24 April Wednesday

നേർവരയും ഇസിജിയും-വി കെ എൻ സാഹിത്യത്തെ കുറിച്ച് കെ രഘുനാഥൻ...

കെ രഘുനാഥൻUpdated: Saturday Feb 4, 2023

ഫോട്ടോ: ജനാർദനൻ മൊണാലിസ

ജീവിതം തുടർന്നിരുന്നുവെങ്കിൽ  വി കെ എൻ ആത്മകഥ എഴുതുമായിരുന്നോ? സാധ്യതയില്ല. ജനനത്തെക്കുറിച്ചുപോലും ഓർക്കാനിഷ്ടപ്പെടാതിരുന്ന ഒരാൾ ജീവിതത്തെപ്പറ്റി ചിന്തിക്കുമോ.  ഒരു ജീവചരിത്ര രചനയെ വി കെ എൻ പിന്തുണയ്‌ക്കുമായിരുന്നോ? അതിനും സാധ്യതയില്ല. സ്വന്തം സാഹിത്യംപോലെ സ്വന്തം ജീവിതവും വി കെ എൻ ചർച്ച ചെയ്യാറില്ലായിരുന്നു.

മുറ്റത്തെ പതിറ്റടി വെയിൽപോലെ  മറവി മങ്ങുകയും തെളിയുകയും ചെയ്യുന്നതിനിടയിൽ വികെയെന്റെ  തൊണ്ണൂറിലെത്തിയ പത്നി വേദവതിയമ്മ ഓർമിപ്പിക്കും. ഇടയ്ക്കൊക്കെ വികെയെനെപ്പറ്റി എന്തെങ്കിലും എഴുതണം. അല്ലെങ്കിൽ പാവത്തിനെ എല്ലാവരും മറന്നുപോകും.  മറക്കാതിരിക്കാനുള്ള പണിയൊക്കെ പാവം വി കെ എൻ തന്നെ ചെയ്തുവെച്ചിട്ടുണ്ടല്ലോ എന്ന് ഞാൻ മറുപടി പറയും.

വേദവതിയമ്മ

വേദവതിയമ്മ

ആ മറുപടിയിൽ എല്ലാം അവസാനിക്കുന്നില്ല. ഇനിയും വി കെ എൻ പൂർണമായി എഴുതപ്പെട്ടിട്ടില്ല. അതുകൊണ്ടാണ്  ഏതാണ്ട്‌ സമ്പൂർണമായ ഒരു ജീവചരിത്രം എഴുതിയിട്ടും വി കെ എൻ ബാക്കിയാവുന്നത്. വി കെ എൻ പഞ്ചതന്ത്രം എന്ന ഈ പരമ്പര അതിനു ദൃഷ്ടാന്തമാണ്.

ജീവിതം തുടർന്നിരുന്നെങ്കിൽ വി കെ എൻ ആത്മകഥ എഴുതുമായിരുന്നോ? സാധ്യതയില്ല. ജനനത്തെക്കുറിച്ചുപോലും ഓർക്കാനിഷ്ടപ്പെടാതിരുന്ന ഒരാൾ ജീവിതത്തെപ്പറ്റി ചിന്തിക്കുമോ. ഒരു ജീവചരിത്ര രചനയെ വി കെ എൻ പിന്തുണയ്‌ക്കുമായിരുന്നോ? അതിനും സാധ്യതയില്ല.

സ്വന്തം സാഹിത്യംപോലെ സ്വന്തം ജീവിതവും വി കെ എൻ ചർച്ച ചെയ്യാറില്ലായിരുന്നു. അതിനാൽ അങ്ങനെയൊന്ന്‌ മറ്റൊരാൾ  എഴുതുന്നത് സഹിക്കുകയില്ലല്ലോ. എന്നിട്ടും വികെയെന്‌ ജീവചരിത്രമുണ്ടായി‐ മരണശേഷമാണെന്നുമാത്രം. വി കെ എൻ ഇഷ്ടപ്പെടാത്തത് എന്തിനുചെയ്തു എന്നുചോദിക്കാം. 

മരണശേഷം സ്വന്തം ശരീരത്തിലോ ജീവിതത്തിലോ ഒസ്യത്തിലോ ഒരു വ്യക്തിക്ക് അവകാശമുണ്ടോ എന്ന ദാർശനികചോദ്യമായി അത്‌ മാറാനിടയുണ്ട്.  ജീവിച്ചിരുന്ന വികെയെനല്ല, മരണശേഷം ജീവചരിത്രമായ വി കെ എൻ എന്നാണ് അതിനുള്ള അതീന്ദ്രിയമായ മറുപടി.

