08 May Wednesday

കഥയുടെ മാന്ത്രികജാലകങ്ങൾ...എം നന്ദകുമാറിന്‍റെ കഥകളെപ്പറ്റി

രാജീവ് മഹാദേവൻUpdated: Saturday Jul 18, 2020

രാജീവ് മഹാദേവൻ

രാജീവ് മഹാദേവൻ

ഒരു കൃതിയുടെ  അവസാനപേജിൽ വായന അവസാനിപ്പിക്കാൻ കഴിയുന്നുവെങ്കിൽ നിങ്ങൾ വായിച്ചതൊരു ശരാശരി പുസ്തകം മാത്രമാണെന്നു  കരുതേണ്ടിവരും. എന്നാൽ വായനക്കുശേഷം  പുസ്തകം മടക്കി അലസരാകാൻ ശ്രമിക്കുന്നവരെ സർഗ്ഗക്രിയയുടെ പ്രേരണാശക്തിയിൽ വിചിന്തനങ്ങളുടെ  പുതിയ മാർഗ്ഗങ്ങളിലേക്കു നയിക്കുന്നവയാണ് ഉത്‌കൃഷ്ട ഗ്രന്ഥങ്ങൾ. ഭാഷാപരിമിതികളെ മറികടന്നും  വ്യാകരണപദ്ധതികളെ തകിടംമറിച്ചും സാഹിത്യസിദ്ധാന്തങ്ങളെ കാറ്റിൽപ്പറത്തിയും  കാലത്തെ അതിജീവിക്കുന്ന കലാസൃഷ്ടികൾ. അത്തരമൊരു വായനാനുഭവത്തിലൂടെ കടന്നുപോയതിന്റെ  തീവ്രതയിൽ നിന്നുരുവായതാണീ കുറിപ്പ്. എം നന്ദകുമാറിന്റെ ‘കഥകൾ’ എന്ന അക്ഷരത്തീപ്പെയ്ത്തിലൂടെ സഞ്ചരിച്ചതിന്റെ ചില അടയാളങ്ങളായി.

ല കാലങ്ങളിലായെഴുതിയ കഥകളുടെ സമാഹാരമാണിത്. ഉഗ്രസ്ഫോടനശേഷിയുള്ള വാക്കുകളടുക്കിയ അക്ഷരപ്പുരകൾ പോലെയുള്ള   പതിനഞ്ചു കഥകൾ. സുഖശീതളമായ  സുരക്ഷിതത്വത്തിന്റെ 'സ്റ്റാറ്റസ്' പ്രദർശിപ്പിക്കുന്ന നമ്മുടെ പുറംചുവരുകൾ; അവ മറച്ചുവെക്കുന്ന  ചിതലരിച്ച യാഥാസ്ഥികത്വത്തിന്റെ വഴുക്കനിരുട്ട്. അതിനകത്തു വിങ്ങുന്ന ഉഷ്ണിച്ച മനസ്സുകളുടെ മാനിഫെസ്റ്റോയാണിതെന്ന് ആദ്യം വായിച്ചറിഞ്ഞത് ഈ പുസ്തകത്തിന്റെ  പുറംചട്ടയിൽ  വരച്ച കാർട്ടൂണിസ്റ്റ് ശ്രീ.  ഇ പി ഉണ്ണിതന്നെയാണ്. അഴികൾക്കുപുറകിലെ അന്ധകാരത്തിൽനിന്നും തിളങ്ങുന്ന കണ്ണുകളുടെ വീക്ഷണത്തിലൂടെ. അതിനേക്കാൾ കൃത്യമായും ഭംഗിയായും  വേറൊരു നോട്ടം ഈ കഥകളിലേക്കു സാധ്യമാകുന്നതെങ്ങനെ?

ആദ്യകഥയായ 'വായില്ല്യാക്കുന്നിലപ്പൻ' തുടങ്ങി അവസാനകഥയായ 'സമയം' വരെ വായനക്കാരനെ നവീനമായ ഭാവബോധത്തിന്റെ മാന്ത്രികക്കുഴലൂതി ആവാഹിച്ചു കൊണ്ടുപോവുകയാണ് കഥാകാരൻ. ഈ കഥകളിലെ  കഥാപാത്രങ്ങളും കഥാപരിസരങ്ങളും കഥാകൃത്തിന്റെ മറ്റുകൃതികളിൽ മിന്നിമറയുന്നതായി തോന്നിയാൽ അത് യാദൃച്ഛികമല്ല; മനഃപൂർവമാണ് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. തുടക്കത്തിൽ എഴുതിയതെല്ലാം പാടെ മായ്ച്ചുകളയുമ്പോൾ  അനുവാചകന്റെയുള്ളിൽ പതിഞ്ഞുകിടക്കുന്ന തന്റെ ഭാവനാലോകത്തിന്റെ അടയാളങ്ങളെ  വിട്ടുപോകാൻ എഴുത്തുകാരനു  കഴിയുമോ? നമ്മുടെ ജീവിതാവസ്ഥകളെക്കുറിച്ചുള്ള ഉത്‌കടമായ ആകാംക്ഷകൾ നന്ദകുമാറിന്റെ എല്ലാ എഴുത്തിലും തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.

