറം രണ്ടു വ്യക്തികള്‍ നിര്‍മലമായ സ്‌നേഹത്തിലൂടെ സ്വയം തിരിച്ചറിയുകയാണ്. അവിടെ ഭാഷയും,
സംസ്‌കാരവും, കുടുംബവുമെല്ലാം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു. മനുഷ്യര്‍ പച്ച മനുഷ്യര്‍ മാത്രമായി അടയാളപ്പെടുന്നു. ആയിഷ എന്ന ചിത്രത്തിന്റെ മനോഹാരിതയുടെ കാതല്‍ ഊഷ്മളമായ മനുഷ്യബന്ധങ്ങളുടെ ആഴത്തെ തെല്ലും കലര്‍പ്പില്ലാതെ സ്‌ക്രീനില്‍ പകര്‍ത്തിയെന്നതാണ്. ആ ബന്ധത്തിന്റെ വ്യാപ്തി കൃത്യമായി പറഞ്ഞുറപ്പിക്കാന്‍ യാതൊരു ഗിമ്മിക്കുകളുടെയും സഹായമില്ലാതെ തന്നെ ശ്രമിക്കുന്നിടത്ത് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ തന്റെ ആദ്യ സംരംഭത്തില്‍ കയ്യടി നേടുന്നുണ്ട്.

    പതിമൂന്നാം വയസില്‍ വിവാഹിതയായ ആയിഷയ്ക്ക് ചെറുപ്രായത്തില്‍ തന്നെ അമ്മയാവേണ്ടി വരുന്നുണ്ട്. സ്വന്തം നാട്ടിലെ നിലനില്‍പ്പിനായിത്തുടങ്ങിയ ആ ജീവിതസമരം, പിന്നീട് ലിംഗസമത്വത്തിലൂന്നിയ സാമൂഹിക വിപ്ലവത്തിന്റെ കൊടിയടയാളമായി മാറുകയാണ്. സിനിമയില്‍ പ്രവാസജീവിതം നയിക്കുന്ന ആയിഷയില്‍ നിന്നാണ് കഥ തുടങ്ങുന്നത്. റിയാദില്‍ തന്നെയുള്ള മലയാളികളായ ചിലര്‍ അവരെ തിരിച്ചറിയുകയും തങ്ങളുടെ സ്‌നേഹവും ആരാധനയും പ്രകടിപ്പിക്കുകയുമാണ്. താന്‍ മറക്കാന്‍ ശ്രമിക്കുന്ന ആ പഴയ ജീവിതത്താല്‍ സ്വാധീനിക്കപ്പെട്ട മനുഷ്യരുമായുള്ള കൂടിക്കാഴ്ച ആയിഷയെ ഓര്‍മ്മകളുടെ പ്രവാഹത്തിലെക്ക് നയിക്കുകയാണ്. തന്നെ താനാക്കിയ നാടകമെന്ന കലാരൂപത്തെയും, നാട്ടില്‍ തനിക്ക് താങ്ങും തണലുമായി നിന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെയും കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ ഘട്ടത്തില്‍ അവരില്‍ നാടിനെക്കുറിച്ചും തന്റെ ജീവിതത്തിലെ മനുഷ്യരെക്കുറിച്ചുമുള്ള വൈകാരികമായ ചിന്തകള്‍ സജീവമാക്കുന്നത്. എന്നാല്‍ അപ്പോഴേക്കും കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ മാമയുമായുള്ള ഹൃദയബന്ധം ദൃഡ്ഢമായത് ആയിഷയുടെ തിരഞ്ഞെടുപ്പിനെ സങ്കീര്‍ണ്ണമാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.     


അതിവൈകാരികതയ്ക്കും, മുഖ്യകഥാപാത്രത്തിന്റെ ഗ്ലോറിഫിക്കേഷനും മുതിരാതെ സംവിധായകന്‍ സ്വീകരിച്ച വ്യത്യസ്തമായ ആഖ്യാനതന്ത്രം മലയാളത്തിലെ എണ്ണപ്പെട്ട ബയോപ്പിക്കുകളിലൊന്നായി ആയിഷയെ മാറ്റുന്നുണ്ട്. ഒരുവേള മഞ്ചുവാര്യരെ കവച്ചുവയ്ക്കുന്ന നിലവാരത്തിലുള്ള പ്രകടനമാണ് മാമയെ അവതരിപ്പിച്ച മോണ എസ്സേയുടേത്. വൈകാരിക വിക്ഷോഭങ്ങള്‍ തുടര്‍ച്ചയായി അവതരിപ്പിക്കേണ്ട രംഗങ്ങളില്‍ ഈ നടി പുലര്‍ത്തിയ മികവ് പ്രശംസനീയമാണ്. തന്റെ ലക്ഷ്യം നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിലെ
ചെറിയ ഒരേട് മാത്രം അടര്‍ത്തി അവതരിപ്പിക്കുകയാണെന്ന് യാതൊരാശങ്കയ്ക്കും വകയില്ലാതെ ആമിര്‍ പള്ളിക്കല്‍ പ്രേക്ഷരോട് വ്യക്തമാക്കുന്നുണ്ട്.

