29 March Friday

‘വെള്ളിത്തിരയുടെ രാഷ്ട്രീയം'; അത്ര നിഷ‌്കളങ്കവും ശുദ്ധവുമല്ല ചലച്ചിത്രങ്ങൾ

സൈജു പി എസ്‌Updated: Sunday Jul 7, 2019

ആര്‍ത്തവം, നഗ്നത, ലൈംഗികത, സ്വവര്‍ഗലൈംഗി കത, തെറി, ചേരി, കോളനി കള്‍ എന്നിവയെ പഠനവിധേയമാ ക്കുന്ന ഗ്രന്ഥം മലയാള സിനിമയുടെ പൊതുബോധ ങ്ങള്‍ വരേണ്യ–- ആൺകോയ‌്മ നിലപാടുകളുടെ അടിസ്ഥാന ത്തില്‍ രൂപപ്പെട്ടതാണെന്നു സമര്‍ഥിക്കുന്നു.  സ‌്ത്രീ, ദളിത്, ആദിവാസി, ലൈംഗിക ന്യൂന പക്ഷങ്ങൾ എന്നിവർക്കെതിരെ യുള്ള ആഖ്യാനങ്ങൾ  സ്വാഭാവി കമായ രീതിയില്‍ നിരന്തരമായി സൃഷ്ടിക്കപ്പെടുന്നതും പ്രേക്ഷ കര്‍ ആര്‍പ്പുവിളികളോടെ അവ സ്വീകരിക്കുകയുമാണ‌്. ആക്രമ ണോത്സുക ആണത്തങ്ങളുടെ പ്രകടനങ്ങളെ വാഴ‌്ത്തിപ്പാടുന്ന പൊതുബോധങ്ങളെയാണ് ചല ച്ചിത്രങ്ങള്‍ സൃഷ്ടിച്ചെടുത്തത്

ജനപ്രിയ ചലച്ചിത്രങ്ങളുടെ അജൻഡകൾ വിശകലനം ചെയ്യുകയെന്നതാണ് സമകാലിക ചലച്ചിത്ര നിരൂപണത്തിന്റെ ദൗത്യങ്ങളിലൊന്ന്. ജനപ്രിയ ചലച്ചിത്രങ്ങൾ സൃഷ്ടിക്കുന്ന ചലനങ്ങൾ, വിപണിയിലെ വ്യതിയാനങ്ങൾ, പ്രേക്ഷകനുമായുള്ള സംവാദങ്ങൾ എന്നിവയെല്ലാം അവയിലൂടെ പരിശോധിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ഏറ്റവും പുതിയ ചലച്ചിത്ര പഠന ഗ്രന്ഥങ്ങളിലൊന്നാണ് വെള്ളിത്തിരയുടെ രാഷ്ട്രീയം. ഡോ. രശ്‌മി ജി, അനിൽകുമാർ കെ എസ് എന്നിവർ ചേർന്നു രചിച്ച ഈ ഗ്രന്ഥത്തിന്റെ പ്രസാധനം  ചിന്ത പബ്ലിഷേഴ്സ‌്.

പന്ത്രണ്ട് അധ്യായമുള്ള ‘വെള്ളിത്തിരയുടെ രാഷ്ട്രീയ'ത്തിൽ മതസമുദായ സദാചാര മൂല്യങ്ങൾ, ആൺ അധികാര വ്യവസ്ഥിതികൾ എന്നിവ അശ്ലീലവൽക്കരിച്ച നിരവധി വിഷയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നുണ്ട്. ആർത്തവം, നഗ്നത, ലൈംഗികത, സ്വവർഗലൈംഗികത, തെറി, ചേരി, കോളനികൾ എന്നിവയെ പഠനവിധേയമാക്കുന്ന ഗ്രന്ഥം മലയാള സിനിമയുടെ പൊതുബോധങ്ങൾ വരേണ്യ–- ആൺകോയ‌്മ നിലപാടുകളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണെന്നു സമർഥിക്കുന്നു.  സ‌്ത്രീ, ദളിത്, ആദിവാസി, ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെയുള്ള ആഖ്യാനങ്ങൾ  സ്വാഭാവികമായ രീതിയിൽ നിരന്തരമായി സൃഷ്ടിക്കപ്പെടുന്നു, പ്രേക്ഷകർ ആർപ്പുവിളികളോടെ അവ സ്വീകരിക്കുന്നു. ആക്രമണോത്സുക ആണത്തങ്ങളുടെ പ്രകടനങ്ങളെ വാഴ‌്ത്തിപ്പാടുന്ന പൊതുബോധങ്ങളെയാണ് ചലച്ചിത്രങ്ങൾ സൃഷ്ടിച്ചെടുത്തത്. ജാതീയതയുടെ ദൃശ്യവും അദൃശ്യവുമായ രൂപമാതൃകകളെ സജീവമായി ആഘോഷിക്കുന്ന ചലച്ചിത്രങ്ങൾ ബോധപൂർവമായിത്തന്നെ ജാതിഘടനകളെ പ്രബലമാക്കുന്നു. അതിഭാവുകത്വത്തിൽനിന്നും കെട്ടുകാഴ‌്ചകളിൽനിന്നും  കൂടുതൽ റിയലിസ്റ്റിക്കായി എന്നു വാദിക്കുന്ന സമകാലിക മലയാള സിനിമ അതേ ജാതി ഘടനകളെത്തന്നെയാണ് പുതിയ രൂപത്തിൽ പുനരാനയിക്കുന്നത്.
 
