26 April Friday

പുറത്താക്കപ്പെട്ടവരുടെ പുസ്തകം" അധിനിവേശം പ്രമേയമാക്കിയ മലയാളത്തിലെ പ്രഥമ നോവൽ

സാം പൈനുംമൂട്, കുവൈറ്റ്Updated: Saturday May 2, 2020

സാം പൈനുംമൂട്,

സാം പൈനുംമൂട്,

മൂഹം എന്ന യാഥാർത്ഥ്യം മനുഷ്യ മനസ്സിലേക്ക് കൊണ്ടുവരുവാനുള്ള ഏറ്റവും നല്ല ഉപാധിയാണ് സാഹിത്യം. പ്രത്യേകിച്ചും നോവൽ എന്ന സാഹിത്യ ശാഖ. സമകാലിക സാമൂഹികാന്തരീക്ഷം ഒരുപാട് വ്യഗ്രതകളുടെ, ആർത്തിയുടെ, വിഭാഗീയതയുടെ, മനുഷ്യർ തമ്മിലുള്ള ശത്രുതയുടെ...... ഉപോൽപ്പന്നമായ "കൊറോണ " എന്ന കെട്ട കാലത്തിലൂടെയാണ് നാം കടന്നു പോകേണ്ടി വരുന്നത്

ഈ സന്നിഗ്ധ ഘട്ടത്തിൽ വിഭാഗീയതകളുടെ മുൾമുനയിൽ കഴിയുന്ന മനുഷ്യനെ ഒന്നിപ്പിക്കുവാൻ കഴിയുന്ന ദൗത്യമാകുന്നു സാമൂഹ്യ പ്രതിബന്ധതയിലൂന്നിയ സാംസ്കാരിക പ്രവർത്തനം. ചിന്തയുടെയും വികാരങ്ങളുടെയും കലയാകുന്നു സാഹിത്യ പ്രവർത്തനം.
 
വായനക്കാർ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരു സാഹിത്യരൂപമാണ് നോവൽ. കാരണം വായനക്കാരൻ്റെ മനസ്സിനെ ഏറ്റവും സർഗാത്മകമാക്കുന്ന സാഹിത്യരൂപം എന്ന നിലയിൽ. ഒരു നോവലിന് അത്യാവശ്യം വേണ്ട രണ്ടു കാര്യങ്ങളിൽ ഒന്ന് അതിൻ്റെ വായനാസുഖമാണ്. മറ്റൊന്ന് അതിലൊരു കഥയുണ്ടായിരിക്കണം എന്നതും.
 
ഉദാഹരണത്തിന് നമ്മൾ ഇടുന്ന ഉടുപ്പ്, ഒരു തുണിയാണ്. അതു കൊണ്ട് കയ്യും കോളറും ബട്ടൺസുമൊക്കെ തുന്നിപ്പിടിപ്പിക്കുമ്പോൾ അത് ഒരു ഉടുപ്പായി മാറുന്നു. അല്ലാത്തപക്ഷം അതൊരു കഷണം തുണിയാണ് എന്നതുപോലെ കഥയില്ലെങ്കിൽ നോവൽ ഒരു ലേഖനമാണെന്ന് നിരീക്ഷിക്കേണ്ടി വരും.
 
നമ്മുടെ മലയാള നോവൽ സാഹിത്യത്തിന് ചുരുങ്ങിയത് 130 വർഷത്തെ പഴക്കമുണ്ട്. ഇക്കഴിഞ്ഞ ശതകത്തിൽ നമുക്കു ലഭിച്ച നോവലുകളുടെ എണ്ണം വിസ്മയകരമാകുന്നു. പ്രതിവർഷം വളരെ പുസ്തകങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഈ യാഥാർത്ഥ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രേമൻ ഇല്ലത്ത് എന്ന പ്രവാസി എഴുത്തുകാരൻ്റെ "പുറത്താക്കപ്പെട്ടവരുടെ പുസ്തകം" എങ്ങനെ പ്രസക്തമാകുന്നുവെന്ന് നാം അന്വേഷിക്കുന്നത്. മാത്രമല്ല, അദ്ദേഹം "കല " എന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടായ്മയിലെ എൻ്റെ സഹപ്രവർത്തകനാണെന്നതും ഇരട്ടി മധുരം നൽകുന്നു!
 
