26 March Sunday

മൂന്നാംലോക കവിത വിവര്‍ത്തനം ചെയ്യുമ്പോള്‍...സച്ചിദാനന്ദന്‍ എഴുതുന്നു

സച്ചിദാനന്ദന്‍Updated: Thursday Mar 17, 2022

സച്ചിദാനന്ദന്‍


കവിതാപരിഭാഷ ഞാന്‍ കവിതയെഴുത്തിനോടൊപ്പം തന്നെ ആരംഭിച്ചതാണ്. ഹൈസ്‌കൂളില്‍ വച്ചാണ് ഒമര്‍ ഖയ്യാമിന്റെ ചില ‘റൂബായി’കള്‍ സംസ്‌കൃത വൃത്തങ്ങളില്‍ തർജമ ചെയ്യുന്നത്. പിന്നീടുള്ള വിദ്യാര്‍ഥിക്കാലത്ത് ബ്രിട്ടീഷ് റൊമാന്റിക്കുകളുടെ ചില കവിതകള്‍ പരിഭാഷ ചെയ്തു. ‘കേരളകവിത’ ത്രൈമാസികത്തിനുവേണ്ടി പല ഇന്ത്യക്കാരും വിദേശികളുമായ കവികളുടെയും കൃതികളും പിന്നീട് പരിഭാഷപ്പെടുത്തി...

പാബ്ലോ നെരൂദയെക്കുറിച്ച്‌ തൃശൂര്‍ ‘വിശ്വദര്‍ശന’ നടത്തിയ പുസ്തകദീര്‍ഘമായ ഒരു പ്രഭാഷണത്തിലാണ് ‘മൂന്നാംലോക ആധുനികത’ എന്ന, കലാസാഹിത്യങ്ങളിലെ പുരോഗമനപരമായ ആധുനികതയെ സംബന്ധിച്ച, സങ്കല്പം ഞാന്‍ ആദ്യം അവതരിപ്പിക്കുന്നത്‌. യൂറോപ്യന്‍ ആധുനികതയില്‍ നിന്നും വ്യത്യസ്തമായ ഒരു ബദല്‍ ആധുനികതയാണ് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ വികസിക്കേണ്ടത് എന്നും അതിന്റെ ഉന്മുഖത്വം സാമൂഹ്യവിപ്ലവം ആകണമെന്നും അത് സമത്വം ഉയര്‍ത്തിപ്പിടിക്കണം എന്നും ഒരു പുതിയ രാഷ്ട്രീയ ലാവണ്യബോധത്തിന് തുടക്കം കുറിക്കണം എന്നുമായിരുന്നു എന്റെ വാദം.

ഇത് സിദ്ധാന്തവൽക്കരിക്കപ്പെട്ടിട്ടില്ലെങ്കിലും അനേകം മൂന്നാംലോക കവികളും കലാകാരന്മാരും പ്രയോഗത്തിലൂടെ അങ്ങനെയൊന്ന്‌ സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ആ പ്രഭാഷണത്തില്‍ ചിത്രകലയിലും കവിതയിലും സിനിമയിലും നിന്ന് അനേകം ഉദാഹരണങ്ങളോടെ ഞാന്‍ ചൂണ്ടിക്കാണിച്ചു.

എസ്രാ പൗണ്ട്, ടി എസ് എലിയറ്റ് തുടങ്ങിയവര്‍ പ്രതിനിധാനം ചെയ്‌തിരുന്ന വ്യക്തികേന്ദ്രിതവും ഹതാശവുമായ ആധുനികതയ്‌ക്ക്‌ പകരം

പാബ്ലോ നെരൂദ

പാബ്ലോ നെരൂദ

പാബ്ലോ നെരൂദ, സെസാര്‍ വയെഹോ തുടങ്ങിയ ലാറ്റിൻ അമേരിക്കന്‍ കവികളും  ഡേവിഡ്‌ ദിയോപ്പ്, ലിയോപോള്‍ഡ് സെൻഗോര്‍, അയ്‌മേ സെസയര്‍ തുടങ്ങിയ ആഫ്രിക്കന്‍ കവികളും  ലാങ്സ്‌റ്റന്‍ ഹ്യൂസ്, മാര്‍ഗരറ്റ് വാക്കര്‍ തുടങ്ങിയ അമേരിക്കനാഫ്രിക്കന്‍ കവികളും പ്രതിനിധാനം ചെയ്യുന്ന മാനുഷികവും പരിവര്‍ത്തനോന്മുഖവുമായ ആധുനികതയാണ് നാം ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ പുനഃസൃഷ്ടിക്കേണ്ടത്‌ എന്നായിരുന്നു എന്റെ വാദത്തിന്റെ ചുരുക്കം.

പീറ്റര്‍ ബര്‍ഗര്‍ തന്റെ ‘തിയറി ഓഫ് ദി അവാങ്‌ ഗാദ്’ എന്ന കൃതിയില്‍ പറയുംപോലെ, മുന്നണി സാഹിത്യത്തിന്റെ കൃത്യം പുതിയ ലാവണ്യബോധം സൃഷ്ടിക്കുക മാത്രമല്ല, വ്യവസ്ഥയെയും വ്യവസ്ഥാപിത സാഹിത്യ സ്ഥാപനങ്ങളെയും ചോദ്യം ചെയ്യുക കൂടിയാണ്; അങ്ങനെ മാത്രമേ മലയാളം ഉള്‍പ്പെടെയുള്ള  ഇന്ത്യന്‍ ഭാഷകളില്‍ ‘പുരോഗമനവും’  ‘ആധുനികത’യും തമ്മിലുണ്ടായിരുന്ന വിചിത്രമായ വൈരുധ്യം പരിഹരിക്കാന്‍ കഴിയൂ: ഇതായിരുന്നു ഞാന്‍ മുന്നോട്ടുവച്ച വാദം.

