29 October Friday

വായനക്കാരാ, എനിക്കും നിനക്കും തമ്മിലെന്ത്?

വെബ് ഡെസ്‌ക്‌Updated: Saturday Aug 28, 2021

ബെന്യാമിൻ, ഫോട്ടോ: ജയകൃഷ്‌ണൻ ഓമല്ലൂർ

ഒരിക്കൽ മേതിൽ രാധാകൃഷ്ണനെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ സംസാരം കമ്പ്യൂട്ടർ എഴുത്തിനെക്കുറിച്ചായിരുന്നു. എഴുത്തിനും ടൈപ്പിങ്ങിനും തലച്ചോറിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളാണ് പ്രവർത്തിക്കുന്നത് എന്നൊരു ശക്തമായ, എന്നാൽ ശാസ്ത്രീയമായ പിന്തുണയില്ലാത്ത, ഒരു ബോധം തന്നെ
ഭരിക്കുന്നുണ്ടെന്ന് മേതിൽ പറഞ്ഞു.

ഒന്ന്

ഏറെ ദിവസങ്ങൾക്കുശേഷം പേപ്പറും പേനയും എന്റെ വിരൽത്തുമ്പിലൂടെ പരസ്പരം കണ്ടുമുട്ടുന്ന നിമിഷങ്ങൾ. കമ്പ്യൂട്ടർ കീബോർഡിൽ കൊട്ടിക്കൊട്ടി ശീലമായിപ്പോയതിനാൽ പേന ഒരു അപരിചിത വസ്തു ആയിപ്പോയിട്ട് കാലങ്ങളായിരിക്കുന്നു. വല്ലപ്പോഴും ഓട്ടോഗ്രാഫ് കുറിക്കാനും ചെക്കുബുക്കിൽ ഒപ്പിടാനും മാത്രമായി അത് ചുരുങ്ങിപ്പോയിരിക്കുന്നു. പക്ഷേ ഇന്നെന്തോ എഴുതാൻ തോന്നി. മെനക്കേട് പിടിച്ച ഈ എഴുത്തിനോട് വല്ലാത്ത ഗൃഹാതുരത്വം നിറഞ്ഞ ഒരു പ്രണയം അനുഭവപ്പെടുന്നു. കമ്പ്യൂട്ടർ എഴുത്തിലെ ശീലം എന്നെ ഒരു മടിയനാ‍ക്കിയിരുന്നു. എഴുതുക, തിരുത്തുക, മാറ്റിയെഴുതുക എന്നിങ്ങനെയുള്ള ആവർത്തനവിരസതകളെ മുഴുവൻ അത് റദ്ദുചെയ്തുകളഞ്ഞല്ലോ.

ഒരിക്കൽ മേതിൽ രാധാകൃഷ്ണനെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ സംസാരം കമ്പ്യൂട്ടർ എഴുത്തിനെക്കുറിച്ചായിരുന്നു. എഴുത്തിനും ടൈപ്പിങ്ങിനും തലച്ചോറിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളാണ് പ്രവർത്തിക്കുന്നത് എന്നൊരു ശക്തമായ, എന്നാൽ ശാസ്ത്രീയമായ പിന്തുണയില്ലാത്ത, ഒരു ബോധം തന്നെ ഭരിക്കുന്നുണ്ടെന്ന് മേതിൽ പറഞ്ഞു. ആയിരിക്കുമോ? എഴുതുന്ന ബുദ്ധികൊണ്ടല്ലേ ടൈപ്പ് ചെയ്യുന്നത്? അപ്പോൾ ഇതുവരെ ടൈപ്പ് ചെയ്‌തെടുത്ത നോവലുകൾ കൈയെഴുത്തായിരുന്നെങ്കിൽ മറ്റൊന്നായി മാറുമായിരുന്നോ?

ചിത്രീകരണം: കെ സുധീഷ്‌

ചിത്രീകരണം: കെ സുധീഷ്‌


വെറുതേ കുറേനേരം മട്ടുപ്പാവിൽ ഇരുന്ന് പുറത്തെ മഴത്തണുപ്പ് ആസ്വദിക്കാൻ വന്നതാണ്. ആകാശം നിറയെ നക്ഷത്രങ്ങളുണ്ട്. എത്രകാ‍ലമായി മനസ്സു നിറഞ്ഞ് സ്വസ്ഥമായി ആകാശം കണ്ടിട്ട്, നക്ഷത്രങ്ങളെ കണ്ടിട്ട് എന്നോർത്തുപോയി. ഇത്രകാലം നിന്നെ കൊതിയോട് കൊതിയോടെ നോക്കിയിട്ടും പ്രകാശവർഷങ്ങൾക്കപ്പുറത്തു ജീവിക്കുന്ന ഈ കുഞ്ഞു മനുഷ്യരെ ഒന്ന് വന്നു കാണുവാൻ നിങ്ങൾക്ക് തോന്നിയില്ലല്ലോ എന്ന് ബഹിരാകാശ ജീവികളോട് ഒരു ഖേദം തോന്നി. എന്നാണാവോ അവരിനി വരുക? ഞാൻ ഈ ഭൂമിയിൽനിന്ന്‌ അപ്രത്യക്ഷനായതിനും എത്ര തലമുറകൾ പിന്നിട്ട ശേഷം?

ഓർമകളും ചിന്തകളും ക്രമരഹിതമാകുന്നതിന്റെ ഒരു സുഖം ഈ എഴുത്തിനുണ്ട്. ഒന്നിനും വേണ്ടിയല്ലല്ലോ ഇത് എഴുതുന്നത്. ഒറ്റയിരുപ്പിൽ ഈ രാത്രിയുടെ സൗന്ദര്യത്തെക്കുറിച്ച് പറയാനൊരാൾ വേണമെന്ന തോന്നലിൽ നിന്ന് മാത്രം ഉദിച്ച എഴുത്ത്. മൊബൈലുകളുടെ നിലവിളികളും മെസേജുകളുടെ ചിലപ്പുകളുമില്ലാത്ത രാത്രികൾ എത്ര സുന്ദരമെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു. വയസ്സ്‌ അമ്പത് പിന്നിട്ട് കഴിഞ്ഞു. ഇനിയെങ്കിലും ശബ്ദങ്ങളിൽനിന്ന് അകലം പാലിച്ചേ മതിയാവൂ. പുറത്തേക്ക് നോക്കാൻ മാത്രമല്ല, ഉള്ളിനെ കാണാനും ഒരു നിശ്ശബ്ദത ആവശ്യമാണ്.
അകലെയുള്ള ഹൈവേയിലൂടെ ഭാരം കയറ്റിപ്പോകുന്ന വണ്ടിയുടെ ചക്രങ്ങൾ ഉണ്ടാക്കുന്ന പ്രത്യേക ഉരച്ചിൽ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ട്. അതിനെക്കുറിച്ച് ആടുജീവിതം എന്ന നോവലിൽ ഒരിടത്ത് എഴുതിയിട്ടുണ്ട്. അത് ബാല്യകാലത്തിൽനിന്ന്‌ വീണ്ടെടുത്ത ഒരു ശബ്ദശകലമായിരുന്നു.

അച്ചാച്ചൻ ഒരു ടാക്‌സി ഡ്രൈവറായിരുന്നു. രാത്രി ഓട്ടം പോയാൽ എപ്പോഴെങ്കിലുമായിരിക്കും തിരിച്ചുവരിക. ഫോണും മൊബൈലും ഒന്നുമില്ലാത്ത കാലത്ത് എവിടെ പോയെന്നോ എപ്പോൾ വരുമെന്നോ അറിയാത്ത അനിശ്ചിതത്വം പൊതിഞ്ഞുകെട്ടിയ ആധിയോടെയുള്ള കാത്തുകിടപ്പിൽ കേട്ടുപഴകിയതാണ് ചക്രങ്ങളുടെ ആ ഉരച്ചിൽ ശബ്ദം. എഴുത്തിൽ ഉടനീളം അങ്ങനെ ചില വീണ്ടെടുപ്പുകൾ ഉണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാവാം ഒരു സർഗാത്മക എഴുത്തുകാരന്റെ യഥാർഥ ആത്മകഥ അയാളുടെ രചനകൾക്കുള്ളിൽ, വരികൾക്കിടയിൽ മറഞ്ഞുകിടക്കുന്നുണ്ടാ‍വാം എന്നൊരു വിചാരം ശക്തിമായിട്ടുള്ളത്. ഇനി അയാൾ പുതിയൊരു ആത്മകഥ എഴുതേണ്ടതില്ല, എഴുതിയാൽ   ജീവിതത്തിന്മേലുള്ള കള്ളം പറച്ചിലായിപ്പോകും അത്. വരികൾക്കിടയിൽ നിന്നും വായിച്ചെടുക്കാനറിയാവുന്ന ഒരുവന് വീണ്ടെടുക്കാവുന്ന ഒരു ആത്മകഥയേ ഏത് എഴുത്തുകാരനുമുള്ളൂ. അതാണ് സത്യസന്ധമായ എഴുത്ത്. ഫിക്‌ഷനുള്ളിൽ ഒളിപ്പിച്ചുവച്ച സത്യം

വായനക്കാരന്റെ അഗാധമായ സ്നേഹം ലഭിക്കുവാൻ വിധിക്കപ്പെട്ടവൻ കൂടിയാണ് ഞാൻ. അതിൽനിന്ന് ഒഴിഞ്ഞുമാറുവാൻ എനിക്ക്‌ പോലും അവകാശമില്ല. അല്ലെങ്കിൽ ആശുപത്രി കിടക്കയിൽ മരണം കാത്തുകിടക്കുമ്പോൾ ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത അജ്ഞാതനായ ഒരാൾ ആ ദിവസങ്ങളിൽ അത്രയും ആ മുറിക്കു മുന്നിൽ ഞാനെന്താണ് ചെയ്തുതരേണ്ടത് എന്ന് വീണ്ടും വീണ്ടും അന്വേഷിച്ചുകൊണ്ട് കാവൽ നിൽക്കുമായിരുന്നോ?


ഈ തണുപ്പിന്റെ തണലിലിരുന്ന് വല്ലവിധേനയും ബോറടിച്ചാൽ ബോബി ജോസ് കട്ടികാടിന്റെ കൂട്ട് എന്ന പ്രണയപുസ്തകം ഒരിക്കൽകൂടി വായിക്കാം എന്നുകൂടി കരുതിയാണ് മട്ടുപ്പാവിലേക്ക് വരുന്നത്. എന്നാലിപ്പോൾ വായിക്കാനല്ല വെറുതെ ഓർത്തിരിക്കാനാണ് തോന്നുന്നത്. ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നഷ്ടപ്പെടലുകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമുള്ള ഓർമകൾ കാറ്റുപോലെ ഒഴുകിയെത്തുന്നു. അതിനു മാധുര്യവും ചവർപ്പുമുണ്ട്. നേടലും നഷ്ടപ്പെടലും സമാസമമുണ്ട്. അതിനിടയിൽ എപ്പോഴോ ആണ് ഈ എഴുത്ത് ജീവിതംകൊണ്ട് നീ എന്തുനേടി എന്നൊരു ചോദ്യം ആകാശച്ചരുവിൽനിന്ന്‌ ഇറങ്ങിവരുന്നത്.

ഒന്നും നേടിയില്ലെങ്കിലും എഴുതുമായിരുന്നില്ലേ? അങ്ങനെ എന്തെങ്കിലും കാംക്ഷിച്ചിട്ടാണോ എഴുത്തിലേക്ക് വരുന്നത്. അല്ല എന്നാണ് ഹൃദയം നൽകുന്ന ഉത്തരം. അതൊരു ഭ്രാന്തായിരുന്നു. അതൊരു മോചനമായിരുന്നു. അതൊരു സ്വയം പീഡ പോലുമായിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്കുമുമ്പ്‌. യൗവനത്തിന്റെ തീക്ഷ്ണകാലത്ത്. പ്രണയത്തിന്റെ തീ സിരകളിൽ പടരുകയും അഴിയുകയും ചെയ്ത കാലത്ത്. ശരീരം ഒരു കൗതുകവും ആധിയും ശാപവുമായി വളർന്ന കാലത്ത്. അതിനുള്ള ഉത്തരമായിരുന്നു വായന. വിടുതൽ ആയിരുന്നു എഴുത്ത്. കൊതിച്ചിട്ടില്ലെങ്കിലും വായനക്കാർ എന്തൊക്കെയോ വാരിക്കോരി തന്നിട്ടുണ്ട് എന്നൊരു തോന്നൽ ഉണ്ട്. ചിലപ്പോൾ ആഗ്രഹിച്ചതിനേക്കാൾ അധികം, അർഹതപ്പെട്ടതിനേക്കാൾ അധികം. പുരസ്കാരങ്ങളെക്കുറിച്ചോ സമ്മാനങ്ങളെക്കുറിച്ചോ അല്ല പറയുന്നത്. ഇത്, മനുഷ്യ ഹൃദയങ്ങൾ സമ്മാനിച്ച ഹൃദ്യമായ അനുഭവങ്ങൾ. അതിനു പകരംവയ്ക്കാൻ എന്തിന്‌ കഴിയും? വിലമതിക്കാനാവാത്തതിനെ തൂക്കിയളക്കുന്നത് ശരിയോ?  
ഭൂമിയിൽ എത്രപേർക്ക് അജ്ഞാതരായ മനുഷ്യരുടെ സ്നേഹം കിട്ടാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. കടപ്പാടുകളുടെ ബന്ധവും ബന്ധനവുമില്ലാത്ത സ്നേഹം. അപ്പോഴാണ് എഴുത്തിലേക്ക് ഞെട്ടറ്റുവീണതിന്റെ പുണ്യം തിരിച്ചറിയുന്നത്.

ഇന്നലെ ഒരു സ്നേഹിതൻ വിളിച്ചു. ശിരസിൽ ഭ്രാന്തും പ്രണയവും സ്നേഹവും ഒരേ അളവിൽ കൊണ്ടുനടക്കുന്ന ഒരു മനുഷ്യൻ. ‘അണ്ണാ ഞാൻ വിളിച്ചിട്ട് ഫോണെടുത്തില്ലല്ലോ, വലിയ ചതിവായിപ്പോയി കേട്ടോ’ എന്ന് പരാതി പറഞ്ഞു. രണ്ടുദിവസം മുമ്പുണ്ടായ ഒരു വിളിയെക്കുറിച്ചാണ് പരാതി. എതോ പരിപാടിത്തിരക്കിൽ ആയിരുന്നതിനാൽ ഫോണെടുക്കാൻ സാധിച്ചില്ല. അയാൾ വിളിച്ചാൽ അങ്ങനെ ഫോണെടുക്കാതെ ഇരിക്കില്ല. ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒത്തിരി പരിഭവങ്ങൾ നിറഞ്ഞ വർത്തമാനങ്ങൾ കേൾക്കാം. അതിലും ഒരു രസമുണ്ട്.


‘അണ്ണാ, ഞനൊരു കൂൾബാറിൽ കയറിയപ്പോൾ അവിടെയിരുന്ന് ഒരു പെൺകുട്ടി അണ്ണന്റെ പുസ്തകം വായിക്കുന്നു. വലിയ ആവേശത്തോടെയുള്ള വായനയാണ്. ഒന്ന് കയറിക്കൊരുക്കാം എന്നുതന്നെ വിചാരിച്ചു. എന്തൊരു മോശം പുസ്തകമാണിത്. ഇതൊക്കെയാണോ വായിക്കുന്നത്? പെൺകുട്ടിയെ പ്രകോപിപ്പിക്കാൻ ഞാൻ ചില നമ്പറുകൾ ഇറക്കിനോക്കി’
‘എന്റണ്ണാ.. അവൾ എന്നെ കൊന്നില്ലെന്നേയുള്ളൂ. തർക്കിച്ച് ബഹളമുണ്ടാക്കി അവൾ അവിടെ നിന്ന് ഇറങ്ങിപ്പോയി. അത് പറയാനായിരുന്നു ഞാനപ്പോൾ വിളിച്ചത്. നിങ്ങളൂടെ പുസ്തകങ്ങൾ വായിക്കാത്തവർ വല്ലതും ഇനി ബാക്കിയുണ്ടോ അണ്ണാ?’

