20 April Saturday
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം

മലബാര്‍ കലാപത്തെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് വിലയിരുത്തല്‍... ശ്രീജിത്ത് ശിവരാമന്‍ എഴുതുന്നു

ശ്രീജിത്ത് ശിവരാമന്‍Updated: Friday Jul 8, 2022

എസ്‌എഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും ജെഎന്‍യു ഗവേഷക വിദ്യാര്‍ത്ഥിയുമായ നിതീഷ് നാരായണനും, വിഖ്യാത മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ വിജയപ്രഷാദും ചേര്‍ന്ന് എഡിറ്റ് ചെയ്ത് ലെഫ്റ്റ് വേഡ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്‌തകമാണ് 1921 അപ്റൈസിംഗ് ഇന്‍ മലബാര്‍ എ കളക്ഷന്‍ ഓഫ് കമ്യൂണിസ്റ്റ് റൈറ്റിങ്സ്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്ത‌കത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷിക വേളയില്‍ ഈ കലാപത്തെ കേവല വര്‍ഗീയ കലാപമാക്കി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാറും രാഷ്ട്രീയ ഇസ്ളാമിസ്റ്റുകളും കൊണ്ടുപിടിച്ചു നടത്തുന്നതിനിടയിലാണ് ആ കലാപങ്ങളുടെ അര്‍ഥശാസ്ത്രപരമായ മാനങ്ങളെ തെളിമയോടെ അക്കാലത്തെ എഴുത്തുകളില്‍ തന്നെ അവതരിപ്പിക്കാന്‍ ലേഖകര്‍ തയ്യാറാകുന്നത്.

മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യുകയും അതിനെ ഒരു 'ഹിന്ദുവിരുദ്ധ ജിഹാദ്' എന്ന രീതിയില്‍ അവതരിപ്പിക്കാനുമുള്ള സംഘപരിവാര്‍ ശ്രമങ്ങളെ കൊളോണിയല്‍ കാലഘട്ടത്തില്‍ തന്നെ കമ്യുണിസ്റ്റുകാര്‍ എങ്ങനെയാണ് ഈ കലാപത്തെ വിലയിരുത്തിയത് എന്നു പരിശോധിച്ച് അവയെ പൊതുമണ്ഡലത്തില്‍എത്തിക്കുകയെന്ന സുപ്രധാനമായ രാഷ്ട്രീയ ദൗത്യമാണ് ഈ പുസ്തകം നിര്‍വഹിക്കുന്നത്.

പിണറായി വിജയന്റെ  അവതാരികയ്ക്കും, എഡിറ്റര്‍മാരുടെ സാമാന്യം ദീര്‍ഘമായ ആമുഖത്തിനും പുറമെ ഇന്ത്യന്‍ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ അബനി മുഖര്‍ജി,  എ കെ ഗോപാലന്‍, ഇ എം എസ്, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ബംഗാളിയിലേക്ക് തര്‍ജമ ചെയ്ത ആദ്യകാല ഇടതുപക്ഷ നേതാവായ സൗമ്യേന്ദ്രനാഥ് ടാഗോര്‍ എന്നിവര്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ തന്നെ മലബാര്‍ കലാപത്തെ കുറിച്ച് തയ്യാറാക്കിയ പഠനങ്ങളും, മലബാര്‍ കലാപത്തിന്റെ 25þാം വാര്‍ഷികത്തില്‍ (1946) കമ്യൂണിസ്റ്റ് പാര്‍ട്ടി പാസാക്കിയ '1921 ന്റെ ആഹ്വാനവും താക്കീതും' എന്ന പ്രമേയവും, കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ പാര്‍ട്ടി പോളിറ്റ്ബ്യുറോ അംഗം സുഭാഷിണി അലി എഴുതിയ ലേഖനവുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടിപ്പുസുല്‍ത്താനുശേഷം മലബാറില്‍ അധികാരം നേടിയ ബ്രിട്ടീഷുകാര്‍ ഭൂബന്ധങ്ങളില്‍ തികച്ചും ജനവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തി. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട പുതിയ ജന്മി-ഭൂവുടമ വര്‍ഗ്ഗം ചോദ്യംചെയ്യപ്പെടാനാകാത്ത ദൈവസമാനമായ ഒരു ഭരണവര്‍ഗമായി മാറി. തങ്ങള്‍ക്കാവശ്യമായ നികുതി ലഭിക്കുന്നിടത്തോളം ബ്രിട്ടീഷ് കൊളോണിയലിസം ഈ ജന്മി-ഭൂവുടമാ വര്‍ഗത്തെ സര്‍വാത്മനാ പിന്തുണയ്ക്കുകയും ചെയ്തു. ഒരു വശത്ത് കൊളോണിയലിസത്തിന്റെയും മറുവശത്ത് ജന്മിമാരുടെയും ചൂഷണത്തിനുള്ളില്‍ ഞെരിഞ്ഞ കുടിയാന്മാരും കര്‍ഷകത്തൊഴിലാളികളും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതലെങ്കിലും ചെറുത്തുനില്‍പ്പുകള്‍ ആരംഭിക്കുന്നുണ്ട്.