ആത്മകഥയും ജീവചരിത്രവും ഈ ദാർശനിക പ്രശ്നത്തിൽവരും. ജീവിതവും മരണവുംപോലെ രണ്ട് അവസ്ഥകളാണ്  ഇത്‐ സാഹിത്യ അക്കാദമി പുരസ്കാരം കൊടുക്കുന്നത്  ഇവയെ ഒറ്റ വിഭാഗമായി പരിഗണിച്ചാണെങ്കിലും!
എല്ലാവർക്കും ജീവിതമുണ്ട്. അതിനാൽ

ആത്മകഥ ആർക്കുമെഴുതാം. സ്വന്തം ജീവിതം പറഞ്ഞ്‌ മറ്റുള്ളവരെ പ്രകമ്പനം കൊള്ളിക്കാം.പക്ഷേ, അന്തിമാർഥത്തിൽ എല്ലാ എഴുത്തുംപോലെ  അതൊരു സാഹിത്യരൂപമാണ്. കുറെ അനുഭവങ്ങളും പദവികളും ദീർഘായുസ്സും മാത്രംപോരാ അതിനൊരു സാഹിത്യമൂല്യവും വേണം. അതില്ലെങ്കിൽ ഡയറിക്കുറിപ്പുകൾപോലെ നിത്യനിദാനങ്ങളും സ്ഥിതിവിവരക്കണക്കുകളും നിറഞ്ഞ പത്ര റിപ്പോർട്ടുകളാവും ആത്മകഥ.

ആത്മകഥ ആർക്കുമെഴുതാം. സ്വന്തം ജീവിതം പറഞ്ഞ്‌ മറ്റുള്ളവരെ പ്രകമ്പനം കൊള്ളിക്കാം.പക്ഷേ, അന്തിമാർഥത്തിൽ എല്ലാ എഴുത്തുംപോലെ  അതൊരു സാഹിത്യരൂപമാണ്. കുറെ അനുഭവങ്ങളും പദവികളും ദീർഘായുസ്സും മാത്രംപോരാ അതിനൊരു സാഹിത്യമൂല്യവും വേണം. അതില്ലെങ്കിൽ ഡയറിക്കുറിപ്പുകൾപോലെ നിത്യനിദാനങ്ങളും സ്ഥിതിവിവരക്കണക്കുകളും നിറഞ്ഞ പത്ര റിപ്പോർട്ടുകളാവും ആത്മകഥ.ആത്മകഥപോലെ ജീവചരിത്രം എല്ലാവർക്കും ഉണ്ടായെന്നുവരില്ല. എല്ലാ മനുഷ്യരും ജീവചരിത്രം അർഹിക്കുന്നില്ല. ഒരു ജീവിതത്തിൽ മറ്റൊരാൾക്ക്‌ ആകർഷണം തോന്നണം. പദവികളോ അധികാരസ്ഥാനങ്ങളോ  ആയിരിക്കില്ല മാനദണ്ഡം.  എത്രയോ ന്യായാധിപന്മാരും ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും  മന്ത്രിമാരും അതിനർഹരാവാതെ  ജീവിക്കുകയും അന്തരിക്കുകയും ചെയ്തിരിക്കുന്നു. അതിനർഥം എഴുതാനും എഴുതപ്പെടാനും ഒരു സവിശേഷകാരണം അനിവാര്യമാണെന്നാണ്.

തിരുവില്വാമലയിലെ വി കെയെന്റെ വീട്‌

തിരുവില്വാമലയിലെ വി കെയെന്റെ വീട്‌

സ്വയം എഴുതുന്നതിനെക്കാൾ എഴുതപ്പെടുന്നതാണ് മഹത്തരം. ഒരു മനുഷ്യനിൽ എഴുതാതിരിക്കാൻ  കഴിയാത്ത ജീവിതം കാണുന്ന മറ്റൊരാൾ നിർണയിക്കുന്ന മൂല്യമാണത്. സാഹിത്യമൂല്യം ഇവിടെയും സുപ്രധാനംതന്നെ.
സ്വന്തം ജീവിതത്തിലെ  എല്ലാ രഹസ്യവും  അറിയുന്ന ആത്മകാഥികൻ അതുകൊണ്ടുതന്നെ  അസ്വതന്ത്രനാണ്. കുടുംബജീവിതം, വ്യക്തിബന്ധങ്ങൾ, സാമൂഹ്യജീവിതം, പ്രതിച്ഛായ, ഭാവി, മാനനഷ്ടക്കേസ് ഇതെല്ലാം പേനയെ പിന്തിരിപ്പിച്ചുകൊണ്ടിരിക്കും.  എല്ലാം അതിജീവിച്ച് ആർക്കെങ്കിലും ആത്മകഥയെഴുതാൻ കഴിയുമോ.  ഇല്ല.  അതാണ് പലതും സ്വന്തം  ആയുഷ്‌ക്കാലത്തെ പെയിന്റടിക്കുന്ന പ്രവൃത്തിയാവുന്നത്. 

