20 April Saturday

ദാരിദ്ര്യ നിർമ്മാർജനത്തിനായി ചൈന ചെയ്‌ത ഞെട്ടിപ്പിക്കുന്ന കഥകൾ; വായിച്ചിരിക്കേണ്ട ബുക്ക്‌ലെറ്റ്... ദീപക് പച്ച എഴുതുന്നു

ദീപക് പച്ചUpdated: Monday Aug 1, 2022

നമ്മുടെ രാജ്യവും ചൈനയും ഏതാണ്ട് ഒരേ സമയത്ത് സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളാണ്. അന്ന് ചൈനയുടെ സ്ഥിതി നമ്മുടെതിനെക്കാൾ വളരെ മോശമായിരുന്നു. എന്നാൽ ഇന്ന് ചൈന നമ്മുടെ രാജ്യത്തെക്കാൾ ഏതാണ്ട് എല്ലാ സൂചികകളിലും മുന്നിലാണ്. മുന്നിലെന്ന് പറഞ്ഞാൽ ഒരുപാട് മുന്നിൽ. ചൈനയ്ക്കെതിരെയുള്ള ‘ഇൻഫോർമേഷൻ വാർ’ ൽ അകപെട്ടതും കൊണ്ടും അല്ലാതെയും നിങ്ങൾക്ക് ചൈനയോട്, അതിൻറെ രാഷ്‌ട്രീയത്തോട് പലവിധ വിമർശനങ്ങളുണ്ടാകും. പക്ഷേ ദാരിദ്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും തങ്ങളുടെ ജനതയെ കൈപിടിച്ചുയർത്താനുള്ള ചൈനയുടെ വിജയകരമായ ശ്രമങ്ങളിൽ അത്ഭുതപ്പെടാതിരക്കാനും അഭിനന്ദിക്കതിരിക്കാനും ആർക്കും കഴിയില്ല.

140 കോടി ജനങ്ങളുള്ള ചൈനയിൽ ദാരിദ്ര്യം നിർമ്മാർജനം ചെയ്‌തെന്ന് അവർ പ്രഖ്യാപിച്ചത് 2021 ഫെബ്രുവരിയിലാണ്. ഇത് ചൈനീസ് ഏജൻസികൾ മാത്രം പറയുന്ന ഒന്നല്ല. ചൈനയെക്കുറിച്ച് പഠിക്കുന്ന പുറത്തുള്ള ഏജൻസികളും ചൈനയുടെ ഈ നേട്ടത്തെ അംഗീകരിക്കുന്നുണ്ട്. 1949 ലെ വിപ്ലവത്തിന് ശേഷം ഏതാണ്ട് 85 കോടി ജനങ്ങളെയാണ് ചൈന ദാരിദ്ര്യത്തിൽ നിന്ൻ കരകയറ്റിയത്. ജനസംഖ്യയുടെ മൂന്നിൽ രണ്ടു ജനങ്ങളും ദാരിദ്ര്യത്തിൽ ജീവിക്കുന്ന നമ്മുടെ ഇന്ത്യ ചൈനയുടെ ദാരിദ്ര്യ നിർമ്മാർജന പരിപാടികൾ സത്യത്തിൽ കണ്ടു പഠിക്കേണ്ടതാണ്. ചൈന എങ്ങനെയാണ് ഈ ലക്ഷ്യം കൈവരിച്ചത് എന്ൻ ചുരുക്കി വിശദീകരിക്കുന്ന ബുക്ക്‌ലെറ്റ് ആണ്  “Serve the People: The Eradication of Extreme Poverty in China” എന്ന പേരിൽ Tricontinental: Institute for Social Research 2021 ജൂണിൽ പ്രസിദ്ധീകരിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ സിദ്ധാന്തവും പ്രയോഗവും എല്ലാം കൃത്യമായി ബുക്കിൽ വിശദീകരിക്കുന്നുണ്ട്.

