19 April Friday

മെരുങ്ങാത്ത ആഫ്രിക്കൻ തനിമ

അഭിലാഷ് മേലേതില്‍Updated: Saturday Sep 1, 2018

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

അമോസ് ടുട്ടുവോളയുടെ(Amos Tutuola) "പാം വൈൻ ഡ്രിങ്കാർഡ്" (The Palm-wine Drinkard) ഒറ്റവാക്കിൽ ഒരു മാസ്റ്റർപീസാണ്. നൈജീരിയയിലെ യോരുബ ഗോത്രക്കാരനായ അമോസ് അവിടത്തെ നാടോടിക്കഥകളും ഗോത്ര ഐതിഹ്യങ്ങളും എല്ലാം കൂട്ടിച്ചേർത്ത് എഴുതിയിരിയ്ക്കുന്ന അത്യസാധാരണമായ കഥയാണ് ഈ നോവലിന്റെ ഉള്ളടക്കം. ആഫ്രിക്കയിൽ നിന്ന് വന്ന ആദ്യ ഇംഗ്ലീഷ് നോവൽ കൂടിയാണിത് (1952 ലാണ് നോവൽ ഇറങ്ങിയത്, നൈജീരിയയിലെ ഭാഷകളിലൊന്നു ഇംഗ്ലീഷാണ്, ആ സത്യം ആളുകൾക്ക് അത്ര ദഹിയ്ക്കാറില്ല എന്ന് ഒരു പ്രഭാഷണത്തിൽ Chimamanda Adichie പറയുന്നുണ്ട്). ഡിലൻ തോമസാണ് ആദ്യം നോവലിനെക്കുറിച്ച് എഴുതിയത് - ലേഖനത്തിൽ പ്രശംസയ്ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. എന്നാൽ അതിനുശേഷം ഈ നോവലിനു നേരിടേണ്ടിവന്ന വിമർശനവും എതിർപ്പും അനന്യമാണ്‌. ന്യൂയോർക്കറും, ന്യൂയോർക്ക് ടൈംസും നോവലിലെ ഇംഗ്ലീഷ് ഭാഷയെയും ചിത്രീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന പ്രാദേശികതയെയും അപരിചിത സംസ്കാരത്തെയുമെല്ലാം കടന്നാക്രമിച്ചു ("primitive", "no connection at all with the European rational and Christian traditions" - വിക്കി). ഡിലൻ തോമസ് തന്നെ എഴുതിയിരുന്നത് simply and carefully described in "young English" എന്നാണ്. നോവലിന്റെ പ്രത്യേകതകളിലൊന്ന് വ്യാകരണവും, ഭാഷാനിയമങ്ങളുമൊന്നും പാലിയ്ക്കാത്ത ഇംഗ്ലീഷ് ഭാഷയാണ്. എന്നാൽ ഉടനീളമുള്ള കൗതുകരമായ ഇത്തരം ഭാഷാപ്രയോഗങ്ങൾ നോവലിലെ വിചിത്ര കഥയെ വേറൊരു തലത്തിലേയ്ക്ക് ഉയർത്തുന്നതായി നമുക്കനുഭവപ്പെടും. പിൽക്കാലത്ത് വിമർശനങ്ങളെ പുതുതലമുറ നിരൂപകർ തള്ളിക്കളഞ്ഞുവെന്നതാണ് സത്യം.

മാർക്ക് ട്വയിൻ ഏഴോളം പ്രാദേശിക ഭാഷാഭേദങ്ങൾ ഉപയോഗിച്ചിട്ടുണ്ട് "ഹക്കിൾ ബെറി ഫിന്നി"ൽ. അതുപോലെ "യൂലിസ്സ"സിലെ ഭാഷാപരമായ ന്യൂനതകളും തെറ്റുകളും വരെ ചൂണ്ടിക്കാട്ടുന്ന പഠനങ്ങൾ തന്നെയുണ്ടായിട്ടുണ്ട്. ഇതൊക്കെ വച്ചായിരുന്നു പുതുനിരൂപകരുടെ പ്രതിരോധം. "അപരിഷ്കൃതർ" എന്ന് കരുതപ്പെടുന്ന ഒരു ജനത അധീശവർഗ്ഗത്തിന്റെ ശ്രേഷ്ഠഭാഷ ഉപയോഗിയ്ക്കുന്നതിലെ വിരോധം, സാംസ്കാരികമായ ഷോക്ക് ഇതൊക്കെയായിരുന്നു ഈ ജൽപ്പനങ്ങൾക്കു പിന്നിൽ എന്ന് ഇപ്പോഴുള്ള വായനക്കാർക്ക് മനസ്സിലാകും. മലയാളത്തിലും സംസ്‌കൃതം കലർത്തിപ്പറയുന്നതും എഴുതുന്നതും ശ്രേഷ്ഠവും സാധാരണക്കാരന്റെ ഭാഷ നികൃഷ്ടവും ആകുന്ന സ്ഥിതിവിശേഷം ഇപ്പോഴുമുണ്ടല്ലോ. ഏതായാലും ഈ നോവൽ സാഹിത്യചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് ഇപ്പോൾ കണക്കാക്കിപ്പോരുന്നത്.

തന്റെ തോട്ടത്തിലെ പനകളിൽ കള്ളുചെത്താൻ വരുന്ന ആൾ താഴെ വീണു മരിയ്ക്കുന്നതോടെ തന്റെ സദായുള്ള മദ്യപാനം നിന്നുപോകുമല്ലോ എന്ന് വിഷമിയ്ക്കുന്ന പേരില്ലാത്ത നായകൻ ചെത്തുകാരനെ തിരഞ്ഞു "മരിച്ചവരുടെ പട്ടണ"ത്തിലേയ്ക്ക് പോകുന്നതാണ് നോവലിന്റെ ആരംഭം. യാത്രയിൽ അയാൾ ശരീരമില്ലാത്ത, തലയോട് മാത്രമായ ഒരാൾ തട്ടിക്കൊണ്ടുപോയ ഒരു പെൺകുട്ടിയെ തന്റെ മന്ത്രവിദ്യകൾ കൊണ്ട് മോചിപ്പിച്ച് അവളെ വിവാഹം കഴിയ്ക്കുന്നു. അവളുടെ വിരലിൽ നിന്നും അവർക്കൊരു മകൻ ജനിയ്ക്കുന്നു. അക്രമിയായ മകനെ ഉപേക്ഷിച്ചു യാത്ര തുടരുന്ന അവർ പല സംഘർഷങ്ങൾ നേരിടേണ്ടിവരുന്നു. തുടർന്ന് എല്ലാം ചുവപ്പായ ഒരു നഗരത്തിൽ, ഒരു വെളുത്ത മരത്തിനുള്ളിലെ വീട്ടിൽ, വിചിത്ര ജീവികളും മറ്റും താമസിയ്ക്കുന്ന വനപ്രദേശങ്ങളിൽ, എല്ലാം കഴിയുന്നു. മരിച്ചവരുടെ പട്ടണത്തിലും അവർ പല പരീക്ഷണങ്ങൾ നേരിടുന്നു. അവസാനം ചെത്തുകാരനെ കണ്ടുകിട്ടുമ്പോൾ അയാൾ പറയുന്നത് തന്റെ ജീവിത രീതി, എന്തിന് നടത്തംപോലും മാറിപ്പോയി എന്നാണ് (മരിച്ചവരുടെ നഗരത്തിൽ എല്ലാവരും പിന്നോട്ടാണ് നടക്കുക, തിരികെ വന്നാൽ താനൊരു അധികപ്പറ്റായി ആയിപ്പോകുമെന്നാണ് അയാളുടെ വാദം). ഇത്തരത്തിലുള്ള പതിഞ്ഞ ഹാസ്യവും കഥയിൽ പ്രതിഫലിയ്ക്കുന്ന പ്രാചീന കാർഷിക-ഗോത്രസംസ്‌കൃതികളുടെ വ്യത്യസ്‍തമായ മൂല്യ വ്യവസ്ഥയുമെല്ലാം പടിഞ്ഞാറുകാരെ അമ്പരപ്പിച്ചതിൽ അത്ഭുതമില്ല.

ഭക്ഷണം കഴിയ്ക്കുന്നതിന്റെയും മദ്യപാനത്തിന്റെയും ഒരുമിച്ചുള്ള ആഘോഷങ്ങളുടെയും ആവർത്തിയ്ക്കുന്ന വിവരണങ്ങൾ കഥയിലുണ്ട്. ഇതും നാടോടിജീവിതത്തിന്റെ ഒരു പ്രത്യേകതയായി കാണാം. വിഷ്ഫുൾ തിങ്കിങ് ഇത്തരം കഥകളുടെ സ്വഭാവങ്ങളിൽ പെടുമല്ലോ. പിൽക്കാലത്ത് Chinua Achebe നോവലിനെക്കുറിച്ച് "it could be read as a moral commentary on Western consumerism" എന്ന് പറഞ്ഞിട്ടുണ്ട്. Tutuola തന്നെ പറഞ്ഞത് തനിയ്ക്ക് കൂടുതൽ വിദ്യാഭ്യാസമുണ്ടായിരുന്നെകിൽ താനിത് വേറെ രീതിയിൽ എഴുതിയേനെ എന്നാണ്. അപ്പോൾ ചിലപ്പോൾ താനീ കഥകൾ അന്ധവിശ്വാസമായി കണ്ട് അവ എഴുതാതെയുമിരുന്നേനെ എന്നും അയാൾ കൂട്ടിച്ചേർക്കുന്നുണ്ട്(വിക്കി).

