26 April Friday

പൊറ്റാളിലെ ഇടവഴികള്‍...രണ്ടാം പുസ്തകം ഉടനെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

മലപ്പുറം ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിന്റെ സ്ഥലകാലചരിത്രം അവിടുത്തെ ജീവിതങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന കഥ പറയുന്ന നോവൽ സീരീസാണ് പൊറ്റാളിലെ ഇടവഴികള്‍. അഭിലാഷ് മേലേതിലാണ് നോവലിസ്റ്റ്. അടുത്ത മാസം പുറത്തിറങ്ങുന്ന സീരീസിലെ രണ്ടാം പുസ്തകത്തിൽ നിന്ന് ചില ഭാഗങ്ങൾ ഇവിടെ വായിക്കാം.
 
ഷാനവാസ് : ചാലിയിലെ കുളത്തിന്റെ വക്കിലൂടെ പോകുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ അബു എന്ന എന്റെ ബന്ധുവിനെ ഓർക്കും - വലിയുപ്പാന്റെ സഹോദരനായിരുന്നു. ചാലിയിൽ വച്ച് എന്തോ കണ്ടു പേടിച്ചു എന്നാണ് ആളുകൾ പറയുക. ഈ കുളത്തിന്റെ വക്കിൽ വച്ച് ചാലിയമ്മയെ കണ്ടു എന്നാണ് ആ കഥയുടെ വേറെ ഒരു വകഭേദം. ചാലിയമ്മയുടെ ശക്തി കാരണമാണ് പോലും കുറേക്കാലം പിടിത്തം വിട്ട പോലെ നാടുമുഴുവൻ അലഞ്ഞു നടന്നത്. പിന്നെ പഠനത്തിലും പാട്ടു പാടുന്നതിലും ഒക്കെ മിടുക്കനായി. മദ്രാസിലൊക്കെ പോയി ഉന്നത ബിരുദത്തിനു പഠിച്ചു. പിന്നെ വലിയ പറമ്പ് കോളനിയിലെ ഒരു ചെറുമിപ്പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചു. അയാൾ പാടിയ മാപ്പിളപ്പാട്ടുകളുടെ റെക്കോർഡുകളും കാസറ്റുകളും ഉമ്മയുടെ വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഉപ്പയുടെ കുടുംബത്തിൽ അയാളെ അധികമാരും അംഗീകരിച്ചിരുന്നില്ല. അയാളുടെ കൗമാരകാലത്ത് യുവജനോത്സവവേദികളിലും മറ്റും അയാൾ പാടുമ്പോൾ കേട്ടിരിക്കുന്ന ഉമ്മച്ചിമാർ കണ്ണ് തുടയ്ക്കുമായിരുന്നത്രെ. എന്നാൽ സ്വന്തം വീട്ടിൽ അയാളുടെ പാട്ടുകൾക്ക് വിലക്കായിരുന്നു. മഹല്ലിലും. അവസാനം വിവാഹം ഇങ്ങനെയുമായപ്പോൾ സംഗതി കൂടുതൽ വഷളായി. അയാൾ പാട്ടും പരിപാടിയുമായി നാട് ചുറ്റിയപ്പോൾ ആ പെൺകുട്ടി ഒറ്റയ്ക്ക് അത്താണിയിലെ ഒറ്റമുറി ലോഡ്‌ജിൽ ജീവിച്ചു - അയാളുടെ വീട്ടുകാരുടെ കണ്ണിൽപ്പെടാതിരിക്കാൻ അവരാവത് ശ്രമിച്ചു. വലിയുമ്മയ്ക്ക് എന്നാൽ അവരോട് അതിരറ്റ സ്നേഹമായിരുന്നു. ഇടയ്ക്കു വീട്ടിലെ പലഹാരങ്ങളും പലവകകളും വലിയുമ്മ കൊടുത്തയച്ചത് പലർ വഴി അവിടെയെത്തിക്കൊണ്ടിരുന്നു. ഏതോ പഴയ ഫോട്ടോയിൽ കണ്ട അവരുടെ എണ്ണ തേച്ചപോലെ മിനുങ്ങുന്ന മുഖവും കൈകളും എനിയ്ക്കൊരിക്കലും മറക്കാനായില്ല.

ഉമ്മയുടെ വീട് കക്കാടംപുറത്തായിരുന്നു. അവിടെ ജീപ്പിലോ ബസ്സിലോ ഒക്കെ ചെന്നിറങ്ങി എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു മരമില്ലിന്റെ ഇടതുവശത്തുകൂടി, പാടങ്ങളെ മുറിച്ചു നീങ്ങുന്ന ഒരു നീണ്ട വഴിയുടെ അറ്റത്ത്, ചരല് കിരുകിരുക്കുന്ന ഒരു കുത്തനെയുള്ള ഇടവഴി നടന്നുകയറി വേണം അങ്ങോട്ട് ചെല്ലാൻ. ഉമ്മയുടെ അടയാളം നിരന്ന വെള്ളപ്പല്ലുകളുടെ ആ ചിരിയാണ്. ഒരു ദിവസത്തിൽ ഉമ്മ പലതവണ ആ ചിരി ചിരിക്കും. ചോദ്യങ്ങൾക്കു മറുപടി ഒഴിവാക്കാൻ, ചീത്ത പറയാതിരിക്കാൻ, ദേഷ്യം മറക്കാൻ എല്ലാം ഉമ്മ ചിരിക്കും. ഉമ്മുമ്മയെ കാണുമ്പോൾ നമുക്കറിയാം ഉമ്മാന്റെ ചിരി എവിടന്നു വന്നു എന്നത്. ഉമ്മ എത്തിക്കഴിഞ്ഞാൽ ആ വീട്ടിലെ ജോലികളെല്ലാം കൃത്യമായി പകുക്കപ്പെടും. സംസാരം പിന്നണിയിൽ തുടരും. ഉമ്മയുടെ പിന്നാലെ തൊടിയിൽ മകളും കറങ്ങും. അതിനിടയിൽ മടലും കൊതുമ്പും എല്ലാം കെട്ടാകും, പിൻവശത്തെ വരാന്തയിൽ അടുക്കപ്പെടും. ആടുകൾ കൂട്ടിലെത്തും. നിസ്കാരം ഒരുമിച്ച്. നിസ്കാരക്കുപ്പായം അഴിക്കാതെ അവർ പിന്നെയും ഏറെ നേരം സംസാരിച്ചിരിക്കും. രാത്രി കിടക്കുമ്പോഴും അതു തന്നെ നടക്കും. അത് കേട്ട് കേട്ടാണ് ഞാനുറങ്ങുക.

