26 April Friday

"ഇന്ത്യൻ ജനാധിപത്യ സംസ്കാരം' ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ഊർജ്ജം നൽകുന്ന കൃതി

ഡോ.എം ആർ രാജേഷ് Updated: Wednesday Jan 1, 2020

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ ഭരണഘടനാവിരുദ്ധമായി ഭരണകൂടം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സമകാലിക പരിസരത്തിൽ വായിക്കേണ്ട, ചർച്ച ചെയ്യേണ്ട ഒരു പുസ്തകമാണ് ഡോ.പി വി കൃഷ്ണൻനായർ രചിച്ച "ഇന്ത്യൻ ജനാധിപത്യ സംസ്കാരം'. ഹിന്ദുത്വ ഫാസിസ്റ്റ് ആശയങ്ങൾ നടപ്പിലാക്കാൻ ജനതയെ വർഗ്ഗീയമായി വിഭജിച്ച്, മതേതരത്വ ജനാധിപത്യ മൂല്യങ്ങൾ കാറ്റിൽ പറത്തി രാജ്യത്ത് ഭയത്തിന്റെ വിത്തുകൾ പാകുവാനാണ് ഇന്നത്തെ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എല്ലാവരേയും ഉൾക്കൊള്ളലാണ് ജനാധിപത്യമെന്നും ജനതയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും നമ്മെ ഓർമ്മിപ്പിക്കവാനുമാണ് ഈ പുസ്തകം ശ്രമിക്കുന്നത്.

"ഇന്ത്യൻ ജനാധിപത്യ സംസ്കാരം' പത്ത് ലേഖനങ്ങളsങ്ങിയ സമാഹാരമാണ്. "ജനാധിപത്യ സംസ്കാരം: തത്വങ്ങൾ' എന്ന ലേഖനത്തിൽ ജനാധിപത്യത്തിന്റെ സവിശേഷതയെ കുറിച്ചാണ് പറയുന്നത്. ജനാധിപത്യ മൂല്യങ്ങൾക്കു വേണ്ടിയുള്ള വിശുദ്ധമായ അന്വേഷണത്തെ പിന്തുടരുവാൻ സാഹിത്യകാരന്മാരും ബുദ്ധിജീവികളും വർത്തമാനകാലത്ത് ശ്രമിക്കേണ്ടതാണെന്ന് ഈ ലേഖനം ഓർമ്മിപ്പിക്കുന്നു.

"ജനാധിപത്യവും സംസ്കാരവും ഇന്ത്യൻ പരിപ്രേക്ഷ്യത്തിൽ ' എന്ന ലേഖനം ജനാധിപത്യ സമ്പ്രദായത്തിന്റെ ചരിത്രത്തെ വിവരിക്കുന്നതോടൊപ്പം അതിന്റെ പ്രധാന ദോഷങ്ങളെ അക്കമിട്ട് പറയുകയും ചെയ്യുന്നു."ജനാധിപത്യവും സ്വാതന്ത്ര്യവും' എന്ന ലേഖനം ജനാധിപത്യത്തിലെ സ്വാതന്ത്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്.രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പുമെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്. വിയോജിക്കുവാനും ഭരണകൂടത്തിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുവാനും പൗരന്മാർ ഇന്ന് തെരുവിലിറങ്ങുമ്പോൾ അതിനെ ബ്രീട്ടീഷുകാരേക്കാൾ മോശമായി അടിച്ചമർത്തുവാനാണ് കേന്ദ്ര ഗവൺമെന്റ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിലെ സ്വാതന്ത്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സന്ദർഭങ്ങളെയാണ് ഈ ലേഖനം ഓർമ്മിപ്പിക്കുന്നത്.

