04 December Monday

വൈകിവന്ന വസന്തം-തിരുനല്ലൂർ കരുണാകരന്റെ രചനകളെക്കുറിച്ച് ...

കെ പി ശങ്കരൻUpdated: Wednesday Aug 9, 2023

എങ്ങനെയെന്ന്‌ കണിശമായി വെളിപ്പെടുത്താൻ വയ്യാത്തവിധം തിരുനല്ലൂരിന്റെ ‘മേഘസന്ദേശം’ എന്നെ കലശലായി വശീകരിച്ചുകഴിഞ്ഞിരുന്നു എന്നതത്രേ വസ്‌തുത. ‘‘ഭർത്തുർമിത്രം പ്രിയമവിധവേ...’’ എന്ന മേഘസന്ദേശത്തിലെ ‘അവിധവേ’ എന്ന സംബോധന ‘അയി സുമംഗലീ’ എന്ന്‌ തിരുനല്ലൂരിന്റെ വിവർത്തനത്തിൽ നനുത്ത രൂപഭേദം നേടുന്നു. മൂലകൃതിയെ അതിശയിപ്പിക്കുന്ന വിവർത്തനം എന്ന്‌ നാം പലപ്പോഴും കേൾക്കാറുള്ള പ്രശംസയ്‌ക്ക്‌ ഇതല്ലേ യഥാർഥത്തിൽ അർഹം!
 

ഒരപരാധം ഏറ്റുപറഞ്ഞുകൊണ്ടാവട്ടെ ഈ കുറിപ്പിന്റെ തുടക്കം. തിരുനല്ലൂർ കരുണാകരൻ എന്ന കാമ്പുറ്റ കവിയോട്‌, വിമർശകൻ എന്ന നിലവിടുക, ആസ്വാദകൻ എന്ന നിലയ്‌ക്കും, എനിയ്‌ക്ക്‌ നീതി കാണിക്കാൻ സാധിച്ചിട്ടില്ല. ഇത്‌ മനഃപൂർവമല്ല എന്ന്‌ വെളിപ്പെടുത്തിയാലും ആരും വിശ്വസിച്ചോളണം എന്നില്ല. എന്നാലും, സ്വന്തം ആശ്വാസത്തിന്‌ എന്ന്‌ വെച്ചോളൂ, ഞാൻ ആ വെളിപ്പെടുത്തൽ നടത്തുകയാണ്‌. പല കവികളെയും പരിഗണിക്കാതെ പോവുന്നു. ചിലപ്പോൾ വിശേഷിച്ച്‌ നിമിത്തമൊന്നും ഉണ്ടായിട്ടല്ല.

സന്ദർഭം ഒത്തുവരാഞ്ഞിട്ട്‌. സന്ദർഭം ഒത്തുവരിക എന്നുവെച്ചാലോ: പുസ്‌തകം കൈയിൽ എത്തായ്‌ക; എത്തിയാലും, എഴുതണം എന്നു പ്രേരണ പിറക്കായ്‌ക... അങ്ങനെ പലതാവും സംഗതി. തിരുനല്ലൂരിന്റെ കാര്യത്തിൽ, ഈ ആദ്യം പറഞ്ഞതുതന്നെ ഹേതു. അദ്ദേഹം എന്നോ ബംഗളൂരുവിലെത്തിയപ്പോൾ, ആരോ പറഞ്ഞ്‌ അറിഞ്ഞിട്ടാവാം, തന്റെ കനത്ത സമാഹാരം, എന്റെ മകൾ ചിത്രയ്‌ക്കു സമ്മാനിച്ചു. ‘ചിത്രമോൾക്ക്‌ വാത്സല്യപൂർവ്വം’ എന്ന കുറിപ്പോടെ ആ സമ്മാനം കൊടുത്തത്‌ 21–5–89 എന്ന തീയതിവച്ചുകൊണ്ട്‌. നേരുപറയട്ടെ, ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും, അന്നാണ്‌ ഞാൻ ഈ കവിയെ ആദ്യമായി ശരിക്കും കൈപ്പറ്റുന്നത്‌. ചിത്ര, പാവം തൊട്ടടുത്ത വരവിൽ ആ സമ്മാനം എന്നെ സന്തോഷത്തോടെ ഏൽപ്പിക്കയുംചെയ്‌തു.

എന്നാൽ, അതിനും എത്രയോമുമ്പ്‌, എങ്ങനെയെന്ന്‌ കണിശമായി വെളിപ്പെടുത്താൻ വയ്യാത്തവിധം തിരുനെല്ലൂരിന്റെ ‘മേഘസന്ദേശം’

എന്നെ കലശലായി വശീകരിച്ചുകഴിഞ്ഞിരുന്നു എന്നതത്രേ വസ്‌തുത. ‘‘ഭർത്തുർമിത്രം പ്രിയമവിധവേ...’’ എന്ന മേഘസന്ദേശത്തിലെ ‘അവിധവേ’ എന്ന സംബോധന ‘അയി സുമംഗലീ’ എന്ന്‌ തിരുനല്ലൂരിന്റെ വിവർത്തനത്തിൽ നനുത്ത രൂപഭേദം നേടുന്നു.

മൂലകൃതിയെ അതിശയിപ്പിക്കുന്ന വിവർത്തനം എന്ന്‌ നാം പലപ്പോഴും കേൾക്കാറുള്ള പ്രശംസയ്‌ക്ക്‌ ഇതല്ലേ യഥാർഥത്തിൽ അർഹം! എന്തോ പുരാപുണ്യം എന്നേ സങ്കൽപ്പിക്കാവൂ; എനിയ്‌ക്ക്‌ തിരുനല്ലൂർക്കവിതയിലേക്ക്‌ ആദ്യം പ്രവേശം സാധിച്ചത്‌ ഇതിലൂടെയത്രേ. ‘അവിധവ’ എന്ന മൂലപദം ‘സുമംഗലി’യാവുന്നതിൽത്തന്നെ ഉണ്ടല്ലോ, സുകൃതൈകലബ്ധം എന്നു കരുതാവുന്ന സൂക്ഷ്‌മത. അതിനുംമുമ്പ്‌ നിബന്ധിച്ച ‘അയി’ ആവട്ടെ, വിവരണത്തെ നിസ്സഹായമാക്കുംവിധം നിറഞ്ഞുതെളിഞ്ഞുനിൽക്കുന്നു.