വളരെ മുമ്പേതന്നെ ഞാന്‍ തുടക്കമിട്ടിരുന്ന ആധുനികതാ വിമര്‍ശനത്തിന് ഒരു പുതിയ ദിശ  നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തത്. അതിനകം തന്നെ പ്രയോഗത്തിലൂടെ ഞങ്ങള്‍ പലരും ഈ ദിശയില്‍ മുന്നേറിയിരുന്നു. യുടെ ‘ബംഗാള്‍’, ‘അയോദ്ധ്യ’, ‘നിശ്ശബ്ദത’, എന്റെ ‘സത്യവാങ്ങ്മൂലം’,‘പനി’,‘നദികള്‍’ തുടങ്ങിയ കവിതകള്‍ ഉദാഹരണം. മറ്റു ചില യുവകവികളും ഈ ദിശയില്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

എനിക്ക്‌ പരിചിതമായ മറ്റ്‌ ഇന്ത്യന്‍ ഭാഷകളിലും ഈ രീതിയിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഹിന്ദിയിലെ ധൂമില്‍, സര്‍വേശ്വര്‍ ദയാല്‍ സാക്‌സേന, രഘുവീര്‍ സഹായ്, വിജയ് ദേവ് നാരായണ്‍ സാഹി തുടങ്ങിയവര്‍ നല്ല ഉദാഹരണങ്ങളാണ്.

ഇവരുടെയും തെലുങ്കിലെ വിപ്ലവകവികളുടെയും മറാഠിയിലെ നാംദേവ് ഢസാല്‍, നാരായന്‍ സുര്‍വേ, അര്‍ജുന്‍ ഡാന്‍ഗ്ലെ തുടങ്ങിയ ദളിത്‌ കവികളുടെയും മറാത്തി ദളിത്‌ കവിതയുടെ മലയാളത്തില്‍ വന്ന ആദ്യവിവർത്തനങ്ങൾ ഞാന്‍ നടത്തിയവയാണ്.

കെ ജി ശങ്കരപ്പിള്ള

കെ ജി ശങ്കരപ്പിള്ള

ആ പ്രസ്ഥാനം തുടങ്ങുമ്പോള്‍ തന്നെ ഫെമിനിസ്റ്റ്‌ ചായ്‌വുള്ള കുറെ ഇന്ത്യന്‍ സ്ത്രീകവികളുടെയും പരിഭാഷകളും ഞാന്‍ ചെയ്തിരുന്നു. ഈ ആശയത്തിന് മൂര്‍ത്തമായ ചില ആവിഷ്‌കാരങ്ങളിലൂടെ പിന്‍ബലം നല്‍കാനാണ് ഞാന്‍ മൂന്നാംലോക കവിതയുടെ പരിഭാഷകള്‍ ആരംഭിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ കവിത ഉള്‍പ്പെടെ എണ്ണൂറിലേറെ പേജുവരുന്ന വിവര്‍ത്തനങ്ങള്‍ മൂന്നാം ലോക ആധുനികതയ്‌ക്ക്‌ ഉദാഹരണമാക്കാവുന്നതായി ഞാന്‍ ഇതിനകം ചെയ്തിട്ടുണ്ട്. കവിതാപരിഭാഷ ഞാന്‍ കവിതയെഴുത്തിനോടൊപ്പം തന്നെ ആരംഭിച്ചതാണ്.

ഹൈസ്‌കൂളില്‍ വച്ചാണ് ഒമര്‍ ഖയ്യാമിന്റെ ചില ‘റൂബായി’കള്‍ സംസ്‌കൃത വൃത്തങ്ങളില്‍ തർജമ ചെയ്യുന്നത്. പിന്നീടുള്ള വിദ്യാര്‍ഥിക്കാലത്ത് ബ്രിട്ടീഷ് റൊമാന്റിക്കുകളുടെ (വേഡ്സ്‌വര്‍ത്ത്, ഷെല്ലി, കീറ്റ്സ്, ബൈറണ്‍) ചില കവിതകള്‍ പരിഭാഷ ചെയ്തു. ‘കേരളകവിത’ ത്രൈമാസികത്തിനുവേണ്ടി പല ഇന്ത്യക്കാരും വിദേശികളുമായ കവികളുടെയും കൃതികള്‍ (ജീബനാനന്ദ ദാസ്, ചെയ്‌രില്‍ അൻവര്‍, സിബ്ന്യൂ ഹെര്‍ബെര്‍ട്ട്, വടക്കുകിഴക്കൻ  ഇന്ത്യന്‍ കവികള്‍...)പിന്നീട് പരിഭാഷ ചെയ്തു. ‘നവയുഗ’ ത്തിന്റെ ഒരു വാർഷികപ്പതിപ്പിന്‌ ‘വിശ്വവിപ്ലവകവികള്‍’ എന്ന പേരില്‍ കെ ജി ശങ്കരപ്പിള്ളയുമൊത്ത് കുറച്ചു കവിതകളും ഞാന്‍ പരിഭാഷപ്പെടുത്തിയിരുന്നു.

ഞാന്‍ നെരൂദയുടെ തെരഞ്ഞെടുത്ത കവിതകളുടെ വിവര്‍ത്തനം ചെയ്തത് ഒരു മാസം കൊണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ കാലമായിരുന്നു.

