23 April Tuesday

മഞ്ഞ നക്ഷത്രചിഹ്നം ധരിക്കേണ്ടി വന്ന നീലപ്പാവാടക്കാരി

സുരേഷ് നാരായണന്‍Updated: Wednesday Oct 21, 2020

2014 ലെ നൊബേൽ സമ്മാന ജേതാവിന്റെ "പാട്രിക് മോദിയാനോ'യുടെ 'ഡോറ ബ്രൂഡർ' എന്ന നോവലിനെപ്പറ്റി സുരേഷ് നാരായണന്‍ എഴുതുന്നു.

ഹാത്മാഗാന്ധി എന്നു കേൾക്കുമ്പോൾ എംജി റോഡ്  ഓർമ്മ വരുന്നവർ ഉള്ളിടത്തോളം ഫാസിസ്റ്റുകൾക്ക് കാര്യങ്ങൾ എളുപ്പമാണ്.

യുദ്ധം
പലായനം
ദാരിദ്ര്യം

ഈ ത്രിമൂർത്തികളുടെ തീവ്രാനുഗ്രഹങ്ങളുടെ അഭാവം കൊണ്ടാണ് നമ്മുടെ ഭാഷയിൽ ക്ലാസിക് കൃതികളുടെ ബീജാവാപം നടക്കാത്തത് എന്നു പറയാറുണ്ട്.
"
അതു ശരിയാണെന്നുറപ്പിക്കുന്നതിന് അടുത്തിടെ കിട്ടിയ തെളിവാണ് 'പാട്രിക് മോദിയാനോ'യുടെ 'ഡോറ ബ്രൂഡർ -ചരിത്രത്തിൽ ഇല്ലാത്തവർ' എന്ന അന്വേഷണാത്മക നോവൽ .

2014 ലെ നൊബേൽ സമ്മാന ജേതാവിന്റെ ഈ നോവൽ 1997 ലാണ് പുറത്തിറങ്ങിയത്.യുദ്ധത്തിൻറെ കരി പിടിച്ചിരിക്കുന്നു ഈ പുസ്തകച്ചുമരുമുഴുവൻ.

രണ്ടാം ലോകമഹായുദ്ധത്തിന്റെ തീപ്പൊള്ളലുകൾ നിശിതമേറ്റുവാങ്ങാൻ തയ്യാറെടുത്തുകൊണ്ടിരുന്ന പാരീസ് നഗരം അന്ന് തീർത്തും ആലംബഹീനയായിരുന്നു.നാസി ജർമനിയുടെ അധീനതയിലായിരുന്നു ഫ്രാൻസിലെ ഒരുഭാഗം . ജൂതവേട്ട അതിൻറെ എല്ലാ ക്രൂരതകളോടും കൂടി ആരംഭിക്കാൻ പോവുകയായിരുന്നു.

കുടുംബത്തോടൊപ്പം ഒറ്റ മുറിയിൽ താമസിച്ചിരുന്ന ഡോറ ബ്രൂഡർ എന്ന തൻറേടിയും പക്ഷേ നിർഭാഗ്യവതിയുമായ ജൂതപ്പെൺകുട്ടി.ഓസ്ട്രിയൻ ജൂതനായ അച്ഛൻ 100% ഭിന്നശേഷിക്കാരനായതുകൊണ്ടാവാം, അവൾ സമീപത്തുള്ള ഒരു കോണ്വെൻറിലേക്ക് അയക്കപ്പെടുകയാണ്.തന്നിഷ്ടക്കാരിയായ അവൾ ആ ശ്വാസംമുട്ടുന്ന പരിസരത്തുനിന്നും ഓടി പ്പോവുകയാണ്.  1941 ഡിസംബർ പതിനാലാം തീയതി.

പുറത്തുള്ള അന്തരീക്ഷം അപ്പോഴേക്കും  തീർത്തും കലുഷിതമായിത്തീർന്നിരുന്നു."കർഫ്യൂ ,പട്ടാളം ,പോലീസ്: അവളെ സംഹരിച്ചേ അടങ്ങൂ എന്ന ദൃഢ വ്രതമെടുത്ത വിദ്വേഷം നിറഞ്ഞ പാരീസ് നഗരത്തിൽ അവളൊറ്റയ്ക്ക്. അവൾക്ക് 16 തികയുന്നതേയുള്ളൂ. എന്തുകൊണ്ടെന്നറിയില്ല, ഈ ലോകം മുഴുവനും അവൾക്കെതിരായിരിക്കുന്നു.."എന്ന് 59 ആം പേജിൽ നോവലിസ്റ്റിന്റെ തളർന്ന ദീർഘനിശ്വാസം .

