30 May Thursday

മായാജാലം-വി കെ എൻ സാഹിത്യത്തെ കുറിച്ച് കെ രഘുനാഥൻ...

കെ രഘുനാഥൻUpdated: Monday Feb 6, 2023

മീറ്റിങ് ആരംഭിക്കാൻ പോകുന്നു. യൂണിഫോമിൽ അല്ലാതെ രവീന്ദ്രൻ ഐപിഎസ് ഗൗരവം മാറ്റിവെച്ച് വി കെയെന്‌ സ്വയം പരിചയപ്പെടുത്തി‐ ലളിതാംബിക അന്തർജനത്തിന്റെ മൂന്നാമത്തെ മകനാണ്. കഷ്ടകാലത്തിന് ഐപിഎസ്സായി. ഇപ്പോൾ ഐജി റാങ്കിലുമായി.  ഞാനിതൊക്കെ പണ്ടേ വേണ്ടെന്നുവച്ചതാണ് വി കെ എൻ പറഞ്ഞു. കണ്ടില്ലെ നിങ്ങളുടെയൊക്കെ ബുദ്ധിമുട്ട്

പൊതുമരാമത്ത് വകുപ്പിൽ  എൻജിനീയറും ചെറുകഥാകൃത്തുമായ പി ശങ്കരനാരായണനും സുഹൃത്തുക്കളും വടക്കാഞ്ചേരിയിൽ ‘ആലോചന’ എന്ന പേരിൽ സാഹിത്യ സല്ലാപം നടത്തിയിരുന്ന കാലം. മാസത്തിൽ ഒരു ഞായറാഴ്ചയാണ് യോഗം. പേര് ‘ആലോചന’ എന്നാണെങ്കിലും ഫലം തീരുമാനങ്ങളായിരുന്നു. ചെറിയൊരു യാത്രപ്പടിമാത്രമേ ഉള്ളൂവെങ്കിലും കേരളത്തിലെ പ്രശസ്തിയിൽ പൊന്തിക്കിടക്കുന്ന എഴുത്തുകാരൊക്കെ മാസമുറയായി ആലോചനയ്‌ക്കെത്തിക്കൊണ്ടിരുന്നു. നൂറിൽപ്പരം പേരുള്ള സജീവമായ സദസ്സ്. ചർച്ചചെയ്യുന്ന കൃതി വായിച്ച് ചോദ്യങ്ങൾ മൂർച്ച കൂട്ടിയിട്ടാണ് എത്തുക.

ഓരോ തവണ ക്ഷണിക്കുമ്പോഴും ഒഴികഴിവുപറഞ്ഞിരുന്ന വി കെ എൻ എന്തോ ഗ്രഹാപഹാരത്തിന് അത്തവണ സമ്മതിച്ചു. പ്രതിജ്ഞ എഴുതി വാങ്ങിയശേഷം ഒഫീഷ്യലായി ഓട്ടുപാറ ജങ്ഷനിൽ ചെറിയൊരു ബോർഡെഴുതി കെട്ടിത്തൂക്കി. ‘ആലോചനയിൽ വി കെ എൻ പ്രസംഗിക്കുന്നു. മോഡൽ ബോയ്‌സ് സ്‌കൂളിൽ രാവിലെ പത്തിന്’.

ലളിതാംബിക അന്തർജനത്തിന്റെ മകൻ രവീന്ദ്രൻ അന്ന് മദിരാശി കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. മാരുതിക്കാർ ഇറങ്ങിയ കാലം. കാറോടിച്ച് പാലക്കാട്ടേയ്ക്ക് പോകുന്ന വഴി ഓട്ടുപാറയിൽ ഈ ബോർഡ് ഐപിഎസ് രവീന്ദ്രന്റെ കണ്ണിൽപ്പെടുന്നു. കുറേക്കാലമായുള്ള ആഗ്രഹമാണ് വി കെയെനെ ഒന്നുകാണുക. ഇവിടെ ഇന്നാ തേങ്ങ ഉടയ്ക്കണം. രവീന്ദ്രൻ മാരുതി വന്നവഴി പിന്നിലേയ്‌ക്കോടിച്ചു. ഒരു ഫർലോങ് മാത്രം അകലെയാണ് വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂൾ. സയമം പത്താകുന്നു.

രവീന്ദ്രൻ ഐപിഎസ്സിന്റെ കാർ ആലോചനയുടെ ആളുകൾക്ക് കൗതുകമായി. രവീന്ദ്രന് കൗതുകമായത് അതല്ല. വി കെ എൻ അവിടെ എത്തിയിരിക്കുന്നു. മീറ്റിങ് ആരംഭിക്കാൻ പോകുന്നു. യൂണിഫോമിൽ അല്ലാതെ രവീന്ദ്രൻ ഐപിഎസ് ഗൗരവം മാറ്റിവെച്ച് വി കെയെന്‌ സ്വയം പരിചയപ്പെടുത്തി‐ ലളിതാംബിക അന്തർജനത്തിന്റെ മൂന്നാമത്തെ മകനാണ്. കഷ്ടകാലത്തിന് ഐപിഎസ്സായി. ഇപ്പോൾ ഐജി റാങ്കിലുമായി.

