10 December Sunday

നാടും ഭാഷയുമാണ്‌ കരുത്ത്‌

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Sep 17, 2023

ഉണ്ണിരാജ എന്നുപറയുന്നതിനേക്കാളും പ്രേക്ഷകർ അറിയുക അഖിലേഷേട്ടൻ എന്ന പേരായിരിക്കും. കാസർകോട്‌ ചെറുവത്തൂർ സ്വദേശിയായ ഉണ്ണിരാജൻ ഇന്ന്‌ മലയാള സിനിമയിൽ പ്രേക്ഷകരെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും തന്റേതായ സ്ഥാനം നേടിക്കഴിഞ്ഞു. കാസർകോടൻ ഭാഷാശൈലിയിലൂടെ എല്ലാവരുടെയും പ്രിയങ്കരനായ അദ്ദേഹം വെള്ളിയാഴ്‌ച തിയറ്ററിൽ എത്തിയ നദികളിൽ സുന്ദരി യമുനയിൽ മുഴുനീള വേഷംചെയ്‌തു. കൈനിറയെ സിനിമകളുമായി മുന്നോട്ടുപോകുന്ന ഉണ്ണിരാജ സംസാരിക്കുന്നു:

മുഴുനീള വേഷം

നദികളിൽ സുന്ദരി യമുന സിനിമയിൽ ബസിലെ ക്ലീനറായ രവി എന്ന കഥാപാത്രമാണ്‌ എന്റേത്‌. സ്വഭാവംകൊണ്ട്‌ കോഴി രവി എന്നാണ്‌ വിളിക്കുന്നത്‌. നായകനായ ധ്യാൻ ശ്രീനിവാസന്റെ സുഹൃത്താണ്‌. എല്ലാ കാര്യത്തിനും ധ്യാനിന്റെ കൂടെനിൽക്കുന്ന ആളാണ്‌. മുഴുനീള വേഷമാണ്‌. എന്റെ ഭാഷാശൈലി ഉപയോഗിച്ചുള്ള കഥാപാത്രമാണ്‌. ഒപ്പം നർമവും കൗണ്ടർ ഡയലോഗും എല്ലാമുണ്ട്‌. നാട്ടിൻപുറത്ത്‌ നടക്കുന്ന സിനിമയാണ്‌. ഇതുവരെ ചെയ്‌തതിൽ നല്ല രസകരമായ വേഷമാണ്‌.

അവാർഡ്‌ എന്റെ ഭാഷയ്‌ക്കാണ്‌

എന്റെ കാസർകോട്‌ ഭാഷയാണ്‌ എന്നെ ഇതുവരെ എത്തിച്ചത്‌. ഭാഷാശൈലി കാരണം ഒരുപാട്‌ അവസരം ലഭിക്കുന്നുണ്ട്‌. മറിമായം പരിപാടിയിൽ തുടങ്ങി തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിങ്കളാഴ്‌ച നിശ്ചയവുമൊക്കെ ആ ശൈലിയായിരുന്നു. സിനിമ വരുമ്പോൾത്തന്നെ സംവിധായകർ പറയുന്നത്‌ നിങ്ങളുടെ പറയുന്ന ആ ശൈലി മതിയെന്നാണ്‌. അവർക്ക്‌ അതാണ്‌ ഇഷ്ടം. ടിവിയിൽ എന്നെ കാണുന്ന ഒരുപാടുപേരിൽ ആ ഭാഷാശൈലികൊണ്ടാണ്‌ എന്നെ തിരിച്ചറിയുന്നത്‌. മികച്ച ഹാസ്യാഭിനേതാവിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ്‌ ലഭിച്ചു. ആ അംഗീകാരം എന്റെ ഭാഷയ്‌ക്കാണ്‌ ഞാൻ സമർപ്പിക്കുന്നത്‌.

ഒരുപാട്‌ അവസരം

ആദ്യം സിനിമയിൽ തുടരുക ബുദ്ധിമുട്ടായിരുന്നു. സിനിമ കൊണ്ടുമാത്രം മുന്നോട്ടുപോകാനാകില്ലായിരുന്നു. പണിക്കും പോകുമായിരുന്നു. ജോലിക്ക്‌ ഒപ്പമായിരുന്നു സിനിമ. ഇപ്പോൾ ‘കാസർകോട്‌ സിനിമ’കൾ മാത്രമല്ല വരുന്നത്‌. ഒരുപാട്‌ അവസരം ലഭിക്കുന്നുണ്ട്‌. പല ഭാഗത്തുനിന്നും വിളിക്കുന്നുണ്ട്‌. ഒരുപാട്‌ കഥാപാത്രങ്ങൾ വരുന്നുണ്ട്‌. കലോത്സവങ്ങളിൽ നാടകം, മൈം ഒക്കെ പഠിപ്പിക്കാൻ പോ കുമായിരുന്നു. 25 വർഷത്തോളം സംസ്ഥാന തലത്തിൽ കുട്ടികളെ പഠിപ്പിച്ചു. ഇപ്പോൾ സിനിമകൾ കൂടുതൽ കിട്ടാൻ തുടങ്ങി, ആളുകൾ വിളിക്കുന്നു. ഇതെല്ലാം സന്തോഷകരമാണ്‌. വേറെ ഭാഷ പറയും പക്ഷേ, അവർക്ക്‌ വേണ്ടത്‌ എന്റെ ഭാഷയാണ്‌.

