15 April Monday

കീരിക്കാടന്റെ പരമേശ്വരൻ, കുളപ്പുള്ളിയിലെ കളരിയഭ്യാസി...നിത്യവസന്ത വില്ലൻ

അനിൽ വി ആനന്ദ്‌Updated: Wednesday Oct 18, 2023

കൊല്ലം > കിരീടത്തിൽ കീരിക്കാടൻ ജോസിന്റെ വലംകൈയായ പരമേശ്വരൻ, നാടോടിക്കാറ്റിൽ കള്ളക്കടത്തുകാരൻ നമ്പ്യാരുടെ കൈയാൾ, ആറാംതമ്പുരാനിലെ കുളപ്പുള്ളിഅപ്പന്റെ കളരിയഭ്യാസി, സ്‌ഫടികത്തിലെ പൊലീസുകാരൻ മണിയൻ, ക്രൈംഫയലിലെ പാപ്പി... ചെറുതും വലതുമായ അനവധി വില്ലൻവേഷങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ചൊവ്വാഴ്ച വിടപറഞ്ഞ കുണ്ടറ ജോണി.

കീരിക്കാടന്റെ സകല ക്രൂരതകൾക്കും കുടപിടിക്കുന്ന വില്ലന്റെ രൗദ്രതയെയും എല്ലാം നഷ്ടപ്പെട്ട സേതുമാധവനൊപ്പം തെരുവിൽ അലിഞ്ഞുചേരുന്ന സാധാരണക്കാരന്റെ നിസ്സഹായതയെയും ഒരേ തന്മതത്വത്തോടെ ജോണി തിരശ്ശീലയിൽ നിറച്ചു. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മാത്രമല്ല, ജയനും പ്രേംനസീറും അടക്കമുള്ള മുൻകാല നായകർക്കൊപ്പവും ജോണി സ്‌ക്രീനിലെത്തിയിട്ടുണ്ട്‌.

ഇരുപത്തിമൂന്ന-ാം വയസ്സിൽ നിത്യവസന്തം (1979-) എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. അതിലെ ജേക്കബ് എന്ന കഥാപാത്രം ജോണിയുടെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായി. കഴുകൻ, അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, താരാട്ട്, മീൻ, അങ്ങാടിക്കപ്പുറം, വാർത്ത, ആവനാഴി, നാടോടിക്കാറ്റ്, രാജാവിന്റെ മകൻ, ഒരു സിബിഐ ഡയറിക്കുറിപ്പ്, കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, കാബൂളിവാല, സ്ഫടികം, ആറാംതമ്പുരാൻ, ഭരത്ചന്ദ്രൻ ഐപിഎസ്, കാക്കി, അവൻ ചാണ്ടിയുടെ മകൻ, രൗദ്രം, കുട്ടിസ്രാങ്ക്, ഓഗസ്റ്റ് 15 തുടങ്ങിവയാണ് പ്രധാന സിനിമകൾ. 2022ൽ ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാനായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി  മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി സീരിയലുകളിലും വേഷമിട്ടു.

കുണ്ടറ ഫൈൻ ആർട്സ് സൊസൈറ്റി എന്ന സാംസ്കാരിക സംഘടനയുടെ അമരക്കാരനായ ജോണി റോട്ടറിയിലും ഇതര സംഘടനകളിലും സജീവമായിരുന്നു. 1970കളിൽ ആറുവർഷം ജില്ലാ ഫുട്ബോൾ ടീം അംഗമായിരുന്നു. കുണ്ടറ മുളവന കുറ്റിപ്പുറത്ത്  ജോസഫിന്റെയും കത്രീനയുടെയും മകനാണ്.  സഹോദരൻ അലക്സ് രണ്ടാഴ്ച മുമ്പാണ് മരിച്ചത്. 24ന് മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. ഇതിനായുള്ള യാത്രയ്‌ക്കിടെയാണ്‌ ചിന്നക്കടയിൽ ദേഹാസ്വാസ്ഥ്യമുണ്ടായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top