09 December Saturday
ഇന്ത്യൻ കലകളുടെ പ്രചാരണത്തിന്‌ 40 പുസ്‌തകം രചിച്ച്‌ മലയാളി

കലയാണ് ജീവന്‍

സുനീഷ്‌ ജോ suneeshmazha@gmail.comUpdated: Sunday Sep 24, 2023

ബി എ സുരേഷും വിദ്യഭവാനിയും

‘ക്ലാ സിക്കൽ കലകളും നാടൻകലകളും കൂടുതൽ പേരിലേക്ക്‌ എങ്ങനെ എത്തിക്കാൻ കഴിയുമെന്ന ആലോചനയിൽനിന്നാണ്‌ പുസ്‌തകമെഴുത്ത്‌ എന്ന ആശയമുണ്ടായത്‌. ഇന്നിപ്പോൾ 23 വർഷമാകുന്നു. 40 പുസ്‌തകം എഴുതി. വർഷത്തിൽ ഒരു പുസ്‌തകം എന്ന നിലയിലാണ്‌ ഇപ്പോൾ എഴുത്ത്‌ ’ –-വിദ്യഭവാനി സുരേഷ്‌ പറഞ്ഞു.

നർത്തകിയെന്ന നിലയിൽ

ചെറുപ്പത്തിൽത്തന്നെ നൃത്തം അഭ്യസിച്ചു. വി പി ധനഞ്‌ജയനും കെ ജെ സരസയുടെയും കീഴിൽ ഭരതനാട്യം അഭ്യസിച്ചു. 16–-ാം വയസ്സിലായിരുന്നു അരങ്ങേറ്റം. പരീക്ഷണങ്ങൾ നടത്താനും നിരവധി വേദികളിൽ നൃത്തം അവതരിപ്പിക്കാനും പ്രശംസ പിടിച്ചുപറ്റാനും കഴിഞ്ഞു. ഇപ്പോഴും ഭരതനാട്യം ചെയ്യാറുണ്ട്‌. സാധാരണക്കാർക്ക്‌ മനസ്സിലാകുംവിധമുള്ള കഥകൾ തെരഞ്ഞെടുത്ത്‌ അവതരിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. കർണാട്ടിക്‌ സംഗീതവും അഭ്യസിച്ചിട്ടുണ്ട്‌. വിദുഷി എ പി കോമളത്തിന്റെ കീഴിലായിരുന്നു പഠനം. എംഎ ഫോക്‌‌ലോർ പഠനം നാടൻകലകളെക്കുറിച്ച്‌  കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. സ്‌കൂളുകൾ, കോളേജുകൾ, കമ്പനികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ  സംഗീതം, ഇന്ത്യൻ നൃത്തകല എന്നിവയെക്കുറിച്ച്‌ പ്രഭാഷണവും വർക്‌ഷോപ്പുകളും നടത്താറുണ്ട്‌. കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ ഫെലോഷിപ് ലഭിച്ചിട്ടുണ്ട്‌.

സ്‌കന്ദ പബ്ലിക്കേഷൻസ്‌

അപ്രിയേറ്റിങ്‌ ഭരതനാട്യം എന്നപേരിൽ 2000ൽ പുസ്‌തകമെഴുതി. ഭരതനാട്യത്തെ അറിയാനും ആസ്വദിക്കാനും പ്രയോജനപ്പെടുന്ന വിധത്തിലാണ്‌ അതിന്റെ ഉള്ളടക്കം. എന്തായിരിക്കണം പുസ്‌തകത്തിന്റെ ഉള്ളടക്കം എന്നതിനെക്കുറിച്ചുള്ള ധാരണ നേരത്തേതന്നെ ഉണ്ടായിരുന്നതിനാൽ മൂന്നുമാസത്തിനകം എഴുതി പൂർത്തിയാക്കാനായി. അതിന്‌ മാധ്യമങ്ങളിൽനിന്ന്‌ ഉൾപ്പെടെ നല്ല പിന്തുണ ലഭിച്ചു. ജീവിതപങ്കാളിയും മാധ്യമപ്രവർത്തകനുമായ ബി എ സുരേഷാണ്‌ സ്‌കന്ദ പബ്ലിക്കേഷൻസ്‌ എന്ന പേര്‌ പ്രസാധനത്തിനായി നിർദേശിച്ചത്‌. പുസ്‌തകം വിചാരിച്ചതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതോടെ  നിലവിലുണ്ടായിരുന്ന കമ്പനി സെക്രട്ടറി ജോലി രാജിവച്ചു. പുസ്‌തകത്തിന്റെ എഡിറ്റിങ്‌ ജോലി നിർവഹിച്ചത്‌ സുരേഷാണ്‌. അദ്ദേഹം പത്രത്തിലെ ജോലിയും രാജിവച്ചു. തുടർന്ന്‌ പുസ്‌തകമായി ഞങ്ങളുടെ പ്രധാന രംഗം.

