24 September Sunday

ഹരപ്പയുടെ വെളിച്ചം! സുനിൽ പി ഇളയിടത്തിന്റെ പംക്തി -റീഡിങ്റൂം

സുനിൽ പി ഇള യിടംUpdated: Tuesday Jun 6, 2023

സൈന്ധവ നാഗരികതയുടെ ചരിത്രാവശിഷ്ടം

ഹരപ്പൻ നാഗരികതയെന്നും സൈന്ധവ നാഗരികതയെന്നും പരാമർശിക്കപ്പെട്ടുപോരുന്ന പ്രാചീന നാഗരികതയുടെ കണ്ടെത്തലിന്റെ ശതാബ്ദിയെ മുൻനിർത്തി ഹിന്ദു ഗ്രൂപ്പ് 2023 ൽ പ്രസിദ്ധീകരിച്ച ഹരപ്പൻ നാഗരികതയെന്ന അത്ഭുതം (The Wonder that was Harappan Civilization) ഇതേക്കുറിച്ച് പുറത്തുവന്ന എണ്ണമറ്റ പഠനങ്ങളുടെ ശിരോമകുടംപോലെ തലയുയർത്തിനിൽക്കുന്ന ഒന്നാണ്.

ഒന്ന്

‘ദീർഘവിസ്മൃതമായ ഒരു പ്രാക്തന നാഗരികതയുടെ അവശിഷ്ടങ്ങളിലേക്ക് വെളിച്ചം പകരാൻ പുരാവസ്തു ഗവേഷകർക്ക് അത്ര സാധാരണയായി അവസരം ലഭിക്കാറില്ല’ (Not often has it been given to archeologists... to light upon the remains of a long forgotten civilization). 1920 സെപ്തംബർ 24 ന് ദ് ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസിൽ സൈന്ധവനാഗരികതയുടെ കണ്ടെത്തൽ പ്രഖ്യാപിച്ചുകൊണ്ട് ജോൺ മാർഷൽ എഴുതിത്തുടങ്ങുന്നതിങ്ങനെയാണ്. 1921 ൽ ഹരപ്പയിലും 1922‐23 കാലത്ത് മൊഹൻജൊദാരോവിലും നടന്ന പര്യവേക്ഷണങ്ങൾ അതിവിപുലമായ മേഖലയിലപ്പാടെ പടർന്നതിന്റെ തെളിവുകൾ അന്ന് കൈവന്നിരുന്നില്ല. എങ്കിലും 600 കിലോമീറ്ററിലധികം തമ്മിലകലമുള്ള ആ ഉത്‌ഖനനസ്ഥാനങ്ങളിൽനിന്ന് ലഭിച്ച അവശിഷ്ടങ്ങളുടെ പരിശോധനയിൽനിന്ന് അവ ഒരേ ജീവിതപരിഷ്കൃതിയുടെ മുദ്രകൾ പേറുന്നുണ്ടെന്ന് ജോൺ മാർഷൽ മനസ്സിലാക്കി.

പ്രാചീനലോകത്തെ അസീറിയൻ, ഈജിപ്ഷ്യൻ നാഗരികതകൾക്കൊപ്പം നിൽക്കാൻ പോന്ന  ഒരു നാഗരികതയെക്കുറിച്ചുള്ള അറിവിന്റെ പൂമുഖത്താണ് താൻ നിലയുറപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം അത്യാഹ്ലാദത്തോടെ തിരിച്ചറിഞ്ഞു. ആ ഇരുസ്ഥാനങ്ങളും നേരിട്ട്‌ സന്ദർശിക്കുന്നതിന്‌ മുമ്പുതന്നെ (1925 ലാണ് ജോൺ മാർഷൽ ഹരപ്പയും മൊഹൻജൊദാരോയും സന്ദർശിക്കുന്നത്) മനുഷ്യവംശചരിത്രത്തിലെ മഹിമയുറ്റ നാഗരികതകളിലൊന്നിനെക്കുറിച്ച് ജോൺ മാർഷൽ ലോകത്തോട് വിളംബരം ചെയ്തു.

ഹരപ്പൻ നാഗരികതയെന്നും സൈന്ധവനാഗരികതയെന്നും പരാമർശിക്കപ്പെട്ടുപോരുന്ന പ്രാചീനനാഗരികതയുടെ കണ്ടെത്തലിന്റെ ശതാബ്ദിയെ മുൻനിർത്തി ഹിന്ദു ഗ്രൂപ്പ് 2023 ൽ പ്രസിദ്ധീകരിച്ച ഹരപ്പൻനാഗരികതയെന്ന അത്ഭുതം (The Wonder that was Harappan Civilization) ഇതേക്കുറിച്ച് പുറത്തുവന്ന എണ്ണമറ്റ പഠനങ്ങളുടെ ശിരോമകുടംപോലെ തലയുയർത്തിനിൽക്കുന്ന ഒന്നാണ്. നാനൂറോളം പുറങ്ങളിൽ അറുന്നൂറോളം ചിത്രങ്ങൾ ഉൾപ്പെടുത്തി അത്യന്തം കമനീയമായി തയ്യാറാക്കപ്പെട്ടതാണ് ഈ ഗ്രന്ഥം.

