19 April Friday

അറിയാൻ, പഠിക്കാൻ എസ് പി നമ്പൂതിരിയുടെ ‘ശബരിമല’

വെബ് ഡെസ്‌ക്‌Updated: Wednesday Mar 6, 2019


തൃശൂർ
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനത്തിന് അനുകൂലമായ വാദമുഖങ്ങളുയർത്തി സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേർന്ന എസ് പി നമ്പൂതിരിയുടെ ‘ശബരിമല’ എന്ന പുസ്തകം പുറത്തിറങ്ങുന്നു. 

എസ് പി നമ്പൂതിരിക്കുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഡ്വ.വിൽസ് മാത്യൂസ് അവതാരിക എഴുതിയ പുസ്തകം ശബരിമലയെക്കുറിച്ചും സുപ്രീം കോടതി വിധിയെക്കുറിച്ചും അനുബന്ധചിന്തകളെ മുൻനിർത്തിയും ആധികാരികമായ അറിവു പകരുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥമാവും. പുസ്തകം ഉടൻ പ്രകാശനം ചെയ്യും.

ശബരിമലയുടെ ചരിത്രം, യുവതീപ്രവേശന കേസിന്റെ പശ്ചാത്തലവും ലഘുചരിത്രവും, സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്, സർക്കാരിന്റെ സത്യവാങ‌്മൂലം, കേസിൽ സുപ്രീം കോടതി ജഡ്ജിമാർ ഓരോരുത്തരും സ്വീകരിച്ച നിലപാട‌്, സുപ്രീം കോടതി വിധിയുടെ സംക്ഷിപ്ത രൂപം എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം ശബരിമല വിഷയത്തിൽ ഒരു റഫറൻസ് ഗ്രന്ഥമാവും.

ക്ഷേത്രാചാരങ്ങളിൽ കാലോചിത മാറ്റം വേണമെന്ന് മഹാകവി അക്കിത്തം 1997-ൽ ആലുവ തന്ത്രവിദ്യാപീഠത്തിൽ പ്രസംഗിച്ചതും പുസ്തകത്തിലുണ്ട‌്.  ആരോ എന്നോ കൊട്ടിയടച്ച വാതിലുകൾ തുറക്കുകതന്നെ വേണമെന്ന് അന്ന് അക്കിത്തം പറഞ്ഞു. മഹാകവി അക്കിത്തത്തിന്റെ അതേ അഭിപ്രായംതന്നെയാണ് കാൽ നൂറ്റാണ്ടിനു ശേഷം ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ കേസിൽ സുപ്രീം കോടതിയിലെ നാലു ജഡ്ജിമാർ രേഖപ്പെടുത്തിയതെന്നും  പുസ്തകം ചൂണ്ടിക്കാട്ടുന്നു. കവിഭാഷയിലല്ല, നിയമഭാഷയിലാണെന്നു മാത്രമാണ് വ്യത്യാസം.

കോട്ടയം കുറിച്ചിത്താനത്ത് മഠത്തിലെ എസ് പി നമ്പൂതിരി കവിയും പ്രഭാഷകനും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. എസ് പി എഴുതിയ ‘മഹാക്ഷേത്രങ്ങളിലൂടെ ' എന്ന ഗ്രന്ഥത്തിൽ ശബരിമല എന്നൊരു അധ്യായമുണ്ട്. ക്ഷേത്രത്തിന്റെ ചരിത്രം, ബുദ്ധമത പാരമ്പര്യം എന്നിവ തെളിവുകളുടെ പിൻബലത്തിൽ പറയുന്ന ആ പുസ്തകം ഡൽഹിയിലെ ഏതാനും അഭിഭാഷകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുപ്രീം കോടതി കേസിൽ എസ് പി നമ്പൂതിരി കക്ഷി ചേരുന്നത്. ക്ഷേത്രത്തിന്റെ ബുദ്ധമത പാരമ്പര്യം പ്രഖ്യാപിച്ചുകൊണ്ട് കേസിൽ പുതിയൊരു വാദമുഖം തുറക്കാൻ ആ പുസ്തകത്തിനു കഴിഞ്ഞിരുന്നു. ഇപ്പോൾ, രണ്ടാം നവോത്ഥാനം എന്ന നിലയിൽ ശബരിമലയിലെ സ്ത്രീപ്രവേശനവും സുപ്രീം കോടതി വിധിയും വന്നപ്പോൾ അതിന്റെ വിശദാംശങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ശബരിമല: സുപ്രീം കോടതി വിധിയും അനുബന്ധ ചിന്തകളും എന്ന പുസ്തകം. തൃശൂരിലെ ഗ്രീൻ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top