Tutuola പിൽക്കാല എഴുത്തുകളെപ്പറ്റി ഈ പുസ്തകത്തിൽ പറഞ്ഞുപോകുന്നുണ്ട്. അവയിലൊന്നാണ് "My Life in the Bush of Ghosts". "Drinkard" കഴിഞ്ഞാൽ ഒരു പക്ഷെ Tutuola-യുടെ ഏറ്റവും പ്രശസ്തമായ പുസ്തകം ഇതാണ്. ഈ നോവൽ ഏകദേശം Drinkard-ന്റെ തന്നെ ഘടനയാണ് പിന്തുടരുന്നത്. ആഫ്രിക്കയിൽ പല തരം യുദ്ധങ്ങൾ പതിവാണല്ലോ - ഗോത്രങ്ങൾ തമ്മിൽ, അടിമകളായി പിടിയ്ക്കാൻ, കൊള്ളമുതലിന് അങ്ങനെയങ്ങനെ. അത്തരത്തിലൊരു ആക്രമണത്തിൽ നിന്ന് അമ്മയിൽ നിന്ന് വേർപിരിഞ്ഞു സഹോദരനോടൊപ്പം വനപ്രദേശങ്ങളിലേയ്ക്ക് ഓടി രക്ഷപ്പെടുന്ന ഒരു കുട്ടിയുടെ കഥയാണിത്. സഹോദരനെ അടിമക്കച്ചവടക്കാർ പിടിയ്ക്കുന്നു. കഥാനായകനെത്തിച്ചേരുന്നത് ആത്മാവുകളും ഭൂതങ്ങളും ഒക്കെ താമസിയ്ക്കുന്നിടത്താണ് (അന്തിമവിധിദിനം വരെ അവർ കഴിയുന്നയിടം, ഇത് ക്രിസ്ത്യൻ വിശ്വാസമാണ്, അതെങ്ങനെയോ തദ്ദേശീയ കഥകളുമായി ഇടകലർന്നിരിയ്ക്കുന്നു). അവന്റെ ജീവിതത്തിൽ അവൻ നേരിടേണ്ടി വരുന്ന വിചിത്രജീവികളും, സ്ഥലങ്ങളും, അവന്റെ തന്നെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. Drinkard-ലെപ്പോലെ തുടർച്ചകളുള്ള, എന്നാൽ എപ്പിസോഡ് സ്വഭാവമുള്ള കഥകളായാണ് ഇവ വന്നു പോകുന്നത്. Drinkard-ലെ തലയോട്ടിയും, പാം വൈൻ കുടിയ്ക്കുന്നയാളും എല്ലാം ഇതിലുമുണ്ട്. ഈ കുട്ടി തന്നെ ഒരു ഭൂതമായി ആയി മാറുന്നു. അവനെ ചില ദേവതകൾ ജീവനോടെ കുഴിച്ചിടുന്നു. വേറൊരിടത്ത് പണ്ട് മാനായിരുന്ന ഒരു സ്ത്രീയെ അവൻ വിവാഹം കഴിയ്ക്കുന്നു. കൈപ്പത്തിയിൽ റ്റെലിവിഷനുള്ള ഒരു സ്ത്രീയെ കണ്ടുമുട്ടുന്നു - ടീവിയിൽ അവന്റെ ഗ്രാമവും, അമ്മയും കളിക്കൂട്ടുകാരും ഒക്കെ കാണപ്പെടുന്നു. മാജിക്കൽ റിയലിസം എന്ന വാക്കുകൊണ്ട് വിശദീകരിയ്ക്കാൻ കഴിയാത്ത ഒരു ജോൺറെയാണ് ടുട്ടുവോളയുടേത് എന്ന് നമുക്ക് കാണാം. അതീവ വിചിത്രമാണ് ഇതിലെ കഥകൾ. Drinkard-ലെ പോലെ മുറി ഇംഗ്ലീഷ് തന്നെയാണ് ഈ പുസ്തകത്തിലും ഉപയോഗിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. വാമൊഴിയുടെ പാരമ്പര്യമാണ് അത് തുടരുന്നത്, അതാണ് ഭാഷയുടെ ഈ ശൈഥില്യത്തിന് കാരണം എന്നും ചില നിരൂപകർ പറയുന്നുണ്ട്. Drinkard-ലെപ്പോലെ രൂപകങ്ങളും, ഹാസ്യവും, വ്യംഗ്യവും,ആത്മകഥാംശവുമെല്ലാം ഇതിലുമുണ്ട്. എന്നാൽ Drinkard ഒഴികെ മിക്ക പുസ്തകങ്ങളും വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയെടുത്തില്ല എന്നതൊരു സത്യമാണ്. കഥകളുടെ ഘടനയിലും രചനാരീതിയിലുമൊക്കെയുള്ള ആവർത്തന വിരസത അതിലൊരു വലിയ ഘടകമാണ് - ആദ്യപുസ്തകത്തോടെ ഈ സങ്കേതത്തിന്റെ കൗതുകം അവസാനിയ്ക്കും. എന്നിരുന്നാലും ഈ പുസ്തകങ്ങൾക്ക് ചരിത്രപരമായ ഒരു മൂല്യമുണ്ട്. ആഫ്രിക്കൻ സംസ്കാരത്തെക്കുറിച്ചു കൃത്യമായ അറിവില്ലാതെ ഈ പുസ്തകങ്ങളെ പൂർണ്ണമായും വിലയിരുത്തുക അസാധ്യമാണെന്നാണ് ഞാൻ കരുതുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top