29 March Friday

തിയറ്ററിൽ കാണേണ്ട സിനിമ: അദൃശ്യവൽകരണ രാഷ്‌‌ട്രീയത്തിൽ നഷ്‌ടമാകുന്ന പൂർണത

കെ എ നിധിൻ നാഥ്‌Updated: Sunday May 7, 2023

മലയാള സിനിമ കാണാൻ തിയറ്ററിൽ പ്രേക്ഷകർ എത്താത്ത പ്രതിസന്ധി പരിഹരിക്കാൻ ഒരു സിനിമ ആവശ്യമായിരുന്നു. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന സിനിമയിലൂടെ മാത്രമേ തിയറ്ററുകൾ നിറയുകയുള്ളുവെന്ന്‌ സിനിമാമേഖല ഒരുപോലെ പറഞ്ഞിരുന്നു. പക്ഷെ അത്തരം ശ്രേണിയിൽ രോമാഞ്ചത്തിനപ്പുറം ഈ വർഷം ഒരു മലയാള സിനിമ ഉണ്ടായില്ല.

ആ വിടവ്‌ പരിഹരിക്കാനും അതിലൂടെ മലയാള സിനിമാ വ്യവസായത്തെ ലിഫ്റ്റ്‌ ചെയ്യാൻ പറ്റുന്ന ഒരു പെർഫെക്‌റ്റ്‌ സിനിമയാണ്‌ 2018. കേരളത്തിൽ ജീവിച്ചവരും ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ജീവിക്കുന്ന മലയാളിയും കടന്ന്‌ പോയ പ്രതിസന്ധിയാണ്‌ 2018ലെ മഹാപ്രളയം. അത്‌ നമ്മൾ ഓരോരുത്തരുടെയും കഥയാണ്‌. അതിന്‌ അതിവൈകാരികതയുടെ തലം കൂടിയുണ്ട്‌. ഏറ്റവും എളുപ്പത്തിൽ മനുഷ്യനെ സ്‌പർശിക്കാനാകുക വൈകാരികതയ്‌ക്കാണ്‌. അതിനാൽ തന്നെ ആ സാധ്യതയെ പരമാവധി ഉപയോഗിച്ചാണ്‌ 2018ന്റെ കഥപറച്ചിൽ.

തിയറ്ററിനായി മാത്രം ഡിസൈൻ ചെയ്യപ്പെട്ട സിനിമ കൂടിയാണ്‌ 2018. വൗ മൊമ്മെന്റ്‌സ്‌ കൃത്യമായി പാക്കേജ്‌ ചെയ്‌ത്‌, അതിനൊപ്പം കഴിയാവുന്ന ഇടങ്ങളിലൊക്കെ വൈകാരികത സന്നിവേശിപ്പിച്ചാണ്‌ ഒരുക്കിയിട്ടുള്ളത്‌. ഒരു വർക്ക്‌ ഓഫ്‌ ആർട്‌ എന്ന നിലയിൽ കാഴ്‌ചക്കാരെ സിനിമ സന്തോഷിപ്പിക്കും.

മലയാള സിനിമാ വ്യവസായത്തിന്‌ തിരിച്ച്‌ പിടിക്കാൻ കഴിയുന്ന ബജറ്റിൽ ഒരുക്കിയ പടമെന്ന നിലയിൽ ഇതിന്റെ സാങ്കേതിക മേഖല കിടിലനാണ്‌. വിഎഫ്‌എക്‌സ്‌ ചെയ്യുന്നതിന്‌ ഇന്ന്‌ അനന്തമായ സാധ്യതയുണ്ട്‌. പക്ഷെ മലയാളം പോലെ ഒരു സിനിമാമേഖലയ്‌ക്ക്‌ വിലങ്ങുതടി ബജറ്റാണ്‌. സിനിമയ്‌ക്ക്‌ വിഎഫ്‌എക്‌സിൽ വലിയ സാധ്യതയുമുണ്ട്‌. ഈ സാധ്യതയെ മലയാള സിനിമയുടെ സാധാരണ ബജറ്റിൽ നിന്ന്‌ കൊണ്ട്‌ വലിയ ക്യാൻവാസിൽ ചെയ്യാൻ കഴിയില്ല.