ഞാനിതൊക്കെ പണ്ടേ വേണ്ടെന്നുവച്ചതാണ് വി കെ എൻ പറഞ്ഞു. കണ്ടില്ലെ നിങ്ങളുടെയൊക്കെ ബുദ്ധിമുട്ട്.
ഏതായാലും ഇരുവർക്കും സന്തോഷമായി. ആലോചനയ്ക്ക് മുമ്പ് കാര്യങ്ങളൊെക്ക തീരുമാനമായപോലെ. അഞ്ചേഅഞ്ചുമിനിറ്റ്.

ഒരു ചായക്ക് മേലെ വന്ന കാര്യം സാധിച്ച് രവീന്ദ്രൻ ഐപിഎസ് യാത്ര പറഞ്ഞ് മാരുതി ഓടിച്ചുപോയി.
സ്വന്തം കഥയെപ്പറ്റി ചർച്ച ചെയ്യേണ്ട വി കെ എൻ അതുമറന്ന് നാരായണപ്പിള്ളയുടെ ‘കള്ളൻ’ എന്ന കഥയെപ്പറ്റിയാണ് സംസാരിച്ചത്. അത് ചെറുകഥയല്ല പിള്ളയുടെ ആത്മകഥയാണെന്നും പ്രസ്താവിച്ചു.

2

യോഗാനന്തര വിശ്രമം ശങ്കരനാരായണന്റെ വീട്ടിലായിരുന്നു. അക്കാലം ജോലിസംബന്ധമായി പാലക്കാട്ട് ഒരു ലോഡ്ജിലാണ് ശങ്കരനാരായണൻ താമസം. സ്ഥിരമായി കാപ്പിയും ചോറും കഴിക്കുന്ന ഹോട്ടലുണ്ട്.

ഒരു ദിവസം അവിടെനിന്ന് ആഹാരം കഴിച്ച എല്ലാവർക്കും വയറിളക്കം പിടിപെട്ടു. അവശനായി ഡോക്ടറെ കണ്ട ശങ്കരനാരായണന് പത്തുപതിനഞ്ച് പച്ച മരുന്നുകൾ കൂട്ടിയ കുടിവെള്ളം പ്രിസ്‌ക്രൈബു ചെയ്ത്‌ നാൽപ്പത്തഞ്ചുവർഷമായി. ഇന്നും ശങ്കരനാരായണനും കുടുംബവും അതാണ് കുടി. നല്ല ചുകപ്പൻ പാനീയം. സാക്ഷാൽ രക്തം ഇവനെക്കണ്ടാൽ രാജിവച്ച്‌ പച്ചവെള്ളമാകും.

വി കെയെന്നൊപ്പം സഹയാത്രികരായി രണ്ട്‌ സ്‌നേഹിതന്മാരുമുണ്ട്. വി കെയെന് അവരെ പരിചയമുണ്ടോ എന്ന് സംശയമാണ്. ശങ്കരനാരായണന്റെ അമ്മ മൂന്ന് വലിയ ചില്ലുഗ്ലാസുകളിൽ പാനീയം കൊണ്ടുവന്നു.

തൃശൂർ ചാക്കോളാ സിൽക്ക് ഹൗസിൽനിന്ന് ഓണത്തിന്‌ വസ്ത്രമെടുത്ത വകയിൽ ഗിഫ്റ്റുകിട്ടിയ ഗ്ലാസുകളാണ്. നുരയിടുന്ന കട്ടിച്ചുകപ്പുള്ള പാനീയത്തിലേയ്ക്ക് മൂന്നതിഥികളും ആശാപാശത്തോടെ നോക്കി. എന്നിട്ട് കണ്ണോടുകണ്ണും.

വൻവിഷമദ്യദുരന്തത്തിന് പിന്നാലെ മദ്യശാലകളൊക്കെ അടച്ചകാലമാണ്. അബ്‌കാരികൾ കുരിശിലേറ്റപ്പെട്ട സമയം. തൊണ്ട നനയ്ക്കണമെങ്കിൽ മാഹി ശരണം. ആ സമയത്താണ് അപ്രതീക്ഷിതമായി അതും ഒരു സകുടുംബത്തിൽ. നമ്മൾപോലും സ്വന്തം വീട്ടിൽ പരസ്യമായി ഇങ്ങനെയൊന്നും‐ സ്‌നേഹിതൻ മന്ത്രിച്ചു.