പി ഗോവിന്ദപ്പിള്ള ഇരിഞ്ഞാലക്കുടയില്‍ അന്ന് ഞാന്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ വന്ന്‌ നെരൂദയുടെ തെരഞ്ഞെടുത്ത കവിതകള്‍ ഗ്രന്ഥശാലാസംഘം അന്ന് തുടങ്ങിയിരുന്ന പുസ്തക പ്രസാധന സംരംഭത്തിനുവേണ്ടി വിവര്‍ത്തനം ചെയ്യണം എന്ന് ആവശ്യപ്പെട്ടു. വിവര്‍ത്തനത്തിലുള്ള എന്റെ താൽപ്പര്യവും പരിചയവും നന്നായി അറിയാവുന്നതുകൊണ്ടാണ് സഖാവ് പിജി നെരൂദാ വിവര്‍ത്തനം എന്നെ വിശ്വസിച്ചേല്‍പ്പിക്കാം എന്നു കരുതിയത്‌ എന്ന് തീര്‍ച്ച.

പി ഗോവിന്ദപ്പിള്ള ഇരിഞ്ഞാലക്കുടയില്‍ അന്ന് ഞാന്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ വന്ന്‌ നെരൂദയുടെ തെരഞ്ഞെടുത്ത കവിതകള്‍ ഗ്രന്ഥശാലാസംഘം അന്ന് തുടങ്ങിയിരുന്ന പുസ്തക പ്രസാധന സംരംഭത്തിനുവേണ്ടി വിവര്‍ത്തനം ചെയ്യണം എന്ന് ആവശ്യപ്പെട്ടു.

പി ഗോവിന്ദപ്പിള്ള

പി ഗോവിന്ദപ്പിള്ള

വിവര്‍ത്തനത്തിലുള്ള എന്റെ താൽപ്പര്യവും പരിചയവും നന്നായി അറിയാവുന്നതുകൊണ്ടാണ് സഖാവ് പിജി നെരൂദാവിവര്‍ത്തനം എന്നെ വിശ്വസിച്ചേല്‍പ്പിക്കാം എന്നു കരുതിയത്‌ എന്ന് തീര്‍ച്ച.

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, കരാറുപോലും തയ്യാറാക്കിയാണ് അദ്ദേഹം വന്നിരുന്നത്. ഞാന്‍ ഒപ്പിട്ടു കൊടുക്കുകയും ചെയ്തു (കൂടാതെ ഹോചിമിന്റെ ജയില്‍ ഡയറിയും തർജമ ചെയ്തു). ഒരു യജ്ഞം പോലെയാണ് ഞാനതു ചെയ്തത്, ലഹരിയോടെ, മിക്കവാറും ഉറക്കമൊഴിച്ചുകൊണ്ട്. അത് കോളേജില്‍ വേനലൊഴിവിന്റെ മാസങ്ങളായിരുന്നു. നെരൂദ തന്നെ തെരഞ്ഞെടുത്തു ജ ഋ ച ന്റെ നേതൃത്വത്തില്‍ പെലിക്കന്‍ പ്രസിദ്ധീകരിച്ച പുസ്തകമായിരുന്നു ആധാരം (അന്ന് സമ്പൂർണകൃതികള്‍ ഇംഗ്ലീഷില്‍ വന്നിട്ടില്ല). അതിന്റെ ഒരു ഗുണം അതില്‍ സ്‌പാനിഷ് മൂലവും ഉണ്ടായിരുന്നു എന്നതാണ്. അത് വായിക്കാന്‍ കഴിയുമായിരുന്നു; ഒത്തുനോക്കാനും. ‘ഓള്‍ഡ്‌ ഇംഗ്ലീഷ്’ എംഎയ്‌ക്ക്‌ പ്രത്യേക വിഷയമായി പഠിച്ചതിന്റെ ചില ഗുണങ്ങള്‍ പരിഭാഷകള്‍ ചെയ്യുമ്പോള്‍ എനിക്ക് കിട്ടിയിരുന്നു,

അയ്യപ്പപ്പണിക്കര്‍

അയ്യപ്പപ്പണിക്കര്‍

പൊതുവെയൂറോപ്യന്‍ ഭാഷകളുടെ ഘടനയുമായി അത് എന്നെ പരിചയപ്പെടുത്തി. ഒരുപാട് യൂറോപ്യന്‍ വാക്കുകള്‍ക്ക്‌ ലാറ്റിന്‍മൂലം ഉള്ളതുകൊണ്ട് അല്‍പ്പം ഒന്നാലോചിച്ചാല്‍ കുറെയൊക്കെ അർഥം പിടികിട്ടും എന്നായി. ഇത് പിന്നീട് അതേ ലിപി വ്യവസ്ഥയുള്ള ജര്‍മ്മന്‍, ഫ്രഞ്ച് മുതലായ ഭാഷകളില്‍ നിന്നുള്ള പരിഭാഷകള്‍ക്കും എനിക്കു തുണയായി. നെരൂദയുടെ കവിതാപരിഭാഷകള്‍ക്ക് പല പതിപ്പുകള്‍ മലയാളത്തില്‍ ഇറങ്ങി. ആദ്യം ഗ്രന്ഥശാലാ സംഘം (അതിന്റെ പ്രകാശനം അടിയന്തരാവസ്ഥക്കാലത്താണ് നടന്നത്, അയ്യപ്പപ്പണിക്കര്‍ ആയിരുന്നു പ്രകാശനം നടത്തിയത്. അദ്ദേഹം പരിഭാഷ ചെയ്ത ചില കവിതകളും ആ പുസ്തകത്തില്‍ ചേര്‍ത്തിരുന്നു. അത് ഒരു വലിയ പ്രതിരോധ സമ്മേളനമായി മാറി)  തുടര്‍ന്ന് മള്‍ബറിയും മാതൃഭൂമിയും. പുതിയ പതിപ്പുകൾക്കുവേണ്ടി ഞാന്‍ കൂടുതല്‍ കവിതകള്‍ ചേര്‍ത്തുകൊണ്ടിരുന്നു. രണ്ടു വർഷം മുമ്പ്‌ നെരൂദയുടെ ‘ഇരുപതു പ്രണയ കവിതകളും ഒരു വിഷാദഗീതവും’ ഗ്രീന്‍ ബുക്‌സ്‌ പ്രകാശിപ്പിച്ചു.