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എത്രയോ കോടി ജനങ്ങൾ ഇനിയും വായിക്കാതെ ബാക്കിയാവുന്നു എന്നുമാത്രം മനസ്സിൽ പറഞ്ഞു. നാം കണ്ടുമുട്ടുന്നവർ മാത്രമല്ലല്ലോ ഈ ജനങ്ങൾ. അതിനുപുറത്ത് എത്രയോ അധികം പേർ ജീവിച്ചുകൊണ്ടിരിക്കുന്നു.

അത് നമ്മുടെ പരിമിതിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നാം കണ്ടുമുട്ടുന്ന അനുഭവ പരിസരങ്ങളിൽ നിന്നുമാത്രമാണ് നാം അഭിപ്രായങ്ങൾ രൂപീകരിക്കുന്നത്. അതിനു പുറത്തുള്ള വിശാല സമൂഹത്തിനെ കാണാനോ മനസ്സിലാക്കാനോ നാം സന്നദ്ധമാകുന്നതേയില്ല. ഈ അന്ധതയിൽ നിന്നാണെന്ന് തോന്നുന്നു, തനിക്കു ചുറ്റുമാണ് ലോകം സഞ്ചരിക്കുന്നത് എന്ന് വിചാരിക്കുന്ന ചില ചെറിയ മനുഷ്യർ ജനിക്കുന്നത് എന്ന് തോന്നുന്നു.
എങ്കിലും ചിലരൊക്കെ ഇഷ്ടപ്പെടുന്നുണ്ട്. ചിലർ വായിക്കുന്നുണ്ട്. ജീവിതം എന്നെ നടത്തിയ നിയോഗത്തിലൂടെ നടന്നതിനുള്ള സമ്മാനം. അല്ലെങ്കിൽ ഇത്രയൊക്കെ അലസമായി സാഹിത്യത്തെ സമീപിക്കുന്ന ഒരാൾക്ക് ഇത്രയെങ്കിലും വായനക്കാരെ ആകർഷിക്കാൻ കഴിഞ്ഞതെങ്ങനെ. വായനക്കാരന്റെ അഗാധമായ സ്നേഹം ലഭിക്കുവാൻ വിധിക്കപ്പെട്ടവൻ കൂടിയാണ് ഞാൻ. അതിൽനിന്ന് ഒഴിഞ്ഞുമാറുവാൻ എനിക്ക്‌ പോലും അവകാശമില്ല. അല്ലെങ്കിൽ ആശുപത്രി കിടക്കയിൽ മരണം കാത്തുകിടക്കുമ്പോൾ ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത അജ്ഞാതനായ ഒരാൾ ആ ദിവസങ്ങളിൽ അത്രയും ആ മുറിക്കു മുന്നിൽ ഞാനെന്താണ് ചെയ്തുതരേണ്ടത് എന്ന് വീണ്ടും വീണ്ടും അന്വേഷിച്ചുകൊണ്ട് കാവൽ നിൽക്കുമായിരുന്നോ? അദ്ദേഹത്തിന്റെ പേരുപോലും മനസ്സിലാക്കുന്നത് പിന്നെയും എത്രയോ കഴിഞ്ഞാണ്. വാഹനാപകടത്തിൽ ഏക മകൻ നഷ്ടപ്പെട്ട ഒരമ്മ എന്നെ ചേർത്തുപിടിച്ച് നിന്റെ പുസ്തകം എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു എന്ന് കണ്ണീരോടെ പറയുമ്പോൾ, ജീവിതാന്ത്യക്കുറിപ്പെഴുതി വച്ച് മരണത്തിലേക്ക് നടക്കാൻ ശ്രമിച്ച ഒരു ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ, ഗൾഫിലായിരുന്ന അച്ഛനെ നിരന്തരം പഴിക്കുമായിരുന്ന പെൺകുട്ടിയുടെ ധാരണ തിരുത്താൻ,  ഒക്കെ പുസ്തകത്തിനു കഴിഞ്ഞു എങ്കിൽ മറ്റെന്ത് സാമൂഹിക ദൗത്യമാണ് അതിന്‌ നിർവഹിക്കാനുള്ളത്? അതിനപ്പുറത്ത് നിർവഹിക്കാനുള്ള സാഹിത്യപരമായ ധർമങ്ങളെക്കുറിച്ച് എനിക്ക് ആവലാതികളേയില്ല.

സ്നേഹനിധികളായ വിമർശകരേ, നിങ്ങൾ അളന്നും തൂക്കിയും വെട്ടിയും മുറിച്ചും കൊന്നുകളയുന്ന ഓരോ പുസ്തകങ്ങൾക്കും ഒരാത്മാവ് ഉണ്ടായിരുന്നു. ആ ആത്മാവ് നിരവധി സാധാരണക്കാരുമായി സംവദിക്കുന്നതിന്റെ അനുഭവം ഒരു കാഴ്ചക്കാരനെപ്പോലെ നോക്കിനിന്നിട്ടുള്ളവനാണ് ഞാൻ. നിങ്ങൾ ഇക്കണ്ടകാലമത്രയും അക്കാദമിക്കായ അക്ഷരവ്യാപാരം നടത്തിയിട്ട് എത്രപേരുടെ മനസ്സുകളിൽ ഒരു ചലനമെങ്കിലും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്? എത്രപേരുടെ സ്നേഹം സമ്പാദിക്കുവാൻ കഴിഞ്ഞു?  ഉപാധികളില്ലാതെ സ്നേഹം സമ്മാനിക്കുന്ന എത്രപേർ നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾ എന്തൊക്കെ കുറവുകൾ ആരോപിച്ചാലും മനുഷ്യഹൃദയങ്ങളെ പിടിക്കാനുള്ള ഒരു ശക്തി ഓരോ നോവലുകൾക്കുമുണ്ട്. ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന് ക്രിസ്തു പറഞ്ഞതിന്റെ പൊരുൾ എനിക്ക് തെളിഞ്ഞുവരുന്നുണ്ട്. പുസ്തകങ്ങൾക്ക് മനുഷ്യരെ പിടിക്കാൻ കഴിവുണ്ട് എന്ന് എന്റെ ജീവിതം സാക്ഷ്യം വഹിക്കുന്നു. സാഹിത്യത്തിന്റെ ബൗദ്ധികധർമങ്ങൾക്ക് പുറത്ത് പച്ചമനുഷ്യന്റെ ജീവിതത്തെ തൊടുവാൻ ഏതെങ്കിലും പുസ്തകത്തിനു കഴിയുന്നുവെങ്കിൽ വേറെന്താണ് ഒരു പുസ്തകം പുലർത്തേണ്ട ദൗത്യം?  


രണ്ട്

അഭിമുഖത്തിനായി ഒരു പെൺകുട്ടി വന്നു. എല്ലാ പതിവുചോദ്യങ്ങൾക്കും ഇടയിൽ എഴുത്തുമുറിയെക്കുറിച്ച് പറയുമോ എന്ന് ചോദിച്ചു. പെട്ടെന്ന് കൊടുക്കുന്ന ചില ഉത്തരങ്ങൾക്ക് പുറത്ത് എന്താണ് എന്റെ എഴുത്തുമുറി?
ഭൗതികമായി ഒരു എഴുത്തുമേശയും അതിന്‌ ഇരുവശത്തും പുസ്തകഷെൽഫുമുള്ള ഒരു ചെറിയ മുറിയാണത്. അതിന്റെ ഒരു ഭാഗത്ത് എനിക്ക് കിട്ടിയ പുരസ്കാരങ്ങളും ഫലകങ്ങളും മൊമന്റോകളും അഭിമാനത്തോടെ തന്നെ വച്ചിട്ടുണ്ട്. വീടിന്റെ ഏതെങ്കിലും പിന്നാമ്പുറത്ത് കൂട്ടിയിടാനുള്ളതല്ല എനിക്കത്.

എന്റെ ചെറിയ എഴുത്തുകൾക്ക് സാഹിത്യസമൂഹം നൽകിയ വലിയ സമ്മാനങ്ങളാണവ. അത് ആരുടെ മുന്നിലും പ്രദർശിപ്പിക്കാൻ എനിക്ക് മടിയില്ല. അതൊന്നും വില കൊടുത്തുവാങ്ങിയതല്ല എന്നുറപ്പുള്ളതുകൊണ്ട് തീർച്ചയായും.

സ്വാഭാവികമായും പുസ്തകഷെൽഫിൽ ഒട്ടനവധി പ്രിയപ്പെട്ട പുസ്തകങ്ങളുണ്ട്. ഒരുപക്ഷേ അവയിൽ അധികവും വർഷങ്ങളായി എനിക്കൊപ്പമുള്ളവയാണ്. ചില സൗഹൃദങ്ങളെക്കാൾ പഴക്കമുണ്ടവയ്ക്ക്. തൊണ്ണൂറുകളുടെ ആദ്യം ബഹ്‌റൈനിലെ ബാച്ച്‌ലർ ക്വാർട്ടേഴ്സിൽ നാലോ അഞ്ചോ പുസ്തകങ്ങളിൽ തുടങ്ങിയ ശേഖരമാണത്.  ഉമ്പർട്ടോ എക്കോയുടെ സ്വകാര്യ ശേഖരത്തിൽ അമ്പതിനായിരം പുസ്‌തകങ്ങളുണ്ടായിരുന്നു എന്ന് വായിച്ച ഒരു മദ്ധ്യാഹ്നത്തിൽ കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്നന്വേഷിക്കുന്ന വ്യർത്ഥതയോടെ എനിക്കെത്ര പുസ്തകമുണ്ട് എന്ന് ഞാനൊന്ന് എണ്ണിനോക്കി. 1579 എണ്ണം. ഇതിലും എത്രയോ കൂടുതൽ ഉണ്ടാകുമായിരുന്നു. ബഹ്‌റൈനിൽനിന്നുള്ള മടങ്ങിവരവിൽ അന്നത്തെ ശേഖരത്തിൽനിന്ന്‌ പാതിയിലേറെ പുസ്തകങ്ങൾ അവിടെ ഉപേക്ഷിച്ച്‌ പോരേണ്ടി വന്നിട്ടുണ്ട്. എന്റെ ഷെൽഫിലെ മിക്ക പുസ്‌തകങ്ങൾക്കും മൂന്നിരട്ടി മൂല്യമാണ് എന്ന് ഞാൻ പറയാറുണ്ട്. പുസ്‌തകത്തിന്റെ യഥാർഥ വിലയുടെ ഇരട്ടി തപാൽ ചാർജ് നൽകിയാണ് അവ ഒരിക്കൽ ബഹ്റൈനിൽ എത്തിച്ചത്. പിന്നെ മറ്റൊരു കനത്ത പാർസൽ ചാർജ് കൊടുത്താണ് അവ നാട്ടിൽ എത്തിച്ചത്. അതിന്റെ പകുതി പണമുണ്ടായിരുന്നുവെങ്കിൽ അവയിൽ മിക്കവയും നാട്ടിൽനിന്ന് പുതിയതായി വാങ്ങിക്കാമായിരുന്നു. എന്നാൽ അവയെ എനിക്കങ്ങനെ പൂർണമായും ഉപേക്ഷിച്ചു പോരാൻ ആയില്ല.

പല ജീവിത സന്ദർഭങ്ങളിലും ഞാൻ എടുത്തുപയോഗിച്ച പുസ്തകങ്ങളാണവ. വായിച്ചു തീർന്ന ഒരു പുസ്തകവും പിന്നെ വെറുമൊരു പുസ്തകമല്ല, അതിൽ എന്റെ ജീവിതത്തിന്റെ ഉപ്പും ഗന്ധവും പുരണ്ടിട്ടുണ്ട്. ചിലതിൽ എന്റെ കണ്ണീരുണ്ട്, ചിലതിൽ എന്റെ പ്രണയം, ചിലതിൽ എന്റെ അഭിമാനം, ചിലതിൽ എന്റെ ഗർവ്, ചിലതിൽ എന്റെ വീണ്ടെടുപ്പ്. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും അതിജീവിക്കാൻവേണ്ടി ഞാൻ വിരൽതൊട്ട മഹാസത്യങ്ങളാണവ. പകരം കുറച്ചു പുതിയവ വാങ്ങിവച്ചാൽ ഒട്ടുമേ തുല്യമാവില്ല അത്.  അവയുടെ പഴക്കത്തിൽ കീറിയ പുറംചട്ടയിൽ, മങ്ങിയ താളുകളിൽ, പെൻസിൽ വര വീണ വരികൾക്കിടയിൽ, അതിലെ കുറിപ്പുകൾക്കും നക്ഷത്രചിഹ്നങ്ങൾക്കും മുകളിൽ ഒക്കെ എന്റെ സ്വകാര്യതകൾ പതിഞ്ഞുകിടപ്പുണ്ട്. ആ പുസ്‌തകങ്ങളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്‌. സഹായിച്ചത്. ഇപ്പോഴും എന്റെ ഗ്രന്ഥാലയം വളരെ പതിയെ ആണ് വളരുന്നത്. വർഷന്തോറും വായിച്ചു തീർക്കാനാവുന്നതിൽ അധികം പുസ്തകങ്ങൾ വാങ്ങിക്കൂട്ടാ‍റുണ്ട്. വായിക്കാനായി എത്ര പുസ്തകങ്ങൾ മേശപ്പുറത്ത് ബാ‍ക്കി കിടപ്പുണ്ടെങ്കിലും പുതിയവ കാണുമ്പോൾ ഒരാർത്തിയാണ്. ചില പേരുകളോട് ചില എഴുത്തുകാരോട് ചില വിഷയങ്ങളോടുള്ള ഒരാർത്തി. കൂടാതെ ധാരാളം പ്രസാധകരും എഴുത്തുകാരും പുസ്തകങ്ങൾ സൗജന്യമായും അയച്ചുതരാറുണ്ട്. അങ്ങനെ പുറമേ മേനി നടിക്കാൻ പാകത്തിൽ എന്റെ ഗ്രന്ഥാലയം വല്ലാതെ ചീർത്ത് വലുതാവേണ്ടതായിരുന്നു. എന്നാൽ ഓരോ വർഷാന്ത്യത്തിലും ഒരു തിരഞ്ഞുപെറുക്കലുണ്ട്. കൈയിലുള്ള ഏത് പുസ്തകവും ഉപേക്ഷിച്ചുകളയുന്നത് സങ്കടമാണെങ്കിലും മേലിൽ വായനയ്ക്കോ റഫറൻസിനോ ഉതകുകയില്ല എന്ന് തോന്നുന്നവ മറ്റ് വായനക്കാർക്കോ ഗ്രന്ഥാലയങ്ങൾക്കോ സമ്മാനിക്കുകയാണ് പതിവ്. അല്ലെങ്കിൽ പുസ്തകഷെൽഫ് ക്യാൻസർപോലെ വളർന്നുപെരുകും.