ഹിന്ദു ഗ്രൂപ്പ്- പ്രസി-ദ്ധീ-ക-രിച്ച ‘ദ വണ്ടർ ദാറ്റ്‌ വാസ്‌ ഹരപ്പൻ സിവിലിേസഷൻ’  പുസ്‌തകത്തിന്റെ മുഖചിത്രം

ഹിന്ദു ഗ്രൂപ്പ്- പ്രസി-ദ്ധീ-ക-രിച്ച ‘ദ വണ്ടർ ദാറ്റ്‌ വാസ്‌ ഹരപ്പൻ സിവിലിേസഷൻ’ പുസ്‌തകത്തിന്റെ മുഖചിത്രം

കോഫീടേബിൾ ബുക്ക് എന്ന നിലയിലാണ് തയ്യാറാക്കിയിരിക്കുന്നതെങ്കിലും, അത്തരം പുസ്തകങ്ങളുടെ പരമ്പരാഗതമായ അതിർവരമ്പുകൾക്കുള്ളിലല്ല ഈ ഗ്രന്ഥം നിലകൊള്ളുന്നത്. ആമുഖവും പിന്നാലെയുള്ള 28 അധ്യായങ്ങളുമായി ക്രമീകരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥം ഹരപ്പൻ നാഗരികതയെക്കുറിച്ചുള്ള പത്തൊമ്പതാം ശതകത്തിലെ അന്വേഷണങ്ങൾ മുതൽ അതേക്കുറിച്ചുള്ള വർത്തമാന സംവാദങ്ങളെവരെ അഭിസംബോധന ചെയ്യുന്നുണ്ട്.

സൈന്ധവനാഗരികതാപഠനങ്ങളിൽ ഏർപ്പെട്ട ലോകോത്തര പണ്ഡിതരാണ് പല അധ്യായങ്ങളും രചിച്ചിട്ടുള്ളതും. ആ നിലയിൽ, താരതമ്യേന വിലയേറിയതാണെങ്കിലും (3999 രൂപ!) സൈന്ധവനാഗരികതയുടെ ചരിത്രത്തിൽ തൽപ്പരരായ വിദഗ്ധാന്വേഷകർക്കും സാധാരണ വായനക്കാർക്കും ഒരുപോലെ ഉപയോഗപ്രദവും പലതരം പുതുവെളിച്ചങ്ങൾ പകരുന്നതുമായ ഒന്നാണീ ഗ്രന്ഥം. കൈകഴുകിത്തൊടേണ്ട മട്ടിൽ കമനീയവും ആകർഷകവുമായ പ്രസാധനവും!

ഹരപ്പൻ നാഗരികത കണ്ടെടുക്കപ്പെട്ടതിനുശേഷമുള്ള കഴിഞ്ഞ ഒരു നൂറ്റാണ്ട് അതേക്കുറിച്ചുള്ള പഠനങ്ങളാലും സംവാദങ്ങളാലും അതിസമ്പന്നമാണ്. പ്രാഥമികസ്വഭാവമുള്ള കൈപ്പുസ്തകങ്ങൾ മുതൽ ഹരപ്പൻ നാഗരികതയുടെ സ്വഭാവത്തെയും സവിശേഷ ഘടകങ്ങളെയും കുറിച്ചുള്ള നൂറുകണക്കിന് പഠനങ്ങൾ പിന്നിട്ട ഓരോ പതിറ്റാണ്ടിലും പുറത്തുവന്നിട്ടുണ്ട്. ചാൾസ്മാസ്സനും (Narratives of Various Journeys) ജോൺമാർഷലും

ജോൺ മാർഷൽ

ജോൺ മാർഷൽ

(A Pre Historic Civilization)മുതൽ ആൾച്ചിൻ ദമ്പതികളും (Origins of a Civilization), ഐരാവതം മഹാദേവനും  (Vestiges of Indian Civilization in Old Tamil) അസ്കോ പർപ്പോളയും (Early Aryans and the Indus Civilization), നയൻ ജോത് ലാഹിരിയും (Finding Forgottons Cities), ഷെറിൻ രത്നാകറും (Understanding Harappa) വരെയുള്ള എണ്ണമറ്റ പഠനങ്ങളുടെ അതിദീർഘമായ ഒരു പരമ്പരയാണത്.