വിവർത്തനത്തിനുപോട്ടെ; വേറൊരു പദം പകരംവയ്‌ക്കാനേ നിവൃത്തിയില്ലാത്തവിധം നിസ്‌തുലമത്രേ അതിന്റെ നില. കേരളത്തിലെ പ്രശസ്‌തനായൊരു ചാക്യാരുടെ പ്രദേശത്ത്‌ പിറന്ന ആളാണ്‌ ഞാൻ. അദ്ദേഹം ‘അയി’ എന്നതിന്‌ ‘അല്ലേ’ എന്ന സമാന്തരം ഉപയോഗിച്ചുകേട്ടിട്ടുണ്ട്‌: ‘അല്ലേ കൃഷ്‌ണാ, അല്ലേ ഫൽഗുനാ...’ എന്നൊക്കെ. നേരിട്ടാവുമ്പോൾ അത്‌ ശരിയായ അർഥം നിവേദിക്കുന്നു; പോരെങ്കിൽ, ചാക്യാർ സ്വന്തം ആഖ്യാനത്തിൽ സ്വരനിഷ്‌കർഷയോടെ അതു വിസ്‌തരിക്കയും ചെയ്‌തിരുന്നു. ആ ‘അല്ലേ’ അച്ചടിയിൽ വന്ന്‌, പിന്നീട്‌ ആരാനും വായിക്കുമ്പോൾ അർഥധാരണ പാളിപ്പോകയല്ലേ ചെയ്യൂ?...

പോട്ടെ, ഞാനിതു സ്‌പർശിച്ചതിന്‌ ഒറ്റ ഉദ്ദേശമേ ഉള്ളൂ: തിരുനല്ലൂർ ‘സുമംഗലി’ക്കു മുമ്പ്‌ ‘അയി’ നിബന്ധിച്ചതിന്‌ നിഷ്‌കൃഷ്‌ടമായ പൊരുളുണ്ട്‌; ആ പൊരുളാവട്ടെ വേറൊരുവിധം വെളിപ്പെടുത്താനാവാത്തവിധം നിപുണമാകുന്നു, നിഷ്‌കൃഷ്‌ടവുമാകുന്നു. മറ്റൊരുവിധത്തിൽ സ്‌പഷ്‌ടമാവാത്ത ഇത്തരം വിവർത്തനമാണല്ലോ, ‘മൂലത്തെ അതിശയിക്കുന്ന’ എന്നെല്ലാമുള്ള നിഗമനത്തിലേയ്‌ക്ക്‌ നമ്മെ നയിക്കേണ്ടത്‌. ആ നിഗമനമാവട്ടെ, ഇന്ന്‌ തലങ്ങും വിലങ്ങും നിബന്ധിച്ച്‌ വില കെട്ടുപോയ നിലയിലാണല്ലോ.

തിരുനല്ലൂർ അതിന്റെ യഥാർഥ വില വീണ്ടും തിട്ടപ്പെടുത്തുന്നു എന്നതുതന്നെ, ‘സുമംഗലി’ക്കുമുമ്പ്‌ ‘അയി’ നിബന്ധിച്ചതിന്റെ അവിസ്‌മരണീയമായ നേട്ടം. ‘മൂലത്തെ അതിശയിക്കുന്നു’ എന്നൊക്കെ നാം പല വിവർത്തനങ്ങളെയും വാഴ്‌ത്തുമ്പോൾ, ആ വാഴ്‌ത്തിനുനേരിടാവുന്ന അർഥലോപം മറന്നുവേണം, തിരുനെല്ലൂരിന്റെ ഈ ‘അയി’ എന്ന്‌ ‘സുമംഗലി’ക്ക്‌ ഇണക്കുന്ന സംബോധനാരൂപം വിലയിരുത്തപ്പെടേണ്ടത്‌ എന്ന്‌ ചുരുക്കം. അദ്ദേഹത്തിന്റെ ‘സുമംഗലി’ മാത്രമല്ല, അതിനുമുമ്പ്‌ ഇണക്കുന്ന ‘അയി’യും, മൗലികതയുടെ മറക്കാത്ത മാതൃകയാവുന്നു എന്നു ചുരുക്കം.

ഇത്തരമൊരു സമാഹാരം സജ്ജീകരിക്കുമ്പോൾ, കവിതകൾ കൊടുക്കുന്നത്‌ കഴിവതും കാലപ്രമാണം പാലിച്ച്‌ ആവാമായിരുന്നു. അതുവഴി, കവിയുടെ ക്രമമായ വികാസം സംബന്ധിച്ച്‌, കൃത്യമാവണമെന്നില്ല, എന്നാലും ഏതാണ്ടൊരു ധാരണ സ്വരൂപിക്കാൻ അനുവാചകനു സാധിേച്ചനെ. ഇവിടെ അതുപാലിച്ചുകാണുന്നില്ല.

1981, 82 – ഈ ക്രമം ഒന്നും രണ്ടും കവിതകളിൽ കാണാം. പക്ഷേ, തൊട്ടുപിറകെ 79ലേത്‌... അങ്ങനെ പോവുന്നു ഈ അംശത്തിലെ അശ്രദ്ധ. ’ 54നുപുറകെ  ’79‐ സമ്പൂർണ സമാഹാരത്തിൽ, ഇത്തിരികൂടി സശ്രദ്ധമായ സംവിധാനം പാലിക്കാമായിരുന്നു. അതോ, ’79ലെ ‘എങ്ങനെ’ എത്ര സംവേദനക്ഷമമായ ഇനം!...

പോട്ടെ, അത്‌ ആനുഷംഗികം; ഈ കവിതകളുടെ സർഗാത്മകതയെയോ സംവാദക്ഷമതയെയോ അതു ബാധിക്കും എന്ന്‌ വിവക്ഷയില്ലാതെതന്നെ. ഉദാഹരിക്കാം: 1954 ലെ രചനയായ ‘ചെറുതേനും കുറുന്തോട്ടിയും’ എന്ന ശോകച്ഛവി കലർന്ന ദീർഘകവിത. ’63, ’62 രചനകൾ തൊട്ടുപിറകെ. അങ്ങനെയങ്ങനെ...

