22 January Saturday

വേദനയുടെ ലാൻഡ്‌സ്‌കേപ്പ്

അഭിലാഷ് മേലേതില്‍Updated: Tuesday Jun 5, 2018

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

പണ്ഡിതനും കവിയുമായ Lars Gustafsson -ന്റെ പ്രശസ്ത നോവലാണ് "The Death of a Beekeeper". അദ്ധ്യാപനവൃത്തിയിൽ നിന്ന് വിരമിച്ചു ലാർസ് എന്ന മധ്യവയസ്‌കൻ തേനീച്ച വളർത്തൽ ജീവനോപാധിയായി സ്വീകരിയ്ക്കുന്നു. ഭാര്യയുമായി പിരിഞ്ഞു ഒറ്റയ്ക്ക്, ഒരു ഗ്രാമത്തിൽ താമസിയ്ക്കുകയാണ് അയാൾ. ഒരു ദിവസം സായാഹ്ന നടത്തത്തിനിടയ്ക്ക് വളർത്തുനായ അയാളുടെ പിടിവിട്ടോടുന്നു - അത് പറഞ്ഞതനുസരിയ്ക്കുന്നില്ല. അതിനു വയസ്സായി എന്ന് ലാർസ് ചിന്തിയ്ക്കുന്നു. എന്നാൽ നായ തന്നെ തിരിച്ചറിയാതെയായോ എന്നും അയാൾക്ക്‌ സംശയമുണ്ട് (“That all of a sudden I have taken on a different smell in some damnably subtle fashion which only the dog can perceive”). മക്കൾ രണ്ടുപേരും അയാൾക്കൊപ്പം കുറച്ചു ദിവസങ്ങൾ ചിലവഴിയ്ക്കാനെത്തുമ്പോൾ അയാൾക്ക്‌ ആദ്യമായി വേദന അനുഭവപ്പെടുന്നു - ആദ്യം അത് പേശീവദനയാണെന്നു തോന്നുന്നുവെങ്കിലും എന്തോ കാര്യമായ പ്രശ്നമുണ്ടെന്നു ലാർസിന് മനസ്സിലായി. അയാൾ ടെസ്റ്റുകൾക്കു വിധേയനാകുന്നു. ആശുപത്രിയിൽ അയാൾ ചിന്തിയ്ക്കുകയാണ്. രോഗമുള്ളവർ ആശുപത്രിവരാന്തയിലും ലോബിയിലും ക്ഷമയോടെ കാത്തിരിയ്ക്കുന്നു. അവർക്കിടയിൽ ഒരു ഐക്യബോധമുണ്ട് - കാരണം, “Their sickness gives them an identity.” അത് മാത്രമല്ല - “Because of their sickness they arouse an interest which no one had in them when they were healthy”. പല പ്രാവശ്യം ആശുപത്രിയിൽ അയാൾക്ക്‌ പോകേണ്ടിവന്നു, പിന്നെ കാൻസർ ആണോ എന്നറിയാൻ വീണ്ടും ടെസ്റ്റുകൾ. ഈ കാലത്തും അയാൾ തന്റെ നടത്തങ്ങൾ മുടക്കുന്നില്ല. പക്ഷെ വേദന ഏറിവരികയാണ്. വേദന ചുറ്റിലും പ്രകൃതിയെത്തന്നെ നിറം മാറ്റിയപോലെ.

“Here and there is a tree where it really hurt, here and there is a fence against whose post I struck my hand in passing. When I returned home during these pain-free days, the pain was, so to speak, caught hanging on the fence.

Pain is a landscape.”