പക്ഷേ ഇപ്പറഞ്ഞതൊന്നും പ്രവചനാതീതമായിരുന്നില്ല.

സ്വയം ഒരു ജൂതനായിരുന്ന പാട്രിക് അച്ഛൻറെ പുസ്തകശേഖരത്തിനിടയിൽ നിന്നും ജൂത വിരുദ്ധ സാഹിത്യം കണ്ടെത്തുന്നുണ്ട്.'വളഞ്ഞ മൂക്കും കൂർത്ത നഖങ്ങളും ഉള്ള രാക്ഷസന്മാരാണ് ജൂതന്മാർ. എല്ലാവിധ ദുസ്വഭാവങ്ങളുമുള്ളവർ. ഈ ലോകത്തിലെ സകലമാന ദോഷങ്ങൾക്കും ജൂതരാണ് കാരണക്കാർ. എല്ലാ കുറ്റങ്ങൾക്കും അവരാണ് ഉത്തരവാദികൾ....' എന്നിങ്ങനെ പോകുന്നു അത്.

ശൈത്യകാലത്തെ പ്രതിരോധിക്കാം.
പക്ഷേ വെറുപ്പിനെ എന്തു ചെയ്യും?
1939ലെ ശിശിരകാലത്ത് ഫ്രാൻസിൽ ഒരു കണക്കെടുപ്പുനടന്നു. പുരുഷന്മാർ രണ്ടു ഗ്രൂപ്പുകളായി തരം തിരിക്കപ്പെട്ടു:
സംശയാതീതർ,
സംശയാധീനർ.

ഇതിൻറെ അവശിഷ്ടമെന്നോണം മറ്റൊരു വിഭാഗം കൂടിയുണ്ടായി; അജ്ഞാതർ.ടൂറേലിലെ തടങ്കൽ പാളയത്തിലേക്ക് ഗുഡ്സ് ട്രെയിനിൽ കൊണ്ടുപോയിരുന്ന 4000 കുട്ടികളുടെ ഉടുപ്പുകളിൽ അവരവരുടെ പേരുകോറിയിട്ടിരുന്നതു പോലെ:'അജ്ഞാത ശിശു- നമ്പർ 122 ,അജ്ഞാത ശിശു- നമ്പർ 146' അങ്ങനെയങ്ങനെ.

നമ്മുടെ ഡോറ:
അവൾക്കു നീണ്ട മുഖമായിരുന്നു, കണ്ണുകൾക്ക് തവിട്ടു കലർന്ന ചാരനിറമായിരുന്നു. അവൾ ചാരനിറത്തിലുള്ള സ്പോർട്സ് ജാക്കറ്റും നീല പാവാടയും ധരിച്ചിരുന്നു.

ഒരു നിയോഗം പോലെ 1941 ഡിസംബർ 31ലെ സായാഹ്ന പത്രത്തിൻറെ കോപ്പി വർഷങ്ങൾ സഞ്ചരിച്ച്  നോവലിസ്റ്റിനെ  തേടിയെത്തുകയാണ്.

അതിൽ കാണ്മാനില്ല എന്ന പരസ്യത്തിലെ അതേ നീലപ്പാവാടക്കാരിക്ക് എന്തുസംഭവിച്ചു എന്നറിയാനുള്ള ഹൃദയം കയ്യിൽ പിടിച്ചു കൊണ്ടുള്ള യാത്രയാണീ നോവൽ.

അവളോടിപ്പോയ വഴികളെ പിന്തുടരുന്നതിനിടയിൽ പലപ്പോഴും വിചിത്രമായ അനുഭൂതികൾക്ക് നോവലിസ്റ്റ് അടിപ്പെടുന്നു. ലാരിബോസിയർ ആശുപത്രിയുടെ മതിലരികിലും ,
സാപ്ളു മെട്രോ  സ്റ്റേഷനടുത്തും എല്ലാം ഡോറയുടെ സാന്നിധ്യം അയാൾക്കനുഭവപ്പെടുന്നു.

