25 April Thursday

നമ്പിനാരായണൻ അതിജീവനത്തിന്റെ കഥ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കാർ പടിഞ്ഞാറേക്കോട്ടയിലെ വീട്ടിലേക്കു തിരിയുമ്പോൾ സമയം രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു. സ്വതവേ പത്തുമണിക്ക് ഇരുളണയുന്ന തെരുവ് ഇക്കുറി നമ്പി നാരായണന്റെ വരവ് കാത്തുണർന്നിരിക്കുന്നു. മകനോടൊത്ത് കാറിൽനിന്നിറങ്ങുമ്പോൾ സഹപ്രവർത്തകരായ പ്രസാദും കുറുപ്പും വീട്ടുപടിക്കൽ കാത്തുനിൽപ്പുണ്ട്. കരഞ്ഞുകൊണ്ട് പ്രസാദ് മുമ്പോട്ടുവന്ന് നമ്പിയെ ആലിംഗനം ചെയ്‌തു. നമ്പി പടവുകൾ കയറി സ്വീകരണമുറിയിലെത്തി. അവിടെ കാത്തുനിന്ന സഹോദരിമാർ നമ്പിയുടെ കരം ഗ്രഹിച്ചു. മകൾ ഗീത അപ്പായെ നോക്കിനിന്നു.

നമ്പി നാരായണന്റെ കണ്ണുകൾ ഭാര്യ മീനയെ തെരഞ്ഞു; ഗീത കണ്ണുകൾ കൊണ്ടുപറഞ്ഞു, അമ്മ മുകളിലാണ്. മുകളിൽ വെറും തറയിൽ മടക്കിയ കരത്തിന്മേൽ തലചായ്ച്ചു മീന ഉറക്കത്തിൽ; ആവർത്തിച്ച് വിളിച്ചിട്ടും ഉണരാത്ത ഗാഢനിദ്രയിൽ. മുറിയിലെ ലൈറ്റ് പ്രകാശിപ്പിച്ചു വീണ്ടും വിളിച്ചു, അപ്പോഴാണ് അവർ കണ്ണുതുറന്നത്, അയഥാർത്ഥമായ എന്തോ കാണുംപോലെയാണവർ പ്രതികരിച്ചത്. നമ്പി നാരായണനെക്കാൾ നന്നായി മറ്റൊരാൾക്ക് ആ നിമിഷങ്ങൾ ചിത്രീകരിക്കാനാകില്ല. “Then she let out a shriek that I had never heard—from a human or an animal. It ran through the house, woke up the neighbourhood and sent everyone at home rushing upstairs.” താഴെയിരുന്ന് അവരുടെ തല മടിയിൽവച്ചു തഴുകി; അവരുടെ കണ്ണുനീർ നമ്പിയുടെ തുടകളെ ഈറനാക്കി.

 
ഐഎസ്ആർഒ ചാരക്കേസ് എന്ന  ഉപജാപത്തിൽ പെട്ടുപോയ ശാസ്ത്രജ്ഞരുടെയും രാഷ്ട്രത്തിന്റെ ബഹിരാകാശ ഗവേഷണ സ്വപ്‌നങ്ങൾക്ക് സഹായികളായ ഉദ്യോഗസ്ഥരുടേയും വാണിജ്യപങ്കാളികളുടേയും കഥയാണ് നമ്പി നാരായണൻ അരുൺ റാമിനോടൊത്തു രചിച്ച ‘കുതിക്കുവാനായ് മനസ്സൊരുക്കം’ (Nambi Narayanan and Arun Ram; Ready to Fire: How India and I Survived the ISRO Spy Case – 2018, Bloomsbury India) എന്ന പുസ്തകം. ഒപ്പം, ഇന്ത്യൻ ബഹിരാകാശ പഠനകേന്ദ്രത്തിന്റെ വികാസവും ചരിത്രവും. വ്യക്തികളിൽ ഊന്നിക്കൊണ്ടു ചരിത്രം പറയുന്ന രീതി അവലംബിച്ചതിനാൽ ബഹിരാകാശ ചരിത്രത്തിലെ നമ്പിനാരായണ കാലഘട്ടം ഒരു കഥാനുഭവമാകുന്നു. നമ്പിയുടെയും മറ്റു കുറ്റാരോപിതരുടെയും കഥയിലൂടെ, തേങ്ങലോടല്ലാതെ കടന്നുപോകാനുമാകില്ല. 
 
