18 April Thursday

ഈ അംഗീകാരം എന്നെ ജീവിപ്പിച്ചവർക്ക്‌: പ്രൊഫ. ടി ജെ ജോസഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022

കൊച്ചി> എന്നോടൊപ്പം നിന്ന, എന്നെ ഇപ്പോഴും ജീവിപ്പിക്കുന്ന നല്ലവരായ മനുഷ്യർക്ക്‌ അവാർഡ്‌ സമർപ്പിക്കുന്നു എന്ന്‌ പ്രൊഫ. ടി ജെ ജോസഫ്‌. ഏറെ വായിക്കപ്പെട്ട ആത്മകഥയ്‌ക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച വിവരമറിയുമ്പോൾ അദ്ദേഹം അയർലൻഡിൽ മകൾ ആമിക്കും കുടുംബത്തിനുമൊപ്പമാണ്‌. എഴുത്തുകാരൻ എന്ന നിലയിൽ ഇതുപോലൊരു അംഗീകാരം ഏറെ സന്തോഷം പകരുന്നുവെന്നും ടി ജെ ജോസഫ്‌ പ്രതികരിച്ചു.

എല്ലാ ദുരന്താനുഭവങ്ങളിലൂടെയും കടന്നുപോകുമ്പോൾ ഒപ്പംനിന്ന ഒരുപാട്‌ നല്ല മനുഷ്യരുണ്ട്‌. സ്‌നേഹവും പിന്തുണയും പണവുമൊക്കെ തന്ന്‌ സഹായിച്ചവർ. അവർക്ക്‌ ഈ അംഗീകാരം സമർപ്പിക്കുന്നു. നന്മ ഇപ്പോഴും ഇല്ലാതായിട്ടില്ല. സ്വന്തം ജീവിതാനുഭവം എന്ന നിലയിൽ മാത്രമല്ല ഈ രചനയെ കാണുന്നത്‌. നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയെ വരച്ചിടാനാണ്‌ ശ്രമിച്ചത്‌. അറിവും സാക്ഷരതയുമുള്ള സമൂഹത്തിൽ സാധാരണക്കാരൻ എത്രമാത്രം അരക്ഷിതനാണെന്ന്‌ മറ്റുള്ളവരെ അറിയിക്കാനുള്ള ശ്രമമായിരുന്നു അതെന്നും ടി ജെ ജോസഫ്‌ പറഞ്ഞു. ഒരുമാസംമുമ്പാണ്‌ അയർലൻഡിലെത്തിയത്‌. സെപ്‌തംബറിൽ മടങ്ങും. ‘ഭ്രാന്തന്‌ സ്‌തുതി’ എന്ന ഓർമക്കുറിപ്പുകൾ യാത്രയ്‌ക്കുമുമ്പ്‌ പുറത്തിറക്കി. അതും വായനക്കാർ നല്ലരീതിയിൽ സ്വീകരിച്ചു.

‘എന്റെ സലോമിക്ക്‌’ എന്ന ദുഃഖം ഘനീഭവിച്ച രണ്ടു വാക്കുകളിലാണ്‌ പ്രൊഫ. ടി ജെ ജോസഫിന്റെ ‘അറ്റുപോകാത്ത ഓർമകൾ’ എന്ന പുസ്‌തകത്തിന്റെ സമർപ്പണം. ദുരന്താനുഭവങ്ങൾ താങ്ങാനാകാതെ ആത്മഹത്യയിൽ അഭയംതേടിയ ജീവിതസഖിയാണ്‌ സലോമി. തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരിക്കെയുണ്ടായ ചോദ്യക്കടലാസ്‌ വിവാദത്തിന്റെ തുടക്കംമുതൽ കാര്യങ്ങൾ കൃത്യതയോടെ വിവരിക്കുന്ന പുസ്‌തകം ആ നാളുകളിൽ അദ്ദേഹമനുഭവിച്ച ആത്മസംഘർഷം തീവ്രതയോടെ വരച്ചിടുന്നു. മതനിന്ദയാരോപിച്ച്‌ 2010 ജൂലൈ നാലിനാണ് അദ്ദേഹത്തിന്റെ കൈകൾ മതഭീകരവാദികൾ വെട്ടിയെറിഞ്ഞത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top