ഹരപ്പൻ ലിപി മുതൽ ഹരപ്പൻ നാഗരികതയുടെ ആര്യബന്ധങ്ങൾവരെ അവസാനമില്ലാത്ത സംവാദവിഷയങ്ങളായി ഇപ്പോഴും അവശേഷിക്കുന്നതുകൊണ്ട് ഈ പരമ്പരയുടെ ദൈർഘ്യം ഇനിയും കൂടാനെ വഴിയുള്ളൂ താനും. ഇതിന്‌ നടുവിൽ നിലയുറപ്പിച്ചുകൊണ്ട്‌, ഇക്കാലം വരെ ഹരപ്പൻ നാഗരികതയെക്കുറിച്ചുണ്ടായ അറിവുകളെയും ആലോചനകളെയും സംഗ്രഹിക്കാനും അത് സുഗ്രഹമായ ഭാഷയിൽ കമനീയമായി വിന്യസിക്കാനുമാണ് ഈ ഗ്രന്ഥം ശ്രമിക്കുന്നത്.

ഹിന്ദു ഗ്രൂപ്പിനുവേണ്ടി ടി എസ്‌ സുബ്രഹ്മണ്യൻ ക്യുറേറ്റ് ചെയ്ത ഈ ഗ്രന്ഥം മുഖചിത്രത്തിലെന്നപോലെ ഹാരപ്പൻ നാഗരികതയെയും അതിന്റെ ഒരു നൂറ്റാണ്ടുപിന്നിട്ട വൈജ്ഞാനിക ചരിത്രത്തെയും കുറിച്ചുള്ള ഒരു ആകാശചിത്രം വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.

ഹിന്ദു ഗ്രൂപ്പിനുവേണ്ടി ടി എസ്‌ സുബ്രഹ്മണ്യൻ ക്യുറേറ്റ് ചെയ്ത ഈ ഗ്രന്ഥം മുഖചിത്രത്തിലെന്നപോലെ ഹാരപ്പൻ നാഗരികതയെയും അതിന്റെ ഒരു നൂറ്റാണ്ടുപിന്നിട്ട വൈജ്ഞാനിക ചരിത്രത്തെയും കുറിച്ചുള്ള ഒരു ആകാശചിത്രം വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.

രണ്ട്

ഇന്ത്യാചരിത്രത്തിലെ യുഗനിർണായകമായ ഒരു കണ്ടെത്തലായിരുന്നു ഹാരപ്പൻ നാഗരികതയുടേത്. ഇന്ത്യാചരിത്രത്തിന്റെ പ്രാരംഭമായി മാറിയ ഒരു നാഗരികതയുടെ കണ്ടെടുക്കൽ! മൃൺമയമായ സഹസ്രാബ്ദങ്ങളുടെ പൊടിപടലങ്ങളിൽനിന്ന് അതുല്യമായൊരു പ്രാക്തന നാഗരികതയുടെ ചരിത്രം അതുവഴി ഉയർന്നുവന്നു. അതിനു മുമ്പോ പിമ്പോ പ്രാചീന ഇന്ത്യാചരിത്രത്തെ ഇതേ അളവിൽ വഴിതിരിച്ചുവിട്ട മറ്റൊരു കണ്ടെത്തലുണ്ടായിട്ടില്ല. ചരിത്രവിജ്ഞാനത്തിന് കൈവരാവുന്ന രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യത്തിന് ഇത്രമേൽ മികവുറ്റ മാതൃകകളും വേറെയില്ല. ഇന്ത്യയുടെ പ്രാചീനചരിത്രത്തെക്കുറിച്ചും അതിന്റെ പ്രഭവങ്ങളെക്കുറിച്ചും അതുവരെ നിലനിന്ന ധാരണകളെ കടപുഴക്കാൻ പോന്നതായിരുന്നു ഹരപ്പൻ നാഗരികതയുടെ കണ്ടെത്തൽ. ഇന്ത്യയെ മതരാഷ്ട്രമായി വിഭാവനം ചെയ്യാനുള്ള പിൽക്കാല ശ്രമങ്ങൾക്കെതിരെ ഏറ്റവും വലിയ പ്രതിരോധസ്ഥാനമായും ഹരപ്പൻ നാഗരികതയെക്കുറിച്ചുള്ള അറിവ് മാറിത്തീർന്നു. ആ നിലയിൽ ഇന്ത്യാചരിത്രവിജ്ഞാനത്തിലെ ഏറ്റവും വലിയ സമരമുഖങ്ങളിലൊന്നാണത്.