23 വർഷം 40 പുസ്‌തകം

പെരിന്തൽമണ്ണ സ്വദേശിയാണ്‌ ബി എ സുരേഷ്‌. അദ്ദേഹം കുട്ടിക്കാലത്തുതന്നെ കഥകളി, കൂടിയാട്ടം എന്നിവ കണ്ടുശീലിച്ച ആളാണ്‌. ഇത്തരം കലകളോട്‌ ഹൃദയഅടുപ്പമുണ്ട്‌. എൽഎൽബിക്കുശേഷം അഭിഭാഷകനാകാൻ ചെന്നൈയിൽ എത്തിയ അദ്ദേഹം പിന്നീട്‌ മാധ്യമപ്രവർത്തനത്തിലേക്ക്‌ തിരിയുകയായിരുന്നു. വിദ്യ പാലക്കാട്‌ സ്വദേശിയാണ്‌.  ജനിച്ചതും വളർന്നതും  ചെന്നൈയിലാണ്‌. അമ്മ ആകാശവാണി ഉദ്യോഗസ്ഥയായിരുന്നു. അങ്ങനെയാണ്‌ ചെന്നൈയിൽ സ്ഥിരതാമസമാക്കിയത്‌.

23 വർഷത്തിനിടെ ഭരതനാട്യം, കുച്ചുപ്പുടി, കഥകളി, കൂടിയാട്ടം, കർണാട്ടിക്‌ സംഗീതം,  പരമ്പരാഗത നൃത്തകലാരൂപങ്ങൾ  എ‌ന്നിവയിലാണ്‌ 40 പുസ്‌തകത്തിന്റെ രചന നടത്തിയത്‌. പല നൃത്തരൂപങ്ങളും ഫോട്ടോ സഹിതമാണ്‌ പുസ്‌തകത്തിൽ പരിചയപ്പെടുത്തുന്നത്‌. ഇതിനായി കലാകാരന്മാരുടെ പ്രത്യേക ഷോകൾ നടത്തും. പ്രമുഖ കലാകാരരുടെ അഭിമുഖങ്ങൾ, ഗവേഷണം എന്നിവ നടത്തിയാണ്‌ പുസ്‌തകരചന.

മാജിക്കൽ ജീവിതം

അസാധ്യമെന്ന്‌ തോന്നിയ വഴിയിലൂടെയാണ്‌ 23 വർഷവും സഞ്ചരിച്ചത്‌. ജീവിതപങ്കാളിയായ സുരേഷ്‌ നല്ല എഡിറ്റർ ആയതുകൊണ്ടുകൂടിയാണ്‌ പുസ്‌തകങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്‌. അറേഞ്ച്‌ഡ്‌ വിവാഹമായിരുന്നിട്ടും കലയിൽ ഏറെ താൽപ്പര്യമുള്ളയാളെ ലഭിച്ചതാണ്‌ ജീവിതത്തെ സന്തോഷഭരിതവും അർഥപൂർണവുമാക്കി മാറ്റിയത്‌. തന്നെ സംബന്ധിച്ച്‌ മാജിക്കൽ ലൈഫ്‌ ആണിത്‌. കലയെ പരിചയപ്പെടുത്താനായി ഇപ്പോൾ യു ട്യൂബ്‌ ചാനലും ആരംഭിച്ചിട്ടുണ്ട്‌. നല്ല കലകൾ ആസ്വദിക്കാൻ അവയെക്കുറിച്ചുള്ള അറിവ്‌ പകരാനുള്ള ശ്രമം അത്‌ ഇനിയും തുടരും–- വിദ്യ പറഞ്ഞു. പുസ്‌തകം എഴുത്തുമായി മുന്നോട്ടുപോകുമ്പോൾ സ്ഥിരവരുമാനമില്ല എന്നത്‌ ചിലപ്പോഴൊക്കെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്‌. എങ്കിലും  മൂന്നു മക്കളെയും മികച്ചരീതിയിൽ വിദ്യാഭ്യാസം നൽകാനും അവർക്ക്‌ അവർ ആഗ്രഹിക്കുന്ന നിലയിൽ മുന്നോട്ടുപോകാനും പിന്തുണ നൽകാൻ കഴിഞ്ഞിട്ടുണ്ട്‌. ഞങ്ങളുടെ ആഗ്രഹവും സ്വപ്‌നവും അവർക്കുവേണ്ടി മാറ്റിവയ്‌ക്കേണ്ടിയും വന്നിട്ടില്ല–- വിദ്യ പറഞ്ഞുനിർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top