എഴുതിയിട്ടില്ല എന്നല്ല. നെരൂദയും കുഞ്ഞിരാമൻ നായരുമുണ്ട്. ഗാന്ധിയുടെ സത്യാന്വേഷണപരീക്ഷകൾ നോക്കു. സ്വന്തം രൂപത്തിലെ അപകർഷതയും  മോഷണക്കാര്യവും രണ്ടുയുവതികൾക്കിടയിൽക്കിടന്ന് ബ്രഹ്മചര്യം അനുഷ്ഠിക്കാനുള്ള പരീക്ഷണവും ഗാന്ധി എഴുതുന്നു. ഇന്ത്യാഭൂഖണ്ഡത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ മേൽക്കൂരയിൽനിന്നുകൊണ്ട്‌ ആത്മഹത്യാപരമായ ഇത്തരം സത്യപ്രസ്താവനകൾ  നടത്താൻ മറ്റാരെങ്കിലും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. ഗാന്ധി, ഗാന്ധിയായത്  ഈ ആത്മകഥയുടെ ആത്മാർഥതയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. മിക്കവാറും ആത്മകഥകൾ തെരഞ്ഞെടുത്ത നിരുപദ്രവമായ ജീവിത സന്ദർഭങ്ങൾ മാത്രമാണല്ലോ.

ജീവചരിത്രമെഴുത്തിനും ഈ കെട്ടുപാടുകളും പ്രത്യാഘാതങ്ങളും ബാധകംതന്നെ.  പക്ഷേ, ആത്മകഥക്കാരനെപ്പോലെ സർവനാശമുണ്ടാകില്ല. കുടുംബജീവിതത്തിനും വ്യക്തിബന്ധങ്ങൾക്കും പ്രതിച്ഛായയ്ക്കും അഹിതമായത് വേണമെങ്കിൽ നിഷേധിക്കാം. അല്ലെങ്കിൽ സാരഗർഭമായ മൗനം അവലംബിക്കാം. വല്ലവരും എഴുതിയതിന് എനിക്കെന്ത് ഉത്തരവാദിത്തം.  എങ്ങനെയായാലും  ജീവചരിത്രത്തിന്  ആത്മകഥയേക്കാൾ സ്വാതന്ത്ര്യമുണ്ട്‌ എന്ന്‌  തീർച്ച.

‘മുക്തകണ്ഠം വി കെ എൻ’ ഭാഷാപോഷിണിയിൽ വന്നുകൊണ്ടിരിക്കുമ്പോൾ വികെയെന്റെ മകൾ രഞ്ജനയുടെ അഭിപ്രായം ആശങ്കയോടെ ഞാൻ അന്വേഷിക്കുമായിരുന്നു.  കൈയെഴുത്തുപ്രതി അവർ വായിച്ചിരുന്നില്ല. പക്ഷേ, ഉത്‌കണ്ഠയുണ്ടായിരുന്ന അധ്യായങ്ങളിൽ രഞ്ജന പിന്തുണച്ചു. ഒരു രക്തബന്ധു ചില പരാമർശങ്ങൾ അതിലെ ഒരു വ്യക്തിക്ക് അപമാനകരമാണെന്നും കേസുകൊടുക്കുമെന്നും ഫോൺ വഴി ഭീഷണിപ്പെടുത്തിയപ്പോൾ ഒരു സ്വതന്ത്രവായനക്കാരിയെപ്പോലെ രഞ്ജന എന്നെ ന്യായീകരിച്ചു.

വി കെ എൻ– അതിൽ അച്ഛനെയല്ല, വി കെ എൻ എന്ന എഴുത്തുകാരനെയാണ്  അവർ കണ്ടത്.  വി കെ എൻ അങ്ങനെയൊക്കെയാണ്. ആയ്ക്കോട്ടെ. രഞ്ജന അനുവദിച്ചു. ഓരോ ലക്കവും ഇതുപോലെ  പരീക്ഷണമായി കടന്നുപോയി. അതിനുകാരണം പലപ്പോഴും സാങ്കൽപ്പികമായി തോന്നുന്ന വികെയെന്റെ ജീവിതംതന്നെ.

