26 April Friday

സിനിമ തന്നെ ജീവിതം; അപ്പാനി ശരത് സംസാരിക്കുന്നു

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Jan 15, 2023

അഭിനയകലയോടുള്ള സ്‌നേഹം മാത്രം കരുത്താക്കി നടത്തിയ പരിശ്രമങ്ങളാണ്‌ ശരത് കുമാറിനെ സിനിമാ നടനാക്കിയത്‌. കാലടി സർവകലാശാലയിലെ നാടക വിദ്യാർഥിയിൽ നിന്ന്‌ അപ്പാനി ശരത്തിലേക്കുള്ള യാത്ര  ഒരു പോരാട്ടമായിരുന്നു. പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും തോൽക്കാൻ തയ്യാറാകാത്ത  കലാകാരന്റെ ജീവിതസമരം. അങ്കമാലി ഡയറീസിൽ തുടങ്ങിയ സിനിമാ ജീവിതം ആറു വർഷത്തിലേക്ക്‌ എത്തുകയാണ്‌. ഇതിനിടയിൽ വലിയ നേട്ടങ്ങൾ, ചെറിയ പതർച്ചകൾ, കാത്തിരിക്കുന്ന പുതിയ പ്രതീക്ഷകൾ. സ്വയം നവീകരിച്ചും തിരുത്തിയും പ്രതീക്ഷ അർപ്പിച്ച കലാജീവിതം. അപ്പാനി ശരത് സംസാരിക്കുന്നു:

പ്രതിസന്ധികൾ തരണം ചെയ്യും

നാടകം ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ്‌  അങ്കമാലി ഡയറീസിൽ അഭിനയിക്കുന്നത്‌. അതിനുശേഷം ജീവിതം ആകെ മാറി. ഉത്തരവാദിത്വം കൂടി. സിനിമയിൽ നിലനിൽപ്പിനായി ഞാൻ ഫൈറ്റ്‌ ചെയ്യുകയായിരുന്നു. പിന്നിട്ട വർഷങ്ങൾ നൽകിയത്‌ വലിയ അനുഭവങ്ങളാണ്‌.  സന്തോഷം നൽകുന്നവയായിരുന്നു. ചിലത്‌ പ്രതീക്ഷിച്ച അത്ര നല്ലതായിരുന്നില്ല. വ്യക്തിജീവിതത്തിലും മാറ്റങ്ങളുണ്ടായി. പെട്ടെന്നായിരുന്നു വിവാഹം.  അതേസമയം സിനിമ കുറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട്‌ ഉണ്ടായി. തോളിൽ കൈയിട്ട്‌ നടന്നവർ പ്രതിസന്ധിയുണ്ടായപ്പോൾ ഫോൺ എടുക്കാതിരുന്ന സ്ഥിതിയുമുണ്ടായി. അപ്പോഴാണ്‌ വരുന്ന സിനിമകൾ എടുക്കേണ്ട അവസ്ഥയുണ്ടായത്‌. എന്റെ കഥാപാത്രം നന്നായി ചെയ്യുക എന്നതിനെക്കുറിച്ചാണ്‌ ചിന്തിച്ചത്‌.  ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യുമെന്ന്‌ മനസ്സിൽ ഉറപ്പിച്ചിരുന്നു. ജീവിതത്തിൽ ഒറ്റ ലക്ഷ്യം സിനിമ മാത്രമാണ്‌. നല്ല കഥാപാത്രങ്ങളും സിനിമകളും ചെയ്യണം. സിനിമയിലൂടെ തന്നെ ജീവിത മാർഗം കണ്ടെത്തണം.

ഒരു ദിവസം വരും

2019ൽ ആണ്‌ തമിഴ്‌ വെബ്‌ സിരീസ്‌ ഓട്ടോ ശങ്കർ ഇറങ്ങിയത്‌. അത്‌ വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ്‌ പ്രതീക്ഷിച്ചത്‌. എന്നാൽ  കോവിഡും ലോക്‌ഡൗണും വന്നു.  പ്രതീക്ഷകൾ തെറ്റി. എന്നിൽ ഇഷ്ടവും താൽപ്പര്യവുമൊക്കെ കുറഞ്ഞുവെന്ന്‌ തോന്നി. പുതിയ സിനിമകൾ ഉണ്ടാക്കാനായി അപ്പോൾ ശ്രമം നടത്തി. കഥയും സംവിധായകനും ഉണ്ടായാൽ പലപ്പോഴും നിർമാതാവിനെ കണ്ടെത്താൻ ശ്രമിച്ചു. ഇതിന്‌ ഇടയിൽ തമിഴിൽ പോയി സിനിമ ചെയ്‌തു. പലരോടും വേഷം ചോദിച്ചു. അങ്ങനെ കിട്ടിയതാണ്‌ മാലിക്കിലെ റോൾ.

