03 December Sunday
ഏപ്രിൽ 23 ലോക പുസതകദിനം.

അധിനിവേശം സർഗാത്മകമാക്കിയ അറബ് നോവൽ സാഹിത്യം

സാം പൈനുംമൂട്Updated: Friday Apr 22, 2022

അറബ് ലോകത്തെ സർഗാത്മക സാഹിത്യകാരന്മാരുടെ സർഗ ഭൂമിയാണ് കുവൈറ്റ് , 1958 മുതൽ ' അറബി ' എന്ന  ആനുകാലിക പ്രസിദ്ധീകരണം അറബ് മേഖലയിൽ വ്യാപകമായി പ്രചരിക്കുന്നു. സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന കടന്നുകയറ്റത്തെ പ്രതിരോധിക്കുന്ന കരുത്തുറ്റ  രചനകളാണവയൊക്കെ, ലോക പുസ്തക ദിനത്തിൽ അറബ് സാഹിത്യത്തെ  ഉജ്വലമാക്കികൊണ്ടിരിക്കുന്ന ചില പ്രതിഭകളുടെ സൃഷ്ടികളെ പരിചയപ്പെടാം

അറബ് ലോകത്തിലെ സാഹിത്യ നവോത്ഥാന രംഗം പഠനാർഹമാണ്. ഉപജീവന മാർഗം തേടി പ്രവാസിയായി പതിറ്റാണ്ടുകൾ അറബ് ഭൂമികയിൽ കഴിഞ്ഞിട്ടും അറബ് സാഹിത്യവും അവരുടെ ഭാഷയും സംസ്കാരവും കലയും ഭക്ഷണക്രമവും ജീവിത വീക്ഷണവുമൊക്കെ മനസ്സിലാക്കാതെ  പ്രവാസ ജീവിതം അവസാനിപ്പിച്ച്  മടങ്ങുന്നത് നീതികരിക്കാവുന്നതല്ല. നാലു പതിറ്റാണ്ടായി പ്രവാസ ജീവിതത്തിലും സാംസ്കാരിക പ്രവർത്തനത്തിലും  എഴുത്തിലും അഭിരമിക്കുന്ന എന്നെ ചിന്തിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളാണിത്.

അറബ് ലോകത്തെ സർഗാത്മക സാഹിത്യകാരന്മാരുടെ സർഗ ഭൂമിയായിട്ടാണ് കുവൈറ്റ് അറിയപ്പെടുന്നത്.  1958 മുതൽ ഇവിടെ നിന്നും പ്രസിദ്ധീകരിക്കുന്ന ' അറബി ' എന്ന  ആനുകാലിക പ്രസിദ്ധീകരണം അറബ് മേഖലയിൽ വ്യാപകമായി പ്രചരിക്കുന്നു. അറബ് മണ്ണിൽ സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന കടന്നുകയറ്റത്തെ പ്രതിരോധിക്കുന്ന രചനകളാണ് ആധുനിക  അറബ് എഴുത്തുകാരുടെ കരുത്ത്!രാഷ്ട്രീയ  സാമൂഹിക യാഥാർത്ഥ്യങ്ങൾ പ്രതിഫലിക്കുന്നു സാഹിത്യ രചനകളിൽ!!!

സമ്പന്നമായ അറബി ഭാഷ സർഗാത്മക സാഹിത്യത്തിൻ്റെ വിളനിലമാണ്. വിശുദ്ധ ഖുറാനിൽ തുടങ്ങി ആയിരത്തൊന്നു രാവുകളിലൂടെ അനാദികാലം മുതൽ ഒമർ ഖയാമിലൂടെയും  ഖലീൽ ജിബ്രാനിലൂടെയും വികാസ പരിണാമങ്ങൾക്ക് സാക്ഷ്യം വഹിച്ച ആധുനിക അറബ് സാഹിത്യം ഉദാത്തമാണ്.നിരവധി പ്രതിഭാധനന്മാരായ എഴുത്തുകാരുടെ രചനകൾ കൊണ്ട് സമ്പന്നമായ അറബി സാഹിത്യം ഉന്നതവും ഉദാത്തവുമായ  ഒരു  പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നുണ്ട്. പരിഭാഷയുടെ ദൗർലഭ്യം മൂലം വിവിധ അറബ് രാഷ്ട്രങ്ങളിലെ കലയും സാഹിത്യവും  ഇപ്പോഴും നമ്മുടെ മുന്നിൽ പൂർണമായി വെളിപ്പെട്ടിട്ടില്ല.

