06 December Wednesday

കെട്ടകാലത്തെക്കുറിച്ചുള്ള കഥകൾ

അഭിലാഷ് മേലേതില്‍Updated: Thursday Nov 1, 2018

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

Mariana Enríquez എഴുതിയ "Things We Lost in the Fire", അർജന്റീനയുടെ പശ്ചാത്തലത്തിലുള്ള പന്ത്രണ്ടു ചെറുകഥകളുടെ സമാഹാരമാണ്. സ്ത്രീ പ്രാതിനിധ്യമുള്ള ഇതിലെ കഥകൾ പലതും അസുഖകരമായ അന്തരീക്ഷം കൊണ്ടും ശ്രദ്ധേയമാണ്. അർജന്റീനയുടെ ഫാസിസ്റ്റു ഭൂതകാലത്തിലേയ്ക്കുള്ള എത്തിനോട്ടമാണ് യാഥാർത്ഥത്തിൽ ഈ കഥകളിൽ അവതരിപ്പിയ്ക്കപ്പെടുന്നത്. ലോകമെങ്ങും മീറ്റൂ തരംഗമുണ്ടായിരിയ്ക്കുന്ന അവസരത്തിൽ സമാഹാരത്തിന്റെ തലക്കെട്ടായി വരുന്ന കഥ - Things We Lost in the Fire - സവിശേഷ വായന അർഹിയ്ക്കുന്നുമുണ്ട്. ഭീതി സാഹിത്യത്തിൽ അഗ്രഗണ്യയായ അമേരിക്കക്കാരി, ഷേർളി ജാക്സനുമായാണ് (“The Lottery”, “Haunting of Hill House”) മരിയാന താരതമ്യപ്പെടുത്തപ്പെട്ടുവരുന്നത്. ഷേർളിയുടെ എഴുത്തിലെ മിതത്വവും വ്യംഗ്യവും ഈ കഥകളിലും കാണാം.

സമാഹാരത്തിലെ ആദ്യകഥയായ "The Dirty Kid"-ൽ ഒരു നഗരപ്രാന്തത്തിൽ താമസിയ്ക്കുന്ന ഒരു യുവതി തെരുവിൽ ഒരു പൂർണ്ണഗർഭിണിയായ സ്ത്രീയേയും അവരുടെ മകനെന്നു തോന്നിയ്ക്കുന്ന ഒരാൺകുട്ടിയെയും കാണുകയാണ്. തെരുവുകൾ മുതിർന്നവർക്ക് തന്നെ സുരക്ഷിതമല്ല, അപ്പോഴാണ് കുട്ടികൾ. എന്നാൽ ഒരു പരിധിയ്ക്കപ്പുറം നായിക അതിനെപ്പറ്റിയൊന്നും വ്യാകുലപ്പെടുന്നുമില്ല(“I realized…how little I cared about people, how natural these desperate lives seemed to me.”). ആ കുട്ടിയ്ക്ക് അവൾ ഒരു ദിവസം ഭക്ഷണം വാങ്ങിക്കൊടുക്കുന്നു. അതിന്റെ പേരിൽ അവന്റെ അമ്മ യുവതിയുമായി വഴക്കിടുകയും ചെയ്യുന്നു. തൊട്ടടുത്ത ദിവസം അവിടെ ഒരു കൊലപാതകം നടക്കുന്നു. കുഞ്ഞിനേയും അമ്മയേയും കാണാതാകുന്നു. യുവതി അവരെ അന്വേഷിയ്ക്കുകയും അവരെ ഓർത്തു വിഷമിയ്ക്കുകയും ഒക്കെ ചെയ്യുന്നു. കഥയ്ക്ക് പശ്ചാത്തലമായി ചെകുത്താൻ സേവയും നരബലിയും മറ്റും വരുന്നുണ്ട്. അവിടന്നങ്ങോട്ടുള്ള കഥകളിലും അതീന്ദ്രീയ ശക്‌തികളും പ്രേതങ്ങളും മ്യൂട്ടേഷൻ സംഭവിച്ച മനുഷ്യരും ഒക്കെയുണ്ട്. Dirty Kid തന്നെ അസ്വസ്ഥജനകമാണ്. ആ അസ്വസ്ഥത ഒരോ കഥയിലും വളർന്ന് സമാഹാരത്തിനൊടുവിലെ Things We Lost in the Fire -ൽ എത്തുമ്പോൾ സ്ഫോടനതുല്യമാകുന്നു.

