03 October Tuesday

ഗ്രന്ഥാലയ ചരിത്രത്തിലേക്ക് ഒരു നടപ്പാത; സുനിൽ പി ഇളയിടം എഴുതുന്നു

സുനിൽ പി ഇളയിടംUpdated: Tuesday May 2, 2023

യൂഫ്രട്ടീസ്‐ട്രൈഗ്രീസ് തീരങ്ങളിൽ മനുഷ്യവംശചരിത്രത്തിലെ ഏറ്റവും പ്രാചീന നാഗരികത കെട്ടിപ്പടുത്ത ഒരു ജനത കളിമൺപലകകളിൽ കോറിവരഞ്ഞ് ഉണക്കിസൂക്ഷിച്ച പാളികൾ മുതൽക്കിങ്ങോട്ട് പാപ്പിറസ് ചുരുളുകളിലും മൃഗത്തോലുകളിലും കടലാസിലും ജീവിച്ച പുസ്തകങ്ങളുടെ ചരിത്രം എത്രയും വിശദാംശങ്ങളോടെ നാമീ ഗ്രന്ഥത്തിൽ വായിക്കുന്നു.

സുനിൽ പി ഇളയിടത്തിന്റെ 'റീഡിങ് റൂം' എന്ന പരമ്പര ആരംഭിക്കുന്നു


ലൈബ്രറികളെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ആശയങ്ങളിലൊന്നായി തോന്നിയത് ബോർഹസിന്റേതാണ്. സ്വർഗത്തെ ഏതോ തരത്തിലുള്ള ഒരു ഗ്രന്ഥാലയമായാണ് താനെപ്പോഴും വിഭാവനം ചെയ്യാറുള്ളതെന്ന് അദ്ദേഹം എഴുതി (‘I have always imagined that para-dise will be a kind of library’). ഭ്രമാത്മകഭാവനയുടെ പടവുകളിലൂടെ സഞ്ചരിക്കുകയും ജീവിതത്തിന്റെ സങ്കീർണതകളെ ഒരു രാവണൻകോട്ട പോലുള്ള ഗ്രന്ഥാലയത്തിലേക്ക് സംഗ്രഹിക്കുകയും ചെയ്‌ത പ്രതിഭയുടെ ഉടമയായിരുന്നു ബോർഹെസ്. അങ്ങനെയൊരാൾ സ്വർഗത്തെയും ഏതോ തരത്തിലുള്ള ഒരു ഗ്രന്ഥാലയമായി ഭാവനചെയ്‌തതിൽ അത്ഭുതമില്ല. മനുഷ്യവംശത്തിന്റെ സമസ്താനുഭവങ്ങളും അതിന്റെ സൂക്ഷ്‌മമായ ഗതിഭേദങ്ങളും അടങ്ങിയിരിക്കുന്ന ഒരിടത്തിനപ്പുറം മറ്റെന്തിനാണ് സ്വർഗത്തിന്റെ പ്രതീകമാകാൻ കഴിയുക എന്ന് ബോർഹെസിനൊപ്പം നമുക്കും തോന്നാവുന്നതാണ്.

നാഗരികതയുടെ പരിണാമചരിത്രത്തോടൊപ്പമാണ് ഗ്രന്ഥാലയങ്ങളും സഞ്ചരിച്ചത്. മനുഷ്യവംശത്തിന്റെ ചിന്തയും സ്വപ്നങ്ങളും സാഹസങ്ങളും സമാഹരിക്കപ്പെട്ട ഇടം മാത്രമായിരുന്നില്ല ഒരു