ആധുനികമായ ഒരു രാഷ്ട്രീയ നേതൃത്വമോ സംഘാടന സാധ്യതകളോ ഇല്ലാത്തതിനാല്‍ തന്നെ കലാപ സമാനമോ ശഹീദുകള്‍ പോലുള്ള അതിസാഹസികതകളോ ആയിരുന്നു കുടിയാന്മാരും കര്‍ഷകത്തൊഴിലാളികളും ആശ്രയിച്ചത്. എന്നാല്‍ കൊളോണിയലിസം ഈ പ്രതിഷേധങ്ങളുടെ വര്‍ഗ സ്വഭാവത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയും പകരം ഇതിനെ 'മാപ്പിള കലാപം' എന്ന രീതിയില്‍ വംശീയമായി അടയാളപ്പെടുത്താനുമാണ് ശ്രമിച്ചത്.

1921 ഒക്ടോബറില്‍ തന്നെ അബനി മുഖര്‍ജി മലബാര്‍ കലാപത്തെക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. പ്രസ്തുത റിപ്പോര്‍ട്ടില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: 'ഹിന്ദുക്കള്‍ കലാപത്തിന്റെ കെടുതികള്‍ കൂടുതലായി അനുഭവിക്കേണ്ടി വന്നത് അവര്‍ ഒരു പ്രത്യേക മതമായതിനാലല്ല. മറിച്ച് ചൂഷക -ജന്മി വിഭാഗം ഭൂരിഭാഗവും ഹിന്ദുവിഭാഗം ആയതിനാലാണ്. ബൂര്‍ഷ്വാ താല്പര്യങ്ങള്‍ക്കനുസൃതമായി മാപ്പിള കലാപകാരികളെ യന്ത്രത്തോക്കിനാല്‍ അമര്‍ച്ചചെയ്യാന്‍ സര്‍ക്കാരിനായിരിക്കുന്നു, ഇന്ത്യയിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും വിപ്ലവ വികാരങ്ങളെയാണ് അവര്‍ അടിച്ചമര്‍ത്തിയിരിക്കുന്നത്''.

അബനി മുഖര്‍ജിയുടെ ഈ റിപ്പോര്‍ട്ട് വായിച്ച ലെനിന്‍ അത് കോമിന്റേണ്‍ നേതാവായ ബുഖാറിന് അയച്ചുകൊടുത്തു. ഇന്ത്യയിലെ വസ്തുനിഷ്ഠ സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളും ലേഖനങ്ങളും വരാന്‍ ശ്രദ്ധിക്കണം എന്ന ആവശ്യത്തോടെയാണ് ലെനിന്‍ ഇതയച്ചു കൊടുക്കുന്നത്.

ഇന്ത്യന്‍ വര്‍ഗീയത അതിന്റെ ഏറ്റവും ബീഭത്സമായ രൂപങ്ങള്‍ കൈവരിക്കുകയും ആഗോളതലത്തില്‍ ഫാസിസം ലോകത്തെ രണ്ടാം ലോക യുദ്ധത്തിലേക്ക് തള്ളിവിടുകയും ചെയ്ത സാഹചര്യത്തില്‍ മലബാര്‍ കലാപത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍ വീണ്ടും ചര്‍ച്ചാ വിഷയമായി. മലബാറിലെ വര്‍ഗീയ മുന്നേറ്റങ്ങള്‍ അതിനെ ഒരു മാപ്പിള ലഹളയാക്കി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസ്സിന്റെ സവര്‍ണ  ജന്മി നേതൃത്വമാകട്ടെ കലാപത്തിനുശേഷം മുസ്ലീം ജനവിഭാഗങ്ങളെയാകെ അകറ്റി നിര്‍ത്തുന്ന സമീപനം സ്വീകരിച്ചു. ഈ ഘട്ടത്തില്‍ 1943 ല്‍ ഇ എം എസ് മലബാര്‍ കലാപത്തിന്റെ വര്‍ഗപരവും സാമുദായികവുമായ ഘടനയെ വിശകലനം ചെയ്തുകൊണ്ട് ലേഖനം എഴുതി.

