25 April Thursday

'ബഹിഷ്‌കൃതർ': ഇടം തേടി അലയുന്നവരുടെ സാമൂഹ്യപാഠം

ഡോ. യു നന്ദകുമാർUpdated: Sunday Feb 3, 2019

അമേരിക്കയിലെ ഖജനാവ് മരവിപ്പിക്കലും ഭരണസ്തംഭനവും 35 നാളിനുശേഷം താൽക്കാലികമായി ട്രംപ് പിന്‍വലിച്ചിരിക്കുകയാണ്. അമേരിക്കയ‌്ക്കും മെക്സിക്കോയ്ക്കുമിടയിൽ ദീർഘവും ശക്തവും സുന്ദരവും, എന്നാൽ ജനങ്ങളെ വിഭജിച്ചുനിർത്താൻ കെൽപ്പുമുള്ള ഭിത്തിയുണ്ടാക്കണമെന്നത് ട്രംപിന്റെ പ്രഖ്യാപിത ലക്ഷ്യം. ഭിത്തിക്കായി ഇതിനകം  1.7 ബില്യൺ ഡോളർ ചെലവാക്കി; ഇനിയും 5.7 ബില്യൺ ഡോളർകൂടി ഉടൻ വേണമെന്ന ആവശ്യം അമേരിക്കൻ പ്രതിനിധിസഭ നിരാകരിച്ചതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. ഖജനാവ് സ്തംഭിപ്പിച്ചായിരുന്നു ട്രംപ് സഭയെ എതിരിട്ടത്; സ്പീക്കർ നാൻസി പെലോസിയാകട്ടെ, പ്രസിഡന്റിനെ സഭയിൽ പ്രസംഗിക്കാനുള്ള അനുമതി മരവിപ്പിച്ചു. തെക്കൻ അതിർത്തികടന്ന‌് അഭയാർഥികൾ കണക്കില്ലാതെ എത്തുന്നുവെന്നും രാജ്യത്തിന്റെ  ജീവിതരീതിയെയും സുരക്ഷയെയും ബാധിക്കുമെന്നുമാണ് ട്രംപിന്റെ ഭീതി. എന്നാല്‍, മനുഷ്യനെ ശത്രുതയിൽ നിർത്തുന്ന മതിലുകളല്ല, കൂട്ടിയിണക്കുന്ന പാലങ്ങളാണ് വേണ്ടതെന്ന ജനാഭിപ്രായവും അമേരിക്കയിൽ ശക്തമാണ്.

അഭയാർഥിജീവിതത്തെക്കുറിച്ച് സ്വയം  അഭയാർഥികളായി ജീവിച്ച്‌ എഴുത്തുകാരായി  പരിണമിച്ച 17 പേരുടെ ലേഖന സമാഹാരമാണ്  പുലിറ്റ്‌സർ പുരസ്‌കാരജേതാവായ വിയേറ്റ് തൻ ങ്‌വെയ്‌ൻ എഡിറ്റുചെയ്ത ‘ബഹിഷ്‌കൃതർ'  (The Displaced) എന്ന പുസ്തകം

അഭയാർഥികളും സ്ഥലഭ്രംശം നേരിടുന്നവരും അപ്രകാരമാകുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല. പലപ്പോഴും ദീർഘദൃഷ്ടിയില്ലാത്ത ഭരണാധികാരികളുടെ കർക്കശ നിലപാടുകളാണ് ലോകമെമ്പാടും അഭയാർഥികളെ സൃഷ്ടിക്കുന്നത്. ജൂലിയന്‍ അസാന്‍ജും എഡ്വേര്‍ഡ് സ്നോഡനും ജനാധിപത്യ രാജ്യങ്ങളിൽനിന്ന‌് രക്ഷപ്പെട്ടവരാണെന്നുകൂടി നാമോർക്കണം. അഭയാർഥിജീവിതങ്ങൾ നീങ്ങുന്ന വഴികൾ, അവരുടെ മാനസിക സാമൂഹ്യ സമ്മർദങ്ങൾ, കുടിയേറ്റ നാട്ടിൽ അവർ നേരിടേണ്ടിവരുന്ന സംഘർഷങ്ങൾ, ഇവയെല്ലാം പഠിക്കേണ്ടതുണ്ട്. അഭയാർഥിജീവിതത്തെക്കുറിച്ച് നാമിപ്പോൾ അറിയുന്നത് അവർതന്നെ എഴുതിയ അനുഭവകഥകളിലൂടെമാത്രം. ഈ പശ്ചാത്തലത്തിലാണ്, വിയേറ്റ് തൻ ങ്‌വെയ്‌ൻ എഡിറ്റുചെയ്ത ‘ബഹിഷ്‌കൃതർ' എന്ന പുസ്തകം (The Displaced – (Ed.) Viet Thanh Nguyen: 2018, Abrams Press, New York) നമ്മെ പിടിച്ചിരുത്തുന്നത്. അഭയാർഥിജീവിതത്തെക്കുറിച്ച് സ്വയം അഭയാർഥികളായി ജീവിച്ച‌് എഴുത്തുകാരായി പരിണമിച്ച 17 പേരുടെ ലേഖനങ്ങൾ ചേർത്തിരിക്കുന്നു.

