10 June Saturday

മരുഭൂമിയിലെ അക്ഷരവസന്തം

ബെന്യാമിന്‍Updated: Sunday Nov 20, 2016

ഷാര്‍ജയിലെ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തിയതായിരുന്നു ഞാന്‍. ഇക്കുറി പ്രവാസത്തെക്കുറിച്ചുള്ള സംവാദത്തിലാണ് എനിക്ക്
പങ്കെടുക്കേണ്ടിയിരുന്നത്. അതിനുശേഷം ഒരു യാത്ര. പുറംലോകം
എംപ്റ്റി ക്വാര്‍ട്ടറെന്നും അറബുകള്‍ റൂബ് അല്‍ ഖാലിയെന്നും
വിളിക്കുന്ന മരുഭൂമിയുടെ കാഴ്ചകളിലേക്ക്. ശരിയായ അര്‍ഥത്തില്‍
മരുഭൂമിയിലേക്കുള്ള എന്റെ ആദ്യസഞ്ചാരം


അങ്ങനെ നീണ്ടുനീണ്ടു കിടക്കുകയാണ് റൂബ് അല്‍ ഖാലി! ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മരുഭൂമി. കണ്ണുമാത്രമല്ല, മനസ്സുമെത്തില്ല റൂബ് അല്‍ ഖാലിയുടെ അതിരുകളില്‍.

ഏതാനും ദിവസങ്ങള്‍മുമ്പ് ഷാര്‍ജയിലെ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തിയതായിരുന്നു ഞാന്‍. ഇക്കുറി പ്രവാസത്തെക്കുറിച്ചുള്ള സംവാദത്തിലാണ് എനിക്ക് പങ്കെടുക്കേണ്ടിയിരുന്നത്. അതിനുശേഷം ഒരു യാത്ര. പുറംലോകം എംപ്റ്റി ക്വാര്‍ട്ടറെന്നും അറബുകള്‍ റൂബ് അല്‍ ഖാലിയെന്നും വിളിക്കുന്ന മരുഭൂമിയുടെ കാഴ്ചകളിലേക്ക്. ശരിയായ അര്‍ഥത്തില്‍ മരുഭൂമിയിലേക്കുള്ള എന്റെ ആദ്യസഞ്ചാരം. ആട് ജീവിതമെഴുതുമ്പോള്‍ ഞാന്‍ മരുഭൂമി കണ്ടിട്ടുണ്ടായിരുന്നില്ല. കേട്ടറിഞ്ഞും ഭാവനയില്‍ കണ്ടുമാണ് അതില്‍ മരുഭൂമിയെന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. പക്ഷേ, അതില്‍ പറഞ്ഞുവയ്ക്കുംപോലെ, മരുഭൂമി ശരിക്കും ഒരു കാടാണ്! വന്യമായ സൌന്ദര്യം!

അവസാനമില്ലെന്ന് തോന്നിക്കുംവിധം മണല്‍ക്കൂനകള്‍, ഓടിപ്പോകുന്ന മാനുകള്‍, സ്വതന്ത്രമായലയുന്ന ഒട്ടകങ്ങള്‍, ഇഴഞ്ഞുനീങ്ങുന്ന പല്ലികള്‍, അകലെയൊരു മരുപ്പച്ച, സായന്തനത്തില്‍ മേഘങ്ങളില്ലാത്ത ആകാശത്ത് അസാധാരണ വലുപ്പത്തില്‍ ചുവന്നുതുടുത്ത സൂര്യന്‍...

ഈ ലാവണ്യത്തിനുള്ളില്‍ പതിയിരിക്കുന്ന അപകടങ്ങളുണ്ട്. സൌദിഅറേബ്യമുഴുവന്‍ കടന്ന് പല രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്കുപോകുന്ന എംപ്റ്റി ക്വാര്‍ട്ടറില്‍ നഷ്ടപ്പെട്ടുപോയവര്‍ അനവധി. ഈ മരുഭൂമി കുറുകെ കടന്ന് മറ്റേ അറ്റത്തെത്തിയ അതിസാഹസികരുടെ കഥകളുമുണ്ട്.

റൂബ് അല്‍ ഖാലിക്കുള്ളില്‍ നില്‍ക്കുമ്പോള്‍, ജീവിതത്തിന്റെ ഒട്ടകപ്പുറത്ത് മണല്‍ക്കാറ്റിനെ കൂസാതെ സഞ്ചരിച്ച ആദ്യകാല പ്രവാസികളെ ഞാന്‍ ഓര്‍ത്തു. നമ്മുടെ കേരളത്തിന് 60 വയസ്സായി. ഇക്കാലത്തിനിടെ 'മലയാളികളുടെ മാതൃഭൂമി'യെ പുതുക്കിപ്പണിയുമ്പോള്‍ ചാന്ത് കൂട്ടിയത് പ്രവാസിയുടെ കണ്ണീരിലും വിയര്‍പ്പിലുമാണല്ലോ. 1950കളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഒട്ടേറെ മലയാളികള്‍ പോയിരുന്നു. എഴുപതുകള്‍ക്കുശേഷം ഗള്‍ഫ് മുഖ്യലക്ഷ്യമായി. ഇപ്പോള്‍ അത് അസ്തമിച്ചുതുടങ്ങിയെന്ന തോന്നല്‍ ശക്തമായതോടെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വീണ്ടും ശ്രദ്ധപതിഞ്ഞുതുടങ്ങി.

