20 April Saturday

ബഷീറിന്റെ എഴുത്തും ജീവിതവും അറബിയിലും

അനസ് യാസിന്‍Updated: Friday May 4, 2018

മനാമ > പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രമായ 'എഴുത്തും ജീവിതവും' ഷാര്‍ജ സാംസ്‌കാരിക വകുപ്പു അറബി ഭാഷയില്‍ പ്രസിദ്ധികരിച്ചു. മാധ്യമ പ്രവര്‍ത്തകനും ബഷീറിന്റെ ജീവചരിത്രകാരനുമായ ഇഎം അഷ്റഫ് രചിച്ച എഴുത്തും ജീവിതവും,  'മസാറത്ത്' (വഴികള്‍) എന്ന പേരിലാണ് അറബിയിലേക്ക് മൊഴിമാറ്റിയത്. അറബ് ഭാഷ പണ്ഡിതന്‍ കോഴിക്കോട് സ്വദേശി അബ്ദു ശിവപുരമാണ് വിവര്‍ത്തനം ചെയ്തത്.

ബഷീറിന്റെ നോവലുകളും ഇരുന്നോറോളം ചെറു കഥകളും ഇന്നും സാഹിത്യത്തിലെ ബെസ്റ്റ് സെല്ലറുകളാണ്. ഇന്ത്യയിലെയും ലോകത്തിലെ മിക്കവാറും ഭാഷകളില്‍ ബഷീര്‍ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ബഷീറിനെ സന്ദര്‍ശിച്ച എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഭാഷ ഗവേഷകന്‍ ഡോ. ആഷറാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. കാലിക്കറ്റ് സര്‍വകലാശാല ബഷീറിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ക്കും ആദരവുകള്‍ക്കും അര്‍ഹനായ ബഷീറിന്റെ നിരവധി കഥകള്‍ സിനിമയായിട്ടുണ്ട്.
ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് അറിയപ്പെടുന്ന ബഷീറിന്റ ജീവിതവും പുസ്തകങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന 'മസറാത്ത്' ഒരു ഇന്ത്യന്‍ എഴുത്തുകാരണയെയും സാഹിത്യത്തെയും കുറിച്ചുള്ള ആദ്യ അറബ് ഗ്രന്ഥമാണ്. അറബ് വയനാ ലോകത്തു ഏറെ പ്രശസ്തമായ ഷാര്‍ജ  സാംസകാരിക  വകുപ്പ് പ്രസിദ്ധികരണമായ റാഫിദ് മാസികക്കൊപ്പമാണ് 'മസറാത്ത്' വിതരണം ചെയ്തത്.

കണ്ണൂര്‍ സ്വദേശിയും കൈരളി ടിവി മിഡിലീസ്റ്റ് ന്യൂസ് ഡയറക്ടറുമായ ഇഎം അഷ്‌റഫ്, ബഷീറിന്റെ ജീവചരിത്രത്തിനു പുറമെ ബഷീറിന്റെ 'ഐരാവതങ്ങള്‍' എന്ന ഗ്രന്ഥം എഡിറ്റ് ചെയ്യുകയും 'ഈ വെളിച്ചത്തിനു എന്തൊരു വെളിച്ചം' എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തിട്ടുണ്ട്.

സിനിമയെ കുറിച്ച് നാലു ഗ്രന്ഥങ്ങളും അഞ്ചു ജീവചരിത്രവും എഴുതിയ അഷ്‌റഫിന് മികച്ച മാധ്യമ പ്രവര്‍ത്തകന്‍, മികച്ച ചലച്ചിത്ര ലേഖകന്‍ എന്നിവക്കു സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ബഷീര്‍ സാഹിത്യ ഗവേഷണത്തിന് ഇന്ത്യന്‍ ഗവെര്‍ന്മെണിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പിനും അര്‍ഹനായി. എം മുകുന്ദന്റെ സാഹിത്യ രചനകള്‍ ആസ്പദമാക്കി ഇഎം അഷ്റഫ് രചനയും സംവിധാനവും നിര്‍വഹിച്ച 'ബോണ്‍ജ്വ മയ്യഴി' എന്ന ഹ്രസ്വ ചി്വതത്തിന് കേരള സര്‍ക്കാരിന്റെ മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു.

ലോക പ്രശസ്ത ഇന്ത്യന്‍ ചിത്രകാരനായ എംഎഫ് ഹുസൈനെ കുറിച്ച് അഷ്റഫ് മലയാളത്തിലും ഇംഗ്‌ളീഷിലും എഴുതിയ ഗ്രന്ഥം ഷാര്‍ജ സാംസ്‌കാരിക വകുപ്പ് 2014 ഇല്‍  അറബ് ഭാഷയില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധികരിച്ചിരുന്നു. ആ വര്‍ഷത്തെ ഏറ്റവും മികച്ച അറബ് ഗ്രന്ഥത്തിനുള്ള ഷാര്‍ജ സര്‍ക്കാരിന്റെ അവാര്‍ഡും ഇതിനു ലഭിച്ചിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top