 ബോർഹെസ്

ബോർഹെസ്

ഗ്രന്ഥാലയവും. സാങ്കേതികവിദ്യാവികാസത്തിന്റെയും അധികാരബന്ധരൂപങ്ങളുടെയും പടവുകളിലോരോന്നിലും ഗ്രന്ഥാലയങ്ങൾ അതിനൊപ്പമുണ്ടായിരുന്നു. ഓരോ കാലത്തെയും ജീവിതക്രമങ്ങളെ നിർണയിച്ച സാമൂഹ്യ‐സാമ്പത്തിക‐അധികാരബന്ധങ്ങളുടെ സംയോജിതസ്ഥാനം (con-vergence point) കൂടിയായാണ് ലൈബ്രറികൾ നിലനിന്നത്. ഗ്രന്ഥാലയങ്ങളിലെ പുസ്തകങ്ങളിൽ സമാഹരിക്കപ്പെട്ട ആശയപ്രപഞ്ചത്തെപ്പോലെ ഗ്രന്ഥാലയങ്ങളും സ്വയമേവ ഒരാശയസംഹിത കൂടിയായിരുന്നു. ചരിത്രത്തിന്റെയും ജീവിതത്തിന്റെയും പരിണാമവേഗങ്ങൾ അവയിൽ ആഴത്തിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.

സംസ്കാരത്തെ സമഗ്രജീവിതരീതിയായി വിഭാവനം ചെയ്ത പുതിയ സന്ദർഭം ഗ്രന്ഥാലയങ്ങളുടെ സാംസ്കാരിക മാനത്തെ അവിടെ സമാഹരിക്കപ്പെട്ട ആശയങ്ങളുടെ ചരിത്രത്തിനപ്പുറം മേൽപ്പറഞ്ഞ നിലയിൽക്കൂടിയാണ്

ആൻഡ്രൂ പെറ്റ്ഗ്രീ, ആർതർ വെഡ്യൂവെൻ

ആൻഡ്രൂ പെറ്റ്ഗ്രീ, ആർതർ വെഡ്യൂവെൻ

വിലയിരുത്തിയിട്ടുള്ളത്. ഇങ്ങനെയൊരു സമീക്ഷയുടെ പിൻബലത്തിലൂടെ ഗ്രന്ഥാലയങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം പടർത്തുന്ന ഗ്രന്ഥമാണ് ലൈബ്രറി: ഒരു ഭംഗുരചരിത്രം (The library A Fragile History). ആൻഡ്രൂ പെറ്റ്ഗ്രീ, ആർതർ വെഡ്യൂവെൻ (Andrew Pettgree & Arthur der Weduwen) എന്നിവർ ചേർന്ന് രചിച്ച ഈ അതുല്യഗ്രന്ഥം പ്രൊഫൈൽ ബുക്സ് 2021‐ലാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം അതിന്റെ പേപ്പർ ബാക്ക് എഡിഷനും പുറത്തുവന്നു.

സാംസ്കാരിക പഠനങ്ങളുടെ വെളിച്ചത്തിൽ ഗ്രന്ഥാലയത്തിന്റെ ചരിത്രത്തെയും സാമൂഹ്യജീവിതാർഥങ്ങളെയും വിലയിരുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇതിനെക്കാൾ മികവുറ്റ ഒരു ഗ്രന്ഥം ലഭ്യമാകുമോ എന്നു സംശയമാണ്. സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറും റിഫർമേഷൻ കാലയളവിലെ യൂറോപ്യൻ ചരിത്രത്തെക്കുറിച്ചുള്ള പഠിതാവുമാണ് ആൻഡ്രൂ പെറ്റ്ഗ്രീ. അതേ സ്ഥാപനത്തിൽ ബ്രിട്ടീഷ് അക്കാദമി പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയി പ്രവർത്തിക്കുകയാണ് ആർതർ വെഡ്യൂവെൻ. ഇരുവരുടെയും അസാധാരണമായ ധൈഷണികാന്വേഷണങ്ങളുടെയും, അതിവിപുലമായ വിവരശേഖരണത്തിന്റെയും  ഉൽപ്പന്നമാണ് ഈ ബൃഹദ്ഗ്രന്ഥം. ഇതിനെ ഒഴിവാക്കിക്കൊണ്ട് ഗ്രന്ഥാലയങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള ഒരാലോചനയും ഇനിയങ്ങോട്ട് സാധ്യമാവാത്ത നിലയിൽ സമഗ്രവും ആധികാരികവുമാണ് ഈ പുസ്തകം.