അങ്ങനെ ഉറങ്ങുന്ന ഒരു രാത്രി ഞാൻ അടുക്കളപ്പുറത്തെ വരാന്തയിൽ മലർന്നു കിടക്കുന്ന അബു എന്ന ചെറുപ്പക്കാരനെ സ്വപ്നം കണ്ടു. അയാൾക്ക് മൂന്നുമ്മമാരായിരുന്നു. അവർ മധുരക്കിഴങ്ങു പുഴുങ്ങുകയായിരുന്നു. അതിന്റെ പുക വെറ്റിലക്കൊടികൾക്കിടയിലൂടെ തെങ്ങോലകൾക്കിടയിലൂടെ പൊങ്ങുന്നു. അയാൾ സന്തോഷത്തോടെ ഏതോ ഒരു പാട്ടുമൂളുകയാണ്. അയാളുടെ അരികിൽ എണ്ണ മെഴുക്കുള്ള കൈകളുമായി ഒരു കറുത്ത പെൺകുട്ടി. അവളുടെ കൈകൾ അയാളുടെ അരക്കെട്ടിൽ. അയാളുടെ സുന്നത്തു കഴിയാത്ത ലിംഗം ഉദ്ധരിച്ചു നിൽപ്പായിരുന്നു. വെളുത്ത ശരീരത്തിൽ കറുത്ത ഒന്ന്. ഞാൻ കൗതുകത്തോടെ അതിലേയ്ക്കു നോക്കുന്നത് അയാളറിയുന്നുണ്ട്. അയാൾ എന്നെ നോക്കി പുഞ്ചിരിക്കുന്നു. അയാളുടെ പാട്ടു തുടരുകയാണ്.

പിൽക്കാലത്ത് നിതിനോട് ഞാനീ സ്വപ്നത്തിന്റെ കാര്യം പറയുകയുണ്ടായി. അവൻ എന്നെക്കാളും ഒരു വയസ്സിനിളയതായിരുന്നു. ഏഴാം ക്‌ളാസിൽ ഞാനും അത്താണിയിലെ ഫിറോസും തോറ്റു. അപ്പോഴാണ് നിതിൻ ഞങ്ങളുടെ ക്‌ളാസിൽ വന്നു ചേരുന്നത്. നിതിനെ എനിക്ക് പരിചയമില്ലാത്തതല്ല. ഉപ്പ ഒരിയ്ക്കൽ ബാംഗ്ലൂരിൽ നിന്ന് വന്ന ഒരു സമയത്ത് എനിക്കും അനിയൻ ഷക്കീബിനും കളിയ്ക്കാനായി ക്രിക്കറ്റ് ബാറ്റും സ്റ്റമ്പുകളും ഗ്ലൗസുകളും ഒക്കെ കൊണ്ടുവന്നിരുന്നു. ഞാനും ഷക്കീബും ഏറെ ആലോചനയ്ക്ക് ശേഷം, ചാണക്കത്തിയിൽ കളിയ്ക്കാൻ തീരുമാനിച്ചു. ഞാനും അവനും അല്ലാതെ വേറെ ആരെയെങ്കിലും കളിയ്ക്കാൻ കൂടുമോ എന്ന് തന്നെ അറിയില്ലായിരുന്നു. ക്രിക്കറ്റ് കളി പൊറ്റാളിൽ എവിടെയും നടക്കാറില്ല. ആദ്യമായി ഇവിടെ, ചാണക്കത്തിയിൽ തന്നെ, ബാറ്റുമൊക്കെയായി വന്ന് കളിച്ചതു നിതിന്റെ ചേട്ടൻ നീരജും, കുഞ്ഞന്നമ്മ ടീച്ചറുടെ മക്കളും, തലാപ്പിലെ മുരളിയും എല്ലാമാണ്. അന്ന് കൗതുകത്തോടെ പലരും ഈ പുതിയ കളി കണ്ടു നിന്നു. ചാണക്കത്തിയിലെ പറമ്പിൽ പണ്ട് നെൽകൃഷിയുണ്ടായിരുന്നു. അത് നിന്ന് നിലം തരിശായപ്പോൾ ഉപ്പ അതിന്റെ ഒരരിക്കിൽ ഒരു കിണറുകുത്തി. നനയ്ക്കാൻ അവിടെ നിന്ന് വെള്ളമെടുത്തു. പിന്നെപ്പിന്നെ ചുറ്റുമുള്ളവരും വെള്ളമെടുക്കാൻ തുടങ്ങി. പല വീടുകളിലും വേനലിൽ വെള്ളമുണ്ടാകാറില്ലായിരുന്നു - ഞങ്ങളുടെ കിണറിൽ പല വീട്ടുകാരുടെ കപ്പികൾ തൂങ്ങി. നനയും കുളിയും തുടങ്ങി. ആരോ മറച്ചു കെട്ടി കുളിമുറിയുണ്ടാക്കി. അലക്കുകല്ലു വന്നു. കിണറിൽനിന്നെടുത്ത മണ്ണ് ഒരു കുന്നുപോലെ അതിന്റെ അടുത്തുതന്നെ കിടന്നു, വർഷങ്ങൾ കഴിഞ്ഞിട്ടും. ഞങ്ങൾ അതിനെ ചെകിടിക്കുന്നെന്നു വിളിച്ചു. നിതിന്റെ ഏട്ടനും സുഹൃത്തുക്കളും പൊറ്റാളിൽ ആദ്യമായി ക്രിക്കറ്റ് കളി നടത്തുമ്പോൾ നിശബ്ദനായി ഒരു ചുരുളൻ തലമുടിക്കാരൻ ചെകിടിക്കുന്നിന്റെ മുകളിൽ കൈ പിണച്ചു വച്ച് നിർവ്വികാരനായി എല്ലാം നോക്കിക്കണ്ടു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അധികമാരോടും കൂട്ടില്ലാത്ത ആളായിരുന്നു നിതിൻ. പഠിയ്ക്കുന്ന കുട്ടി എന്ന പേരവനുണ്ടായിരുന്നു. ഞങ്ങൾ സ്റ്റമ്പ്‌ തറച്ചു കൊണ്ടിരിക്കുമ്പോൾ നിതിൻ വഴിയേ പോകുന്നത് കണ്ടു. അൽപ്പം കഴിഞ്ഞ് അവൻ മടിച്ചുമടിച്ചു അടുത്ത് വന്നു. അങ്ങനെ ഞങ്ങളുടെ ടീമുണ്ടായി. ഞാനും നിതിനും സുഹൃത്തുക്കളായി. വർഷങ്ങൾക്കിപ്പുറവും അവനെ ആദ്യം കണ്ടത് എന്റെ മനസ്സിൽ നിന്നു. ഞാൻ ഒരു മഞ്ഞ ട്രൗസർ ആണിട്ടിരുന്നത്. ഷർട്ടിട്ടിരുന്നില്ല. അവൻ ഒരു ബ്രൗൺ ഷർട്ട്, ഒരു കാക്കിക്കളർ ട്രൗസർ. എനിയ്ക്ക് അത്ര ഓർമ്മശക്തിയൊന്നുമില്ല. എന്നാലും ചാണക്കത്തിയുടെ അരികിലൂടെ അവൻ അങ്ങനെ വന്നത് എനിയ്ക്കിപ്പോഴും കാണാൻ കഴിയുന്നുണ്ട്.
* * * *
മുരളി : ഞങ്ങളുടേത് ഒരു മോശം സ്‌കൂളായിരുന്നു. എസ്എസ്എൽസിയ്ക്ക് ഞങ്ങൾ പഠിയ്ക്കുന്ന കാലത്തൊന്നും പത്തിന്റെ മേലെ വിജയശതമാനം പോയിട്ടില്ല, പത്തു തന്നെ എത്തിയിട്ടില്ലെന്നാണ് എന്റെ ഓർമ്മ. അതിനെപ്പറ്റിയുള്ള ഒരു തമാശ രോഹിണിട്ടീച്ചറുടെ മകൾ ആശയോട് അജിത് ഇത് ചെന്ന് പറഞ്ഞതാണ്. ചേച്ചീ അറിഞ്ഞോ, നമ്മടെ സ്‌കൂള് പുവർ സ്‌കൂൾ ആയി, ആശ ചോദിച്ചെന്ന് - അയ്യോ, നമ്മുടെ സ്‌കൂൾ അതുമായോ? മഴ പെയ്താൽ വെള്ളം നിറയുന്ന ക്ലാസുകളായിരുന്നു - കാരണം ചുറ്റുമുള്ളത് ഒരു അരമതിൽ മാത്രമാണ്. പാറപ്പുറം നിരത്തി കെട്ടിയ കെട്ടിടങ്ങളാണ്. മരങ്ങളുടെ മറവുപോലുമില്ല. വലിയ കാറ്റും മഴയും വരുമ്പോൾ ചിലപ്പോൾ സ്‌കൂൾ വിടേണ്ടിയും വരും. മഴക്കാലം കഴിയുന്നതുവരെ അങ്ങനെത്തന്നെയാണ്. കൊടുവായൂരുനിന്നും പുകയൂര് നിന്നും ചോലയ്ക്കൽ നിന്നുമൊന്നും എളുപ്പം ഇങ്ങോട്ട് എത്താൻ കഴിയില്ല. പുഴയും തോടും പാടവും ഒക്കെ ഒന്നായിട്ടുണ്ടാവും. കുട്ടികൾ ചിലപ്പോൾ നീന്തിയൊക്കെയാണ് ഇക്കരെ കടക്കുന്നത്. പോകുമ്പോഴും അത് തന്നെ സ്ഥിതി. സ്‌കൂൾ കോമ്പൗണ്ടിലെയും മറ്റും വെള്ളം മുഴുവൻ ഒഴുകുന്ന കുത്തനെയുള്ള ഇടവഴികളും എല്ലാം കൂടിയായി മഴക്കാലം മുഴുവൻ ദുരിതമാണ്. കൂട്ടത്തിൽ കൃഷിയും മറ്റുമുള്ള വീട്ടിലെ കുട്ടികൾക്ക് പാടത്തെ പണിയും കാലികളെ നോക്കലും മറ്റുമുണ്ടാകും. അധ്യാപകർ തന്നെ ചിലപ്പോൾ ക്‌ളാസിൽ വരില്ല. അവർക്കുമുണ്ട് കൃഷിയും പ്രശ്നങ്ങളും. കൃഷിയിൽ വെള്ളം കയറിയാൽ പിന്നെയെന്തു സ്‌കൂൾ? വീട്ടുകാർ സ്‌കൂളിൽ വന്നു ചിലപ്പോൾ കുട്ടികളെ കൊണ്ടുപോകുകയും ചെയ്യും. പകർച്ചവ്യാധികൾ വേറെ. എന്നാലും എന്തോ, മറ്റു നാടുകളിലെപ്പോലെ അത് തീമാതിരി പടരുന്ന സ്ഥിതി ഉണ്ടായിരുന്നില്ല.