1950 ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായി ഒരു മാസങ്ങൾക്ക് ശേഷമുള്ള കണക്കുകൾ പ്രകാരം ആളോഹരി വരുമാനത്തിൽ ചൈനയ്‌ക്കും പിറകിലായി രണ്ട് ഏഷ്യൻ രാജ്യങ്ങളും എട്ട് ആഫ്രിക്കൻ രാജ്യങ്ങളും (Myanmar, Mongolia, Botswana, Burundi, Ethiopia, Guinea, Guinea Bissau, Lesotho, Malawi, and Tanzania) മാത്രമേ ഉണ്ടായിരുന്നുള്ളു. അതായത് ചൈന ലോകത്ത് 11 മാതെ ദാരിദ്ര്യ രാഷ്‌ട്രമായിരുന്നു. അവിടെ നിന്നാണ് ചൈന ഇന്നത്തെ നിലയിലേക്ക് വളർന്നത് എന്നോർക്കണം. 1978 നും 2011 നും ഇടയിൽ ചിഅനയിൽ സമ്പൂർണ്ണ ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകൾ 770 ദശലക്ഷത്തിൽ നിന്ന് (ജനസംഖ്യയുടെ 80% ) 122 ദശലക്ഷം (9.1 ശതമാനം) മായി കുറഞ്ഞു എന്നാണ് കണക്ക്. അതും ദാരിദ്ര്യ ദാരിദ്ര്യരേഖ പ്രതിവർഷം 2,300 യുവാൻ എന്ന പരിധിയിൽ കണക്കാക്കുമ്പോൾ (അതായത് ഏതാണ്ട് 27000 രൂപ) ആണെന്ന് കൂടി ഓർക്കണം. നമ്മുടെ  രാജ്യത്ത് ദാരിദ്ര്യം കണക്കാക്കുന്നത്  പ്രതിവർഷം വരുമാനം ഗ്രാമീണ മേഖലയിൽ 11664 രൂപയ്‌ക്കും  നഗരമേഖലയിൽ 16884 രൂപയ്‌ക്കും താഴെ ഉള്ളവരെയാണ് .

ഈ 9.1 % കൂടി പട്ടിണിയിൽ നിന്നും കരകയറ്റാൻ  2014 ൽ ഷി ജിംഗ് പിങ്ങിന്റെ നേതൃത്വത്തിലാണ് ദാരിദ്ര്യം പൂർണമായും നിർമ്മാർജനം ചെയ്യാനുള്ള Targeted Poverty Alleviation (TPA) നു ചൈന തുടക്കം കുറിക്കുന്നത്. TPA യുടെ മുദ്രവാക്യമെന്നത് ഇതാണ് one income, two assurances, and three guarantees. അതായത് എല്ലാ കുടുംബത്തിനും ഒരു നിശ്ചിത വരുമാനത്തിനുള്ള വഴി കണ്ടെത്തി ക്കൊടുക്കുന്നതോടൊപ്പം അഞ്ചു മറ്റ് സൗകര്യങ്ങൾ കൂടി ഉറപ്പ് വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ‘ Two assurances’- ഭക്ഷണവും വസ്‌ത്രവും, ‘three guarantees’- പ്രാഥമിക ആരോഗ്യവും പാർപ്പിടവും, കുടിവെള്ളവും വൈദ്യുതിയും, സൌജന്യ വിദ്യാഭ്യാസം (9 വർഷം). ഇതാണ് ദാരിദ്യ നിർമ്മാർജനതിന്റെ ചൈനീസ് മോഡൽ.

വരുമാന വിതരണം മാത്രം പരിഗണിച്ചാൽ ദാരിദ്ര്യ നിർമ്മാർജനം ചെയ്യാൻ കഴിയില്ലെന്നു മനസ്സിലാക്കി പദ്ധതികൾ ആവിഷ്‌ക്കരിച്ചു എന്നതാണ് TPA യുടെ ഏറ്റവും വലിയ പ്രത്യേകത. നോബൽ സമ്മാന ജേതാവ് അമർത്യസെൻ വികസിപ്പിച്ചെടുത്ത ദാരിദ്ര്യവുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങളെ പരിഗണിക്കുന്ന multidimensional poverty എന്ന ആശയവും അതിനെ പിൻപറ്റി ഐക്യ രാഷ്ട്ര സഭയും ഒക്‌സ്ഫോർഡും ചേർന്ൻ രൂപപ്പെടുത്തിയ Multidimensional Poverty Index (MPI) എന്ന സൂചികയാണ് ചൈന അതിൻറെ ദാരിദ്ര്യ നിർമ്മാർജനത്തിനായി  സ്വീകരിച്ചത്. TPA വിജയകരമായി പൂർത്തിയാക്കാൻ ചൈനയ്‌ക്ക് കഴിഞ്ഞത് അതിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകരുടെ സേവന സന്നദ്ധത കൊണ്ടാണ്. 2014ൽ 800,000 പാർട്ടി കേഡർമാരെ സംഘടിപ്പിച്ചു