ഇന്ന് ലോകത്ത് നിലനിൽക്കുന്ന ശ്രദ്ധേയമായ രാഷ്ട്രീയ പ്രശ്നമാണ് "ഇസ്രായേലിൻ്റെ പലസ്തീൻ അധിനിവേശം ". ഈ രാഷ്ട്രീയ വിഷയം പശ്ചാത്തലമാക്കിയ മലയാളത്തിലെ പ്രഥമ നോവലാണ് എൻ്റെ പ്രിയ സുഹൃത്ത് പ്രേമൻ ഇല്ലത്തിൻ്റെ "പുറത്താക്കപ്പെട്ടവരുടെ പുസ്തകം".2016 ഏപ്രിലിൽ കറൻ്റ് ബുക്സാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ അതേ വർഷം മേയ് മാസം മറ്റൊരു നോവൽ കൂടി അധിനിവേശം പ്രമേയമായി മലയാളത്തിനു ലഭിച്ചു. ഡി. സി ബുക്സ് പുറത്തിറക്കിയ ഈ നോവൽ ഗൾഫ് നാടുകളിൽ പ്രവാസിയായിരുന്ന മലയാളത്തിലെ ലബ്ദ പ്രതിഷ്ഠ നേടിയ എഴുത്തുകാരൻ പി. കെ പാറക്കടവിൻ്റെ "ഇടിമിന്നലുകളുടെ പ്രണയം" എന്ന നോവലാണ്.
 
പലസതീൻ വിഷയം പ്രമേയമാക്കിയ ഇരു നോവലുകളും ചർച്ച ചെയ്യുന്നത് പലസ്തീൻ ജനതയുടെ ജീവിതവും ചരിത്രവും രാഷ്ട്രീയവുമാണ്. നിരന്തരം പോരാടുന്ന ഒരു ജനത ! ഏതു സമയത്തും ശത്രുരാജ്യത്തിൻ്റെ ആക്രമണം നേരിടുന്ന ഒരു ജനത ! അതിജീവനത്തിനായി പൊരുതുന്ന ജനത !
 
"സയണിസം" രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോക ജനതയുടെ ശ്രദ്ധ നേടിയ പ്രയോഗം ! " അധിനിവേശം കൂടാതെ സയണിസമില്ല, അറബികളെ കുടി ഒഴിപ്പിക്കാതെയും ഭൂപ്രദേശം കയ്യടക്കാതെയും യഹൂദ രാഷ്ട്രമില്ല".
ഇസ്രായേൽ അധിനിവേശമെന്നാൽ പലസ്തീൻ ജനതക്കു മേൽ ആധിപത്യം നേടുക എന്നതാണ്.
 
ജനതയില്ലാത്ത ഭൂമി - ഭൂമിയില്ലാത്ത ജനതക്ക് എന്ന പ്രചണ്ഡമായ പ്രചാരണം നടത്തിയ പലസ്തീൻ പ്രദേശത്തിൻ്റെ തന്ത്രപ്രധാന്യം മനസ്സിലാക്കി കൊണ്ട് ഈ പ്രദേശങ്ങളിൽ നിന്ന് പലസ്തീനികളെ ഇറക്കിവിട്ട് യഹൂദന്മാരെ കുടിയേറ്റുക എന്നതാണ് സയണിസത്തിൻ്റെ ലക്ഷ്യം.
 
ഈ ലക്ഷ്യം സാക്ഷാത്കരിച്ചത് 1948 മേയ് 15ന് ആയിരുന്നു. അങ്ങനെ അറബ് ജനതയുടെ പലസ്തീൻ , യൂറോപ്യന്മാരുടെ ഇസ്രായേലായി പരിണമിച്ചു. ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഭാവനയും യാഥാർത്ഥ്യവും കൂട്ടി കലർത്തുന്ന രചനാ തന്ത്രം കൊണ്ട് വായനക്കാരെ അനുഭവിപ്പിക്കുന്ന " പുറത്താക്കപ്പെട്ടവരുടെ പുസ്തകം" എന്ന നോവൽ മാനവിക ബോധത്തിൻ്റെ ഉദാത്തമായ രാഷ്ട്രീയം ചർച്ച ചെയ്യുന്നു.
 
ഈ നോവൽ കലാപങ്ങളും പോരാട്ടങ്ങളും നിറഞ്ഞു നിൽക്കുന്ന പ്രവാസ ജീവിതത്തിൻ്റെ നേർകാഴ്ചകളാണ്. പിറന്ന മണ്ണിൽ തിരസ്കാരം അഥവാ പ്രവാസം അനുഭവിക്കുകയെന്ന അസാധാരണമായ കാഴ്ചയാണ് നോവൽ സമ്മാനിക്കുന്നത്. ഈ യാഥാർഥ്യം പരിഹരിക്കപ്പെടാത്ത ഒരു രാഷ്ടീയ വിഷയമായി അവശേഷിക്കുന്നു ലോകജനതയുടെ മുന്നിൽ. അതു കൊണ്ടു തന്നെ 130 വർഷത്തെ ചരിത്രം അവകാശപ്പെടാവുന്ന മലയാള നോവൽ ശാഖയിൽ പ്രമേയം കൊണ്ട് ശ്രദ്ധേയമായി ഈ നോവൽ!
 
