08 May Wednesday

ദുൽഖറിന്റെ സിനിമയ‌്ക്ക‌് അനുപമ "കട്ട‌് ' പറയും

വെബ് ഡെസ്‌ക്‌Updated: Wednesday May 29, 2019

പ്രേമത്തിലെ ആലുവാപുഴയുടെ തീരത്തെ ചുരുളൻമുടിക്കാരിയായി എത്തിയ അനുപമ പരമേശ്വരനെ  പിന്നീട‌് മലയാളികൾ കണ്ടത‌് തെലുങ്കിലെ മിന്നുംതാരമായാണ‌്. പ്രേമം സിനിമയ‌്ക്ക‌് ശേഷം തെലുങ്കിലേക്ക‌് ചേക്കേറിയ അനുപമ,  ജോമോന്റെ സുവിശേഷത്തിൽ അതിഥി താരമായും മലയാളത്തിൽ എത്തി. ഇനി  സഹസംവിധായികയുടെ പുതിയമുഖം അണിയാൻ പോകുകയാണ‌് ഈ ഇരുപത്തിമൂന്നുകാരി. 

ദുൽഖർ ചിത്രത്തിലൂടെയാണ‌് സംവിധാനരംഗത്തേക്ക‌് ചുവടുവയ‌്ക്കാൻ അനുപമ ഒരുങ്ങുന്നത‌്‌.  ദുൽഖർ സൽമാൻ ആദ്യമായി നിർമിക്കുന്ന ഗ്രിഗറി ജേക്കബ‌് നായകനാകുന്ന ചിത്രത്തിന്റെ സഹസംവിധായികയാകുന്ന വിവരം അനുപമതന്നെയാണ‌് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചത‌്. നവാഗതനായ ഷംസുവാണ‌് ചിത്രം സംവിധാനം ചെയ്യുന്നത‌്.  ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം ഉൾപ്പെടെയാണ‌് താരം പങ്കുവച്ചത‌്.  

“ഒരു പുതിയ തുടക്കം. ദുൽഖർ നിർമിക്കുന്ന പുതിയ ചിത്രത്തിൽ ഷംസുവിന്റെ സഹായിയായി.  ഈ ഗംഭീരൻ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്.  എല്ലാവരുടെയും പ്രാർഥനകളും അനുഗ്രഹവും വേണം’’–- അനുപമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.  ചിത്രത്തിൽ നായികയായും താരം എത്തുന്നു എന്നത‌ും മറ്റൊരു പ്രത്യേകതയാണ‌്. അനു സിതാര, നിഖില വിമൽ  എന്നിവരാണ‌് മറ്റു നായികമാർ. ബാനറിന്റെ പേരും  കൂടുതൽ വിവരങ്ങളും അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. 

തെലുങ്കിൽ തിരക്കുള്ള താരമായ അനുപമയുടെ സായിധരം തേജയ‌്ക്കൊപ്പം അഭിനയിച്ച “തേജ‌് ഐ ലവ്യൂ’‌, “ഹലോ ഗുരു പ്രേമ കൊസമേ’ എന്നിവയാണ‌് പ്രധാന സിനിമകൾ. ദുൽഖർ സൽമാൻ  നായകനായ “എബിസിഡി’യിലൂടെയാണ‌് ഗ്രിഗറി ജേക്കബ‌് സിനിമയിൽ അരങ്ങേറ്റം കുറിച്ചത‌്. ഇതാദ്യമായാണ‌്  നായകനായെത്തുന്നത‌്.
മമ്മൂട്ടിനായകനായ “ഉണ്ട’യാണ‌് ഇനി ഗ്രിഗറിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top