29 March Friday

ശ്രീല പ്രഭുപാദയുടെ ജീവിചരിത്രം‘മഹായോഗി’ മോഹൻലാൽ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 25, 2022

കെ വി മോഹന്‍ കുമാര്‍ രചിച്ച ജീവചരിത്രനോവല്‍ മഹായോഗി മോഹന്‍ലാല്‍ പ്രകാശനം ചെയ്യുന്നു

കൊച്ചി> ഇസ്‌കോണ്‍ സ്ഥാപകന്‍ ശ്രീല പ്രഭുപാദയുടെ ജീവിതം അടിസ്ഥാനമാക്കി വയലാര്‍ അവാര്‍ഡ് ജേതാവും റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ വി മോഹന്‍ കുമാര്‍ രചിച്ച ജീവചരിത്രനോവല്‍ മഹായോഗി മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കപ്പൂച്ചിന്‍ സന്യാസി ഫാദര്‍ ബോബി ജോസ് കട്ടികാടിന് ആദ്യകോപ്പി നൽകിയായിരുന്നു പ്രകാശനം.  മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.

സംവിധായകൻ സത്യന്‍ അന്തിക്കാട്, കപ്പൂച്ചിന്‍ സന്യാസി ഫാദര്‍ ബോബി ജോസ് കട്ടികാട്, എഴുത്തുകാരൻ ഷൗക്കത്ത്, കവി വി ജി തമ്പി, രചയിതാവ് കെ വി മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇസ്‌കോണില്‍ നിന്ന് ബാംഗ്ലൂര്‍ ഇസ്‌കോണ്‍ പ്രസിഡന്റും ദി അക്ഷയപാത്ര ഫൗണ്ടേഷന്‍ ചെയര്‍മാനും മലയാളിയുമായ ശ്രീ മധു പണ്ഡിറ്റ് ദാസ, ബാംഗ്ലൂര്‍ ഇസ്‌കോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീ ചഞ്ചലപതി ദാസ എന്നിവരും സന്നിഹിതരായിരുന്നു.

ഒരു ജീവചരിത്ര നോവല്‍ എന്നതിലുപരി ഹൃദയാവര്‍ജകമായ ശൈലിയില്‍ എഴുതപ്പെട്ടിട്ടുള്ള ദാര്‍ശനികമാനങ്ങളുള്ള രചനയാണ് മഹായോഗി.ഇതു വായിക്കുന്ന എല്ലാവരേയും, വിശേഷിച്ചും ചെറുപ്പക്കാരെ, മെച്ചപ്പെട്ട ഒരു സമൂഹനിര്‍മാണത്തിനായി ഈ പുസ്തകം പ്രചോദിപ്പിക്കുമെന്ന് ഇസ്‌കോണിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 1965ല്‍ കൊച്ചി വഴിയാണ് ശ്രീല പ്രഭുപാദ ഒരു ചരക്കുകപ്പലില്‍ അമേരിക്കയിലേയ്ക്കുള്ള തന്റെ ചരിത്രപ്രസിദ്ധമായ യാത്ര നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

ജീവചരിത്രനോവലിന് സാധാരണയായി ഒരുപാട് പരിമിതികളുണ്ടെന്ന് പുസ്തകം പ്രകാശനം ചെയ്തു സംസാരിച്ച മോഹന്‍ലാല്‍ പറഞ്ഞു. വസ്തുതകളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ഒരു നോവലിനു വേണ്ട വായനാസുഖവും നാടകീയതയും പലപ്പോഴും നിലനിര്‍ത്തനാവില്ല. എന്നാല്‍ സാധാരണ ഒരു നോവല്‍നായകന്റെ ജീവിതത്തിലെ നാടകീയതകളേക്കാള്‍ അനുഭവസമ്പന്നമായിരുന്നു ശ്രീല പ്രഭുപാദയുടെ ജീവിതമെന്നതിനാലാകണം മഹായോഗി എന്ന ഈ നോവലിനെ മനസ്സില്‍ത്തട്ടുന്ന വായാനാനുഭവമാക്കി മാറ്റാന്‍ മോഹന്‍കുമാറിന് സാധിച്ചിട്ടുണ്ട്. ശ്രീല പ്രഭുപാദയേയും ഇസ്‌കോണിനെയും പറ്റി കൂടുതല്‍ അറിയാത്ത മലയാളികളുടെ ജീവിതത്തിലും അങ്ങനെ ഈ പുസ്തകം വലിയ വെളിച്ചമാകുമന്നെും മോഹന്‍ലാല്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top