പലസ്തീൻ ജനതയുടെ പ്രതീകമായ സാദ് - ലൈല ദമ്പതികളും അവരുടെ ചോര കുഞ്ഞും വൃദ്ധയായ റബീദുമ്മയുമായി ഗാസയിൽ നിന്നും റാമല്ലയിലേക്കുള്ള പാലായനത്തിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. വിശ്വവിഖ്യാതമായ പലസ്തീനിലെ ഗാസയിൽ പിറന്നു വീണതിൻ്റെ പിറ്റേന്ന് സുരക്ഷയെക്കരുതി റാമല്ലയിലേക്ക് രക്ഷപ്പെട്ട് ജീവിതം പാലായനത്തിൻ്റെയും സന്നദ്ധ പ്രവർത്തനത്തിൻ്റയും സമരമുഖമാക്കി മാറ്റിയ നോഷിൻ എന്ന പെൺകരുത്താണ് ഈ പുസ്തകത്തിലെ നായിക. റാമല്ലയിലുണ്ടായിരുന്ന വല്യമ്മാവൻ്റെ വീടായിരുന്നു ഈ ചോര കുഞ്ഞിൻ്റെ പിള്ള തൊട്ടിൽ!
 
കുവൈറ്റിലെ ജീവിതം ഉപേക്ഷിച്ച് അമ്മാവൻ്റെ കൃഷിയിടങ്ങളിൽ ഉപജീവനമാർഗം തുടരാമെന്ന ചിന്തയിൽ കഴിയവെ മകൾക്കുള്ള സമ്മാനം എടുക്കുവാനായി ഇറങ്ങുന്ന സാദ് ദാരുണമായി കൊല്ലപ്പെടുന്നു. നോഷിനെ വളർത്തിയ ലൈല , ഡോ. മറിയം, തെരേസ എന്നീ വനിതകളെ പരിചയപ്പെടുന്നു. ഒരു പലസ്തീനിയുടെ ദു:ഖവും ദുരന്തവുമെല്ലാം കൂടെ പിറപ്പാണെങ്കിലും ഈ മനുഷ്യാവകാശ പ്രവർത്തകരായ വനിതകളുടെ സൗഹൃദം നോഷിന് താങ്ങും തണലുമായി.
 
പലസ്തീൻ വിമോചന പോരാട്ടത്തിൽ ജീവൻ നൽകേണ്ടി വന്ന സാദ് എന്ന ദുരന്തകഥാപാത്രം മുതൽ മരണ മൊഴി രേഖപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ നോവൽ സാക്ഷ്യപ്പെടുത്തുന്നു. ഇതിലെ കഥാപാത്രങ്ങൾ സാങ്കൽപികമെങ്കിലും അവിശ്വസനീയമായി വായനക്കാർക്ക് തോന്നുകയില്ലായെന്നതാണ് ഈ നോവലിൻ്റെ രചനാ തന്ത്രം!
 
നോഷിൻ എന്ന നോവലിലെ മുഖ്യ കഥാപാത്രത്തിൻ്റെ ശൈശവം, ബാല്യം, യൗവ്വനം, പoനം, കർമ്മമണ്ഡലം .... Dr. Noshin Mansur Al-Rashid ലേക്കുള്ള ആക്ടിവിസ്റ്റിൻ്റെ പരിണാമവും സമരോൻ മുഖമായ ജീവിതവും മനുഷ്യ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ വായനക്കാരനെയും വേട്ടയാടുമെന്നുള്ളതിൽ തർക്കമില്ല.
 
ഈ ഭൂമിയുടെ അവകാശികൾ ആര് എന്ന അന്വേഷണവും തൻ്റെ പിതാവിൻ്റെ ജീവൻ അപഹരിച്ചത് ആര് എന്ന തിരിച്ചറിവും നോഷിൻ എന്ന ബാലികയിൽ തെളിയുന്ന രംഗം നോവലിസ്റ്റ് ആവിഷ്ക്കരിച്ചിരിക്കുന്നത് പലസ്തീൻ ബാല്യങ്ങളുടെ നേർകാഴ്ചകളാണ്.
 
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ കഴിഞ്ഞതോടെ ലോക രാഷ്ട്രീയ രംഗത്തു വലിയ മാറ്റങ്ങൾ സംഭവിച്ചു. നിലനിന്നിരുന്ന പല സാമ്രാജ്യത്വ മേൽകോയ്മകളും തകർന്നു. രാഷ്ട്രീയ അടിമ - ഉടമ സമ്പ്രദായത്തിന് അവസാനമായെങ്കിലും 1948 ൽ ഇസ്രായേൽ എന്ന യഹൂദരാഷ്ട്രം ജന്മം കൊണ്ടു.
 