ദളിത് വിരുദ്ധതയുടെ പ്രത്യയശാസ‌്ത്രം മനുസ‌്മൃതിയാണെങ്കിൽ ലൈംഗിക, ജൻഡർ, ന്യൂനപക്ഷ വിരുദ്ധതകളുടെയും അടിസ്ഥാനവും അതുതന്നെ. സംഘപരിവാരത്തിന്റെ അപകടകരമായ നിലപാടുകളെ ജനപ്രിയ ചേരുവകകൾക്കുള്ളിൽ ആകർഷമായ രീതിയിൽ അവതരിപ്പിക്കുന്ന നിലപാടുകൾ പ്രശ്നവൽക്കരിക്കുമ്പോഴാണ് ‘വെള്ളിത്തിരയുടെ രാഷ്ട്രീയം' പ്രസക്തമാകുന്നത്. അയത്ന ലളിതമായ രീതിയിൽ നിർമിക്കപ്പെടുന്ന കലയാണ് ചലച്ചിത്രമെന്ന വാദം ഉയർന്നുവരുന്നുവെങ്കിലും അത്ര നിഷ‌്കളങ്കവും ശുദ്ധവുമല്ല ചലച്ചിത്രങ്ങൾ എന്നതാണ് യാഥാർഥ്യം.
 
സംവിധായകൻ ഫ്രെയിം ചെയ്യുന്ന ഓരോ ഷോട്ടിൽപോലും രാഷ്ട്രീയ പ്രത്യയശാസ‌്ത്രത്തിന്റെ പിൻബലമുള്ളപ്പോൾ ഓരോരോ ദൃശ്യത്തിനും ഓരോരോ ചലച്ചിത്രത്തിനും സുവ്യക്തവും സുദൃഢവുമായ രാഷ്ട്രീയമുണ്ടെന്നു വ്യക്തമാകും. മനുഷ്യന്റെ ബോധനിലവാരത്തെ ഉയർത്തുന്നതും രാഷ്ട്രീയ ഉൾക്കാഴ്ച പകർന്നുനൽകുന്നതും അരികുവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങളുടെ സാംസ‌്കാരിക പശ്ചാത്തലങ്ങളോട‌് അനുഭാവം പ്രകടിപ്പിക്കുന്നതുമായ ചലച്ചിത്രങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടത്. മാസ് മസാല എന്റർടെയ്നറുകൾ പ്രതിലോമകരമായ രാഷ്ട്രീയമാണ് പങ്കുവയ‌്ക്കുന്നതെന്ന യാഥാർഥ്യത്തെ   ‘വെള്ളിത്തിരയുടെ രാഷ്ട്രീയം' വ്യക്തമാക്കുന്നു.
 
ചേരികളും കോളനികളും വെളിമ്പ്രദേശങ്ങളും ചലച്ചിത്രങ്ങളിൽ എപ്രകാരമാണ് അടയാളപ്പെടുത്തപ്പെട്ടത് എന്നു വിലയിരുത്തുമ്പോൾ അവ അശ്ലീലവൽക്കരിക്കപ്പെട്ട ഇരുണ്ടയിടങ്ങളായിട്ടാണ് എന്നു വ്യക്തമാകും. തെറി എങ്ങനെയാണ് കീഴാള വിരുദ്ധമാകുന്നതെന്നതിന്റെ സാംസ‌്കാരിക വിശകലനങ്ങൾ ഇന്ത്യൻ സമൂഹത്തിന്റെ വരേണ്യ മേൽക്കോയ്‌മ പ്രത്യയശാസ‌്ത്രത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഫ്യൂഡൽ സദാചാര സംഘങ്ങളുടെ പ്രതിരൂപമായി പ്രവർത്തിക്കുന്ന ഫിലിം സർട്ടിഫിക്കേഷൻ കമ്മിറ്റി ആർത്തവംമുതൽ നഗ്നതവരെയുള്ളവയെ വെട്ടിനിരത്തി കലയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ഏറ്റവും വലിയ ജനകീയ കലയായി വിശേഷിപ്പിക്കപ്പെടുന്ന ചലച്ചിത്രങ്ങൾ ജനാധിപത്യവിരുദ്ധ നിലപാടുകളിലുറച്ചു നിന്നുകൊണ്ട് കോർപറേറ്റുകളുടെയും ഫാസിസ്റ്റുകളുടെയും നിഗൂഢ അജൻഡകൾ നടപ്പാക്കുന്ന രീതികൾ പൊളിച്ചെഴുതപ്പെടേണ്ടതുണ്ടെന്നു ബോധ്യപ്പെടുത്തുന്ന ഈ ഗ്രന്ഥം അക്കാദമിക് ഗവേഷണ രീതിശാസ‌്ത്രത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് രചിക്കപ്പെട്ടതുകൂടിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top