1992: വായില്ല്യാക്കുന്നിലപ്പൻ എന്ന വിഗ്രഹമൗനത്തിന്റെ നാനാർത്ഥങ്ങൾ

എം നന്ദകുമാര്‍

എം നന്ദകുമാര്‍

ജാതിശ്രേണിയിലെ പാപകർമ്മങ്ങൾ തലമുറകളിലൂടെ പുനരാവർത്തനം ചെയ്യപ്പെടുമ്പോൾ കീഴാളനു വിളമ്പുന്ന വിഷപ്പായസത്തിന്റെ  പുത്തൻരുചികളെക്കുറിച്ചുള്ള ആഖ്യാനമാണിത്. ശ്രേഷ്‌ഠബ്രാഹ്മണനായ വരരുചിയുടെ ശൂദ്രപത്നിയായി ഒരു വ്യാഴവട്ടം കാട്ടിലും മേട്ടിലും അലഞ്ഞ പറച്ചിയുടെ ദുരിതങ്ങൾ വായില്ല്യാംകുന്നിലെ അച്യുതൻകുട്ടിയെ വേട്ടയാടുന്ന ഐതിഹ്യം.  ദളിതനായും സ്ത്രീയായും ജനിക്കുകയെന്നാൽ ജാതിമേധാവിത്വത്തിന്റെ കലുഷഭാരങ്ങൾ  ചുമക്കുക എന്നതു മാത്രമല്ല അത് തലമുറകളിലൂടെ വ്യാപിപ്പിക്കലും കൂടിയാണ്. യുഗങ്ങളിലൂടെ നീളുന്ന  പീഡനശൃംഖലകൾ വായില്ലാത്ത  പ്രതിഷേധങ്ങളിലവസാനിക്കുന്നു. മിത്തുകളിൽ കലർന്നിരിക്കുന്ന 'വർത്തമാനം' വേറിട്ടു കേൾക്കാനുള്ള  നന്ദകുമാറിന്റെ കഴിവ് അനിതരസാധാരണമാണെന്നു   'വായില്ല്യാക്കുന്നിലപ്പൻ' സാക്ഷ്യപ്പെടുത്തുന്നു. അസംബന്ധങ്ങളുടെ  കുരുക്കഴിച്ച്  ഉണ്മയെ ഇഴകീറുക എന്ന ശ്രമകരമായ ദൗത്യം വെല്ലുവിളിയായേറ്റെടുത്തു  വിട്ടുവീഴ്ചകളില്ലാതെ പൂർത്തിയാക്കുന്നതിൽ ഇദ്ദേഹത്തിന്റെ കയ്യടക്കം 'നിലവിളിക്കുന്നിൽ' (നിലവിളിക്കുന്നിലേക്കുള്ള കയറ്റം- നോവൽ) പിന്നീടും നമ്മൾ വായിച്ചറിഞ്ഞതാണ്. വായില്ല്യാക്കുന്നിനും നിലവിളിക്കുന്നിനുമിടയിൽ  പ്രതിധ്വനിക്കുന്ന പലായനത്തിന്റെ കാലൊച്ചകളായി അച്യുതൻകുട്ടി എന്ന  മനുഷ്യന്റെ നിലനില്പിലെ വിഹ്വലതകൾ  വിസ്മയകരമായ കഥനത്തിൽ നമ്മളനുഭവിക്കുന്നു. വാക്കുകൾ നഷ്ടമായ ഒരു തലമുറ ഭീതിദമായ മൗനത്തിന്റെ കല്ലായി മാറുന്നതിന്റെ വേദനകളും.