1948 ലെ  ഇസ്രായേൽ സംസ്ഥാപനത്തെ തുടർന്ന്  ആട്ടിയോടിക്കപ്പെടുന്ന പലസ്തീൻ ജനതയുടെ കഥ കാവ്യാത്മകമായി അവതരിപ്പിക്കുന്ന നോവലാണ് സൂസൻ അബുൽ  ഹവയുടെ.'ജെനിനിലെ പ്രഭാതങ്ങൾ ' (Mornings  in Jenin)

1948 ലെ  നഖ്സ പാലായനദുരന്തവും ജെനിൻ അഭയാർത്ഥി ക്യാമ്പിലെ നരകതുല്യമായ ജീവിതവും  തുടർന്ന് 1967 ലെ ആറു ദിന യുദ്ധവും 1982 ലെ സബ്രാഷത്തിലെ കൂട്ടക്കൊലയും 2002 ലെ ജെനിൻ കൂട്ടക്കൊല വരെ നീളുന്ന ജീവിതങ്ങളാണ് നോവലിൻ്റെ ഇതിവൃത്തം.
നാലു തലമുറകളിലൂടെ അബുൽ ഹേജ കുടുംബത്തെ   പശ്ചാത്തലമാക്കി കഥ പറയുമ്പോഴും സംഘർഷത്തിൻ്റെ വിരുദ്ധ ധ്രുവങ്ങൾ ഹൃദ്യമായി നോവലിസ്റ്റ് അവതരിപ്പിക്കുന്നു. 1967 ലെ യുദ്ധത്തിൽ  അഭയാർത്ഥികളാക്കപ്പെട്ട ദമ്പതികൾക്കു പിറന്ന സൂസൻ തൻ്റെ തകർന്ന പ്രവാസ ജീവിതാനുഭവങ്ങൾ  വിവരിച്ചിരിക്കുന്നു.പിറന്ന മണ്ണായ പലസ്തീനിൽ അഭയാർത്ഥികൾ ആവുകയെന്നത് ദുരന്തകഥയാണ്. കിടപ്പാടം ഉപേക്ഷിച്ച് പാലായനം ചെയ്യുന്ന പലസ്തീൻ ജനത, അവർ ചരിത്രത്തിൽ നിന്നും ബഹിഷ്കൃതരാകുന്ന നോവൽ വായന ഹൃദയ ഭേദകമാണ്.

1970 ൽ കുവൈറ്റിൽ ജനിച്ച സൂസൻ അബുൽ ഹവ സ്ഥിരതാമസമാക്കിയിരിക്കുന്നത്  പെനിസിൽവാനിയയിലാണ്.
2015ൽ  പ്രസിദ്ധീകരിച്ച ഈ പലസ്തീൻകാരിയുടെ 'ദി  ബ്ലൂ ബിറ്റ് വീൻ സ്കെ ആൻ്റെ വാട്ടർ ' (The Blue Between  Sky and Water) നിരവധി ഭാഷകളിൽ  വിവർത്തനം ചെയ്യപ്പെടുകയും ശ്രദ്ധേയമാകുകയും ചെയ്തു!  നാലു തലമുറകളിൽപ്പെട്ട പലസ്തീൻ സ്ത്രീകൾ ഗാസയിൽ അഭയാർത്ഥി ക്യാമ്പുകളിൽ അനുഭവിക്കുന്ന ദുരിതജീവിതമാണ് നോവലിൻ്റെ ഇതിവൃത്തം.  എഴുത്തുകാരി  എന്നതിനൊപ്പം ആക്ടിവിസ്റ്റ് എന്ന നിലയിലും അറബ് ലോകത്ത് സചേതനമാണ് സൂസൻ അബുൽ ഹവ.