മലയിൽ കയറിനിന്ന് മലയെ കാണുക സാധ്യമല്ല. മറ്റു മലകൾ മാത്രമേ കാണൂ. അതിനൊരു അകൽച്ച ആവശ്യമാണ്. കാണേണ്ട മല പൂർണമായി കാണുംവരെ  അകലണം. വ്യക്തിയിൽനിന്നുള്ള അകൽച്ച മാത്രമല്ല, കാലത്തിന്റെ അകൽച്ചയും വേണ്ടിവരും.  വി കെ എൻ മരിച്ച് 16 വർഷത്തിനുശേഷമുള്ള ജീവചരിത്രത്തിന്റെ ന്യായീകരണമാണിത്.writing  distanceഎന്നു പറയാം. പിന്മാറിനിന്ന് നോക്കുമ്പോൾ  മല അതിന്റെ രൂപഭാവങ്ങളോടെ കാണപ്പെടുന്നു. വസ്തുതകൾക്ക് തിളക്കംവയ്ക്കുന്നു. സത്യം കൂറേക്കൂടി സ്വതന്ത്രമാവുന്നു.

കെ രഘുനാഥൻ, വി കെ എൻ (ഫയൽ ഫോട്ടോ)

കെ രഘുനാഥൻ, വി കെ എൻ (ഫയൽ ഫോട്ടോ)

‘അറുപുലയാടിച്ചിയായ എന്റെ സാഹിത്യത്തിൽ’എന്നൊരു വാക്യം ‘അത്തം പെരുന്നാൾ’ എന്ന കഥയിൽ വി കെ എൻ പ്രയോഗിച്ചിട്ടുണ്ട്.വി കെ എൻ സാഹിത്യത്തിന്റെ പാസ് വേഡായി കണക്കാക്കാവുന്ന വാക്യമാണിത്. ആ പദത്തിന്റെ പ്രതിബിംബങ്ങളും സാമൂഹ്യബന്ധങ്ങളും നാനാർഥങ്ങളും എത്രയാണ്.  ഇനി അതിന്റെ വ്യാഖ്യാനം വേണമെങ്കിൽ ‘വൈമാനികം’ എന്ന കഥയിലുണ്ട്‘പാണിനി ഒപ്പിച്ച സൂത്രം’ (അതായത് നമ്മുടെ വ്യാകരണ ഭരണഘടന) നാം ഭക്ത്യാദരപൂർവം പിന്തുടരുന്നു. മാനസികമായ അടിമത്തം. സൂത്രം മറികടന്നാൽ ഭാഷയുണ്ടാവില്ലേ, യഥേഷ്ടം വ്യാകരണം തെറ്റിച്ചാലാണ് ഭാഷ ചന്തക്കാരിയാവുക’.

വി കെ എൻ സാഹിത്യത്തിന്റെ സവിശേഷത ഈ അപഥ സഞ്ചാരിണിയായ ഭാഷതന്നെയാണ്.  വിഷയവും മാർഗവുമായി അതുസഞ്ചരിക്കുന്നു. ആദിമധ്യാന്തമുള്ള ഒരു കഥ പറയുക വഴിമുട്ടിക്കുക എന്നതല്ല. കുരുമുളകുരസം കുടിച്ചപോലെ പോകുന്ന വഴിയും കാഴ്ചകളും വ്യക്തികളും ആശയങ്ങളുമെല്ലാം ഹാസ്യ ക്രോധ വിമർശനങ്ങളിൽ എരിയുന്ന യാത്രയാണ്. 

മണിവീണനാദം അപ്പോൾ മണി മേശപ്പുറത്തുനിന്ന് വീണ നാദമാകും. വി കെ എൻ ഭാഷയ്‌ക്ക് പലപ്പോഴും പ്രത്യക്ഷമായ അർഥമല്ല. അതുകൊണ്ടാണ് വി കെ എൻ സാഹിത്യത്തിൽ അശ്ലീലമുണ്ടല്ലോ എന്നൊരു പത്രപ്രവർത്തകൻ ചോദിച്ചതിന് എഴുതുമ്പോൾ ഉണ്ടായിരുന്നില്ല എന്ന് വി കെ എൻ മറുപടി പറഞ്ഞത്.