ആശുപത്രിയിൽ നിന്ന് വന്ന ടെസ്റ്റ് റിസൾട്ടുകളുടെ കവർ അയാൾ തുറക്കുന്നേയില്ല. അയാൾ അന്നും നടക്കാൻ പോയി, മരങ്ങളെ, മഞ്ഞിന്റെ അടിയിൽ ഉറഞ്ഞു കിടക്കുന്ന പുഴയെ നോക്കി നിന്നു. പിന്നെ തിരികെ വന്ന് ആ റിപ്പോർട്ട് കൊണ്ട് നെരിപ്പോട് കത്തിച്ചു തീ കാഞ്ഞു. ആത്മകഥാംശമുള്ള(നായകകഥാപാത്രത്തിന്റെയും എഴുത്തുകാരന്റെയും പേര് ഒന്നാണ്, എന്നാൽ ഇത് ഓട്ടോ ഫിക്ഷനല്ല) ഈ പുസ്തകം മൂന്ന് ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട് - മൂന്നു നിറങ്ങളിലുള്ള പുസ്തകങ്ങളിൽ നിന്നെടുത്ത, പ്രത്യേകിച്ച് ക്രമമൊന്നുമില്ലാത്ത കുറിപ്പുകളാണ് നോവലിൽ. മഞ്ഞ പുസ്തകത്തിൽ തേനീച്ചകളെക്കുറിച്ചും രോഗത്തെക്കുറിച്ചുമൊക്കെയുള്ള കുറിപ്പുകളാണ്. നീല നിറത്തിലുള്ളതിൽ അയാളുടെ വിവാഹത്തെക്കുറിച്ചും, കുട്ടിക്കാലത്തെക്കുറിച്ചും, മൂന്നാമത്തേതിൽ (damaged notebook) അസുഖത്തിന്റെ പുരോഗതിയെക്കുറിച്ചും.

വിവാഹത്തെക്കുറിച്ചുള്ള കുറിപ്പിൽ വിവാഹമോചനത്തെക്കുറിച്ചാണ് ആദ്യം തന്നെ പറയുന്നത്. പിരിഞ്ഞതിനുശേഷം തന്റെ സാധനങ്ങൾ എടുക്കാൻ ഭാര്യ വന്നപ്പോൾ വിവാഹകാലത്തുപോലും ഇല്ലാത്തത്ര സുഹൃത്തുക്കളെപ്പോലെ തങ്ങൾ പെരുമാറി എന്നാണ് ലാർസ് പറയുന്നത് - “somehow we were both relieved and astonished how real each of us appeared to the other. We didn’t have to live with images anymore.”. വിവാഹത്തിന് മുന്നേയുള്ള ബന്ധങ്ങളിലും അത്ര വിജയമായിരുന്നില്ല താനെന്ന് അയാൾ സമ്മതിയ്ക്കുന്നുണ്ട്. ഈ വിവാഹത്തിൽ തന്നെ ഭാര്യയുമായി പലപ്പോഴും പൊരുത്തപ്പെടാവുന്ന മനസികാവസ്ഥയിലായിരുന്നില്ല അയാൾ - ശീലങ്ങളിലെ വ്യത്യാസം, അങ്ങനെ പലതും. എന്നാലും ഒരേ സ്കൂളിൽ അധ്യാപകരായി ജോലിചെയ്തപ്പോഴും പ്രത്യക്ഷമായ വിരോധം അവർ തമ്മിലുണ്ടായിരുന്നില്ല - “This always happened some time after dinner, when the first report of the day’s events was concluded, shortly after coffee, right before the television newscast, there was a kind of ebb tide, the water withdrew, the rocks became visible”. അവർ അധികം വൈകാതെ പിരിഞ്ഞു. അയാൾ അത്ഭുതപ്പെടുകയാണ് - “Was it simply the fact that we revealed our relationship[പൊതുസ്ഥലങ്ങളിൽ] which embarrassed me?”.