പലസ്തിൻ നോവലിസ്റ്റ് റബായ് അൽ  മദ്ഹൂൻ രചിച്ച ശ്രദ്ധേയമായ നോവലാണ് ' ദി ലേഡി ഫ്രം ടെൽ അവീവ് '. (The Lady from Telaviv) പലസ്തീനിൽ 1948 ൽ സംഭവിച്ച ഇസ്രായേലി അധിനിവേശത്തിൻ്റെ ഫലമായി കുടിയിറക്കപ്പെട്ട അഭയാർത്ഥി സംഘത്തിലെ അംഗമാണ് നോവലിസ്റ്റ്. മദ്ഹൂൻ്റെ പതിമൂന്നാമത്തെ വയസ്സിൽ അഭയാർത്ഥി ക്യാമ്പിലിരുന്ന് 250 ആളുകളെ  കൂട്ടക്കുരുതി നടത്തുന്നത് നേരിൽ കണ്ട ജീവിതാനുഭവത്തിന്  ഉടമ.

1967ൽ നടന്ന 6 ദിന യുദ്ധത്തിനു മുമ്പ് ഉപരിപഠനത്തിനായി  ഈജിപ്റ്റിലേക്കും തുടർന്നുള്ള പലായനത്തിൻ്റെ നാളുകളിൽ സിറിയ, ഇറാഖ്, ലബനോൻ, സൈപ്രസ്,  മോസ്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഒടുവിൽ 1993 ൽ ലണ്ടനിൽ സ്ഥിരതാമസമാക്കി.
പലായനവും പ്രവാസവും അനുഭവിക്കേണ്ടി വന്ന എഴുത്തുകാരിൽ പ്രമുഖനാണ് മദ്ഹൂൻ. അദ്ദേഹത്തിൻ്റെ പ്രവാസ ജീവിതത്തിൻ്റെ അനുഭവങ്ങളെയും ജന്മദേശവുമായി പ്രവാസികൾ പുലർത്തുന്ന സങ്കീർണമായ ബന്ധങ്ങളെയും ആവിഷ്കരിക്കുന്ന കൃതിയാണ് 'ദി ലേഡി ഫ്രം ടെൽ അവീവ് '.

തുർകി അൽ ഹമാദ്  , യൂസഫ് അബ്ദുറഹ്മാൻ മുനിഫ്  , ലൈല അൽ ജു ഹാനി  , റജാ അൽ സനാഹ് എന്നിവർ അറബ് സാഹിത്യ ലോകത്തെ സൗദി അറേബ്യൻ എഴുത്തുകാരിൽ പ്രമുഖരാണ്. സൗദി അറേബ്യയിലെ സാമൂഹിക രംഗം  , എണ്ണയിൽ നിന്നുള്ള  സമ്പന്നത  ,  ഗൾഫ് യുദ്ധങ്ങൾ  , 2001 സെപ്റ്റംബർ 11 ൻ്റെ സംഭവ വികാസങ്ങൾ എന്നിവ സൗദി അറേബ്യൻ സമൂഹത്തിലെ പരിണാമങ്ങൾ ത്വരിതപ്പെടുത്തിയ ഘടകങ്ങളാണ്. ആധുനിക വിദ്യാഭ്യാസം, മാധ്യമ സ്വാധീനം,  പാശ്ചാത്യ രാജ്യങ്ങളുമായുള്ള സമ്പർക്കം  എന്നിവയും  നിർണായകമാണ്.


സൗദി നോവലിസ്റ്റ് റജാ അൽ സനാഹ് രചിച്ച  ' റിയാദിലെ പെൺകുട്ടികൾ ' (Girls of Riyadh ) എന്ന നോവൽ ഗോത്ര വംശ സംസകാരത്തിൻ്റെ തായ് വഴികളിൽ നിന്നു വരുന്ന ഗംരാഹ്  , സദീം, ലമീസ്,  മിഷേലി എന്നീ നാലു പെൺകുട്ടികളുടെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്. കുവൈറ്റ്കാരിയും  ഗവൺമെൻ്റ  സ്കൂൾ ഉദ്യാഗസ്ഥയുമായ  ഉമ്മുമായി ഈ യുവമിഥുനങ്ങൾക്ക് സമ്മേളിക്കാൻ  ഇടം നൽകുന്നു. സൗദി സമൂഹത്തിലെ യുവ തലമുറയിൽ പെട്ട പെൺകുട്ടികൾ പറയുന്നതു കേട്ടാലും  : 'ദൈവമെ ഞങ്ങൾ റിയാദിലെ പെൺകുട്ടികൾക്ക് പലതും നിഷിദ്ധമാണ്. പ്രണയം എന്ന ആഗ്രഹം കൂടി ഞങ്ങൾക്ക് നിഷേധിക്കല്ലെ ' !