ദുബായ് കഴിഞ്ഞാല്‍ ഏറ്റവുമധികം മലയാളി അക്കൌണ്ടന്റുമാരുള്ളത് മൊസാംബിക്കിലാണത്രേ! ആദ്യകാലത്ത് അധ്യാപകരായാണ് മലയാളികള്‍ ദക്ഷിണാഫ്രിക്കയിലും മറ്റും എത്തിയത്. ഇന്നങ്ങനെയല്ല. നിരവധിപേര്‍ അത്തരമിടങ്ങളില്‍ ഒറ്റയ്ക്കും കൂട്ടായും വന്‍തോതില്‍ കൃഷിയും കച്ചവടങ്ങളും ആരംഭിച്ചിരിക്കുന്നു. വന്‍കിട കോഴിഫാമുകളില്‍ പലതും മലയാളികളുടേതാണ്. ബാങ്കിങ്, ഖനനം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലുമുണ്ട് ശക്തമായ മലയാളിസാന്നിധ്യം.

ഒരുകാലത്ത് മലയാളസാഹിത്യത്തിന്റെ ഏറ്റവും വലിയ പുറംകേന്ദ്രം ഡല്‍ഹിയായിരുന്നു. ഒ വി വിജയന്‍, മുകുന്ദന്‍, കാക്കനാടന്‍, സക്കറിയ തുടങ്ങി എഴുത്തുകാരുടെ വലിയ സംഘം അവിടെയാണ് ചേക്കേറിയിരുന്നത്. ആ സ്ഥാനം ഇന്ന് ഷാര്‍ജയ്ക്കാണോ എന്ന് പുസ്തകോത്സവവേദിയില്‍ നില്‍ക്കുമ്പോള്‍ തോന്നി. അമ്പതോളം പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങള്‍ അവിടെ പ്രകാശനംചെയ്തു. മലയാളത്തിലെ ഒട്ടേറെ പ്രമുഖ എഴുത്തുകാര്‍ അവിടെയെത്തി, സംവാദങ്ങളില്‍ പങ്കുകൊണ്ടു. അറബ് ജനത സാഹിത്യവായനയിലേക്ക് ആകൃഷ്ടരാകുന്നതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ ഷാര്‍ജ പുസ്തകോത്സവം നല്‍കുന്നു.

ഈജിപ്ത്, സിറിയ, ലബനന്‍ തുടങ്ങി പല രാജ്യങ്ങളില്‍നിന്നുള്ളവര്‍ പുസ്തകോത്സവത്തിനെത്തി. അവര്‍ നിരവധി പുസ്തകങ്ങള്‍ വാങ്ങുന്നതും കാണാമായിരുന്നു.

ഷാര്‍ജയില്‍നിന്ന് വാങ്ങിയ പുസ്തകങ്ങളില്‍ എനിക്ക് വളരെ താല്‍പ്പര്യം തോന്നിയ ഒന്ന് പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരനായ യൂസുഫ് സെയ്ദാലിന്റെ 'അസാസില്‍' ആണ്. അഞ്ചാം നൂറ്റാണ്ടില്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉടലെടുത്ത വലിയ വിശ്വാസത്തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ അസാസിന്‍ അന്താരാഷ്ട്രതലത്തില്‍ നേരത്തെതന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 'അറബ് ബുക്കര്‍' എന്ന് വിളിപ്പേരുള്ള അന്താരാഷ്ട്ര അറബ് സാഹിത്യസമ്മാനം ഇതിന് ലഭിച്ചു. ആദ്യകാല ക്രിസ്ത്യന്‍ സന്യാസിമാര്‍ അനുഭവിച്ച ആത്മസംഘര്‍ഷങ്ങള്‍ അസാസിലില്‍ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു. ക്രീസ്തീയ സന്യാസിയായിതീര്‍ന്ന ഡോ. ഹൈപ്പയുടെ ഓര്‍മക്കുറിപ്പുകളിലൂടെ നമുക്ക് ഒരുകാലഘട്ടം കാട്ടിത്തരാനാണ് എഴുത്തുകാരന്റെ ശ്രമം. ജോനാഥന്‍ റൈറ്റിന്റെ വിവര്‍ത്തനവും നന്നായിട്ടുണ്ട്.

അഞ്ചാംനൂറ്റാണ്ടിലെ വിശ്വാസത്തര്‍ക്കത്തിന് കേരളവുമായും ബന്ധമുണ്ട്. ആ അറിവാകാം അസാസിന്‍ വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചതും. യേശുവിന്റെ അമ്മയെച്ചൊല്ലിയായിരുന്നു തര്‍ക്കം. അതിനൊടുവില്‍ നസ്തോറിയന്‍ എന്ന ശക്തനായ ബിഷപ്പിനെ അന്നത്തെ സഭ പുറത്താക്കി. അദ്ദേഹം പേര്‍ഷ്യയില്‍പോയി പുതിയ സഭ സ്ഥാപിച്ചു. ഈ നസ്തോറിയന്‍സഭയുമായായിരുന്നു കേരളത്തിലെ മലങ്കരസഭയ്ക്ക് ബന്ധം. പോര്‍ച്ചുഗീസുകാര്‍ വരുംവരെ അത് തുടര്‍ന്നു. ഇപ്പോള്‍ ഇവിടെയുള്ള കല്‍ദായസഭ നസ്തോറിയന്‍സഭയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top