പക്ഷേ ഒരു സംഗതി പറയാതെ വയ്യ: തുടക്കംതൊട്ടേ, ഇനങ്ങളുടെ സംവേദനക്ഷമതയ്‌ക്ക്‌ കോട്ടമില്ലാത്തതിനാൽ, സംവിധാനത്തിലെ ക്രമഭംഗം അനുവാചകനെ ബാധിക്കുന്നില്ല. 1950ലെ ഇനങ്ങൾപോലും ‘മഴവില്ലും കൊള്ളിമീനും’*, ‘നമ്മുടെ ഗാനം’– ഇങ്ങനെ ചിലത്‌ പക്വമായ സംവേദനവും രചനയുടെ ശൈലിയും സാക്ഷ്യപ്പെടുത്തുന്നു.

’ 50ലെതന്നെ സാമാന്യം നീണ്ട വേറൊരു ഇനത്തിന്റെ കലാശം ഇങ്ങനെ: ‘‘ഇതുവരെപ്പാടത്തിൽ വീഴ്ത്തിയതല്ലാതെ/യിനിയുമീ നമ്മളിലുണ്ടു രക്തം’’ (പുറം 54). ‘ഇരുണ്ട നട്ടുച്ച’ എന്ന നീണ്ട (14 പുറം) രചനയും ഈ വശം ദീപ്തമായി സാക്ഷ്യപ്പെടുത്തുന്നു. അതിലാവട്ടെ ഒരീരടി ഇങ്ങനെ: എൻചാരെയിപ്പോൾ വീണ്ടുമെത്തിയോ ബാല്യത്തിന്റെ പഞ്ചാരമണ്ണും കളിപ്പാട്ടവും തേൻകൊഞ്ചലും!  (പുറം 68). ‘ഗൃഹാതുരത്വം’ എന്നാവാം ഈ ഭാവത്തിന് മലയാളം പേരിട്ടിരിക്കുന്നത്. പേരെന്തോ  ആവട്ടെ, കാൽപ്പനിക കവിതയുടെ  അനുപേക്ഷണീയമായ  ആർദ്രതയാണിത്. വെറുതെയല്ല കവിയുടെ അവകാശവാദം: ‘‘അൽപ്പവും മയമില്ലാതുള്ളൊരാ ശബ്ദത്തിലും,  അത്ഭുതം, സ്നേഹത്തിന്റെ മധുരാലാപം കേൾക്കാം’’ (പുറം 70). തിരുനല്ലൂരിന്റെ  ശബ്ദം ഞാൻ നേരിട്ടു കേട്ടിട്ടില്ല. എന്നാലും അതിൽനിന്ന്‌ നിർധരിക്കാവുന്നത് ‘സ്നേഹത്തിന്റെ മധുരാലാപം’ എന്നത് അസന്ദിഗ്ധം...

അരിവാളുകൾ ഇടതുപക്ഷത്തിന്റേത് എന്നു ശ്രുതിപ്പെട്ട ആയുധമാണല്ലോ. അത് സമരഗാഥകളിലും ജാഥകളിലും സുവിദിതമാണുതാനും. ഇവിടെ തിരുനല്ലൂർ ആ ആയുധത്തെ വിഷയമാക്കി എഴുതുന്നത് നതോന്നത എന്ന വൃത്തത്തിലത്രേ. (സമാഹാരത്തിൽ അടിച്ചുകാണുന്നത് സാധാരണ രീതിയിലല്ല. മുമ്മൂന്നു വരിയായിട്ട്. ഞാനതു വായിച്ചതു വഞ്ചിപ്പാട്ടായിട്ടുതന്നെ. വഴങ്ങുകയും ചെയ്തു.

പഴവിള രമേശൻ, ഒ എൻ വി തുടങ്ങിയവർക്കൊപ്പം തിരുനല്ലൂർ കരുണാകരൻ

പഴവിള രമേശൻ, ഒ എൻ വി തുടങ്ങിയവർക്കൊപ്പം തിരുനല്ലൂർ കരുണാകരൻ

എന്നല്ല, ‘‘ഒറ്റയ്ക്കൊരോമനത്താമരപ്പൈങ്കിളി ചുറ്റിപ്പറന്നു കേഴുന്നു/താണുമുയർന്നും കറങ്ങിയും താഴത്തുവീണും പിടഞ്ഞുകേഴുന്നു’’... എന്നാരംഭിച്ച് ‘‘താമരപ്പൈങ്കിളിയിത്തിരി നേരമ/പ്പൂമരക്കൊമ്പിലിരുന്നു; എന്നിട്ടൊരമ്പു പായുന്നതുമാതിരി മിന്നൽച്ചിറകിൽപ്പറന്നു’’ (പുറം 110) എന്നവസാനിക്കേ,  അതിലെ സൂചന കേവലം, കിളിപാറലിൽ ഒതുങ്ങുകയില്ല എന്നല്ലേ  ഊഹിക്കേണ്ടത്? വിശേഷിച്ചും ആ ‘മിന്നൽച്ചിറകിൽപ്പറക്കൽ’ വീണ്ടും ശ്രദ്ധിച്ചുനോക്കുക... തന്റെ സന്ദേശം വെട്ടാവെളിയായി വിളിച്ചുപറയുകയല്ല വേണ്ടത്; പിന്നെയോ, കഴിവതും വ്യംഗ്യ ഭംഗിയിൽ ഒതുക്കുന്നതാവും ഉചിതം എന്ന സാന്ദ്രമായ കാവ്യബോധത്തിന് ഉദാഹരണമായി ഈ കലാശം എടുക്കരുതേ...

‘പെയ്യാത്ത കാറുക’ളെ  മുൻനിർത്തി പ്രത്യേകം നിരീക്ഷണത്തിനൊന്നും മുതിരുന്നില്ല. എന്നാലും, ‘‘വിരചിപ്പു കവിതകളിടയത്തരുണിമാർ വിരിയുന്ന കരിനീലമിഴികളാലേ’’ (പുറം 111) എന്ന  ഈരടി വെറും വിപ്ലവകവിതയിൽ ഇടംപിടിച്ചോളണം എന്നില്ലല്ലോ. പോരാ, സമാപനത്തിലെ ഒരീരടിയിൽ വിതുമ്പുന്ന ഗദ്ഗദം കൂടി ശ്രദ്ധിക്കുന്നതാവും വിവേകിത: ‘‘ഇനിയുമപ്പാവങ്ങളകമേ  കൊതിക്കുന്ന കനിവേറും മേഘങ്ങൾ വരികില്ലെന്നോ!’’ (പുറം 112).