"The Inn", അച്ഛനെ പിരിച്ചുവിട്ട ഹോട്ടൽ ഉടമയുടെമേൽ ഒരു പ്രാങ്ക് കളിയ്ക്കാൻ പോകുന്ന രണ്ടു കൂട്ടുകാരികളെപ്പറ്റിയാണ്. ഹോട്ടൽ മുറികളിലെ കിടയ്ക്കകൾക്കുള്ളിൽ ഇറച്ചിക്കഷ്ണങ്ങൾ ഒളിപ്പിച്ചു വയ്ക്കാനാണ് അവരുടെ പദ്ധതി, അവ അഴുകിനാറിയാലും കണ്ടുപിടിയ്ക്കുക എളുപ്പമാവില്ല. അച്ഛനെ പിരിച്ചു വിടാനുള്ള കാരണം ഹോട്ടലിന്റെ ചരിത്രം അയാൾ കസ്റ്റമേഴ്സിനോട് പറഞ്ഞതാണ് - പഴയ പോലീസ് മർദ്ദനകേന്ദ്രമായിരുന്നു ആ കെട്ടിടം. ആ പഴയകാലം ഫാസിസ്റ്റു ഭരണകാലമാണ്. അതാണ് ഉടമയായ സ്ത്രീയെ ചൊടിപ്പിയ്ക്കുന്നത്. എന്നാൽ ഹോട്ടലിൽ വച്ച് പെൺകുട്ടികൾക്ക് വിചിത്രമായ ഒരനുഭവമുണ്ടാകുന്നു - ആളുകൾ ഓടിപ്പോകുന്നതും ബഹളം വയ്ക്കുന്നതും പിന്നെ വാതിലിൽ മുട്ടിവിളിയ്ക്കുന്നതും ഒക്കെ അവർ കേൾക്കുന്നു. അതവരുടെ തോന്നലായിരുന്നോ? ഭൂതകാലത്തെവിടെയോ നിന്നുള്ള കരച്ചിലുകളാണോ അവർ കേട്ടത്, ഇതാണ് കഥയിലെ ചോദ്യം.

"The Intoxicated Years" എന്ന കഥ 1989 മുതലുള്ള ആറു വർഷങ്ങളിൽ മൂന്നു പെൺകുട്ടികളെ പിന്തുടരുകയാണ്. അവർ കുടിയ്ക്കുന്നു, മയക്കുമരുന്നുപയോഗിയ്ക്കുന്നു, "ഹാപ്പനിംഗ് പ്ലെയ്സ്" ആയ ബ്യൂണസ് അയറിസിൽ പോകുന്നു. കാമുകന്മാരെ കണ്ടെത്തുന്നു, അവരുമായി പിരിയുന്നു. ഒരു യാത്രയിൽ ഒരു പെൺകുട്ടി ബസ് നിറുത്താൻ വാശിപിടിച്ച്, ഇറങ്ങി കാട്ടിലേയ്‌ക്കോടിമറയുന്നു - അതിലെ ദുരൂഹത അന്വേഷിച്ചു അവർ ഒരു വീട് കണ്ടെത്തുന്നു. അതിനുശേഷം അവർ അനുഭവിയ്ക്കുന്ന വിഭ്രാന്തികളും അതീന്ദ്രിയാനുഭവങ്ങളുമാണ് കഥയുടെ ബാക്കിഭാഗത്ത്. എന്നാൽ കഥയിൽ വന്നുപോകുന്ന നാട്ടിലെ മറ്റു കാര്യങ്ങളുണ്ട്. പവർക്കട്ടുകൾ, പ്രസിഡന്റിനെ മാറ്റുന്നത്, കടുത്ത നാണയപ്പെരുപ്പം - ഇതൊന്നും ശ്രദ്ധിയ്ക്കാതെ അലസമായി ജീവിയ്ക്കുകയാണ് ഇതിലെ കഥാപാത്രങ്ങൾ.