ആ പോരായ്‌മയെ കൃത്യമായി മനസിലാക്കി, ആവശ്യമായ രീതിയിൽ കാഴ്‌ചയിൽ മോശം തോന്നിപ്പിക്കാതെ തന്നെ ഒരുക്കിയിട്ടുണ്ട്‌. ഈ പ്രതിസന്ധികളെ ഉഗ്രൻ ക്യാമറ വർക്കിലൂടെ മറികടക്കുന്നുണ്ട്‌. ഒപ്പം പ്രൊഡക്ഷൻ ടീമിന്റെ കാലം ഒരുക്കിയതിലും മികവ്‌ പുലർത്തുന്നുണ്ട്‌.

സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫിന്റെ സിനിമാ ഡിസൈൻ മികച്ചതാണ്‌. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമാജീവിതത്തിലെ ഏറ്റവും മികച്ച വർക്കാണിത്‌. തന്റെ സിനിമാശൈലിയെ അപ്പാടെ മാറ്റിപിടിച്ചാണ്‌ 2018 ഒരുക്കിയത്‌.

അഭിനേതാക്കളുടെ നല്ല പ്രകടനവും മലയാളിയുടെ മനസിൽ നിൽക്കുന്ന മഹാപ്രളയത്തിന്റെ കാഴ്‌ചകളുടെ പുനർസൃഷ്‌ടിയും സിനിമയെ സേഫ്‌ സോണിലേക്ക്‌ ഉയർത്തുന്നുണ്ട്‌.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, തൻവി റാം, ലാൽ, നരേൻ, സുധീഷ്, അജു വർഗീസ്, ശിവദ, വിനീതാ കോശി, ഗൗതമി നായർ തുടങ്ങി എല്ലാവരും നല്ല രീതിയിൽ കഥാപാത്രമായി മാറിയിട്ടുണ്ട്‌. അഖിൽ ജോർജിന്റെ ഛായാഗ്രഹണം എടുത്ത്‌ പറയേണ്ടതാണ്‌. പശ്ചാത്തല സംഗീതം ഉപയോഗിച്ച്‌ സിനിമയുടെ തീവ്രത ഉയർത്താമെന്ന സിനിമാറ്റിക്ക്‌ ചിന്ത ഇവിടെയും കാണാം. പക്ഷെ ചിലയിടങ്ങളിൽ അത്‌ കല്ല്‌കടിയാകുന്നുണ്ട്‌.

ഈ വർഷം ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ വിജയ സിനിമയായി 2018 മാറും. പക്ഷെ ഒരു ചരിത്ര ഡോക്യുമെന്റിന്‌ സമാനമായി നിൽക്കേണ്ട സിനിമയിൽ സത്യസന്ധത വളരെ പ്രധാനമാണ്‌. ആഷിക്‌ അബുവിന്റെ വൈറസ്‌ സ്വീകരിച്ചതിന്‌ സമാനമായ  രീതി തന്നെയാണ്‌ 2018ഉം സർക്കാർ സംവിധാനത്തെ അവതരിപ്പിക്കുന്നതിൽ സ്വീകരിച്ചത്‌. ഒരു ചരിത്ര ഡോക്യുമെന്റേഷന്‌ സമാനമായി നിൽക്കാൻ സാധ്യതയുള്ള ‘ഫിക്ഷൻ’ എന്ന നിലയിൽ അവതരണത്തിലെ ചില സൃഷ്‌ടികൾ വലിയ പോരായ്‌മയാണ്‌, അതിനപ്പുറം അപകടവുമാണ്‌.