കടയിൽ ഉപ്പു മേടിക്കാൻ വന്നതാണ്. അത്യാവശ്യമാണ്. എന്താ അത്യാവശ്യം? ഒരു കൈ അറുത്തുവച്ചിട്ടുണ്ട്. അതിൽ തേയ്‌ക്കാനാണ്. ദുഷ്‌പ്പേര് കളയണമല്ലോ.  എന്നൊരു കഥാപാത്രം പറയുമ്പോൾ ഒരു പഴഞ്ചൊല്ല് അവിടെക്കിടന്ന് പുളയുന്നത് കാണാം.

ആസനത്തിൽനിന്ന് സിംഹത്തെ ആട്ടിപ്പായിച്ചു എന്നെഴുതുമ്പോൾ ഒരു രാജകീയ പാരമ്പര്യസങ്കൽപ്പത്തെയാണ് അട്ടിമറിക്കുന്നത്. ഹസ്‌തദാനത്തിൽ ഹസ്തങ്ങൾ ദാനം ചെയ്യുന്നതായി സങ്കൽപ്പിക്കുന്നു.

ഇതെല്ലാം ഭാഷയിൽ ഉറച്ചുപോയ ശീലങ്ങളാണ്. അവയെ തച്ചുടച്ചാൽ മാത്രമേ പുതിയ ഭാഷയും ഭാവനയും ഉയിർക്കൊള്ളു. യുക്തിപരമായി നോക്കിയാൽ പലതിനും നിലനിൽപ്പില്ല. ‘ഉള്ളതുപറഞ്ഞാൽ ഉറിയും ചിരിക്കും’ എന്ന പഴഞ്ചൊല്ല്  ഇന്നത്തെ കുട്ടികളെ അറിയിക്കാൻ ഉറിയും ഉറിയുടെ ചിരിയും തെളിവായി കാണിക്കേണ്ടിവരും. ഉറിയെവിടെ ചിരിയെവിടെ. കാഴ്ചബംഗ്ലാവിൽ കാണുമായിരിക്കാം.

ചില നിർജീവ വസ്തുക്കളിൽ മാനുഷിക ഭാവം പകരുമ്പോൾ ഒരു വി കെ എൻ നിഘണ്ടുതന്നെ രൂപപ്പെടുന്നു. പാടശേഖരൻ, ദീർഘനിശ്വാസൻ, പുട്ടൻപിള്ള സാർ, മറ്റൊരാൾക്ക് ഉപയോഗിക്കാൻ പറ്റാത്തവിധം അർഥംമാറ്റി സ്വന്തം സൂചകപദങ്ങളാക്കുക, നേരമ്പോക്ക്, കുഞ്ഞിക്കൃഷ്ണൻ, തരാവുക, ഫുലാജ്... ബഹുവചനപദങ്ങളായ നിന്ദിതർ, പീഡിതർ, മർദിതർ എന്നിവപോലെ ഡ്രൈവറെയുംകണ്ട്  അതിനെ യുക്തിപരമായി ഡ്രൈവൻ എന്ന ഏകവചനമാക്കുക.

കാരണവരെപ്പറ്റി  അനന്തരവൻ നാണ്വാര് പലയിടത്തും അപഹാസ കവിതകൾ ചൊല്ലുന്നുണ്ടെന്ന് അറിയിക്കുന്ന കാര്യസ്ഥന്റെ റിപ്പോർട്ട്–
‘കാകളിയിലാണ് കാരണവരെ ഉപാസിക്കുന്നത്. ആദ്യാക്ഷര പ്രാസവാദിയാണെന്ന് തോന്നുന്നു. കേകയിലാണെങ്കിൽ കേട്ടില്ലെന്നു നടിക്കാമായിരുന്നു. കേട്ടാലും ലഘുക്കളെ പാടി നീട്ടുകയാണെന്നു കരുതി ഒരിടത്ത്‌ ചുരുണ്ടുകൂടാമായിരുന്നു. കേക‐ കാകളി കയ്യാങ്കളിയാകുമ്പോൾ അതു വയ്യ’ (പഴങ്കഥ എന്ന കഥയിൽ).

കാര്യസ്ഥന്റെ വ്യാകരണ ജ്ഞാനപ്രകടനം മാത്രമല്ല, വൃത്തങ്ങളുടെ വിഷമവൃത്തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഈ ചിന്ത കേരളപാണിനിയിലേക്കുവരെ നീളുന്നു. ദ്വിതീയാക്ഷര പ്രാസവാദത്തിൽ അനന്തരവൻ രാജരാജവർമയും അമ്മാവൻ കേരളവർമ കോയിത്തമ്പുരാനുമായി നടന്ന തർക്ക വിതർക്കങ്ങൾ സാഹിത്യചരിത്രത്തിന്റെ ഭാഗമാണല്ലോ...ആ ചരിത്രമറിഞ്ഞേ ഈ കഥയിലേക്ക്‌ കടക്കാനാവൂ.

