29 March Friday

വാക്കുകളിലെ സാമൂഹികാവിഷ്‌കാരം

പി എസ്‌ ശ്രീകലUpdated: Sunday Mar 13, 2022

ആത്മകഥ പൊതുവിൽ വ്യക്ത്യധിഷ്‌ഠിതമാണ്. കുറച്ചുകൂടി തെളിച്ചുപറഞ്ഞാൽ ആത്മനിഷ്‌ഠമാണത്. എല്ലാ ആവിഷ്‌കാരങ്ങളിലും ആത്മനിഷ്‌ഠത സ്വാഭാവികം. അതിനെ ബോധപൂർവം മറികടന്ന് വസ്‌തുനിഷ്‌ഠതയ്‌ക്ക്‌ ഊന്നൽ നൽകുമ്പോഴാണ് ഏതൊരാവിഷ്‌കാരവും സാമൂഹികമാകുന്നത്.

ആത്മകഥയിൽ ഈ മറികടക്കൽ ശ്രമകരമാണ്. അപ്പോഴും വ്യക്തിയുടെ സാമൂഹിക അസ്‌തിത്വത്തെക്കുറിച്ച് അത്രമേൽ ബോധ്യമുള്ള ഒരാൾക്കു മാത്രമേ അത്‌ സാധ്യമാവൂ. വിരളമായ അത്തരം രചനകളിൽപ്പെടുന്ന ആത്മകഥയാണ് സി പി അബൂബക്കറിന്റെ  ‘വാക്കുകൾ.'

ദീർഘകാലം സർക്കാർ കോളേജ് അധ്യാപകനും അധ്യാപക സംഘടനയുടെ നേതാവുമായിരുന്നു അബൂബക്കർ മാഷ്‌. എസ്‌എഫ്‌ഐയുടെ പ്രാരംഭകാല നേതാക്കളിൽ ഒരാൾ. ആ നിലകളിലേക്ക് അദ്ദേഹം എത്തിപ്പെട്ടതിന്റെ കുടുംബപരവും സാമൂഹികവുമായ സാഹചര്യങ്ങളെ ചരിത്രപരമായി രേഖപ്പെടുത്തുന്നു ഈ ആത്മകഥ.

 "ഓരോ ജീവിതവും ആത്യന്തികമായി എന്താണാശിക്കുന്നത്? നമ്മുടെ ജീവിതത്തിൽനിന്ന് വരുംതലമുറ ഒരു തരി ഉപ്പ് കണ്ടെടുക്കണം എന്നല്ലേ?’ ഇതാണ് ആ സവിശേഷതയുടെ കാതൽ. തന്റെ ജീവിതത്തിൽനിന്ന് വരുംതലമുറയ്‌ക്ക്‌ മാഷ് സമ്മാനിക്കുന്ന ലവണമാണ് ‘വാക്കുകൾ'.

ജനിച്ചു വളർന്ന മേപ്പയ്യൂരിന്റെയും വളർച്ചയുടെ പലഘട്ടങ്ങളിൽ സഞ്ചരിക്കേണ്ടിവന്നതോ ജീവിക്കേണ്ടിവന്നതോ ആയ പ്രദേശങ്ങളുടെയും ചരിത്രവുമുണ്ടിതിൽ. അങ്ങനെ മലയാളത്തിൽ, അഥവാ ചരിത്ര രചനയിൽ ഇന്നും പോരായ്‌മയായി നിലകൊള്ളുന്ന പ്രാദേശിക ചരിത്രംകൂടി ഈ കൃതിയിൽ അടയാളപ്പെടുന്നു. ഓരോ പ്രദേശത്തിന്റെയും ചരിത്രം ബോധപൂർവം മറച്ചുവയ്‌ക്കപ്പെടുന്നു എന്ന് മാഷ് തന്നെ സൂചിപ്പിക്കുന്നുണ്ട്. ബോധപൂർവം അവയെ അനാവരണം ചെയ്യാൻ മാഷ് സന്നദ്ധനാവുന്നു.