ഹരപ്പയിലെ ഉത്‌ഖനനശ്രമങ്ങൾക്ക് തുടക്കം കുറിച്ചത് 1921 ജനുവരി 5 നാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഫീൽഡ് ഓഫീസറായിരുന്ന ദയാറാം സാഹ്നിയാണ് അതിനു നേതൃത്വം നൽകിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഡയറക്ടർ ജനറലായിരുന്ന

അലക്സാണ്ടർ കണ്ണിങ്ഹാം

അലക്സാണ്ടർ കണ്ണിങ്ഹാം

അലക്സാണ്ടർ കണ്ണിങ്ഹാം 1872 ൽ തന്നെ ഹരപ്പയിലെ ചെറുകുന്നുകളിൽ പ്രാഥമികമായ ഉത്‌ഖനനം നടത്തിയിരുന്നു. എങ്കിലും ഹരപ്പയുടെ നിർണായകമായ പ്രാധാന്യം കണ്ണിങ്ഹാമിന് തിരിച്ചറിയാനായില്ല. കണ്ണിങ്ഹാമിന്റെ സൈറ്റ് ഡിസൈൻ പ്രകാരം ‘ഏബി’ എന്നും ‘എഫ്’ എന്നും കോഡ് നാമങ്ങൾ നല്കിയ ചെറുകുന്നുകളിലാണ് ദയാറാം സാഹ്നി ഉത്‌ഖനനം നടത്തിയത്. അതുവഴി രണ്ട് ഹരപ്പൻ മുദ്രകൾ, കളിമണ്ണുകൊണ്ടുള്ള കളിപ്പാട്ടങ്ങൾ, മുത്തുകൾ, ചെറുവിഗ്രഹങ്ങൾ, പാത്രാവശിഷ്ടങ്ങൾ തുടങ്ങിയവയെല്ലാം അദ്ദേഹം കണ്ടെടുത്തു.

മൗര്യൻ അവശിഷ്ടങ്ങളെക്കുറിച്ച് ഗാഢമായ പരിജ്ഞാനമുണ്ടായിരുന്ന സാഹ്നി ഹരപ്പയിലെ അവശിഷ്ടങ്ങൾ മൗര്യകാലത്തിനും മുമ്പുള്ളവയാണെന്ന് ജോൺ മാർഷലിന് എഴുതി. പൊതുവർഷത്തിനുമുമ്പ്‌ (ബിസിഇ) നാലാം ശതകത്തിനും മുമ്പുള്ള ഒരു കാലത്തിന്റെ അവശിഷ്ടങ്ങളാണവയെന്ന് സാഹ്നിക്ക് ഉറപ്പുണ്ടായിരുന്നു. അതിനും കുറെക്കാലംമുമ്പ്‌ കണ്ണിങ്ഹാമിന് ലഭിച്ചതും അക്കാലത്ത് ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നതുമായ സീലുകളിലെ എഴുത്തുകൾക്ക് സമാനമാണ് ഹരപ്പയിൽനിന്ന് തനിക്ക് ലഭിച്ച സീലുകളിലെ എഴുത്ത് എന്ന നിർണായകമായ നിഗമനവും സാഹ്നി ജോൺ മാർഷലിന് മുമ്പാകെ അവതരിപ്പിച്ചു.

മൊഹൻജൊദാരോവിലെ ഉത്‌ഖനനത്തിന് നേതൃത്വം നൽകിയത് രഖൽദാസ് ബാനർജി എന്ന പുരാവസ്തു ഗവേഷകനായിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പടിഞ്ഞാറൻ വിഭാഗത്തിലെ സൂപ്രണ്ടായിരുന്നു അദ്ദേഹം. മൊഹൻജൊദാരോയിൽ 1922 ഡിസംബറിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉത്‌ഖനനം ആരംഭിച്ചു. അവിടെനിന്നും ലഭിച്ച സീലുകൾക്ക് കണ്ണിങ്ഹാമിന്റെ ഹരപ്പൻ മുദ്രകളുമായുള്ള സാദൃശ്യം ബാനർജിയും രേഖപ്പെടുകയുണ്ടായി. ഉത്‌ഖനനം തുടരാൻ ഇരുവരോടും നിർദേശിച്ച സർ ജോൺ മാർഷൽ സാഹ്നിയും ബാനർജിയുമായി 1924 ജൂണിൽ സിംലയിൽവച്ച് കൂടിക്കാഴ്ച നടത്തി.

രഖൽദാസ് ബാനർജി

രഖൽദാസ് ബാനർജി

ഹരപ്പയ്ക്കും മൊഹൻജൊദാരോയ്ക്കും ഇടയിൽ 600 കിലോമീറ്ററിലധികം അകലം ഉണ്ടായിരിക്കെത്തന്നെ ഇരുവരും കൊണ്ടുവന്ന പുരാവസ്തുത്തെളിവുകളിലെ അത്ഭുതകരമായ സമാനത മാർഷൽ തിരിച്ചറിഞ്ഞു. അക്കാലത്ത്‌ അദ്ദേഹം ഹരപ്പയും മൊഹൻജൊദാരോയും സന്ദർശിച്ചിട്ടില്ലായിരുന്നു. എങ്കിലും ഇരുസ്ഥാനങ്ങളിലെയും അവശിഷ്ടങ്ങൾ തമ്മിലുള്ള വലിയ സമാനത അവയെ കൂട്ടിയിണക്കുന്ന ഒരു നാഗരികതയുടെ അടയാളമായി അദ്ദേഹം കണ്ടു. അതിനു പിന്നാലെ, ‘സിന്ധുനദീതടനാഗരികത’ കണ്ടെത്തിയതായി മാർഷൽ ലോകത്തോട് പ്രഖ്യാപിക്കുകയും ചെയ്തു.

