24 April Wednesday

തൊഴില്‍ കേന്ദ്രത്തിലേയ്ക്ക്‌: ചരിത്ര ഏടായ നാടകത്തിന്റെ പുസ്തകരൂപം മൂന്നാം പതിപ്പിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

ചെറുതുരുത്തി> നവോത്ഥാന കേരളസൃഷ്ടിയുടെ ചരിത്ര ഏടായ തൊഴില്‍ കേന്ദ്രത്തിലേയ്‌ക്കെന്ന നാടകത്തിന്റെ പുസ്തകരൂപത്തിന് മൂന്നാംപതിപ്പിറങ്ങുന്നു. 1948ലാണ് ഈ നാടകം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും, 60 വര്‍ഷത്തിനുശേഷം അത് കണ്ടെത്തി എഡിറ്റ് ചെയ്ത് പുനഃസൃഷ്ടിച്ചത് കേരള കലാമണ്ഡലം മുന്‍ രജിസ്ട്രാര്‍ ഡോ എന്‍ ആര്‍ ഗ്രാമപ്രകാശാണ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയാണ് നാടകം  പ്രസിദ്ധീകരിച്ചത്. ഡോ എന്‍ ആര്‍ ഗ്രാമപ്രകാശ് രചിച്ച പുസ്തകത്തിന്റെ മൂന്നാംപതിപ്പാണ് 2019 മെയ് രണ്ടാംവാരത്തില്‍ പുതുതലമുറയിലേക്കെത്തുന്നത്. 1944ല്‍ ഇഎംഎസ് നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തില്‍ നമ്പൂതിരി സമുദായത്തിലെ യുവാക്കളെ പണിയെടുത്തുജീവിക്കാന്‍ ഉദ്ബോധിപ്പിച്ചതോടെയാണ് തൊഴില്‍ കേന്ദ്രവും നാടകവും യാഥാര്‍ത്ഥ്യമായത്.

ഇത് നമ്പൂതിരി സമുദായ പരിഷ്‌കരണത്തിന് പുതിയമാനം നല്‍കി. അന്തസത്ത ഉള്‍ക്കൊണ്ട അന്തര്‍ജനങ്ങള്‍ തൊഴില്‍ കേന്ദ്രം തുടങ്ങുവാനും തൊഴില്‍ പഠിക്കുവാനും സ്വന്തം കാലില്‍ നില്‍ക്കുവാനും തീരുമാനിക്കുകയായിരുന്നു.തുടര്‍ന്ന് പട്ടാമ്പി,ലെക്കിടി എന്നിവിടങ്ങളില്‍ തൊഴില്‍ കേന്ദ്രം തുടങ്ങി.ഇവിടെ സ്ത്രീകള്‍ താമസിച്ച് നെയ്ത്തും തുന്നലും പഠിച്ചു.

എതിര്‍പക്ഷത്തിലുള്ള യാഥാസ്ഥിതികര്‍ തൊഴില്‍ കേന്ദ്രത്തെ വ്യഭിചാര ശാലകളായി മുദ്രകുത്തി ഇവരെ സമൂഹത്തില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചു.പ്രതിരോധിക്കുന്നതിനുവേണ്ടി അവരെഴുതിയ നാടകമാണ് തൊഴില്‍ കേന്ദ്രത്തിലേക്ക്. സ്ത്രീകളുടെ അന്തസ്സുയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടി നടത്തുന്ന സ്ഥാപനമാണെന്നവര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിലൂടെ പുറംലോകത്തെ അറിയിച്ചു.

മൂന്നാം പതിപ്പിനൊപ്പം അക്ഷരയാനം, നാട്യരസം എന്നീപുസ്തകങ്ങള്‍ കൂടി പുറത്തിറക്കുമെന്ന് ഡോ എന്‍ ആര്‍ ഗ്രാമപ്രകാശ് പറഞ്ഞു .ബോധന നാടകവേദി എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് ഗ്രാമപ്രകാശ്. 97ല്‍ നാടകനിരൂപണ ഗ്രന്ഥത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും 2009ല്‍ സംഗീതനാടക അക്കാദമി അവാര്‍ഡും കരസ്ഥമാക്കി.  തൊഴില്‍ കേന്ദ്രത്തിലേക്കെന്ന നാടകം കാലിക്കറ്റ്,കണ്ണൂര്‍,കേരള യൂണിവേഴ്സിറ്റികള്‍ പാഠപുസ്തകമാക്കിയിരുന്നു.

നിരൂപകന്‍,എഴുത്തുകാരന്‍,അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. നിലവില്‍ കേരള കലാമണ്ഡലം ഭരണസമിതിയംഗമാണ്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top