1993: പരമാധികാരത്തിന്റെ ശൂന്യാസനം

രാഷ്ട്രസേവനത്തിന്റെ മുഖംമൂടിവച്ച അപരവിദ്വേഷം, ഹിംസയെ ത്യാഗമാക്കി അവതരിപ്പിക്കാൻ അയയിൽ ഉണക്കാനിട്ട ലങ്കോട്ടികൾ, ഏകാധിപതികളുടെ അപദാനങ്ങൾ ശ്ലോകമായി ഉരുവിടാൻ നിരന്തരം പരിശീലിക്കുന്ന നാവുകൾ - ശ്വാസമാത്രകളുടെ ഇടവേളകളിൽ നാട്ടിൻപുറങ്ങളിൽ ശാഖോപശാഖകളായി ഒരു വിഷവൃക്ഷം പടർന്നുപന്തലിക്കുന്നു എന്ന ഭയാനക യാഥാർത്ഥ്യം അക്കാലത്തുതന്നെ തിരിച്ചറിഞ്ഞ ആളാണ് കഥാകാരൻ.  ‘ശൂന്യാസനം’ എന്ന കഥയിൽ നായകനും പ്രതിനായകനും കോമാളിയുമായി യോഗാസനങ്ങളുടെ ക്രമാനുക്രമങ്ങളിൽ വിയർത്തൊലിക്കുന്ന ഗോവിന്ദന്റെ രൂപം ഭീമാകാരമായി വളർന്നു നമ്മെ ഗ്രസിച്ചു കഴിഞ്ഞു. അധികാരത്തിന്റെ  ലാത്തി ചുഴറ്റി മൃത്യുവിന്റെ തൊപ്പിയും കാക്കിയുടുപ്പുമിട്ട് ഗോവിന്ദൻ മാർച്ച് ചെയ്യുന്നു. ജനാധിപത്യത്തിന്റെ ത്രിവർണ്ണനിറങ്ങൾ അയാളുടെ സ്വപ്നങ്ങളിൽ രക്തക്കറകളായി മാറുന്നു. പിതൃഹത്യയുടെ അപരാധത്തെ  കുറ്റബോധം ലവലേശമില്ലാതെ അയാൾ തലക്കുമീതെ  ഒരു കുടം വെള്ളമൊഴിച്ചു ഒഴുക്കിക്കളയുന്നു. വെറുപ്പിന്റെ തമോദ്വാരം ദേശത്തെ വിഴുങ്ങുന്ന നാളുകളിൽ നമ്മൾ ഗോവിന്ദന്റെ കഥ ഇനിയും വായിക്കണം. തടവറയിൽ വധശിക്ഷ കാത്തുകഴിയുമ്പോൾ ലെനിനെ വായിച്ച ഭഗത് സിംഗിനു പകരം  അന്ത്യനാളുകളിൽ പെറിമേസൺ നോവലുകളിൽ രസിച്ച ഗോഡ്സെയാണ് ഗോവിന്ദന്റെ മാർഗ്ഗദർശി. ഗോഡ്സേക്കുള്ള കാതടിപ്പിക്കുന്ന ജയ്‌വിളികൾ അലയടിക്കുന്ന ലജ്ജാകരമായ ഒരു അന്തരീക്ഷത്തിലാണ് നമ്മുടെ ജീവിതം. പരമാധികാരത്തിന്റെ നാനാരൂപങ്ങൾ അഴിഞ്ഞാടുമ്പോഴെല്ലാം ശൂന്യാസനം എന്ന കഥ വീണ്ടും വീണ്ടും വായിക്കപ്പെടും.

1992: സർഗ്ഗാത്മകരോഗസിദ്ധാന്തം കള്ളുഷാപ്പിൽ
ആധുനികതയുടെ ഘട്ടത്തിൽ സർഗ്ഗാത്മകത മഹത്തരമായ എന്തോ വിഷാദരോഗമായി അവതരിപ്പിക്കപ്പെട്ട ചർച്ചകളിലൂടെ നമ്മൾ കടന്നുപോയിട്ടുണ്ട്. അവയുടെ മനംപുരട്ടിക്കുന്ന ഗൃഹാതുരത്വ നാറ്റങ്ങൾ ഇപ്പോഴും ഇടക്കു കടന്നുവരാറുമുണ്ട്. അനീതികളുടെ പെരുപ്പത്തിൽ ചുറ്റും ജീവിതങ്ങൾ തളർന്നൊടുങ്ങുമ്പോഴും കെട്ടിച്ചമച്ച 'ഉദാത്ത'ചിന്തകളുടെ ആനമയക്കി കപ്പയും മീനും കൂട്ടിയടിച്ചു കൺമങ്ങിയ  കപടബുദ്ധിജീവികളെ ‘സർഗ്ഗാത്മകരോഗസിദ്ധാന്തം’ എന്ന കഥയിൽ ഇട്ടിനാൻ നിലംപരിശാക്കുന്നു.  അർത്ഥശൂന്യമായ വാഗ്വാദങ്ങളാൽ അവർ തുടച്ചുകളയാൻ ശ്രമിക്കുന്ന നിത്യജീവിത നിർഗതികളെ അയാൾ  ഓർമ്മിപ്പിക്കുന്നു.

ഈ കള്ളുഷാപ്പിൽനിന്നും,
 'ഇട്ടിയാരെന്നു ചോദിച്ചു
ഇട്ടിനാനെന്നു ചൊല്ലിനാൻ
ഇട്ടി കേട്ടഥ കോപിച്ചു
ഇട്ടിനാനേ പൊറുക്കണേ.'
എന്നു സ്വയം തുള്ളി  നന്ദകുമാറിന്റെ പുതിയ നോവലായ 'നീറേങ്കൽ ചെപ്പേടുകളിലെ' ക്ക്  ഇയാൾ കടന്നുവരുന്നുണ്ട്. ചെമ്പോലകളിൽ സമകാലികചരിത്രം കൊത്തുന്ന ദൗത്യവുമായി. നീറേങ്കലിന്റെ ജനകീയജനാധിപത്യ മധുരമനോജ്ഞവ്യവസ്ഥയിൽ എല്ലാവരും അവരവരുടെ തരികിടകൾ ആവോളം കാണിക്കുന്നുവെന്നും അവർക്കുള്ള ചവറ്റുകുട്ടകൾ കാത്തിരുപ്പുണ്ടെന്നും രേഖപ്പെടുത്താൻ. ഒരു  പാർട്ടിയുടെയും കേഡർ ആകാതെത്തന്നെ അദ്ധ്വാനിക്കുന്നവന്റെ ആയുധങ്ങൾക്കു പ്രതിരോധബലം ഉറപ്പുവരുത്താൻ നിരന്തരസംവാദങ്ങളിലേർപ്പെടുന്ന  തൊഴിലാളിയാണ് കള്ളുഷാപ്പിലെ സർഗ്ഗാത്മതക്കു ബദൽ കവിത ചൊല്ലുന്ന  ഇട്ടിനാൻ.