വാസ്തവത്തിൽ, ഹരപ്പൻനാഗരികതയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് അപ്പോഴേക്കും ഒരു നൂറ്റാണ്ടിന്റെ പഴക്കം കൈവന്നിട്ടുണ്ടായിരുന്നു. 1826 ൽ ഹരപ്പ സന്ദർശിച്ച ചാൾസ് മാസ്സനാണ് അവിടെയുള്ള ചെറുകുന്നുകളുടെ പ്രാധാന്യത്തെക്കുറിച്ച് ആദ്യം എഴുതിയത്. പിന്നീട് 1831 ൽ ലഫ്റ്റനന്റ് അലക്സാണ്ടർ ബേൺസ് ഹരപ്പയും അമ്റിയും സന്ദർശിക്കുകയും പ്രാഥമിക പഠനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു. രണ്ട്‌ പതിറ്റാണ്ടുകൾക്കുശേഷം 1853 ലും 1856 ലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ സർവേയറായിരുന്ന അലക്സാണ്ടർ കണ്ണിങ്ഹാം ഹരപ്പയിലെത്തി. 1872 ൽ അദ്ദേഹമവിടെ ഉത്‌ഖനനത്തിന് നേതൃത്വം നൽകി. ഹരപ്പൻ മുദ്രകളും കളിമൺപാത്രാവശിഷ്ടമടക്കമുള്ള പുരാവസ്തുത്തെളിവുകൾ കണ്ണിങ്ഹാമിന് ലഭിച്ചെങ്കിലും അതിന് നിർണായകമായ ഒരു വഴിത്തിരിവാകാൻ കഴിഞ്ഞില്ല. ആ വഴിത്തിരിവിലേക്ക് പിന്നെയും അരനൂറ്റാണ്ടിന്റെ അകലമുണ്ടായിരുന്നു.

1921‐24 കാലത്തെ പര്യവേക്ഷണങ്ങൾക്കുശേഷം ഹരപ്പൻ നാഗരികതയെക്കുറിച്ചുള്ള അന്വേഷണങ്ങളും ഉത്‌ഖനനങ്ങളും പടിപടിയായി വളർന്നു. ആദ്യഘട്ടത്തിൽ അത് സിന്ധുനദീതടങ്ങളെ

ഹരപ്പൻ ശേഷിപ്പുകൾ

ഹരപ്പൻ ശേഷിപ്പുകൾ

കേന്ദ്രീകരിച്ചായിരുന്നുവെങ്കിൽ പിൽക്കാലത്ത് വിദൂരദേശങ്ങളിൽ നിന്നുവരെ സമാനമായ ജീവിതസ്ഥാനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടു. പിന്നിട്ട ഒരു നൂറ്റാണ്ടിനിടയിൽ ചെറുതും വലുതുമായ ആയിരത്തഞ്ഞൂറോളം സ്ഥാനങ്ങളിൽനിന്ന് സൈന്ധവനാഗരികതയുടെ തെളിവുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിലായി അത്യന്ത വിസ്തൃതമായ ഒരു നാഗരികതയുടെ ചരിത്രമാണ് ഇപ്പോൾ അതവശേഷിപ്പിക്കുന്നത്.

പടിഞ്ഞാറെ അറ്റത്ത് ബലൂചിസ്ഥാനിലെ മക്രാൻതീരത്തെ സുത്കാജൻദോർ മുതൽ കിഴക്ക് ഉത്തർപ്രദേശിലെ ആലംഗിർപുർ വരെയും, വടക്ക് ജമ്മുവിലെ മാണ്ഡു മുതൽ തെക്ക് മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ ദയ്മാബാദ് വരെയുമായി സൈന്ധവനാഗരികതാസ്ഥാനങ്ങൾ പടർന്നുകിടക്കുന്നു. പ്രാചീനനാഗരികതകളുടെ ചരിത്രത്തിൽ സ്ഥലപരമായ വിസ്തൃതികൊണ്ട് ഏറ്റവും വലുതാണ് സൈന്ധവനാഗരികത. പതിനഞ്ച് ലക്ഷം ചതുരശ്ര കിലോമീറ്ററോളം പടർന്നുകിടക്കുന്ന ഒന്നാണത്. പ്രാചീനകാലത്തെ സുമേറിയൻ, ഈജിപ്ഷ്യൻ നാഗരികതകളെയെല്ലാം സ്ഥലപരമായ വ്യാപ്തിയിൽ മറികടക്കാൻ സൈന്ധവനാഗരികതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഹരപ്പൻ നാഗരികതയുടെ കണ്ടെത്തലിന് ചരിത്രപരമായി പലതരത്തിലുള്ള പ്രാധാന്യമുണ്ട്. ഇന്ത്യാചരിത്രത്തെ ഒറ്റയടിക്ക് രണ്ട്‌ സഹസ്രാബ്ദത്തോളം പിന്നിലേക്കുകൊണ്ടുപോയി എന്നതാണ് അതിലാദ്യത്തേത്.  സൈന്ധവനാഗരികത കണ്ടെത്തുന്നതുവരെ പൊതുവർഷത്തിനുമുമ്പ് (ബിസിഇ) 1500 ആണ് ഇന്ത്യാചരിത്രത്തിന്റെ പ്രാരംഭഘട്ടമായി കണക്കാക്കപ്പെട്ടിരുന്നത്.