നായകനാകുമ്പോൾ നമ്മളെ കാണാൻ ആളുകൾ തിയറ്ററിലേക്ക്‌ വരണം. കാക്കിപ്പടയിൽ നായക വേഷമാണ്‌ ചെയ്‌തത്‌. ആളുകൾ ആ സിനിമ കാണാൻ തിയറ്ററിലെത്തി. നല്ല പടങ്ങൾ ചെയ്‌തു വിജയിപ്പിക്കണം. ചില കഥാപാത്രങ്ങൾ ഞാൻ ചെയ്‌താൽ നന്നാകുമെന്ന്‌ ചിന്തിച്ച്‌ സിനിമയിലേക്ക്‌ വിളിക്കുന്നുണ്ട്‌. അതേസമയം ഞാൻ അഭിനയിച്ച ഒരു തമിഴ്‌ സിനിമ കേരളത്തിൽ റിലീസായി. പോസ്റ്റർ കണ്ട സുഹൃത്ത്‌ പറഞ്ഞാണ്‌ സിനിമ കേരളത്തിൽ ഇറങ്ങിയത്‌ ഞാൻ അറിഞ്ഞത്‌. കുറച്ചുകൂടി പ്രചാരണം നൽകി ഇറക്കിയിരുന്നുവെങ്കിൽ എനിക്ക്‌ കൂടുതൽ ഗുണം ചെയ്യുമായിരുന്നു. ഞാൻ ചെയ്‌ത സിനിമകൾ ആളുകൾ കണ്ട്‌ അതിലൂടെ കൂടുതൽ സിനിമകൾ ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

നടൻ എന്ന നിലയിൽ നല്ല കഥാപാത്രങ്ങളുടെ ഭാഗമാകണം. എനിക്ക്‌  കിട്ടുന്ന കൂടുതൽ കഥാപാത്രങ്ങൾ എന്റെ ശരീരഭാഷ ഒക്കെ  അനുസരിച്ചാണ്‌. അത്‌ എന്റെ പോരായ്‌മയാണ്‌. അതിനെ മറികടക്കണം.  വൈകാരികമായി ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന കഥാപാത്രങ്ങൾ ചെയ്യണം. ഏത്‌ കഥാപാത്രം കിട്ടിയാലും അത്‌ 100 ശതമാനം ആത്മാർഥതയോടെ ചെയ്യും. എല്ലാവരുടെയും മനസ്സിൽ നായകനായ പടം ചെയ്യണമെന്ന്‌ ഉണ്ടാകും. എന്റെ ആഗ്രഹവും അതാണ്‌.  സ്വപ്‌നം കാണുകയും ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യണം. നമ്മുടേതായ ഒരു ദിവസം വരുമെന്ന്‌ വിശ്വസിക്കുന്ന ആളാണ്‌ ഞാൻ. തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം, അത്‌ തിരുത്തി മുന്നോട്ട്‌ പോകാനാണ്‌ ശ്രമിക്കുന്നത്‌. അരുവിക്കരയിൽ തെരുവ്‌ നാടകം കളിച്ച്‌ നടന്നിരുന്ന ഒരാളിൽ നിന്ന്‌ സിനിമാക്കാരനായല്ലോ. സിനിമ എല്ലാകാലത്തും എന്റെ കൂടെയുണ്ട്‌. സിനിമ എന്നെ കൈവിട്ടിട്ടില്ല. ഞാനൊരു നടനായിട്ട്‌ തന്നെയേ മരിക്കു. അല്ലെങ്കിൽ അത്‌ എന്റെ കഴിവുകേടാണ്‌.

കഥയെഴുതും

തമിഴിൽ ബൃന്ദ മാസ്റ്ററുടെ തഗ്‌സാണ്‌ വരാനിരിക്കുന്ന ചിത്രം. അതിൽ പ്രധാന പ്രതിനായക വേഷമാണ്‌.  ജി വി പ്രകാശ്‌ അഭിനയിക്കുന്ന റിബൽ ഷൂട്ടിങ്‌ ആരംഭിച്ചു. മലയാളത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന പോയിന്റ്‌ റേഞ്ച്‌ മാർച്ചിൽ തിയറ്ററിൽ എത്തും. ക്യാമ്പസ്‌ ത്രില്ലറാണ്‌. സിനിമയുടെ സഹ നിർമാതാവ്‌ കൂടിയാണ്‌ ഞാൻ. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ ജീവിതം ആസ്‌പദമാക്കിയുള്ള ആദിവാസി കുറേ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചു. അതും തിയറ്ററിലെത്താനുണ്ട്‌. കിറ്ക്കനാണ്‌ പൂർത്തിയായ മറ്റൊരു ചിത്രം. ഈ സിനിമകളിലെല്ലാം നല്ല കഥാപാത്രങ്ങളെയാണ്‌ ചെയ്‌തിട്ടുണ്ട്‌. 2023 സിനിമയിൽ കുറേക്കൂടി ഗൗരവമായി ഉണ്ടാകും. സമയം കണ്ടെത്തി നാടകം ചെയ്യണം. ഒരു ഏകാംഗ നാടകം ചെയ്യാനുള്ള ആലോചനയുണ്ട്‌. ഈ വർഷം ഞാൻ കഥ എഴുതുന്ന ഒരു സിനിമയുണ്ടാകും. ബാല്യകാല സുഹൃത്തായ മനു എസ്‌ പ്ലാവിലയാണ്‌ തിരക്കഥ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top