1993: 'അ' എന്ന ശ്മശാനത്തിലെ നാരകം
ശവപ്പറമ്പുകളിലെ മണ്ണടരുകളിൽനിന്നും ഉയിർത്തെഴുന്നേല്ക്കുന്ന പ്രാചീനയാത്രകളുടെ വിവരണമാണ് ഈ കഥ. ഒരു നാരകത്തിനു ചുവട്ടിലിരിക്കുന്ന  മൂന്നുപേരുടെ സ്മരണകൾ   ചുരുൾനിവരുന്ന രൂപഘടനയിൽ. ഖനനം ചെയ്‌തെടുത്ത ശിലാദ്രവ്യങ്ങളായി സത്യാന്വേഷണവും സ്നേഹവും വഞ്ചനയും കാമവും കൊലപാതകവും അവരുടെ ആഖ്യാനങ്ങളിൽ നിറയുന്നു. പക്ഷെ അതെല്ലാം ശ്മശാനത്തിലെ നാരകത്തിനു ചുവട്ടിൽ അടക്കം ചെയ്ത കവിയുടെ മരണാനന്തര ദുഃസ്വപ്നങ്ങളുമാണ്. അയാളുടെ കിനാവുകളിലെ  കഥാപാത്രങ്ങളാണ് അവരും അവർ തേടിനടന്ന സ്ത്രീയും. മനുഷ്യഭാഗധേയങ്ങളെ കുറിച്ചുള്ള കവിയുടെ തീരാവ്യഥകൾ  കോർത്ത  അക്ഷരമാലകൾ ഇന്ദ്രജാലദീപങ്ങളായി ഉലയുന്ന രാത്രിയിലാണ് നാം എത്തിപ്പെടുന്നത്.  .
 
1999: അതിരുകളെന്ന ലക്ഷ്മണരേഖകൾ
ഞാൻ നിൽക്കുന്ന ഇടം അന്യന്റേയും ദേശമായി മാറുമ്പോൾ യുദ്ധങ്ങൾ അവസാനിക്കുന്നു. അതിർത്തികൾക്കും അഭയാർത്ഥി പ്രവാഹങ്ങൾക്കും പകരം സ്നേഹത്തിന്റെ തീർത്ഥയാത്രകൾ ആരംഭിക്കുന്നു. തോക്കുകളുടെയും ബോംബുകളുടെയും ഭീഷണിയില്ലാതെ എല്ലാവരും ഉറങ്ങിയുണരുന്ന ലോകം സമാധാനത്തെക്കുറിച്ചുള്ള വെറും ദിവാസ്വപ്നമാണോ? അതിർത്തിക്കരികിൽവച്ച് പട്ടാളക്കാരൻ  ശത്രുക്കളുടെ പിടിയിലകപ്പെടുമ്പോൾ അയാളുടെ ഗർഭിണിയായ ഭാര്യ ആ വാർത്തയുടെ ആഘാതത്തിൽ വരാന്തയിൽ കമിഴ്ന്നടിച്ചു വീഴുന്നിടത്താണ് ‘ലക്ഷമണരേഖ’ എന്ന കഥ തീരുന്നത്. ലോകമെമ്പാടുമുള്ള പലതരം യുദ്ധങ്ങളുടെ വ്യർത്ഥതയിൽ മനുഷ്യക്കുരുതികൾ പെരുകിക്കൊണ്ടിരിക്കുന്നു. ഏകലോകമെന്ന ആശയത്തിന്റെ സാധ്യതകൾ സങ്കൽപ്പത്തിലെങ്കിലും ആരായാൻ അമീറുന്നീസയുടെ ദുരന്തം നമ്മെ പ്രേരിപ്പിക്കും. 