ഡാം തുറന്ന്‌ വിട്ടത്‌ കൊണ്ടാണ്‌ പ്രളയമുണ്ടായത്‌ എന്ന അജൻഡ നിർമിതമായ വാട്‌സാപ്പ്‌ ഫോർവേഡ്‌ തന്റെ നിലപാടായി പ്രഖ്യാപിച്ചയാണ്‌ സംവിധായകൻ ജൂഡ്‌. എം എം മണി  മന്ത്രിയായപ്പോൾ വെറുതെ സ്‌കൂളിൽ പോയി എന്ന്‌ അധിക്ഷേപിച്ച ആളുമാണ്‌. ഈ രണ്ട്‌ നിലപാടുകൾ മതി ജൂഡിന്റെ രാഷ്‌ട്രീയം തിരിച്ചറിയാൻ. ഡാം തുറന്ന്‌ വിട്ടാണ്‌ പ്രളയമുണ്ടായത്‌ എന്ന നുണ ഇനിയും പറഞ്ഞാൽ കേരള ജനത തിരസ്‌കരിക്കുമെന്ന ഉറച്ച ബോധ്യമുള്ളത്‌ കൊണ്ടായിരിക്കണം അങ്ങനെ നേരിട്ട്‌ പറയാതെയിരുന്നത്‌.

വളച്ചൊടിക്കലും വ്യാജ പ്രചരണവും പോലെ തന്നെ അപകടമാണ്‌ അദൃശ്യവൽക്കരണവും തിരസ്‌കരണവും. മഹാപ്രളയത്തിലെ യഥാർഥ നായകർ കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്‌. എന്നാൽ സിനിമയിൽ അവതരിപ്പിച്ച പോലെ ഒരു പള്ളിലച്ചൻ വിളിച്ചത്‌ കൊണ്ട്‌ മാത്രം ഓടി വന്നവരല്ല അവർ. അവരെ വിളിച്ചവരിൽ ഈ നാടിന്റെ സർക്കാർ സംവിധാനം മുതൽ ഈ നാട്ടിലെ സാധാ മനുഷ്യർ വരെയുണ്ട്‌. അത്‌ കേട്ട്‌, പ്രതിസന്ധി തിരിച്ചറിഞ്ഞ്‌ എത്തിയതാണ്‌. പ്രളയകാലത്തെ യഥാർഥ ഹീറോ അവർ തന്നെയാണ്‌. അത്‌ കൊണ്ട്‌ തന്നെയാണല്ലോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ അവരെ കേരളത്തിന്റെ സൈന്യം എന്ന്‌ വിളിച്ചതും നാട്‌ അത്‌ ഏറ്റ്‌ വിളിച്ചതും. പക്ഷെ അത്‌ കേവലം സഭയുടെ അക്കൗണ്ടിൽ ചാർത്തികൊടുക്കേണ്ടതല്ല.



സിനിമ കണ്ടാൽ തോന്നുക, പ്രളയത്തെ നാട്‌ സ്വയം അതിജീവിച്ചതാണെന്നാണ്‌. നമ്മൾ ഒരുമിച്ച്‌ ഇറങ്ങുവല്ലേ എന്ന്‌ ചോദിച്ച്‌ പ്രതിപക്ഷ നേതാവിനെയടക്കം ഒപ്പം കൂട്ടി ഇറങ്ങിയ ഒരു മുഖ്യമന്ത്രിയുണ്ട്‌. പേര്‌ പിണറായി വിജയൻ, സിപിഐ എമ്മിന്റെ പിബി അംഗം. ഇതിന്റെ ഭാഗമായാണ്‌ പ്രളയ അതിജീവനവും പ്രളയാനന്ത പുനർനർമാണവുമെല്ലാം സാധ്യതമാക്കിയതിത്‌. 30 കൊല്ലം പിടിക്കും പഴയ കേരളമാക്കാൻ എന്ന്‌ പറഞ്ഞ ഇടത്താണ്‌ നാല്‌ കൊല്ലം പിന്നിടും മുമ്പ്‌ അതിലും ഉജ്വലമായ നവകേരളം ഉയർന്നത്‌. സിനിമയിലെ പോലെ നിസഹായനായ മുഖ്യമന്ത്രിയല്ല കേരളത്തിനുണ്ടായത്‌.