വർഷാന്ത്യ വിളവെടുപ്പ് കഴിയുമ്പോൾ ഏറിയാൽ അഞ്ചോ പത്തോ പുസ്‌തകങ്ങൾ മാത്രമാവും പഴയതിനോട് എല്ലാക്കാലത്തേക്കുമായി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ടാവുക. ഓരോ വർഷവും വായിക്കുന്നവ അതിലേറെ ഉണ്ടാവുമെങ്കിലും ഭാവിയിലേക്ക് സൂക്ഷിച്ചുവയ്ക്കേണ്ടവ അത്രയൊക്കയെ ഉണ്ടാവുകയുള്ളൂ. അങ്ങനെ കാലാകാലങ്ങളായി എനിക്ക് കൂട്ട് നടക്കുന്നവരുടെ കൂട്ടത്തിൽ ഓഷോ മുതൽ ഒർഹാൻ പാമൂക് വരെയുണ്ട്. അവർക്കിടയിൽ കാഫ്കയും മാർകേസും യോസയും നെരൂദയും സാർത്രും വോൾട്ടയറും ഉണ്ട്. ആന്ദനും എം ടിയും മാധവിക്കുട്ടിയും രാമനുണ്ണിയും സുഭാഷ് ചന്ദ്രനും ഉണ്ട്. കെ പി അപ്പനും ആഷ മേനോനും മേതിലും ഉണ്ട്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനായ നിക്കോസ് കസന്ദ് സാക്കിസും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ഇല്ലാതെ ഞാനെങ്ങനെ പൂർണനാവും? യൗവനാരംഭത്തിൽ എപ്പോഴോ ആണ് ഞാൻ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങൾ വായിക്കുന്നത്. ഏറെക്കാലത്തെ അലച്ചിലിനു ശേഷം തിരുവനന്തപുരത്തെ ഒരു പുസ്തകശാലയിൽനിന്നാണ് ഞാനത് സ്വന്തമാക്കുന്നത്. അതും വളരെ തുച്ഛമായ വിലയ്ക്ക്. അത് വായിച്ചശേഷം തിരുവനന്തപുരത്തെ വാകമരത്തിന്റെ തണൽവീണ നടപ്പാതയിലൂടെ ആടിയുലഞ്ഞവനെപ്പോലെ ഞാൻ നടന്ന ഒരു നടപ്പുണ്ട്. അതുവരെ കൂടെക്കൊണ്ടുനടന്ന ചില ബോധ്യങ്ങൾ അത്രയും കടപുഴകി വീണതിന്റെ ഉലച്ചിലായിരുന്നു അത്. ഞാൻ ഏറെ മാറിപ്പോയത് അന്നാണ്. പിന്നെ ഒരിക്കലും ഞാൻ പഴയ ഞാൻ ആയിട്ടേയില്ല. ഏറെക്കഴിഞ്ഞാണ് റിപ്പോർട് ടു ഗ്രീക്കോയും സോർബ ദ ഗ്രീക്കും ഒക്കെ ഞാൻ വായിക്കുന്നത്. എന്നാലും എന്റെ പ്രിയപ്പെട്ട പുസ്തകം അതൊന്നുമല്ല. അത് മറ്റൊന്നാണ്. റൊമൈൻ റോളണ്ടിന്റെ ജീൻ ക്രിസ്റ്റോഫ്. എം ടിയുടെ ഒരു ലേഖനത്തിൽനിന്നാണ് ഞാൻ ആ പുസ്തകത്തെക്കുറിച്ച് കേൾക്കുന്നത്. ബഷീറാണ് എം ടിക്ക് ആ പുസ്തകം നിർദേശിച്ചത് എന്ന് വായിച്ചപ്പോൾ വല്ലാത്ത ആവേശമായി.

മനാമയിൽ അന്നൊരു സ്വകാര്യ ലൈബ്രറിയുണ്ട്. ചെറിയ ഫീസിന്‌ പുസ്തകങ്ങൾ വായിക്കാൻ തരും. മലയാളത്തിൽ അത്രയൊന്നും കേട്ടിട്ടില്ലാത്ത ഈ പുസ്തകം തേടി അവിടെ ചെല്ലുമ്പോൾ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാൽ അന്നോളം ആരും കൈകൊണ്ടുപോലും തൊടാത്ത പത്ത് വാല്യങ്ങൾ  എന്റെ സ്പർശനം കൊതിച്ച് അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആരും എടുത്തുകൊണ്ട് പോകാത്ത പുസ്തകം എന്ന് ഉടമസ്ഥൻ എന്നെ നിരുത്സാഹപ്പെടുത്തിയെങ്കിലും ജീവിതത്തിലെ മറ്റു പലതും എന്നപോലെ വായനയും ഒരു പരീക്ഷണമാണ് എന്ന യൗവനയുക്തിയിൽ ഞാനത് വായിക്കാനെടുക്കുക തന്നെ ചെയ്തു. ആദ്യ താൾ തുറന്ന് അക്ഷരങ്ങളിലേക്ക് ഇരുന്നത് ഓർമയുണ്ട്. പിന്നൊരു ഭ്രാന്തായിരുന്നു. വിഖ്യാത സംഗീതജ്ഞൻ ബീഥോവന്റെ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട ആ ജീവിതഗാഥ എന്റെ ജീവിതവീക്ഷണങ്ങളെ അടിമുടി മാറ്റിപ്പണിയുക തന്നെ ചെയ്തു. അതിൽ അന്നോളം എന്നെ അലട്ടിയിരുന്ന എന്റെ സന്ദേഹങ്ങൾക്കുള്ള മറുപടി ഉണ്ടായിരുന്നു. ജീവിതം എന്നത് നേടാൻവേണ്ടി മാത്രമുള്ളതല്ല, നഷ്ടപ്പെടാൻ കൂടിയുള്ളതാണ് എന്ന് രണ്ടായിരം പേജുകളിലായി നീണ്ടുകിടക്കുന്ന അതിലെ ദാർശനിക വിചാരങ്ങൾ എനിക്ക് ബോധ്യമാക്കിത്തന്നു. പിന്നീട് അതിനേക്കാൾ സാഹിത്യമൂല്യമുള്ള കൃതികൾ പലതും ഞാൻ വായിച്ചിട്ടുണ്ടാവാം. എന്നാലും ജീൻ ക്രിസ്റ്റഫിനോളം എന്നെ സ്വാധീനിച്ച പുസ്‌തകങ്ങൾ വേറെയില്ല എന്നതാണ് സത്യം.

വായിക്കുന്ന കാലം, പ്രായം, സന്ദർഭം, മാനസികാവസ്ഥ എന്നിവയൊക്കെ ഒരു പുസ്തകവായനയിൽ നമ്മെ നിശ്ചയമായും സ്വാധീനിക്കും. അതുകൊണ്ടാവാം വളരെ പ്രകീർത്തിക്കപ്പെട്ട ചില പുസ്‌തകങ്ങൾ നമ്മുടെ വായനയിൽ അത്ര പ്രിയങ്കരമായി തോന്നാത്തത്. മറ്റുപലരും ചവറ് എന്ന് വിശേഷിപ്പിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ സ്വന്തമായിത്തീരുന്നത്.  

ഏറെ പ്രിയപ്പെട്ട ആ പുസ്തകത്തിന്റെ  സമ്പൂർണവോള്യം എന്റെ ഗ്രന്ഥപ്പുരയിൽ ഇല്ല എന്നത് കൗതുകകരമായ കാര്യമാണ്.  അന്ന് ലൈബ്രറിയിൽനിന്ന് എടുത്ത് വായിച്ചെങ്കിലും ഡയറിയിൽ അതേപ്പറ്റി സുദീർഘങ്ങളായ കുറിപ്പുകൾ എഴുതിവച്ചെങ്കിലും പിന്നെ എവിടെയും ആ പുസ്തകം ഞാൻ കണ്ടിട്ടില്ല. പുതിയ പതിപ്പുകൾ ഇറങ്ങിയിട്ടില്ല എന്നതാവാം കാരണം. ഏറെ വർഷങ്ങൾക്കുശേഷം പുസ്തക പ്രസാധക സഹകരണ സംഘത്തിന്റെ വക ഒരു സംക്ഷിപ്‌തരൂപം എനിക്ക് സമ്മാനമായി ലഭിച്ചു. എന്റെ ഇഷ്ടപുസ്‌തകം എന്നറിഞ്ഞുകൊണ്ടു തന്നെ സമ്മാനമായി തന്നതാണ്. എന്നാൽ ആ പതിപ്പ് എനിക്ക് ഒട്ടും ഇഷ്ടമായില്ല.  നോവലുകൾക്ക് എങ്ങനെയാണ് സംക്ഷിപ്‌തരൂപങ്ങൾ സാധ്യമാകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നതേയില്ല. ഒരു നോവലിന്റെ ആത്മാവ് അതിന്റെ കഥയിലാണോ കുടികൊള്ളുന്നത്? കഥ ചുരുക്കിപ്പറഞ്ഞാൽ അത് നോവലാകുമോ? ഇല്ല എന്നാണ് എന്റെ ഉറച്ച ബോധ്യം. എഴുത്തുകാരന്റെ മനസ്സിൽനിന്നും സർഗാത്മകമായ ഒരു നിമിഷത്തിൽ ഒഴുകിയിറങ്ങിയ വാക്കുകളും വാചകങ്ങളും ഉപമകളും സ്വപ്‌നങ്ങളും അതേ രൂപത്തിൽ വായിക്കാനാവുമ്പോഴാണ് അത് നോവൽ വായന ആവുക. അല്ലെങ്കിൽ ഇനിയുള്ള കാലം വിക്കിപീഡിയയിലെ കുറിപ്പ് വായിച്ച് ഞാൻ നോവൽ വായിച്ചു എന്ന് പറയാൻ കഴിഞ്ഞേക്കും. കഥയല്ല നോവൽ. കഥ നടക്കുന്ന വഴിയാണ് നോവൽ. അതിലെ ഓരോ വരികൾക്കു മുകളിലും എഴുത്തുകാരൻ, തന്റെ ചിന്തകളുടെ ഒരു മുദ്ര പതിപ്പിച്ചുവച്ചിട്ടുണ്ടാവും. എന്നാലും പ്രിയപ്പെട്ട പുസ്തകത്തിന്റെ ബോൺ‌സായ് രൂപത്തെ ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. സമ്പൂർണ രൂപം കിട്ടുംവരെയെങ്കിലും അതവിടെയുണ്ടാവും.

പുസ്തകത്തെക്കുറിച്ച് എല്ലാം പറഞ്ഞുകഴിഞ്ഞോ? ഇല്ലെന്നാണ് എന്റെ തോന്നൽ. കാൽ നൂറ്റാണ്ടിലധികമായി കൂടെയുള്ള സഹചാരിയെക്കുറിച്ച് അത്ര പെട്ടെന്ന് അങ്ങ് പറഞ്ഞൊഴിയാൻ കഴിയുമോ? വായിക്കാൻ കൊതിയോടെ കാത്തിരിക്കുന്ന ചില പുസ്തകങ്ങളുണ്ട്. എവിടെ നിന്നെങ്കിലും ഒരു കേട്ടറിവിന്റെ ബലത്തിലാവും ആ കാത്തിരിപ്പ് തുടങ്ങുക. എന്നാൽ നമ്മൾ എത്ര അന്വേഷിച്ചു നടന്നാലും അതു മാത്രം കിട്ടുകയേയില്ല. പുഴമീനിനെപ്പോലെ അത് നമ്മുടെ കൈയിൽനിന്നും വഴുതി മാറിപ്പൊയ്ക്കൊണ്ടേയിരിക്കും. പിന്നെ എപ്പോഴെങ്കിലും നമുക്ക് വിധിക്കപ്പെട്ട ഒരു നിമിഷത്തിൽ തീർത്തും അവിചാരിതമായി അത് നമ്മുടെ കൈകളിൽ എത്തിച്ചേരുകയും ചെയ്യും. To kill a mocking bird ഒക്കെ അങ്ങനെ വൈകിവന്ന പുസ്തകമാണ്. ചില പുസ്തകങ്ങൾ വാങ്ങി ഷെൽഫിൽ സൂക്ഷിക്കും. വായിക്കണം വായിക്കണം എന്ന് മനസ്സെത്ര ആഗ്രഹിച്ചാലും മടിപിടിച്ച് അതവിടെ തന്നെ ഇരിക്കും. അതിനെ എടുത്തും പിടിച്ചും മണത്തും ആമുഖംവരെ വായിച്ചും മടക്കിവയ്ക്കും. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ചില എഴുത്തുകാരുടെ പുസ്തകങ്ങൾപോലും  അങ്ങനെ മടിപിടിച്ചിരിക്കാറുണ്ട്. അതിന്‌ സ്വയം തോന്നണം എന്നെ വായിക്കാനും മാ‍ത്രം ഉയരത്തിലേക്ക്  ഇയാളുടെ മനസ്സ്‌ പാകപ്പെട്ടു കഴിഞ്ഞു എന്ന്. അപ്പോൾ ഒരു രാത്രി താനേ അത് നമ്മിലേക്ക് ഇറങ്ങി വരും. നമ്മുടെ മനസ്സിനെ കീഴടക്കും. ദൈവമേ ഞാനെന്താണ് ഇത്രയും വൈകിപ്പോയത്, ഞാനിതിനെ നേരത്തെ കൈയിലെടുക്കേണ്ടതായിരുന്നല്ലോ എന്ന് അപ്പോൾ വല്ലാതെ ഖേദിക്കും. ചില പ്രണയങ്ങളെ കണ്ടെത്തുമ്പോൾ എന്താണ് ഞാനിവിടെ എത്തിപ്പെടാൻ ഇത്ര വൈകിപ്പോയത് എന്ന് ഖേദിക്കുന്നതുപോലെ തന്നെ. മലിക ഒഫ്‌കീറിന്റെ ആത്മകഥ അങ്ങനെ ഒരു പുസ്തകമായിരുന്നു.


പുസ്തകഷെൽഫിലെ എല്ലാ പുസ്തകങ്ങളും വായിച്ചു തീർത്തതാണോ എന്ന് ചിലർ ചോദിക്കാറുണ്ട്. വായിക്കുകയും ഇഷ്ടം കൂ‍ടുകയും ചെയ്തതുകൊണ്ടാണല്ലോ എന്റെ ചെറിയ പുസ്തകശേഖരത്തിൽ അതിനിടം കിട്ടിയത്. എന്നാലും എല്ലാം വായിച്ചുതീർത്തവ ആണെന്ന് പറയാൻ കഴിയില്ല. ചിലതൊക്കെ പാതി വഴിയിൽനിന്നുപോയതാണ്. അനിഷ്ടമല്ല അതിനു കാരണം. മറ്റെന്തോ ഒരു വിഘ്നം. അപ്പോഴത്തെ എന്റെ മാ‍നസികാവസ്ഥ ആവാം, ജീവിതസംഘർഷങ്ങൾ ആയിരിക്കാം താൽപ്പര്യങ്ങൾ ആയിരിക്കാം, ആ വായനയെ മുടക്കിയിട്ടുണ്ടാവുക. എന്നാലത് എല്ലാക്കാലത്തേക്കുമായുള്ള ഉപേക്ഷിക്കൽ അല്ല. പിന്നീടെപ്പോഴോ മടങ്ങി വരുവാൻവേണ്ടിയുള്ള താൽക്കാലിക വിശ്രമമെടുപ്പ് മാത്രമാണ് അതിന്റെ പ്രേരകം. നമ്മുടെ മനസ്സിൽ കുറേക്കൂടി പാകമാകുമ്പോൾ നാം അതിലേക്ക് മടങ്ങിേപ്പാവുകതന്നെ ചെയ്യുമായിരിക്കും. അങ്ങനെ ഒരു കാത്തിരിപ്പാണ് യുലീസസിന്റേത്.