1991: നരഭോജനത്തിന്റെ  പരിണാമഗുപ്തി
മതനിഷേധി, കവി, തീവ്രവിപ്ലവകാരി, പ്രായോഗിക നീക്കുപോക്കുകളുടെ  പരിഷ്കരണവാദി, മുൻകമ്യുണിസ്റ്റ്, അരാജകവാദി, നിയോ ലിബറൽ ചിന്തകനായ ബ്യുറോക്രാറ്റ് എന്നിങ്ങനെ ഏഴ് പരിണാമദശകളും കടന്നു നരഭോജിയിലെത്തി നിൽക്കുന്ന  ചെറിയാന്റെ വിലക്ഷണജീവിതമാണ് ‘കാനിബ്ൽ’ എന്ന കഥ. നഷ്ടപ്രണയം എട്ടുകാലിയുടെ രതിരൂപകത്തിൽ കുരുങ്ങുന്ന ആത്മഗതങ്ങൾ, തീപ്പെട്ടിച്ചിത്രങ്ങൾതൊട്ടു നായിന്റെ അസ്ഥികൂടംവരെ നീളുന്ന വിചിത്രവസ്തുശേഖരം തുടങ്ങിയ ആക്ഷേപഹാസ്യമുഹൂർത്തങ്ങൾ   നമ്മുടെ വായനകളിൽ അപൂർവ്വമാണ്. മൂന്നാംലോകത്തിൽ ജീവൻ നിലനിർത്തുക എന്നതുതന്നെ വലിയ കാര്യമാണെന്ന ന്യായത്തിന്മേൽ അവസരങ്ങൾക്കൊത്തു  കരുക്കൾ ഓരോന്നായി നീക്കിയ ക്രാന്തദർശിയുടെ പതനം നമുക്കിടയിൽ എല്ലായ്‌പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇരുണ്ട ഫലിതമാകുന്നു.

1993: അപരഗ്രഹത്തിലേക്കുള്ള യാത്രക്കാരി
മരുപ്പരപ്പിൽ വഴിതെറ്റിയെത്തിയ  സഞ്ചാരിയോടു മറ്റൊരു ലോകത്തിന്റെ സൂര്യനെ ഉച്ചിയിൽ ആവാഹിച്ച്  അവൾ പറയുന്ന പ്രഹേളികയാണ്  ‘ചൊവ്വ’. പിതാവും ഭ്രാതാവും ഒരു രാത്രിയിലെ കാമുകനും  ദുഃസ്വപ്നങ്ങളിൽ വിയർക്കുന്ന നെറ്റിത്തടത്തിലെ  മൂന്നാംകണ്ണായി അവളുടെ വിഭ്രമങ്ങളെ വലംവെക്കുന്നു. അന്നേരം അകത്തളത്തിൽ രണ്ടറ്റവും തുറന്ന മാംസക്കുഴലായി ആരോ കിടപ്പുണ്ട്. നിങ്ങൾ കടന്നുപോകുന്ന തരിശിലെ ഓരോ സംഭവങ്ങളും മൺചുമരിൽ തൂക്കിയ ചിത്രത്തിൽ എന്നെന്നും ആവർത്തിക്കുകയും ചെയ്യും. സമാന്തരദർപ്പണങ്ങൾക്കിടയിൽ കൊളുത്തിവെച്ച വിളക്കിന്റെ നാളം അനന്തപ്രതിബിംബങ്ങൾ തീർക്കുന്നതുപോലെ. ഓർമ്മ, കാഴ്ച, നിലനില്പിലെ ഇല്ലായ്മകൾ എന്നിവയുടെ ധാതുശേഖരങ്ങൾതേടി അന്യഗ്രഹത്തിലേക്കുള്ള യാത്രയാണ് ചൊവ്വ. കല്പനാശക്തിയുടെ ഗുരുത്വാകർഷണത്തിൽ നമ്മെ അപരിചിതമായ ആകാശപ്പരപ്പുകളിലിക്കു മാടിവിളിക്കുന്ന കഥപറച്ചിലും.

2000: തീറ്റക്കൊതിയന്മാർക്ക് ഒരു ആദ്ധ്യാത്മികപാത
അനശ്വരത കാംക്ഷിക്കുന്ന എല്ലാപേർക്കുമായി നീറേങ്കലിൽ ഒരു പുതിയ മതം ഉദയം ചെയ്തിരിക്കുന്നു: തീറ്റക്കൊതിയന്മാരുടെ ബുഭുക്ഷമതം. പ്രശസ്തിയുടെ പോരായ്മ   അലട്ടുന്ന സാഹിത്യസാംസ്കാരികരാഷ്ട്രീയ നശ്വരന്മാർക്കും കൂടിയുള്ള ഉദാരമായ പാക്കേജുകൾ ഈ മതത്തിലുണ്ട്.
 
'മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല' എന്ന് എതിർവാദമുയർത്തുന്നവരോട്  'പോരാ, മുട്ടക്കറി കൂടിവേണം' എന്ന ശരണംവിളിയാണ് ഈ മതത്തിന്റെ വേദാന്തം. ഇക്കൂട്ടരുടെ 'തിനമധു'വെന്ന മാസ്റ്റർപീസ് പലഹാരത്തെക്കുറിച്ചു കേട്ടറിഞ്ഞട്ടോ എന്തോ സാക്ഷാൽ ഗൗതമൻവരെ സീരിയലിലെ റോൾ ഉപേക്ഷിച്ചു ബുഭുക്ഷമതത്തിൽ ചേരാൻ അപേക്ഷ സമർപ്പിക്കുന്നു.  'നീറേങ്കൽ ചെപ്പേട് എന്ന ചരിത്രഗ്രന്ഥത്തിന്റെ രണ്ടാംദലം മൂന്നാംപടലത്തിൽനിന്ന്' എന്നാണ് കഥയുടെ ഉപശീർഷകം. 'നീറേങ്കൽ ചെപ്പേട്' എന്ന നോവലിന്റെ ഒരു ട്രയിലറാണ് ഇക്കഥയെന്നു പറയാം. നോവലിലെ ഉൾക്കരുത്തുള്ള ആക്ഷേപഹാസ്യത്തിന്റെ പ്രസരണങ്ങൾ ‘ബുഭുക്ഷമതം: ഉത്പത്തിയും വളർച്ചയും’ എന്ന ആദ്യകാല കഥയിൽ കാണാം.

1993: കൊളോണിയൽ കാമശാസ്ത്രത്തിലെ വിചിത്ര രീതികൾ
നിങ്ങളുടെ വിശ്വനാഗരികതയോടു കിടപിടിക്കുന്ന സംസ്ക്കാരവും സാങ്കേതിക പുരോഗതിയുമുള്ള അധോനഗരത്തിന്റെ ആവാസവ്യവസ്ഥയാണ് കഥയുടെ ഇടം. അവിടെ  വാടകക്കൊലയാളി ദൈവമായി മാറുന്നു. യുദ്ധഭൂമിയിലെ  അയാളുടെ പോർവിളികൾ വിശുദ്ധപുസ്തകമാകുന്നു. കൂനന്റെ പതിനാറായിരത്തിയെട്ടു പോസുകളിലുള്ള രതിലീലകളിലൂടെ നിന്ദിതരുടെ  നികൃഷ്ടചരിത്രം തുടർന്നുപോകുന്നു.

അതേസമയം നഗരത്തിലെ ഉപരിമധ്യവർഗ്ഗത്തിന്റെ കെട്ടിടസമുച്ചയത്തിലെ പതിമൂന്നാം നമ്പർ ഫ്‌ളാറ്റിൽ  പാചകഗ്യാസിന്റെ മണവും വാലിയം ഗുളികയുടെ ആശ്വാസവുമായി അവളുടെ വിമോചനസ്വപ്നങ്ങൾ അരങ്ങേറുന്നു. കണവൻ സാംസ്ക്കാരികചന്തയിൽ വിജയമാണെങ്കിലും കിടപ്പറയിൽ ദാർശനിക പരാജയം. അതിനാലാണ് സദാ മൗനിയായ ജാരനെ അവൾ കൈനീട്ടി സ്വീകരിക്കുന്നത്. അതിസാധരണതയാൽ അല്ലെങ്കിൽ കൃത്രിമ ക്ഷോഭങ്ങളാൽ മടുപ്പിക്കുന്ന  എഴുത്തുകളുടെ ലോകത്തു നന്ദകുമാറിന്റെ 'കൊളോണിയൽ കാമശാസ്ത്രം: രണ്ടു രീതികൾ'  എന്ന കഥയിലെ സ്തോഭജനകമായ വാക്യങ്ങൾ നമ്മെ പിടിച്ചുലക്കുന്നു.

1997: ഉത്തരധ്രുവത്തിലെ മഞ്ഞുകാറ്റുകൾ
തൃശൂർ നഗരത്തിലെ പാട്ടുരായ്ക്കലും ഉത്തരധ്രുവത്തിലെ എസ്കിമോകളുടെ ജീവിതവും തമ്മിലുള്ള ബന്ധമെന്താണ്? പരസ്പരബന്ധമില്ലെന്നു നാം കരുതിയ വസ്തുതകളിൽ പൊടുന്നനെ ബന്ധം കണ്ടെത്തുന്ന കലയുടെമാത്രം പ്രഭാവത്തിനു ദൃഷ്ടാന്തമാണ് 'എസ്കിമോ' എന്ന കഥ. അനിശ്ചിതമായവയുടെ ആഘോഷത്തിൽ ചരിത്രവും നരവംശശാസ്ത്രവും ഗണിതവും കമ്പ്യൂട്ടർ സയൻസും കൈകോർക്കുന്ന ഭാഷാനൃത്തമായി കഥ പരിണമിക്കുന്നു. ഇയ്യോബിന്റെ പുസ്തകത്തിലെ വ്യാകുലതകളിൽനിന്നും പാസ്കലിന്റെ മനനങ്ങളിലേക്കുള്ള പാട്ടുരായ്ക്കൽ പാലം എബ്രഹാമിനും അനിതക്കുമൊപ്പം വായനക്കാരും താണ്ടുന്നു. ഇതുവരെ ഉച്ചരിച്ച സ്ഥിരംവാക്കുകളെ തള്ളിപ്പറയാൻ.

