08 December Friday
മലയാളത്തിന്‌ 8 അവാർഡുകൾ

ദേശീയ പുരസ്കാരത്തില്‍ തിളങ്ങി മലയാളം ; ‘ഹോം’ മികച്ച മലയാള സിനിമ, ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം

വെബ് ഡെസ്‌ക്‌Updated: Thursday Aug 24, 2023

ആലിയ ഭട്ട്‌, അല്ലു അർജുൻ, കൃതി സനോൺ, ഇന്ദ്രൻസ്‌



ന്യൂഡൽഹി
69–-ാമത്‌ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങി മലയാള സിനിമ. ‘ഹോം’ സിനിമയിലെ പ്രകടനത്തിന്‌ ഇന്ദ്രൻസിന്‌ ജൂറിയുടെ പ്രത്യേകപരാമർശമടക്കം എട്ട് പ്രധാന പുരസ്കാരങ്ങള്‍ മലയാള സിനിമ നേടി.  മികച്ച മലയാളചിത്രത്തിനുള്ള പുരസ്‌കാരം ‘ഹോം’ നേടി. ‘നായാട്ടി’ലൂടെ ഷാഹി കബീർ മികച്ച തിരക്കഥാകൃത്തായി. കഥേതരവിഭാഗത്തിൽ മികച്ച അനിമേഷൻ ചിത്രം അതിഥി കൃഷ്‌ണദാസ്‌ സംവിധാനം ചെയ്‌ത ‘കണ്ടിട്ടുണ്ട്‌’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പാരിസ്ഥിതിക ചിത്രം ‘ആവാസവ്യൂഹം’.  കൃഷി ഉൾപ്പെട്ട പാരിസ്ഥിതിക ചിത്രം ‘മൂന്നാം വളവ്‌’. നവാഗത സംവിധായകൻ–- വിഷ്‌ണുമോഹൻ (മേപ്പടിയാൻ). മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം  അരുൺ അശോകും സോനു കെ പിയും സ്വന്തമാക്കി (ചിത്രം ‘ചവിട്ട്‌’). ശബ്ദവിഭാ​ഗത്തില്‍ മറ്റ് ഭാഷാചിത്രങ്ങളിലും മലയാളികള്‍ പുരസ്കാരം നേടി.‘സര്‍ദ്ദാര്‍ ഉദ്ധം’ എന്ന ചിത്രത്തിലൂടെ മികച്ച റീ റിക്കോര്‍ഡിങ്ങിനുള്ള പുരസ്കാരം നേടിയത് മലയാളിയായ സിനോയ് ജോസഫാണ്. കഥേതരവിഭാ​ഗത്തില്‍ ഓ‍‍ഡിയോ​ഗ്രാഫി പുരസ്കാരം ‘ഏക് ധാ ​ഗാവ്’ എന്ന ഡോക്കുമെന്ററിയിലൂടെ ഉണ്ണി കൃഷ്ണന്‍ സ്വന്തമാക്കി.

തെലുങ്ക് സൂപ്പര്‍താരം അല്ലു അർജുനാണ്‌ മികച്ച നടൻ (പുഷ്പ). അഭിനയത്തിനുള്ള പുരസ്കാരം ആദ്യമായാണ് തെലുങ്ക് സിനിമയ്ക്ക് ലഭിക്കുന്നത്.അലിയ ഭട്ടും (ഗംഗുഭായ്‌ കത്ത്യാവാഡി) കൃതി സനോണും(മിമി) നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മറാത്തി ചിത്രം ‘ഗോദാവരി’ ഒരുക്കിയ നിഖിൽ മഹാജനാണ്‌ മികച്ച സംവിധായകൻ. ശാസ്‌ത്രജ്ഞൻ നമ്പിനാരായണന്റെ കഥ പറഞ്ഞ ‘റോക്കട്രി: ദി നമ്പി ഇഫക്‌റ്റ്‌’ മികച്ച ചിത്രമായി. ഓസ്‌കർ, ഗോൾഡൻ ഗ്ലോബ്‌ പുരസ്‌കാരങ്ങൾ നേടിയ ‘ആർആർആർ അവാർഡുകൾ വാരിക്കൂട്ടി. ഇതിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ കീരവാണിയും ‘പുഷ്‌പ’യിലൂടെ ദേവി ശ്രീ പ്രസാദും സംഗീത സംവിധായകനുള്ള പുരസ്‌കാരം പങ്കിട്ടു.

മറ്റ്‌ പുരസ്‌കാരങ്ങൾ–- ഗായിക: ശ്രേയാഘോഷാൽ (മായാവാ തൂയാവാ–- ഇരവിൻ നിഴൽ), ഗായകൻ: കാലാഭൈരവ (കൊമരംഭീമുഡോ –- ആർആർആർ), സഹനടൻ: പങ്കജ്‌ത്രിപാഠി (മിമി), സഹനടി: പല്ലവിജോഷി (കശ്‌മീർ ഫയൽസ്‌), ദേശീയോദ്‌ഗ്രഥന ചിത്രം: കശ്‌മീർ ഫയൽസ്‌, ജനപ്രിയ ചിത്രം: ആർആർആർ, എഡിറ്റിങ്: സഞ്‌ജയ്‌ലീലാബൻസാലി (ഗംഗുഭായ്‌ കത്ത്യാവാഡി), നൃത്തസംവിധാനം: പ്രേംരക്ഷിത്‌ (ആർആർആർ), സംഘട്ടനസംവിധാനം: കിങ്ങ്‌ സോളമൻ (ആർആർആർ). 2021ൽ സെൻസർ ചെയ്‌ത സിനിമകളാണ്‌ സംവിധായകൻ കേതൻമേഹ്‌ത അധ്യക്ഷനായ സമിതി പരിഗണിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top