ഹരപ്പൻ നാഗരികത അതിനെ ബിസിഇ 3200ലേക്കുവരെ പിന്നോട്ട് നീക്കി. ബിസിഇ 3200‐2500 കാലത്തെ ആദിമഘട്ടം, ബിസിഇ 2500‐1900 കാലത്തെ പക്വഘട്ടം, ബിസിഇ

ഹരപ്പൻ ശേഷിപ്പുകൾ

ഹരപ്പൻ ശേഷിപ്പുകൾ

1900‐1500 കാലയളവിലെ അധഃപതനഘട്ടം എന്നിങ്ങനെ മൂന്നുഘട്ടങ്ങളും രണ്ട്‌ സഹസ്രാബ്ദത്തോളം കാലദൈർഘ്യവുമുള്ള ഒന്നായി പുരാവിജ്ഞാന പഠിതാക്കൾ അതിനെ വേർതിരിച്ചു വിശദീകരിച്ചിട്ടുണ്ട്. അതോടെ 3500 വർഷത്തിന്റെ പഴക്കത്തിൽനിന്ന് 5500 വർഷത്തിന്റെ പഴക്കത്തിലേക്ക് ഇന്ത്യയിലെ പ്രാചീന ചരിത്രം വഴിതിരിഞ്ഞു. ലോകത്തിലെ ഏറ്റവും പ്രാചീനമായ നാഗരികതകളിലൊന്നിന്റെ കേന്ദ്രമായി ഇന്ത്യൻ ഉപഭൂഖണ്ഡം ഉയർന്നുവരികയും ചെയ്തു.

ഈ പ്രാചീനതയ്ക്കപ്പുറം, ഇന്ത്യാചരിത്രത്തെ സംബന്ധിച്ച് അതുവരെയുണ്ടായിരുന്ന അടിസ്ഥാന ധാരണയെ തിരുത്താൻ കഴിഞ്ഞു എന്നതാണ് സിന്ധുനദീതട നാഗരികതയുടെ കണ്ടെത്തലിനെ പരമപ്രധാനമാക്കുന്നത്. ബിസിഇ 1500 ന് മുമ്പുള്ള ആര്യൻ കുടിയേറ്റത്തെയും അതുവഴി വികസിച്ചുവന്ന വൈദികസംസ്കാരത്തെയുമാണ് പ്രാചീന ഇന്ത്യാചരിത്രത്തിന്റെ പ്രാരംഭസ്ഥാനമായി അക്കാലം വരെ പരിഗണിച്ചുപോന്നിരുന്നത്. സൈന്ധവനാഗരികത ഈ ധാരണയെ കടപുഴക്കി. ആര്യൻമാരുടേതിൽനിന്ന് തീർത്തും വ്യത്യസ്തവും അതിനേക്കാൾ എത്രയും വികസിതവുമായ മറ്റൊരു സംസ്കൃതി ആര്യൻമാരുടെ വരവിനും ഒന്നര സഹസ്രാബ്ദങ്ങൾക്കു മുമ്പേ ഇന്ത്യയിൽ നിലനിന്നിരുന്ന കാര്യം സൈന്ധവനാഗരികതയുടെ അവശിഷ്ടങ്ങൾ വെളിച്ചത്തുകൊണ്ടുവന്നു. നഗരാസൂത്രണം മുതൽ കപ്പൽ ഗതാഗതംവരെയും, ലിപിവ്യവസ്ഥ മുതൽ ദേവതാരൂപങ്ങൾവരെയുമുള്ള അനന്യമായ ഒരു പരിഷ്കൃതിയുടെ ചിത്രം അതുവഴി തെളിഞ്ഞുവന്നു.