നെരൂദ ഒരു പ്രവേശിക മാത്രമായിരുന്നു എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നു. മുമ്പും നെരൂദയുടെ കവിതകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്, കെ പി ജിയുടെ പരിഭാഷകള്‍. എന്നാല്‍ അന്ന് മലയാള കാവ്യഭാഷ നെരൂദയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിരുന്നില്ല. ആധുനിക കാവ്യശൈലിയുടെ വരവോടെയാണ് ബിംബാത്മകമായ ആ കവിതകള്‍ക്ക് വിശ്വസ്തമായ വിവര്‍ത്തനം സാധ്യമായത്.

നെരൂദയെ തുടര്‍ന്ന് മുപ്പത്‌ ലാറ്റിനമേരിക്കന്‍ കവികളുടെ കവിതകള്‍ ഞാന്‍ പരിഭാഷ ചെയ്തു. ‘ലാറ്റിന്‍ അമേരിക്കന്‍ കവിത’ എന്ന ഒരു സമാഹാരം ആദ്യം മള്‍ബറിയും തുടര്‍ന്ന് ചിന്തയും പ്രസിദ്ധീകരിച്ചു. പിന്നീട് മറ്റ്‌ മൂന്നാം ലോക കവികളെയും ചേര്‍ത്ത് ‘മൂന്നാം ലോകകവിത’ എന്ന സമാഹാരം മാതൃഭൂമി പ്രകാശിപ്പിച്ചു. ഈ കവികളില്‍  പരിഭാഷയ്‌ക്ക്‌ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നത് പെറുവിലെ സെസാര്‍ വയെഹോവിന്റെ രചനകളാണ്. 

വയെഹോവിന്റെ ചില രചനകള്‍ ‘കേരള കവിത’ യില്‍ കടമ്മനിട്ട രാമകൃഷ്‌ണന്‍ വിവര്‍ത്തനം ചെയ്തിരുന്നു (‘സീസര്‍ വല്ലെജോവിന്റെ കവിതകള്‍’). പക്ഷേ, അന്ന് വയെഹോവിന്റെ കവിതകള്‍ അധികം ലഭ്യമായിരുന്നില്ല. അദ്ദേഹം ചെയ്ത ചില രചനകളും ഞാന്‍ പുനർവിവര്‍ത്തനം ചെയ്തിട്ടുണ്ട്. നെരൂദയില്‍ നിന്നും വളരെ വ്യത്യസ്തമായ ശൈലിയാണ് വയെഹോവിന്റെത്. ‘നിന്റെ ദിവസം വരികയായി, കയ്യിന്നു കീ കൊടുക്കൂ,/ വിരിപ്പിന്നടിയില്‍ നീ ഇല്ലേ എന്ന് തപ്പിനോക്കൂ / ഒന്നുകൂടി തലകീഴായി നില്‍ക്കൂ/ പിന്നെ നേരെ നടക്കൂ/ നിന്റെ ദിവസം വരികയായി, /വന്‍കുടലെടുത്തു കയ്യില്‍ മുറുക്കിപ്പിടിക്കൂ...’ ( ഭാഗ്യം കെട്ടവര്‍).

 ‘ലോകത്തിലെ കുഞ്ഞുങ്ങളെ, സ്‌പെയിന്‍ താഴെ വീണാല്‍ ഒന്നൂഹിച്ചു നോക്കൂ ആകാശത്തു നിന്ന് അവളുടെ കയ്യൊടിഞ്ഞു താഴെ വീണാല്‍, ഭൂമിയിലെ രണ്ടു വിരിപ്പുകള്‍ കൊണ്ട്/ ഒരു ഏന്താനമുണ്ടാക്കി

സെസാർ വയെഹോ

സെസാർ വയെഹോ

അവളെ ഏറ്റു വാങ്ങുക’ (സ്‌പെയിന്‍, ഈ കോപ്പ എന്നില്‍ നിന്നെടുത്തു മാറ്റേണമേ). ഇങ്ങനെ എത്രയോ ഉദാഹരണങ്ങളുണ്ട് ആ അപൂർവമായ ഭാഷാപ്രയോഗത്തിന്! മെക്‌സിക്കോവിലെ ഒക്റ്റാവിയോ പാസ് (ഇന്ത്യാസ്‌നേഹി, തത്വചിന്തകന്‍, രാഷ്ട്ര മീമാംസകന്‍,‘സൂര്യശില’ എന്ന ദീര്‍ഘകാവ്യത്തിന്റെ കര്‍ത്താവ്),  ബ്രസീലിലെ ഷോൾഷ്‌ ദേലിമാ, ഹായ്‌തിയിലെ റെനെ ദേപസ്‌ത്രേ, ബൊളീവിയയിലെ പെദ്രോ ഷിമോസ്, പെറുവിലെ കാർലോസ് ജെര്‍മ്മന്‍ ബെല്ലി, ചിലിയിലെ നിക്കാനോര്‍ പാര്‍റാ, നിക്കോളാസ് ഗിയെന്‍... ഇങ്ങനെ എത്രയോ കവികള്‍ തികച്ചും വ്യത്യസ്തമായ രീതികളില്‍ കവിതകള്‍ എഴുതുന്നു.