ലബനീസ് തടവറകളിൽ രാഷ്ട്രീയ തടവുകാർക്കും ഒളിപ്പോരാളികൾക്കും അനുഭവിക്കേണ്ടി വരുന്ന ദണ്ഡനമുറകളും ദുരന്തങ്ങളും അനുഭവവേദ്യമാക്കുന്ന നോവലാണ് ലബനീസ് നോവലിസ്റ്റ് എല്ല്യാസ് ഖൗറിയുടെ 'യാലോ '.(Yalo) എന്ന കൃതി. പലസ്തീനെപ്പോലെ ലബനോൻ്റെ സമകാലികവസ്ഥയും  അശാന്തിയുടേതാണ്. ആഭ്യന്തര സംഘർഷമാണ് മുഖ്യ കാരണം. ഇതാണ് നോവലിൻ്റെ ഇതിവൃത്തം.1975 ൽ ലബനോനിൽ ആഭ്യന്തര കലാപം പൊട്ടി പുറപ്പെട്ടതിനെ തുടർന്ന് പാരിസിലേക്ക് കുടിയേറിയ പ്രവാസിയാണ്  അമീൻ മാലൂഫ്‌. 
ആഭ്യന്തര യുദ്ധകെടുതിയിൽ പ്രവാസ ജീവിതത്തിൻ്റെ തീഷ്ണാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന നോവലാണ് ' ബാൽത്തസാഴ്സ്  ഒഡീസി ' എന്ന കൃതി.

' ഇതാ സമ്പന്നമായ അറബ് സാഹിത്യ ഭൂമികയിലേക്ക് ഞാൻ ഒരു ജനൽ തുറന്നിട്ടിരിക്കുന്നു. ഇതിലെ വിസ്മയക്കാഴ്ചകൾ ഇനിയും ലോകം മുഴുവൻ ആസ്വദിക്കട്ടെ. 2019 ലെ ബുക്കർ പ്രൈസ് ജേതാവായജോഖ അൽഹാർതിയുടെ (Jokha Alharthi ) വാക്കുകളാണിത്. അറബ് സാഹിത്യത്തിന് ബുക്കർ പ്രൈസ്  ലഭിച്ച പ്രഥമ എഴുത്തുകാരിയാണ് ഈ ഒമാൻ സ്വദേശിനി.

മൂന്നു സഹോദരിമാരുടെ ജീവിത കഥ പറഞ്ഞുകൊണ്ട്  ഒമാൻ എന്ന രാജ്യം കടന്നുപോയ ഒരു ഇരുണ്ട കാലഘത്തിൻ്റെ യഥാതഥമായ ചരിത്ര യാഥാർത്ഥ്യങ്ങൾ അവർ വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുകയാണ് ' സെലസ്റ്റിയൽ ബോഡീസ് ( Celestial Bodies ) എന്ന നോവലിലൂടെ.അടിമവ്യാപാരം പോലെയുള്ള തിന്മകൾ നിറഞ്ഞ  പരമ്പരാഗത സാമൂഹ്യ ജീവിതത്തിൽ നിന്നും  ആധുനികതയുടെയും പുരോഗതിയുടെയും പാതയിലേക്കുള്ള തൻ്റെ രാജ്യത്തിൻ്റെ പരിവർത്തനം ഈ നോവലിനെ ഹൃദയസ്പർശിയാക്കുന്നു. തത്വശാസ്ത്രത്തിൻ്റെയും മനശാസ്ത്രത്തിൻ്റെയും കവിതകളുടെയും അടുരുകൾക്കിടയിലൂടെ നോവലിലേക്കു വികസിക്കുന്ന രചനാ തന്ത്രം അനന്യമാണ്.
അൽഹാർതി