ഇംഗ്ലീഷും മലയാള പരിഭാഷയും ആ കാത്തിരിപ്പിന്റെ കൂട്ടത്തിലുണ്ട്. ആദ്യം ഇംഗ്ലീഷ് വാങ്ങി കുറേ നടന്നുനോക്കി. ആ മലയിൽ എവിടെയും എത്തുന്നില്ല എന്ന് മനസ്സിലാക്കിയതോടെ അത് മടക്കിവച്ചു. പല പ്രായത്തിൽ അതിന്‌ ശ്രമം നടത്തിനോക്കി. അവസാനമാണ് എൻ മൂസക്കുട്ടി പരിഭാഷ നിർവഹിച്ച മലയാളം കിട്ടുന്നത്. പിന്നെ അതിന്മേലായി പരിശ്രമം. മൂന്നുവട്ടം പാതിവഴിയോളം ചെന്ന് തിരിച്ചുപോരേണ്ടി വന്നിട്ടുണ്ട്. പിന്നെ അതേവഴി തന്നെയാണ് നടക്കുന്നത് എന്നറിഞ്ഞുകൊണ്ട് തന്നെ പിന്നെയും വായന പുനരാരംഭിക്കും. അല്പം കഴിഞ്ഞ് നിരാശയോടെ അവസാനിപ്പിക്കുകയും ചെയ്യും. അപ്പോൾ ഭാഷയുടെ പ്രശ്‌നമല്ല, വിഷയത്തിന്റെയും ഗഹനതയുടെയും പ്രശ്‌നമാണത്. സാരമില്ല. പതിയെ എങ്കിലും ആ കൊടുമുടി ഒരു ദിവസം ഞാൻ കീഴടക്കുക തന്നെ ചെയ്യും. അല്ലെങ്കിലും നമുക്ക് കീഴടക്കാൻ എന്തെങ്കിലും ഒക്കെ കൊടുമുടികൾ ബാക്കിയാവണമല്ലോ. അല്ലെങ്കിൽ സമ്പൂർണതകൊണ്ട് ജീവിതം വല്ലാതെ വിരസമായിപ്പോവില്ലേ. വേണമെങ്കിൽ അക്ഷരപ്പുറത്തുകൂടി ഓടി പേരിന് വായിച്ചുതീർത്തു എന്നൊരു ഗമ ഉണ്ടാക്കാവുന്നതേയുള്ളൂ. എന്നാൽ അങ്ങനെ യാന്ത്രികമായി വായിച്ചുതീർത്തിട്ട് എന്തുകാര്യം. ആരെയെങ്കിലും കാണിക്കാൻ വേണ്ടിയല്ലല്ലോ വായനകൾ ഒന്നും. ആത്മസംതൃപ്തിക്ക്‌ വേണ്ടിയുള്ള അന്വേഷണങ്ങളല്ലേ അവ. അപ്പോൾ പിന്നെ വാക്കുകളുടെ പുറത്തുകൂടി പരന്നൊഴുകിയിട്ട് എന്തു ചെയ്യാൻ. വാക്കുകളുടെയും വാചകങ്ങളുടെയും ആത്മാവിനെ തൊടാൻ കഴിയുന്നില്ലെങ്കിൽ എല്ലാ വായനകളും അർഥശൂന്യം എന്ന് പറയേണ്ടിവരും. എഴുത്തുകാരനും വായനക്കാരനും ഒരേ ആത്മവിചാരങ്ങളിൽ മുഴുകാൻ കഴിയുന്ന നിമിഷങ്ങളെയാണ് വായന എന്നുപേരിട്ട് വിളിക്കേണ്ടത്. എന്നുമാത്രമല്ല അതിന്റെ ഓരോ നിമിഷങ്ങളിലും നമുക്ക് സ്വന്തം ജീവിതത്തിലേക്ക്, അനുഭവങ്ങളിലേക്ക്, ഓർമകളിലേക്ക്, സ്വപ്‌നങ്ങളിലേക്ക്, സങ്കല്പങ്ങളിലേക്ക് ഒക്കെ ഒരു പാത വെട്ടാനാവണം. പുസ്തകങ്ങളിൽനിന്ന് അനുഭവങ്ങളിലേക്ക് ഇറങ്ങി നടക്കാൻ കഴിയുന്ന ഇടവഴികളാണ് വാ‍യന. അല്ലാതാവുമ്പോഴാണ് അത് അർഥരഹിതവും ശുഷ്കവും ശൂന്യവുമാകുന്നത്.

ഏറ്റവും മികച്ച തുടക്കമുള്ള പുസ്തകമേത് എന്നന്വേഷിച്ച് വായനക്കാർ നടപ്പുതുടങ്ങിയിട്ട് കാലം കുറേയായി. പല വാരികകളിലേയും അഭിപ്രായ സർവേകളിൽ പലതാണ് വായിച്ചുകണ്ടിട്ടുള്ളത്. അസംതൃപ്‌ത കുടുംബങ്ങളെക്കുറിച്ച് ടോൾസ്‌റ്റോയിയുടെ അന്ന കരിനിന മുതൽ ക്ലോക്കിൽ പതിമൂന്നാം മണി അടിച്ചു എന്നെഴുതിയ ജോർജ് ഓർവെല്ലിന്റെ 1984 വരെ പല പുസ്തകങ്ങളെക്കുറിച്ചും പറഞ്ഞുകേട്ടിട്ടുണ്ട്. അഭിരുചികൾ അനുസരിച്ച് അത് മാറി വന്നേക്കാം. എനിക്ക് ഏറെ ഇഷ്ടമായ ഒരു ഒന്നാം വരി നദിം അസ്ലാമിന്റെ The Blind Man’s Garden എന്ന നോവലിലെ History is our third parent എന്നതാണ്. ജീത് തയ്യലിന്റെ നാർകോപോളിസിന്റെ ഒന്നാം വരിക്ക് ഏഴ് പേജ് നീളമുണ്ട് എന്നുകൂടി ഓർത്തുപോകുന്നു.


ഇതുവരെ എഴുതിയ പത്ത് നോവലുകളിലും നാല്പത്തിയഞ്ച് കഥകളിലും വച്ച് ഏറ്റവും ഇഷ്ടമായ ഒന്നാം വരി ഏതെന്ന് ഒരു ചോദ്യം സ്വയം ഉയർന്നുവരുന്നു. എന്റെ ആദ്യ വരികളൊന്നും അത്ര ചെറുതല്ല. ‘തന്റെ രാജ്യത്വത്തിന്റെ നാല്പതാം സംവത്സരത്തിൽ ഞങ്ങളുടെ യജമാനനായ ശലോമോൻ വാർധക്യത്തിലായി മരണം കാത്തുകിടന്നു’ എന്ന് അബീശഗിൻ. ‘വല്ലാത്തൊരു പകലായിരുന്നു അത്’ എന്ന് പ്രവാചകന്മാരുടെ രണ്ടാം പുസ്തകം. ‘മലങ്കര ദേശത്തെ രണ്ടായി പകുത്ത് അങ്കമാലി മുതൽ കേശവദാസപുരം വരെ നീണ്ടുകിടക്കും എം സി റോഡിനുമീതേ കരിപ്പുകയൂതിക്കൊണ്ട് ഓടിക്കിതച്ചുവന്ന അഞ്ചേമുക്കാലിന്റെ കൊട്ടാരക്കര അന്നു പതിവില്ലാതെ മാന്തളിർ പള്ളിമുക്കിന്‌ ആടിക്കുലുങ്ങിനിന്നു’ എന്ന് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ. ‘ബത്തയിലെ ചെറിയ പൊലീസ് സ്റ്റേഷനു മുന്നിൽ ഞാനും ഹമീദും തോറ്റവരെപ്പോലെ കുറേ നേരംനിന്നു’ എന്ന് ആടുജീവിതം.  ‘ഉദയം‌പേരൂരിൽ ഞങ്ങൾക്ക് വഴി ചോദിക്കേണ്ടി വന്നതേയില്ല’ എന്ന് മഞ്ഞ വെയിൽ മരണങ്ങൾ. ‘ലക്ഷ്യങ്ങളില്ലാതെ നടക്കുമ്പോഴും കാരണമില്ലാതെ നഗ്നനാവുമ്പോഴുമാണ് ശരിക്കും ഒരു മനുഷ്യന്റെ പ്രതിഭ ഉണരുക’ എന്ന് അൽ അറേബ്യൻ നോവൽ ഫാക്‌ടറി. ‘നീണ്ട മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം ഇന്നാണ് ഞാനെന്റെ പ്രിയപ്പെട്ട ലൈവ് ഇൻ പ്രോഗ്രാമായ റഷ് അവറിനുവേണ്ടി മൈക്രോഫോണിന്റെ മുന്നിലിരിക്കുന്നത്’ എന്ന് മുല്ലപ്പൂ നിറമുള്ള പകലുകൾ. ‘എന്റെ അച്ചാച്ചനു മാത്രം സ്വന്തമായ ഒരു നാൽക്കാലിപ്പെട്ടിയുണ്ടായിരുന്നു’ എന്ന് മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ. ‘എന്തിനാവും ലിഫ്റ്റിന്റെ മൂന്നു ചുവരുകളിലും ഇങ്ങനെ വലിയ കണ്ണാടി പിടിപ്പിച്ചിരിക്കുന്നത് എന്നൊരു വ്യത്യസ്തമായ ചോദ്യം സ്വയം ചോദിച്ചതിന്റെയും മുഖം മിനുക്കാനും മുടിയൊതുക്കാനുമല്ലത്, ഈ കുടുസ്സുമുറിയിൽനിന്ന് ഇങ്ങനെ ആകാശസഞ്ചാരം നടത്തുന്നവർക്ക് ഭീതി തോന്നാതിരിക്കാനും സ്വന്തം പ്രതിബിംബമെങ്കിലും കൂട്ടിനുണ്ടെന്നൊരു തോന്നൽ ജനിപ്പിക്കാനുമാണത്’ എന്ന് ശരീരശാസ്ത്രം. ‘നീണ്ട ഇരുപത് വർഷത്തിന്റെ നീളമുണ്ടെന്ന് തോന്നിച്ച ഇരുപത് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഇന്നലെയാണ് ഞാൻ വീട്ടിൽ തിരിച്ചെത്തുന്നത്’ എന്ന് നിശബ്ദ സഞ്ചാരങ്ങൾ. എഴുതിയ ഓരോ വരികളും പ്രിയപ്പെട്ടതാകയാൽ ഇവയിലൊരു തെരഞ്ഞെടുപ്പ് ദുഷ്കരംതന്നെ. എങ്കിലും അൽ അറേബ്യന്റെ തുടക്കംതന്നെ കൂടുതൽ ഇഷ്ടമായത്.

പുസ്‌തക ഷെൽഫിനെക്കുറിച്ച് പറയുമ്പോൾ ഇതൊക്കെ പറയുന്നത് എന്തിന് എന്നാണെങ്കിൽ ആ ഷെൽഫിന്റെ ഒരു ഭാഗത്ത് എന്റെ തന്നെ എല്ലാ പുസ്തകങ്ങളും അവയുടെ വിവിധ എഡിഷനുകളും വിവിധ ഭാഷയിലുള്ള പരിഭാഷകളും ഒക്കെ അടുക്കിവച്ചിരിക്കുന്നു എന്നതുകൊണ്ടുകൂടി എന്ന് പറയാം. എഴുത്തിൽ ആശങ്കകളും സന്ദേഹങ്ങളും ഉണ്ടാവുമ്പോൾ സ്വന്തം പുസ്തകങ്ങൾതന്നെ എടുത്ത് മറിച്ചുനോക്കുന്നത് ഒരാശ്വാസമാണ്. ഇത്രയൊക്കെ എഴുതാനായെങ്കിൽ ഇനിയും മനസ്സിൽ കരുതിയിരിക്കുന്ന വിഷയങ്ങൾ എഴുതാനാവും എന്നൊരു ആത്മവിശ്വാസം നേടൽ അതിലുണ്ട്. എഴുത്തുമുറിയെക്കുറിച്ചാണ് അഭിമുഖത്തിനു വന്ന പെൺകുട്ടി ചോദിച്ചത്. പുസ്‌തകങ്ങളെക്കുറിച്ച് പറഞ്ഞാൽ എഴുത്തുമുറി ആകുമോ? മേശയെക്കുറിച്ചോ എഴുതാൻ ഉപയോഗിക്കുന്ന ലാപ്‌ടോപിനെക്കുറിച്ചോ പറഞ്ഞാൽ എഴുത്തുമുറി ആകുമോ? ഇല്ല. ഈ മുറിയാകെ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങളിൽനിന്ന് പ്രസരിക്കുന്ന ഊർജമാണ് എന്റെ എഴുത്തുമുറി. അതിൽനിന്ന് എഴുത്തുകാരന്റെ ധീരത, സ്വപ്‌നം കാണാനുള്ള കഴിവ്, സൂചികൊണ്ട് കിണറു കുഴിക്കാനുള്ള ക്ഷമ, ആയിരം വട്ടം തിരുത്തിയെഴുതാനുള്ള കഠിനാധ്വാനം, ലോകത്തിന്റെ അതിരുകളോളം ചെന്ന് വിഷയങ്ങൾ കണ്ടെത്താനുള്ള ത്വര എന്നിവയൊക്കെ പ്രസരിക്കുകയും എന്റെ മനസ്സിനെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു. അക്ഷരങ്ങൾക്കുവേണ്ടി ആത്മത്യാഗം ചെയ്തവരും കൊല്ലപ്പെട്ടവരും വിചാരണയ്ക്ക് വിധേയരായവരും തടവറയിലേക്ക് വലിച്ചിഴക്കപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. അവരുടെ പിൻ‌ഗാമികളിലൊരാൾ മാത്രമാണ് ഞാനെന്ന ഓർമ എന്നെ അക്ഷരങ്ങളുടെ മുന്നിലിരിക്കുമ്പോൾ വിനയാന്വിതനാക്കും. വലിയ ഭാരം എന്റെ ചുമലിലുണ്ട് എന്നോർമപ്പെടുത്തും.
എഴുത്തുമുറി വെറും ഭൗതികമല്ല. അത് ആത്മീയമാണ്. അതുകൊണ്ടാവും എനിക്ക് ഈ മുറി വിട്ട് എവിടെപ്പോയാലും എഴുതാനാവാത്തത്.

ഈ കസേരയിൽ ഇരുന്ന് ഈ മേശമേൽ ഡയറിയോ ലാപ്‌ടോപ്പോ വച്ച് എഴുതിയാലേ എനിക്ക് എഴുത്തു വരൂ. അതുകൊണ്ടുതന്നെയാണ് റിസോർട്ടുകളും ഹോട്ടൽ മുറികളും രഹസ്യ സങ്കേതങ്ങളും എന്റെ എഴുത്തുസ്വപ്‌നങ്ങളിൽ ഇല്ലാത്തത്. എവിടെ യാത്രപോയാലും എത്രയും വേഗം തിരിച്ച് വീട്ടിലെത്താനുള്ള വ്യഗ്രത എന്റെ മനസ്സിൽ തിരതള്ളുന്നുണ്ടാവും. അത് എഴുത്തുമുറി എന്നെ തീവ്രമായി മടക്കിവിളിക്കുന്നതുകൊണ്ടാണ്. ദിവസത്തിൽ ഏറിയ പങ്കും ഞാൻ ചെലവഴിക്കുന്ന ഇടത്തിനോടുള്ള ആത്മബന്ധം അത്ര ചെറുതല്ല. ഇവിടെ പാമൂകും ദസ്തയോവ്‌സ്കിയും ടോൾസ്റ്റോയിയും വെർജിനിയ വൂൾഫും മാർകേസും നീത്ഷേയും ഉമ്പർട്ടോ എക്കോയും സരമാഗുവും ഉണ്ട്. അവരോടുള്ള ആത്മബന്ധത്തിൽനിന്ന് പ്രസരിക്കുന്ന ഊർജത്തിന്റെ ബാക്കിപത്രമാണ് എന്റെ എഴുത്തുകൾ. എന്റെ പൂർവികരുടെ നടുവിലിരുന്നാണ് ഞാനെഴുതുന്നത് എന്ന ഓർമ എന്നെ ആവേശത്തിലാക്കും. ധൈര്യമുള്ളവനാക്കും. ഈ മുറിയിൽ ഇരിക്കുമ്പോൾ ഒരു കൈയകലത്തിൽ ഞങ്ങളുണ്ട് എന്ന് അവർ എന്നെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.


മൂന്ന്


കസൻ‌ദ് സാക്കിസിന്റെ സോർബ ദ് ഗ്രീക്കും വായിച്ചിരിക്കുന്ന ഒരു സന്ധ്യ. പുറത്ത് മൺസൂൺ തിമർക്കുന്നുണ്ട്. ആകാശം മനസ്സുപോലെ ഇരുണ്ടുപോയിരിക്കുന്നു. ഭൂമി തണുത്തും. അപ്പോഴാണ് എന്റെ ജനാലയ്ക്കൽ കുറേയേറെ ഉറുമ്പുകൾ വന്നുകൂടുന്നത്. അവിടെ കുടിച്ചുവച്ചിരുന്ന ചായക്കപ്പിലെ ബാക്കിവന്ന മധുരം നുണയാൻ വന്നതായിരുന്നു അവ. എങ്ങനെയാണ് ഈ മധുരസാന്നിധ്യം അവ മണത്തറിയുന്നത്? എന്തൊരന്വേഷണ പാടവമാണവയ്ക്ക്. പുതിയ കാലത്തിൽ അവ പുതിയ ചില ആഹാരങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഒരു ദിവസം അവ എന്റെ ലാപ്‌ടോപ്പിനുള്ളിൽ നുഴഞ്ഞു കയറി മദർ‌ബോർഡിന്റെ ചില ഭാഗങ്ങൾ സമൃദ്ധമായി തിന്നുകളഞ്ഞു. തിന്നുക എന്നത് ഞങ്ങളുടെ ജോലി, സൂക്ഷിക്കുക എന്നത് നിന്റെ ഉത്തരവാദിത്തം എന്ന് അവ എന്നെ നോക്കി കൊഞ്ഞനം കുത്തി. പണിയും പണവും നഷ്ടപ്പെട്ട കുറേ ദിവസങ്ങളായിരുന്നു അതിന്റെ ബാക്കിപത്രം. അതിന്റെ ഒരു വാശിയും പകയും എന്റെയുള്ളിലുണ്ടായിരുന്നു. ഞാനെത്ര നിസ്സാരനാണല്ലേ, ചെറു ഉറുമ്പുകളോടു പോലും എനിക്ക് ക്ഷമിക്കാൻ കഴിയുന്നില്ലല്ലോ.