ഈ ‘മാഷ്' എന്ന പേര് "ഒരിക്കൽ പതിഞ്ഞാൽ മായ്ച്ചുകളയാനാവാത്തതാണ്" എന്ന് അദ്ദേഹം എഴുതുന്നത് ഇവിടെ ഓർത്തുപോകുന്നു.

ജനിച്ച ദേശവും അവിടത്തെ സംസ്‌കാരവും വ്യക്തിയെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നതിനു സ്വയം വിശദീകരണം നൽകുന്നുണ്ട്. കുഗ്രാമത്തിലാണ് ജനിച്ചു വളർന്നതെന്നും അവിടത്തെ ഭൂമിക്കും പ്രകൃതിക്കുമൊത്ത വലിപ്പമേ മനുഷ്യനുമുള്ളൂ എന്നും അദ്ദേഹം സ്ഥാപിക്കുന്നു. അവിടെ നിലനിന്നതും അവിടെനിന്ന് പഠിച്ചതുമായ വിഷയങ്ങളിൽ ഒരൊറ്റ പേരേ ഉണ്ടായിരുന്നുള്ളൂ, "സ്‌നേഹം’.

എത്രയോ സങ്കീർണമായ അനുഭവങ്ങൾ, സംഘർഷം നിറഞ്ഞ സന്ദർഭങ്ങൾ, വിദ്യാഭ്യാസത്തിന്റെ തുടർച്ചകളും ഇടർച്ചകളും, രാഷ്‌ട്രീയപ്രവർത്തനത്തിന്റെ ബോധപൂർവവും യാദൃച്ഛികവുമായ സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം വായിക്കുന്നവരെ തുടർ വായനയ്‌ക്ക്‌ പ്രേരിപ്പിക്കുംവിധമാണ്‌ ആഖ്യാനം.

അന്ധവിശ്വാസങ്ങൾ സ്വന്തം ജീവിതത്തിലൂടെ പൊളിച്ചുമാറ്റാൻ നടത്തിയ ശ്രമങ്ങൾ മാഷ് വിവരിക്കുന്നുണ്ട്. ഉദാഹരണമായി നാടകാഭിനയം. അത്‌ ഇസ്ലാമിന് ഹറാം ആണെന്ന് വിശ്വസിച്ചിരുന്ന കാലത്താണ്  അഭിനേതാവായി അരങ്ങിൽ എത്തുന്നത്. എതിർപ്പു നേരിട്ടുകൊണ്ടുതന്നെ മുന്നോട്ടുപോയി.മുഴുവൻ സമയം രാഷ്ട്രീയ പ്രവർത്തകനായിരുന്നപ്പോഴും കോളേജ് അധ്യാപകനായിരുന്നപ്പോഴും അത്‌ ഉപേക്ഷിച്ചില്ല.

ആലപ്പുഴയിൽ എത്തിപ്പെട്ടത്തോടെ ആരംഭിക്കുന്ന രാഷ്ട്രീയ ബന്ധം രാഷ്ട്രീയ ബോധമായും വർഗ ബോധമായും വളരുന്നതിന്റെ ക്രമാനുഗതമായ വിവരണം പുസ്‌തകത്തിൽ ഉണ്ട്. കേരളത്തിലെ ഒരു നിർണായക രാഷ്‌ട്രീയഘട്ടത്തിൽ നിലമ്പൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിച്ച അനുഭവം ഉൾപ്പെടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രംകൂടിയാകുന്നുണ്ട് ഈ പുസ്‌തകം.

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകാൻ ഒരിക്കൽ തീരുമാനിച്ച മാഷ് ജീവിത സാഹചര്യങ്ങളാൽ സർക്കാർ കോളേജ് അധ്യാപകനായി മാറുന്നതും ആ രംഗത്തെ സംഘടനാ നേതാവായി ഉയരുന്നതും ഇതിൽ വായിച്ചറിയാം. കവി, ചരിത്രകാരൻ, നോവലിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന അദ്ദേഹം ഈ പ്രവർത്തനമെല്ലാം രാഷ്ട്രീയ പ്രവർത്തനമായിത്തന്നെ കാണുന്നു. അതൊരർഥത്തിൽ ശരിയാണുതാനും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top