18 April Thursday

അപരബോധത്തിന്റെ കടലാഴങ്ങൾ

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Feb 13, 2022

കഥ പൂക്കുകയാണ്‌ സമകാലീന മലയാള സാഹിത്യത്തിൽ. ഒരു കാലത്ത്‌ കവിതയാണ്‌ നിറഞ്ഞുതൂകിയതെങ്കിൽ ഇന്ന്‌ കവിത കിനിയുന്നതും ജീവിതം തിളയ്‌ക്കുന്നതും കഥാലോകത്താണ്‌. സർഗചാരുതയും ഭാവാവിഷ്‌കാര തീവ്രതയും നിറഞ്ഞ കഥകളുമായി യുവകഥാകൃത്തുക്കൾ സജീവം. നവഭാവുകത്വത്തെ ത്രസിപ്പിക്കുകയും വെയിൽച്ചൂട്‌ പകരുകയുംചെയ്യുന്ന കഥാകൃത്തുക്കളിൽ വേറിട്ട സാന്നിധ്യമാണ്‌ മിഥുൻകൃഷ്‌ണ. ഭൂതകാലക്കുളിരിലല്ല വർത്തമാനത്തിന്റെ നോവിലും കനവിലുമാണ്‌ മിഥുന്റെ പേനക്കണ്ണ്‌. 

നാട്ടുഭാഷയുടെ തുടിപ്പുണ്ടിതിൽ. നാണക്കേടുകളോട്‌ മറയില്ലാത്ത കലഹവും. നിസ്സഹായരുടെ നിലവിളികൾ, ലിംഗനീതിയും സാമൂഹ്യഭ്രഷ്‌ടും കൽപ്പിക്കപ്പെടുന്ന പാവങ്ങളുടെ വിദൂരമായ നാളെയിലേക്കുള്ള നോട്ടങ്ങൾ, പച്ചയായ മനുഷ്യരോടും പച്ചപ്പാർന്ന ഭൂമിയോടുമുള്ള പൊള്ളൽ എല്ലാമുണ്ട്‌ പുതിയ കഥാസമാഹാരം ‘തീണ്ടാരിച്ചെമ്പി’ലെ  കഥകളിൽ.

സ്വയമുരുകിത്തീരുന്ന മനുഷ്യജീവിതങ്ങളാണ്‌ ട്രാൻസ്‌ജൻഡറുകളുടേത്‌. മുഖ്യധാരയിലെന്നല്ല, പുറമ്പോക്കിൽപ്പോലും ഇടമില്ലാത്തവർ. സാഹിത്യത്തിലും  തീണ്ടാപ്പാടകലെയാണിവർ. ജൈവിക സവിശേഷതകളുള്ള നിസ്സഹായരുടെ  അനുഭവവൃത്തമാണ്‌ കഥകളുടെ  ഉൾക്കരുത്ത്‌. ലിംഗനീതിയടക്കമുള്ള വിഷയങ്ങൾ, സ്‌ത്രീപ്രശ്‌നങ്ങൾ ഇവയെല്ലാം കടന്നുവരുന്നുണ്ട്‌ കഥകളിൽ.

കുറുക്കത്തിക്കല്ല്, ജനിതകഭൂപടം, മാമസിത, ഇംപേടിയൻസ്‌ ബക്കാട്ടി  തുടങ്ങിയ കഥകൾ പുനർവായനകൾക്ക്‌  പ്രേരിപ്പിക്കുന്നവയാണ്‌. പുപ്പുത്താനിലെ ഭാഷ  ഋജുവും ലളിതവുമാണ്‌.  തൊഴിലിനായി തലസ്ഥാന നഗരത്തിൽ കഴിഞ്ഞത്‌ കഥാകാരന്റെ രചനാപ്രപഞ്ചത്തെയും ഭാവുകത്വത്തെയും  വിശാലമാക്കിയതിന്റെ സൂചനകൾ  ആഖ്യാനത്തിലുണ്ട്‌.    ഇരുട്ടിന്റെ പൂജയല്ല വെളിച്ചത്തിന്റെ പ്രസാദാത്മകതയാണ്‌ മിഥുന്റെ കഥകളെ വായനാപ്രിയമാക്കുന്നത്‌.