താമരക്കുണ്ടിൽ നിന്നാണ് ഞാൻ സ്കൂളിൽ വന്നുകൊണ്ടിരുന്നത്. അശോകന്റെ വീട്ടുകാരുടെ പേരിലാണ് ഞങ്ങളുടെ കുണ്ട് അറിഞ്ഞു പോന്നത്. എന്റെ അച്ഛൻ തട്ടാനായിരുന്നു. ചുറ്റും ഞങ്ങളുടെ ബന്ധുക്കൾ അനവധിപേർ താമസിച്ചിരുന്നു. എന്റെ ചെറിയച്ഛൻ-വലിയച്ഛന്മാരുടെ മക്കൾ തന്നെ പത്തു പതിനാറുപേർ വരും. അടുത്ത തലമുറയുടെ കാലമായപ്പോഴേയ്ക്കും സ്വർണ്ണത്തിന്റെ വില ഞങ്ങളുടെ സാഹചര്യങ്ങളെ മാറ്റി, ആളെണ്ണവും അതിലൊരു കാര്യമായിരുന്നു. അതിനെക്കുറിച്ചു വഴിയേ പറയാം. ഞങ്ങൾക്ക് മഴക്കാലത്തുണ്ടായിരുന്ന പ്രധാന പ്രശ്നം ഇടവഴിയിലേയ്ക്ക് കയറുന്ന വെള്ളമായിരുന്നു. ഒന്ന് രണ്ടു പ്രാവശ്യം ഇടവഴി മൊത്തമായിടിഞ്ഞു തൂർന്നിട്ടുണ്ട്. അല്ലാത്തപ്പോൾ മേലെ പൊറ്റാളിൽ നിന്നും, പുഴയിൽ നിന്നും, പോരാഞ്ഞു മലയിൽനിന്നും കൊടുവായൂർ പാടത്തേയ്ക്ക് ഒഴുകുന്ന വെള്ളം. അത് പറമ്പിലെല്ലാം നിറയും. ഞങ്ങളുടെ താഴത്തെ പറമ്പെല്ലാം വെള്ളം കേറി മൂടും.

ഞാനും അശോകനും തെയ്യംകുട്ട്യാപ്പന്റെ മകൻ ശശിയും അവന്റെ ചെറിയമ്മയുടെ മകൻ പ്രമോദും ഒക്കെ ഒരുമിച്ചാണ് സ്‌കൂളിൽപ്പോക്ക് പതിവ്. കൂട്ടത്തിൽ ഞാൻ തന്നെയായിരുന്നു പഠിത്തത്തിൽ ഭേദം. നിതിന്റെ ഒപ്പം ഒന്നാം ക്ളാസുമുതൽ പത്തുവരെ ഞാൻ പഠിച്ചു. എന്റെ അച്ഛനും അവന്റെ അച്ഛനും നല്ല സുഹൃത്തുക്കളായിരുന്നു. ഒന്നാം ക്‌ളാസിൽ അവനെക്കണ്ടപ്പോൾ അച്ഛൻ എന്നെ അവന്റെ അടുത്ത് ഇരുത്തി. അടുത്ത നിമിഷം അവൻ ഉപദ്രവം തുടങ്ങി. ഞാൻ ആറാം ക്ലാസിൽ പഠിയ്ക്കുന്ന ചേച്ചിയോടു പരാതി പറഞ്ഞപ്പോൾ അവൻ ചേച്ചിയെയും എന്തോ ചെയ്തു. ഇതൊക്കെ പിന്നെ പറഞ്ഞു കേട്ടിട്ടുള്ള കാര്യങ്ങളാണ്. എനിയ്ക്കിതൊന്നും ഓർമ്മയില്ല. ക്‌ളാസിൽ ഇരുന്നത് ഓർമ്മയുണ്ട്. അത്ര തന്നെ. നിതിന്റെ ഉപദ്രവം മൂന്നാം ക്‌ളാസ്സു വരെ തുടർന്നു. ഇന്ന കാര്യം എന്നൊന്നുമില്ല. വെറുതെ ഉപദ്രവിയ്ക്കുക. എന്റെ പ്രയാസം കാണുമ്പോൾ ഒരു സന്തോഷം. മൂന്നാം ക്‌ളാസിൽ വച്ച് ഒരു ദിവസം പന്ത്രണ്ടു മണിയുടെ ബ്രേക്കിന് അലവിക്കുട്ടിമാഷ് ക്‌ളാസ്സിലില്ലാത്ത നേരത്ത് അവന്റെ പുറത്ത് ഒരിടിവീണു. അവൻ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ അശോകനായിരുന്നു. എങ്ങനെ, മധുരം ണ്ടാ? അശോകൻ അന്നും ആ പരിഹാസച്ചിരി ചിരിയ്ക്കും. തലേന്ന് സ്‌കൂൾ വിട്ടുപോകുമ്പോൾ നിതിൻ ഇടിച്ചിട്ടോടിയത് ഞാനവനോട് പറഞ്ഞിരുന്നു. അന്ന് നാലിലാണ് അശോകൻ. നിതിൻ ഒന്നും മിണ്ടാതെ ബഞ്ചിൽ പോയിരുന്നു. അതിനുശേഷം അവൻ എന്നെ ഉപദ്രവിച്ചിട്ടില്ല. പിന്നെയങ്ങോട്ട് അവൻ ഒതുങ്ങിയൊതുങ്ങിപ്പോവുകയും ചെയ്തു. അടുത്ത കൊല്ലമോ അതിന്റെ അടുത്ത കൊല്ലമോ അവന്റെ ഏട്ടൻ നാടുവിട്ടുപോയി. നാട്ടിലെ പ്രധാന സംസാരവിഷയമായിരുന്നു അത്. ആ സമയത്ത് അമ്മ ഒരു ദിവസം എന്നോട് പറഞ്ഞു - ആ കുട്ടിന ന്റ മോൻ ഒന്നും കാട്ടര്ത് ട്ടാ. അവനോടു എനിയ്ക്കു കുറച്ചു ദയവൊക്കെ തോന്നി എന്നതാണ് സത്യം. ആറാം ക്‌ളാസിൽ അശോകൻ ഞങ്ങൾക്കൊപ്പമായി. അവനൊരു കൊല്ലം തോറ്റു. അതിനുമുണ്ടൊരു കാരണം. അവന്റെ ബഞ്ചിലിരുന്ന രാധാകൃഷ്ണനാണ് അവന്റെ കൊല്ലപ്പരീക്ഷയുടെ ടൈംടേബിൾ എന്തോ ഒരു കാരണത്താൽ എഴുതിക്കൊടുത്തത്. അവൻ തമാശയ്‌ക്കോ വൈരാഗ്യത്തിനോ രാവിലത്തെ ഒരു പരീക്ഷ ഉച്ചയ്ക്ക് എന്നെഴുതി. അശോകൻ വന്നപ്പോൾ പരീക്ഷ കഴിഞ്ഞിരുന്നു. ഹെഡ്‌മാഷെയും മാനേജരെയും ഒക്കെ കണ്ടു നോക്കി. ഒരു ഫലവുമുണ്ടായില്ല. ഇതിന്റെ പേരിൽ അശോകൻ രാധാകൃഷ്ണനെ ഓടിച്ചിട്ടടിച്ചു. അവരുടെ അച്ഛന്മാർ തമ്മിൽ മഠത്തിൽക്കാരുടെ ഷാപ്പിലിരുന്ന് കുടിച്ചു തല്ലുണ്ടായി.

സത്യത്തിൽ അശോകൻ കുറച്ചൊക്കെ പഠിച്ചിരുന്ന ഒരു കുട്ടിയായിരുന്നു. എന്ത് കാര്യം? അവസാനം കുലത്തൊഴിലിലേ എത്തുകയുള്ളൂ എന്ന് ഞങ്ങൾക്കൊക്കെ അന്നേ അറിയാമായിരുന്നു എന്ന് തോന്നുന്നു. ഞാൻ തട്ടാനും, അവൻ ആശാരിയും. ഞങ്ങൾ അവിടെത്തന്നെയെത്തി. അശോകന്റെ അച്ഛനും എട്ടന്മാരുമൊക്കെ താടി വളർത്തുമായിരുന്നു. അതും എമ്മാതിരി രോമം. കരടികളുടെപോലെ. മൂത്ത ചേട്ടൻ ഷേവ് ചെയ്യാൻ ചെന്നപ്പോഴാണ് സുനിലിന്റെ വല്യച്ഛൻ പറഞ്ഞത് - സഖാവ് ഒരു ദിനേശ് ബീഡി കത്തിച്ചു ചുണ്ടത്തു പിടിയ്‌ക്കിൻ, വായെവിടെ എന്നറിയട്ടെ - പഴയ തമാശ തന്നെ, മൂപ്പർക്ക് മുഴുബീഡി, താഴെയുള്ളയാൾക്കു മുക്കാബീഡി , അശോകന്റെ മേലെയുള്ളയാൾക്കു അരബീഡി എന്നൊക്കെ അതോടെ പേര് വീണു. അശോകന് പേര് മറ്റു പലതും വീണു, വഴിയേ, കുറേക്കാലം കഴിഞ്ഞ്. പേരുകൾ പലവഴിയ്ക്കു പോയി. പിന്നെ അവർ ശാഖയിലൊക്കെ പോയിത്തുടങ്ങിയപ്പോൾ മുക്കാ ട്രൗസറ്, അര ട്രൗസറ്, കാ ട്രൗസറ് എന്നൊക്കെയായി. അവരുടെ അച്ഛന്റെ ബലത്തിലായിരുന്നു അവർക്കു പണികിട്ടിയിരുന്നത്. അച്ഛൻറെ കാലം കഴിഞ്ഞപ്പോൾ ആരും വിളിയ്ക്കാതെയായി. പിന്നെ ചെത്തലും പടവുമൊക്കെയായി. അശോകൻ പത്തിരുപതായപ്പോഴേയ്ക്കും സെന്റെറിങ്ങിനു പോകാൻ തുടങ്ങി. എന്നാലും പഴയ ഭേദപ്പെട്ട നിലയിൽ നിന്ന് അവർ പകുതി പട്ടിണിയായി എന്നതാണ് സംഗതി. മൂത്ത ചേട്ടൻ ഭാഗം വാങ്ങി വീടുവച്ചതോടെ സംഭവം പിന്നെയും വഷളായി. ഇതൊന്നുമറിയേണ്ടാത്ത സ്‌കൂൾ കാലം തന്നെയായിരുന്നു ഞങ്ങൾക്കെല്ലാവർക്കും സുഖം എന്നതാണ് സത്യം.

