04 June Sunday
വി കെ എൻ പഞ്ചതന്ത്രം-5

ഐരാവതവും നിഴലാനയും

കെ രഘുനാഥൻUpdated: Tuesday Mar 21, 2023

ചിത്രീകരണം: മദനൻ


കവി ഒളപ്പമണ്ണ കാണുമ്പോഴും കത്തെഴുതുമ്പോഴുമൊക്കെ വി കെയെനെ ഇല്ലത്തേയ്ക്ക് ക്ഷണിക്കും. വരാം വരാം വരുന്നുണ്ട് എന്നൊക്കെപ്പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയാണ് വി കെ എൻ. എന്തിനാണ് ഇങ്ങനെ ഒഴികഴിവു പറയുന്നത്. പോകാനുദ്ദേശിക്കുന്നില്ലെങ്കിൽ അതങ്ങ് പറഞ്ഞുകൂടെ? വേദവതിയമ്മ ചോദിച്ചു.
‐പോണംന്ന്ണ്ട്. പോകാനുദ്ദേശിക്കുന്നുമുണ്ട് പക്ഷേ‐

‐എന്താണ് തടസ്സം?

‐അല്ല ഗുരുവായൂരപ്പന്റെ കാര്യം ആലോചിക്കുമ്പോൾ ഒരു വെടല...

‐വേദവതിയമ്മയ്ക്ക് കാര്യം മനസ്സിലായില്ല. വി കെ എൻ ഒരു കവിത ചൊല്ലി.

‘‘മറ്റൊന്നാണു രസം നേരെ
യുഷഃപൂജ തുറക്കവേ
ഒളപ്പമണ്ണ നമ്പൂരി
മണ്ഡപത്തിലിരിക്കവേ
ഇരിക്കാൻ പറയുമ്പോഴു‐
മിരിക്കുന്നില്ല കേശവൻ
നിന്നോളാമെന്ന ഭാവത്തി‐
ലല്ലായോ ഹരികേശവൻ...’’

എന്ന കവിതയാണ് വി കെ യെന്റെ മനസ്സിൽ. ഒളപ്പമണ്ണ
മുമ്പിൽ ചെല്ലുമ്പോഴൊക്കെ എണീക്കണമല്ലോ എന്നു കരുതി ഗുരുവായൂരപ്പൻ സ്ഥിരമായി നിക്കാത്രെ. എത്ര പറഞ്ഞിട്ടും ഇരിക്കാതെ... സാക്ഷാൽ കൃഷ്ണന്റെ ഗതി ഇതാണെങ്കിൽ എന്റെ ഗതിയോ...
‐എന്നാൽപ്പിന്നെ പോണ്ട. വേദവതിയമ്മ പറഞ്ഞു.

ഒരു ദിവസം ഒളപ്പമണ്ണയുടെ ‘നിഴലാന’ എന്ന കാവ്യസമാഹാരത്തിന് പ്രമുഖ പുരസ്‌കാരം കിട്ടി. വാർത്ത പത്രത്തിൽ കണ്ട് വി കെ എൻ ഒരു കാർഡയച്ചു‐ നമ്മൾ ഐരാവതത്തെപ്പറ്റി ഉപന്യസിച്ചിട്ട് ഒരു സോപ്പുപെട്ടിപോലും തരായില്ല.
Salute the shadow elephant
ഒളപ്പമണ്ണയ്ക്ക് കാര്യം മനസ്സിലാവാതെയോ അറിയില്ലെന്നു നടിച്ചോ ഒരു മറുപടിക്കത്ത് വി കെയെന് അയച്ചു.

ചിത്രീകരണം: മദനൻ

ചിത്രീകരണം: മദനൻ

‐ഇല്ലത്തേയ്ക്ക് വരാനല്ലെ വാഹനം കിട്ടാത്തത്. അക്കാദമിയിലേക്ക് വന്നുകൂടെ. അവിടെ പന്ത്രണ്ടിനാണ് ദാനം...

വി കെ എൻ അതിനൊരു കാർഡെഴുതി. പോസ്റ്റ് ചെയ്യാൻ മേശപ്പുറത്തുവെച്ചിരിക്കുന്നത് വേദവതിയമ്മ കണ്ടു.

വീണ്ടുമിതാ വരാമെന്ന ഉറപ്പ്.
പോകുന്നുണ്ടല്ലെ. അവർ ചോദിച്ചു. അവാർഡ് ഫങ്ഷനല്ലെ. കുറെ എഴുത്തുകാരൊക്കെയുണ്ടാവും. എല്ലാവരെയും കാണാമല്ലോ.
പിറ്റേന്ന്‌ കത്ത് പോസ്റ്റ്‌ചെയ്യാൻ സെക്രട്ടറി കോരി എത്തിയപ്പോൾ വി കെ എൻ പറഞ്ഞു‐  ആ കാർഡവിടെവച്ചോ. ബാക്കിയൊക്കെ പോസ്റ്റ് ചെയ്താൽ മതി. കോരി കാർഡൊഴിച്ച് ബാക്കിയൊക്കെ എടുത്തു.

‐അതെന്താ എഴുതിവച്ചതല്ലെ? വേദവതിയമ്മ ഇടപെട്ടു.

ഇപ്പോ വേണ്ട രണ്ടുദിവസം കഴിയട്ടെ.

അതുമറക്കും. ഇന്നുതന്നെ പൊക്കോട്ടെ. കോരി നീയതെടുത്തോ.

കോരി ചെന്ന് കത്തെടുത്തു

വേണ്ടടാ, ഒന്നുകൂടി ആലോചിക്കട്ടെ, വി കെ എൻ തടഞ്ഞു.

എടുക്കലും വെയ്ക്കലുമായി കോരി കുഴഞ്ഞു.

പിറ്റേന്ന് ഞാൻ യാദൃച്ഛികമായി ചെന്നപ്പോൾ ഈ പ്രശ്‌നം വീണ്ടുമുയർന്നു.
‐അക്കാദമി വൈസ് പ്രസിഡണ്ടല്ലെ. പോകാതിരുന്നാൽ പറ്റുമോ? ഞാനും ചോദിച്ചു.

നോ. ഇറ്റീസ് നോട്ട് ഗോയിങ് ടു വർക്ക്... വി കെ എൻ തലകുടഞ്ഞു. നോ നീഡ്...

‐അതെന്താ
‐ഒളപ്പമണ്ണ നെഴലാനേ എഴുന്നള്ളിച്ച്‌  ആ കാശുവാങ്ങണത് ഞാൻ ഹെൽപ്പ്ലസ്സായി കണ്ടുകൊണ്ടിരിക്കണ്ടെ. എന്നട്ട് വെറും കൈയോടെ തിരിച്ചുപോരണ്ടെ. അത് വയ്യ...
‐ചെന്നാ ഒളപ്പമണ്ണയ്ക്ക് സന്തോഷാവും‐ വേദവതിയമ്മ പറഞ്ഞു.

‐അയാളെ സന്തോഷിപ്പിക്കാൻ ഞാനവടെ ഇര്ന്ന് ദുഃഖിക്കണം അല്ലെ? വി കെ എൻ ചോദിച്ചു  .

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top