27 April Saturday

‘ശ്യാമമാധവം’, ‘കനൽച്ചിലമ്പ്‌’ ഇംഗ്ലീഷ്‌ പരിഭാഷകൾ ഗവർണർ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021


ന്യൂഡൽഹി
അപരദുഃഖം സ്വന്തം ദുഃഖമായി ഉൾക്കൊണ്ട കവിയാണ്‌ പ്രഭാവർമയെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. കവികൾ മറ്റുള്ളവരുടെ വേദനകൾ സ്വന്തം ദുഃഖമായി സ്വീകരിക്കുന്ന അവസരത്തിലാണ്‌ മഹത്തായ സാഹിത്യസൃഷ്ടികൾ ഉണ്ടാകുന്നത്‌. പ്രഭാവർമയുടെ കാവ്യങ്ങൾ ഉദാത്തമാകുന്നത്‌ ഈ നിലയ്‌ക്കാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

പ്രഭാവർമയുടെ പ്രശസ്‌ത കാവ്യാഖ്യായികകളായ ‘ശ്യാമമാധവം’, ‘കനൽച്ചിലമ്പ്’ എന്നിവയുടെ ഇംഗ്ലീഷ്‌ പരിഭാഷകളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു ഗവർണർ. അധികാരവർഗത്തിന്റെ അനീതികൾക്കെതിരെ സ്‌നേഹവും സഹനവും ആയുധമാക്കി പോരാടുന്ന സ്‌ത്രീശക്തിയുടെ കാവ്യാത്മകമായ ആവിഷ്‌കാരമാണ്‌ ‘കനൽച്ചിലമ്പ്’ . ശ്രീകൃഷ്‌ണഹൃദയത്തിന്റെ സങ്കീർണതകൾ ഒപ്പിയെടുത്ത കാവ്യമാണ്‌ ‘ശ്യാമമാധവം’. ഇരുകൃതിയും ഇന്ത്യൻ സാഹിത്യത്തിന്റെ മുൻനിരയിൽ പ്രതിഷ്‌ഠ നേടട്ടെയെന്നും ഗവർണർ ആശംസിച്ചു.

‘ശ്യാമമാധവം’ ഇംഗ്ലീഷ്‌ പരിഭാഷയായ ‘ലാമെന്റ്‌ ഓഫ്‌ ദി ഡസ്‌ക്കി ഗോഡ്‌’ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ്‌ ഡോ. ചന്ദ്രശേഖര കമ്പാറിനു നൽകി ഗവർണർ പ്രകാശനം ചെയ്‌തു. ‘കനൽച്ചിലമ്പ്’  ഇംഗ്ലീഷ്‌ പരിഭാഷയായ ‘ആൻക്‌ലെറ്റ്‌ ഓഫ്‌ ഫയർ’ ആദ്യപ്രതി ഗവർണറിൽനിന്നും മാധ്യമപ്രവർത്തകൻ വെങ്കിടേഷ്‌ രാമകൃഷ്‌ണൻ സ്വീകരിച്ചു. ഇരുണ്ടകാലത്തിന്റെ ദുഃഖങ്ങൾ പകർത്തലും പ്രത്യാശയുടെ കിരണങ്ങൾ അന്വേഷിക്കലുമാണ്‌ കാവ്യജീവിതമെന്ന്‌ പ്രഭാവർമ പറഞ്ഞു.

ശ്യാമമാധവത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ അനിത മാധവനും കനൽച്ചിലമ്പിന്റെ പരിഭാഷ  കെ എം അജീർകുട്ടിയുമാണ്‌ നിർവഹിച്ചത്‌. ഇൻഡസ്‌ പബ്ലിക്കേഷൻസാണ്‌ ഇംഗ്ലീഷ്‌ പതിപ്പുകളുടെ പ്രസാധകർ. കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ ശ്രീനിവാസറാവു, ഇൻഡസ്‌ പ്രസാധകവിഭാഗം തലവൻ ശൗരീശങ്കർ നടേശൻ എന്നിവർ പങ്കെടുത്തു. കേന്ദ്ര സാഹിത്യ അക്കാദമി, വയലാർ പുരസ്‌കാരങ്ങൾ നേടിയ കൃതിയാണ്‌ ശ്യാമമാധവം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top