രാജ്യത്തുടനീളമുള്ള എല്ലാ വീടുകളും സന്ദർശിച്ച് സർവേ നടത്തി 128,000 ഗ്രാമങ്ങളിലായി 29.48 ദശലക്ഷം വീടുകളിൽ  89.62 ദശലക്ഷം ദരിദ്രരുണ്ട് എന്ന് കണ്ടെത്തിയതായിരുന്നു TPA യുടെ ആദ്യ പടി. സംഘാടകർ ഇല്ലാതെ ഒരു സംഘടനയുമില്ല. 2021 ലെ കണക്കുകൾ പ്രകാരം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടിയിൽ 9.51 കോടി അംഗങ്ങളുണ്ട്. ഇതിൽ 2.7 കോടി സ്‌ത്രീകളാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് ഒരു രാജ്യം ആയി പരിഗണിച്ചാൽ ജാനസംഖ്യയിൽ ലോകത്ത് അതിനു പതിനാറാം സ്ഥാനമുള്ള രാജ്യമാകും.  ഈ പാർടി അംഗങ്ങളാണ് ചൈനയുടെ കരുത്ത്. 30 ലക്ഷം പാർടി അംഗങ്ങളെ 255 ,000 ടീമാക്കി ദാരിദ്ര്യമുള്ള വില്ലേജുകളിൽ പോയി താമസിച്ചു ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് സന്നദ്ധരാക്കാൻ പാർടിക്ക് കഴിഞ്ഞു. മോശം കാലാവസ്ഥ കാരണവും മറ്റും ഈ പ്രവർത്തനത്തിനിടയിൽ 1800 പാർടി അംഗങ്ങൾക്കാണ് ജീവൻ നഷ്ട്ടപ്പെട്ടത്. ഈ പദ്ധതിയുടെ വലിപ്പം മനസിലാക്കാനുള്ള കൂടുതൽ വിശദാംശങ്ങൾ ഞാൻ ഇവിടെ എഴുതുന്നില്ല. അത് ബുക്ക്‌ ലെറ്റ് വായിച്ച് തന്നെ മനസ്സിലാക്കുന്നത് ആകും നല്ലത്.
 
അഞ്ചു സുപ്രധാന വഴികളിലൂടെയാണ്‌ ഈ ദാരിദ്ര്യ നിർമ്മാർജനം ലക്ഷ്യം കണ്ടത് industry, relocation, ecological compensation, education, and social assistance. ഇവ കേന്ദ്രീകരിച്ചു ഗ്രാമങ്ങളിൽ വരുമാനം ഉറപ്പാക്കാൻ ചൈന നടത്തിയ പ്രത്യേക പദ്ധതികളും എല്ലാം പുസ്‌തകത്തിൽ ചെറുതായി വിശദീകരിക്കുന്നുണ്ട്. തലമുറകൾ ആയുള്ള ദാരിദ്യം നിർമ്മാർജനം ചെയ്യാൻ ഏറ്റവും പ്രാധാന്യം വഹിച്ചത് വിദ്യാഭ്യാസമാണ്. ദാരിദ്ര്യം കാരണം വിദ്യഭാസ്യം ഉപേക്ഷിച്ച 200,000 കുട്ടികൾക്ക് (2013 പ്രകാരം) സ്‌കൂളിലേക്ക് തിരിച്ചു വരാനുള്ള സൗകര്യം സർക്കാർ ഒരുക്കി. സ്‌കൂൾ സൗകര്യം മെച്ചപ്പെടുത്താൻ കൂടുതൽ നിക്ഷേപം ആ മേഖലയിൽ നടത്തി. 2020 പ്രകാരം ചൈനയിലെ 95.3 % സ്‌കൂളുകൾക്കും ഇന്റർനെറ്റ് സൌകര്യമുണ്ട്. 2019-20 ലെ കണക്ക് പ്രകാരം നമ്മുടെ ഇന്ത്യയിൽ ഇത് 22% ആണെന്ന് മനസിലായാൽ മാത്രമേ ഈ നേട്ടത്തിന്റെ വലിപ്പം ബോധ്യമാകൂ.

മറ്റൊരു പ്രധാന ഘടകം സാമൂഹ്യ സുരക്ഷ സഹായ പദ്ധതിയാണ്. ഇതാണ് സുപ്രസിദ്ധമായ dibao പദ്ധതി. ഏതെങ്കിലും കുടുംബത്തിന്റെ ആളോഹരി വരുമാനം ദാരിദ്ര്യ രേഖയ്‌ക്കും താഴെ ആണെങ്കിൽ അവരെ ഉയർത്തുന്നത് വരെ അവർക്ക് ഈ സഹായം ലഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനസഹായ പദ്ധതികളിൽ ഒന്നാണ് ഇത്. ഈ വിധത്തിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന, മനുഷ്യ സ്നേഹികളായവരെ ആവേശം കൊള്ളിക്കുന്ന ഒരുപാട് കാര്യങ്ങൾ ഈ ചെറു പുസ്‌തകത്തിലുണ്ട്. ഇത്രയും പറഞ്ഞത് വെറുതെ ചൈനയെ പുകഴ്ത്താൻ അല്ല, വേറൊരു ലോകം സാധ്യമാക്കാനുള്ള രാഷ്‌ട്രീയ സാദ്ധ്യതകൾ ലോകത്തുണ്ട് എന്ന് പറയാൻ വേണ്ടി മാത്രമാണ്.

Note: 66 പേജുള്ള പുസ്‌തകത്തിന്റെ PDF Tricontinental വെബ്സൈറ്റിൽ ലഭ്യമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top