ആര്യേതരവും വൈദികേതരവും അത്യന്തവികസിതവുമായ ഈ ജീവിതസംസ്കൃതി ഇന്ത്യയുടെ ബഹുസാംസ്കാരികപാരമ്പര്യത്തിന്റെ ഏറ്റവും പഴക്കം ചെന്ന അടിത്തറയായി മാറിത്തീരുകയും ചെയ്തു. ഹരപ്പൻ നാഗരികതയെ ആര്യവത്കരിക്കാനും ഹൈന്ദവവത്കരിക്കാനുമുള്ള നിരന്തരശ്രമങ്ങൾ പില്ക്കാലത്ത് നിരന്തരം

ഹരപ്പൻ മുദ്രകൾ

ഹരപ്പൻ മുദ്രകൾ

അരങ്ങേറിയെങ്കിലും അവയ്ക്കൊന്നിനും സിന്ധുനദീതടങ്ങളിൽ വികസിച്ചുവന്ന ആ വിപുലസംസ്കൃതിയുടെ യഥാർത്ഥ പ്രകൃതത്തെക്കുറിച്ചുള്ള അടിസ്ഥാനധാരണകളെ തിരുത്താനായിട്ടില്ല. അതുവഴി, ഏകശിലാത്മകമായ ഒരു മതപാരമ്പര്യത്തിൽ ഇന്ത്യയെ കൊണ്ടുചെന്നുകെട്ടാനുള്ള ശ്രമങ്ങൾക്കെതിരായ ഏറ്റവും വലിയ പ്രതിരോധസ്ഥാനമായും സൈന്ധവ സംസ്കൃതി ഇപ്പോൾ മാറിത്തീർന്നിരിക്കുന്നു.

മൂന്ന്

എ എൽ ബാഷാം

എ എൽ ബാഷാം

ടി എസ് സുബ്രഹ്മണ്യൻ ക്യുറേറ്റ് ചെയ്ത ഹരപ്പൻ നാഗരികത എന്ന അത്ഭുതം (The Wonder that was Harappan Civilization)എന്ന ഗ്രന്ഥം സിന്ധുനദീതടങ്ങളിൽ രൂപംകൊള്ളുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിസ്തൃത പ്രദേശങ്ങളിലേയ്‌ക്ക് പരക്കുകയും ചെയ്ത ഈ ആദിമനാഗരികതയുടെ സമഗ്രചിത്രമാണ് വായനക്കാർക്കു മുന്നിൽ അനാവരണം ചെയ്യുന്നത്. എ എൽ ബാഷാമിന്റെ അതിപ്രശസ്തമായ ഇന്ത്യാചരിത്ര ഗ്രന്ഥത്തിന്റെ (The Wonder that was India) ശീർഷകത്തെ പിൻപറ്റുന്ന ഈ ഗ്രന്ഥനാമം, അക്ഷരാർഥത്തിൽ അതിനോട് നീതിപുലർത്തുന്ന ഒരു മഹാനാഗരികതയുടെ കഥ നമ്മോട് പറയുന്നു. സൈന്ധവനാഗരികതയുമായി ബന്ധപ്പെട്ട ഒട്ടുമിക്കവാറും ചർച്ചാവിഷയങ്ങളെയും പ്രാഥമികമായി അഭിസംബോധന ചെയ്യാൻ ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്.

ഹരപ്പയിലെയും മൊഹൻജൊദാരോവിലെയും ചെറുകുന്നുകളിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന അന്വേഷണങ്ങൾ മുതൽ ഹരപ്പൻ നാഗരികതയുടെ തുടർച്ചയുടെ അടയാളങ്ങൾ വരെ ഇരുപത്തിയെട്ട്

ഇന്ത്യ എന്ന വിസ്‌മയം

ഇന്ത്യ എന്ന വിസ്‌മയം

അധ്യായങ്ങളിലായി ഈ ഗ്രന്ഥം പരിശോധിക്കുന്നു. ഹരപ്പയും മൊഹൻജൊദാരോവുംപോലെ ധൊളാവിരയും ലോഥാളും രാഖിഗഡും കളിബംഗനും സനൗളിയും ഉൾപ്പെടെയുള്ള നാഗരികസ്ഥാനങ്ങളും വിവിധ അധ്യായങ്ങളിലായി വിശദമായി പ്രതിപാദിക്കപ്പെടുന്നുണ്ട്. അതോടൊപ്പം ഹരപ്പൻ ലിപി മുതൽ ഹരപ്പൻ സംഗീതം വരെയുള്ള പ്രമേയങ്ങളും പ്രത്യേകം അധ്യായങ്ങളിലായി ചർച്ചചെയ്യപ്പെടുന്നുണ്ട്.

ഇന്നും നിഗൂഢമായി തുടരുന്ന ഹരപ്പൻ ലിപിയുടെ ഉള്ളടക്കത്തെയും സവിശേഷതകളെയും കുറിച്ച് പ്രതിപാദിക്കുന്ന മൂന്ന് അധ്യായങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. അതുപോലെ അവസാനമില്ലാത്ത സംവാദവിഷയങ്ങളായ ആര്യാധിനിവേശം, സരസ്വതിനദി തുടങ്ങിയ പ്രമേയങ്ങളും പ്രത്യേകം അധ്യായങ്ങളിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുന്നു. ആ നിലയിൽ സൈന്ധവനാഗരികതയുടെ എന്നപോലെ, ഇരുപതാം ശതകത്തിൽ അതേക്കുറിച്ചുണ്ടായ വൈജ്ഞാനിക സംവാദങ്ങളുടെയും ഒരു ആകാശദൃശ്യമായി ഈ ഗ്രന്ഥം മാറിത്തീർന്നിരിക്കുന്നു.