ങ്‌വെയ്‌ൻ എഴുതിയ ഉജ്വല അവതാരികയുമായാണ് പുസ്തകമൊരുക്കിയിരിക്കുന്നത്. ഇതിനകം പുലിറ്റ്‌സർ പുരസ്കാരമുൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്, ദക്ഷിണ കാലിഫോർണിയ സർവകലാശാലയിൽ പ്രൊഫസറായ ഈ വിയറ്റ്നാം വംശജൻ. അദ്ദേഹത്തിന്റെ ‘The Sympathize’ (2015), ‘Nothing Ever Dies’ (2016) എന്ന പുസ്തകങ്ങൾ അഭയാർഥിത്വം, പ്രവാസം, ഓർമ, മറവി എന്നിവയൊക്കെ ചേർന്ന തീക്ഷ്ണവും ഗുപ്തവുമായ അവസ്ഥകളെ പ്രതിപാദിക്കുന്നു. ‘ബഹിഷ്കൃതർ'ക്ക് എഴുതിയിരിക്കുന്ന മുഖവുര തുടങ്ങുന്നതുപോലും ആത്മസംഘർഷങ്ങളുടെ സ്പര്‍ശത്തോടാണ്. "I was once a refugee, although no one would mistake me for being a refugee now. Because of this, I insist on being called a refugee, since the temptation to pretend that I am not a refugee is strong.’

ഏരിയൽ ഡോർഫ്‌മാൻ പറയുന്നത് കുടിയേറ്റങ്ങൾ മനുഷ്യരുടെ മാറിത്താമസിക്കൽമാത്രമല്ല; ഭക്ഷണം, ജീവിതരീതി, സംസ്കാരം എന്നിവയുമായി കെട്ടുപിണഞ്ഞിരിക്കുന്നു. ലാറ്റിനമേരിക്കൻ ഭക്ഷണങ്ങൾ നൂറ്റാണ്ടുകളായി അമേരിക്കൻ രുചിസങ്കല്പത്തിൽ എത്തിയെങ്കിൽ അതോടൊപ്പം വലിയ ലാറ്റിനോ സമൂഹവും എത്തിക്കാണുമല്ലോ. ട്രംപ് സങ്കല്പിക്കുന്ന വിഭജനമതിൽ സമാധാനപരമായ ഇത്തരം സാംസ്കാരിക മുന്നേറ്റങ്ങൾ പരാജയപ്പെടുത്തും. ദൈ ബൂയ് എന്ന വിയറ്റ്നാം വംശജ നഷ്ടങ്ങളെക്കുറിച്ച‌് രചിച്ചത് ഗ്രാഫിക് ലേഖനമാണ്. അഭയാർഥികൾ എങ്ങനെ ഭാരരഹിതമായി യാത്രചെയ്യുന്നുവെന്ന് നമ്മെ അത് ഓർമിപ്പിക്കുന്നു. സ്വന്തമായി ഒന്നുമില്ലാത്തവരുടെ സുഗമ യാത്ര!

മറീന ലൂയ്ക്ക ജന്മനാ അഭയാര്‍ഥിയാണ്. രണ്ടാം ലോകയുദ്ധകാലത്ത്  ഹിറ്റ‌്‌ലറിന്റെ ക്യാമ്പിലാണ് മറീന ജനിച്ചത്. യുദ്ധശേഷം ഇംഗ്ലണ്ടിൽ എത്തപ്പെട്ടു. ചില്ലറ പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ നൂറ്റാണ്ട് അഭയാർഥികളെ ഉൾക്കൊള്ളുമായിരുന്നു. ഈ നൂറ്റാണ്ടിൽ കാര്യങ്ങൾ ഇളകിമറിഞ്ഞു. അഭയാർഥികൾ, പ്രവാസികൾ എന്നിവരോട് വിദ്വേഷം കാട്ടുന്നത് പരക്കെ അംഗീകരിക്കപ്പെട്ടുതുടങ്ങി. ഒരു റിയാലിറ്റി ഷോ മത്സരാർഥിയും കൊളമിസ്റ്റുമായ കേറ്റി ഹോപ്‌കിൻസ് അഭയാര്‍ഥികളോടുള്ള തന്റെ പക തുറന്നുപറഞ്ഞ‌് വലിയ അംഗീകാരംപോലും കരസ്ഥമാക്കി.