1994: പരപ്പനങ്ങാടിയുടെ കുരിശിൽ ലൂക്കിന്റെ രോദനം
വിശന്നിട്ടും വിശക്കാത്ത കുടലിനോടു മല്ലിട്ടും പൊളിഞ്ഞു പാളീസായ തന്റെ    വയറ്റുപ്പിഴപ്പുകളോർത്തും കുടിലിന്റെ വരാന്തയിൽ ലൂക്ക് തളർന്നു കിടക്കുന്നു. പരപ്പനങ്ങാടി നെരൂദയെന്ന കവിസുഹൃത്ത് പ്ലാറ്റോയുടെ റിപ്പബ്ലിക്കിലെ കലാസങ്കല്പവും ലെനിന്റെ പ്രതിഫലന സിദ്ധാന്തവും വിശദീകരിക്കുമ്പോൾ ലൂക്ക് പൊട്ടിത്തെറിക്കുന്നു. വാക്കിന്റെ ഭ്രാന്തിനെക്കുറിച്ചു നന്ദകുമാർ ഊക്കോടെ പറയുന്ന കഥയാണ് 'പരപ്പനങ്ങാടി.'  ദീർഘമായ ഒറ്റ കാമറാഷോട്ടിലെന്നപോലെയുള്ള എഴുത്ത് ഒറ്റശ്വാസത്തിൽ വായിച്ചുതീരുമ്പോൾ പരപ്പനങ്ങാടിയുടെ കുരിശിൽ പിടയുന്ന ലൂക്കിന്റെ തിരുമുറിവികളിൽ നിന്നൊഴുകുന്ന ചോര കയ്യിൽ പുരളാതിരിക്കാൻ പേജ് അതിവേഗം മറിക്കാൻ തോന്നും. അപ്പോഴേക്കും ലൂക്കും കവിസുഹൃത്തും പരപ്പനങ്ങാടിയെ പുതിയ നിയമത്തിലേക്ക് ഉയർത്തിപ്പിടിച്ചിട്ടുണ്ടാകും.

1999: സുക്കർബർഗിന്റെ ആഗമനം പ്രവചിക്കുന്ന ഭദ്രകാളി
സൈബർ സ്പേസിലെ അതിപൂരിത യാഥാർഥ്യങ്ങളെ അഗാധമായ ഉൾക്കാഴ്ചകളോടെ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച കഥയാണ് 'വാർത്താളി: സൈബർ സ്പേസിൽ ഒരു പ്രണയനാടകം'.  ഹരി എന്ന കമ്പ്യൂട്ടർ നെറ്റ്‌വർക്ക് അധ്യാപകന്റെയും രമണി എന്ന സൈബോർഗിന്റെയും പ്രോഗ്രാം ചെയ്ത പ്രണയനാടകം കഥയുടെ ഒരു അടരിൽ നന്ദകുമാർ നിവർത്തിയിടുന്നു. ഒപ്പംതന്നെ നൂറ്റാണ്ടുകളിലൂടെ വ്യാപിക്കുന്ന വില്വമംഗലത്തു സ്വാമിയാരുടെയും കാളിയുടെയും ബന്ധവും ഹരിയുടെ മുത്തച്ഛനായ കുഞ്ഞുകുട്ടൻ എന്ന ദുർമന്ത്രവാദിയുടെ കാമപ്പേക്കൂത്തുകളും ആത്മനാശവും  മറ്റൊരു തലത്തിൽ അരങ്ങേറുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സൃഷ്ടികളിൽ ഒന്നായ ഈ  കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് വിപിൻ വിജയ് സംവിധാനം ചെയ്ത 'ചിത്രസൂത്രം' എന്ന സിനിമ.

2007: കർക്കിടകത്തിലെ പേമാരികൾ
ശില്പിയുടെയും ഉളിയുടെയും സ്ത്രീയുടെയും തീപാറുന്ന കാമനകൾ കൊത്തുന്ന 'കർക്കിടകത്തിന്റെ ശില്പം' സൃഷ്ടികർമ്മത്തിലെ ആനന്ദവും ക്രൂരമായ ബലികളും  സൂക്ഷ്മമായി കണ്ടെടുക്കുന്നു. ബഹുഭുജങ്ങൾ ഒരു ബിന്ദുവിലെത്തി പ്രപഞ്ചത്തിലേക്കു ചിതറിത്തെറിക്കുന്ന വേളയിൽ ഹരാകിരിയുടെ ആയുധം ചോരക്കളത്തിൽനിന്നും കുനിഞ്ഞെടുക്കാൻ നിയുക്തനായ കലാകാരന്റെ ശരിതെറ്റുകൾ എന്താണ്?

2015: മറയുടെ പുറകിലെ വംശഹത്യകൾ
പ്രച്ഛന്നബുദ്ധനായ ജഗദ്ഗുരുവിന്റെ ദിഗ്‌വിജയങ്ങളിൽ ഹിംസിക്കപ്പെട്ടതു  അഹിംസാദർശനമാണെന്നു മറ നീക്കിക്കാണിക്കുന്ന കരുത്തുറ്റ വിമർശനമാണ് 'മറ'.  ആധ്യാത്മിക വാചകമടികൾക്കു പുറകിലെ കലാപധ്വനികളും രക്തദാഹവും ഇപ്പോഴും തുടർന്നുപോവുകയാണ്. ആർത്തിയുടെ ഖനിനിലങ്ങളിൽ ഗോത്രഹത്യകൾക്ക്  ആക്കം കൂടുന്നു. അപമാനിതയായ സരസ്വതി വ്യാജചരിത്രനിർമ്മാണത്തിന്റെ എഴുത്താണി ഉന്തുന്നു. ആദിശങ്കരന്റെ വിജയം ടി.വി സ്‌ക്രീനിൽ പുനർജ്ജനിക്കുമ്പോൾ കർഷകർ ആത്മഹത്യ ചെയ്യുന്ന കൃഷിയിടങ്ങളിലൂടെ അമരസിംഹൻ ഇന്നും പട്ടിണിയിൽ അലഞ്ഞു നടക്കുകയാണ്. സമകാലികത എന്ന ദയനീയതയുടെ നേർചിത്രങ്ങൾ  'മറ'യിലെ നിഴലുകളിൽ കാണാം.