ഗ്രന്ഥസംവിധാനത്തിൽ പുലർത്തുന്ന സവിശേഷതയാണ് ഈ ഗ്രന്ഥത്തെ ആകർഷകമാക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്. സൈന്ധവ നാഗരികതയെക്കുറിച്ചുള്ള ഏറ്റവും വിപുലമായ ചിത്രശേഖരം ഈ ഗ്രന്ഥമായിരിക്കാം. അറുന്നൂറോളം ചിത്രങ്ങളുടെ അകമ്പടിയോടെ സംവിധാനം ചെയ്യപ്പെട്ടതാണ് ഇതിലെ അധ്യായങ്ങൾ.

ടി -എ-സ്‌ സുബ്ര-ഹ്മ-ണ്യൻ

ടി -എ-സ്‌ സുബ്ര-ഹ്മ-ണ്യൻ

ടി എസ് സുബ്രഹ്മണ്യൻ, വി എൻ പ്രഭാകർ, സുകുമാർ രാജഗോപാൽ, സെൽവകുമാർ തുടങ്ങിയവരാണ് അതിവിപുലമായ ചിത്രപരമ്പരയെ വിശദീകരിച്ചുകൊണ്ട് വിവിധ അധ്യായങ്ങൾ രചിച്ചിരിക്കുന്നത്. സൈന്ധവനാഗരികതാപഠനത്തിലെ പ്രാമാണിക സ്വരമായിത്തീർന്ന ഒട്ടനവധി പേരുടെ നിഗമനങ്ങളും അഭിമുഖങ്ങളും അവരെക്കുറിച്ചുള്ള വിശദീകരണങ്ങളുമെല്ലാം ഈ ഗ്രന്ഥത്തിലെ വിവിധ അധ്യായങ്ങളിലായി കാണാം. ആ നിലയിൽ സൈന്ധവനാഗരികതാപഠനം എന്നതോടൊപ്പം സൈന്ധവനാഗരികതാ വിജ്ഞാനചരിത്രം കൂടിയായി ഈ ഗ്രന്ഥം മാറിത്തീർന്നിട്ടുണ്ട്.

ഭാരതീയസംസ്കൃതിയെ അപ്പാടെ ഹൈന്ദവവൽക്കരിക്കാനുള്ള ഭീമാകാരമായ പരിശ്രമത്തിൽ ഹിന്ദുത്വശക്തികൾ ഏർപ്പെട്ടിരിക്കുന്ന ഒരു കാലയളവിലൂടെയാണ് സൈന്ധവനാഗരികതയുടെ ശതാബ്ദി കടന്നുപോകുന്നത്. ഇന്ത്യൻ പാരമ്പര്യത്തെയപ്പാടെ ആര്യവൽക്കരിക്കാനും ബ്രാഹ്മണവൽക്കരിക്കാനുമുള്ള ഹൈന്ദവ വർഗീയവാദികളുടെ ശ്രമങ്ങൾക്കെതിരായ ഏറ്റവും വലിയ ചെറുത്തുനിൽപുകളിലൊന്ന് സൈന്ധവനാഗരികത ബാക്കിവച്ച ഈ തെളിവുകളാണ്.

ഇന്ത്യയുടെ ബഹുസ്വരപാരമ്പര്യത്തിന്റെ ഏറ്റവും ബലിഷ്ഠമായ അടിത്തറയാണത്. മുഗൾചരിത്രവും പരിണാമസിദ്ധാന്തവും മുതൽ ഗാന്ധിവധവും  ആർഎസ്എസ് നിരോധനവും വരെ പാഠപുസ്തകങ്ങളിൽനിന്ന് വെട്ടിമാറ്റി ചരിത്രത്തെ വർഗീയവൽക്കരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്ന കാലത്ത്, സൈന്ധവനാഗരികതയുടെ ശതാബ്ദിയെ മുൻനിർത്തി അതിന്റെ ചരിത്രത്തെ സമഗ്രമായി പ്രതിപാദിക്കാനുള്ള ശ്രമത്തിന് സവിശേഷ പ്രാധാന്യമുണ്ട്. അവതരണഭംഗിയും വിവരസമൃദ്ധിയും കൊണ്ടെന്നപോലെ, ചരിത്രപരമായ ഇത്തരമൊരു പ്രാധാന്യം കൊണ്ടും ഈ ഗ്രന്ഥം അനന്യമായിരിക്കുന്നു .

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top