രണ്ടു നിലകളിലാണ് ഗ്രന്ഥകർത്താക്കൾ തങ്ങളുടെ ഗ്രന്ഥാലയം എന്ന പ്രമേയത്തെ ഈ പുസ്തകത്തിൽ അഭിസംബോധന ചെയ്യുന്നത്. അതിലൊന്ന് ഏതു ചരിത്രഗ്രന്ഥത്തിലും പ്രാഥമികമായി പ്രതീക്ഷിക്കാവുന്നതുപോലെ പഠനവിഷയത്തിന്റെ കാലക്രമത്തിലുള്ള തുടർച്ചയും പരിണാമവും അവതരിപ്പിക്കുക എന്നതാണ്. പ്രാചീന അസീറിയയിലെ ക്യൂണിഫോം ഗ്രന്ഥാലയങ്ങൾ മുതൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കാലത്തെ പ്രതീതിപരമായ പുസ്തകശേഖരങ്ങളിലേക്കു (virtual collections) വരെ പടിപടിയായി വികസിക്കുന്ന ഗ്രന്ഥാലയചരിത്രം ഈ പുസ്തകത്തിലുണ്ട്.

യൂഫ്രട്ടീസ്‐ട്രൈഗ്രീസ് തീരങ്ങളിൽ മനുഷ്യവംശചരിത്രത്തിലെ ഏറ്റവും പ്രാചീന നാഗരികത കെട്ടിപ്പടുത്ത ഒരു ജനത കളിമൺപലകകളിൽ കോറിവരഞ്ഞ് ഉണക്കിസൂക്ഷിച്ച പാളികൾ മുതൽക്കിങ്ങോട്ട് പാപ്പിറസ് ചുരുളുകളിലും മൃഗത്തോലുകളിലും കടലാസിലും ജീവിച്ച പുസ്തകങ്ങളുടെ ചരിത്രം എത്രയും വിശദാംശങ്ങളോടെ നാമീ ഗ്രന്ഥത്തിൽ വായിക്കുന്നു. ഒരു ഭൗതികവസ്തു എന്ന നിലയിലുള്ള ജീവിതത്തിലും ചരിത്രത്തിലും നിന്ന് തുടങ്ങി പ്രതീതി യാഥാർഥ്യത്തിന്റെ പുതിയ സന്ദർഭത്തിൽ പുസ്തകങ്ങൾക്കും ഗ്രന്ഥാലയങ്ങൾക്കും വന്ന പരിണാമത്തെക്കൂടി അനാവരണം ചെയ്തുകൊണ്ടാണ് ഗ്രന്ഥകർത്താക്കൾ കാലത്തിലൂടെയുള്ള തങ്ങളുടെ രേഖീയാഖ്യാനം വികസിപ്പിക്കുന്നത്. ആ നിലയിൽ തന്നെ എത്രയും അർഥവത്തായ ഒരു ജീവിതം ഈ പുസ്തകത്തിനും കൈവന്നിട്ടുണ്ട്.

എന്നാൽ, ഗ്രന്ഥാലയങ്ങളുടെ രേഖീയചരിത്രമായിരിക്കുക എന്നതിനപ്പുറം പോകുന്ന മറ്റൊരു ദൗത്യവും ഈ ഗ്രന്ഥം അത്യന്തം ഭംഗിയോടെ ഏറ്റെടുത്ത് നിർവഹിക്കുന്നുണ്ട്. ഗ്രന്ഥാലയചരിത്രം എന്ന സവിശേഷപഠനമേഖലയിൽനിന്ന് സാംസ്കാരികചരിത്രം എന്ന വിപുലസമീക്ഷയിലേക്ക് ഈ ഗ്രന്ഥത്തെ വികസിപ്പിക്കുന്നതും മറ്റൊന്നല്ല. ഗ്രന്ഥാലയചരിത്രത്തിലെ മേൽപ്പറഞ്ഞ തരത്തിലുള്ള ഓരോ പടവിനെയും വിപുലമായ ഒരു ജീവിതബന്ധവ്യവസ്ഥയ്ക്കുള്ളിൽവച്ച് വിശദീകരിക്കാൻ ഗ്രന്ഥകർത്താക്കൾ മുതിരുന്നു. ഒരു കാലഘട്ടത്തിലെ ജീവിതബന്ധങ്ങളും അതിന്റെ ഭൗതികാധാരങ്ങളും ഉൾപ്പെടുന്ന വിപുലമായ സാംസ്കാരികവ്യവസ്ഥയിൽ, ഗ്രന്ഥാലയങ്ങൾ നിറവേറ്റുന്ന സവിശേഷ ദൗത്യമെന്താണെന്ന ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്.

