24 April Wednesday

അയനം സി വി ശ്രീരാമൻ കഥാ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2022

തൃശൂർ> എഴുത്തുകാരൻ സി വി ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം സി വി ശ്രീരാമൻ കഥാപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കവണ' എന്ന പുസ്‌തകത്തിനാണ് പുരസ്കാരം. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

വൈശാഖൻ ചെയർമാനും ടി ആർ അജയൻ, ഡോ എൻ ആർ ഗ്രാമപ്രകാശ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്. മലയാള കഥാവായനക്കാർക്ക് നിത്യവിസ്മയസാന്നിദ്ധ്യമാണ് സന്തോഷ് ഏച്ചിക്കാനമെന്ന് ജൂറി അഭിപ്രായപ്പെട്ടു. മുൻഗാമികളും സഹയാത്രികരും ഇല്ലാത്ത ഒരൊറ്റയടിപ്പാതയിലൂടെയാണ് ഈ എഴുത്തുകാരന്റെ ഏകാന്തസഞ്ചാരം. ധിഷണ കൊണ്ടും വൈകാരികത കൊണ്ടും വായിച്ചെടുക്കേണ്ട കവിതയുടെ ശിൽപഘടനയുള്ള ആഖ്യാനങ്ങളാണ് ഏച്ചിക്കാനത്തിന്റെ കഥകൾ.

ജനാധിപത്യത്തില്‍ അപ്രസക്തരാവുന്ന ജനവും, തുടരേ തുടരേ നടക്കുന്ന വംശഹത്യയും വര്‍ഗ്ഗീയ പ്രചരണങ്ങളും സാധാരണക്കാരനില്‍ ജനിപ്പിക്കുന്ന ഭയത്തെ ഈ കഥകള്‍ ആലേഖനം ചെയ്യുന്നു. അപരത്വത്തിന്റെ ആഘോഷങ്ങളായി ഉപഭോക്തൃ സമൂഹങ്ങള്‍ പരിണമിക്കുന്ന സമകാലികാവസ്ഥയുടെ പ്രതിഫലനങ്ങളായി അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാരനു മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നുവെന്നും ജൂറി വിലയിരുത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top