ഭരണഘടന നൽകുന്ന അദൃശ്യമായ രക്ഷാകവചത്തിനുള്ളിലാണ് നാം ജീവിക്കുന്നത്. ഏതെങ്കിലും അധികാരിയുടെയോ, സാമൂഹ്യവിരുദ്ധരുടെയോ പൊലീസുകാരുടെയോ താല്പര്യത്തിനനുസരിച്ചു മുറിപ്പെടുത്താൻ കഴിയുന്നതാകരുത് പൗരത്വത്തിന്റെ കുപ്പായം. നമ്പി നാരായണൻ പറഞ്ഞുവയ്‌ക്കുന്ന കഥ അതിനാൽ സാധാരണക്കാരന്റെ സ്വൈര്യജീവിതത്തിനേൽപ്പിച്ച ആഴത്തിലുള്ള മുറിവാണ്.
 
പൊലീസ് മെനഞ്ഞെടുത്ത ചാരക്കേസിലേക്കു കണ്ണോടിക്കൂ: ഒരു വിദേശ വനിതയോട് ഒരു പൊലീസുകാരന് ലൈംഗികാസക്തി തോന്നുന്നു. അത് തരപ്പെടാതായപ്പോൾ അവർ കേസിൽ കുടുങ്ങി, പിന്നെ അന്വേഷണമായി, ഡയറി കണ്ടെത്തലായി, ടെലിഫോൺ നമ്പറുകൾ ആകാശപുഷ്‌പങ്ങൾ പോലെ കുമിഞ്ഞുകൂടുകയായി.   കസ്റ്റഡിയിലെടുത്തവരെ നിരന്തരം മർദിച്ചു തെളിവ് ശേഖരിക്കുകയായിരുന്നു. അനേകദിവസത്തെ തുടർച്ചയായ മർദനത്തിനിടയിൽ അവശനായിക്കിടക്കുമ്പോൾ കേട്ട അശരീരി നമ്പി ഓർക്കുന്നു, ‘ഈ മനുഷ്യൻ ജീവിതത്തിനും മരണത്തിനും ഇടയിലാണ്; എങ്ങോട്ടും അവസ്ഥ മാറാം.’ അത് പൂജപ്പുരയിലെ ഡോക്ടർ സുകുമാരനായിരുന്നു. ഒരു വേള, അദ്ദേഹമായിരിക്കും തുടർച്ചയായ മർദനം മരണത്തിലും കലാശിക്കും എന്ന ബോധം പൊലീസിന് നൽകിയത്.
 
രോഹിണി എന്ന അടിസ്ഥാന റോക്കറ്റുകൾ വിക്ഷേപിക്കുന്ന നിലയിൽനിന്ന് ഒരു ബഹിരാകാശ ശക്തിയായി ഇന്ത്യക്ക് വളരാനായത് അനേകം പേരുടെ ദീർഘവീക്ഷണവും അർപ്പണവും കൊണ്ടാണ്. സാരാഭായ്, ധവാൻ, റാവ് എന്നിവരുടെ ദീർഘദൃഷ്ടിയും പ്രധാനമന്ത്രിമാരും തമ്മിലുള്ള ബന്ധവുമാണ് ബഹിരാകാശ പദ്ധതിയെ ബ്യൂറോക്രസിയുടെ ആക്രമണത്തിൽനിന്ന് രക്ഷിച്ചുനിർത്തിയത്. ശ്രീഹരിക്കോട്ട, മഹേന്ദ്രഗിരി തുടങ്ങിയ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കിയതും ദ്രവ ചാലകേന്ധനം ഇന്ത്യൻ റോക്കറ്റുകളിൽ എത്തിക്കാനുള്ള പ്രയത്നവും നമ്പി വൈകാരികക്ഷോഭങ്ങളില്ലാതെ വിവരിക്കുന്നുണ്ട്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങളെ ഫ്രാൻസും റഷ്യയും സഹായിച്ചതും അമേരിക്ക തടസ്സങ്ങൾ സൃഷ്ടിച്ചതും നാം മനസ്സിലാക്കുന്നു. 
 