അതോടെ ഗ്രന്ഥാലയത്തെക്കുറിച്ചുള്ള ആലോചനകൾ ഗ്രന്ഥാലയം എന്ന ഭൗതികസ്ഥാപനത്തെയും അവയുടെ സന്ദർഭത്തെയും മുറിച്ചുകടന്ന് ജീവിതബന്ധങ്ങളുടെ ഒരു വിപുലശൃംഖലയിലേക്ക് പ്രവേശിക്കുന്നു. ഒരു കാലയളവിലെ ജീവിതബന്ധങ്ങളും പ്രഭാവങ്ങളും ഊറിക്കൂടിനിൽക്കുന്ന സ്ഥാനമായി ഗ്രന്ഥാലയം മാറുന്നു. കാലബന്ധങ്ങൾ ഖനീഭൂതമായിരിക്കുന്ന സാംസ്കാരിക നിർമിതികളിലൊന്നായി ഗ്രന്ഥാലയത്തെ പരിഗണിക്കാൻ തുടങ്ങുന്നതോടെ അത് പടർന്നു പടരുന്ന സാമൂഹ്യ‐ചരിത്രബലങ്ങളുടെ ലോകമായി പരിണമിക്കുന്നു.

ഇങ്ങനെ ലംബതലത്തിൽ ഗ്രന്ഥാലയങ്ങളുടെ ആന്തരിക‐സാങ്കേതിക ചരിത്രത്തെയും തിരശ്ചീനതലത്തിൽ അവയുടെ സാംസ്കാരിക ചരിത്രത്തെയും കൂട്ടിയിണക്കുന്ന ഒരാഖ്യാനക്രമമാണ് ഗ്രന്ഥകർത്താക്കൾ ഈ പുസ്തകത്തിൽ പിൻപറ്റിയിട്ടുള്ളത്. സൈദ്ധാന്തികമായി ഇതിപ്രകാരം എളുപ്പം വിശദീകരിക്കാവുന്നതെങ്കിലും പ്രായോഗികമായി എത്രയും പ്രയാസകരമായ ഒന്നാണ് ഇതിന്റെ നിർവഹണം. പ്രയാസകരമായ ഈ ദൗത്യത്തിന്റെ സമർഥവും സൗന്ദര്യാത്മകവുമായ വൈജ്ഞാനിക നിർവഹണമാണ് ആൻഡ്രൂ പെറ്റ്ഗ്രീയും ആർതർ വെഡ്യൂവെനും ചേർന്നു നടത്തിയിരിക്കുന്നത്.

അതോടെ ഗ്രന്ഥാലയചരിത്രം മനുഷ്യവംശചരിത്രത്തോളം തന്നെ തുറസ്സുള്ളതായി തീർന്നിരിക്കുന്നു.
ആറു ഭാഗങ്ങളിൽ പതിനെട്ട് അധ്യായങ്ങളായാണ് ഈ പുസ്തകം ഗ്രന്ഥകർത്താക്കൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അതുകൂടാതെ ആമുഖവും ഉപസംഹാരവുമായി ഓരോ അധ്യായങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. പുസ്തകനിർമാണത്തെയും അവയുടെ സമാഹരണ സമ്പ്രദായങ്ങളെയും കാലക്രമത്തിൽ വിന്യസിക്കുന്ന നിലയിലാണ് അധ്യായങ്ങളുടെ ക്രമീകരണം.