ഏതു വിവര്‍ത്തകനും വേഗം ബോധ്യമാകുന്ന ഒരു കാര്യമുണ്ട്, ലാറ്റിന്‍ അമേരിക്കന്‍ കവിത, ആഫ്രിക്കന്‍ കവിത, ഏഷ്യന്‍ കവിത എന്നൊക്കെയുള്ള പൊതുനാമങ്ങള്‍ക്കടിയില്‍ ആ ഭൂഖണ്ഡങ്ങളിലെ എത്ര ദേശത്തനിമകള്‍, എത്ര കവികളുടെ വ്യക്തിസമീപനങ്ങള്‍, എത്ര ശൈലികള്‍, വ്യത്യസ്ത ലാവണ്യബോധങ്ങള്‍ ആണ് മറഞ്ഞിരിക്കുന്നത് എന്ന്. കുറച്ചുവര്‍ഷം മുമ്പിറങ്ങിയ ‘ലാറ്റിന്‍ അമേരിക്കന്‍ പോയട്രി’ എന്ന സമാഹാരം സമകാലീന കവിത വരെ എത്തുന്നുണ്ട്. റാവുല്‍ സൂരിതയെപ്പോലെ പരീക്ഷണപ്രിയരായ കവികള്‍ അതിലുണ്ട്, പിറകേവന്ന ചിലരും.

ആഫ്രിക്കന്‍ കവിതയിലേക്കുള്ള ഒരു ജനല്‍ എനിക്ക് തുറന്നുകിട്ടിയത് എം എ വിദ്യാർഥിയായിരുന്ന കാലത്താണ്, ‘ആഫ്രിക്കന്‍ പോയട്രി’ എന്ന സമാഹാരത്തിലൂടെ. അതിലെ കവിതകള്‍ അപ്പോള്‍ ഞാന്‍ പരിഭാഷ ചെയ്തില്ല. എന്നാല്‍ അതിനെക്കുറിച്ച് ‘കേരള ഡൈജസ്റ്റ് ’ മാസികയില്‍ ഒരു ലേഖനം എഴുതി. ആ പുസ്തകം പിന്നെ പല വിപുലീകരിച്ച പതിപ്പുകളിലൂടെ കടന്നുപോയി.

ആഫ്രിക്കന്‍ കവിതയിലേക്കുള്ള ഒരു ജനല്‍ എനിക്ക് തുറന്നുകിട്ടിയത് എം എ വിദ്യാർഥിയായിരുന്ന കാലത്താണ്, ‘ആഫ്രിക്കന്‍ പോയട്രി’ എന്ന സമാഹാരത്തിലൂടെ. അതിലെ കവിതകള്‍ അപ്പോള്‍ ഞാന്‍ പരിഭാഷ ചെയ്തില്ല. എന്നാല്‍ അതിനെക്കുറിച്ച് ‘കേരള ഡൈജസ്റ്റ്’ മാസികയില്‍ ഒരു ലേഖനം എഴുതി. ആ പുസ്തകം പിന്നെ പല വിപുലീകരിച്ച പതിപ്പുകളിലൂടെ കടന്നുപോയി. തുടര്‍ന്ന് അയ്‌മേ സെസയര്‍, ഡേവിഡ്‌ ദിയോ്വപ് തുടങ്ങിയവരുടെ കവിതകള്‍ കൂടുതല്‍ വായിച്ചു. ആഫ്രിക്കനും ആഫ്രോഅമേരിക്കനുമായ ഒറ്റക്കവികളുടെ സമാഹാരങ്ങളും പല കവികളുടെ സങ്കലനങ്ങളും വായിച്ചു. നമ്മുടെ കാലത്തെ ശരിയായ വിപ്ലവകവിത കറുത്ത കവിതയാണെന്ന് സാര്‍ത്ര് പറഞ്ഞത് ശരിയാണെന്ന് എനിക്ക് ബോധ്യമായി. ഫ്രാന്റ്സ് ഫാനന്റെയും മറ്റും കൃതികളുടെ വായന അതിന്‌ സൈദ്ധാന്തികമായ അടിത്തറ നല്‍കി.