നീ‍യൊന്നും എന്റെ കപ്പിലെ മധുരം നുണയേണ്ട എന്ന വാശിയോടെ ഞാൻ കപ്പെടുത്തുമാറ്റി. അവ പെട്ടെന്ന് ചിതറുകയും ദിക്ക് നഷ്ടപ്പെട്ട് ഓടാൻ തുടങ്ങുകയുംചെയ്തു. എന്റെ ലാപ്‌ടോപ്പിനുള്ളിൽ ഒളിച്ചേക്കും എന്നു പേടിച്ച് ഞാനവയെ ഓടിച്ചു വിടാനൊരു പരിശ്രമം നട‌ത്തി. കലാപം നടന്ന തെരുവിലെ ജനങ്ങളെപ്പോലെ അവകൾ കൂടുതൽ പരിഭ്രാന്തരായി.

എന്റെ തുരത്തൽ ശ്രമത്തിനിടയിൽ രണ്ട് ഉറുമ്പുകൾ ചാവുകയും ഒരെണ്ണത്തിന് പിന്നെ നടക്കാനാവാത്ത വിധം സാരമായ പരിക്കേൽക്കുകയും ചെയ്തു. ഏറ്റവും കൗതുകകരമായി തോന്നിയത്, ജീവരക്ഷാർഥമുള്ള ആ പരക്കം പാച്ചിലിനിടയിലും ഉറുമ്പുകൾ ഓരോന്നായി വന്ന് അവയെ മണത്തുനോക്കുന്നുണ്ടായിരുന്നു. പിന്നെ എവിടേക്കെങ്കിലും പരിഭ്രാന്തിയോടെ ഓടും. പിന്നെയും തിരികെ വന്ന് അവയെ മൂന്നിനെയും മാറിമാറി മണക്കും.  
കുറേനേരത്തേക്ക് ഞാനവയെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഇനി അവ എന്താണ് ചെയ്യാൻ പോകുന്നത് എന്നറിയാൻ. വളരെ പുറമേ നിന്നു നോക്കുന്ന മനുഷ്യകാഴ്ചയ്ക്ക് അവ പെട്ടിരിക്കുന്നത് പരിഭ്രാന്തികളുടെ കയോസിലാണെന്ന് തോന്നുമെങ്കിലും എന്റെ ചെറിയ ബുദ്ധിക്ക് മനസ്സിലാവാത്ത വളരെ സങ്കീർണമായ ഒരു ആശയവിനിമയ ശൃംഖല അവ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഞാൻ അത്ഭുതത്തോടെ മനസ്സിലാക്കി.
ഒരു തീരുമാനത്തിൽ എത്തിയിട്ടെന്നപോലെ ചത്ത രണ്ടെണ്ണത്തിനെയും അവിടെ ഉപേക്ഷിച്ച്, പരിക്കേറ്റ ഒരെണ്ണത്തിനെ രക്ഷിക്കാനുള്ള ശ്രമം അവർ ആരംഭിച്ചു. ഒരു പെൻസിൽ മുനകൊണ്ട് ഞാനവയെ തൊടുകയും അവയ്ക്കിടയിൽ കൂടുതൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ഒരു ശ്രമം നട‌ത്തുകയും ചെയ്തു. അവയുടെ പ്രതികരണവും കയോസിനുള്ളിൽ സൃഷ്ടിക്കുന്ന ക്രമവും അറിയുക എന്നതായിരുന്നു എന്റെ ലക്ഷ്യം. മരണത്തെ മുന്നിൽ കണ്ട ആ നിമിഷത്തിൽപോലും പരിക്കേറ്റ ആ ഉറുമ്പിനെ ഉപേക്ഷിച്ചുപോകാൻ അവ തയ്യാറായില്ല. പെട്ടെന്ന് അവയിൽ ഒരു ധീരൻ ഓടിയെത്തി, പരിക്കേറ്റവനെ തോളിലെടുക്കും മാതിരി തന്റെ മുൻ‌കാലുകളിൽ കോർത്ത് സാധ്യമായ വേഗത്തിൽ ഓടി. മറ്റ് മൂന്ന് ഉറുമ്പുകൾ അവന് അകമ്പടി സേവിച്ചു. ബാക്കിയുള്ളവയാവട്ടെ അതിന്റെ ചുറ്റോടുചുറ്റും ഓടിനടന്ന് അതിസങ്കീർണമായ ഒരു കയോസ് സൃഷ്ടിക്കുകയാണ് ചെയ്തത്.

അക്രമിയായ എന്റെ കൈയിലെ പെൻസിൽ മുനയ്ക്ക് ഇരപെടാതെ വണ്ണം വളരെ തന്ത്രപരമായി സൃഷ്‌ടിച്ച ഒരു കയോസ് ആയിരുന്നു അത്. അതിബുദ്ധിമാ‍നായ ഒരു കമ്പ്യൂട്ടറിനു ചിലപ്പോൾ ആ കയോസിനു പിന്നിലെ ക്രമം വായിച്ചെടുക്കാൻ കഴിഞ്ഞേക്കും. മനുഷ്യ നേത്രത്തിനും മനുഷ്യബുദ്ധിക്കും അത് സാധ്യമല്ല തന്നെ.
നിമിഷങ്ങൾക്കുള്ളിൽ ആ പരിക്കേറ്റവനെ അവർ തങ്ങളുടെ പൊത്തിൽ എത്തിച്ചു. എനിക്ക് ബോറടിക്കുന്നതിനും ഞാനവിടെ നിന്ന് കണ്ണെടുക്കുന്നതിനും മുൻപേ മറ്റുള്ളവയും അവിടെനിന്ന് അപ്രത്യക്ഷമായി. ചത്ത ഉറുമ്പുകളെ സംസ്കരിക്കാനുള്ള ചുമതല എനിക്ക് വിട്ടുതന്നുകൊണ്ട്. ഇരകളുടേതല്ല, കൊല്ലുന്നവന്റെ ചുമതലയാണ് അതിനെ സംസ്കരിക്കുക എന്ന് എന്നെ ക്രൂരമായി ഓർമിപ്പിച്ചുകൊണ്ട്.  ഓർക്കുക; ഇരകളുടേതല്ല, കൊല്ലുന്നവന്റെയാണ് ആ ചുമതല.

എന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനായ നിക്കോസ് കസന്ദ് സാക്കിസും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ഇല്ലാതെ ഞാനെങ്ങനെ പൂർണനാവും? യൗവനാരംഭത്തിൽ എപ്പോഴോ ആണ് ഞാൻ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങൾ വായിക്കുന്നത്. ഏറെക്കാലത്തെ അലച്ചിലിനു ശേഷം തിരുവനന്തപുരത്തെ ഒരു പുസ്തകശാലയിൽനിന്നാണ് ഞാനത് സ്വന്തമാക്കുന്നത്.

നാല്
ഭൂപ്രകൃതി ഒരു മാനസികാവസ്ഥയാണ് എന്നു തുടങ്ങുന്ന ഒരു വാചകം ലോകപ്രശസ്‌ത പോർച്ചുഗീസ് നോവലിസ്റ്റ് ഷൂസേ സരമാഗുവിന്റെ ഗുഹ എന്ന നോവലിലുണ്ട്. ആ വാചകം എന്നെ വല്ലാതെ ആകർഷിച്ചു. ഇതുവരെ ഉണ്ടാവാത്ത ചില ചിന്തകളിലേക്ക് എന്നെ തല്ലിയുണർത്താൻ അതിന്‌ കഴിഞ്ഞിരിക്കുന്നു.
ഒരേ വീട്ടിൽ താമസിച്ച് ഒരേ ഭൂമികയിൽ ഇടപെടുമ്പോഴും ഞങ്ങൾ മൂന്നു പുരുഷന്മാർ, എന്റെ പിതാവ്, ഞാൻ, എന്റെ മകൻ എന്നീ മൂന്നുപേർ കാണുകയും അനുഭവിക്കുകയും ചെയ്ത പ്രകൃതി അത്രയും വ്യത്യസ്തമായിരിക്കാൻ സാധ്യതയുണ്ട്. പറമ്പിന്റെ മൂലയിലുള്ള ചെടികളെയും ഫലവൃക്ഷങ്ങളെയും ആവും പിതാവ് പലപ്പോഴും കണ്ടത്. വാഴക്കൂട്ടങ്ങളെ പരിചരിക്കാതെയും അവയ്ക്ക് വേണ്ടത്ര വെള്ളം എത്തിയോ എന്ന് ഉറപ്പുവരുത്താതെയും ആഹാരം കഴിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നില്ല. പിന്നീട് ഡ്രൈവിങ്‌ തൊഴിലായി സ്വീകരിച്ചെങ്കിലും യൗവനത്തിൽ കൃഷിയിൽനിന്ന് ഉപജീവനം കണ്ടെത്തിയിരുന്ന അദ്ദേഹത്തിന്റെ ഉള്ളിലെ കർഷക മനസ്സ് മരിക്കാതെ അവശേഷിച്ചിരുന്നിരിക്കണം. അവസാനത്തിൽ കിട്ടുന്ന ഫലത്തിന്റെ മുഴുപ്പിനെക്കുറിച്ചല്ല പരിചരിക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തിയും അതിന്റെ പുഷ്‌ടിയും വളർച്ചയും കണ്ടാസ്വദിക്കുമ്പോൾ കിട്ടുന്ന നിർവചനാതീതമായ ആഹ്ലാദവും ആയിരുന്നിരിക്കണം അദ്ദേഹത്തെ നയിച്ചിരുന്നത്. 

മുതിർന്നപ്പോൾ പറമ്പിന്റെ അതിരെല്ലാം ചെറുതായിപ്പോയി എന്നൊരു നിരാശ എനിക്കുണ്ട്. ചെറുപ്പത്തിൽ ഒത്തിരി നടന്നാലെ അതിരിറമ്പുകളിൽ എത്തിയിരുന്നുള്ളൂ. എന്നാൽ ഇപ്പോഴത് നാലു ചുവടുകളിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു. എന്നിട്ടും എന്റെ കാഴ്ച മുറ്റം വരെയെ എത്തുന്നുള്ളൂ. പൂവിടർത്തി നിൽക്കുന്ന ചെടികളിലാണെന്റെ കൗതുകം. അതിലൊന്ന് വാടിയാൽ എന്റെയും മനസ്സ് വാടും. അവയ്ക്ക് വെള്ളം ഒഴിച്ചുകൊടുക്കുന്നതിലധികം പ്രകൃതിബന്ധം എനിക്കില്ല. തൊടിയിലെ പല മരങ്ങളും ചെടികളും ഞാൻ കാണുന്നതുപോലുമില്ല. പ്രകൃതിയെ വല്ലാതെ അടുത്തറിഞ്ഞ ഒരു മനുഷ്യനും അതിനെ ദൂരെ നിന്ന് വീക്ഷിക്കുക മാത്രം ചെയ്തിട്ടുള്ള അയാളുടെ മകനും തമ്മിലുള്ള അന്തരമാണത്. പ്രകൃതി അന്നമാണ്, അമൂല്യമാണ് എന്നൊക്കെ പറയുമ്പോഴും അതിൽ നേരിട്ടിടപെടാതെ അന്നത്തിനുള്ള വക കണ്ടെത്തുന്ന ഒരാൾക്ക് അത്രയും താദാത്മ്യപ്പെടലേ സാധ്യമാവുകയുള്ളൂ എന്ന് തോന്നുന്നു.


എന്റെ മകനിലേക്ക് എത്തുമ്പോഴേക്കും അത് കുറേക്കൂടി വിദൂരമാകുന്നുണ്ട്. കൃഷിയിടങ്ങളും മെതിക്കളങ്ങളും ഞാറ്റുപാട്ടുകളും എന്റെ ബാല്യത്തിലെ ചെറിയ ഓർമകളിലെങ്കിലുമുണ്ട്. സ്വന്തം പറമ്പിൽനിന്ന് പറിച്ചെടുത്ത കപ്പയും കാച്ചിലും ചേനയും ചേമ്പും ചീരയും പയറും ഞാൻ കഴിച്ചിട്ടുണ്ട്. ഏറെക്കാലം ഗൾഫിലെ ഫ്ലാറ്റിലും പിന്നെ ഹോസ്റ്റലിലെ അടഞ്ഞ മുറികളിലും വളരാൻ വിധിക്കപ്പെട്ട പുത്രന് അതൊക്കെ ഒരു നേർ അനുഭവം പോയിട്ട് ഒരു നല്ല കാഴ്ചപോലുമല്ല. തികച്ചും വിർച്വൽ ആണ് അവന്റെ ലോകം. ഊണുമേശയിലെത്തുന്ന ആവി പറക്കുന്ന ആഹാരത്തിനപ്പുറം ജൈവബന്ധമൊന്നും അവനില്ല. ചെടിക്ക് വെള്ളം ഒഴിക്കുന്നതിനേക്കാൾ അവന് കൗതുകം കമ്പ്യൂട്ടറിൽ കളിക്കുന്നതും മൊബൈലിലിൽ ചാറ്റുന്നതുമാണ്. ഈ മൂന്നുപേർ കാണുന്ന പ്രകൃതി ഒന്നാകുമോ എന്ന പ്രസക്തമായ ചോദ്യമാണ് സരമാഗു ആ ഒറ്റ വരിയിലൂടെ ഉന്നയിക്കുന്നത്.
ഏറെ നാളുകൾക്കുശേഷം വീടിനടുത്തുകൂടി ഒഴുകുന്ന പുഴ കാണാൻ പോയി. ചെറുതിൽ കുളിച്ചുതിമർത്തതിന്റെ ഒത്തിരി ഓർമകൾ ഒഴുകിവന്നെങ്കിലും ഒന്നൂടെ ഇറങ്ങി കുളിക്കാൻ തോന്നിയില്ല. ആ പതിഞ്ഞ ഒഴുക്ക് കുറേനേരം നോക്കിയിരുന്നിട്ട് തിരികെ പോന്നു. അപ്പോൾ പെട്ടെന്ന് മനസ്സിലായ ഒരു കാര്യമുണ്ട്. ഏറിയാൽ ഒരു അരക്കിലോമീറ്റർ നീളമുള്ള പുഴയേ എന്റെ ഓർമയിൽ ഉള്ളൂ. അതിനു മുകളിലേക്കോ താഴേക്കോ പുഴ ഒഴുകുന്ന വഴിയോ അതിന്റെ കരകളോ എനിക്ക് പരിചിതമല്ല.  അതുകൊണ്ടാവാം ഇതേ പുഴയെ മറ്റൊരു ദേശത്തു വച്ച് കണ്ടുമുട്ടുമ്പോൾ എന്തോ ഒരു അപരിചിതത്വം തോന്നുന്നത്.