2015: സമയത്തിന്റെ അവസാനകണിക
എല്ലായ്‌പോഴും എഴുതാൻ തുടങ്ങുകയും ഒരിക്കലും ഒരു വരിപോലും മുഴുമിപ്പിക്കാൻ കഴിയാതിരിക്കുകയും ചെയ്ത ഒരാളുടെ അവസാന നിമിഷങ്ങളാണ് 'സമയം'.  എഴുത്ത് എന്ന അമിതഭാരം വാക്കുകളുടെ മറുപുറത്തുള്ള നിശ്ശബ്ദതയുടെ അനന്തലോകവുമായി  ഒത്തുചേരുന്ന മുഹൂർത്തത്തിൽ അയാൾ അദൃശ്യനായ സന്ദർശകനൊപ്പം ബാൽക്കണിയുടെ പുറത്തുള്ള രാത്രിയിലേക്കു കാലെടുത്തു വെക്കുന്നു. ആകാശത്തിലെ ഒറ്റനക്ഷത്രത്തിന്റെ രശ്‌മി എഴുത്തുമേശയിലെ ശൂന്യമായ കടലാസിൽ അയാളുടെ ബാല്യകാലത്തിലെ സന്ധ്യയുടെ തീജ്വാലകൾ പടർത്തുമ്പോൾ.

പദസമ്പത്ത്, ഉള്ളടക്കങ്ങളിലെ വൈവിധ്യം, ഏകതാനമായ ആഖ്യാനരീതികളെ ഉപേക്ഷിച്ചു പ്രതിപാദ്യങ്ങൾക്കു അനുസൃതമായി എഴുത്ത് സ്വയം കൈവരിക്കുന്ന അത്ഭുതാവഹമായ രൂപഘടനകൾ, വിവിധ ദർശനപദ്ധതികളും ശാസ്ത്രവും  ചരിത്രവും രാഷ്ട്രീയാവബോധവും കലയുടെ മൂശയിലൂടെ കടന്നുപോകുമ്പോൾ കൈവരിക്കുന്ന സൗന്ദര്യശക്തി- അതിനെല്ലാം നിദർശനമായ   കഥകളുടെ ശേഖരമാണിത്. സ്നേഹവും പിഴവുകളും അഭാവങ്ങളും മരണവും നിറഞ്ഞാടുന്ന ജീവിതവും പ്രകൃതിഭാവങ്ങളും നന്ദകുമാറിന്റെ വാക്കുകളിലൂടെ നിത്യനൂതനമായ ആയിത്തീരലുകളായി രൂപാന്തരം പ്രാപിക്കുന്നു. നമ്മുടെ ജൈവികപരിസരങ്ങളിൽ കാലുറപ്പിച്ചു ലോകത്തെയും പ്രപഞ്ചത്തെയും നോക്കിക്കാണലാണ് ആ എഴുത്ത്. ലളിതവത്ക്കരണങ്ങളും യാന്ത്രികനിർമ്മിതികളും വികാരവിരേചന ഒറ്റമൂലികളും സാഹിത്യചന്തയിൽ തിക്കിത്തിരക്കുമ്പോൾ മലയാളകഥയെ പരിപുഷ്ടമാക്കുന്ന പാതകളിലൂടെയാണ് നന്ദകുമാറിന്റെ അന്വേഷണങ്ങൾ. അനന്യമായ സർഗ്ഗവൈഭവത്തിന്റെ ഊർജ്ജസ്രോതസ്സുകളാണവ.

വാക്കിന്റെ അത്ഭുതാവഹമായ സാധ്യതകളിലൂടെ  വായന എഴുത്തിനേക്കാൾ ആനന്ദകരവും സൃഷ്ടിപരവുമാകുന്ന പ്രക്രിയ എന്തെന്നറിയാൻ എം. നന്ദകുമാറിന്റെ 'കഥകൾ' എന്ന കൃതി നിങ്ങളെ പ്രാപ്‌തരാക്കും.

പുസ്തകം: കഥകൾ
ഗ്രന്ഥകർത്താവ്: എം. നന്ദകുമാർ
പ്രസാധകർ: ഡി സി ബുക്‌സ്‌   
കവർ ചിത്രം: ഇ പി ഉണ്ണി
വില: Rs 140 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top