‘വിപ്ലവ സ്വപ്‌നങ്ങൾപോലും ക്യാപിറ്റലിസത്തിന്റെ  ഭാഷയിൽ മാറ്റിയെഴുതപ്പെടുമെന്ന്‌ പ്രവചിക്കുന്ന ചാത്തൻസ്‌ സാക്ഷാൽ മാർക്‌സിനെ പുല്ലുപോലെ  തിരുത്തുന്നു’.
ഒരു വികസന രാഷ്‌ട്രത്തിൽ പൊലീസിന്റെയും ലാത്തിയുടെയും സഹായമില്ലാതെ ഒരു ജനകീയസമരവും വിജയിക്കാൻ പോകുന്നില്ല.

വി കെ എൻ സാഹിത്യത്തിലേക്ക്‌ വായനക്കാർ കടക്കുന്നതും പുറത്താകുന്നതും ഒരേ വാതിലിലൂടെയാണ്‌. അതിലൊരു മുടക്കുമുതൽ ആവശ്യമുണ്ട്‌. സർവ നിേത്യാപയോഗ പലചരക്ക്‌  പൊതുവിജ്ഞാനത്തിനുംപുറമേ ചോർച്ചയില്ലാത്ത ഒരു ഫലിതേന്ദ്രിയം!
പരിഹാസത്തിെന്റയും ചരിത്ര രാഷ്‌ട്രീയവ്യാഖ്യാനങ്ങളുടെയും പതിവുശൈലിവിട്ട്‌ ശുദ്ധ റൊമാന്റിക്കായും വി കെ എൻ എഴുതിയിട്ടുണ്ട്‌.

 വികെഎൻ-ഫോട്ടോ: ജനാർദനൻ മൊണാലിസ

വികെഎൻ-ഫോട്ടോ: ജനാർദനൻ മൊണാലിസ

‘ആതിരക്കാലത്തിനുമുമ്പുള്ള കൃഷ്‌ണപക്ഷത്തിന്റെ തൊട്ടടുത്ത ശുക്ലപക്ഷത്തെ നിലാവിന്റെ തുടർച്ച’. (പെൺപട‐ p 83) അതുപോലെ ചില സമസ്യകളിൽ കൊണ്ടെത്തിക്കുന്ന വാക്യങ്ങളും. ‘‘രാമരാവണയുദ്ധത്തിൽ ജനറൽ രാമൻ എത്രയോ മില്യൺ ദ്രാവിഡരെ കൊന്നുകഴിഞ്ഞാൽ മൂപ്പരുടെ വില്ലിന്റെ തലയിൽ കെട്ടിയ മണി ഒരു പ്രാവശ്യം അടിക്കും എന്നർഥം വരുന്ന ഒരു ശ്ലോകമുണ്ടത്രേ.  (പത്രാധിപരുടെ വ്യസനം/യാത്ര/p127)ഈ ശ്ലോകമന്വേഷിച്ച്‌ നിരാശനായി അവസാനിപ്പിക്കേണ്ടിവന്നെങ്കിലും ഇത്‌ രാമായണത്തിൽത്തന്നെയാണോ അതോ മറ്റെവിടെയെങ്കിലുമോ എന്ന്‌ അറിയുന്നവർ ഇല്ലാതിരിക്കില്ല എന്ന പ്രതീക്ഷയിലാണ്‌ ഞാൻ.

‘കാലം എന്ന കാലനെ നാം കൊന്നു’ എന്നൊരു പ്രസ്‌താവന വി കെ എൻ നടത്തിയിട്ടുണ്ട്‌. സ്ഥലം, കാലം, കഥാപാത്രങ്ങൾ എന്നിവ പ്രധാനമായ എഴുത്തിൽ അവയെ അട്ടിമറിച്ചാൽ സംഭവിക്കുന്ന സ്വാതന്ത്ര്യം അതിരില്ലാത്തതാണ്‌. പിെന്ന എല്ലാ വിഷയത്തിലും കാലത്തിലും എപ്പോൾ വേണമെങ്കിലും പ്രവേശിക്കുകയോ ഇവയെ സ്വന്തം മേശയിലേക്ക്‌ വിളിച്ചുവരുത്തുകയോ ചെയ്യാവുന്നതാണ്‌. ഈ ഡിപ്ലോമാറ്റിക്‌ പാസ്‌പോർട്ടാണ്‌ വി കെ എൻ സാഹിത്യം. അതിന്റെ മുഖത്ത്‌ ചിരിയുണ്ടെങ്കിലും ഉള്ളിൽ ചോര കിനിയുന്നു.

