29 May Monday
ഇന്ന് വായാനാദിനം

ഒരു പുസ്തകം സ്കൂളായി മാറുമ്പോൾ: ടോട്ടോചാന്‍; വായനാനുഭവം.

സുരേഷ് നാരായണന്‍Updated: Saturday Jun 19, 2021
 
"ചെറുപ്പകാലത്തു വായിച്ച
പുസ്തകം മറക്കുമോ 
മാനുഷനുള്ള കാലം"
എന്ന് തിരുത്തിപ്പാടാമെന്നു
തോന്നുന്നു.
 
ഇന്ന് ജൂൺ 19; വായനാദിനം.
 
ഷെൽഫിൽ പൊടിയണിഞ്ഞിരിക്കുന്ന
"അചുംബിതമായ" പുസ്തകങ്ങളുടെ  നീണ്ട നിരയിലേക്ക് ദീർഘനിശ്വാസത്തോടെ നോക്കുമ്പോൾ ടോട്ടോൻറെ ഓർമ്മകൾ മനസ്സിൽ വന്നു മുട്ടുന്നു;ശക്തമായിത്തന്നെ!
 
ഹൈസ്കൂൾ ക്ലാസിലാണ് ടോട്ടോചാനെ വായിക്കുന്നത്. "ടോട്ടോചാൻ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി" 
എന്ന അത്ഭുത പുസ്തകം.
 
ഒരു നുള്ളു ടോട്ടോച്ചാൻ മതി, 
ഏതു കുട്ടിക്കും
നൈരാശ്യത്തെ മറികടക്കാം!
കുഞ്ഞിക്കാലുകളും കൈകളും നാവുകളും പ്രവർത്തിപ്പിച്ചു തുടങ്ങാം !
 
മുടിപിന്നിയിട്ട സുന്ദരിക്ലാസ് ടീച്ചർ 
ഗൗരവത്തിൽ ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോ
'ഓയ്! എന്തെടുക്ക്വാ അവടെ!' 
എന്ന് പുറത്തുള്ള തൂക്കണാംകുരുവികളോട് ചോദിച്ചതിനുള്ള ശിക്ഷയായിട്ടാണ് കുഞ്ഞു ടോട്ടോ പകിട്ടും പത്രാസുമുള്ള 
ആ സ്കൂളിൽനിന്ന് തെറിച്ചത്.
 
അമ്മയുടെ ഒട്ടനവധി അന്വേഷണങ്ങൾക്കു ശേഷമാണവൾ കോഷയാഷി മാസ്റ്ററുടെ 'റ്റോമോ' സ്കൂളിൽ എത്തുന്നത്.
 
ആ സ്കൂൾ വിദ്യാഭ്യാസമാണ് വെറും ടോട്ടോചാനെ ലോകമറിയുന്ന തെത്സുകോ കുറേയാഗനി ആക്കി മാറ്റിയത്.
 
എന്തു വികൃതി കാണിച്ചാലും 
 'നോക്ക് ടോട്ടോചാൻ, നേരമായിട്ടും 
നീ ഒരു നല്ലകുട്ട്യാ'
എന്നുപറയുന്ന മാസ്റ്ററുടെ മന്ത്രികശിക്ഷണത്തിലൂടെയാണ് ടോട്ടോചാൻറെ പിന്നീടുള്ള വളർച്ച.
 
ഉപേക്ഷിക്കപ്പെട്ട തീവണ്ടി മുറികളിൽ കെട്ടിപ്പടുത്ത  'റ്റോമോ' സ്കൂൾ. അതിലൊരു ബോഗിയിൽ പുസ്തകങ്ങൾ മാത്രം!
 
'ലൈഫ് കോച്ച്' എന്ന വിശേഷങ്ങളൊക്കെ  നമ്മൾ അടുത്തകാലത്താണ് കേൾക്കാൻ തുടങ്ങിയത്.
പക്ഷേ ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ നമ്മളറിയുന്നു,
കോബയാഷി മാസ്റ്ററാണ് ലോകത്തെ ആദ്യ ലൈഫ് കോച്ച് എന്ന്.
 