സ്വർണ്ണപ്പണിയിൽ നിന്ന് അച്ഛന്റെ വരുമാനം തുച്ഛമായിരുന്നു. നാലു പെൺമക്കളും ഞാനും. അമ്മയുടെ മിടുക്കുകൊണ്ട് വീടുണ്ടായി. ഇല്ലെങ്കിൽ ഏട്ടനിയന്മാർ അച്ഛനെ പറ്റിച്ചു ആ സ്ഥലവും വീടും കൂടി കൈവശപ്പെടുത്തുമായിരുന്നു. മേലെ പൊറ്റാളിലെ ഞങ്ങളുടെ തറവാട് പഞ്ചായത്താപ്പീസിനോട് ചേർന്ന്, സ്‌കൂളിന് തൊട്ട്, റോഡിനിപ്പുറത്തെ ഒരു മൂന്നേക്കറായിരുന്നു. ആ വീടിനു പിറകിൽ കണ്ണെത്താത്ത ദൂരം പാറപ്പുറമായിരുന്നു പണ്ട്. ദൂരെ കാണാവുന്ന പറങ്കിമാവിൻ തോട്ടങ്ങൾ. അവയ്ക്കു നടുവിലൂടെ ഒരു കുഴിയിൽ നിന്ന് കയറിവരുന്ന ഇടവഴി. പതിയെപ്പതിയെ പാറപ്പുറം പല പറമ്പുകളായി തിരിഞ്ഞു. പറങ്കിത്തോട്ടങ്ങളുടെ ഒരു വശത്തു കണക്കന്മാരുടെ ഒരു കോളനി വന്നു. പിന്നെ ഗൾഫ് പണം വന്നു. തറവാട്ടുപറമ്പിന്റെ പല കഷണങ്ങൾ പലർക്കും വിറ്റു. ബാക്കിവന്നതിന് പൊന്നുംവിലയായി. പഞ്ചായത്തു റോഡ് വന്നപ്പോൾ അപ്പുറത്തേയ്ക്ക് മുറിഞ്ഞുപോയ സ്ഥലം വിറ്റ പണം കൊണ്ട് നൂറ്റിരണ്ടുവയസ്സുവരെ ജീവിച്ച മുത്തച്ഛൻ വീട് മുൻവശം വാർത്തു. കെട്ടിച്ച ഊന്നുവടിയിൽ ഊന്നി, ഇത്തിരി വളഞ്ഞു നിന്ന് വിറയുള്ള ശബ്ദത്തിൽ, മുത്തച്ഛൻ പറയും - നായന്മാരെക്കാട്ട്ലും മാപ്പളമാരെക്കാട്ട്ലും മുന്ന വാർത്ത പെരേണ്ടാ ന്റത്. ആരും എതിർത്ത് പറയില്ല. എനിയ്ക്ക് ഇതുപോലെയുള്ള വീരത്തം കേൾക്കുമ്പോഴൊക്കെ, ഇത് ഇടയ്ക്കിടയ്ക്കുണ്ടാകും, കഴുത്തിന്റെ പിന്നിലൊക്കെ എന്തോ അരിയ്ക്കുന്ന പോലെ തോന്നും. അതിന് രോമാഞ്ചമെന്നാണ് പേരെന്നുതന്നെ പിന്നെയെത്ര കാലം കഴിഞ്ഞാണ് തിരിഞ്ഞത്. അയിന് ങ്ങളെ തട്ടാൻ കൂട്ടത്തില് ഏത് നായിക്കാണ്ടാ രോമള്ളത്, ഇത്ര തോനെ രോമാഞ്ചിയ്ക്കാൻ? അശോകൻ പാതി ചിരിച്ചും പാതി ഗൗരവത്തിലും, എന്നുമുള്ളമാതിരി തന്നെ, ചോദിയ്ക്കും.

ഒന്നാം ക്‌ളാസിൽ ഞങ്ങൾക്കൊപ്പം ഷാജി എന്നൊരു കുട്ടി പഠിച്ചിരുന്നു. വലിയ കണ്ണും എപ്പോഴും ഒരു വശത്തേയ്ക്ക് കോടി, തുറന്നിരിയ്ക്കുന്ന വായയും വലിയ മഞ്ഞപ്പല്ലുകളുമായിരുന്നു ഷാജിയുടേത്. നെറ്റിയിൽ വലതുവശത്തു ഒരു കറുത്ത പൊട്ട് , കണ്ണ് തട്ടാതിരിയ്ക്കാനാകും, കുത്തിയിട്ടുണ്ടാകും. ഞങ്ങളുടെ എതിരിൽ ബോർഡിന്റെ അപ്പുറത്ത്, ചുവരോട് ചേർത്തിട്ടിരുന്ന ഒരു ബഞ്ചിലാണ് അവനിരുന്നിരുന്നത്. അവൻ വളരെക്കുറച്ചുമാത്രമാണ് സ്‌കൂളിൽ വന്നിരുന്നത്. എപ്പോഴും ഓരോ സൂക്കേടുകൾ. അതേ വർഷം തന്നെ ഒരു ദിവസം ഹെഡ്‌മാഷുടെ വക അസംബ്ലിയുണ്ടായി അവന്റെ മരണം അറിയിയ്ക്കാനായി. ഞങ്ങളെല്ലാം ഒരു മിനിറ്റ് മൗനമാചരിച്ചു. അവൻ എങ്ങനെ മരിച്ചെന്ന് അപ്പോഴറിയില്ലായിരുന്നു. പട്ടികടിച്ചു പേ പിടിച്ചാണ് അവൻ മരിച്ചത്. ഇന്നാലോചിയ്ക്കുമ്പോൾ മാനസിക വളർച്ച ഇല്ലാത്ത ഒരു കുഞ്ഞിനെ ഒരുകൂട്ടം പട്ടികൾ കടിച്ചു കീറുന്നത് ഓർത്ത് എന്റെ ചങ്ക് കലങ്ങാറുണ്ട്. അന്ന് മരണം എന്തെന്ന് അറിയില്ലായിരുന്നു ഞങ്ങൾക്ക്. എന്നാലും ചിലപ്പോൾ ആ ബഞ്ചിൽ ചാരിയിരിയ്ക്കുന്ന കുറ്റിത്തലമുടിയുള്ള, ചിരങ്ങ് ഉണങ്ങിയതിന്റെ പാടുകളും മുറിക്കലകളും ഒക്കെയുള്ള വെളുത്ത കുട്ടിയുടെ രൂപം മനസ്സിൽ വരാറുണ്ട്. അന്ന് അസംബ്ലിയിൽ വച്ചു തേങ്ങിത്തേങ്ങിക്കരഞ്ഞിരുന്ന ഞങ്ങളുടെ സൈനബ ടീച്ചറെയും ഓർമ്മവരും.