തേനീച്ചകളുമായുള്ള ലാർസിന്റെ ബന്ധവും ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. നോവലിന്റെ ആദ്യഭാഗങ്ങളിൽ അയാൾ അവയെ നിരീക്ഷിയ്ക്കുന്നതിന്റെ ചിത്രങ്ങളുണ്ട്. “The peculiar thing is that bees have precisely the same attitude. There is virtually no other animal species which has such a total lack of interest in the death of their kind” - അയാളുടെ തന്നെ അരക്ഷിതബോധത്തിന് അനുസൃതമാണ് ഇത്. മറ്റൊരിടത്തു അയാൾ പറയുന്നു - “One can have all the experiences of a Napoleon without being cruel to horses and without seeing one single human being die. Instead one sees a whole bunch of bees die.” ഒരു സമയത്തു തേനീച്ചക്കൂടിന്റെ അറകൾ കാൻസർ സെല്ലുകളുമായി സാമ്യമുണ്ടെന്ന് വായനക്കാരന് തോന്നും.

പോകെപ്പോകെ കുറിപ്പുകൾ കൂടുതൽ ക്രമരഹിതമാകുന്നു. ഒരിടത്ത് ലാർസ് തന്റെ രഹസ്യകാമുകിയെപ്പറ്റി പരയുന്നുണ്ട് ("Always did have the suspicion that all solutions lie somewhere between my life and a different life."). എന്നാൽ കാമുകി അയാളുടെ വീട്ടിലേയ്ക്കു വരികയും, ഭാര്യയും അവരും അടുത്ത സുഹൃത്തുക്കളാകുകയും ചെയ്യുന്നു. കാമുകിയ്ക്കു ഒരമ്മയുടെ ഭാവമായിരുന്നെന്ന് അയാളോർക്കുന്നുണ്ട്. അയാളുടെ ഭാര്യയ്ക്കു വേണ്ടതും അതുപോലൊരു സാന്നിധ്യമായിരുന്നു. മറ്റൊരിടത്ത് അയാൾ ഒരു പ്രേതകഥ അയൽ വീട്ടിലെ രണ്ട് കുട്ടികളോട് വിവരിയ്ക്കുകയാണ്. അങ്ങനെ അയാൾ ജീവിതത്തെ വെറൊരു രീതിയിൽ കാണാനും, അതിനോട് കൂടുതൽ അടുക്കാനും ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നു. ഒരിടത്ത് അയാൾ ഇങ്ങനെ കുറിച്ചിരിയ്ക്കുന്നു - "When reality confronts us with unusual situations (for example, when an anticipated rivalry doesn’t materialize and instead there is a love which excludes us), we first reach for these emotional stereotypes common to novels." മരിയ്ക്കുന്ന പ്രക്രിയയിൽ ജീവിതത്തെ മനസ്സിലാക്കുന്ന ഒരാളായാണ് ലാർസ് ഈ കുറിപ്പുകളിൽ കാണപ്പെടുന്നത്. നാടകീയത ഇല്ലാതെയും ചുരുക്കം വാക്കുകളിലുമാണ് ലാർസ് തന്റെ ചിന്തകളവതരിപ്പിയ്ക്കുന്നത്. കുട്ടിക്കാലത്തെക്കുറിച്ചുള്ള ചില ഓർമ്മകളിൽ, അതിലൊന്ന് ഭാവന മാത്രമാണ്, അയാളുടെ ഭാഷ കവിതാമയമാകുന്നുണ്ട്. അവയിലൊരിടത്ത് വീട്ടിൽ മുതിർന്നവർ പറയുന്ന വാചകങ്ങളെല്ലാം തന്നെ ഇംഗ്ലീഷ് വലിയക്ഷരങ്ങളിൽ കാണിച്ചിരിയ്ക്കുന്നു - ഇവയെ ഒരുതരം guilt-നോടാണ് അയാൾ ബന്ധപ്പെടുത്തുന്നത്. “The lower middle class in Sweden lives from guilt and self-denigration, they only know one form of rhetoric, namely the complaint.” - ലാർസ് വിശദീകരിയ്ക്കുന്നു.