പതിനൊന്ന്‌ കഥയാണ്‌ തീണ്ടാരിച്ചെമ്പിൽ. ഇതിൽ ഏറ്റവും തീവ്രമായ അനുഭൂതിയേകുന്ന രചന ‘പുള്ളിച്ചി’യാണ്‌.  പെണ്ണിന്റെ കരുത്ത്‌, അവളേൽക്കുന്ന മുറിവുകൾ, ദയാശൂന്യമായ ആൺപരിസരങ്ങൾ ഇവയെല്ലാം വെള്ളിത്തിരയിലെ കാഴ്‌ചപോലെ സൂക്ഷ്‌മമായി പറയുന്നുണ്ടിതിൽ. ആർത്തവമെന്നും മറ്റും നാം പരസ്യമായി പറയാൻ തുടങ്ങിയത്‌ അടുത്ത കാലത്താണ്‌. ആർത്തവവേളയിലെ പെണ്ണനുഭവങ്ങൾ ഒരു കഥയിലും വരച്ചിടാനാകുന്നതല്ല. ലാലേച്ചിയിൽ  ആ കഥയാണ്‌ പറയുന്നത്‌.   രാഷ്ട്രീയ വായനയിലേക്ക്‌ നയിക്കുന്നതാണ്‌ ജനിതക ഭൂപടം. ജനിതക വഴിയിനിന്ന്‌ മാറി ചരിക്കുന്ന കുറേ മനുഷ്യരാണ്  കഥാപാത്രങ്ങൾ. മാവോയിസം, മതഭീകരത, പച്ച, അശാന്തി, ദണ്ഡകാരണ്യകം-സമകാലികമായ ഒരുപാട്‌  ദൃശ്യങ്ങൾ ഇതിലുണ്ട്‌. 

മനേകാമ്മയും നീരുവും താഴ്‌വാരത്തിലെ   ചായക്കടയും പശ്ചാത്തലത്തിലെ മുഹമ്മദ് റാഫിയുടെ പാട്ടുമെല്ലാമായുള്ള   ആ അനുഭവപരിസരം മറക്കില്ല. എത്രയാവിഷ്‌കരിച്ചാലും മതിവരാത്ത പ്രണയമാണ്‌ ‘നിന്റെ നാമത്തെ പ്രതി’യിൽ.  ‘‘നിന്റെ ഹൃദയത്തിൽ മുദ്രയായും നിന്റെ കരത്തിൽ അടയാളമായും എന്നെ പതിപ്പിക്കുക. പ്രേമം മരണത്തെപ്പോലെ ശക്തമാണ്.  ഫാസിസ്റ്റ്‌ രാഷ്‌ട്രീയം ഉമ്മറപ്പടിയിലെത്തിയ കാലത്തെ കാണാം കുറുക്കത്തിക്കല്ലിൽ. കുഞ്ഞുങ്ങൾക്ക്‌ നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും മാനസികവ്യഥകളുമാണ്‌ തോട്ടയിൽ.

മാനവികതയുടെ ഇളനീർ തുടിപ്പാണ്‌ മിഥുന്റെ എഴുത്തിന്റെ അടിത്തട്ട്‌. ദുർബലമായ പ്രതിരോധമല്ല അരുതായ്‌മകൾക്കെതിരെ പ്രത്യാക്രമണമാണത്‌. ആ വിചാരധ്വനി പടർത്തുന്നതാണിതിന്റെ കരുത്ത്‌. ആദ്യസമാഹാരമായ ചൈനീസ്‌ മഞ്ഞയ്‌ക്കുശേഷം തീണ്ടാരിച്ചെമ്പിലെത്തുമ്പോൾ സ്വന്തമായ ഇരിപ്പിടം മിഥുൻകൃഷ്‌ണയെന്ന യുവ കഥാകാരൻ മലയാള സാഹിത്യത്തിൽ ഉറപ്പാക്കിയിരിക്കുന്നു എന്ന്‌ നിസ്സംശയം പറയാം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top