പൊതുവെ ഈ കഥകളിലെ ഭീകരത ഉപരിതലത്തിലാണെങ്കിൽ അതിനെ പ്രത്യക്ഷമായനുഭവിയ്ക്കാവുന്ന കഥകളിലൊന്നാണ് "Adela’s House". അയൽപക്കത്തെ ഒരു വീടിനെപ്പറ്റിയുള്ള ദുരൂഹത അന്വേഷിയ്ക്കാൻ പോകുന്ന മൂന്നു കൗമാരക്കാരാണ് ഈ കഥയിൽ, കഥ പറയുന്ന പെൺകുട്ടിയുടെയും സഹോദരന്റെയും കൂട്ടുകാരിയാണ് അദേല. മൂവർക്കും ഹൊറർ സിനിമകളാണ് പ്രിയം. ആൾത്താമസമില്ലാത്ത ആ വീട് അവർക്കൊരു ആവേശമായി മാറുന്നു - കാണുന്ന സിനിമകളിലെപ്പോലെ പോലെയുള്ള ഒരു ദുരൂഹത അതിനുണ്ട്. ഷേർളി ജാക്സന്റെ നോവൽ കൂടി ഇവിടെയോർക്കാം (Haunting of Hill House). ഒരു ദിവസം അവർ ആ വീടിനുള്ളിൽ പ്രവേശിയ്ക്കുകയാണ്, അതിനുമുൻപ്‌ തന്നെ ആ പരിസരത്തെ അസ്വാഭാവികതകൾ അവരുടെ കണ്ണിൽപ്പെടാതിരുന്നില്ല. എന്നിട്ടും അവർ മുന്നോട്ടു പോകുന്നു- ആ വീട്ടിൽ വച്ച് അന്ന് അദേലയെ കാണാതെയാകുന്നു - എന്ന് മാത്രമല്ല അവളെ കണ്ടുകിട്ടുന്നതേയില്ല. അതോടെ കുട്ടികളുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. "Under the Black Water"-ൽ പോലീസിന്റെ ക്രൂരതയാണ് വിഷയം. ഒരു കൗമാരക്കാരനെ ചോദ്യം ചെയ്യലിനിടെ അവർ വെള്ളത്തിലെറിയുകയാണ്, അതാകട്ടെ രാസവസ്തുക്കൾ വന്നടിഞ്ഞു മലീമസമായ ഒരു തടാകവും. അതിനെക്കുറിച്ചു അന്വേഷിയ്ക്കുന്ന ഉദ്യോഗസ്ഥയോട് മരിച്ചെന്നു പറയപ്പെടുന്ന പയ്യൻ തിരിച്ചു വന്നെന്ന് പറയുകയാണ് ഒരു ദൃക്‌സാക്ഷി. അവനു മ്യൂട്ടേഷനും സംഭവിച്ചിട്ടുണ്ട്. അതന്വേഷിയ്ക്കാൻ പോകുന്ന നായിക സമാനമായ മറ്റു കഥകൾ കേൾക്കുന്നു. തടാകത്തിനടിയിലെ വിചിത്ര ജീവിയെക്കുറിച്ചും ഈ കഥകളെ ചുറ്റിപ്പറ്റി രൂപംകൊണ്ടുവന്ന ഒരു കൾട്ടിനെപ്പറ്റിയും ഒക്കെ അറിയുന്നു. അത്യസാധാരണങ്ങളായ കാര്യങ്ങളാണ് പിന്നെ നടക്കുന്നത്. ഇവിടെയും സൂചനകൾ ഭൂതകാലത്തേയ്ക്കാണ്.