പടിഞ്ഞാറൻ നാഗരികതയുടെ ചരിത്രത്തിലെ പടവുകളിലോരോന്നിനോടും പുസ്തകങ്ങളും ഗ്രന്ഥാലയങ്ങളും എങ്ങനെയെല്ലാം ബന്ധപ്പെട്ടിരുന്നു എന്നതിന്റെ വിശദീകരണം കൂടിയാണ് ഇതിലെ ഓരോ ഭാഗവും. പാപ്പിറസ് ചുരുളുകളിലും മൃഗത്തോലുകളിലും മറ്റുമായി പരിമിതപ്പെട്ടുനിന്ന ആദ്യകാല പുസ്തകങ്ങളിലും ഗ്രന്ഥാലയങ്ങളിലുംനിന്നാണ് ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് ചർച്ച ആരംഭിക്കുന്നത്. അച്ചടിയുടെ വരവ് പുസ്തകനിർമിതിയിലും പുസ്തകസ്വരൂപത്തെയും ആകെ മാറ്റിമറിച്ചതിലേക്ക് ഇത് പിന്നാലെ വികസിക്കുന്നു.

അച്ചടി പുസ്തകനിർമാണത്തെയും അവയുടെ സമാഹരണത്തെയും ആകമാനം മാറ്റിമറിക്കുകയും വൻതോതിലുള്ള പുസ്തകനിർമാണത്തിനും വിതരണത്തിനും വഴിവയ്ക്കുകയും ചെയ്തു. എങ്കിലും അത് ആദ്യഘട്ടത്തിൽ ഏകപക്ഷീയമായി സ്വാഗതം ചെയ്യപ്പെടുക മാത്രമല്ല ഉണ്ടായതെന്ന് ഗ്രന്ഥകർത്താക്കൾ വിശദീകരിക്കുന്നു. പരിശുദ്ധവും അത്ഭുതകരവുമായ കൈയെഴുത്തുപ്രതികൾക്കൊപ്പം അച്ചടിക്കപ്പെട്ട പുസ്തകങ്ങൾ ചേർത്തുവയ്ക്കാൻ താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മധ്യകാലത്തെയും ആധുനികതയുടെ പ്രാരംഭഘട്ടത്തിലെ പുസ്തകസമാഹർത്താക്കളെയും കുറിച്ച് ആദ്യ അധ്യായങ്ങൾ പ്രതിപാദിക്കുന്നത് ഇന്ന് നമുക്ക് കൗതുകത്തോടെ മാത്രമേ വായിക്കാനാവൂ.

അച്ചടിയുടെ രംഗപ്രവേശം ഉളവാക്കിയ ആദ്യകാല സന്ദിഗ്ധതകളും, അതിനു പിന്നാലെയുണ്ടായ പുസ്തകസമാഹരണത്തിലെ വൻകുതിപ്പുകളുമാണ് രണ്ടും മൂന്നും ഭാഗങ്ങളിലെ ആറ് അധ്യായങ്ങൾ പ്രതിപാദിക്കുന്നത്. പടിഞ്ഞാറൻ നവോത്ഥാനവും, നവീകരണത്തിന്റെയും പ്രതിനവീകരണത്തിന്റെയും ചരിത്രഘട്ടങ്ങളും പുസ്തകങ്ങളെയും അവയുടെ ശേഖരങ്ങളെയും എങ്ങനെയെല്ലാം പുതുക്കിപ്പണിതു എന്നതിന്റെ വിശദചിത്രം ഈ അധ്യായങ്ങളിലുണ്ട്. ആധുനികതയുടെയും വ്യവസായിക നാഗരികതയുടെയും രംഗപ്രവേശത്തോടെ ഗ്രന്ഥാലയങ്ങളുടെ പ്രകൃതവും ഉള്ളടക്കവും മാറി. മധ്യകാലത്തെ പ്രഭു‐പൗരോഹിത്യ‐രാജാധികാരസ്ഥാനങ്ങളിൽ നിന്ന് ഗ്രന്ഥാലയങ്ങൾ വിമോചിതമായി.