അരക്കിലോമീറ്റർ ദൂരത്തിനപ്പുറം പുഴ നമുക്ക് അപരിചിതമായ ഒരു നീരൊഴുക്ക് മാത്രമായിത്തീരുന്നു.
പറയാൻ വന്നത് അതല്ല, കൺ‌മുന്നിൽ ഒരു പുഴ മരിക്കുന്നത് കാണാൻ വിധിക്കപ്പെട്ട ഒരു തലമുറയാണ് എന്റേത്. ചെറുപ്പത്തിൽ പുഴ മുഴുവൻ തെളിനീരായിരുന്നു. അതിന്‌ വിശാലമായ മണൽപ്പരപ്പ് ഉണ്ടായിരുന്നു. എന്നാൽ ഒരു ചെറിയ കാലയളവ് കൊണ്ട് ആരൊക്കെയോ ചേർന്ന് അതിനെ കൊന്നുകളഞ്ഞു.  ഇപ്പോഴത് മഴക്കാലത്തൊഴികെ ബാക്കി സമയത്തെല്ലാം മലിനജലമൊഴുകുന്ന ഒരു കൈത്തോടായി രൂപാന്തരപ്പെട്ടിരിക്കുന്നു. പണ്ടുകാലത്ത് അതിലൂടെ കെട്ടുവള്ളങ്ങളും ആ വള്ളങ്ങളിൽ ആലപ്പുഴ നിന്ന് സാധനസാമഗ്രികളും ഞങ്ങളുടെ വീടിന്റെ പടിക്കൽവരെ എത്തിച്ചിരുന്നു എന്ന് എന്റെ അപ്പച്ചൻ പറയുമ്പോൾ അതൊരു കെട്ടുകഥയായെ എനിക്ക് തോന്നിയിട്ടുള്ളൂ. എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഒരു കൊതുമ്പു വള്ളം ഉണ്ടായിരുന്നു. എല്ലാക്കൊല്ലവും വെള്ളപ്പൊക്കം ഉണ്ടാവും എന്നതിനാൽ അന്ന് വീടുകളിലെല്ലാം ഒരു വള്ളം അനിവാര്യമായിരുന്നു. ചെറുപ്പത്തിൽ ഞാനും വെള്ളപ്പൊക്കം അനുഭവിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ തവണ അത് വീടിനുള്ളിലേക്ക് കയറിവരികയും ഞങ്ങൾക്ക് വീടൊഴിഞ്ഞ് പോവുകയും ചെയ്യേണ്ടിവന്നിട്ടുമുണ്ട്. അല്ലാത്തപ്പോഴൊക്കെ വീടിന്റെ പടിവരെ വന്നെത്തി നോക്കാതെ ഒരു കൊല്ലവും വെള്ളം ഇറങ്ങിപ്പോയിട്ടില്ല.

വാഴപ്പിണ്ടികൾ ചേർത്ത് ചെങ്ങാടങ്ങൾ ഉണ്ടാക്കി വെള്ളത്തിൽ കളിക്കുക ഞങ്ങളുടെ ഒരു വാർഷികവിനോദമായിരുന്നു. വെള്ളപ്പൊക്കം വന്നാൽ പള്ളിക്കൂടം പൂട്ടും എന്നൊരു സന്തോഷംകൂടി അതിനൊപ്പമുണ്ടായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ മഹാപ്രളയം ഒഴിച്ചുനിറുത്തിയാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇവിടെ വെള്ളപ്പൊക്കമുണ്ടായതേയില്ല. പുഴ കുഴിഞ്ഞും മെലിഞ്ഞും പോയതിന്റെ അനന്തരഫലം. മഹാപ്രളയം ഉണ്ടായിരുന്നില്ല എങ്കിൽ അപ്പച്ചൻ പറഞ്ഞ വെള്ളക്കഥകൾ എനിക്ക് അവിശ്വസനീയമായി തോന്നിയതുപോലെ എന്റെ ബാല്യകാല കഥകൾ എന്റെ മകന് അവിശ്വസനീയമായി തോന്നുമായിരുന്നു. ഒരേ ദേശത്ത് ഒരേ വീട്ടിൽ താമസിക്കുമ്പോഴും ഞങ്ങൾ മൂന്നും കാണുകയും അനുഭവിക്കുകയും ചെയ്ത പ്രകൃതി വ്യത്യസ്തമാണ് എന്നതുതന്നെ അതിന്റെ കാരണം.

ഉമ്പർട്ടോ എക്കോയുടെ സ്വകാര്യ ശേഖരത്തിൽ അമ്പതിനായിരം പുസ്‌തകങ്ങളുണ്ടായിരുന്നു എന്ന് വായിച്ച ഒരു മദ്ധ്യാഹ്നത്തിൽ കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്നന്വേഷിക്കുന്ന വ്യർത്ഥതയോടെ എനിക്കെത്ര പുസ്തകമുണ്ട് എന്ന് ഞാനൊന്ന് എണ്ണിനോക്കി. 1579 എണ്ണം.

അഞ്ച്
ഉറുമ്പുകൾ ശബ്ദമുണ്ടാക്കുമോ? ഇല്ലായിരിക്കും. ചിലപ്പോൾ ഉണ്ടാക്കുമായിരിക്കും. അന്യലോകങ്ങളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനുഷ്യനുള്ള ബോധ്യങ്ങൾ അത്രയും പരിമിതമാണല്ലോ. അന്യലോകം എന്ന് പറയുമ്പോൾ അത് ആകാശഗംഗയുടെ അതിരുകളിലുള്ള കാണാമറയത്തെ ലോകങ്ങളെക്കുറിച്ച് മാത്രമല്ല പറയുന്നത്, നമ്മുടെ തൊട്ടുമുന്നിലുണ്ടായിട്ടും നാം കാണാതെയും കേൾക്കാതെയും പോകുന്ന ലോകങ്ങളെക്കുറിച്ച് കൂടിയാണ്. നാം കേൾക്കാൻ ശ്രമിക്കാത്തതുകൊണ്ട് മാത്രമാണ് കേൾക്കാൻ കഴിയാത്തത് എന്ന് മനുഷ്യജാതിയെ ഞാൻ പഴിപറയുന്നില്ല. അങ്ങനെ എത്രയോ ശ്രമങ്ങൾ എത്രയോ കാലങ്ങളായി നടത്തിയതിന്റെ ആകെത്തുകയാണ് ഇന്നത്തെ നമ്മുടെ പ്രത്യക്ഷലോകം. മനുഷ്യന്റെ പരിമിതിയെക്കുറിച്ച് കൂടിയാണ് പറയുന്നത്. നമ്മുടെ കാഴ്ചയ്ക്കും കേൾവിക്കും മാത്രമല്ല പഞ്ചേന്ദ്രിയങ്ങൾക്കുമുള്ള പരിമിതിതന്നെ. എത്രയോ ഗന്ധങ്ങൾ തിരിച്ചറിയാൻ നമുക്ക് കഴിവേയില്ല. പഞ്ചസാരയ്ക്ക് ഗന്ധമുണ്ടോ? ഉണ്ടാവും ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് നമ്മുടെ മേശപ്പുറത്ത് ഒരുതരി പഞ്ചസാര വീണുകിടക്കുന്നു എന്ന് മുറ്റത്ത് നിൽക്കുന്ന ചോണനുറുമ്പ് തിരിച്ചറിയുന്നത്? വസ്തുക്കളിലെ കെമിക്കൽ സാന്നിധ്യം തിരിച്ചറിയാനുള്ള അവയുടെ പ്രത്യേക കഴിവുകൊണ്ട് എന്ന് സയൻസ് പറയുന്നത് നമുക്ക് വിശ്വസിക്കാം. ആ കഴിവ് നമുക്കില്ല എന്നാണ് പറയുന്നത്. ഒരു വൈറസോ ഒരു ഫംഗസോ നമ്മുടെ ശരീരത്തിൽ കയറിക്കൂടിയാലും അത് പ്രശ്‌നം ഉണ്ടാക്കുംവരെ നാം അറിയുന്നതേയില്ല. 20Hz നും 20KHz നും ഇടയിലുളള ശബ്ദങ്ങൾ മാത്രമേ നമുക്ക് കേൾക്കാൻ കഴിയൂ എന്ന് ശാസ്ത്രം പണ്ടേ കണ്ടുപിടിച്ചുകഴിഞ്ഞതാണ്. അതിനർഥം അതിനപ്പുറത്തും ഇപ്പുറത്തും ശബ്ദവീചികൾ ഇല്ല എന്നല്ലല്ലോ. മറ്റു പല ജീവികളും പക്ഷികളും നമ്മുടെ കേൾ‌വിപരിധിക്ക് പുറത്തു നിൽക്കുന്ന ശബ്ദങ്ങൾ കേൾക്കാൻ കഴിവുള്ളവയാണ്. പ്രകൃതിയിൽനിന്നുണ്ടാവുന്ന പല പ്രകമ്പനങ്ങളും നേരത്തേ മനസ്സിലാക്കാൻ കഴിവുള്ളവയാണ് നായകളും വവ്വാലുകളും. അതുകൊണ്ടാണ് ലാത്തൂരിൽ ഭൂകമ്പമുണ്ടാവുന്നതിനും ഏറെ മുൻപേ തന്നെ നായകൾ ഓരിയിട്ടു തുടങ്ങിയെന്ന് സ്ഥലവാസികൾ പിന്നീട് സാക്ഷ്യപ്പെടുത്തിയത്.

നേപ്പാളിലെ ഭൂകമ്പത്തിനും ഏറെ മുൻപേ വവ്വാലുകൾ ഭയചകിതരായി നഗരത്തിലൂടെ പറന്നുനടന്നത്. കാഴ്ചശക്തിയില്ലാത്ത വവ്വാലുകൾ ഉച്ചസ്ഥായിയിലുള്ള ശബ്ദവീചികൾ പുറപ്പെടുവിച്ച് അതിന്റെ പ്രതിധ്വനി സ്വീകരിച്ചാണല്ലോ മരക്കൂട്ടങ്ങൾക്കിടയിലൂടെയും കറങ്ങുന്ന പങ്കകൾക്കിടയിലൂടെയും അനായാസം സഞ്ചരിക്കുന്നത്. അവ മനസ്സിലാക്കി വച്ചിരിക്കുന്ന ലോകം എങ്ങനെയാവാം എന്ന് വിശദീകരിക്കുന്ന സുദീർഘമായ ഒരു ഭാഗം The Blind watch maker എന്ന പുസ്തകത്തിൽ വായിച്ചതോർക്കുന്നു. അത് നമ്മുടെ കാഴ്ചകളിലൂടെയും നമ്മുടെ തലച്ചോറിൽ ശേഖരിച്ചിരിക്കുന്ന ബിംബങ്ങളിലൂടെയും നമ്മൾ മനസ്സിലാക്കി വച്ചിരിക്കുന്ന ലോകത്തിൽനിന്ന് ഏറെയൊന്നും വ്യത്യസ്തമായിരിക്കാൻ ഇടയില്ലെന്ന് ആ പുസ്തകം പറയുന്നുണ്ട്. അങ്ങനെത്തന്നെയാണ് അത് തേനുള്ള ഒരു പൂവും തനിക്ക് നേരെ എറിയപ്പെട്ട ഒരു കല്ലും തിരിച്ചറിയുന്നത്. ഓരോ വസ്തുക്കളിൽനിന്നും തിരിച്ചുകിട്ടുന്ന പ്രതിധ്വനിയുടെ വ്യത്യാസം നിരന്തരം നിരീക്ഷിച്ചാവും അത് ഈ ലോകത്തിലെ തലച്ചോറിൽ സൃഷ്ടിക്കുന്നത്. എന്നാൽ ആ ശബ്ദവീചികൾ അത്രയും നമ്മുടെ കേൾവിയിൽനിന്ന്‌ വിലക്കപ്പെട്ടിരിക്കുന്നു. അങ്ങനെ നമ്മുടെ ശ്രവണശക്തിക്ക് ഉൾക്കൊള്ളാനാവുന്ന ആവൃത്തിക്ക് പുറത്തുള്ള എത്രയെത്ര ശബ്ദവീചികൾ ഈ ഭൂമിയിൽതന്നെ നിലനിൽക്കുന്നുണ്ടാവും. അവകൂടി നമുക്ക് കേൾക്കാൻ കഴിയുമായിരുന്നെങ്കിൽ, അൾട്രാ വയലറ്റ് രശ്മികൾ ഉൾപ്പെടെയുള്ളവയെ കാണാൻ നമ്മുടെ കണ്ണുകൾക്ക് കഴിവുണ്ടായിരുന്നെങ്കിൽ നാം അനുഭവിക്കുന്ന ലോകം എത്ര വ്യത്യസ്‌തം ആകുമായിരുന്നു.

നിലവിലെ പ്രപഞ്ച മാതൃക അനുസരിച്ച് ഈ പ്രപഞ്ചത്തിലെ മൊത്തം ഉള്ളടക്കത്തിൽ വെറും അഞ്ചു ശതമാനം മാത്രമാണ്  നമുക്ക് അനുഭവവേദ്യമായ സാധാരണ ദ്രവ്യം. ബാക്കിയുള്ളത് നമുക്ക് നിരീക്ഷിക്കാൻപോലും സാധിച്ചിട്ടില്ല. അതിനർഥം അവ നിലനിൽക്കുന്നില്ല എന്നല്ല. മറ്റനേകം ജീവിവർഗങ്ങൾക്ക് അവയിൽ ചിലതെല്ലാം കേൾക്കാനും കാണാനുമുള്ള കഴിവുണ്ടെന്ന് നിശ്ചയം. ഉറുമ്പുകൾ ശബ്ദമുണ്ടാക്കുമോ എന്നായിരുന്നു എന്റെ സന്ദേഹം. ഉണ്ടാക്കും എന്ന് ഉറച്ചു വിശ്വസിക്കാനാണ് എനിക്കിപ്പോൾ ഇഷ്ടം.

എന്റെ പഞ്ചസാര പാത്രത്തിൽ അവർ ഒരു ദിവസം അതിക്രമിച്ചു കയറി. എന്റെ പിഴവായിരുന്നു അത്. അതിന്റെ മൂടി മുറുക്കെ അടയ്ക്കാൻ ഞാൻ മറന്നുപോയതിന്റെ ഫലം. ഞാനവയോട് പ്രതികാരം ചെയ്തു. ഉള്ളിൽ കയറിപ്പറ്റിയവയെ പുറത്തുകടക്കാൻ അനുവദിക്കാതെ ഞാൻ മൂടി മുറുക്കെ അടച്ചുകളഞ്ഞു. പഞ്ചസാര തിന്നുതിന്ന് അവ ഉള്ളിൽ കിടന്ന് ചത്തു.