അധിനിവേശം എങ്ങനെ സമ്പത്ത്, മതം, സംസ്‌കാരം തുടങ്ങി എല്ലാ മേഖലകളിലും പടര്‍ന്നുകിടക്കുന്നു എന്നും സ്വന്തം മനുഷ്യത്വം സ്വയം തിരിച്ചറിയുമ്പോള്‍ എങ്ങനെ അടിമ അവന്‌/ അവള്‍ക്ക്‌ വിലക്കപ്പെട്ട ഇടങ്ങളിലേക്ക്‌ എടുത്തു ചാടുന്നു എന്നും  അങ്ങനെ യജമാനരായി ഭാവിക്കുന്നവരുടെ ഹിംസാത്മകമായ സ്വത്വം തുറന്നുകാട്ടുന്നു എന്നും  അവരുടെ ദൈവത്തെപ്പോലും മർദനത്തിന്റെ സഹകാരിയാക്കുന്നുവെന്നും ഫാനന്‍ വ്യക്തമാക്കി. താന്‍ കറുത്തവന്‍ / കറുത്തവള്‍ മാത്രമല്ലെന്നും വെളുത്തവന്‍/ വെളുത്തവള്‍ അല്ലാത്ത വ്യക്തികൂടി ആണെന്നും തിരിച്ചറിയുമ്പോള്‍ ആദ്യം അത് ദുരന്തബോധമായും പിന്നെ അഭിമാനമായും ധിക്കാരമായും ക്രമേണ വിപ്ലവാവബോധമായും അടിമയാക്കപ്പെട്ടവരില്‍ പ്രവര്‍ത്തിക്കുന്നു. അയ്‌മേ സെസയര്‍ പറയുന്നുണ്ട്, ‘കറുപ്പ് ഒരു ഇല്ലായ്‌മയല്ല, നിഷേധമാണ്’ എന്ന്. ദക്ഷിണാഫ്രിക്കയിലെ നിരുപാധികമായ തിരസ്‌കാരത്തിലും ഫ്രഞ്ച് ആഫ്രിക്കന്‍ കോളനികളിലെ സോപാധികമായ‐  യജമാനരെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ‐ അംഗീകാരത്തിലും കറുത്തവര്‍ കണ്ടത് ഒരേ സത്യമായിരുന്നു: തങ്ങള്‍ വ്യത്യസ്തരാണ്; തങ്ങളെ മറ്റാര്‍ക്കും വിമോചിപ്പിക്കാനാവില്ല.

 ഫ്രാന്റ ്‌സ്‌ ഫാനൻ

ഫ്രാന്റ ്‌സ്‌ ഫാനൻ

അത്തരം ‘വിമോചനം’  സംഭവിച്ചാല്‍ തന്നെ അത് യജമാനരായി തങ്ങളെക്കൂടി  മാറ്റുക മാത്രമായിരിക്കും ചെയ്യുക. വെള്ളക്കാരുടെ താൽപ്പര്യസംരക്ഷണം തങ്ങളുടെ കടമയായി മാത്രമല്ല, തങ്ങളുടെ ശരിയായ സാക്ഷാത്കാരവുമായി കരുതുന്നവര്‍ക്ക് തോന്നുംവിധം അവരുടെ യാഥാര്‍ഥ്യത്തെത്തന്നെ പുനർരൂപീകരിക്കാനാണ് അധീശവർഗം ശ്രമിച്ചത്. ഇന്ത്യ പോലുള്ള നാടുകളില്‍ പോലും കോട്ടും സൂട്ടുമിട്ട് ഇംഗ്ലീഷ് സംസാരിക്കുകയും ടേബിള്‍ മാനേഴ്സ് പാലിക്കുകയും ചെയ്യുന്ന തങ്ങളുടെ ഡമ്മികളെ ഉണ്ടാക്കാനാണല്ലോ ഇംഗ്ലീഷുകാര്‍ ശ്രമിച്ചത്. പിന്നെ ഭരണകൂടത്തിന്റെ ഉപകരണമാകാന്‍ നിന്നുകൊടുക്കാത്തവരെ തടവിലിടുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുക. അതിനായി നിയമത്തെ നീതിക്ക്‌ മുകളില്‍ പ്രതിഷ്ഠിച്ച്‌ അതിനെ ദൈവമാക്കുക. അപ്പോള്‍ ‘മനുഷ്യന്‍’, ‘നിയമവ്യവസ്ഥ’, ‘അനുസരണം’ തുടങ്ങിയവയെക്കുറിച്ചുള്ള  ഒട്ടേറെ സ്ഥിരസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്‌തേ കോളനിജനതകള്‍ക്ക് മുന്നേറാന്‍ കഴിയൂ.

സാംസ്‌കാരികമായ അധീശത്വത്തിനായി വെള്ളക്കാര്‍ നിർമിച്ച നരവംശ ശാസ്ത്രം, മനഃശാസ്ത്രം, ചരിത്രം, സൗന്ദര്യശാസ്ത്രം ഇവയെയൊക്കെ വെല്ലു വിളിച്ചുകൊണ്ടേ പുതിയ സമൂഹവും സാഹിത്യവും നിർമിക്കാനാകൂ എന്ന് തിരിച്ചറിഞ്ഞവരാണ് ആധുനികമായ ഒരു ‘ബ്ലാക്ക് പോയട്രി’ക്ക്‌ ജന്മം നല്‍കിയത്. ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനം ഇന്ത്യയില്‍ ദളിത്‌ പാന്തര്‍ പ്രസ്ഥാനത്തെ സ്വാധീനിച്ചത്‌ സ്വാഭാവികമായിരുന്നു. ആര്യവംശ സവർണ മഹിമാവാദം, പുത്തന്‍ കോര്‍പ്പറേറ്റ് മൂലധനവുമായി കൈകോര്‍ത്ത്‌ ഉയര്‍ന്നുവരുന്ന ഇക്കാലത്ത് ഇന്ത്യയില്‍ ഒരുപക്ഷേ, നമുക്കു പഴയതരം റാഡിക്കലിസം മതിയാകാതെ വരും. ലോകത്തെ പലതരം പ്രതിഷേധപ്രസ്ഥാനങ്ങളില്‍ നിന്ന് നമുക്ക്‌ പാഠങ്ങള്‍ പഠിക്കേണ്ടിവരും. മനുഷ്യരെ വസ്തുക്കളോ ഉപകരണങ്ങളോ ആക്കുന്ന എല്ലാ സമീപനങ്ങളും പുനഃപരിശോധിക്കേണ്ടിവരും. ഫാനൻ പറയുന്നുണ്ട്, വെള്ളക്കാരുമായുള്ള താരതമ്യം തന്നെ തന്റെ തന്നെ സാന്നിധ്യത്തില്‍ നിന്ന് എങ്ങനെ അകറ്റിക്കളഞ്ഞു എന്ന്. വിലയ്‌ക്കെടുക്കപ്പെട്ട കറുത്തവർഗക്കാരന് സ്വത്വം നഷ്ടമായി, മരണവസ്ത്രം അണിയിക്കപ്പെട്ട, വികൃതമാക്കപ്പെട്ട, ഒരു മൃഗാകാരമായി യജമാനരെ നിഷേധിക്കുക മാത്രമായിരുന്നു സ്വന്തം രൂപം തിരിച്ചുപിടിക്കാനുള്ള അവരുടെ ഒരേയൊരു വഴി.