അവയോരോന്നും ഒറ്റയ്ക്ക് നിലനിൽക്കാൻ കെല്പുള്ളവയായി. ലക്ഷോപലക്ഷം ഗ്രന്ഥങ്ങളുള്ള ഭീമാകാരങ്ങളായ ഗ്രന്ഥാലയങ്ങൾ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലൂടെ വളർന്നുവന്നു. ഒരുഭാഗത്ത് ഭരണകൂടാധികാരത്തിന്റെയും മറുഭാഗത്ത് മനുഷ്യവംശവിജ്ഞാനത്തിന്റെയും സ്ഥാപനങ്ങളെന്ന നിലയിൽ ഈ മഹാഗ്രന്ഥാലയങ്ങൾ ആധുനികലോകത്തിന്റെ ഹൃദയനഗരികളിൽ ഇന്ന് തലയുയർത്തി നിൽക്കുന്നു. ന്യൂയോർക്ക് ലൈബ്രറിയും ലൈബ്രറി ഓഫ് കോൺഗ്രസും ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയും മുതൽ പാരീസിലെയും കൊൽക്കത്തയിലെയും മഹാഗ്രന്ഥാലയങ്ങൾവരെ വിജ്ഞാനകേന്ദ്രങ്ങൾ എന്നതിനൊപ്പം അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ചരിത്രവും അടയാളവും പേറിയാണ് നിലനിന്നതെന്ന് ഈ അധ്യായങ്ങൾ വിശദീകരിക്കുന്നു.

അച്ചടിയുടെ വ്യാപനവും പുസ്തകനിർമാണത്തിലെ പെരുപ്പവും അനിവാര്യമായി ജന്മം നല്കിയ ഒന്നായിരുന്ന പ്രാചീനഗ്രന്ഥങ്ങളിലുള്ള സവിശേഷതാൽപ്പര്യം. രണ്ടുനിലകളിൽ ഈ താൽപ്പര്യത്തിന് വേരുകളുണ്ട്. പൗരാണികഗ്രന്ഥങ്ങൾ ഒരു ജനതയുടെ സംസ്കാരത്തിന്റെ ആദിമമുദ്രകൾ പേറുന്നവയാണ് എന്നതുകൊണ്ട് അവയുടെ സമാഹരണവും സംഭരണവും ദേശീയമായ ആശയാഭിലാഷങ്ങളുടെ വേദികൂടിയായി മാറി.

മികവുറ്റ എല്ലാ ഗ്രന്ഥാലയങ്ങളിലും പ്രാചീന ഗ്രന്ഥങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ബൃഹദ്ശേഖരങ്ങൾ രൂപപ്പെട്ടു. കൈയെഴുത്തുപ്രതികളിൽനിന്നും വലിയ തോതിൽ ഉൽപ്പാദിപ്പിക്കപ്പെട്ട (mass production) അച്ചടിപുസ്തകങ്ങളിലേക്ക് വളർന്ന ഗ്രന്ഥാലയങ്ങളിലേക്ക് കൈയെഴുത്തുപ്രതികൾ മറ്റൊരു രൂപത്തിലും പദവിയിലും മടങ്ങിയെത്തുന്നതാണ് ആധുനികകാലത്തെ ബൃഹദ്ഗ്രന്ഥാലയങ്ങളിൽ നാം കാണുന്നത്. അങ്ങനെ അവ ഒരു വൃത്തം പൂർത്തിയാക്കുന്നു. മടങ്ങിയെത്തിയപ്പോഴാകട്ടെ അവയുടെ പുതിയ രൂപത്തിലുള്ള രംഗപ്രവേശത്തിനും നിലനിൽപ്പിനും പിന്നിലെ താൽപ്പര്യങ്ങൾ തീർത്തും വ്യത്യസ്തവുമായിരുന്നു.

ആധുനികലോകവും ഗ്രന്ഥാലയങ്ങളും തമ്മിലുള്ള കൊടുക്കൽവാങ്ങലുകളിലെ സംഘർഷങ്ങളും സങ്കീർണതകളുമാണ് ഈ ഗ്രന്ഥത്തിന്റെ അവസാന ഭാഗത്തിലെ മൂന്ന് അധ്യായങ്ങൾ ചർച്ചചെയ്യുന്നത്. ഒരുഭാഗത്ത് ആധുനികത ജന്മം നല്കിയ ഏറ്റവും പ്രൗഢവും അഭിമാനകരവും വിപുലവുമായ സ്ഥാപനസംവിധാനം എന്ന നിലയിലുള്ള ഗ്രന്ഥാലയങ്ങളുടെ വളർച്ചയാണ് ആധുനികലോകത്ത് നാം ദർശിക്കുന്നത്. മഹാനഗരങ്ങൾ മുതൽ ഗ്രാമാന്തരങ്ങളിൽവരെ ഗ്രന്ഥാലയങ്ങൾ പടുത്തുയർത്തപ്പെടുകയും നാഗരികജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളമായി ഗ്രന്ഥശാലകൾ മാറിത്തീരുകയും ചെയ്ത കാലമാണിത്.