1956ൽ പിറന്ന ‘നവകേരള’വും വെറുതെ കവച്ചുകടക്കാൻ കഴിയില്ല. ‘‘കേരളമൊന്നായ്ത്തീർന്നൂ; ചരിത്രം വിരചിച്ച /ധീരതയുടെ ഖഡ്ഗധാരകൾ തിളങ്ങുന്നു’’ എന്ന ഈരടി പോട്ടെ. അത് ഈ പ്രകരണത്തിൽ ആരിൽനിന്നും പിറന്നു എന്നു വരാം. അത്തരം ചില ഈരടി വേറെ കാണുന്നതും വിഗണിക്കാം. എന്നാൽ, ‘‘മഞ്ജുള നിലാവിനാലണുശക്തിയെക്കൊണ്ടു പുഞ്ചിരി തൂകിക്കുന്ന തൂമണൽത്തീരങ്ങൾ’’ തൊട്ടുള്ള കല്പനകൾക്കുനേരെ കണ്ണടയ്ക്കുക ഞെരുക്കം.

എങ്കിലും, അങ്ങനെ ചെയ്തുകൊണ്ട്, ‘‘ശാസ്ത്രവിജ്ഞാനം നമുക്കീയിടെസ്സമ്മാനിച്ചോരൂർജ ശക്തികളാകും തുരഗ’’ങ്ങളിലും നിൽക്കാതെ, കവിതയുടെ സമാപനം മാത്രം നിരീക്ഷിക്കട്ടെ: ‘‘ജീവിതമതിവേഗം പാഞ്ഞുപോകുമ്പോഴതിൻ/ചാവിയൂരുവാനൊരു ശക്തിക്കുമാവില്ലല്ലേ’’ – ഈ  നിർധാരംതന്നെ തിരുനല്ലൂർക്കവിതയുടെ നിജസ്വരം, തൊട്ടുപിറകെ വരുന്ന ഇനത്തിൽ (തരിശുനിലങ്ങളിലേക്ക്) അത് ഊന്നിപ്പറയുന്നത് നിർണായകം:  ‘‘കൊടിയ കരിങ്കൽക്കുന്നുകൾ ഞങ്ങടെ/ യടിയേറ്റാകെത്തകരുമ്പോൾ/ഉഴുതുമറിക്കാനെന്തേ പാടി‐/പ്പുതുമണ്ണിൻ കുതുകാർദ്രതകൾ!’’  പോരാ, പിറകെ ഒരു നാലു വരികൂടി ഉദ്ധരിക്കാൻ ഞാൻ നിർബന്ധിതനാകുന്നു എന്നതത്രേ നേര്!

‘‘ഹൃദയത്തിന്റെ കണംപോലാണി–പ്പുതുവിത്തിൻ മണിയോരോന്നും. ചുടുരക്തത്തിൻ നനവാലവയിൽ/ പുലരിക്കതിർപോൽ മുളപൊട്ടി’’  (പുറം 126). വെറും വിപ്ലവം എന്ന ആശയമല്ല, അതിനു പൊലിമ പകരുന്ന അവതരണമാണ് ഇതിലെ കവിത എന്ന വശം കാണാതെ വയ്യല്ലോ. ‘‘നീയധൃഷ്യനാ; ണേതു ശക്തിക്കുമാവില്ല നിൻ നീടെഴും സദാഗതിത്വത്തെ നിശ്ചലമാക്കാൻ’’

ഈ ദൃഢവിശ്വാസം പുലർത്തുന്നു എന്നതിലല്ല, അതിന് ദീപ്തമായ പൊലിമ  അവതരണം വഴി പകരുന്നു എന്നതിലത്രേ തിരുനല്ലൂർ, വെറും മുദ്രാവാക്യം മുഴക്കുന്നവരിൽനിന്ന്, തീർത്തും വ്യത്യസ്തനാവുന്നത് എന്നു ചുരുക്കം.
‘ആദ്യത്തെ തീവണ്ടി’, അതിന്റെ ചരിത്ര പ്രാധാന്യത്തെച്ചൊല്ലിയല്ല, പിന്നെയോ, കവിതാ പ്രാമാണ്യംകൊണ്ടുതന്നെയാണ് സ്മരണീയമാവുന്നത്. ‘‘എല്ലിനോടവിരാമമേറ്റുമുട്ടിയ കരി/ങ്കല്ലുകളെല്ലാം വേർപ്പുനീരു വീണലിഞ്ഞേ പോയ്’’ എന്നത്രേ തിരുനല്ലൂരിന്റെ അവതരണം.

ആദ്യത്തെ തീവണ്ടി കാണാൻ ആളുകൾ കാത്തുനിന്നതിനു കൈവരുന്ന ഭാഷയുടെ മിഴിവ് അവിസ്മരണീയം: ‘‘തീവണ്ടി കാണാൻ വെമ്പലാർന്നിടും കുഞ്ഞുങ്ങളെ / ത്തായമാരുടെ ചുണ്ടും സൂര്യനും ചുവപ്പിച്ചു. വെറും ആശയമല്ല, അതിന്റെ  അപൂർവമായ അവതരണമാണ് കവിത എന്ന അംശത്തിന് ഇവിടെ കൈവരുന്ന മിഴിവ് ഒന്നു വേറെത്തന്നെ.ഈ രചനയുടെ കലാശത്തിലേക്കുകൂടി കണ്ണുമിഴിയാതെ പ്രകരണം സമാപിച്ചു കൂട:  ‘ഒറ്റ മൺതരിപോലുമിളകീ; ലവയിലേ/ക്കിറ്റു വീണതാം വേർപ്പിൻ ശക്തിയത്ഭുതശക്തി’’. അധ്വാനത്തെ വാഴ്ത്തിയാൽ മാത്രം പോരാ, അതിനുകവിതയുടെ  വടിവു കൈവരണം എന്ന വശവും തിരുനല്ലൂർ അവഗണിച്ചില്ല എന്നു ചുരുക്കം.