"An Invocation of the Big-Eared Runt"- ൽ ഒരു ടൂർ ബസ്സിലെ ഗൈഡായ പാബ്ലോ നഗരത്തിലെ പ്രധാന കുറ്റകൃത്യങ്ങൾ നടന്ന ഇടങ്ങളിൽ ആളുകളെ കൊണ്ടുപോയി ഓരോ കൃത്യങ്ങളെക്കുറിച്ചും വിവരിയ്ക്കുകയാണ്. അതിൽ കുട്ടികളെ കൊല്ലുന്ന ഒരാളുടെ കഥയാണ് അയാൾക്ക് ഏറ്റവും ഇഷ്ടമുള്ളത്. ഒരു ദിവസം കഥയിലെ കുറ്റവാളിയുടെ പ്രേതം ബസ്സിന്റെ ഏറ്റവും പിറകിലിരിയ്ക്കുന്നതായി അയാൾ കാണുന്നു. ഓരോ ദിവസവും അത് ഓരോ സീറ്റു മുന്നോട്ടു കയറിവരികയാണ്. പിന്നെയവർ തമ്മിൽ സംസാരിയ്ക്കാനും തുടങ്ങുന്നു. പാബ്ലോയുടെ അസ്വസ്ഥത ഒരു ഒബ്സെഷനായി മാറുകയാണ്. കഥയുടെ അവസാനത്തിൽ അതതിന്റെ മൂർദ്ധന്യത്തിലെത്തുന്നു.