1799 ൽ പ്രമുഖ ഫ്രഞ്ച് നായകൻ നെപ്പോളിയൻ ബോണപ്പാർട്ട് തൻ്റെ പ്രസിദ്ധമായ ഈജിപ്റ്റ് - സിറിയൻ അധിനിവേശ യാത്രകൾക്കിടയിൽ പലസ്തീനിൽ ഒരു യഹൂദ രാഷ്ട്രം സൃഷ്ടിക്കുക എന്ന ആശയം അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പത്തൊൻപതാം നൂറ്റാണ്ട് ആയപ്പോഴേക്കും യഹൂദ രാഷ്ട്രം എന്ന വാദഗതി ശക്തമായി തീർന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ പകുതിയോടെ " സയണിസ്റ്റ് മൂവ്മെൻ്റ് " ഒരു രാഷ്ട്രീയ പ്രസ്ഥാനമായി രംഗത്ത് വന്നതും ചരിത്രം.
 
ഇസ്രായേൽ രാഷ്ട്ര നിർമ്മിതി ഒരു നീണ്ട കാലത്തെ അന്താരാഷ്ട്ര ഗൂഢാലോചനയുടെയും സാമ്രാജ്യത്വ താൽപര്യങ്ങളുടെയും തീരുമാനത്തിൻ്റെയും ഫലമാണെന്ന് സാരം. പലസ്തീൻ, ഇസ്രായേൽ, അമേരിക്ക, ഈജിപ്റ്റ്, കുവൈറ്റ്, ലെബനോൻ, എത്യോപ്യ, ശ്രീലങ്ക, ഇന്ത്യ, ഇറാഖ്, ജോർദ്ദാൻ, ഫിലിപ്പൈൻസ്, അഫ്ഗാനിസ്ഥാൻ, സിറിയ, ഗ്വാണ്ടനാമോ എന്നീ രാജ്യങ്ങൾ പരാമർശിക്കുക വഴി ഒരു അന്താരാഷ്ട്ര മാനം കൈവരിക്കുന്നു നോവൽ!
 
അമേരിക്കക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചനയിൽ ഏർപ്പെട്ട വനിതാ ജിഹാദി എന്ന സി ഐ എ മേധാവി ഡോ. ജീൻ വാൾട്ടിൻ്റെ റിപ്പോർട്ടാണ് Dr. Noshin Mansur Al-Rashid നെതിരെയുള്ള കുറ്റം. ഭീകരപ്രവർത്തനം , രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കൽ, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ സംശയലേശമെന്യേ തെളിഞ്ഞതായി ന്യൂയോർക്ക് ആസ്ഥാനമായ ഭീകരവിരുദ്ധ വിചാരണ കോടതിയുടെ വിധി വരികയും 100 വർഷത്തേക്ക് ഡോ. നോഷിനെ തടവുശിക്ഷക്ക് വിധിക്കുകയും ചെയ്യുന്നതോടെ നോവൽ അവസാനിക്കുകയാണ്.
 
പലസ്തീൻ ജീവിതം പുന:സൃഷ്ടിക്കുകയാണ് നോവലിസ്റ്റ് ഈ രചനയിലൂടെ. ജനിച്ച മണ്ണിൽ സമാധാനപൂർണമായ ജീവിതം നയിക്കുകയെന്നത് സ്വപ്നം കാണുന്ന ഒരു ജനതയുടെ രാജ്യത്തെ കുറിച്ച് മലയാളത്തിലിറങ്ങിയ പ്രഥമ നോവൽ എന്ന നിലയിൽ കൂടുതൽ പoനങ്ങളും സംവാദങ്ങളും ഈ പുസ്തകം അർഹിക്കുന്നുണ്ട്.
 
ഓരോ എഴുത്തുകാരനും അത്യാവശ്യം ചരിത്രബോധമുള്ളവരായിരിക്കണം. മനുഷ്യൻ ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നറിയാൻ അതു സഹായിക്കും. സാമൂഹ്യാവബോധമായിരിക്കണം നമ്മുടെ മനസ്സിനെ ശക്തമാക്കേണ്ടത്. യാഥാർത്ഥ്യബോധത്തോടെ എൻ്റെ പ്രീയ സുഹൃത്ത് പ്രേമൻ ഇല്ലത്ത് നടത്തിയ ഈ സൽക്കർമ്മത്തിലൂടെ മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ നോവലിസ്റ്റും ഇടം നേടിയിരിക്കുന്നു. കൊറോണാനന്തര കാലത്ത് അറബി ഭാഷയിലേക്കു മൊഴിമാറ്റം നടത്തി പ്രസാധനത്തിനൊരുങ്ങുന്നു ഈ കൃതി. അഭിനന്ദനങ്ങൾ!!!

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top