ഭക്ഷണം പരസ്പരം പങ്കുവെച്ചു കഴിക്കണമെന്ന് വിരസമായി നിർദ്ദേശിക്കുന്നത് പകരം,
 
'എല്ലാവരും കടലിൽ നിന്നുള്ള പങ്കും മലമുകളിൽ നിന്നുള്ള പങ്കും കൊണ്ടുവരണം;എന്നിട്ട് കൈമാറണം'
എന്ന് പറയുമ്പോൾ
അനുസരിക്കുകയാണെന്ന് പോലും ഓർക്കാതെ കുട്ടികൾ ചെയ്തു പോകും.
 
ഏറ്റവും ഹൃദയസ്പർശിയായ രംഗം ഇതൊന്നുമല്ല;
രണ്ടാം ലോകമഹായുദ്ധത്തിന്റെ കൊടിയേറ്റം നടക്കുന്ന നിമിഷം;
ലോകത്തിനു തീപിടിച്ച കാലം.
 
കോബയാഷി മാസ്റ്റർ കുട്ടികളെ ഒരു സൈനികാശുപത്രിയിലേക്ക്
കൊണ്ടു പോവുകയാണ്
അവിടെ മുറിവേറ്റു കിടക്കുന്ന പട്ടാളക്കാരെ ആശ്വസിപ്പിക്കാൻ.
 
പരിപാടിയിക്കിടയിലാണ് ടോട്ടോ ഉത്സാഹപൂർവ്വം മാസ്റ്റർ പഠിപ്പിച്ചുതന്ന 
ആ കുട്ടിക്കവിത  പാടാൻ തുടങ്ങിയത്.
 
ആ സാഹചര്യത്തിൽ ഒട്ടും പാടരുതാത്ത പാട്ട്.
 
'ചവച്ചരച്ചിറക്കിടാം 
കഴിച്ചീടുന്നതൊക്കെയും 
ചവച്ചരച്ചു മെല്ലവേ 
ഇറച്ചി, ചോറു മീൻ കറീം!'
 
അതു പാടിക്കേട്ടപ്പോൾ
സമീപത്തു കിടന്നിരുന്ന പട്ടാളക്കാരൻറെ കണ്ണുകളിൽ നിന്നുതിർന്ന കണ്ണുനീർ അവളെ ഏറെക്കാലം  അസ്വസ്ഥയാക്കുന്നുണ്ട്.
 
കണ്ണുനീർ  പണിപ്പെട്ടു തുടച്ചുകൊണ്ടന്നയാൾ പറഞ്ഞു;
'നന്നായി കുട്ടീ ;നന്നായി പാടി.'
 
തകർച്ചക്കു മുമ്പുള്ള സമൃദ്ധിയുടെ അവസാന പാട്ട്.
 
ആയിരം യുദ്ധവിരുദ്ധക്ലാസുകളേക്കാൾ  മികച്ചതാണ് ഈയൊരവതരണം.
 
കൗമാരത്തുടക്കത്തിൽ ഈ പുസ്തകം വായിക്കുമ്പോൾ,
അല്ല, ഇതിലൂടെ നീന്തിക്കളിക്കുമ്പോൾ
ഇതിലെ സാങ്കേതികതയെ പറ്റി ഒന്നും ആലോചിച്ചിരുന്നേതയില്ല.
 
ഇപ്പോൾ അറിയുന്നു 
അൻവർഅലി എന്ന മഹാനായ  പരിഭാഷകനെ. അയാളുടെ നന്മയെ.
 
പ്രിയപ്പെട്ട തെസ്സുകോ,
പ്രിയപ്പെട്ട അൻവർ,
 
ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു!
ഞങ്ങൾ മാത്രമല്ല, വരും തലമുറകളും!

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top