കുട്ടികളുടെ ഒരു കെയർ സെന്ററിൽ വളന്റിയറായിരുന്ന ഒരു സ്ത്രീ പുതിയ താമസസ്ഥലത്തിന്റെ അയൽപ്പക്കത്തെ വീട്ടുമുറ്റത്ത്, സ്വന്തം ടെറസ്സിൽ നിന്ന് കാണാവുന്ന വിധത്തിൽ, ഒരു കൊച്ചുകുട്ടിയെ ചങ്ങലയ്ക്കിട്ടതായി കണ്ടെത്തുകയാണ് "The Neighbor’s Courtyard" -ൽ. തന്റെ വീട്ടിൽ അവർ പല വിചിത്രമായ കാര്യങ്ങളും നടക്കുന്നതായി അറിയുന്നുണ്ട്. അതും അയൽപ്പക്കത്തെ താമസക്കാരനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ - അതാണവരെ അലട്ടുന്ന പ്രശ്നം. "End of Term" -ൽ ഒരു സ്‌കൂൾ വിദ്യാർത്ഥിനി സ്വയം മുറിവേൽപ്പിക്കുകയും ഒപ്പം പഠിയ്ക്കുന്ന മറ്റു കുട്ടികളെ ഭയവിഹ്വലരാക്കുകയും ചെയ്യുന്നു. ഈ രണ്ടു കഥകളിലും അവസാനത്തെ ട്വിസ്റ്റുകളാണ് ഭീതിയുളവാക്കുന്നത്. "No Flesh over Our Bones" - ലെ നായിക ഒരു തലയോട് വീട്ടിൽ കൊണ്ടുവന്ന് അതിനെ അലങ്കരിയ്ക്കുകയും അതിനോടൊപ്പം സമയം ചിലവഴിയ്ക്കുകയുമൊക്കെ ചെയ്യുന്നത് കണ്ട് അവരുടെ ഭർത്താവ് ഭയചകിതനാക്കുന്നു. എന്നാൽ അയാളെ ഗൗനിക്കാതെ അയാളുടെ അമ്മ നായികയെ തനിയ്ക്ക് മനസ്സിലാകുന്നുണ്ട് എന്നാണ് പറയുന്നത്. "Spiderweb" -ലെ നായിക ഭർത്താവിന്റെ പുച്ഛവും പരിഹാസവും ഏറ്റുവാങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. അവരുടെ, ഒരു പക്ഷെ തന്ത്രവിദ്യയൊക്കെ അറിയാവുന്ന, കൂട്ടുകാരിയുടെ അടുത്തെത്തുകയാണ് അവർ. അതിനെത്തുടർന്ന് ദമ്പതികളെ കൂടുതൽ അകറ്റുന്ന ചില സംഭവങ്ങൾ കൂടി നടക്കുന്നു. കൂട്ടുകാരിയുടെ അമാനുഷ കഴിവുകളായിരിയ്ക്കുമോ ഇതിനു പിന്നിൽ? നായികയ്ക്കു ഏതായാലും ആദ്യമായി കുറച്ച് സന്തോഷമൊക്കെ തോന്നുകയാണ്. “Green Red Orange" -ൽ ഒരു പയ്യൻ ഒരു മുറിയിൽക്കയറി വാതിലടച്ച് പുറത്തിറങ്ങാതെ അവിടെത്തന്നെ കഴിയുവാൻ പോകുകയാണ് താൻ എന്നു പ്രഖ്യാപിയ്ക്കുന്നു. അവന്റെ അമ്മ കഥ പറയുന്ന പെൺകുട്ടിയോട് അവനെ അനുനയിപ്പിയ്ക്കാൻ പറയുകയാണ് - ചാറ്റ് സ്റ്റാറ്റസ് കാണിയ്ക്കുന്ന നിറങ്ങളാണ് കഥയുടെ പേരിലേത്. പോണും ആർട്ടിഫിഷ്യൽ ഇന്റലിജെൻസും ഒക്കെയാണ് ചെറുക്കന്റെ താൽപ്പര്യങ്ങൾ, ഡീപ് ഡാർക്ക് വെബ്ബും. അതിനെക്കുറിച്ചൊക്കെ അവൻ നായികയുമായി ചാറ്റ് ചെയ്യുന്നു. കൗതുകമായി തുടങ്ങിയ കാര്യങ്ങൾ പതുക്കെ പിടിവിട്ടു പോവുകയാണ്. ഈ കഥയും നല്ല രീതിയിൽ അവസാനിയ്ക്കുകയില്ലെന്ന് നമുക്ക് തുടക്കത്തിലേ മനസ്സിലാകും.

പുസ്തകത്തിന്റെ അവസാനത്തിൽ നമ്മൾ അതിന്റെ പേരിന് കാരണമായ "Things We Lost in the Fire" എന്ന കഥയിലേയ്ക്ക് എത്തുകയാണ്‌ - ഒരുപക്ഷെ അടുത്ത കാലത്തു ഞാൻ വായിച്ചതിൽ ഏറ്റവും "ഹാർഡ് ഹിറ്റിങ്" ആയുള്ള ഫെമിനിസ്റ്റ് കഥയാണിത്. മീറ്റൂ ആണിവിടുത്തെ കേന്ദ്ര ആശയം. എന്നാൽ ഒരു പടികൂടെക്കടന്നു ഇതിലെ സ്ത്രീകൾ സ്വയം തീകൊളുത്തുന്ന ഒരു മൂവ്മെന്റ് ആരംഭിയ്ക്കുകയാണ്. അതിൽ കഥാനായികയുടെ അമ്മയുമുണ്ട്. തന്നെ വഞ്ചിയ്ക്കുന്നെന്ന സംശയത്തിൽ ഭർത്താവു തീ കൊളുത്തിയ ഒരു പെൺകുട്ടിയാണ് എല്ലാം തുടങ്ങി വയ്ക്കുന്നത്. പിന്നെ നാടൊട്ടുക്കും തീക്കുണ്ഡങ്ങളൊരുക്കി സ്ത്രീകളൊത്തുകൂടുന്നു. അവയിൽ നിന്ന് തീകൊളുത്തി അൽപ്പം കഴിഞ്ഞാൽ അത് കെടുത്തി അവരെ രക്ഷിയ്ക്കാൻ വളണ്ടിയേഴ്‌സുമുണ്ട്. അങ്ങനെ ജ്വരം പോലെ ഈ ആശയം നാടുമുഴുവൻ പടരുന്നു. “Burnings are the work of men. They have always burned us. Now we are burning ourselves. But we’re not going to die; we’re going to flaunt our scars.” - ഒരിടത്ത് കഥയിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. തീയിലെന്താണ് നമുക്ക് നഷ്ടപ്പെടുന്നത്? കഥാകാരി ചോദിയ്ക്കുകയാണ്. മനുഷ്യത്വം എന്നാണുത്തരം.