ഒരു ദിവസം പുസ്തകവായനയിൽ മുഴുകിയിരുന്ന ഒരു സന്ധ്യാസമയത്താണ് കുറേ ചോണനുറുമ്പുകൾ എന്റെ ജനാലയ്ക്കരികിൽ വന്നുകൂടുന്നത്. കൊണ്ടുവച്ച ചായയിലും മധുര പലഹാരത്തിലും അവ കടന്നാക്രമണം തുടങ്ങിയപ്പോൾ ഞാൻ ദേഷ്യത്തോടെ വിഷപ്പുക പ്രയോഗിച്ചു. എന്റെ ഉന്നരാഹിത്യത്തിൽ മറ്റുള്ളവ ഒക്കെ എങ്ങനെയോ ഓടി രക്ഷപ്പെട്ടപ്പോൾ ഒരു നിർഭാഗ്യവാൻ മാത്രം അതിൽ കുടുങ്ങിപ്പോയി. ഇത്തിരി നേരത്തേക്ക് അത് മത്തുപിടിച്ചതുപോലെ കറങ്ങിനടന്നു. ഭോപ്പാൽ ദുരന്തത്തിൽ വിഷപ്പുകയേറ്റ് പിടഞ്ഞോടിയ മനുഷ്യരാണ് അപ്പോൾ എന്റെ മുന്നിൽ തെളിഞ്ഞുവന്നത്. മുമ്പ് ഒരു യാത്രയിൽ ഭോപ്പാലിൽ പോയപ്പോൾ അങ്ങനെ കഷ്ടിക്ക് രക്ഷപ്പെട്ട മനുഷ്യർ അവരുടെ അനുഭവങ്ങൾ പറയുന്നത് കേൾക്കാൻ ഇടവന്നിട്ടുണ്ട്. വിഷപ്പുക ശ്വസിച്ചാൽ മനുഷ്യരും ജീവികളും ഒരുപോലെ തന്നെ. പിന്നെ ആ ഉറുമ്പ് മരണവെപ്രാളം കാണിക്കാൻ തുടങ്ങി. വിഷമത്തോടെയെങ്കിലും ഞാനത് വീക്ഷിച്ചുകൊണ്ടുതന്നെ ഇരിക്കുകയായിരുന്നു. കുറേനേരം അത് പിടഞ്ഞു. ഒരു ചെറിയ ഉറുമ്പാണെങ്കിൽപോലും പ്രാണൻ വെടിയുന്നതിന്റെ വേദന അത്രയും അത് ശരീരത്തിൽ സഹിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അതിൽനിന്ന്‌ തീർത്തും വിചിത്രമായ ഒരു ശബ്ദം ഉയർന്നുപൊങ്ങി. എനിക്കുപോലും കേൾക്കാവുന്നത്ര ഉച്ചത്തിൽ. ഞാൻ ശരിക്കും പകച്ചുപോയി. ഒരു ഉറുമ്പിന് അത്രയും ശബ്ദമുയർത്താനാവുമോ എന്ന് അത്ഭുതം തോന്നുംവിധം ഉയർന്ന നിലവിളി ആയിരുന്നു അത്. ഉയിർവെടിഞ്ഞുപോകുന്നതിന്റെ അതിതീക്ഷ്‌ണമായ വേദനയിൽനിന്ന്‌ പുറപ്പെട്ടുവന്ന ശബ്ദം. എല്ലാ ഉറുമ്പുകൾക്കും ശബ്ദം ഉണ്ടായിരിക്കാം. എന്നാൽ അവ നമ്മുടെ കേൾവിയുടെ ആവൃത്തിക്കും പുറത്തായിരിക്കുന്നതിനാൽ നാം അത് കേൾക്കുന്നില്ല എന്നുമാത്രം. എന്നാൽ ജീവൻ വെടിയുന്ന നിമിഷം ആ ഉറുമ്പ് സ്വന്തം ശബ്ദാവൃത്തിയെ തന്നെ മറികടന്നതാവാം. അതിന്റെ മുൻ‌കാലുകൾ രണ്ടും ആകാശത്തേക്കുയർത്തി നമിച്ചുകൊണ്ടായിരുന്നു ആ ശരീരം പ്രാണനെ പ്രകൃതിക്ക് വിട്ടുകൊടുത്തത്.
ഇനി ഇതെല്ലാം എന്റെ വെറും തോന്നലുകൾ മാത്രമാണെങ്കിൽ പോലും ജീവനെടുക്കാനുള്ള എന്റെ യോഗ്യതയ്ക്ക് നേരെ ഭയപ്പെടുത്തുന്ന ഒരു ചോദ്യശരം ആ കൈയുയർത്തലിലും മരണം ഒരു ഉറുമ്പിനുപോലും എത്ര കഠിനതരമായ വേദനയാണെന്ന് ക്രൂരമായ ഓർമപ്പെടുത്തൽ ആ കുഞ്ഞുമരണത്തിലുമുണ്ടായിരുന്നു.

ഇനി ഇതെല്ലാം എന്റെ വെറും തോന്നലുകൾ മാത്രമാണെങ്കിൽ പോലും ജീവനെടുക്കാനുള്ള എന്റെ യോഗ്യതയ്ക്ക് നേരെ ഭയപ്പെടുത്തുന്ന ഒരു ചോദ്യശരം ആ കൈയുയർത്തലിലും മരണം ഒരു ഉറുമ്പിനുപോലും എത്ര കഠിനതരമായ വേദനയാണെന്ന് ക്രൂരമായ ഓർമപ്പെടുത്തൽ ആ കുഞ്ഞുമരണത്തിലുമുണ്ടായിരുന്നു. 

ആറ്
കാലത്ത് ഉണർന്നെഴുന്നേറ്റു വരുമ്പോൾ തലേദിവസം എങ്ങനെയോ വീടിനുള്ളിൽ കയറിപ്പറ്റിയ ഒരു തുമ്പി ജനാലയിലൂടെ പുറത്തുകടക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ അതിന്റെ ചില്ലിൽ തട്ടി ഓരോ തവണയും തുമ്പി പരാജയപ്പെട്ടുകൊണ്ടിരുന്നു. ഒരുപക്ഷേ തുമ്പിയുടെ ബുദ്ധിക്ക് ഒട്ടും മനസ്സിലായിക്കാണില്ല, പുറത്തുകടക്കുന്നതിൽനിന്ന്‌ തന്നെ തടയുന്ന ആ അദൃശ്യസാന്നിധ്യം എന്താണെന്ന്. ഗ്ലാസ് എന്നൊരു വസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ച് ചിന്തിക്കാനോ മനസ്സിലാക്കാനോ മാത്രം ബുദ്ധി അതിനുണ്ടാവില്ലല്ലോ. ഓരോ‍ തവണയും തുമ്പി മുറിക്കുള്ളിൽ ഇത്തിരി പറന്നുനോക്കിയിട്ട് പുറത്തേക്കുള്ള വഴി ഇതുതന്നെ എന്നുറപ്പിച്ചുകൊണ്ട് ജനാലവരെ പറന്നുചെല്ലുകയും  ഗ്ലാസിൽ ഇടിച്ചുനിൽക്കുകയും ചെയ്യും. ഈ കളി കുറച്ചുനേരം കണ്ടിരുന്ന ശേഷം ഞാൻ എഴുേന്നറ്റുചെന്ന് ജനാല പതിയെ തുറന്നിട്ടുകൊടുത്തു. അത്തവണത്തെ ശ്രമത്തിൽ തുമ്പി ഒരു പ്രയാസവും കൂടാതെ ജനാല മറികടന്ന് ആഹ്ലാദത്തോടെ പുറത്തേക്ക് പറന്നുപോയി.
ചിന്താശീലനായ ഒരു തുമ്പിയായിരുന്നു അതെങ്കിൽ പിന്നത്തെ അതിന്റെ ജീവിതം മുഴുവൻ ഈ പ്രഹേളികയ്ക്ക് ഉത്തരം തേടി വലഞ്ഞിട്ടുണ്ടാവും. ഒരു രാത്രി മുഴുവൻ പരിശ്രമിച്ചിട്ടും എനിക്കെന്തുകൊണ്ട് ആ ജനാല മറികടന്ന് അപ്പുറം പോകാൻ കഴിഞ്ഞില്ല? അവിടെവച്ച് എന്നെ തടഞ്ഞ അദൃശ്യവസ്തു എന്ത്? പിന്നെ പെട്ടെന്നൊരു നിമിഷം അതെവിടേക്ക് അപ്രത്യക്ഷമായി? ആ തടസ്സം എന്റെ തോന്നാലായിരുന്നുവോ? സത്യമായിരുന്നുവോ? എങ്കിൽ ആ തടസ്സം നീക്കി എന്നെ അതിൽനിന്ന്‌ രക്ഷിച്ച ശക്തിയേത്?
ചിന്തിച്ച് ചിന്തിച്ച് ആ തുമ്പിക്ക് വട്ടുപിടിച്ചു പോയിരിക്കാം. അല്ലെങ്കിൽ എനിക്കറിയാത്ത പ്രപഞ്ച രഹസ്യങ്ങൾ ഈ ഭൂമിയിലുണ്ട് എന്ന് സമാധാനിച്ച് ഉറക്കത്തിലേക്ക് പോയിരിക്കാം. എന്റെ ജനാലയിലെ തുമ്പിക്ക് എന്റെ ജീവിതവുമായും ചിന്തയുമായും ബുദ്ധിയുമായും പരിജ്ഞാനവുമായും പരിമിതിയുമായും അഗാധമായ സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃച്ഛികം മാത്രമല്ല. ഇത് നിങ്ങൾക്ക് മനസ്സിലാവുന്നില്ലെങ്കിൽ നിങ്ങൾക്കെന്നെ മനസ്സിലാവുകയേയില്ല.

ഏഴ്
ഉറുമ്പുകളുടെ നിരീക്ഷണപാടവവും കാത്തിരിപ്പും എന്നെ പിന്നെയും അത്ഭുതപ്പെടുത്തുന്നു. എന്റെ പഞ്ചസാര പാത്രത്തിൽ അവർ ഒരു ദിവസം അതിക്രമിച്ചു കയറി. എന്റെ പിഴവായിരുന്നു അത്. അതിന്റെ മൂടി മുറുക്കെ അടയ്ക്കാൻ ഞാൻ മറന്നുപോയതിന്റെ ഫലം. ഞാനവയോട് പ്രതികാരം ചെയ്തു. ഉള്ളിൽ കയറിപ്പറ്റിയവയെ പുറത്തുകടക്കാൻ അനുവദിക്കാതെ ഞാൻ മൂടി മുറുക്കെ അടച്ചുകളഞ്ഞു. പഞ്ചസാര തിന്നുതിന്ന് അവ ഉള്ളിൽ കിടന്ന് ചത്തു. പുറത്തുണ്ടായിരുന്നവ സ്വന്തം കൂടാരങ്ങളിലേക്ക് മടങ്ങി. എന്നാൽ അവ എന്നന്നേക്കുമായി മടങ്ങിപ്പോയതല്ലെന്ന് പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. എല്ലാ ദിവസവും നിരീക്ഷകനായ ഒരു ഉറുമ്പെങ്കിലും ആ പാത്രത്തിന്റെ മുകളിൽ കാണും. എപ്പോഴെങ്കിലും ഒരു ദിവസം എനിക്ക് വീണ്ടും പിഴവ് സംഭവിക്കുമെന്നും മൂടി മുറുക്കെ അടയ്ക്കാൻ ഞാൻ മറക്കുമെന്നും അവയ്ക്കറിയാം. ആ ദിവസത്തിനുവേണ്ടിയാണ് അവ കാത്തിരിക്കുന്നത്. ഇടക്കിടെ ചാരന്മാരെ നിരീക്ഷണത്തിന് അയച്ചുകൊണ്ടിരിക്കുന്നത്.  ഒടുവിൽ ഞാൻ പരാജയപ്പെട്ടു. ഉറുമ്പുകൾ വിജയിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ അവയെ പതിയെ മറന്നുകളഞ്ഞിരുന്നു. എന്റെ ഏതോ ഒരു ധൃതിക്കിടയിൽ പഞ്ചസാരപ്പാത്രം മുറുക്കെ അടയ്ക്കാൻ മറക്കുകയുംചെയ്തു.


ഉറുമ്പുകൾ പക്ഷേ അലസരായി ഇരിക്കുക ആയിരുന്നില്ല. അവരുടെ പതിവു ചാരന്മാർ കൃത്യമായി എന്റെ പിഴവ് കണ്ടുപിടിച്ചു. പിറ്റേന്ന് നോക്കുമ്പോൾ പാത്രം അവയെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മുൻ‌ഗാമികളെ പാത്രത്തിൽ പൂട്ടിയിട്ട് പഞ്ചസാര തീറ്റിച്ച് കൊന്ന കഥയൊക്കെ അവർ മറന്നിരിക്കുന്നു. അല്ലെങ്കിൽ തന്നെ കൊല്ലപ്പെടുമെന്ന ഭീതിയിൽ അന്നം തേടുന്നത് അവസാനിപ്പിച്ച ഏത് ജീ‍വിയുണ്ട് ഈ ഭൂമിയിൽ? മനുഷ്യൻ എന്ന എന്റെ അഹങ്കാരത്തെ, ബുദ്ധിയെ, അലസതയെ, മറവിയെ, ജാഗ്രതക്കുറവിനെ ഒക്കെയാണ് അവ ആ കൈയേറ്റത്തിലൂടെ പരിഹസിച്ചത്. ആ മിടുക്കർക്ക് വേണ്ടി ആ പഞ്ചസാരപ്പാത്രം മുഴുവനായും തുറന്നിട്ട് കൊടുക്കയല്ലാതെ മറ്റെന്തായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്?

എട്ട്
വീണ്ടും ഒരു ഉറുമ്പ് അനുഭവം കൂടി. അത് വീട്ടിൽവച്ചായിരുന്നില്ല. ദേവാലയത്തിൽ പുരോഹിതന്റെ പതിവ് പ്രസംഗം കേട്ടിരിക്കുകയായിരുന്നു ഞാൻ. അതും മനുഷ്യപുത്രൻ ലോകത്തിന്റെ സർവ പാപങ്ങളും സ്വയം ഏറ്റെടുത്ത് ക്രൂശ് മരണം വരിച്ചതിന്റെ ഓർമ പുതുക്കുന്ന ദുഃഖവെള്ളിയാഴ്ച ദിവസം. ക്രൂശ് മരണത്തിന്റെ ത്യാഗവും വേദനയും ദുഃഖവും പുരോഹിതൻ തന്റെ വാക്‌ചാതുര്യത്തിൽ വർണിച്ചുകൊണ്ടിരിക്കുമ്പോൾ നാലഞ്ച് ഉറുമ്പുകൾ മാത്രം അടങ്ങിയ ഒരു ചെറുസംഘം എന്റെ കണ്മുന്നിലൂടെ കടന്നുപോയി. വെറും ഉറുമ്പുകളുടെ ഒരു ചെറുസംഘമായിരുന്നു അതെങ്കിൽ ഞാനവയെ ശ്രദ്ധിക്കുമായിരുന്നില്ല. എന്നാൽ അവ എങ്ങനെയോ മരണപ്പെട്ട മറ്റൊരു ഉറുമ്പിനെയും വഹിച്ചിരുന്നു എന്നതായിരുന്നു പ്രത്യേകത. മനുഷ്യനുവേണ്ടി മരണപ്പെട്ട ക്രിസ്തുവിനെ ഓർമിക്കുന്ന ഏതോ ഒരു വിശ്വാസി ചവുട്ടിക്കൊന്നതാവാം ആ ഉറുമ്പിനെ. മനുഷ്യന് ക്രിസ്തു വലുതാണെങ്കിൽ ഉറുമ്പിന് തങ്ങളുടെ സഹജീവിയുടെ മരണമാ‍യിരുന്നു അപ്പോൾ വലുത്. രണ്ടിലേതാണ് കൂടുതൽ വലുത് എന്നന്വേഷിച്ചാൽ സഹജീവിയുടെ മരണത്തെ ഓർത്തുള്ള ഉറുമ്പുകളുടെ വേദന തന്നെ എന്ന് ഞാൻ പറയും. ക്രിസ്തു ഒരു ഓർമയാണെങ്കിൽ ഉറുമ്പ് ഒരു അനുഭവമാണ്. ഓർമയെക്കാൾ വലുത് അനുഭവംതന്നെ. പുരോഹിതൻ പ്രസംഗം തുടരുമ്പോൾ ഉറുമ്പുകളുടെ സംഘം ചത്ത ഉറുമ്പിനെ എന്തുചെയ്യുന്നു എന്നതായിരുന്നു എന്റെ കണ്ണുകൾ അന്വേഷിച്ചത്. ചത്ത ഉറുമ്പിനെ അവ ചുമന്നുകൊണ്ടുപോയി വാതിലിനോട് ചേർന്നുണ്ടാക്കിയ തങ്ങളുടെ വാസസ്ഥലത്തിനും വളരെ ദൂരെ ഒരിടത്ത് കൊണ്ടുകളഞ്ഞു.
ഒറ്റുകാരനായ യൂദാസിനെ അക്കൽ‌ദാമയിലേക്ക് എറിഞ്ഞു കളഞ്ഞ ഓർമയാണ് ആ കാഴ്ച എന്നിലുണർത്തിയത്. ചത്തുകഴിഞ്ഞ ഒരു സഹജീവി ഇനി തങ്ങളുടെ സമൂഹത്തിന് ആവശ്യമില്ല എന്ന വിചാരമാണോ അവയെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്. ഉറുമ്പുകളുടെ ബുദ്ധിയെക്കുറിച്ച്, അവയുടെ ആലോചനകളെക്കുറിച്ച്, അവയുടെ സാമൂഹിക രീതികളെക്കുറിച്ച് ഏറെ പഠനങ്ങൾ വന്നിട്ടുണ്ടെങ്കിലും നമുക്കറിയാതെ ഒട്ടേറെ കാര്യങ്ങൾ ബാക്കിയാണെന്ന് തോന്നുന്നു. മനുഷ്യൻ കുറേക്കൂറി വളരുകയും അവന്റെ ബുദ്ധി ബാല്യകാലദശ വിട്ടുണരുകയും ചെയ്യുമ്പോൾ അത് സാധ്യമാകും എന്നാഗ്രഹിക്കാനേ ഇപ്പോൾ വഴിയുള്ളൂ. സഹജീ‍വിയെ ഉപേക്ഷിച്ചുപോയ ആ ഉറുമ്പുകൾ എന്നന്നേക്കുമായി അതിനെ മറന്നുകളഞ്ഞിരിക്കുന്നു എന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ ഇത്തിരി കഴിഞ്ഞപ്പോൾ അവയിൽ ഒന്ന് മടങ്ങിവന്നു. ചത്ത ഉറുമ്പിനെ എടുത്ത് മറ്റൊരിടത്തേക്ക് മാറ്റിക്കിടത്തിയിട്ട് അത് മടങ്ങി. ഒരു സൂക്ഷ്മദർശിനികൊണ്ട് കുറേക്കൂടി വലുപ്പത്തിൽ കാണാമായിരുന്നു എങ്കിൽ മടങ്ങിപ്പോകുന്നതിനുമുമ്പ്‌ ചത്തവന് അന്ത്യചുംബനം കൊടുക്കുന്നത് കാണാമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. അത് അവരുടെ കൂട്ടത്തിലെ യൂദാസ് ആയിരുന്നില്ല, വേണ്ടപ്പെട്ടവനായ ക്രിസ്തുതന്നെ ആയിരുന്നു എന്ന് എനിക്കപ്പോഴാണ് ബോധ്യപ്പെടുന്നത്. മടങ്ങിപ്പോകുന്ന ഉറുമ്പിന്റെ കണ്ണിൽ ഉരുണ്ടുകൂടിയ ജലകണങ്ങൾ കാണാനാവാതെ പോയത് അതിന്റെ തെറ്റല്ലല്ലോ. കാഴ്ചയുടെ പരിമിതികൊണ്ട് ആരെയും, ഒരു ഉറുമ്പിനെപ്പോലും വിധിക്കരുതെന്ന് ആ ദുഃഖവെള്ളിയാഴ്ച എനിക്ക് പറഞ്ഞുതന്നു