അമ്മ അകത്തേയ്ക്കുപോയ തക്കത്തിൽ മൂവരും ചില്ലുഗ്ലാസുകൾ കൂട്ടിയിടിച്ച് ചിയേഴ്‌സ് അലറി.

‐അല്ലാ ടെച്ചിങ്‌സ് ഒന്നുമില്ലേ, സ്‌നേഹിതൻ വി കെയെന്നോട് സ്വകാര്യം ചോദിച്ചു. ഇതൊരു നാല് ലാർജെങ്കിലും കാണും. ലിവറടിച്ചു പോകില്ലേ

സംഭവം രക്തരൂഷിതം.

‐ഡ്രൈയാണ്. തുള്ളിവെള്ളമൊഴിച്ചിട്ടില്ല. നുര കണ്ടോ മറ്റേ സ്‌നേഹിതൻ.

ഷോഡയോ വെള്ളമോ കനിയാതെ ഇത് അച്ചടിക്കാനാവില്ലെന്ന് വി കെയെന്നും തത്വത്തിൽ സമ്മതിച്ചു.

ടച്ചിങ്‌സില്ലാതെ ഒട്ടും പറ്റില്ല.

അച്ചാറോ പപ്പടമോ എന്തെങ്കിലുമുണ്ടോ‐ തിരിച്ചുവന്ന അമ്മയോട് വി കെ എൻ ചോദിച്ചു. കൊണ്ടാട്ടമായാലും മതി.

അതെന്തിനാ എന്നായി ശങ്കരനാരായണൻ
‐കൂരിരുട്ടത്ത് ഒരു ചൂട്ടെങ്കിലും വേണ്ടെഡോ

‐ഇത് കൂരിരുട്ടൊന്നുമല്ല. നല്ല ഉച്ചവെയിലാണ്. ധൈര്യമായി കഴിക്കാം.
‐ഐസിട്ടോ?

‐ഐസൊന്നും ഇടണ്ട. ശങ്കരനാരായണൻ പറഞ്ഞു.
ഇതെന്തൊരു കുടുംബമെന്നായി സ്‌നേഹിതന്മാരുടെ സ്വകാര്യം. വാറ്റുചാരായത്തെക്കാൾ വീര്യമുള്ള പാനീയം. പച്ചവെള്ളംപോലെ മണമില്ലെങ്കിലും കുതിര റമ്മിന്റെ നിറം. അത് വെള്ളമോ ടച്ചിങ്‌സോ ഇല്ലാതെ‐
‐കുടുംബത്തിലെല്ലാവരും ഇതുതന്നെയാണോ കുടിക്കുന്നത്?

‐ പിന്നല്ലേ, അമ്മയും ഭാര്യയും മക്കളും. എല്ലാവർക്കുമത് ശീലമായി. തീരുംമുമ്പേ വാങ്ങിക്കും‐  ശങ്കരനാരായണൻ വിശദീകരിച്ചു.

എന്നാലും കുറച്ചുവെള്ളം കിട്ടിയാൽ‐ സ്‌നേഹിതൻ ദയനീയമായി.

‐അതൊന്നും വേണ്ടെന്നേയ്.
കേട്ടുനിന്ന അമ്മ ചോദിച്ചു ‐ വെള്ളത്തിലാരെങ്കിലും വെള്ളമൊഴിക്കുമോ

‐ചില വെള്ളങ്ങളിൽ വെള്ളമൊഴിക്കേണ്ടിവരും.

‐ഇതിലത് വേണ്ട. അത്ര ടേസ്റ്റാണ്‐ ശങ്കരനാരായണൻ കുപ്പിയിലിരുന്ന വെള്ളം രണ്ടുകവിൾ നിസ്സാരമായി കുടിച്ചുകാണിച്ചു. മുഖം ചുളിയുന്നില്ല. ഊതുന്നുമില്ല.

‐കണ്ടോ ശീലത്തിന്റെ ഗുണം. നിത്യഭ്യാസി... വി കെയെന്റെ ചെവിയിൽ സ്‌നേഹിതൻ മന്ത്രിച്ചു.

വി കെ എൻ ഗ്ലാസുയർത്തി. പത്തിൽനിന്ന് കീഴോട്ടെണ്ണി മുഖം ചുളിച്ച് വായിലേയ്‌ക്കൊഴിച്ചു.
ഒറ്റ പുക. ഷോഡക്കുപ്പി തുറന്നതുപോലെ.

വെറും ചുക്കുവെള്ളം. രക്തനിറമുള്ള പച്ചമരുന്നുവെള്ളം. തലപൊക്കാതെ വി കെ എൻ എല്ലാവരെയും ഒന്നു നോക്കി. ഗ്യാസുപോയ ഷോഡയുടെ നിർവീര്യമായ ചിരിയോടെ  .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top