16 April Tuesday

അളന്നുവെട്ടിയ നക്ഷത്രക്കുപ്പായം

പ്രശാന്ത് നാരായണന്‍Updated: Sunday Nov 20, 2016

കടുത്ത ദാരിദ്യ്രത്തില്‍ ബാല്യവും കൌമാരവും ജീവിച്ചുതീര്‍ത്ത ഒരാള്‍. നടനായിത്തീരണമെന്ന ആഗ്രഹംവച്ച് സിനിമയുമായി അടുക്കാന്‍പറ്റുന്ന എല്ലാ മുഹൂര്‍ത്തങ്ങളും ഉപയോഗിച്ചുള്ള ആ ജീവിതം സരസമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഇന്ദ്രന്‍സിന്റെ ഓര്‍മകള്‍, 'സൂചിയും നൂലും'. താനെത്ര ചെറുതാണ് എന്ന് അദ്ദേഹം ചിന്തിക്കുന്നു. സിനിമാലോകത്തുനില്‍ക്കുമ്പോള്‍ ഉണ്ടാകാവുന്ന 'ഇമേജുകളോട്' തീരെ താല്‍പ്പര്യം കാണിക്കാതെ താന്‍ വ്യാപരിക്കുന്ന കാര്യത്തില്‍ ആത്മാര്‍ഥമായി ഇടപെടുന്നതാണ് ശീലമെന്ന് അദ്ദേഹം ഈ പുസ്തകത്തില്‍ അടിവരയിട്ടിട്ടുണ്ട്. സിനിമയില്‍ പ്രവേശനം ലഭിച്ചാല്‍ കഴിഞ്ഞകാലങ്ങളെ വിസ്മരിക്കുന്നവരാണ് പലരും. എന്നാല്‍, ഇന്ദ്രന്‍സ് തന്റെ ഭൂതകാലത്തെ മാറോടണയ്ക്കുകയും എല്ലാ മുഖങ്ങളെയും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരിക്കുന്നു.

മദ്രാസില്‍നിന്ന് പനിപിടിച്ച് ട്രെയിന്‍ കയറിയ ദിവസത്തെ ഇന്ദ്രന്‍സ് ഓര്‍ത്തെടുത്തിരിക്കുന്നത് അനുവാചകന്റെ ഹൃദയത്തെ ഞെട്ടിക്കും; ഒപ്പം കരയിക്കുകയുംചെയ്യും. അപരിചിതനായ ഒരു സഹയാത്രികന്‍ പനിപിടിച്ച തന്നെ പരിചരിച്ച കഥയാണത്. തിരക്കേറിയ ട്രെയിനില്‍ ഇരിക്കാന്‍ സീറ്റുകിട്ടാതെ തുന്നിത്തീര്‍ത്ത വസ്ത്രക്കെട്ടിനുമേല്‍ ഇരുന്നുറങ്ങവേ നാരങ്ങാവെള്ളം തന്നതും അടുത്ത സ്റ്റേഷനില്‍ ചായ വാങ്ങാന്‍ ഇറങ്ങിപ്പോയതും ഇന്ദ്രന്‍സ് വിശദീകരിക്കുന്നു. ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് തനിക്കുള്ള ചായയുമായി ഓടിക്കേറാന്‍ ശ്രമിക്കവെ കാല്‍വഴുതി അയാള്‍ ട്രാക്കിനും ട്രെയിനിനും ഇടയില്‍ വീണുപോയ നിമിഷം ഇന്നുമാമുഖം ഇന്ദ്രന്‍സ് ഓര്‍ത്തെടുക്കുന്നു.