അതേസമയംതന്നെ മഹായുദ്ധങ്ങളും പടയോട്ടങ്ങളും ലൈബ്രറികളെ വിഴുങ്ങുകയും മനുഷ്യവംശചരിത്രത്തിലെ എക്കാലത്തെയും വലിയ ഈടുവയ്പുകൾ ഭസ്മീകരിക്കപ്പെടുകയും ചെയ്യുന്നതിന്റെ എണ്ണമറ്റ ചിത്രങ്ങളും ആധുനികലോകം നമുക്കു മുന്നിൽ കാഴ്ചവയ്ക്കുന്നു. ഒരേസമയം ഇരുപുറങ്ങളിലേക്കും ചായുന്ന ഗ്രന്ഥാലയങ്ങളുടെ ചരിത്രജീവിതത്തിന്റെ ഇത്തരം വൈരുധ്യങ്ങളിൽ വെളിച്ചം വീശിക്കൊണ്ടാണ് ഗ്രന്ഥകർത്താക്കൾ തങ്ങളുടെ പുസ്തകം ഉപസംഹരിക്കുന്നത്.

പുസ്തകരഹിതമായ വായനയിലേക്ക് പരിണമിക്കുന്ന സാങ്കേതികവിദ്യാ വളർച്ചയുടെ സമകാലിക സന്ദർഭം മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും പഴക്കംചെന്ന സ്ഥാപനങ്ങളിലൊന്നായ ഗ്രന്ഥാലയങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്താം എന്ന ആലോചനയിലേക്കുകൂടി നമ്മെ ക്ഷണിച്ചുകൊണ്ട് ഈ ഗ്രന്ഥം അവസാനിക്കുന്നു.

ഇങ്ങനെ കളിമൺ പാളികളിൽ കോറിയിട്ട എഴുത്തുകളുടെ ശേഖരങ്ങളിൽനിന്ന്, ഡിജിറ്റൽ യുഗത്തിലെ വസ്തുരഹിതപുസ്തകങ്ങളിലേക്കുവരെ സഞ്ചരിച്ച ഗ്രന്ഥാലയങ്ങളുടെ അതിസങ്കീർണവും അത്യന്തവിപുലവുമായ ചരിത്രമാണ് ആൻഡ്രൂ പെറ്റ്ഗ്രീയും ആർതർ വെഡ്യൂവെനും ചേർന്ന് തയ്യാറാക്കിയിട്ടുള്ളത്. വിശദാംശങ്ങളുടെ സമൃദ്ധികൊണ്ട് ഈ വിഷയത്തിൽ തൽപ്പരരായ ആരെയും ഒരേസമയം അമ്പരപ്പിക്കുകയും ആനന്ദത്തിലാഴ്ത്തുകയും ചെയ്യുന്ന ഒന്നാണീ ഗ്രന്ഥം.

അതേസമയംതന്നെ ഏറിയ പങ്കും യൂറോ കേന്ദ്രിതമായ വിഷയപരിചരണം ഈ ഗ്രന്ഥത്തിന്റെ പരാധീനതയായി ഒരാൾക്ക് അനുഭവപ്പെടുകയും ചെയ്യും. അക്ബറുടെ ഗ്രന്ഥാലയവും കൊൽക്കത്തയിലെ ഇമ്പീരിയൽ ലൈബ്രറിയും അറേബ്യയിലെ പ്രാചീന‐മധ്യകാല ഗ്രന്ഥാലയവുമെല്ലാം. ഇടം പിടിക്കുന്നുണ്ടെങ്കിലും ഈ ഗ്രന്ഥത്തിലെ വിഷയപരിചരണം അടിസ്ഥാനപരമായി യൂറോപ്പിനെ കേന്ദ്രത്തിൽ നിർത്തുന്ന ഒന്നാണ്.