അസുഖത്തിന്റെ പുരോഗതിയെക്കുറിച്ചു പറയുമ്പോഴും അയാൾ ജീവിതത്തെ തന്നെയാണ് ഉറ്റുനോക്കുന്നത് - “The foundation of the entire concept of the self is that it will continue to exist tomorrow.”, തന്റെ ഒരംശം അതിജീവിയ്ക്കുമെന്നുള്ള പ്രത്യാശ - അതാണ് ഈ മൂന്നു നോട്ടുബുക്കുകളുടെയും ഉദ്ദേശം തന്നെ എന്ന് വരുന്നു. മറ്റെന്തും പോലെ പ്രയാസമാണ് പ്രതീക്ഷയും, പക്ഷെ “one is simply more used to hoping and fearing than to find oneself in the middle of what one had hoped or feared.” - താൻ പഠിച്ചു കഴിഞ്ഞു : ജീവിതത്തതിൽ നിന്ന് നാം രക്ഷപ്പെടുന്നേയില്ല. അപ്പോഴും ഒരു കാര്യം മാത്രം ശരിയായി വരുന്നില്ല - വേദന സഹിയ്ക്കുന്നതിന്റെ കല. "That has to do with the fact that up to now no one has been able to make an art of it. We are therefore dealing with a unique art form whose level of difficulty is so high that no one exists who can practice it”. മറ്റൊരിടത്ത് വേദനയ്ക്കും രതിയ്ക്കും സമാനതകൾ കണ്ടെത്തുകയാണ് അയാൾ. അവയിലൊന്നിൽ മുഴുകുമ്പോൾ മറ്റൊന്നും നമ്മൾ കാണുകയില്ല, അറിയുകയില്ല. ഇടക്കാലത്തു വേദന ഒന്ന് കുറയുന്നു. അസുഖം തന്നെ വിട്ടുപോയോ എന്നുപോലും അയാൾ ശുഭപ്രതീക്ഷയോടെ ചിന്തിയ്ക്കുന്നു. ഇതാണ് ശരിയ്ക്കുള്ള സ്വർഗ്ഗം. എന്നാൽ ആ 'സ്വർഗ്ഗ'ത്തിന്റെ മുന്നുപാധി (precondition) വേദനയാണ് - "It was a form of truth". ചിലപ്പോൾ ലാർസിന്റെ ചിന്തകൾ കാട് കയറുകയാണ്. ഒരു സമയത്ത് അയാൾ പറയുകയാണ് -'ഞാൻ' എന്നത് ഭാഷയിലെത്തന്നെ ഏറ്റവും ഉപയോഗശൂന്യമായ പദമായിരിയ്ക്കണം. "The dead point in the language (Just as a center always must be empty.)"

ജീവിതത്തിന്റെ അർത്ഥം എന്നത് നാം തന്നെ ജീവിതത്തിനുണ്ടാക്കിക്കൊടുക്കുന്ന ഒന്നാണ് എന്നതാണ് Gustafsson പറഞ്ഞുവെയ്ക്കുന്നത്. പൂർണ്ണമായ ഒന്നില്ലെന്നുള്ള തിരിച്ചറിവ് ആധുനികമനുഷ്യനുണ്ട്, അതാണ് സ്വയം തിരിച്ചറിയുന്നതിനുള്ള ഉപാധിയും. പക്ഷെ എപ്പോഴും ഏറ്റവും തീർച്ചയുള്ള കാര്യത്തെയാണ് നമ്മൾ ഏറ്റവും കൂടുതൽ സംശയിയ്ക്കുന്നത്. തന്റെ തന്നെ നോട്ട്ബുക്കുകളുടെ മാതൃക പിൻപറ്റിയാണ് Gustafsson നോവലിന്റെ ഘടന രൂപകൽപ്പന ചെയ്തിട്ടുള്ളത്. ആ ക്രമരാഹിത്യത്തിൽ നിന്ന് നോവലിനെ പൂർണ്ണതയിൽ വായിച്ചെടുക്കുന്നതാണ് ഇവിടത്തെ പ്രധാന വെല്ലുവിളി, ഭാഷ കണ്ണാടി പോലെയാണെങ്കിലും. നോർഡിക് സാഹിത്യത്തിലെ മാസ്റ്റർ പീസുകളിലൊന്നാണ് ഈ നോവൽ.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top