ഒറ്റക്കവിതയും ഉൾപ്പെടുത്താതിരിക്കാൻ ഒക്കുന്നില്ല എന്നതാകുന്നു ഇവിടെ എന്റെ ‘നിസ്സഹായത’. ‘‘പൊന്നുതിരും നെൽക്കതിരും പൂത്തുലാവും പൊൻകിനാവും’’  ‘‘ഒന്നിച്ചല്ലോ കൊയ്‌തെടുക്കുന്നു’’ ഒരു കേവല പ്രസ്താവമല്ലല്ലോ.

‘‘മണ്ണിനെത്തടവിലിട്ടോരു ഇരുട്ടിനോടങ്കംവെട്ടി വന്നുചേർന്ന പുലർകാലത്തുടിപ്പുകൾ (140) എന്നതും എങ്ങനെ അവഗണിക്കാൻ!  ‘‘ആറ്റുനോറ്റു കാത്തുപോന്ന  വിത്തുകൾക്ക് പൊൻമുള പൊട്ടുന്ന’’ത് ‘ഹൃദയത്തിൻ ഞാറ്റടി’യിൽ കിടന്നാണുപോലും!  ക്ഷീണം നാടൻപാട്ടിൽ ഉറങ്ങിപ്പോവുന്നു (പോവുക എന്ന അനുപ്രയോഗത്തിന്റെ പ്രസക്തി അവഗണിക്കരുതല്ലോ) എന്നിട്ടോ, ‘അധ്വാനമൊരു മധുരമാം ലഹരിയായിപോലും! (പുറം 141) ‘‘തീരാതെന്നും നീ നിറയ്ക്കും കതിർകൊണ്ടുനിറയട്ടെ’’ കേരളത്തിന്നറയെല്ലാ, മാഗ്രഹമെല്ലാം! എന്ന ആശംസയും വെറുമൊരു ഔപചാരികതയിൽ അടങ്ങുകയില്ല–സ്പഷ്ടമല്ലേ?...

ഇത്രയേറെപ്പേർ മറുനാട്ടിൽ അന്നംതേടുന്ന ഒരു സംസ്ഥാനം കേരളത്തെപ്പോലെ വേറെ കാണുക വിഷമം എന്നതല്ലേ നേര്? എത്ര വിഷമിച്ചായാലും ഓണത്തിനു നാട്ടിലെത്തുന്ന ആ ‘പാവത്താ’ന്ന് എത്ര പെട്ടെന്ന് തിരിച്ചുപോരേണ്ടിവരുന്നു എന്ന വിഷാദമത്രേ  ‘വിദേശമലയാളി’യിലെ വിഷയം. ‘‘പൂനിലാവവളുടെ തോണിയും തുഴഞ്ഞേതോ ദൂരമേഖല  പൂകി’’ എന്ന ആരംഭം എത്ര സാകൂതം!  യാത്രോദ്യമത്തെ ‘പോകുവാനൊരുമ്പെട്ടു’  എന്ന ക്രിയാസൂചനയിലത്രേ ഉൾക്കൊള്ളിക്കുന്നത്.

അന്ന് അമ്മയുടെയും അനുജത്തിമാരുടെയും മറവിൽ നിൽക്കുന്നതാവട്ടെ, ‘ഒരു ശോകരാഗമൂർച്ഛ’. നേരം വൈകി ഇറങ്ങിയ താൻ നടന്നത് ‘ഇരുപാടും പൂത്ത വേലിയിൽനിന്നുമടരും ചെറുപൂക്കൾ വീണപാത’യിലൂടെ..! പൂമണം പുണർന്നെത്തും തെന്നൽ  ഓർമിപ്പിക്കുന്നത് ‘തൂമലർചൂടും കരിങ്കൂന്തലിൻ സുഗന്ധ’ത്തെ... ഇനിയെന്റെ നാടു കാണുവാനെത്ര വത്സരം കഴിയണം! എന്ന ഉദ്വേഗത്തിൽ, വണ്ടി കിട്ടുവാൻ ഓടേണ്ടിവന്നത് ഒരു നിലയ്ക്കു സുകൃതം!...

തന്റെ ഉദ്ബുദ്ധത ‘പണ്ടു പണ്ട’ത്തെ യമുനാതീരത്തെ  അയവിറക്കുന്നതിന്‌ തടസ്സമാവുന്നില്ല എന്ന വശവും എടുത്തുപറയട്ടെ.

ഒമ്പതു പുറത്തോളം നീണ്ട ഈ രചനയിൽ ഞാൻ ലയിക്കുന്നു എന്നതുനേര്. എങ്കിലും മുഴുവൻ ഇവിടെ ഉൾക്കൊള്ളിക്കാൻ ഒക്കില്ലല്ലോ. ഏതാണ്ടു തുടക്കത്തിൽത്തന്നെ, ‘സ്വന്തമേതോ മനോരഥം തേടി’ യമുന മന്ദമന്ദം പോകുന്ന ചിത്രം ചേർക്കാൻ കവി സങ്കോചിക്കുന്നില്ല എന്നത്‌ സ്മരണീയം. ആ പശ്ചാത്തലത്തിൽ ‘വിദ്യുഭാഭം’ ഇരിക്കുന്ന രാധയുടെ ചിത്രം ഇണക്കാനുമില്ല സങ്കോചം: ‘‘തെല്ലിടയ്‌ക്കൊരു ദീർഘനിശ്വാസം; തെല്ലിടയ്‌ക്കൊരു മഞ്ജുളഹാസം’’... ഇത്തരം വിശദാംശങ്ങൾ ചിത്രത്തെ ചേതോഹരമാക്കുന്നു എന്ന്‌ എടുത്തുപറയട്ടെ.