അൽഹാർതികുവൈറ്റിലെ പത്രപ്രവർത്തകൻ Saud Al - Sanousi  നോവലിസ്റ്റ്  എന്ന നിലയിൽ പ്രസിദ്ധനാണ്. '  The Priടoner of Mirrors' എന്ന കൃതി International prize for Arabic fiction ന് അർഹമായിട്ടുണ്ട്. Al- Qabas  ദിനപ്പത്രത്തിൽ ആനുകാലിക വിഷയങ്ങളിലും സജീവമാണ്. കുവൈറ്റിലെ എഴുത്തുകാരിൽ അറബ് സാഹിത്യ ലോകം അംഗീകരിച്ച പ്രഥമ നോവലിസ്റ്റാണ്  ഇസ്മയിൽ ഫഹദ് ഇസ്മയിൽ.20 നോവലുകളും നിരവധി ചെറുകഥകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുവൈറ്റിലെ പ്രമുഖ നോവലിസ്റ്റാണ്  താലിബ് അൽ  റിഫാ.  അദ്ദേഹം ലോകം ശ്രദ്ധിച്ച എഴുത്തിലൂടെ അറബ്  സംസ്കാരം പാശ്ചാത്യ ലോകത്തിൽ പ്രചാരിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരനാണ്  . സർഗാത്മക സാഹിത്യം നന്നായി  എഴുതിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കൃതിയ്കൾ ഇംഗ്ലീഷ്  , ഫ്റ്ഞ്ച്  , ജർമ്മൻ ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. The shade of the Sun, Petty Thefts, The Dress  എന്നിവയാണ് പ്രധാന നോവലുകൾ. നിരവധി ചെറുകഥകളും  എഴുതിയിട്ടുള്ള താലിബ്  അൽ റിഫായിയെ  ലോകസാഹിത്യത്തിന് നൽകിയ സംഭാവനകളെ മാനിച്ച് നാൽപതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ സാംസ്കാരിക വ്യക്തിമായി തിരഞ്ഞെടുത്തിരുന്നു 2021 നവംബറിൽ! തയ്ബാ അൽ ഇബ്രാഹീം എന്ന വനിതയാണ് പ്രഥമ സയൻസ് ഫിക്ഷൻ എഴുതിയ കുവൈറ്റി എഴുത്തുകാരി.ലൈല അൽ  ഓത്ത്മാനും കുവൈറ്റിലെ പ്രമുഖ എഴുത്തകാരിയാണ്.  ഡോ. നജ്മ ഇഡ്രീസ് കുവൈറ്റിലെ പ്രമുഖ കവിയത്രിയാണ്.
ഫാത്തിമ യൂസഫ് അലി പത്രപ്രവർത്തക 
ഫാത്തിമ യൂസഫ് അലി

ഫാത്തിമ യൂസഫ് അലി

, കഥാകൃത്ത് എന്ന നിലയിലും പ്രശസ്തയാണ്.സാഹിത്യത്തിൽ മഹാകൃതികളുടെ സംഭാവന കുവൈറ്റിൽ നിന്നും ഉണ്ടായിട്ടില്ലെങ്കിലും ഇംഗ്ലീഷ്  ,  ഫ്രഞ്ച് സാഹിത്യത്തിൻ്റെ സ്വാധീനം കുവൈറ്റീ എഴുത്തുകാരിൽ പ്രകടമാണ്.

പ്രവാസം, കുടിയേറ്റം, കുടിയിറക്കൽ, കുടുംബ സംഗമം, പൈതൃകം, റൊമാൻസ്, യുദ്ധം, ഭീകരത, സാംസകാരിക അന്തരങ്ങൾ,  സൗഹൃദങ്ങൾ, അധിനിവേശങ്ങൾ തുടങ്ങിയ നിരവധി രാഷ്ട്രീയ  സാംസ്കാരിക മാനങ്ങളിലേക്ക് വികസിക്കുന്ന  അറബ് നോവൽ സാഹിത്യം സമകാലിക പ്രസക്തമാണ്. 1988 ൽ  ഈജിപ്ഷ്യൻ നോവലിസ്റ്റ് Nagulb Mahfuz ൻ്റെ '  Cairo Trilogy  ' എന്ന നോവലിന് നോബൽ സമ്മാനം നൽകി അറബ് സാഹിത്യത്തെ  ലോകം ആദരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top