ആദ്യകാലങ്ങളിൽ ഫ്രാൻസുമായുള്ള കൂട്ടുകെട്ട് നമ്മുടെ സാങ്കേതിക മികവ‌് ഉത്തേജിപ്പിക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായിച്ചത്. 1985 ഡിസംബർ 12നു  വെച്ചു വികാസ് എൻജിൻ വിക്ഷേപിക്കുന്നതാണ് നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ പ്രഥമ നേട്ടം. നേട്ടങ്ങൾക്കു പിന്നിൽ ഊർജം പകർന്ന നിരവധി കഥാപാത്രങ്ങൾ നാം കണ്ടുമറയുന്നു. ഫ്രാൻസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച രാജ്യസ്നേഹി കൺവാൾ ഗ്രോവർ, സോവിയറ്റ് യൂണിയനുമായി മധ്യസ്ഥം നടത്തിയ ചന്ദ്രശേഖർ, റോക്കറ്റിന്റെ ചെറിയ ഭാഗങ്ങൾ നിർമിച്ച കേരളത്തിലെയും ആന്ധ്രയിലെയും ചെറുകിട ബിസിനസുകാർ അങ്ങനെ അനേകം പേർ ഭാരതീയന്റെ ബഹിരാകാശ പെരുമയിലെ കഥാപാത്രങ്ങളാണ്. അവരെയെല്ലാം അണിനിരത്തി എന്നതും പുസ്‌തകം ഏറ്റെടുത്ത ധർമമാണ്.
 
നമ്മുടെ ശാസ്ത്ര ഗവേഷണ പദ്ധതികളെക്കുറിച്ചുള്ള അന്വേഷണത്തിൽ നമ്പി നാരായണൻ വിവരിക്കുന്ന പല അനുഭവങ്ങളും പ്രാധാന്യമർഹിക്കുന്നു. മഹേന്ദ്രഗിരി പ്രോജക്‌ട് നടപ്പിലാക്കുന്നതും പക്ഷി മൃഗാദികളെ പരിരക്ഷിക്കാൻ നടത്തുന്ന ശ്രമവും വനവൽക്കരണവും ഒക്കെ പ്രത്യേക ശ്രദ്ധയർഹിക്കുന്നു. എന്നാൽ, അതോടൊപ്പം ഭൂമിപൂജ പോലുള്ള ആചാരങ്ങൾ ഗവേഷണ കേന്ദ്രത്തിന് എത്രകണ്ട് അനുയോജ്യമാണെന്നും ചിലർ ചിന്തിച്ചേക്കാം.
 
നമ്പി നാരായണന്റെ കേസ് സിബിഐ ഏറ്റെടുത്തു. അവർ പൊലീസ്, ഇന്റലിജൻസ് വിഭാഗം എന്നിവരുടെ കള്ളക്കേസ്‌, തെളിവുകൾ നിരത്തി പൊളിക്കുകയുണ്ടായി. സിബിഐ സംസ്ഥാനത്തെ പല പൊലീസുദ്യോഗസ്ഥരുടെയും പ്രവർത്തനത്തിൽ അസംതൃപ്തി രേഖപ്പെടുത്തുകയും കൃത്യവിലോപം നടത്തിയതായി കണ്ടെത്തുകയും ചെയ്‌തു. നമ്പി നാരായണനെ വിയ്യൂർ ജയിലിൽ എത്തിച്ചപ്പോൾ അകലെനിന്നും ചങ്ങലയിൽ ഒരാൾ വിളിച്ചു പറഞ്ഞു, ‘സാറേ, അവന്മാർ നിങ്ങളെയും കുരുക്കിയോ!’ ചോദിക്കുന്നത്‌ അക്കാലത്ത്‌ പൊലീസ്‌ പിടിയിലായ കുപ്രസിദ്ധനായ റിപ്പർ. തരംകിട്ടിയപ്പോൾ റിപ്പർ അടുത്തുവന്നു നമ്പിയോട് പറഞ്ഞു, ‘ക്ഷമിക്കണം സാർ, എനിക്ക് താങ്കളെ സഹായിക്കാനാകില്ല; എന്നാൽ, ഒരു നാൾ താങ്കൾ സ്വാതന്ത്രനാകും എന്നെനിക്കുറപ്പാണ്.’ റിപ്പറിന് സ്വായത്തമായ അനുതാപം പോലും സമൂഹത്തിനു നഷ്ടമായെന്ന് വരുമോ?

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top