26 April Friday

ആഗോള മാധ്യമ പുസ്‌തക പുരസ്‌‌കാരം ജോസി ജോസഫിന്

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023

കൊച്ചി> കേരളീയരായ മാധ്യമ പ്രവർത്തകരുടെ ഏറ്റവും മികച്ച കൃതിക്കുള്ള കേരള മീഡിയ അക്കാദമി യുടെ ആഗോള പുരസ്‌കാരത്തിന് അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ജോസി ജോസഫിന്റെ 'നിശബ്ദ അട്ടിമറി' (ദി സൈലന്റ് കൂ) എന്ന പുസ്തകം അർഹമായി. 50,000/- രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം മാർച്ച് 25 ന് എറണാകുളത്ത് അന്തർദേശീയ മാധ്യമോത്സവ വേദിയിൽ സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അറിയിച്ചു.

നിശ്ശബ്ദ അട്ടിമറി:  ഇന്ത്യയിൽ പ്രവർത്തിക്കുന്ന നിഗൂഢ സ്റ്റേറ്റിൻ്റെ ചരിത്രം എന്ന ജോസി ജോസഫിന്റെ കൃതി നീതി വ്യവസ്ഥയ്ക്ക് വേണ്ടിയുള്ള ശബ്ദമാണെന്ന് ജൂറി വിലയിരുത്തി. ഭരണകൂടരാഷ്ടീയത്തിൻ്റെ  നിഗൂഢ ലക്ഷ്യങ്ങൾക്കായി സർക്കാരിൻ്റെ കീഴിലുള്ള വിവിധ ഏജൻസികൾ നമ്മുടെ രാജ്യത്ത് നടത്തിവരുന്ന രഹസ്യപ്രവർത്തനങ്ങളപ്പറ്റി വിശദീകരിക്കുന്ന ഞെട്ടിക്കുന്ന ഒരു പുസ്തകമാണ്  The Silent Coup - A History of Deep State in India.  പോലിസ് , ഇൻറലിജൻസ് . സിബിഐ, ദേശീയ സുരക്ഷാ ഏജൻസി , ദീകരവിരുദ്ധ സ്ക്വാഡ് തുടങ്ങിയ കുറ്റാന്വേഷണ ഏജൻസികളും ഇൻകം ടാക്സ്, എൻഫോർസ്മെൻ്റ് ഡയറക്ടറേറ്റ് തുടങ്ങിയ ആന്വഷണ ഏജൻസികളും ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന നിഗൂഢ പ്രവർത്തനങ്ങളാണ് ജോസിയുടെ പുസ്തകത്തിൻ്റെ വിഷയം.

ജനാധിപത്യത്തെ സംരക്ഷിക്കുവാനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇത്തരം സംവിധാനങ്ങൾ എങ്ങനെയാണ് ജനാധിപത്യത്തിൻ്റെ കടയ്ക്കൽ കത്തി വെക്കുന്നത് എന്ന് പുസ്തകം കണ്ടെത്തുന്നു. ഇവയെല്ലാം ഇപ്പോൾ പ്രവർത്തിക്കുന്നത് ഇന്ത്യയിലെ ഭരണകൂട താല്പര്യങ്ങളെ സംരക്ഷിക്കുവാനാണ്. കഴിഞ്ഞ കുറേക്കാലമായി ഇന്ത്യയിൽ നടന്നിട്ടുള്ള ഒട്ടുമിക്കവാറും  ഭീകരപ്രവർത്തനങ്ങൾക്കും, വർഗീയ സംഘർഷങ്ങൾക്കും, സാമ്പത്തിക കുംഭകോണങ്ങൾക്കും ഒക്കെ പുറകിൽ ഇത്തരം ഏജൻസികളുടെ നിശ്ശബ്ദ പ്രഹരങ്ങൾ അടിസ്ഥാനമായി പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് ജോസി ഈ അന്വേഷണത്തിലൂടെ കണ്ടെത്തുന്നത്.

സംസ്ഥാന തലത്തിലുള്ള ജനാധിപത്യ സർക്കാരുകൾ അട്ടിമറിക്കുന്നതിലും വിമർശകരെയും പ്രതിപക്ഷ നേതാക്കളെയും നിശ്ശബ്ദമാക്കുന്നതിലും ഇവരുടെ നീക്കങ്ങളുണ്ട്. ഇതിൻ്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന ഗ്രന്ഥകാരൻ വായനക്കാരുടെ മുന്നിലെത്തിക്കുന്ന
ചിത്രം ഭയപ്പെടുത്തുന്ന ഒന്നാണ്. അന്വേഷണാത്മകമായ മാധ്യമ പ്രവർത്തനത്തിൻ്റെ മികച്ച ഉദാഹരണമാണ് ഈ രചന. ഇംഗ്ലിഷിൽ മാധ്യമ പ്രവർത്തനം നടത്തുന്ന മലയാളിയായ ജോസി ജോസഫിൻ്റെ രണ്ടാമത്തെ പുസ്തമാണ് ഇത്. A Feast of Vultures ആണ് ആദ്യ പുസ്തകം. മീഡിയ അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ് പത്രസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top