‘‘ഗാനമാധുരി മാത്രമു;ണ്ടെന്നാൽ ഗായകനെ ഞാൻ കണ്ടതില്ലല്ലോ’’ എന്നതിൽ ഒരാശാഭംഗത്തിന്റെ സ്വരമല്ലേ  സ്ഫുരിക്കുന്നത്...? എന്റെ ആശാഭംഗമാവട്ടെ, ഇതിൽ കൂടുതൽ  ഉദ്ധരിക്കുന്നത് പ്രായോഗികമല്ലല്ലോ എന്നത്രേ!  എങ്കിലും ‘‘പോയ ഗാനമീ വർണനാതീത/മായ മൂകതക്കെത്രയോ താഴെ ! ’’ എന്നുള്ള സമാപനം വിസ്മരിച്ചുകൂടാ... അഥവാ, തന്റെ  മേഘസന്ദേശ സ്മൃതി ‘അയി സുമംഗലി’ എന്ന്‌ ആരംഭിച്ച തിരുനല്ലൂരിന്, ഇത്‌ തികച്ചും സ്വാഭാവികംതന്നെ. ഈ  സ്വാഭാവികതയ്ക്ക്‌ സാക്ഷ്യമായി നാലു ലഘുപാദങ്ങൾകൂടി അയവിറക്കട്ടെ: ‘‘ശിഥിലമെൻ വിപഞ്ചിക; വ്യഥിതമെൻ കരാംഗുലി; വരിക  വേദനകളേ,  മുഴുകിടട്ടെ നിങ്ങളിൽ’’ (‘മുഴുകിടട്ടെ നിങ്ങളിൽ’ എന്നുതന്നെ ശീർഷകമായ ലഘുരചന;  ഇത്  ഉദ്ബുദ്ധതയ്ക്കുവിരുദ്ധം എന്ന്, സുകൃതം, ഈ കവി വിശ്വസിക്കുന്നില്ല. പുറം 181).

‘ഗാന്ധാരി’ എന്ന ആറുപുറം നീളുന്ന കവിത എന്നെ ആകർഷിക്കായ്കയില്ല. എങ്കിലും സ്വയം നിയന്ത്രിക്കതന്നെ. ഈ ലേഖനം എങ്ങാനും  ഒന്നുനിർത്തുകയും വേണമല്ലോ! 

‘ഗാന്ധാരി’ എന്ന ആറുപുറം നീളുന്ന കവിത എന്നെ ആകർഷിക്കായ്കയില്ല. എങ്കിലും സ്വയം നിയന്ത്രിക്കതന്നെ. ഈ ലേഖനം എങ്ങാനും  ഒന്നുനിർത്തുകയും വേണമല്ലോ!  എന്നാലും, ‘‘ദുഃഖത്തിനുണ്ടോ ദുഃഖം! ഈ മഹാദുഃഖത്തിന്റെ ചക്രവാളമാണല്ലോ നിത്യത, നിഷ്പന്ദത! ’’ എന്ന ഈരടി, അതിന്റെ നിത്യപ്രസക്തിയോർത്ത്, അയവിറക്കാതെ വയ്യ (പുറം 186). ഈ പ്രസക്തി വേറെ പല രചനകൾക്കും ഇണങ്ങുന്നതുതന്നെ. എന്നാലും  പ്രായോഗികതയോർത്ത് ‘സ്വയം നിയന്ത്രിച്ചോളുകതന്നെ! വേണെങ്കിൽ, ഇതിനൊരു നീതീകരണം ‘കൊഴിഞ്ഞ പൂ മാത്രം’ എന്ന ലഘുരചനയിൽ നിഷ്പന്നമാവുന്നു; ‘‘ഒഴിഞ്ഞ വനികയിലൊന്നോ രണ്ടോ/കൊഴിഞ്ഞ പൂ മാത്രം’’. അപ്പോഴും കവി കൃതാർഥനാവുന്നു: തന്റെ

ആർ സുഗതനും തിരുനല്ലൂർ കരുണാകരനും

ആർ സുഗതനും തിരുനല്ലൂർ കരുണാകരനും

വീണയ്ക്ക്‌ ഒരു വിലാപഗാനം മതി (പുറം 188) അനുവാചകനും അതുമതി എന്ന വ്യാപ്തി ഈ വിനയത്തിൽ ആരോപിക്കരുത് എന്നു മാത്രം!...

‘കുളക്കടവിൽ’ എന്ന ഏതാണ്ട്‌ ചെറിയ ഒരിനം (പുറം 204) എന്നെ പിടിച്ചുനിർത്തുമാറു പ്രലോഭകം. ‘പുന്നത്തണലിലണയും ഒരാളിൽ ആ കണ്ണെത്തുന്നേരം കവിൾ തുടുത്തതു വെറുതെയല്ല. എനിക്കും ഈ ലഘുകവിത കവിളല്ല, കരൾ  തുടുപ്പിക്കാതിരുന്നില്ല. പക്ഷേ എല്ലാ തുടുപ്പും തുടിപ്പും സാക്ഷ്യപ്പെടുത്തുക എന്നത് ഈ പടുകുറിപ്പിനു പ്രായോഗികമല്ലല്ലോ എന്ന് സ്വയം  നിയന്ത്രിച്ചോളുകതന്നെ!  ‘മായ’ എന്ന സുന്ദരഗീതം ഇതേ  ഹേതുവാൽ ഒഴിവാക്കുമ്പോഴും, അതിലെ ഒടുക്കത്തെ  ഈരടി ഉദ്ധരിക്കാതെ വയ്യ: ‘‘ഭൂവിലെന്നും മരണമുണ്ടെങ്കിലും ജീവിതം ശിവം, സുന്ദരം, ശാശ്വതം’’. ഞാൻ, വിനീതമായി, ഇതിലേക്ക് ഒരർഥവാദം ഇണക്കട്ടെ: ഏതൊക്കെ  ഉൾപ്പെടുത്തിയാലും ഒഴിവാക്കിയാലും തിരുനല്ലൂർക്കവിതക്കു  പ്രസക്തി നിത്യംതന്നെ!

മുറപ്രകാരം ഇനി വരുന്നത്  ‘കന്യാമഠത്തിൽ’. അവിടെ  ‘കൻമതിൽ ഭേദിച്ചു കാറ്റും സുഗന്ധവും നിശ്ശബ്ദമായി’ എത്തുന്നത് കവി അറിയാതിരിക്കുന്നില്ല. പോരാ,  ‘മൂകമായ് നിൽക്കും നിലാവിന്റെ  മാർത്തട്ടിൽ മൂർച്ഛിച്ചു വീണു വിറയ്ക്കും നിഴലുകൾ’  ഉള്ളിൽ പതിയാതെയും ഇരിക്കുന്നില്ല.