അങ്ങനെ ജീവിതത്തിന്റെ മാനദണ്ഡം വി കെ എൻ നിർമിക്കുന്നു‐ഭാഷ എന്ന അസംബന്ധം.
ഒന്നു പരിഹസിക്കണമെങ്കിൽപ്പോലും അതിന്‌ സിദ്ധാന്തമുണ്ട്‌. ബർലസ്‌ക്‌, ഐറണി, സ്ലാപ്‌സ്‌റ്റിക്‌, സറ്റയർ, പൺ, പുതിയകാലത്ത്‌ സെൽഫ്‌ എൻഹാൻസിങ്‌, അഗ്രസ്സീവ്‌, ഡെഡ്‌പാൻ എന്നിങ്ങനെ നിരവധി‐ ഇന്ന്‌ ഇവയുടെ പ്രയോഗങ്ങൾ പലതും ശരീരാപമാനത്തിന്റെ  (Body shaming) പരിധിയിൽ വരുന്ന സമൂഹപരിഷ്‌കാര വ്യവസ്ഥ നിലവിൽവന്നോ എന്ന്‌ ചില പ്രതികരണങ്ങൾ ഭയപ്പെടുത്തുന്നു.

പരിഹാസ സിദ്ധാന്തങ്ങളുെട ഭാവി ഒട്ടും ശോഭനമല്ല. അവർക്കിനി ഭരണഘടന എഴുതിയ ഭാഷയിലോ വക്കീൽ ഗുമസ്‌തഭാഷയിലോ വേദപുസ്‌തക ഭാഷയിലോ സംസാരിക്കേണ്ടി വന്നേക്കാം.

എന്തും അപമാനമായി വ്യാഖ്യാനിക്കപ്പെടാം. മലയാളിയെ എവിടെയും മലയാളിയാക്കി നിർത്തുന്ന ആ ഹ്യൂമർസെൻസിന്‌ വധശിക്ഷയേൽക്കുമോ. ഫലിതം നിർദോഷമായിരിക്കണമെന്ന നിർബന്ധം അതിന്റെ സ്പൊണ്ടേനിറ്റി, മിന്നൽ നശിപ്പിക്കുന്നു. ആലോചിച്ച്‌ തമാശപറയേണ്ട ഗതികേട്‌, വൈരുധ്യം ചിന്തിച്ചുനോക്കൂ.

 വി കെ എൻ

വി കെ എൻ

വി കെ എൻ  പഞ്ചതന്ത്രം എന്ന ഈ പരമ്പര മുക്തകണ്‌ഠം വി കെ എൻ എന്ന ജീവിതാഖ്യായികയുടെ രണ്ടാംഭാഗമല്ല. പക്ഷേ, ഭംഗ്യന്തരേണ ചിന്തിച്ചാൽ അതിന്റെ വായനക്കാരുടെ തുടർച്ചയാണ്‌.
ഒരു പുസ്‌തകം ആ ഗണത്തിൽ പിൻഗാമികളെ സൃഷ്‌ടിക്കുന്നതും അതിനെപ്പറ്റി മറ്റൊരു പുസ്‌തകമുണ്ടാകുന്നതും സാധാരണമാണ്‌.

എന്നാൽ, ഒരു ജീവിത പുസ്‌തകത്തെ വായനക്കാരും അജ്ഞാതരായ വിദൂരസ്‌നേഹബന്ധുക്കളും സ്‌മരണകൾകൊണ്ട്‌ മുതൽക്കൂട്ടുന്നത്‌ എന്നെ സംബന്ധിച്ച്‌ അപൂർവമായിരുന്നു.  അതാണ്‌ വി കെ എൻ പഞ്ചതന്ത്രം.

‘മുക്തകണ്ഠം’ ഭാഷാപോഷിണിയിൽപ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോൾ  അതിൽ ഈ സംഭവമുണ്ടോ, ഇങ്ങനെ കേൾക്കുന്നത് ശരിയാണോ, ഇത് കേട്ടിട്ടുണ്ടോ, എന്നൊക്കെ ചോദിച്ച് വായനക്കാർ എഴുത്ത് വിപുലപ്പെടുത്തിക്കൊണ്ടിരുന്നു.  കൂട്ടത്തിൽ അവരുടെ വി കെ എൻ അനുഭവങ്ങൾ പറയും. ഏതാണ്ട് എല്ലാവരും അപരിചിതർ. എല്ലാഭൂഖണ്ഡങ്ങളിൽനിന്നുമുള്ള മലയാളികൾ...