ഒളിച്ചോട്ടത്തെതുടർന്നുവന്ന അതിശൈത്യകാലം അവളെങ്ങനെ അതി ജീവിച്ചിരിക്കും എന്നോർത്ത് പാട്രിക്കിൻറെ ചിന്തകൾ തണുത്തുവിറയ്ക്കാൻ തുടങ്ങുന്നു.

പതിയെപ്പതിയെ,ഒരു ഡോറയിൽ നിന്നും ആയിരം ഡോറമാരിലേക്ക് തിരച്ചിലിൻറെ മാനങ്ങൾ മാറുന്നു. ആയിരം അജ്ഞാതർ.. അതോ പതിനായിരമോ,ലക്ഷങ്ങളോ.

പട്ടികകളിലേക്ക് മാറ്റപ്പെടുന്ന വ്യക്തികളുടെ കണക്കുകൾ നമ്മുടെ തലചുറ്റിക്കാൻ തുടങ്ങുന്നു. "ഒരിക്കലും കേട്ടിട്ടു കൂടിയില്ലാത്ത ഗ്രൂപ്പുകളിലേക്ക് നിങ്ങൾ ഉൾപ്പെടുത്തപ്പെടു ന്നു.കൂലിപ്പണിക്കാരൻ, മുൻ ഓസ്ട്രിയക്കാരൻ, മുൻ ഫ്രഞ്ച് വിദേശ സൈനികൻ, 100% വികലാംഗൻ, സംശയാതീതൻ, കുടിയേറ്റ തൊഴിലാളി, ജൂതൻ അങ്ങനെ അങ്ങനെ."

ഹാ,കത്തുകൾ ..! ഒരിക്കലും  പൂർണമായി വായിക്കപ്പെടാതിരുന്ന കത്തുകളെപ്പറ്റി പറയാതെ ഇതവസാനിപ്പിക്കുന്നതെങ്ങനെ?'ഇരപിടിയൻമാർ' എന്ന പോലീസ് വിഭാഗത്തിൽപ്പെട്ടവർ ചോദ്യം ചെയ്യാനായി പിടിച്ചുകൊണ്ടുപോയ തങ്ങളുടെ ജൂതബന്ധുക്കളെ അന്വേഷിച്ചുകൊണ്ട് പോലീസ് അധികാരിക്ക്  ദൈനംദിനം എഴുതപ്പെട്ട ആയിരമായിരം കത്തുകൾ.അതിൽ മുറ്റിനിൽക്കുന്ന അപേക്ഷയുടെയും യാചനയുടെയും ദൈന്യതയുടെയും സ്വരങ്ങൾ. ഡോറ യിലേക്കുള്ള ഇരുട്ടുനിറഞ്ഞ വഴികളിൽ കാത്തിരിക്കുന്ന കാലത്തിൻറെ നാണക്കേടുകൾ.

അതു വിവരിക്കവേ, പാട്രിക് തൻറെ ബാല്യത്തിലേക്ക് തിരിച്ചു പോകുന്നു; തെറിച്ചു പോകുന്നു.

പതിനെട്ടാം വയസ്സിൽ അച്ഛനോടൊപ്പം അയാൾക്ക് പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നിരുന്നു.

"മുൻഗാമികൾ കയറിയ അതേ പോലീസ് വാൻ; ചെന്നെത്തിയ അതേ പോലീസ് സ്റ്റേഷൻ.പക്ഷേ അവർക്കാർക്കും എന്നെപ്പോലെ കാൽനടയായി തിരിച്ചുവരാനുള്ള ഭാഗ്യം ഉണ്ടായില്ല എന്ന് മാത്രം."ഇനിയും ഒരു ഡോറ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയ്ക്കൊപ്പം പുസ്തകമടച്ചു വയ്ക്കുമ്പോൾ ദ്രുപദ് ഗൗതമിന്റെ വരികൾ മനസ്സിലേക്ക് തള്ളിക്കയറി വരുന്നു.

'ഭയം ഒരു രാജ്യമാണ്;
നിശബ്ദത ആഭരണവും.'

ആത്മാംശങ്ങളേതും നഷ്ടപ്പെടാതെ ഈ നോവൽ വിവർത്തനം ചെയ്തിരിക്കുന്നത്: പ്രഭാ  R ചാറ്റർജി.
പ്രസിദ്ധീകരണം ഗ്രീൻ ബുക്സ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top