ആഫ്രിക്കന്‍ കവിതയുടെ എന്നപോലെ ആഫ്രിക്കന്‍ അമേരിക്കന്‍ കവിതയുടെയും കേന്ദ്രചൈതന്യം ഈ നിഷേധമാണ്. സ്വന്തം വംശത്തിന്റെ യജമാനത്വം ആഗ്രഹിക്കാത്ത മാനുഷികതയെ മാർക്‌സിസ്റ്റ് ചരിത്രബോധവുമായി സമന്വയിപ്പിക്കാനാണ് ഫാനൻ,

സെസയര്‍, സെൻഘോർ തുടങ്ങിയ ‘നെഗ്രിട്ട്യൂഡി’ന്റെ വക്താക്കള്‍ വിശ്വസിച്ചത്. മാര്‍ഗരറ്റ് വാക്കര്‍ മുതല്‍ മായാ ആൻജെലൂ വരെയുള്ളവര്‍ ഈ ചിന്തയില്‍ സ്ത്രീത്വത്തിന്റെ ഒരു മാനം കൂട്ടിച്ചേര്‍ത്തു. സ്വന്തം സംഗീതത്തിന്റെ താളങ്ങളും ജീവിതത്തിലും പ്രകൃതിയില്‍ നിന്നും എടുത്ത ഇമേജുകളും  കറുത്ത കവിതയ്‌ക്ക്‌ പുതിയ ഒരു തനിമ നല്‍കി. അത്‌ പ്രവര്‍ത്തിച്ചത് നോവലും സിനിമയും സംഗീതവും ചിത്രകലയും മാസികകളും പ്രസാധകഗൃഹങ്ങളും എല്ലാം ചേര്‍ന്ന ഒരു വ്യവസ്ഥയ്‌ക്കകത്തായിരുന്നു. ഈ പ്രതിഷേധ കവിതയ്‌ക്ക്‌ ‘സ്‌പിരിച്വലുകള്‍’ എന്നറിയപ്പെടുന്ന, പള്ളികളില്‍ കറുത്തവരോട് ഒന്നിക്കാന്‍ ആഹ്വാനം നടത്തുകയും കോഡ് ഭാഷയില്‍ രഹസ്യ സമ്മേളനങ്ങളെക്കുറിച്ചുള്ള സന്ദേശം കൈമാറുകയും ചെയ്തിരുന്ന, യേശുസ്തുതികളുടെ പാരമ്പര്യം ഉണ്ടായിരുന്നു.

പിന്നീട്‌ അവ സര്‍റിയലിസം ഉള്‍പ്പെടെയുള്ള നവസങ്കേതങ്ങള്‍ സ്വീകരിച്ച്‌ സ്വയം നവീകരിച്ചു. ‘കറുത്ത കവിത’ എന്ന ഞാന്‍ എഡിറ്റ് ചെയ്ത സമാഹാരത്തിന്റെ (ആദ്യപതിപ്പ്: ദര്‍ശന ഗ്രന്ഥവേദി, രണ്ടാം പതിപ്പ്: ചിന്ത)

 കടമ്മനിട്ട

കടമ്മനിട്ട

ആമുഖത്തില്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ എന്നെക്കൂടാതെ കടമ്മനിട്ട രാമകൃഷ്‌ണന്‍, കെ ജി ശങ്കരപ്പിള്ള എന്നിവര്‍ തർജമ ചെയ്ത കവിതകളും ഉണ്ടായിരുന്നു. അവയില്‍ എന്റെ വിവര്‍ത്തനങ്ങള്‍ പിന്നീട് ‘മൂന്നാം ലോക കവിത’ (മാതൃഭൂമി) യില്‍ ചേര്‍ക്കപ്പെട്ടു.

ഏഷ്യന്‍ കവിത അനേകം നാടുകളില്‍ ഒട്ടനവധി ഭാഷകളില്‍ പല പാരമ്പര്യങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് എഴുതപ്പെടുന്നതുകൊണ്ട് ഒരു പക്ഷേ, ലാറ്റിന്‍ അമേരിക്കന്‍ ആഫ്രിക്കന്‍ കവിതകളേക്കാള്‍ വൈവിധ്യം പുലര്‍ത്തുന്നവയാണ്. ചൈനയിലും ഇന്ത്യയിലും മറ്റും രണ്ടായിരത്തിലേറെ വർഷത്തെ പാരമ്പര്യം കവിതയ്‌ക്കുണ്ടല്ലോ. ജപ്പാന്‍ ഉള്‍പ്പെടെയുള്ള നാടുകളെല്ലാം അനേകം തനിമയുള്ള രൂപങ്ങളും കവിതയ്‌ക്ക്‌ നല്‍കിയിട്ടുണ്ട്. ഹൈക്കു, ഷിങ്കെകി, ശ്ലോകം, ദോഹാ, പദം, വാഖ്, ഗസല്‍, റൂബായി,  വചനം, ധുന്‍, ഭജനം, കീര്‍ത്തനം, തുംഗി, അഭംഗ് തുടങ്ങിയ പഴയ രൂപങ്ങള്‍ക്കൊപ്പം വിലാപകാവ്യം, ഗീതകം, ഭാവഗീതം, ആഖ്യാനകവിത, കാവ്യനാടകം തുടങ്ങിയ ലിഖിതകാവ്യരൂപങ്ങള്‍ക്കു പുറമേ നാടോടിക്കവിതയുടെയും ഗോത്രകവിതയുടെയും ഒരു ദീര്‍ഘ പാരമ്പര്യവും ആഫ്രിക്കയില്‍ എന്നപോലെ ഏഷ്യയില്‍ ഉണ്ട്.