"ജനാധിപത്യവും അധികാരവും ' എന്ന ലേഖനം അധികാരത്തെ സംബന്ധിച്ചുള്ള വിശകലനമാണ്. അധികാരത്തെ ജന സേവന മാർഗമാക്കി മാറ്റുകയാണ് ഇന്നത്തെ നന്മുടെ പ്രധാന കർത്തവ്യമെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നു."ജനാധിപത്യം ആദർശങ്ങളിൽ നിന്നും പ്രയോഗങ്ങളിൽ എത്തുമ്പോൾ ' എന്ന ലേഖനം ജനാധിപത്യത്തിന്റെ ആദർശങ്ങളായ എല്ലാ മനുഷ്യരും തുല്യർ, മനുഷ്യന്റെ അന്തസ്സിന്റെ അംഗികാരം, നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്യം, സഹിഷ്ണുത, ചിന്താ സ്വാതന്ത്ര്യം, വികേന്ദ്രീകരണം എന്നിവയെ കുറിച്ച് വിശദീകരിക്കുന്നു. ജനാധിപത്യത്തിന് പല പോരായ്മകളുണ്ടെങ്കിലും അതിനെ സംരക്ഷിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് ഈ ലേഖനം ഓർമ്മപ്പെടുത്തുന്നു.

സ്വാതന്ത്ര്യം, സമന്വയം, സഹിഷ്ണുത എന്നീ ലേഖനം മേൽപറഞ്ഞ മൂന്നു ഘടകങ്ങളെക്കുറിച്ച് വിവരിക്കുന്നു സംസ്കാര സമന്വയമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ സവിശേഷത.ഉൾക്കൊള്ളലാണ് ഇന്ത്യയുടെ പ്രത്യേകത. പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യൻ ജനതയെ വിഭജിക്കുവാനും പുറത്താക്കാനും ശ്രമിക്കുന്ന സമകാലിക രാഷ്ട്രീയത്തെ നാം തിരിച്ചറിയേണ്ടതുണ്ട്.

ഇന്ത്യ: ഹിന്ദുമതം, ഹിന്ദുത്വ വാദം എന്ന ലേഖനം സംഘപരിവാർ ഇന്ന് പ്രചരിപ്പിക്കുന്ന ഹിന്ദുത്വത്തെ വിമർശിക്കുന്നു. ഇന്ത്യൻ ദേശീയതയെ ഹിന്ദു മതത്തിലേക്ക് സംഘ പരിവാർ ചുരുക്കുന്നു. മതത്തെ അധികാര രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതിനെ ഈ ലേഖനം വിമർശിക്കുന്നു.

ഒരു മനുഷ്യന്റെ ജീവിതം വിലയിരുത്തേണ്ടത് അവൻ സമ്പാദിക്കുന്ന വസ്തുക്കളുടെ അടിസ്ഥാനത്തിലല്ലാ. അവൻ സമൂഹത്തിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്.ഇത് ഓർമ്മപെടുത്തുന്ന ലേഖനമാണ് "നൽകുന്നതിലാണ്, ധന്യത നേടുന്നതിലല്ല'. അധികാരത്തിന്റെ വ്യത്യസ്തമായ മുഖങ്ങളെയാണ് "അധികാരം: പ്രശ്നവും പരിഹാരവും' എന്ന ലേഖനം ചർച്ച ചെയ്യുന്നത്. അധികാരത്തിന്റെ ദൂഷ്യവശങ്ങളെ എങ്ങനെ ഒഴിവാക്കണമെന്നാണ് ഗാന്ധിജി ആലോചിച്ചത്. ആരുടെ കയ്യിലായാലും അധികാരം ചീത്തയാണെന്നാണ് ഗാന്ധിജി വിശ്വസിച്ചത്. അധികാരം ജന വിരുദ്ധമായി പ്രയോഗിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങളെയാണ് ഈ ലേഖനം ഓർമ്മിപ്പിക്കുന്നത്.

സമകാലിക ഇന്ത്യയിലെ ഭരണകൂട ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കുവാനുള്ള ആശയപരമായ ഊർജ്ജം നൽകുന്ന കൃതിയാണ് ഡോ. പി.വി കൃഷ്ണൻ നായരുടെ "ഇന്ത്യൻ ജനാധിപത്യ സംസ്കാരം'. മതേതരത്വത്തേയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കുവാൻ എല്ലാവരും ഒത്തൊരുമിക്കേണ്ട കാലമാണിതെന്ന് ഈ കൃതി ഓർമ്മിപ്പിക്കുന്നു. വളരെ ലളിതമായ ഭാഷയിൽ കാര്യങ്ങളെ വ്യക്തമായി അവതരിപ്പിക്കുന്ന ഈ കൃതിയുടെ വർത്തമാന പ്രസക്തി നാം തിരിച്ചറിയേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top