കെട്ട കാലത്തെക്കുറിച്ച് കെട്ട കഥകൾ ഉണ്ടാകുമെന്നു പറയുന്നതുപോലെയാണ് Things We Lost in the Fire -ലെ കഥകൾ. അർജന്റീനയിൽ 1976-ൽ തുടങ്ങി 1983 വരെ നീണ്ട "Dirty war" എന്ന മിലിറ്ററി ഓപ്പറേഷൻ പ്രധാനമായും ഇടതു രാഷ്ട്രീയപ്രവർത്തകരെ ലക്ഷ്യം വച്ചായിരുന്നു - ഭീകരപ്രവർത്തകരെ നേരിടുന്നു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യമെങ്കിലും. മുന്നൂറിലധികം ഡിറ്റെൻഷൻ സെന്ററുകളാണ് ഫാസിസ്റ്റു ഭരണം ഇതിനായി നിർമ്മിച്ചത് . പതിനായിരക്കണക്കിലാണ് ആളുകൾ അപ്രത്യക്ഷരായത് - ഇക്കാര്യം മൂടിവയ്ക്കാൻ മിലിട്ടറിയും മീഡിയയും എല്ലാം ഉത്സാഹിച്ചെന്നാണ് പറയപ്പെടുന്നത്. പോരാത്തതിന് ജനാധിപത്യം പുനഃസ്ഥാപിയ്ക്കപ്പെടുന്നതിനുമുന്നെ തിരക്കിട്ട് ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാവർക്കും പൊതുമാപ്പ് നൽകുകയും ചെയ്തു. 2005-ലാണ് ആദ്യമായൊരാളെ ഈ കേസിൽ ശിക്ഷിയ്ക്കുന്നത്. അതിനുതന്നെ നിയമഭേദഗതി വേണ്ടിവന്നു. ഈയൊരു ഭൂതകാലത്തേയ്ക്കാണ് Mariana-യുടെ വിരൽ ചൂണ്ടുന്നത്. പ്രേതരൂപത്തിലും, നിലവിളികളായും, തടാകത്തിനടിയിലെ ഭീകരജീവിയായും എല്ലാം ഈ ഭൂതകാലം ഓരോ കഥയിലും പ്രത്യക്ഷമാകുന്നു. "The city didn’t have any great murderers if you didn’t count the dictators—not included in the tour for reasons of political correctness" എന്ന് "An Invocation of the Big-Eared Runt" എന്ന കഥയിലെ ടൂർ ഗൈഡ് പറയുന്നുമുണ്ട്. അതാണ് ഒരു നാടിന്റെ ഭൂതകാലം. നമ്മുടെ നാട്ടിലാണെങ്കിൽ ഡിക്‌റ്റേറ്റർമാരെ ആളുകൾക്ക് പരിചയമായിവരുന്നതേയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top