അഖിലേഷേട്ടൻ 

ഓപ്പറേഷൻ ജാവയിലെ അഖിലേഷേട്ടൻ എന്ന കഥാപാത്രം എന്നെ മനസ്സിൽക്കണ്ട്‌ എഴുതിയതാണ്‌ എന്നാണ്‌ സംവിധയാകൻ തരുൺ മൂർത്തി പറഞ്ഞത്‌. ആ കഥാപാത്രം ജീവിതത്തിൽ നന്നായി ഗുണം ചെയ്‌തു. സിനിമയിൽ കുറച്ചു മിനിറ്റ്‌ മാത്രമാണുള്ളത്‌. പക്ഷേ, നന്നായി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴും അതുവച്ച്‌ ട്രോളുകൾ ഒക്കെ ഇറങ്ങുന്നുണ്ട്‌. എന്റെ പേരിനു പകരം അഖിലേഷേട്ടൻ എന്ന്‌ ഒരുപാടുപേർ വിളിക്കുന്നുണ്ട്‌. അഖിലേഷേട്ടൻ വന്ന്‌ കട ഉദ്‌ഘാടനം ചെയ്‌തുതരണമെന്നെല്ലാം പറയുന്നവരുണ്ട്‌.

നാടാണ്‌ ഊർജം

ഇപ്പോൾ സിനിമയുമായി കൊച്ചിയിലാണെങ്കിലും ഒരു ദിവസം കിട്ടിയാൽ അപ്പോ തന്നെ നാട്ടിലേക്ക്‌ പോകും. നാടാണ്‌ എല്ലാം. കാസർകോട്‌ ചെറുവത്തൂരിലാണ്‌ ജനിച്ചത്‌. ഒരു കമ്യൂണിസ്റ്റ്‌ ഗ്രാമമാണ്‌. ആ നാട്ടിൻപുറത്തുനിന്ന്‌ കിട്ടിയ സ്‌നേഹവും ശക്തിയുമാണ്‌ എന്റെ  ഊർജം. ചെയ്‌ത കഥാപാത്രങ്ങളിൽ അധികവും നാട്ടിൻപുറത്തുള്ള ആളാണ്‌. എന്റെ ചുറ്റുപാടിൽനിന്നാണ്‌ ഞാൻ അതെല്ലാം ചെയ്‌തത്‌. പല ജില്ലയിലും ഇന്ന്‌ എന്റെ ഫാൻഗ്രൂപ്പുകളുണ്ട്‌. അവർ പല പരിപാടികളും നടത്തുന്നുണ്ട്‌. അതെല്ലാം എന്റെ തമാശകൾ ഇഷ്ടപ്പെട്ടാണ്‌. അതിൽ വലിയ സന്തോഷമുണ്ട്‌.

ആദ്യം നാടകക്കാരൻ

ഞാനൊരു നാടകക്കാരനാണ്‌. എന്റെ ജീവിതം തുടങ്ങുന്നത്‌ അങ്ങനെയാണ്‌. പെയിന്റിങ്‌ ജോലിക്ക്‌ പോകുന്നതിനൊപ്പം നാടകം കളിക്കുമായിരുന്നു.നാടകം കളിച്ചുകിട്ടുന്ന പൈസയ്‌ക്ക്‌ നാടകങ്ങൾ കാണാൻ പോകും. ചെറുതും വലുതുമായ വേഷങ്ങൾ ചെയ്‌തു. പിന്നെ നാടകം പഠിപ്പിക്കാനും തുടങ്ങി. നാടകത്തിന്റെ ബലം ഇന്നും ഊർജമാണ്‌. കലോത്സവത്തിന്‌ പഠിപ്പിക്കാൻ പോകുമ്പോൾ കുട്ടികളിൽനിന്നും ഒരുപാട്‌ കാര്യം പഠിക്കാനാകും.

ആഗ്രഹിച്ചുകിട്ടിയ ജോലി

വളരെ ആഗ്രഹിച്ചു കിട്ടിയ സർക്കാർ ജോലിയായിരുന്നു അത്‌. കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ടോയ്‌ലെറ്റ് ക്ലീനറുടെ ജോലി ലഭിച്ചു. പക്ഷേ, കലയും പരിപാടിയും മാറ്റിനിർത്തി ഒതുങ്ങാൻ പറ്റില്ലെന്ന്‌ സ്വയം തിരിച്ചറിഞ്ഞാണ്‌ അത്‌ ഉപേക്ഷിച്ചത്‌. അപകടം പറ്റിയപ്പോൾ സ്വയം ഒതുങ്ങിക്കൂടാൻ തീരുമാനിച്ചു. പക്ഷേ, കലയോട്‌ ചേർന്നല്ലാതെ ഒരു ജീവിതം പറ്റില്ല.

നിറയെ സിനിമകൾ

കമൽ സാറിന്റെ വിവേകാനന്ദൻ വൈറലാണ്. അജയന്റെ രണ്ടാം മോഷണം, കുന്ദല പുരാണം തുടങ്ങി കുറച്ചധികം സിനിമകൾ വരാനുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top