പിന്നത്തെ ഈരടി ഇങ്ങനെ: ‘‘പള്ളിപ്പറമ്പിലുറഞ്ഞ നിശ്ശബ്ദതയ്ക്കുള്ളിലടിയുന്ന രാപ്പാടിതൻ പാട്ടുകൾ’’ –അതെ, നിശ്ശബ്ദതയ്ക്കു നാവുനൽകുക എന്നതാണല്ലോ കവിയുടെ സംവേദനത്തിന് എപ്പോഴും നിർവഹിക്കാനുള്ള ധർമം.

എല്ലാ രചനകളെയും ഈ ലേഖനത്തിൽ രഞ്ജിപ്പിക്കുക അസാധ്യം. എന്നാലും, ‘ഉണരാൻ വൈകി’ എന്ന നാലുവരി കേകയിലെ അവസാനത്തെ ഈരടി, അതിന്റെ സവിശേഷമായ സംവേദനം നിമിത്തം എന്നെ നിസ്സഹായനാക്കുന്നു: ‘‘അവൾ പോയപ്പോഴത്രേ ഞാനുണർന്നതു; കണ്ടേ/നവസാനത്തെപ്പൂവിലവൾ തൻ കണ്ണീർക്കണം’’ (പുറം 212). ഉണരാൻ വൈകിയതു നന്നായി എന്നല്ലേ നമുക്കു പ്രതികരിക്കാൻ തോന്നൂ...?

ആദ്യത്തെ ബഹിരാകാശ സഞ്ചാരിയുടെ ആത്മഗതത്തിന്റെ വടിവിലാണ് ‘വിരഹം’ എന്ന ഇത്തിരി നീണ്ട രചന വാർന്നുവീഴുന്നത്.‘വിശാലത, സർവഗ്രാഹിയാമപാരത’– ഒക്കെ വശീകരിക്കുന്നുണ്ടാവാം. എന്നാലും കവി നിസ്സംശയം വെളിപ്പെടുത്തുന്നു:


ആദ്യത്തെ ബഹിരാകാശ സഞ്ചാരിയുടെ ആത്മഗതത്തിന്റെ വടിവിലാണ് ‘വിരഹം’ എന്ന ഇത്തിരി നീണ്ട രചന വാർന്നുവീഴുന്നത്.‘വിശാലത, സർവഗ്രാഹിയാമപാരത’– ഒക്കെ വശീകരിക്കുന്നുണ്ടാവാം. എന്നാലും കവി നിസ്സംശയം വെളിപ്പെടുത്തുന്നു: ‘‘ഒരു മൺതരിയായി വീണ്ടുമെത്തട്ടേ ഞാനെൻ ധരയിൽ, സൗന്ദര്യത്തിൽ, സ്നേഹത്തി, ലാനന്ദത്തിൽ’’ എത്ര അർഥഗർഭം: ‘‘അഹോ ഉദഗ്രരമണീയാ പൃത്ഥ്വീ’’ എന്ന ആകർഷണം അനിരോധ്യംതന്നെ! (പുറം 217) തൊട്ടുപിറകെ വരുന്ന ഇനവും (‘ജാലകവാതിൽ തുറക്കു സഖീ’) ഇതേ  വ്യഗ്രതയുടെ  വേറൊരു രൂപംതന്നെ.

ഈ വികാരം താലോലിക്കുന്ന മനസ്സിന്‌ രചിക്കാതെ നിവൃത്തിയില്ലാത്ത ഇനമാകുന്നു ‘മേഘ സന്ദേശം’. പ്രശസ്തമായ  ആ കാളിദാസ കൃതിയോട് ഈ കവിക്കുള്ള താദാത്മ്യം. അനിഷേധ്യം എന്നത് അനുക്തസിദ്ധം. ‘‘ഇന്ത്യതൻ കവിളത്തു വാർമിന്നൽത്തിളക്കമായിന്ദ്രകാർമുകമായും മിന്നുക സൗന്ദര്യമേ! ’’ (പുറം 223) എന്ന അർഥനയോ ആശംസയോ എന്തായാലും, അത്  ഈ കവിയുടെ ആത്മവത്തയിൽനിന്നാണ് നിസ്രുതമാവുന്നത്–നിസ്സംശയം. തിരുനല്ലൂർ ഏറ്റവും താദാത്മ്യം വരിച്ചത് ‘മേഘസന്ദേശ’ത്തോടാവും എന്നതിന് വേറൊരു സാക്ഷ്യം !...

‘ഒരു മൂളിപ്പാട്ടെങ്കിലും ’ എന്ന പിന്നത്തെ പിഞ്ചു രചനയുടെയും ഉത്തേജനം ‘മേഘസന്ദേശ’മാവും എന്നൂഹിക്കാൻ പ്രത്യക്ഷ ലക്ഷ്യമൊന്നും ഇല്ല. എന്നാലും ‘‘പൈക്കൾക്കെരുത്തിലിലിപ്പോൾ തിടുക്കത്തിൽ/വൈക്കോൽ കൊടുക്കും ചെറുപ്പക്കാരാ/മൂകത വിട്ടു നീ പാടുക കൊച്ചൊരു/മൂളിപ്പാട്ടെങ്കിലും കൂട്ടുകാരാ’’(പുറം 224) എന്ന അപേക്ഷയുടെ ഉറവ, ആ വിശിഷ്ട കൃതിയുടെ അറിയാപ്രചോദനത്തിൽനിന്നാവും എന്ന് അനുമാനിക്കാനത്രേ എനിക്കിഷ്ടം. തിരുനല്ലൂരിനെ അത്രമേൽ സ്വാധീനിച്ചിരിക്കും ആ കാളിദാസകൃതി എന്ന കാര്യം അനിഷേധ്യമാണല്ലോ.

‘‘അവൾ പോയപ്പോഴത്രേ ഞാനുണർന്നത്; കണ്ടേ/നവസാനത്തെപ്പൂവിലവൾ തൻ കണ്ണീർക്കണം’’ (212). ഈ വിരാമമില്ലാത്ത വിഷാദം അഥവാ നഷ്ടബോധം തിരുനല്ലൂരിന്റെ ഏറ്റവും പേലവവും നീരവവും ആയ ഭാവബദ്ധതയാണ് എന്നു ഞാൻ വിചാരിക്കുന്നു. വെറുതെയല്ല ഈ കവിയെ ‘മേഘസന്ദേശം’ ഗാഢമായി സ്വാധീനിച്ചത് എന്ന് ആ വശം സംഗ്രഹിക്കട്ടെ.