ചരിത്രത്തെ അദശ്യവൽക്കരിക്കരുത്‌. സർക്കാർ എന്ന ജനാധിപത്യ സംവിധാനമില്ലാത്ത ഉടോപ്യൻ കേരളമാണ്‌ ജൂഡ്‌ ചിത്രീകരിച്ചത്‌. പകച്ച്‌ നിൽക്കുന്ന ഉദ്യോഗസ്ഥരാണ്‌ സിനിമയിലേത്‌. അതല്ല എന്ന്‌ ആ നാളുകളിലെ ചാനലുകൾ എങ്കിലും നോക്കിയാൽ മതി. അതിരൂക്ഷമായ പ്രതിസന്ധിയെ കൃത്യമായ ഇടപെടലിലൂടെ മറികടക്കാൻ പ്രവർത്തിച്ചവരാണവർ. താഴേത്തട്ടിൽ മുതലുള്ള ഉദ്യോഗസ്ഥർ ക്രിയാത്മകമായി തന്നെ ഇടപെട്ടു. രാഷ്‌ട്രീയ അന്ധതയിൽ അവരെയും മറന്നാണ്‌ സിനിമ പോയത്‌. ദുരന്ത നിവാരണ അതോറിറ്റി മുതൽ ഓരോ ജില്ലകളിലും പ്രദേശത്തും  കൃത്യമായി കാര്യങ്ങൾ ഏകോപിപ്പിച്ച തദ്ദേശ ഭരണ സംവിധാനങ്ങൾ വരെ നീളുന്ന വലിയ സംവിധാനമുണ്ടായിരുന്നു.

പ്രളയകാലത്ത്‌ ലോകത്തിന്റെ മനസിൽ പതിഞ്ഞ ഫ്രെയിമുകളിൽ ഒന്ന്‌ കുത്തിയൊലിക്കുന്ന പുഴയ്‌ക്കുമീതെ ചെറുതോണി പാലത്തിലൂടെ കുട്ടിയെ കൊണ്ട്‌  ഓടി വരുന്ന പൊലീസ്‌ ഉദ്യോഗസ്ഥന്റെ  ദൃശ്യമാണ്‌. അതുപോലെ അനവധി രക്ഷാപ്രവർത്തനങ്ങളുണ്ട്‌. കേരള പോലീസ്, ഫയർ ഫോഴ്‌സ്, കെഎസ്‌ഇബി ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ, കേന്ദ്ര സേന, സന്നദ്ധ സംഘടനകൾ  തുടങ്ങി മന്ത്രിമാരും എംഎൽഎമാരടക്കം ഇറങ്ങിയാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. ഇവരൊന്നുമില്ലാത്ത ഒരു പ്രളയകാലത്തിന്റെ എന്ത്‌ കേരളാ സ്‌റ്റോറിയാണ്‌ പറയാനാകുക. അതിൽ എവിടെയാണ്‌ സത്യസന്ധത? കേരളത്തിലെ രാഷ്‌ട്രീയ പാർടികൾ, യുവജന സംഘടനകൾ, ക്ലബുകൾ തുടങ്ങി എത്ര പേർ, എത്ര സംവിധാനങ്ങൾ–- ഇതിനെയെല്ലാം ഏകോപിപ്പിച്ച്‌ കൊണ്ട്‌ പോയ ഇടത്‌പക്ഷ സർക്കാർ. അതിനെ അദൃശ്യവൽകരിച്ച്‌ എന്ത്‌ ചരിത്ര ഡോക്യൂമെന്റേഷനാണ്‌ സാധ്യതമാകുക.