പുസ്തകത്തിന്റെ ആദ്യഭാഗത്ത് 'ഒരുപാട് സൂചിക്കുഴയിലൂടെ നൂലുപോലെ നൂര്‍ന്നുവന്ന ജീവിതം' എന്ന് ഇന്ദ്രന്‍സ് പറയുന്നുണ്ട്. അച്ഛനമ്മമാരെക്കുറിച്ചുള്ള സ്മൃതികളില്‍ ദുഃഖവും പശ്ചാത്താപവും അഭിമാനവും നിറച്ചുവച്ചിരിക്കുന്നു. തന്റെ അച്ഛന്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ എന്നുപറയുന്നതിലെ അഭിമാനംപോലെതന്നെ അന്നത്തെ തയ്യല്‍ത്തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും രാഷ്ട്രീയബോധമുള്ളവരും സഖാക്കളും ആയിരുന്നെന്ന് ഇന്ദ്രന്‍സ് അഭിമാനംകൊള്ളുന്നുണ്ട്. പലനിറങ്ങളിലും നിറക്കേടുകളിലും തുന്നിയെടുത്തതാണ് 'ഞാനെന്റെ നക്ഷത്രക്കുപ്പായം' എന്ന് ആമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. കുട്ടിക്കാലത്ത് അവനവന്റെ ശരീരത്തിന്റെ കെല്‍പ്പില്ലായ്മകൊണ്ടുണ്ടായ അപകര്‍ഷതാബോധം ഇദ്ദേഹത്തെ ഇന്നും പിന്തുടരുന്നു. അജയ്യനെങ്കിലും പലപ്പോഴും ഇന്ദ്രന്‍സ് സ്വയംചുരുങ്ങുന്നതിനുകാരണവും ഇതുതന്നെയല്ലേ എന്ന് വായനക്കാരന് തോന്നിപ്പോകും. 'കുടക്കമ്പി'പോലെയുള്ള ഇരട്ടപ്പേരുകളില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങളെക്കണ്ട് കൊലുന്ന ശരീരത്തോടുള്ള പരിഹാസത്തിലാണ് പ്രേക്ഷകര്‍ ആര്‍ത്തുചിരിച്ചത്. എന്നാല്‍, ഈ പുസ്തകം വായിച്ചുതീരുമ്പോള്‍ എത്ര കനപ്പെട്ട ജീവിതമാണ് അദ്ദേഹം പിന്നിട്ടതെന്ന് മനസ്സിലാകും. ഉടുതുണിക്കു മറുതുണിയില്ലാത്ത ബാല്യം, പഠിക്കാന്‍ മിടുക്കനായിട്ടും വീട്ടിലെ ദാരിദ്യ്രംകൊണ്ട് പഠനംനിര്‍ത്തേണ്ടിവന്ന അവസ്ഥ, പുത്തനുടുപ്പിന്റെ ഉത്സാഹകാലമായ ഓണം ഇതെല്ലാം ഓര്‍ത്തെടുത്ത് കോര്‍ത്തിരിക്കുന്നു.

പന്ത്രണ്ടാംവയസ്സില്‍ തയ്യല്‍ത്തൊഴിലാളിയാകുകയും പടിപടിയായി ഉയര്‍ന്ന് വസ്ത്രാലങ്കാരസംവിധായകന്റെ കുപ്പായം ധരിച്ച് അഭ്രപാളിയിലെ നിറസാന്നിധ്യമായി പരിണമിക്കുകയുംചെയ്ത കഥ ഉള്ളുരുക്കത്തോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. നാടകവുമായുള്ള അഭേദ്യമായ ബന്ധം, മനസ്സിന്റെ മറവിലൊളിഞ്ഞുകിടന്ന കലയോടുള്ള വല്ലാത്ത സ്നേഹം പതിയെപ്പതിയെ പടികള്‍ ചവിട്ടിക്കയറുകയായിരുന്നു ഇന്ദ്രന്‍സ്. അമൂര്‍ത്തമായതോ ദുരൂഹമായതോ ആയ എന്തെങ്കിലും പ്രതിപാദ്യം ഈ പുസ്തകം തയ്യാറാക്കിയ ഷംസുദ്ദീന്‍ കുട്ടോത്ത് വരുത്തിയിട്ടില്ല എന്നതാണ് ഈ പുസ്തകത്തിന്റെ വലിയ മേന്മ.

പല നിറത്തിലും പല തരത്തിലും ചിതറിക്കിടന്നിരുന്ന തന്റെ ജീവിതത്തുണിക്കഷ്ണങ്ങളെ മോശമല്ലാത്ത കൈയടക്കത്തോടെ തുന്നിച്ചേര്‍ത്തിട്ടുണ്ട് ഇന്ദ്രന്‍സ് സൂചിയും നൂലും എന്ന പുസ്തകത്തില്‍.

ഇരുപത്തൊന്ന് അധ്യായങ്ങളിലായി ജീവിതത്തിന്റെ നേരന്വേഷിക്കുന്ന ഇന്ദ്രന്‍സിന്റെ ഓര്‍മപ്പുസ്തകം വായനക്കാരന് സവിശേഷമായ ജീവിതയിടത്തെ പരിചയപ്പെടുത്തും. അനുഭവിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top