എന്നാല്‍ ഇവിടെ നാം ഉദ്ദേശിക്കുന്ന കവിത ഒരു നവലോകം സ്വപ്‌നം കാണുന്ന, നീതിക്കായി നിലകൊള്ളുന്ന, പലരീതികളില്‍ റാഡിക്കലായ,  ആധുനിക കവിതയാണ്. ബെയ് ദാവോ, ഷുടിംഗ്, ഷുന്താരോ താനിക്കാവ, കോ ഉന്‍, കിം ചി ഹായ്, രഘുവീര്‍ സഹായ്,  കേദാര്‍നാഥ് സിംഗ്,  മംഗലേഷ് ദബ്രാല്‍, അനാമിക, ശ്രീശ്രീ, പി ലങ്കേഷ്, ശങ്ഖ ഘോഷ്, നബനീതാ ദേവ് സെന്‍, കൊബിതാ സിന്‍ഹ, കമലാദാസ്, സമീര്‍ തന്തി, പാഷ് ഇങ്ങനെ നൂറുകണക്കിന് കവികള്‍ ഉള്‍പ്പെട്ട ഒരു വലിയ കവിതാലോകം ആണത്. ധനാധിപത്യം, പുരുഷാധിപത്യം, സാമുദായികമായ (വർണ വംശ ജാതി) ആധിപത്യം, പരിസരവിനാശം, യുദ്ധം, സങ്കുചിത ദേശീയവാദം തുടങ്ങിയ അസമത്വങ്ങളെയും തിന്മകളെയും പ്രതിരോധിക്കുന്ന കവികളാണ് ഇവര്‍. പലതരം ഫാസിസ്റ്റ് സമീപനങ്ങള്‍ ലോകമെമ്പാടും വളരുന്ന സാഹചര്യത്തില്‍ കവിതയ്‌ക്ക്‌, അതിന്റെ തന്നെ നിലനിൽപ്പിനായെങ്കിലും, രാഷ്ട്രീയദൗത്യം ഏറ്റെടുക്കേണ്ടിവരുന്നു.

ഏഷ്യന്‍ നാടുകളില്‍ സ്വാതന്ത്ര്യത്തിന്റെ ചുരുങ്ങിവരുന്ന ഇടങ്ങളിലേക്കും ഭരണകൂട കൈയേറ്റങ്ങളിലേക്കും വർധിച്ചുവരുന്ന സാമൂഹിക അകലങ്ങളിലേക്കും എല്ലാം വിരല്‍ ചൂണ്ടുന്നതാണ് ഏഷ്യന്‍ പ്രതിരോധ കവിത. ഇതിന്റെയും അനേകം മാതൃകകള്‍ ആദ്യകാല മാവോയുടെയും ഹൊചി മിന്റെയും രാഷ്ട്രീയ കവിതകള്‍ ഉള്‍പ്പെടെ എന്റെ മൂന്നാംലോക കവിത, ഇന്ത്യന്‍ കവിത (മാതൃഭൂമി) എന്നീ സമാഹാരങ്ങളില്‍ ഉണ്ട്. അങ്ങനെ സമാഹരിക്കപ്പെടുംമുമ്പ്‌ അവയില്‍ പലതും ഒറ്റക്കവികളുടെ സമാഹാരങ്ങളും ‘മുപ്പത്‌ ഇന്ത്യന്‍ കവയിത്രികള്‍’ മുതലായ സമാഹാരങ്ങളുമായി പല പ്രസാധകരും പ്രകാശിപ്പിച്ചിട്ടുണ്ട്.

ഈ വിവര്‍ത്തനങ്ങള്‍ ഇംഗ്ലീഷ്, ഹിന്ദി, ദേവനാഗരി ലിപിയില്‍ എഴുതപ്പെട്ട ഉര്‍ദു തുടങ്ങിയ ഭാഷകളില്‍ നിന്ന്, പലപ്പോഴും ബൈലിംഗ്വല്‍ സമാഹാരങ്ങളില്‍ നിന്ന്, ആണ് ഞാന്‍ പരിഭാഷ ചെയ്തിട്ടുള്ളത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കൊപ്പം പല പുതിയ കാവ്യരീതികളിലേക്കും ശൈലികളിലേക്കും സ്വരങ്ങളിലേക്കും പുത്തന്‍ ലാവണ്യ സങ്കൽപ്പങ്ങളിലേക്കും അനുവാചക ശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യവും മനസ്സില്‍ വച്ചാണ് ഞാന്‍ കവിതകള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഈ നിയോഗം ഇന്നും പല രീതികളില്‍ ഞാന്‍ തുടരുന്നു.

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top