‘എവരി വൺ ഈസ്‌ എ ഹീറോ’ എന്ന ടാഗ്‌ ലൈനിൽ വന്ന സിനിമയിൽ ‘പൊതു ബോധ’മായ സൈനിക ഹീറോവൽക്കരണവും നടത്തി കൈയ്യടി നേടാൻ ശ്രമിക്കുന്നുണ്ട്‌. ടോവിനോയുടെ ഭയം കൊണ്ട്‌ സൈന്യത്തിൽ നിന്ന്‌ ഓടി പോന്ന അനൂപിനെ മറ്റുള്ളവരിൽ നിന്ന്‌ കുറച്ച്‌ മുകളിലേക്ക്‌ നിർത്തുന്നത്‌ ഈ പൊതുബോധനിർമിതയുടെ ഭാഗമായാണ്‌. പ്രളയാനന്തരം സ്‌മാരകം നിർമിച്ചല്ല കേരളം പിന്നിട്ട കാലത്തെ ഓർമയിൽ സൂക്ഷിക്കുന്നത്‌. മറിച്ച്‌ പ്രളയം തകർത്ത ഇടങ്ങളെ വൃത്തിയാക്കാൻ കൈമെയ്‌ മറന്ന്‌ എത്തിയ മനുഷ്യരിലൂടെയും അതിന് ശേഷം നാടിനെ പുനർനിർമിച്ചുമാണ്‌. ആ മാനവികത കാണാതെ കേവലം സ്‌മാരകങ്ങളുടെ മറവിൽ ഒളിക്കുകയാണ്‌ സിനിമ. ആ മറവിയിൽ, മറച്ച്‌ വെക്കപ്പെടുന്നത്‌ കേരളത്തിൽ ഉയർത്തെഴുന്നേൽപ്പാണ്‌.


 
തമിഴർക്ക്‌ കേരളത്തിനോട്‌ വെറുപ്പാണെന്ന ഒരാവശ്യവുമില്ലാത്ത നരേറ്റീവ്‌ സൃഷ്‌ടിക്കുന്നത്‌ നിഷ്‌കളങ്കമല്ല. കേരളത്തിലെ പരിസ്ഥിതി സമരക്കാരോട്‌ പൂർണ യോജിപ്പൊന്നുമില്ല, പക്ഷെ അവർ വ്യവസായശാല ബോംബ്‌ വച്ച്‌ തകർക്കുന്ന ഭീകരരാണെന്ന്‌ പറയുന്നതിനെ എതിർക്കാൻ മാത്രമേ തരമുള്ളു. 2018ലെ പ്രളയം പറയുമ്പോൾ ഈ രണ്ട്‌ നരേറ്റീവുകൾ കുത്തിക്കേറ്റുന്നതെല്ലാം എന്തിനാണെന്ന്‌ എന്ന ചോദ്യവും ബാക്കി നിൽക്കും.

എല്ലാ അർഥത്തിലും മികച്ചതാക്കേണ്ട, മഹാപ്രളയത്തിന്റെ ഡോക്യൂമെന്റേഷന്‌ സമാനമായി നിൽക്കാൻ സാധ്യതയുണ്ടായിരുന്നു സിനിമാറ്റിക്ക്‌ സാധ്യത 2018ന്‌ ഉണ്ടായിരുന്നു. രാഷ്‌ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായുള്ള മറച്ചുവെക്കലിൽ അത്‌ നഷ്‌ടമായി. അതിനാൽ തന്നെ ഈ സിനിമ 2018ൽ കേരളം അതിജീവിച്ച പ്രളയത്തിന്റെ ഡോക്യുമെന്റാണെന്ന്‌ അവകാശപ്പെട്ടാൽ അത്‌ തെറ്റാണൈന്ന്‌ കേരളം സാക്ഷ്യം പറയും. കേരളത്തിന്റെ കഥയാണെന്ന അവകാശവാദം വിമർശിക്കപ്പെടും. എന്നിരുന്നാലും, ഈ വിമർശനങ്ങൾ നിലനിർത്തി കൊണ്ട്‌ തന്നെ തിയറ്റിൽ കാണേണ്ട സിനിമയാണ്‌ 2018.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top