റോബർട്ട് മുഗാബെ രാജ്യത്തെ അടക്കി ഭരിച്ചിരുന്ന സ്വേച്ഛാധികാരിയായിരുന്നു. സിംബാബ്‌വെയിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും മുഗാബെയല്ലാതെ മറ്റൊരു നേതാവിനെ ഓർമയിൽപോലുമില്ല. സിംബാബ്‌വെ ജീവിതത്തിന്റെ ഓർമകളും രക്ഷപ്പെടലുമാണ് നോവോയു റോസാ ക്ഷുമാ തന്റെ ലേഖനത്തിൽ പറയുന്നത്. ക്ഷാമത്തിന്റെയും ദാരിദ്ര്യത്തിന്റെയും നാളുകളിൽനിന്ന‌് രക്ഷപ്പെടാനായിരുന്നു നോവോയുവിന്റെ മാതാപിതാക്കൾ തീരുമാനിച്ചത്. കുട്ടിയായിരുന്ന നോവോയുവിന്റെ ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള ആദ്യ ഓർമകൾ ബേക്കറിയിൽ സുലഭമായി കാണുന്ന ആകർഷകമായ പുതുപുത്തൻ റൊട്ടികളെക്കുറിച്ചായിരുന്നു. ചൂടും മനസ്സുകീഴടക്കുന്ന മണവും വമിക്കുന്ന റൊട്ടികൾ... വർഷങ്ങള്‍ക്കുശേഷം നോവോയു ഒരിക്കൽക്കൂടി തന്റെ ചെറുപട്ടണത്തിൽ വന്നു, പഴയകാല സുഹൃത്തുക്കളുമായി ഓറഞ്ച് നീര് കഴിക്കാനിരിക്കുമ്പോഴാണ് ശ്രദ്ധിച്ചത്, ജ്യൂസ് നൽകുന്നത് കാപ്പി കപ്പുകളിലാണ്.  നോവോയു പ്രതിഷേധിച്ചു, അൽപ്പം ഉറക്കെത്തന്നെ. എന്തൊരു നാണക്കേടാണിത്, ഈ മുഗാബെയെ ഇനിയും പുറത്താക്കാനാകില്ലേ? അങ്ങനെയൊന്നും സംസാരിച്ചുകൂടാ, എന്ന് പറഞ്ഞ‌് സുഹൃത്തുക്കൾ ഒന്നൊന്നായി പിൻവാങ്ങി.

അഭയാർഥി എന്ന അവസ്ഥയ‌്ക്ക് പ്രത്യേക നിർവചനങ്ങളോ വ്യക്തമായ ജീവിതാനുഭവങ്ങളോ ഇല്ല. ഒരിക്കൽ സ്ഥലഭൃംശരായാൽ പുനരധിവാസത്തിലൂടെ എല്ലാം ശരിയാകും എന്ന് കരുതാനാകില്ല, പഴയ മുറിവുകൾ വീണ്ടും അവതരിക്കാം; പുതിയ സ്പർധകളും വിദ്വേഷങ്ങളും എപ്പോൾ വേണമെങ്കിലും ഉയർന്നുവരാം. ങ്‌വെയ്‌ൻ തയ്യാറാക്കിയ പുസ്തകം നമ്മെ പഠിപ്പിക്കുന്നത് അതാണ്; ലോകത്തുള്ള എല്ലാത്തരം അഭയാർഥിജീവിതത്തിന്റെയും ജാലകക്കാഴ്ചകൾ നമ്മുടെ മുന്നിലെത്തുന്നില്ല. ഉദാഹരണത്തിന്, ടിബറ്റ്, മ്യാൻമർ, ശ്രീലങ്ക, പലസ്തീന്‍ തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള അഭയാർഥികളുടെ കഥ എന്തുകൊണ്ടോ വന്നിട്ടില്ല. അതൊരു പോരായ്മയായി കാണേണ്ട, നമ്മോടു സംവദിക്കുന്ന 17 ലേഖനവും മനസ്സിനെ ഒന്നുലയ്ക്കാതെ കടന്നുപോകുന്നില്ലല്ലോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top