25 April Thursday

സ്വയം വരത്തിന് അര നൂറ്റാണ്ട്; അപൂര്‍വ്വ ഗ്രന്ഥവുമായി ചിന്ത

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

മലയാള സിനിമകളുടേയും ഇന്ത്യന്‍ സമാന്തര ചലചിത്ര പ്രസ്ഥാനത്തിന്റേയും ചരിത്രത്തിലെ നാഴികക്കല്ലായ സ്വയംവരത്തിന് അരനൂറ്റാണ്ട് പിന്നിടുമ്പോള്‍, അടൂര്‍ ഗോപാലകൃഷ്‌ണന്‍ തന്റെ ആദ്യ ചലചിത്രം തയ്യാറാക്കിയതിനു പിന്നിലെ  സംഭവ ബഹുലമായ ചരിത്രത്തിലേയ്‌ക്ക് തിരിഞ്ഞ് നോക്കുന്ന വിശിഷ്ട ഗ്രന്ഥവുമായി ചിന്ത പബ്ലിഷേഴ്‌സ്. 1972 നവംബര്‍ 24 ന്  റിലീസ് ആയ ചിത്രം അമ്പതാം വര്‍ഷത്തിലും അനുവാചക മനസ്സില്‍ ജ്വലിച്ചു നില്‍ക്കുന്നു.

ജീവിച്ചിരിക്കുന്ന ഒരു ചലചിത്രകാരന്റെ ആദ്യ സിനിമയുടെ അന്‍പതു വര്‍ഷം കൊണ്ടാടപ്പെടുന്നത് ഇന്ത്യയില്‍ ഒരു പക്ഷേ ആദ്യമാവാം. സത്യജിത്ത്റേയ്‌ക്കും  ഋത്വക്ഘട്ടക്കിനുമൊന്നും സാക്ഷ്യം വഹിക്കാനാകാത്ത ഫല ശ്രൂതി. സ്വയംവരത്തിനൊപ്പം അടൂര്‍ ഗോപാല കൃഷ്ണന്റെ ചലചിത്ര സംവിധായകനെന്ന നിലയിലുള്ള യാത്രയും അരനൂറ്റാണ്ട് പിന്നിടുകയാണ്. ചലച്ചിത്ര പഠനം കഴിഞ്ഞെത്തി അടൂരും സുഹൃത്തുക്കളും 1965þല്‍ സ്ഥാപിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് ലോക സിനിമയെ കേരളത്തിന്റെ നാട്ടു മൂലകളില്‍ പോലും എത്തിച്ചത്.

മുഖ്യധാരയോടും നെറ്റി ചുളിച്ച്  വേട്ടയാടിയ നിരൂപക വൃന്ദത്തോടും നിരന്തരം പോരാടിയാണ് അടൂര്‍ 31þാം  വയസ്സില്‍ സ്വയംവരം ഒരുക്കിയത്. മലയാളത്തില്‍ ആധുനികത അടയാളപ്പെടുത്തിയ ആദ്യ ചലചിത്രത്തെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങളും കാലങ്ങളെ കീഴടക്കാന്‍ സിനിമയ്ക്ക് സാധ്യമായതിന്റെ കാരണങ്ങളും കണ്ടെത്തുന്ന പ്രമുഖരുടെ ലേഖനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സ്വയംവരം þ അടൂരിന്റേയും അനുവാചകന്റേയും എന്ന ഗ്രന്ഥം. സിനിമയുമായി ബന്ധപ്പെട്ട അപൂര്‍വ്വ രേഖകളും പ്രചരണോപാധികളും അക്കാലത്തെ മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങളും ശേഖരിക്കാനായത് ചലച്ചിത്രാസ്വാദകര്‍ക്കുള്ള ചിന്തപബ്ലിഷേഴ്സിന്റെ അപൂര്‍വ്വ സമ്മാനമായി ഗ്രന്ഥത്തെ മാറ്റുന്നു.

എം വി ദേവന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സി എന്‍ കരുണാകരന്‍ തുടങ്ങിയവര്‍ സ്വയംവരത്തിന്റെ പ്രചരണത്തിനായി വരച്ച ചിത്രങ്ങളും പുസ്തകത്തിലുണ്ട്.സ്വയംവരത്തിന് മുമ്പ്  ചിത്രീകരണം ആരംഭിച്ച കാമുകി എന്ന ചലചിത്രത്തെക്കുറിച്ചുള്ള അടൂരിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തലുകളും  പുസ്തകത്തിലുണ്ട്. മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരുമായ എ. ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്‌ണനും ചേര്‍ന്നാണ്  പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഓരോ ചലച്ചിത്ര പ്രേമിയും സൂക്ഷിച്ചു വയ്ക്കേണ്ട റഫറന്‍സ് പുസ്തകം കൂടിയാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top