എല്ലാ ഗ്രാമങ്ങളിലും മൂന്നോ നാലോ ഗ്രന്ഥാലയങ്ങൾ നിലനിൽക്കുകയും, ഏഴായിരത്തോളം ഗ്രന്ഥാലയങ്ങൾ ഉൾപ്പെട്ട ഗ്രന്ഥശാലാപ്രസ്ഥാനം സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന കേരളത്തിലിരുന്ന് ഈ പുസ്തകം വായിക്കുമ്പോൾ ഈ പരിമിതി നമുക്ക് കൂടുതൽ വ്യക്തമാവാതിരിക്കില്ല. നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും വായനശാലകൾ മുതൽ വിദ്യാലയങ്ങളിലെയും കലാലയങ്ങളിലെയും ഇതര അക്കാദമിക കേന്ദ്രങ്ങളിലെയും ഗ്രന്ഥാലയങ്ങൾവരെ കണക്കിലെടുത്താൽ പതിനായിരത്തോളം ഗ്രന്ഥാലയങ്ങൾ സജീവമായി പ്രവർത്തിക്കുന്ന ഒരിടമാണല്ലോ കേരളം എന്ന ചെറിയ ഭൂപ്രദേശം. 

അത്തരം കാര്യങ്ങൾക്കൊന്നും ഇടം ലഭിക്കാത്ത വിധത്തിൽ, പടിഞ്ഞാറൻ നാഗരികതയുടെ സ്ഥാപനസംവിധാനങ്ങളിലെ അടിപ്പടവുകളിലൊന്നായാണ് ഈ പുസ്തകം ഗ്രന്ഥാലയങ്ങളെ പരിഗണിക്കുന്നത്. ആ നിലയിലും ഇത് ഗ്രന്ഥാലയങ്ങളുടെ ഒരു ഭംഗുരചരിത്രമാണ്!

ഇങ്ങനെയൊരു പരിമിതി ചൂണ്ടിക്കാണിക്കാം എന്നിരിക്കെത്തന്നെ, വിശദാംശങ്ങളുടെ സമൃദ്ധിയാൽ വായനക്കാരെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്യാൻ പോന്നതാണ് ഇതിലെ ഓരോ അധ്യായവും എന്ന കാര്യം പ്രത്യേകം എടുത്തുപറയണം. ഒന്നിനു പുറകെ മറ്റൊന്നായി അനാവരണം ചെയ്യുന്ന കൗതുകകരമായ ചരിത്രവസ്തുതകൾക്കുള്ളിലൂടെയാണ് ഗ്രന്ഥാലയചരിത്രം ഈ കൃതിയിൽ ഇതൾ വിടർന്നുവരുന്നത്. അതുകൊണ്ടുതന്നെ താരതമ്യേന ബൃഹത്തായ ഒരു രചനയായിരിക്കുമ്പോഴും ഇതിന്റെ വായന ഒട്ടും മടുപ്പുളവാക്കാതെ പൂർത്തിയാക്കാൻ ഒരാൾക്ക് കഴിയും.

അതോടൊപ്പം ഈ പഠനമേഖലയിലെ എല്ലാ രചനകളും വിവരസ്രോതസ്സുകളും സമൃദ്ധമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ കൃതി രചിച്ചിരിക്കുന്നത് എന്ന കാര്യവും പ്രധാനമാണ്. അടിക്കുറിപ്പുകളും പുസ്തകസൂചിയും പദസൂചിയും നൂറിലധികം പുറങ്ങൾ പടർന്നുകിടക്കുന്നത്രയും വിപുലമാണ് ഇതിലെ ആശയപ്രപഞ്ചം. ആ നിലയിൽ ആഖ്യാനചാരുതയാലും ആശയസമൃദ്ധിയാലും നമ്മെ ഒരുപോലെ ആകർഷിക്കാൻ ഈ ഗ്രന്ഥത്തിനു കഴിയുന്നു. ഗ്രന്ഥാലയചരിത്രത്തിലൂടെ നാഗരികതയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിലേക്ക് ഒരു വാതിൽ തുറന്നിടാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞിരിക്കുന്നു .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top