മാനേജർ അലിയാർ വളരെ അപൂർവ്വമായാണ്‌ സ്‌കൂളിൽ വന്നിരുന്നത്. ആദ്യമൊക്കെ തിങ്കളാഴ്ച അസംബ്ലിയിൽ മുടങ്ങാതെ വരുമായിരുന്നത്രെ. മെലിഞ്ഞു വെളുത്തു നീണ്ട്, ക്ളീൻ ഷേവ് ചെയ്ത് ഖദർ മുണ്ടും ഷർട്ടുമിട്ട ഒരു മനുഷ്യൻ. ഗേറ്റിനു ചേർന്നായിരുന്നു ഹെഡ്മാഷിന്റെ മുറി. അലിയാരുടെ കാർ ഹെഡ്മാസ്റ്ററുടെ ജനാലയുടെ താഴെയാണ് നിറുത്തുക. അപ്പോൾ സ്‌കൂളിൽ ഒരു നിശബ്ദത പരക്കും. ബ്രേക്ക് സമയമാണെകിൽ കുട്ടികൾ അയാളുടെ കാറിന്റെ അടുത്ത് ചെന്ന് ഒളിഞ്ഞും പാത്തുമൊക്കെ നോക്കും. മാനേജരുടെ ഡ്രൈവർ അവരെയും നോക്കും. വലിയ കൂട്ടമായാൽ പ്യൂണോ വാച്ചറോ ആരെങ്കിലും അവരെയെല്ലാം തുരത്തും. അല്ലെങ്കിൽ ഹെഡ്‌മാഷ് തന്നെ ജനാലയിലൂടെ ഒച്ചയിടും. ചോരക്കണ്ണൻ എന്നായിരുന്നു അയാളുടെ പേര്. എല്ലാവരുടെയും പേടിസ്വപ്നമായിരുന്നു. അയാളെ ചിരിച്ചുകണ്ട ആരുമില്ലായിരുന്നു. അയാളുടെ മക്കളുടെ കാര്യം എന്ത് കഷ്ടമാണെന്നു ഞങ്ങൾ വിചാരിച്ചിട്ടുണ്ട്. ഏതായാലും മാനേജർ ഒരു ദിവസം ഞങ്ങളുടെ ക്ലാസ്സിൽ വന്നു, മകൻ ജസീറുമായി. അവൻ വേറെ ഏതോ സ്‌കൂളിൽ നിന്ന്, ഏതെന്നു ഇപ്പോൾ ഓർക്കുന്നില്ല, കുറ്റൂരായിരിയ്ക്കും, ഞങ്ങളുടെ സ്‌കൂളിലേയ്ക്ക് മാറി വന്നതായിരുന്നു. നിതിനും ഞാനുമുള്ള ക്‌ളാസിലാണ് അവനെയിരുത്തിയത്. വെളുത്തു, ഡിജിറ്റൽ വാച്ചൊക്കെ കെട്ടി എന്നും ഒരു പച്ചനിറത്തിലുള്ള പെട്ടിയുമായൊക്കെ വരുന്ന ഒരു കുട്ടി. ജസീം നന്നായി പഠിയ്ക്കുമായിരുന്നു. അവനെയും നിതിനെയും ടീച്ചർമാർ താരതമ്യം ചെയ്യുമായിരുന്നു. നിതിനുമായിട്ടായിരുന്നു അവൻ കൂട്ട്. കൂരിയാട് പനമ്പുഴയുടെ അടുത്തായിരുന്നു അവന്റെ വീട്. ഞങ്ങൾ നാലിൽ പഠിയ്ക്കുമ്പോൾ ഒരു ദിവസം രാവിലെ ക്ലാസ്സില്ലെന്ന് സ്‌കൂളിൽ ചെന്നപ്പോഴാണ് അറിഞ്ഞത്. രാവിലെ കുളിയ്ക്കാൻ പോയ ജസീർ പുഴയിലെ ഒഴുക്കിൽ പെട്ട് മുങ്ങിപ്പോയി, താഴെ മമ്പുറം പള്ളിയും കഴിഞ്ഞാണ് അവന്റെ ശരീരം തപ്പിയെടുത്തത്. അന്ന് ഞങ്ങളൊക്കെ സാധാരണപോലെ വീട്ടിൽപ്പോയി. ആ മരണവും ഷാജിയുടേത് പോലെ വർഷങ്ങൾക്കു ശേഷമാണ് ഒരു വേദനയായി തോന്നിയത്. അവന്റെ ആ രൂപവും ഒരിയ്ക്കലും മനസ്സിൽ നിന്ന് പോകില്ല - ചീനിമരത്തിന്റെ ചോട്ടിലെ പഴയ മാഷുമ്മാരുടെ സ്റ്റാഫ്‌മുറിയുടെ മുന്നിൽ എളാപ്പ പുറത്തിറങ്ങിയാൽ വീട്ടിലേയ്ക്കു പോകാൻ പുസ്തകപ്പെട്ടിയുമായി കാത്തുനിൽക്കുന്ന അവന്റെ ചിത്രം. പിന്നീട് എട്ടുപത്തു