ധാരാളം സംഭവങ്ങള്‍ കുത്തിനിറച്ച ഒരു വലിയ കാന്‍വാസിനേക്കാള്‍ ഇവിടെ കാണാനാവുന്നത് കുറച്ചു സംഭവങ്ങളും, മനുഷ്യരും അവരുടെ ജീവിതത്തിലേക്ക് ആഴത്തിലുള്ള നോട്ടമെറിയുന്ന ക്യാമറയുമാണ്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച വിഷ്ണു ശര്‍മ്മ അസാധാരണമായ ദൃശ്യമികവാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ കൊട്ടാരത്തിലെ ജീവിതം വിഷ്ണുവിന്റെ ഫ്രെയ്മുകളില്‍ കാണികള്‍ക്ക് മുന്നില്‍ അനാവൃതമാവുമ്പോള്‍ സിനിമ സൃഷ്ടിക്കുന്ന സൗന്ദര്യാത്മകതയുടെ പുതിയ മാനം കൂടുതല്‍ തെളിവുള്ളതാവുന്നു. എം. ജയചന്ദ്രന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്. ഒരു മലയാള-അറബിക് ചിത്രമെന്നു വിളിക്കാന്‍ തോന്നും വിധം രണ്ടു സംസ്‌കാരങ്ങള്‍ തിരശീലയില്‍ അലിഞ്ഞു ചേരുന്നതായി കാണികള്‍ക്ക് അനുഭവപ്പെടാനുള്ള ഒരു കാരണം സംഗീതം സൃഷ്ടിച്ച ഇമ്പാക്റ്റാണ്.    
 

നിലമ്പൂര്‍ ആയിഷയുടെ കഥ സിനിമയാക്കുമ്പോള്‍ സമൂഹത്തിന്റെ സദാചാര നിയമസംഹിതകളോട് നിരന്തരമായ പോരാട്ടത്തിലേര്‍പ്പെട്ട അവരുടെ യൗവനത്തെ ഒഴിവാക്കിക്കൊണ്ടുള്ള ആഖ്യാനം ദുര്‍ഘടമായ ഒരു തിരഞ്ഞെടുപ്പാണ്. ചില ശക്തമായ സൂചനകള്‍ക്കപ്പുറത്തേക്ക് ആ പോരാട്ട വീര്യത്തിന്റെ അലയൊലികള്‍ സിനിമയില്‍ അദൃശ്യമായത് വിമര്‍ശനങ്ങള്‍ക്ക് ഹേതുവായേക്കാം. നാടകത്തിലഭിനയിക്കുമ്പോള്‍ കല്ലെറിഞ്ഞു വീഴ്ത്താന്‍ നോക്കിയതു മുതല്‍ ജീവനെടുക്കാന്‍ വെടിയുണ്ട പായിച്ചിടം വരെയെത്തിയിരുന്നു നിലമ്പൂര്‍ സ്വദേശി ആയിഷയുടെ തിരഞ്ഞെടുപ്പുകളോടുള്ള പാരമ്പര്യ-സദാചാര ശക്തികളുടെ പകയും വിദ്വേഷവും.
 
നാടകത്തിനായി അവര്‍ ജീവന്‍ പോലും ബലി നല്‍കാന്‍ തയ്യാറായിരുന്നുവെന്നത് അതിശയോക്തിയല്ല. ഇത്രമേല്‍ വിപ്ലവകരമായിരുന്ന ഒരു ജീവിതത്തെ തിരശീലയിലെത്തിക്കുമ്പോള്‍ ആ സംഭവവികാസങ്ങള്‍ കാണികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ അല്‍പം കൂടി ജാഗ്രത പുലര്‍ത്താമായിരുന്നുവെന്ന സന്ദേഹവും അസ്ഥാനത്തല്ല. ചില ഡയലോഗുകള്‍ക്കും സൂചനകള്‍ക്കുമപ്പുറം ഏറനാടിന്റെ വീരപുത്രിയുടെ സംഭവബഹുലമായ ജീവിതത്തിന്റെ അലയൊലികള്‍ സ്‌ക്രീനില്‍ പ്രതിഫലിപ്പിക്കാനായോ എന്ന സംശയം ബാക്കിനില്‍ക്കുമ്പോഴും, ആയിഷ ഇന്നത്തെ മലയാളി കണ്ടിരിക്കേണ്ട ചിത്രമായി മാറുന്നതിന് നിരവധിയായ കാരണങ്ങളുണ്ട്. അപരസംസ്‌കാരത്തെ, ഭാഷയെ, മതത്തെ ബോധപൂര്‍വമായ അന്യവല്‍ക്കരണത്തിലൂടെ സ്വന്തം  ജീവിതപരിസരങ്ങളില്‍ നിന്ന് ഉച്ചാടനം ചെയ്തുകളയാന്‍ ശീലിക്കുന്ന മലയാളിക്ക് എല്ലാ അതിര്‍ത്തികളേയും ഭേദിക്കുന്ന ഈ സ്‌നേഹഗാഥ പുതിയ ജീവിതപാഠങ്ങള്‍ പകര്‍ന്നു നല്‍കുമെന്നുറപ്പാണ്.


 കേരളസമൂഹമെന്ന ആണ്‍കോയ്മയുടെ ഈറ്റില്ലത്തിന്റെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്തുന്ന ചോദ്യങ്ങളാണ് ലിംഗരാഷ്ട്രീയത്തിന്റെ വീക്ഷണകോണില്‍ നിന്നുയര്‍ന്നു വരേണ്ടത്. ഈ ചിത്രവും അതൂന്നിപ്പറഞ്ഞ ജീവിതവും ലിംഗസമത്വത്തിന്റെ സുപ്രധാനമായ ആശയസ്ഥലികളെ അനാവരണം ചെയ്യുന്നുണ്ട്. ഒരു പുരോഗമന സ്വഭാവമുള്ള സമൂഹത്തിന് അതില്‍ നിന്നും പഠിക്കാനേറെയാണ്.ആയിഷ ചരിത്രത്തിന്റെ ചാരം ചികയുകയാണ്. അതില്‍ കെടാത്ത കനല്‍ത്തരികള്‍ ഇപ്പോഴുമുണ്ട്.

 (ഒറ്റപ്പാലം   എന്‍.എസ്.എസ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ഹരിനാരായണന്‍)

     



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top