എന്തുകൊണ്ട് കലാപം ദക്ഷിണ മലബാറില്‍ കേന്ദ്രീകരിച്ചു, എന്തുകൊണ്ട് കൂടുതലായും മുസ്ലിം ജനവിഭാഗം അതില്‍ പങ്കുചേര്‍ന്നു തുടങ്ങിയ പ്രധാന ചോദ്യങ്ങളെ അദ്ദേഹം അതില്‍ അഭിസംബോധന ചെയ്തു. 1946-ല്‍ മലബാര്‍ കലാപത്തിന്റെ 25-ആം വാര്‍ഷികത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി '1921 ന്റെ ആഹ്വാനവും താക്കീതും' എന്ന പ്രമേയം പാസാക്കി. കോണ്‍ഗ്രസിന്റെ വര്‍ഗ സ്വഭാവത്തെ വ്യക്തമാക്കിക്കൊണ്ട് കേശവമേനോന്‍ ഈ പ്രമേയത്തെ നിശിതമായി വിമര്‍ശിച്ച് മാതൃഭൂമിയില്‍ ലേഖനമെഴുതി. അതിനു മറുപടിയായി ഇ എം എസ് ദേശാഭിമാനിയില്‍ ഒരു ലേഖനവും എഴുതി.

കോണ്‍ഗ്രസ്സിന്റെ സവര്‍ണ- ജന്മി നിലപാടുകളോടുള്ള നിശിതമായ വിമര്‍ശനമായിരുന്നു ആ ലേഖനം. മദ്രാസ് അസംബ്ലിയില്‍ മലബാര്‍ കലാപത്തിന്റെ കാര്‍ഷിക അടിത്തറയെ കുറിച്ച് കമ്യുണിസ്റ്റ് നേതാവ് രാമമൂര്‍ത്തിയും കോൺഗ്രസ്സ് നേതാവ് രാജഗോപാലാചാരിയും തമ്മില്‍ നടന്ന സംവാദവും ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ്സിന്റെ വര്‍ഗ സ്വഭാവവും കമ്യുണിസ്റ്റുകാരുടെ വിശകലന മേന്മയും വായനക്കാരെ ബോധ്യപ്പെടുത്തുന്നതാണ് ഇവയെല്ലാം. മലബാറില്‍ വേരുറപ്പിക്കാന്‍ സവര്‍ക്കര്‍ തന്നെ നേരിട്ട് നടത്തിയ ശ്രമങ്ങളും കമ്പളത്ത് ഗോവിന്ദന്‍ നായരെപ്പോലുള്ള കമ്യൂണിസ്റ്റ് സാംസ്കാരിക പ്രവര്‍ത്തകര്‍ കലാപത്തെ അടയാളപ്പെടുത്തിയതുമെല്ലാം ആമുഖത്തില്‍ ഉള്‍പ്പെടുത്താന്‍ ലേഖകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ചരിത്രം വര്‍ത്തമാനകാല പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ്. അതുകൊണ്ടുതന്നെയാണ് മുതലാളിത്തവും അതിന്റെ ജീര്‍ണരൂപമായ ഫാസിസവും ചരിത്രത്തെ അത്രമേല്‍ ഭയക്കുന്നതും തിരുത്താന്‍ നിരന്തരം ശ്രമിക്കുന്നതും. മലബാറിലെ രാഷ്ട്രീയ മാറ്റങ്ങളുടെ ഗതിവിഗതികളെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുകയും വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ പോരടിക്കുകയും ചെയ്യുന്ന സകലമനുഷ്യരും നിശ്ചയമായും വായിക്കേണ്ട പുസ്തകമാണ് '1921 അപ്റൈസിംഗ് ഇന്‍ മലബാര്‍'.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top