. ഈ മുറിയാകെ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങളിൽനിന്ന് പ്രസരിക്കുന്ന ഊർജമാണ് എന്റെ എഴുത്തുമുറി. അതിൽനിന്ന് എഴുത്തുകാരന്റെ ധീരത, സ്വപ്‌നം കാണാനുള്ള കഴിവ്, സൂചികൊണ്ട് കിണറു കുഴിക്കാനുള്ള ക്ഷമ, ആയിരം വട്ടം തിരുത്തിയെഴുതാനുള്ള കഠിനാധ്വാനം, ലോകത്തിന്റെ അതിരുകളോളം ചെന്ന് വിഷയങ്ങൾ കണ്ടെത്താനുള്ള ത്വര എന്നിവയൊക്കെ പ്രസരിക്കുകയും എന്റെ മനസ്സിനെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു.

ഒമ്പത്
ഒരു ദിവസം കുറച്ച് ശർക്കരക്കട്ട വാങ്ങിക്കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചു. ഇത്തിരി കഴിഞ്ഞപ്പോൾ ഉറുമ്പ് കൂട്ടത്തിലെ ഒരു പര്യവേക്ഷകൻ അത് കണ്ടുപിടിച്ചു. അത് അതിന്റെ മുകളിലൂടെയെല്ലാം ഒന്ന് ഓടിനടന്നു. അത്രയും വലിയ ഒരു മധുരശേഖരം കണ്ട് അതിനു ശരിക്കും ഭ്രാന്ത് പിടിച്ചിരുന്നിരിക്കണം. അത് താഴെയിറങ്ങി വേഗം സ്വന്തം കൂട്ടുകാരുടെ അടുത്തേക്ക് പാഞ്ഞു. ‘ഞാൻ വലിയൊരു മധുരശേഖരം കണ്ടുപിടിച്ചിരിക്കുന്നു, നമുക്കും നമ്മുടെ അഞ്ചു തലമുറയ്ക്കും കഴിക്കാനുള്ള അത്രയും വലിയ ശേഖരം’ എന്ന് അത് ചെന്ന് തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരിക്കണം.
അവൻ തന്റെ കൂട്ടുകാരെയും കൂട്ടി ശർക്കര വച്ചിരിക്കുന്ന മേശപ്പുറത്തേക്ക് വന്നപ്പോഴേക്കും ഞാനത് കുപ്പിയിലേക്ക് മാറ്റിയിരിക്കുന്നു. ഉറുമ്പ് മടങ്ങി വരുമ്പോൾ താൻ മധുരം കണ്ട ഇടം ശൂന്യം. ഒന്നോ രണ്ടോ തരി അവിടെ വീണു കിടപ്പുണ്ടായിരുന്നിരിക്കണം. ‘നിനക്ക് ഭ്രാന്തുണ്ടോ?’ അതോ ഞങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണോ?’ കൂട്ടുകാരായ ഉറുമ്പുകൾ എല്ലാം കൂടി ആ ഉറുമ്പിനെ ചവുട്ടിക്കൂട്ടിയിരിക്കണം.
പാവം ആ ഉറുമ്പിനു ശരിക്കും ഭ്രാന്ത് പിടിച്ചു കാണണം. തന്റെ അനുഭവത്തെ അവൻ എങ്ങനെയാണ് തന്നോടുതന്നെ വിശദീകരിക്കുക? താൻ കണ്ടത്, രുചിച്ചു നോക്കിയത്, നടന്നിട്ടൊന്നും എത്താത്തവണം അതിന്റെ മുകളിലൂടെ ഓടി നടന്നത്. എല്ലാം ഒരു മിഥ്യ ആയിരുന്നു എന്നോ? അല്ല അത് ശരിക്കും ഒരു സത്യമായിരുന്നു എന്ന് പറഞ്ഞാൽ ആരാണ് തന്നെ വിശ്വസിക്കുന്നത്? അതെല്ലാം തന്റെ  ഒരു പാഴ്‌സ്വപ്‌നം ആയിരുന്നു എന്നോ? മറ്റുള്ളവർക്ക് മനസ്സിലാവുന്ന, നമുക്ക് പിന്നീട് തെളിയിക്കാൻ കഴിയുന്ന അനുഭവങ്ങൾ മാത്രമാണോ യഥാർഥ അനുഭവങ്ങൾ? അതിനു പുറത്തുനിൽക്കുന്ന അനുഭവങ്ങളെ നാം എന്ത് പേരിട്ടാ‍ണ് വിളിക്കുക? 

എന്റെ പഞ്ചസാര പാത്രത്തിൽ അവർ ഒരു ദിവസം അതിക്രമിച്ചു കയറി. എന്റെ പിഴവായിരുന്നു അത്. അതിന്റെ മൂടി മുറുക്കെ അടയ്ക്കാൻ ഞാൻ മറന്നുപോയതിന്റെ ഫലം. ഞാനവയോട് പ്രതികാരം ചെയ്തു. ഉള്ളിൽ കയറിപ്പറ്റിയവയെ പുറത്തുകടക്കാൻ അനുവദിക്കാതെ ഞാൻ മൂടി മുറുക്കെ അടച്ചുകളഞ്ഞു. പഞ്ചസാര തിന്നുതിന്ന് അവ ഉള്ളിൽ കിടന്ന് ചത്തു.

പത്ത്
പണ്ട് പിതാവ് പറഞ്ഞ ഒരനുഭവം മനസ്സിലേക്ക് ഓടിയെത്തുന്നു. ഒരിക്കൽ അദ്ദേഹം പുഴ മുറിച്ചു കടക്കുന്നതിനുവേണ്ടി ഒരു കടവിൽ നിൽക്കുകയാണ്. വലിയ വെള്ളമില്ല. ഇറങ്ങിക്കയറാവുന്ന ആഴമേയുള്ളൂ. അപ്പോൾ അക്കരെ നിന്നും സ്ത്രീ നടന്നുവരുന്നു. ആ സ്ത്രീയെക്കണ്ടപ്പോൾ അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വിറയൽ അദ്ദേഹത്തിന്റെ ഉള്ളിലൂടെ കടന്നുപോയി. അത് ഒരു അന്യസ്ത്രീയെ കണ്ടതിന്റെ പരവേശമോ വിവശതയോ ആസക്തിയോ ആയിരുന്നില്ല. അതൊന്നുമല്ലാത്ത മറ്റെന്തോ ഒരു ആകർഷണീയത. പിതാവ് അവരോട് സംസാരിച്ചു. നാടും വീടും ചോദിച്ചറിഞ്ഞു. അപ്പോഴാണ് മനസ്സിലാവുന്നത് അത് നാലുതലമുറയുടെ അന്തരമുള്ള തന്റെ തന്നെ ഒരു സഹോദരിയാണ് എന്ന്. അവരെ കണ്ടപ്പോൾ തന്റെ ശരീരത്തിനുണ്ടായ വിറയൽ ‐ കാലത്തിനപ്പുറത്തുനിന്നും സ്വന്തം രക്തത്തെ കണ്ടുമുട്ടിയതിന്റെ ആഹ്ലാദമായിരുന്നു അത്. രക്തം തലമുറ എത്ര കഴിഞ്ഞാലും രക്തത്തിനെ കണ്ടുമുട്ടുമ്പോൾ ഒരു പരിചിതത്വം അനുഭവിക്കാനാവുമോ? അറിയില്ല. എന്നാൽ നമ്മുടെ ഓർമകൾ എത്ര ആഴത്തിലാണ് പതിഞ്ഞു കിടക്കുന്നത് എന്നതിന് ദൃഷ്‌ടാന്തമായി ഒരു അനുഭവം എനിക്കുണ്ട്. ഒരിക്കൽ ഞാൻ എന്റെ അമ്മയുടെ നാടിന് അടുത്തുള്ള ഒരു ഗ്രാമത്തിലൂടെ വണ്ടിയിൽ പോവുകയായിരുന്നു. ഉച്ചനേരം ആയിരുന്നതിനാൽ നല്ല വിശപ്പ് ഉണ്ടായിരുന്നു താനും. പെട്ടെന്ന് എന്റെ കണ്മുന്നിൽ ഒരു ചെറിയ ഹോട്ടൽ പ്രത്യക്ഷപ്പെട്ടു. അടുത്തെങ്ങും മറ്റൊരു ഹോട്ടൽ കണ്ടെത്താൻ സാധ്യതയില്ലാത്തതിനാൽ അവിടെ നിന്നുതന്നെ ഉച്ചയാഹാരം കഴിച്ച് യാത്ര തുടരാൻ ഞാൻ തീരുമാനിച്ചു. വണ്ടി ഒതുക്കി കയറിച്ചെന്നപ്പോൾ ഭാഗ്യത്തിന്‌ അവിടെ ആഹാരം തീർന്നിട്ടില്ല. ചോറും മീൻകറിയുമായിരുന്നു അവിടുത്തെ ഉച്ചയാഹാരം. ആഹാരം കൊണ്ടുവന്ന് മീൻ‌കറിയുടെ മണം എന്റെ മൂക്കിലേക്ക് എത്തിയതും പെട്ടെന്ന് എന്റെ അമ്മച്ചിയുടെ മീൻകറിയുടെ മണം ഓർമയിലേക്ക് ഓടിയെത്തി. അതിനു രണ്ടിനും ഒരേ ഗന്ധമായിരുന്നു. ജീവിതത്തിൽ മറ്റൊരു മീൻകറിക്കും അമ്മച്ചിയുടെ ഓർമയുണർത്താൻ കഴിഞ്ഞിട്ടില്ല. അപ്പോൾ അമ്മച്ചി മരിച്ചിട്ട് ഏതാണ്ട് പതിനഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു. അതിനും കുറേ മുൻപുതന്നെ ഞാൻ ഗൾഫിലേക്ക് കടന്നിരുന്നു. കണക്കുകൂട്ടി നോക്കുമ്പോൾ ഇരുപതോ ഇരുപത്തിയഞ്ചോ വർഷങ്ങൾക്ക് മുമ്പാണ് ഞാൻ അവസാനമായി അമ്മച്ചിയുടെ സ്വന്തം മീൻ‌കറി കൂട്ടുന്നത്.

പാഷൻ ഫ്രൂട്ട് എവിടെ കണ്ടാലും ഞാൻ പെട്ടെന്ന് എന്റെ അപ്പച്ചനെ ഓർക്കും. എന്നും പ്രഭാതസവാരി കഴിഞ്ഞുവരുമ്പോൾ ദൂരെയുള്ള പറമ്പിൽ
നിന്ന് പെറുക്കിക്കൊണ്ടുവരുന്ന പാഷൻ ഫ്രൂട്ടിനോട് ബന്ധിപ്പിക്കാതെ എനിക്ക് അപ്പച്ചനെ ഓർമിക്കാനേ ആവുന്നില്ല

.എന്നിട്ടും അത്രയും കാലം ആ ഗന്ധം, മറ്റൊരു മീൻകറിക്കും നൽകാനാവാത്ത ഗന്ധം – എന്റെ കൂടെയുണ്ടായിരുന്നു എന്നതാ‍ണ് അദ്ഭുതകരമായ വസ്തുത. അങ്ങനെ ഒരു സുഗന്ധം വീണ്ടും അവിചാരിതമായി എന്നിലേക്ക് വന്നപ്പോൾ എത്ര പെട്ടെന്നാണ് ഞാനത് പഴയ ഒരു ഓർമയുമായി ബന്ധിപ്പിച്ചെടുത്തത്. നമ്മുടെ ഓർമകൾ സൂക്ഷിച്ചുവയ്ക്കുന്ന അറകളെ സമ്മതിക്കണം. എത്രകാലം കഴിഞ്ഞാലും വീണ്ടെടുക്കപ്പെടാനുള്ള ഒരു മുഹൂർത്തം കാത്ത് അത് നിഗൂഢമായ ഒരിടത്തിൽ ഒളിച്ചിരിക്കുകയാണ്. അതുകൊണ്ടാവാം മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞ് തികച്ചും അവിചാരിതമായി വഴിവക്കിലോ കല്യാണച്ചടങ്ങിലോ മരണവീട്ടിലോ കണ്ടുമുട്ടുന്ന ഒരു പഴയ മുഖത്തിന്റെ സർവ വിവരങ്ങളും നാം ഒരു നൊടിയിടകൊണ്ട് ഓർമയിലേക്ക് തെളിച്ചെടുത്തുകൊണ്ടുവരുന്നത്. പാഷൻ ഫ്രൂട്ട് എവിടെ കണ്ടാലും ഞാൻ പെട്ടെന്ന് എന്റെ അപ്പച്ചനെ ഓർക്കും. എന്നും പ്രഭാതസവാരി കഴിഞ്ഞുവരുമ്പോൾ ദൂരെയുള്ള പറമ്പിൽനിന്ന് പെറുക്കിക്കൊണ്ടുവരുന്ന പാഷൻ ഫ്രൂട്ടിനോട് ബന്ധിപ്പിക്കാതെ എനിക്ക് അപ്പച്ചനെ ഓർമിക്കാനേ ആവുന്നില്ല. പരിചിതമായ ഓർമകളുടെ വീണ്ടെടുപ്പിനെക്കുറിച്ച് മാത്രമേ, കാലപരിധികളെക്കുറിച്ച് മാത്രമേ നാം ഇപ്പോൾ ചിന്തിക്കുന്നുള്ളൂ. എന്നാൽ ഓർമകൾ ജീനുകളിൽ നിന്ന് ജീനുകളിലേക്ക് പകർന്നുകിട്ടാനുള്ള സാധ്യത മറ്റു പലതിലും എന്നതുപോലെ നമുക്ക് തള്ളിക്കളയുവാൻ ആകുമോ? അങ്ങനെയാകുമോ തലമുറ ചിലത് മറിഞ്ഞുപോയിട്ടും സ്വന്തം രക്തമായ ഒരു സഹോദരിയെക്കണ്ടപ്പോൾ  എന്റെ പിതാവിന്റെ ഓർമയിൽ ഒരു തിരയിളക്കമുണ്ടായത്.


(ദേശാഭിമാനി ഓണം വിശേഷാൽപ്രതിയിൽ നിന്ന്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top