വിസ്തരിക്കുന്നതിന് പകരം,  ‘വിരഹം’ (പുറം 213–17)  എന്ന വിസ്മരിക്കാനാവാത്ത രചനയിലെ, ഒടുക്കത്തെ ഈരടി ഉദ്ധരിക്കുക മാത്രം ചെയ്യട്ടെ: ‘‘ഒരു മൺതരിയായി വീണ്ടുമെത്തട്ടേ ഞാനെൻ /ധരയിൽ, സൗന്ദര്യത്തിൽ, സ്നേഹത്തിലാനന്ദത്തിൽ’’.

ഇത്തരമൊരു വീക്ഷണം ‘മേഘസന്ദേശ’ത്തിനു വിവർത്തനം രചിച്ചതിൽ വിസ്മയിക്കാനില്ല. തൊട്ടു പിറകെ (പുറം 219–223) ‘മേഘസന്ദേശം’ എന്ന ഇനംതന്നെ സ്ഥാനപ്പെടുത്തുന്നത്‌ സാകൂതമാവാം. ആ അനശ്വരകൃതിക്കുള്ള ഇതര  വാഴ്ത്തുകൾ ഇരിക്കട്ടെ. ഒടുക്കത്തെ ഈരടി മാത്രം ഓർക്കുന്നതാവും ഇവിടെ ഉപപന്നം എന്ന് ഉദ്ദേശിക്കുന്നു:

ഇത്തരമൊരു വീക്ഷണം ‘മേഘസന്ദേശ’ത്തിനു വിവർത്തനം രചിച്ചതിൽ വിസ്മയിക്കാനില്ല. തൊട്ടു പിറകെ (പുറം 219–223) ‘മേഘസന്ദേശം’ എന്ന ഇനംതന്നെ സ്ഥാനപ്പെടുത്തുന്നത്‌ സാകൂതമാവാം. ആ അനശ്വരകൃതിക്കുള്ള ഇതര  വാഴ്ത്തുകൾ ഇരിക്കട്ടെ. ഒടുക്കത്തെ ഈരടി മാത്രം ഓർക്കുന്നതാവും ഇവിടെ ഉപപന്നം എന്ന് ഉദ്ദേശിക്കുന്നു:

‘‘ഇന്ത്യതൻ കവളിത്തു വാർമിന്നൽത്തിളക്കമാ–
യിന്ദ്രകാർമുകമായും മിന്നുക സൗന്ദര്യമേ!’’(പുറം 223).

വെറുതെയല്ല ഈ കവി മേഘസന്ദേശ വിവർത്തനത്തിനു മുതിർന്നത് എന്ന് ആ അംശം സംഗ്രഹിക്കാനേ തൽക്കാലം  ആവതുള്ളു. അല്പംകൂടി ഈ സംവേദനത്തിനു സ്ഥാപകമാവും തൊട്ടുപുറകെ സ്ഥാനപ്പെടുന്ന ‘ഒരു മൂളിപ്പാട്ടെങ്കിലും’ (224)  ‘നവോഢയുടെ കത്ത്’ (225–227)  എന്നീ രചനകളും എന്നു നിരീക്ഷിക്കയും ചെയ്യട്ടെ. പോരാ,  തിരുനല്ലൂരിനെ ഉടനീളം സ്വാധീനിച്ചിരിക്കും ആ എതിരറ്റ കൃതി എന്നു സൂചിപ്പിക്കുന്ന ഉദാഹരണങ്ങൾ വേറെയും  ഇല്ലായ്കയില്ല. എല്ലാം  ഇവിടെ നിരത്തുക വയ്യല്ലോ.

എന്ന നിസ്സഹായത ഞാൻ ഏറ്റുപറയട്ടെ. ‘സ്ഥലംമാറ്റം’ എന്ന ഇനത്തിലേക്കു മാത്രം ഇപ്പോൾ ഒതുങ്ങുകയും ചെയ്യട്ടെ: ‘‘കാളമേഘമേ, നിന്നോടൊരു വാക്കുരിയാടാൻ കാളിദാസനേക്കാളുമുന്മത്തനാണിന്നു ഞാൻ’’ (പുറം 230). ‘അഭ്യർഥന’ എന്ന എളിയ ഒരിനം കൂടി ഓർക്കാം;

എന്റെ ഉത്‌കണ്ഠയുടെ ഉപശാന്തിയ്ക്ക്‌ എന്നു വെയ്ക്കയേ  വേണ്ടൂ:
‘‘ഓമൽക്കിനാവിൻ തൊടിയിലിരുന്നുകൊ–
ണ്ടീമലർമാലഞാൻ കോർത്തൂ;
നേരമധികമായ്, നീളവേ വാനിന്റെ
നീലിച്ച കാടുകൾ പൂത്തു.
എന്നിട്ടുമീവഴി വന്നില്ലിതേവരെ–
യെന്നാത്മനായകൻ–എന്തേ!
ഈ മലർച്ചാർത്തിന്റെ തൂമണമെങ്കിലും
കാമുകന്നേകുമോ കാറ്റേ?’’ (പുറം 237)
ഈ കവി ‘മേഘസന്ദേശം’ വിവർത്തനം ചെയ്തു എന്നതിൽ എന്തു വിസ്മയം ! തന്റെ നിയോഗമാണത് എന്നേ ആവൂ കവിയുടെ നിലപാട്!
തൃപ്തി തോന്നിയിട്ടില്ല; എന്നാലും ഈ പടുകുറിപ്പ് ഇവിടെ നിർത്തുന്നതാവുമല്ലോ പാകം...  .

* ഇതിലെ ഒരീരടി ഇങ്ങനെ: ‘‘നാലുപേർ നിനയ്ക്കുമ്പോൾ കെട്ടിയിട്ടീടാൻ  വെറും നായ്ക്കളോ നാടിന്നഭിമാനമാം ചെറുപ്പക്കാർ?’’ (പുറം 45)

(ദേശാഭിമാനി വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top