കൊല്ലത്തിനുശേഷം ഒരിയ്ക്കൽ പ്രമോദും അശോകനും ഞാനും ശശിയും കൂടി പനമ്പുഴയിൽ കുളിയ്ക്കാൻ പോയി. വേനലായിരുന്നു. പുഴയ്ക്ക് അക്കരെ നീന്താനുള്ള വെള്ളമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ നാലു പേരും നീന്താൻ തുടങ്ങി. അശോകൻ നല്ല സ്‌പീഡാണ്. അവൻ പെട്ടെന്ന് അക്കരെയെത്തി. ശശി എന്റെയും പ്രമോദിന്റേയും കൂടെയായിരുന്നു നീന്തിയിരുന്നത്. പ്രമോദ് അക്കരെയെത്തിയപ്പോഴും ശശി വളരെ പിറകിലാണ്. ഞാൻ ചോദിച്ചു - ന്തേ? അവൻ നീന്തുന്നത് നിറുത്തി വെറുതെ തുഴഞ്ഞു നിൽക്കുകയാണ്. ഒരു വല്ലായി മാതിരി ടോ. ഞാൻ തിരിച്ചു നീന്തി. ന്തേ? പ്രമോദ് കരയിൽ നിന്ന് ചോദിച്ചു. ഓന് വയ്യേലൊ - ഞാൻ പറഞ്ഞു. പ്രമോദ് തിരിച്ചു വെള്ളത്തിലേയ്ക്കിറങ്ങി. പിന്നെ ഞങ്ങൾ ശശിയുടെ ഇരുവശത്തുമായി നീന്തി അവനെ അക്കരയ്‌ക്കെത്തിച്ചു. അപ്പോഴാണ് ഞങ്ങൾ കൊണ്ടുവന്ന ബക്കറ്റ് മറ്റേക്കരയിലാണെന്നുള്ളത് ഓർമ്മവന്നത്. അതാര് കൊണ്ടുവരും? ഇനി ഏതായാലും തിരിച്ചു നീന്താൻ പോകുന്നില്ലല്ലോ. ശശിയ്ക്കു ക്ഷീണം വിട്ടിട്ടില്ല. പ്രമോദ് പറഞ്ഞു - ഞാൻ എടുത്തു വരാം. അവൻ പെട്ടെന്ന് അക്കരയ്ക്കെത്തി. എന്നിട്ട് ബക്കറ്റ് എന്തുചെയ്യണം എന്നൊരു നിമിഷം ആലോചിച്ചു - പിന്നെ ആ പൊട്ടൻ അത് കഴുത്തിലിട്ട് വെള്ളത്തിലേയ്ക്ക് ചാടി നീന്താൻ തുടങ്ങി. ഞങ്ങൾ അമ്പരന്നു നോക്കുകയാണ്, കഷ്ടി ഒരു മീറ്റർ നീന്തിക്കാണും ബക്കറ്റിൽ വെള്ളം നിറഞ്ഞ് അവന് മുന്നോട്ടും പിന്നോട്ടും പോകാൻ വയ്യ, തലപൊക്കാൻ പറ്റണ്ടേ. അശോകൻ വെള്ളത്തിലേയ്ക്ക് എടുത്തുചാടി നീന്താൻ തുടങ്ങി - മലമ***, അവനതിനിടയ്ക്കു വിളിച്ചു പറഞ്ഞു. ഞാനും ചെന്നു. പ്രമോദിന്റെ കഴുത്തിൽനിന്ന് ബക്കറ്റെടുക്കാൻ ഞങ്ങൾ ബുദ്ധിമുട്ടി, അവസാനം വെള്ളത്തിൽ താഴ്ത്തിയാണ് അതൂരിയത്. കരയ്‌ക്കെത്തിയപ്പോൾ തന്നെ അശോകൻ അവന്റെ പെരടി നോക്കിയൊന്നു കൊടുത്തു, കുറെ ചീത്തയും പറഞ്ഞു. ഞാൻ മണലിൽ മലർന്നുകിടന്ന് ആകാശത്തേയ്ക്കു നോക്കി - അപ്പോൾ ജസീറിനെ ഓർമ്മവന്നു. ഇതേ പുഴയിൽ എട്ടാം വയസ്സിലാണ് അവൻ വീണുമരിച്ചത്. ഞാൻ എണീറ്റിരുന്നു പുഴയിലേയ്ക്ക് നോക്കി. ഒരു ശബ്ദവുമില്ലാതെ ഒഴുകുന്ന ഈ പുഴയിൽ. ന്താ ഞ്ഞി അണക്കും ചാകാൻ പോണാ - അശോകൻ മയമില്ലാതെ ചോദിച്ചു. ഞാൻ വെറുതെ അവനെ നോക്കി. എനിയ്ക്കൊന്നും പറയാൻ വന്നില്ല.

കൂടൂതല്‍ വിവരങ്ങള്‍ ഈ ഫേസ്‌ബുക്ക് പ്രൊഫൈലില്‍ മെസേജ് അയച്ചാല്‍ ലഭിക്കും

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top