അതിൽ ചിലത് ഒരു ജീവിതാഖ്യാനത്തിൽ ആവശ്യമില്ലാത്തതായിരുന്നു.  പക്ഷേ, അവ മറ്റൊന്നു ചെയ്തു. മറ്റൊരു ഗ്രന്ഥത്തിന്റെ അനിവാര്യത ബോധിപ്പിച്ചു.  വി കെ എൻ സാഹിത്യത്തെ ശ്വാസമായി കാണുന്ന അദൃശ്യവായനക്കാരുടെ പശ്ചാത്തലം വൈവിധ്യപൂർണമാണ്‌. അവരില്ലാതെ വി കെ എൻ സാഹിത്യം പൂർണമാവില്ല. വി കെ എൻ ജീവിതവും. മതമില്ലാെത ദൈവമില്ലല്ലോ...

വ്യക്തിജീവിതം പൂർണമാവുന്നത്‌  കേട്ടുകേൾവിയും അപ്രവചനീയ കർമങ്ങളും പെരുമാറ്റവും  അപഖ്യാതികളും അബദ്ധങ്ങളും പരാജയങ്ങളും നിർമര്യാദകളും അരാജകത്വവും സമൂഹവിരുദ്ധതയും കൂടിക്കലർന്നാണ്‌. അതെല്ലാം കഥാരൂപമാകുമ്പോൾ ചിലതിനൊരു ഐതിഹ്യഭാവവും വ്യക്തിജീവിതത്തിന്‌ സാഹിത്യഭാവവും വന്നുചേരുന്നു. അത്തരമൊരു സന്ദർഭമാണ്‌ ഇത്‌.

വ്യക്തിജീവിതം പൂർണമാവുന്നത്‌  കേട്ടുകേൾവിയും അപ്രവചനീയ കർമങ്ങളും പെരുമാറ്റവും  അപഖ്യാതികളും അബദ്ധങ്ങളും പരാജയങ്ങളും നിർമര്യാദകളും അരാജകത്വവും സമൂഹവിരുദ്ധതയും കൂടിക്കലർന്നാണ്‌. അതെല്ലാം കഥാരൂപമാകുമ്പോൾ ചിലതിനൊരു ഐതിഹ്യഭാവവും വ്യക്തിജീവിതത്തിന്‌ സാഹിത്യഭാവവും വന്നുചേരുന്നു. അത്തരമൊരു സന്ദർഭമാണ്‌ ഇത്‌.

നേർരേഖാജീവിതം മാതൃകാപരമായേക്കാം. പക്ഷേ, അതിൽ സർഗാത്മകതയില്ല. അതിനു സാഹിത്യമാകാൻ കഴിയില്ല. നാമജപത്തിലല്ല ശകാരത്തിലായിരിക്കും ആത്മാംശം തിളങ്ങുന്നത്‌. ഇരട്ടവരയുള്ള കോപ്പിപുസ്‌തകത്തേക്കാൾ അച്ചടക്കമില്ലാത്ത ഇസിജിയാവുമല്ലോ മനസ്സിന്റെ സഞ്ചാരം അടയാളപ്പെടുത്തുക.

വിഷ്‌ണുശർമ്മയുടെ പുരാതന പഞ്ചതന്ത്രം അന്യാപദേശ കഥാരൂപത്തിലുള്ള നീതിസാരങ്ങളും ജീവിത തത്വങ്ങളുമാണല്ലോ‐ നിഷ്‌കളങ്കരായ മൃഗങ്ങളുടെ മനുഷ്യജീവിതവും. ഇവിടെ മനുഷ്യന്റെ ശിരസ്സും മൃഗങ്ങളുടെ ഉടലുമുള്ള ആധുനിക പഞ്ചതന്ത്രമാണ്‌. ഗുണപാഠങ്ങളൊന്നുമില്ലെന്നു മാത്രം. പക്ഷേ, ചില പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കാം.  അരിസ്‌റ്റോട്ടിൽ മനുഷ്യനു നൽകിയ യുക്തിബോധമുള്ള മൃഗം എന്ന നിർവചനം  നർമബോധമുള്ള മൃഗം എന്ന്‌ മാറ്റി വായിക്കാം‐ വി കെ എൻ സാഹിത്യത്തിൽ സംഭവിക്കുന്നപോലെ  .
 

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top